3
കണ്ണ് തുറന്നയുടനെ കൈ നീട്ടിയത് അലാറം ക്ലോക്കിന് നേരെയാണ്, പുലര്‍ച്ചെ 10.30. സമയത്തിനു എന്‍റെ ജീവിതത്തിന്‍ മേലുള്ള മേധാവിത്വം എന്നേ അവസാനിച്ചതാണ്, എന്നിരുന്നാലും ശീലങ്ങള്‍ മാറുന്നില്ല തന്നെ! രാവിലെ എപ്പോഴോ ആണ് ശരിക്കുറങ്ങിയത്. നിദ്ര പോലും ദുഃസ്വപ്നങ്ങളെ പേടിച്ച് അകന്നു നില്‍ക്കുന്ന അതിഭയാനകമായ അവസ്ഥ.
കുറച്ചു നാള്‍ ഓഫീസില്‍ നിന്ന് ലീവെടുത്തു. ചേച്ചിയുടെ ഉപദേശമാണ്. ലീവ് എഴുതിക്കൊടുത്തപ്പോള്‍ എന്തോ ഉപകാരം ചെയ്തത് പോലുള്ള സന്തോഷമായിരുന്നു മാനേജരുടെ മുഖത്ത്. പലപ്പോഴും അര്‍ദ്ധരാത്രിവരെ ഇരുന്നു പണിയെടുത്ത് പ്രൊജക്റ്റ് കംപ്ലീറ്റ് ചെയ്തപ്പോള്‍ പോലും അയാളുടെ മുഖത്ത് ഇങ്ങനെയൊരു സന്തോഷം കണ്ടിട്ടില്ല. റാമിനോട് ഇന്ന് കോഫീ ഷോപ്പില്‍ വരാന്‍ പറഞ്ഞിട്ടുണ്ട്. അവനോടു ചില കാര്യങ്ങള്‍ അത്യാവശ്യമായി സംസാരിക്കേണ്ടിയിരിക്കുന്നു. ഉടനെ തന്നെ ചില തീരുമാനങ്ങളെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈ വിട്ടു പോകുന്ന അവസ്ഥയിലാണ്. ചേച്ചിയോട് മറ്റെന്തെങ്കിലും കള്ളം പറഞ്ഞു വേണം പുറത്തുകടക്കാന്‍, സിനിമയ്ക്കെന്നോ മറ്റോ പറഞ്ഞേക്കാം. അതാകുമ്പോള്‍ ചേച്ചിക്കും സന്തോഷമാകും. ഓഫീസിലും വീട്ടിലും മാത്രമായി എന്‍റെ ജീവിതം ഒതുങ്ങിപോകുന്നതിനെ പറ്റി പലപ്പോഴും അവര്‍ സങ്കടം പറയാറുണ്ട്. എന്നാണു അവസാനമായി സിനിമ കണ്ടത്? ഓര്‍മയില്ല, ഗീതയോടൊപ്പമാണെന്നത് തീര്‍ച്ച. എന്തോ വല്ലാത്തൊരു താത്പര്യമായിരുന്നു അവള്‍ക്ക് സ്ക്രീനിലെ ജീവിതങ്ങളോട്. രണ്ടു മണിക്കൂര്‍ മാത്രം ആയുസ്സുള്ള വെള്ളിത്തിരയില്‍ ജീവിക്കുന്ന ഒരു കൂട്ടം നിറം പൂശിയ നിഴലുകള്‍. എന്താണ് മനുഷ്യര്‍ക്ക് ഇതിനോട് ഇത്ര കമ്പം? ഒരു സാധാരണ മനുഷ്യന്‍റെ മനസ്സിന്‍റെ ഗതി ഒരിക്കലും എന്നെ കൊണ്ട് തിരിച്ചറിയാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ചേച്ചിയോട് യാത്ര പറഞ്ഞിറങ്ങി. വിചാരിച്ചതുപോലെ തന്നെ സിനിമയ്ക്കാണെന്ന് പറഞ്ഞപ്പോള്‍ ആദ്യമൊന്നു അവിശ്വസിച്ചെങ്കിലും പിന്നെ സന്തോഷിച്ചു. ഞാന്‍ ഒരുപാട് പറ്റിക്കുന്നുണ്ട് ആ പാവത്തിനെ. എന്തായാലും ഇന്ന് ചില കാര്യങ്ങള്‍ തീരുമാനിക്കണം.
റോഡിന്‍റെ തിരക്കില്‍ നിന്നും കുറച്ചു ഉള്‍വലിഞ്ഞാണ് കോഫീ ഷോപ്പിന്‍റെ സ്ഥാനം. ബിസിനസ് മാഗ്നറ്റുകള്‍ ആശയസംവാദത്തിനും, ബുദ്ധിജീവികള്‍ ഏകാന്ത ചിന്തയ്ക്കും, യുവസാഹിത്യകാരന്മാര്‍ എഴുത്തിനും വേണ്ടി തിരഞ്ഞെടുക്കുന്ന പാശ്ചാത്യസംസ്കാരം അപ്പടി പകര്‍ത്തിയ ഒരു മുന്തിയയിനം കോഫീഷോപ്പ്. ഒരു സാധാരണക്കാരന്‍റെ മൂന്നു നേരത്തെ ഭക്ഷണത്തിന്‍റെ തുകയാകും ഇവിടുത്തെ ഒരു നല്ല കോഫിക്ക്. ഈ നഗരത്തില്‍ റാം ഏറ്റവും കൂടുതല്‍ വെറുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. അതുതന്നെയാണ് കൂടികാഴ്ചയ്ക്ക് ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകവും. എന്‍റെ തീരുമാനങ്ങള്‍ക്ക് തന്നെയാണ് എന്നും പ്രാധാന്യം എന്ന് അവന്‍ മനസ്സിലാക്കട്ടെ.
ഇവിടെ നിന്നും റാം യാതൊന്നും പാനിക്കില്ല എന്നുമാത്രമല്ല ഞാന്‍ എന്തെങ്കിലും കഴിക്കുന്നതും ഇഷ്ട്ടപെടില്ല എന്നെനിക്കുറപ്പായിരുന്നു. ഒരു ‘കോള്‍ഡ് കൊക്കോ ലാറ്റെ’ ഞാന്‍ ഓര്‍ഡര്‍ ചെയ്തു. തണുത്ത ലഹരിയെ ഒരിറക്ക് നുകര്‍ന്ന് കണ്ണുകളടച്ചു റാമിനോട് പറയേണ്ടുന്ന കാര്യങ്ങളെ പറ്റി ഞാന്‍ ഒന്ന് അവലോകനം ചെയ്തു. സാവധാനം കണ്ണുതുറന്നപ്പോള്‍ തൊട്ടുമുന്നിലിരിക്കുന്ന റാമിനെയാണ് കണ്ടത്. എനിക്കഭിമുഖമായി ടേബിളിനു എതിര്‍വശമുള്ള സ്റ്റൂളിൽ കയറി ചമ്രം പടിഞ്ഞിരിക്കുകയാണ് കക്ഷി. നരച്ചു തുടങ്ങിയ ഒരു പഴഞ്ചന്‍ ഷര്‍ട്ടും മുഷിഞ്ഞ ഒരു പാന്റ്സുമാണ് അവന്‍റെ വേഷം. നരച്ചുതുടങ്ങിയ ആ പച്ച ഷര്‍ട്ടില്‍ ആര്‍ത്തിയോടെ വന്നിരിക്കുന്ന ഈച്ചകളെ ഞാന്‍ കണ്ടു. പെട്ടെന്ന്‍ സംശയം മാറ്റാനായി സ്വന്തം ദേഹത്ത് കിടന്നിരുന്ന നനുത്ത പ്രീമിയം കോട്ടൻ ഷര്‍ട്ടിലേക്ക് ഞാനൊന്ന് നോക്കി, അതെ കടും പച്ച നിറമുള്ള നനുത്ത പ്രീമിയം കോട്ടന്‍ ഷര്‍ട്ട്!!
“എന്തിനാ വിഷ്ണു നീ എന്നെ ഇങ്ങോട്ടേക്ക് വിളിപ്പിച്ചത്? ഈ മന്ദബുദ്ധികള്‍ക്കൊപ്പം!!”
ചുറ്റും കണ്ണോടിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അവന്‍ ഉദേശിച്ചത് ചുറ്റും ചിതറിയിരിക്കുന്ന ബിസിനസ് മാഗ്നറ്റുകളെയും, ബുദ്ധിജീവികളെയും, യുവസാഹിത്യകാരന്മാരെയുമാണ്.
“എനിക്ക് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിന്നോട് സംസാരിക്കാനുണ്ട്”
“എന്ത് തന്നെയായാലും പെട്ടെന്ന് പറയൂ. ഇവിടെയിരിക്കുന്ന ഓരോ നിമിഷവും എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു” അസ്വസ്ഥനായി കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ പറഞ്ഞു.
“എനിക്ക് പറയാനുള്ളത് നീ കഴിഞ്ഞ ദിവസം ഗീതയെ പറ്റി പറഞ്ഞ കാര്യങ്ങളാണ്. അത് എനിക്ക് ഒട്ടും തന്നെ അംഗീകരിക്കാന്‍ കഴിയുന്നവയല്ല”
“ഹ ഹ ഹ…”
അവനുറക്കെ ചിരിച്ചു, അല്ല അട്ടഹസിച്ചു. പരിഹാസത്തിന്‍റെ തുപ്പല്‍ ചീറ്റിക്കൊണ്ടുള്ള അട്ടഹാസം.
“നോക്ക് വിഷ്ണു, നിന്‍റെ ഓരോ പ്രവൃത്തികളും ഞാന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുകയാണ്. ഇതിനു മുന്‍പ് ഒരിക്കലെങ്കിലും നീ എന്നെ എതിര്‍ത്തു സംസാരിച്ചിട്ടുണ്ടോ? നോക്കൂ, അവള്‍ നിന്നെ എത്രമാത്രം മാറ്റിക്കളഞ്ഞെന്ന്! നീ നിന്‍റെ ചുറ്റും ഒന്ന് നോക്കൂ, ആര്‍ക്കൊപ്പമാണ് നീ ഇരിക്കുന്നതെന്ന്?”
ഞാന്‍ നോക്കി, തല വലത്തേക്ക് തിരിച്ചു വലതുഭാഗം മുഴുവന്‍ നോക്കി പിന്നെ ഇടത്തേക്ക് തിരിച്ചു ഇടതുഭാഗം മുഴുവന്‍ നോക്കി. ബിസ്സിനസ്സ് മാഗ്നറ്റുകള്‍, ബുദ്ധിജീവികള്‍, യുവസാഹിത്യകാരന്മാര്‍..
“കാണുന്നില്ലേ വിഷ്ണു, ഇതാണോ നിന്‍റെ ലോകം? നമ്മുടെ ലോകം? ഗീത നിന്നെ എത്രമാത്രം മാറ്റിയെന്നു നോക്കു. ഇനി ഒരു തിരിച്ചുപോക്ക്…അതിനു നീ തന്നെ വിചാരിക്കണം വിഷ്ണു. ഞാന്‍ പറയുന്നത് കേള്‍ക്കൂ, ശ്രദ്ധിച്ചു കേള്‍ക്കൂ….”
വീണ്ടും ആ ആജ്ഞാശക്തിയുള്ള വാക്കുക്കള്‍. ഞാന്‍ ഇരുകൈകള്‍കൊണ്ടും ചെവിപൊത്തി അവന്‍റെ ശബ്ദത്തിന് മേലെ അലറി. ബിസ്സിനസ്സ് മാഗ്നറ്റുകളില്‍ ചിലര്‍ തിരിഞ്ഞു നോക്കി, ബുദ്ധിജീവി കണ്ണടയ്ക്കു മുകളിലൂടെ ചൂഴ്ന്നു നോക്കി, യുവസാഹിത്യകാരിലൊരുവന്‍ പുസ്തകത്തില്‍ നിന്ന് തല പൊന്തിച്ചു നോക്കി. നിശ്ചലമായ അഞ്ചു നിമിഷങ്ങള്‍. ബിസ്സിനസ്സ് മാഗ്നറ്റുകള്‍ വീണ്ടും ചര്‍ച്ചയിലേക്ക് തിരിഞ്ഞു. ബുദ്ധിജീവി കണ്ണട വീണ്ടും മൂക്കിലേക്ക് കുത്തിക്കയറ്റി, യുവസാഹിത്യകാരന്‍റെ തല വീണ്ടും പുസ്തകത്തിലേക്ക് കുമ്പിട്ടു. ലോകം വീണ്ടും ചലിച്ചു തുടങ്ങി.
“ഇല്ല റാം. നിനക്കിനിയും മനസ്സിലായിട്ടില്ല. ഇനി എന്നില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നിനക്കാവില്ല. എന്‍റെ ജീവിതത്തിലുണ്ടായിരുന്ന ഒരേ ഒരു സന്തോഷം, അത് നീ കാരണം അസ്തമിച്ചു. എന്നിട്ടും ഞാന്‍ നിന്നോട് ക്ഷമിച്ചു”
“ഞാന്‍ കാരണമോ? നീയെന്തൊക്കെയാണ് വിഷ്ണു ഈ പുലമ്പുന്നത്”
“അതേ റാം. നീ തന്നെ, നീയാണ് ഗീതയെ എന്നില്‍ നിന്നും അകറ്റിയത്”
“നീയെന്താ പിച്ചും പേയും പറയുകയാണോ വിഷ്ണു?”
“റാം, നീ ‘സ്കിസോഫ്രീനിയ’ എന്ന് കേട്ടിട്ടുണ്ടോ? ചുറ്റുമുള്ള നിഴലുകള്‍ക്ക് പോലും സ്വന്തം മസ്തിഷ്കം ജീവന്‍ നല്‍കുന്ന അപൂര്‍വമായ രോഗാവസ്ഥ. മറ്റുള്ളവര്‍ കാണാത്തത് കാണേണ്ടിയും കേള്‍ക്കാത്തത് കേള്‍ക്കേണ്ടിയും വരുന്ന ജനിതകശാപം”
അവന്‍റെ കണ്ണുകളില്‍ ഭീതി പടരുന്നത് ഞാന്‍ കണ്ടു. അവന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നു. എന്‍റെ മുന്നിലിരിക്കുന്ന രൂപത്തെ അസ്വസ്ഥത കാര്‍ന്നു തിന്നുന്നത് എനിക്ക് വ്യക്തമായി കാണാം. പെട്ടെന്ന്‍ അവന്‍ കസേരയില്‍ നിന്നെഴുന്നേറ്റു, തിടുക്കത്തില്‍ കോഫീ ഷോപ്പിനു പുറത്തേക് നടന്നു. വാതിലിനു സമീപമെത്തി ഒരു നിമിഷം അവന്‍ നിശ്ചലനായി നിന്നു, പിന്നെ തിരിഞ്ഞുനോക്കി എന്നോടായി പറഞ്ഞു.
“ഇന്ന് അര്‍ദ്ധരാത്രി ഞാന്‍ പറയുന്നിടത്ത് നീ വരണം വിഷ്ണു. പഴയ വിഷ്ണുവിനെ നമുക്ക് തിരിച്ചുകൊണ്ടു വരണം. മറക്കണ്ട അര്‍ദ്ധരാതി…”