2
ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴേക്കും സമയം ഏഴു കഴിഞ്ഞിരുന്നു. അകത്തു കടന്നു വാതില്‍ അടച്ചപ്പോള്‍ തന്നെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നി. മൗനം തിങ്ങിനിറഞ്ഞ അന്തരീക്ഷം. മറ്റുള്ളവര്‍ക്ക് ഒരു പക്ഷെ അതൊരു ശ്വാസംമുട്ടലായി തോന്നാമെങ്കിലും എനിക്ക് അതൊരു ആശ്വാസം തന്നെയാണ്. ചോദ്യങ്ങളില്‍ നിന്നും അതിനെക്കാളും ഭയങ്കരമായ തുറിച്ചുനോക്കുന്ന നേത്രഗോളങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടല്‍. സ്വീകരണമുറിയിലെ കസേരയില്‍ എപ്പോഴോ വലിച്ചെറിയപ്പെട്ട വസ്ത്രങ്ങള്‍ക്ക് മീതെ കയ്യിലിരുന്ന ബാഗും ഞാന്‍ ചുഴറ്റിയെറിഞ്ഞു. എന്നിട്ട് പ്ലാസ്റ്റിക് നിര്‍മിതമായ ആധുനികയുഗത്തിന്‍റെ ചാരുകസേരയില്‍ സാവധാനം കിടന്നു, കണ്ണുകളടച്ചു. ദിവസത്തില്‍ സ്വസ്ഥത അനുഭവിക്കുന്ന ഏതാനും നിമിഷങ്ങള്‍ ഒരു പക്ഷെ ഇതായിരിക്കും. മറ്റുള്ളവന്‍റെ സ്വകാര്യതയിലേക്ക് എന്തിനെന്നറിയാതെ എത്തിനോക്കുന്ന വിറളിപിടിച്ച സമൂഹത്തില്‍ നിന്നും, ഡെഡ്-ലൈന്‍ മീറ്റ് ചെയ്യാന്‍ തൊഴിലാളികളെ യന്ത്രങ്ങളാക്കുന്ന കോട്ടണിഞ്ഞ മുതലാളിമാരില്‍ നിന്നും, പിന്നെ സ്വയം നീറിപുകയാന്‍ തീരുമാനിച്ചുറപ്പിച്ച സ്വന്തം മസ്തിഷ്കത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം. നിമിഷങ്ങള്‍ മാത്രമേ ഈ ഒരു ഒളിച്ചോട്ടത്തിന് ദൈര്‍ഘ്യമുള്ളൂ, അത് നന്നായറിയാം. അടുക്കളയില്‍ നിന്ന് ശബ്ദം കേട്ട് ചേച്ചി സ്വീകരണ മുറിയില്‍ എത്തുന്നത് വരെയുള്ള ചുരുക്കം ചില നിമിഷങ്ങള്‍ മാത്രം. പിന്നെ ആ പാവത്തിന്‍റെ ആവലാതികളായി.
“എന്താടാ മിണ്ടാതെ ഒളിച്ചിരിക്കുകയാണോ?”
അതേ ആ നിമിഷങ്ങള്‍ അവസാനിച്ചിരിക്കുന്നു. കണ്ണ് തുറന്നു ചേച്ചിയെ നോക്കി ചിരിച്ചെന്നു വരുത്തി. തൊട്ടടുത്തുള്ള കസേരയില്‍ ചേച്ചി വന്നിരുന്നു. വിശേഷങ്ങള്‍ അറിയാനാണ്. എന്ത് വിശേഷം പറയാനാണ്? ആവര്‍ത്തനവിരസമായ മറ്റൊരു ദിനം. സഹതാപം വാരിപൂശിയ മുഖങ്ങള്‍, ചൂഴ്ന്നുനോക്കുന്ന ഒളികണ്ണുകള്‍, പരിഹാസച്ചുവയുള്ള അടക്കം പറച്ചിലുകള്‍!!
ചോദ്യചിഹ്നമേന്തിയ കണ്ണുകളുമായി ചേച്ചി ഇപ്പോഴും എന്തിനോ കാത്തിരിക്കുന്നു
“ഇന്ന് റാമിനെ കണ്ടിരുന്നു”
എന്തിനാണ് ഞാനത് പറഞ്ഞതെന്നറിയില്ല. ഒരു പക്ഷെ വിശേഷം പറച്ചിലില്‍ നിന്നുള്ള ഒരു രക്ഷപ്പെടലിനു വേണ്ടിയായിരിക്കാം. ചേച്ചിയുടെ മുഖഭാവം മാറി.
“നിന്നോട് ഞാന്‍ എത്ര വട്ടം പറയണം? എന്താ വിഷ്ണു നീ മനസ്സിലാക്കാത്തത്”
മൗനമാണ് ഉത്തമമെന്നു എനിക്ക് തോന്നി. തല വീണ്ടും മെല്ലെ കസേരയിലേക്ക് ചായ്ച്ചു
“അവനെ പറ്റി നിനക്കറിയാവുന്നതല്ലേ? എന്തിനാണ് ഇങ്ങനെ മറ്റുള്ളവരുടെ മുന്‍പില്‍ അപഹാസ്യനാവുന്നത്. നിന്‍റെ അസുഖത്തെ കുറിച്ചെങ്കിലും നീ ചിന്തിക്കണ്ടേ മോനേ..”
“അസുഖം!! ഭ്രാന്ത് എന്ന് പറയൂ ചേച്ചി എന്തിനാണ് ഈ മാന്യത”
മനസ്സിന്‍റെ വീര്‍പ്പുമുട്ടലിനെ ഭാരമേറിയ വാക്കുകളാല്‍ സ്വതന്ത്രമാക്കിയ സന്തോഷത്തില്‍ ഞാന്‍ തലയുയര്‍ത്തി ആ സ്ത്രീയെ നോക്കി. കണ്ണുകള്‍ കലങ്ങിയിരിക്കുന്നു, പരാജയം അംഗീകരിച്ച മുഖഭാവം.
“എന്തിനാണ് ചേച്ചി കരയുന്നത്? ആര്‍ക്ക് വേണ്ടിയാണ്? ഈ ഭ്രാന്തന് വേണ്ടിയാണോ? ഈ ഭൂമി കറങ്ങുന്നത് പോലും എന്നെ തോല്‍പ്പിക്കാനാണ്. ഓരോ നിമിഷവും ഇഞ്ചിഞ്ചായി അത് എന്നെ കൊല്ലുന്നു. രോഗമായി, പ്രണയമായി, വിരഹമായി,… ചില മനുഷ്യര്‍ ഇങ്ങനെയാണ് ചേച്ചി, പരാജിതരാവാന്‍ വേണ്ടി മാത്രം ജനിച്ചവര്‍. ഈ ലോകത്തിന്‍റെ ഓരോ ചലനവും നമ്മളെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ്”
“മോനേ, ദയവു ചെയ്ത് നീ ഞാന്‍ പറയുന്നത് ഒന്ന്‍ കേള്‍ക്കു..” ഇനിയും എന്നെ വേദനിപ്പിക്കരുതേ എന്ന അപേക്ഷയായിരുന്നു ആ സ്ത്രീയുടെ വാക്കുകളില്‍, എന്നാല്‍ ആ അപേക്ഷക്ക് കടിഞ്ഞാണിടാന്‍ കഴിയുന്നതായിരുന്നില്ല എന്നിലെ രോഷം.
“റാമിനെ കാണരുത് എന്നാണോ? എനിക്കാവില്ല ചേച്ചി, എന്നെ കൊണ്ടാവില്ല. ഈ വീടിനു പുറത്ത് എന്നെ മനുഷ്യനായി കണക്കാക്കുന്ന ഒരേ ഒരു വ്യക്തി അവനാണ്. ഒരു പക്ഷെ ഒരു ആത്മഹത്യയെക്കുറിച്ച് ഞാന്‍ ചിന്തിക്കാതിരിക്കുന്നത് പോലും അവന്‍ കാരണമായിരിക്കും”
“പക്ഷേ, മോനേ അവന്‍ നിന്‍റെ..”
ഞാന്‍ കയ്യുയര്‍ത്തി ചേച്ചിയെ തടഞ്ഞു. ആ വാചകം പൂര്‍ത്തിയായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ എനിക്കറിയാം. എന്‍റെ തലച്ചോറില്‍ കുടിയേറാന്‍ തക്കം പാര്‍ത്ത്, ആ വാചകത്തിന് പിന്നില്‍ ഒളിച്ചിരിക്കുന്ന പിശാചുക്കളെ ഞാന്‍ കണ്ടു.
ചേച്ചി സാരിത്തലപ്പ് കൊണ്ട് മുഖം പൊത്തി അമര്‍ത്തികരഞ്ഞു. പരാജിതയായി അവര്‍ സാവധാനം പിന്‍വാങ്ങി. ഞാന്‍ വീണ്ടും കസേരയിലേക്ക് തല ചായ്ച്ചു. നിസ്സഹായയായ ആ സ്ത്രീയുടെ മേലില്‍ നേടിയ ജയം എന്‍റെ ചുണ്ടിന്‍റെ കോണിലെവിടെയോ ഒരു ചെറുചിരി കോറിയിട്ടു.