4
മണിക്കൂറുകള്‍ വേണ്ടി വന്നു ഒരു തീരുമാനമെടുക്കാന്‍. എന്നിട്ട് ഒടുവില്‍ ഞാനിവിടെ, അര്‍ദ്ധരാത്രിയുടെ അന്ധകാരത്തില്‍ കുളിച്ചു അവനെയും കാത്ത്!! തൊട്ടുമുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ആ റയില്‍വേ പാളത്തിനു മുന്നില്‍ ഞാന്‍ നിന്നു. എന്തിനായിരിക്കും അവന്‍ ഇവിടേയ്ക്ക് വരാന്‍ പറഞ്ഞത്? ചേച്ചി അറിയാതെയാണ് പുറത്തുകടന്നത്. പാവം നല്ല ഉറക്കത്തിലായിരുന്നു, കുത്തിനോവിക്കുന്ന ചിന്തകളില്‍ നിന്ന്‍ താത്കാലികമായ ഒരു രക്ഷപ്പെടല്‍. വിളിച്ചുണര്‍ത്തി വീണ്ടും ഭൗതികജീവിതത്തിൻ്റെ വേദനകളിലേക്ക് പറഞ്ഞയക്കാന്‍ തോന്നിയില്ല.
ചുറ്റും ഒളിച്ചിരുന്ന് കണ്ണിലേക്ക് തുറിച്ചുനോക്കുകയാണ് അന്ധകാരം. എന്തിനെന്നറിയാതെ ഞാനും തിരികെ തുറിച്ചുനോക്കി. ഇരുട്ടിനെ ഞാന്‍ എന്തുമാത്രം സ്നേഹിച്ചുവോ അത്ര മാത്രം ഗീത അതിനെ വെറുത്തിരുന്നു. റാം പറഞ്ഞ ആ ‘ചേര്‍ച്ചയില്ലായ്മ’ പെട്ടെന്ന് എന്‍റെ മനസ്സിലേക്ക് കടന്നു വന്നു. അവന്‍ പറഞ്ഞത് ശരിയാണോ? എനിക്ക് ചേരുന്നവളായിരുന്നില്ലേ ഗീത? ഈശ്വരാ! ഞാന്‍ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്. ഒരിക്കലും ഗീതയെ പറ്റി ഞാന്‍ ഇത്തരത്തില്‍ ചിന്തിക്കാന്‍ പാടില്ല. എന്തുകൊണ്ടാണ് റാമിന് അവളോട് ഇത്ര വെറുപ്പ്? സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ പെണ്‍കുട്ടിയെ ആര്‍ക്കാണ് വെറുക്കാന്‍ കഴിയുക? ശരിയാണ് ഗീത എന്‍റെ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ ഞാന്‍ റാമുമായി അകന്നു. പക്ഷെ അത് സ്വാഭാവികമല്ലേ? ഒരുവന്‍ സ്വന്തം ജീവിതപങ്കാളിയോട് തന്നെയല്ലേ കൂടുതല്‍ സമയം ചിലവഴിക്കേണ്ടത്. എന്തുകൊണ്ടാണ് അവനത് മനസ്സിലാക്കാത്തത്.
റാമിന്‍റെ ഈ വെറുപ്പിനെ പറ്റി ഗീതയ്ക്കും അറിവുണ്ടായിരുന്നിരിക്കണം. ഒരു വര്‍ഷം! അതായിരുന്നു ഡോക്ടര്‍മാര്‍ എന്‍റെ ഗീതയ്ക്കു വിധിച്ച കാലാവധി. ഈശ്വരന്‍റെ കണക്കുപുസ്തകത്തില്‍ ഭിഷഗ്വരന് എന്തവകാശം! അതിനുശേഷം കഷ്ടിച്ച് മൂന്ന് മാസം കൂടി അവള്‍ ജീവിച്ചു. തീവ്രദുഖത്തിന്‍റെ മൂന്ന് മാസം. ആ സമയങ്ങളില്‍ റാം വീണ്ടും എന്‍റെ ജീവിതത്തില്‍ നിത്യസന്ദര്‍ശകനായി. അതിനെ ഗീത കൂടുതല്‍ വെറുത്തു. പ്രണയം കൊണ്ട് ചേര്‍ത്തു പിടിക്കേണ്ടേ അവസാന നാളുകളില്‍ റാമിന്‍റെ പേരില്‍ ഞാന്‍ അവളുമായി കലഹിച്ചു. കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു ആ ദിനങ്ങളില്‍ അവളുടെ രാത്രികള്‍. എത്രയോ തവണ ചേച്ചി എന്നെ ഉപദേശിച്ചിരിക്കുന്നു അവനുമായുള്ള ചങ്ങാത്തം ഒഴിവാക്കാന്‍. ഞാനത് വകവച്ചില്ല. ഒരു പക്ഷെ ഗീതയുടെ ആയുസ്സ് കുറച്ചതില്‍ ആ കലഹങ്ങള്‍ക്കും ഒരു പങ്കില്ലേ? അങ്ങനെയെങ്കില്‍ റാം… അവന്‍ തന്നെയല്ലേ ഗീതയുടെ മരണത്തിനു കാരണം? കൊലപാതകി!! ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി ആ വാക്ക് ഉരുവിട്ടു ‘കൊലപാതകി’
എന്‍റെ മുന്നില്‍ നീണ്ടു കിടന്ന റെയില്‍വേ പാളത്തിലേക്ക് ഞാന്‍ വീണ്ടും നോക്കി. ഒരു പക്ഷെ ഇത് ദൈവം എനിക്ക് തന്ന അവസരമായിരിക്കും. അല്ലെങ്കില്‍ എന്തുകൊണ്ട് അവന് ഇന്നത്തെ കൂടികാഴ്ചയ്ക്ക് ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍ തോന്നി. ചേച്ചി പറഞ്ഞതു പോലെ അവനെ ഒഴിവാക്കാന്‍ സമയമായിരിക്കുന്നു, എന്നെന്നേക്കുമായി! പുറകില്‍ നിന്ന്‍ ഒരു തള്ള്. നീതിയുടെ ചക്രത്തിനടിയില്‍ പെട്ട് ആ കൊലപാതകി, വിചിത്രമനുഷ്യന്‍ അവസാനിക്കും! ഒരു പക്ഷെ ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ എന്‍റെ ഗീതയെ രക്ഷിക്കാന്‍ എനിക്കായേനെ..
“ആണോ വിഷ്ണു, അത് നിനക്കുറപ്പുണ്ടോ?”
പെട്ടെന്ന് പിന്നിലെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു. തിളങ്ങുന്ന കണ്ണുകളുമായി അന്ധകാരത്തില്‍ നിന്ന് അവന്‍ മുന്നോട്ടേക്ക് വന്നു, റാം!!
“നിനക്കുറപ്പുണ്ടോ വിഷ്ണു? എന്നെ ഒഴിവാക്കിയിരുന്നെങ്കില്‍ നിന്‍റെ ഗീതയെ നിനക്ക് രക്ഷിക്കാന്‍ കഴിയുമെന്ന് നിനക്കുറപ്പുണ്ടോ? മരണത്തില്‍ നിന്ന്‍ നിനക്കവളെ രക്ഷിക്കാന്‍ കഴിയുമായിരുന്നോ? അവളെ കാര്‍ന്നുതിന്നിരുന്ന അര്‍ബുദത്തില്‍ നിന്ന് നിനക്കവളെ രക്ഷിക്കാന്‍ കഴിയുമായിരുന്നോ? പറയൂ വിഷ്ണു…”
ഇവന്‍…ഇവന്‍ എങ്ങനെ എന്‍റെ മനസ്സ് വായിച്ചു? ഈ വിചിത്രമനുഷ്യന്‍ എങ്ങനെയോ എന്‍റെ മനസ്സിനുള്ളില്‍ കയറിപ്പറ്റിയിരിക്കുന്നു. ഞാന്‍ അവനു നേരെ അലറി
“കൊലപാതകി..വായടയ്ക്ക്. ഇനിയും നിന്‍റെ മന്ത്രവിദ്യയില്‍ ഞാന്‍ വീഴില്ല. നീയാണ്, നീ കാരണമാണ് എനിക്ക് ഗീതയെ നഷ്ടപെട്ടത്. എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്ന ഒരേ ഒരു വെളിച്ചം അത് നീ ഊതിക്കെടുത്തി. അതാണ് സത്യം”
“അല്ല വിഷ്ണു അതല്ല സത്യം. അത് നീ ചമഞ്ഞുണ്ടാക്കിയ, നീ വിശ്വസിക്കാനിഷ്ടപ്പെടുന്ന സത്യം. അര്‍ബുദം..അതാണ് ഗീതയുടെ ജീവന്‍ കവര്‍ന്നത്”
ഗീതയുടെ പുഞ്ചിരിക്കുന്ന മുഖം എന്‍റെ മനസ്സില്‍ തെളിഞ്ഞു. എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മുഖം. അതാ അവളുടെ പുഞ്ചിരി മായുന്നു, കണ്ണുകള്‍ നിറയുന്നു, നിറഞ്ഞൊഴുകുന്നു..
“റാം നീയാണ്…നിന്നെ പറ്റിയുള്ള തര്‍ക്കങ്ങളാണ് അവളുടെ ആയുസ്സ് കുറച്ചത്. മെച്ചപ്പെട്ടുകൊണ്ടിരുന്ന അവളുടെ ആരോഗ്യം അതോടെ നശിച്ചു. കരഞ്ഞ മുഖത്തോടെയല്ലാതെ അവസാനനാളുകളില്‍ ഞാന്‍ അവളെ കണ്ടിട്ടില്ല….എല്ലാം നീ കാരണം..”
“അങ്ങനെയാണോ വിഷ്ണു. ഞാനാണോ ഗീതയുടെ മരണത്തിനു കാരണം. അങ്ങനെയെങ്കില്‍ ആരാണ് എന്‍റെ നിലനില്പിന് കാരണം?”
ക്രൂരമായ ഒരു പുഞ്ചിരി അവനില്‍ ജനിക്കുന്നത് ഞാന്‍ കണ്ടു
“വിഷ്ണു….ഞാന്‍ നിന്‍റെ വെറും മായാസൃഷ്ടിയാണ്..”
ഞാന്‍ അവനെ തുറിച്ചു നോക്കി. ആ വിചിത്രമനുഷ്യന്‍റെ കണ്ണുകളിലെ തിളക്കം മങ്ങുന്നു. ഒരു ഗ്ലാസ്സുപോലെ അവന്‍റെ ശരീരം അതാ സുതാര്യമാകുന്നു. അവനെ ചുറ്റിയ അന്ധകാരത്തിലേക്ക് അവന്‍ സാവധാനം അലിഞ്ഞുചേരുന്നു.
“വിഷ്ണു…ഞാനല്ല, നീ തന്നെയാണ് ഗീതയുടെ മരണത്തിനു കാരണം. അവള്‍ അര്‍ഹിച്ച മരണം. അവള്‍ നിന്നെ മാറ്റി, എന്നില്‍ നിന്നകറ്റി. ഇനി നിനക്ക് തിരിച്ചുപോകാന്‍ സാധിക്കില്ല, പഴയ വിഷ്ണുവാകാന്‍ നിനക്ക് കഴിയില്ല. ഇന്ന് എന്നോടൊപ്പം നീയും ഒടുങ്ങണം. നീ തോല്‍ക്കണം വിഷ്ണു, ഒരു ഭ്രാന്തനെന്നു മുദ്ര കുത്തി നിന്നെ തിരസ്കരിച്ച ഈ സമൂഹത്തിനു മുന്നില്‍, അതില്‍ നിന്ന് നിന്നെ രക്ഷിക്കാന്‍ ശ്രമിച്ചു പരാജയമടഞ്ഞ ആ പെണ്‍കൊടിക്ക് മുന്നില്‍… നിന്‍റെ യുദ്ധം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു”
സുതാര്യമായ അവന്‍റെ ശരീരത്തെ വിഴുങ്ങുന്ന അന്ധകാരത്തെ ഞാന്‍ കണ്ടു. അതാ അവന്‍ ഇല്ലാതാകുന്നു!! എന്നെന്നേക്കുമായി.. അന്ധകാരത്തെ കീറിമുറിച്ചുകൊണ്ട് ആ ചൂളം വിളി എന്‍റെ കാതില്‍ മുഴങ്ങി. മരണമണി! തലകുനിച്ച്, എനിക്ക് മുന്നില്‍ നീണ്ടു നിവര്‍ന്നു കിടന്ന ആ പാളത്തിലേക്ക് ഞാന്‍ സാവധാനം നടന്നു. ചൂളംവിളി അടുക്കുന്നു. പാളത്തിനു നടുവില്‍ മരണത്തെയും കാത്തു ഞാന്‍ നിന്നു. ആരുടെയെക്കെയോ അലര്‍ച്ച എന്‍റെ കാതുകളില്‍ മുഴങ്ങി. ആരൊക്കെയോ അതാ എനിക്ക് നേരെ ഓടിയടുക്കുന്നു. അവരില്‍ മുന്നിലായി..ആ മുഖം ഞാന്‍ തിരിച്ചറിഞ്ഞു….ചേച്ചി…
“ഇല്ല…ദയവായി എന്നെ മരിക്കാനനുവദിക്കൂ..” ചൂളം വിളിച്ചു പാഞ്ഞടുക്കുന്ന മരണത്തിനു നേരെ സര്‍വ്വശക്തിയുമെടുത്തു ഞാന്‍ ഓടി. കഴിയുന്നില്ല..കാലുകള്‍ തളരുന്നു..ചുറ്റുമുള്ള അന്ധകാരം എന്‍റെ കണ്ണുകള്‍ കുത്തിത്തുറന്ന് അകത്തേക്ക് കയറി. ബോധമറ്റ് പാളത്തിലേക്ക് വീഴുമ്പോഴും ചേച്ചിയുടെ അലര്‍ച്ച എന്‍റെ കാതുകളില്‍ വ്യക്തമായി മുഴങ്ങി.