
താളത്തില്‍ ഒരു നാദം കേള്‍പ്പൂ,
പാതാളത്തില്‍ നിന്നാ ശബ്ദം.
ശോകത വാഴും ഭൂഗര്‍ഭത്തിലെ,
മൂകത മാറ്റിയതാരാണവിടെ.
പ്രഹ്ളാദന്റെ പുത്രനൊരുത്തന്
ആഹ്ളാദത്തില്‍ കൊട്ടിയതത്രേ.
എന്താ ബലിയേ സന്തോഷിക്കാന്‍,
ചിന്താഗതിയില്‍ എന്തുണ്ടായി?
കൊമ്പന് മീശ വിറപ്പിച്ചിട്ട്,
വമ്പന്‍ ദൈത്യന് ഉത്തരമേല്കി.
ചിങ്ങം പൊങ്ങാന്‍ നാളുകള്‍ ബാക്കി,
വിങ്ങിപ്പൊട്ടുകയാണെന് ഹൃദയം.
പ്രഭുവാം നമ്മുടെ ദര്‍ശനസമയം,
പ്രജയെ കാണാന്‍ കൊതിയാകുന്നു.
ധൂളികള്‍ നീക്കി മകുടം മിനുക്കി,
ചൂളി പോയി തിളക്കത്തില്‍ ബലി.
മുട്ടനൊരെലിയെ തട്ടിയെറിഞ്ഞ്,
വട്ടക്കുടയും കയ്യിലെടുത്തു.
യാത്രക്കായിയൊരുങ്ങും നേരം,
നേത്രം തള്ളും ദൃശ്യം കണ്ടു.
ചാടിയൊരുത്തന് വേലികടന്നു,
മാവേലിക്കും മുന്നേ ഓടി.
ആരെട പിടിയെട കൂശ്മാണ്ഡത്തെ,
രാജനെ വെല്ലാന്‍ ഇവനാരാടാ?
അപരന് നിന്നു, തിരിഞ്ഞു, ഞെളിഞ്ഞു,
അപഹാസത്താല് വിരിഞ്ഞു പുഞ്ചിരി.
ചമയം കേമം ബലിരാജാവേ,
സമയം തുച്ഛം തടസ്സം വേണ്ടാ.
നിന്നുടെ പ്രജകളെ ആദ്യം കാണുക,
എന്നുടെ ശിരസ്സിലെ അര്പ്പിതകൃത്യം.
നാട് ഭരിച്ചൊരു രാജനു മുന്നേ,
ഓടുന്നവനേ നീയാരാടാ?
ധൃതിയിലെന്നുടെ പ്രജയെ കണ്ട്,
നിര്‍വൃതി പൂകാന്‍ എന്താ കാര്യം?
അയ്യോ രാജാ നിര്‍വൃതിയല്ല,
കൊയ്യുക ക്ഷോഭം എന്നുടെ ലക്ഷ്യം.
മഹാബലിയേ കേള്‍ക്കുക നീയേ,
മഹാപ്രളയം എന്നുടെ നാമം.
മനുവിന് മക്കടെ ദ്രോഹനിമിത്തം,
മലിനം എന്നുടെ ധരണീ ദേവീ.
അടിമുടി സ്നാനം അത്യാവശ്യം,
പഠനം മനുജനും അനിവാര്യം ഭവ:
അരുതേ ശ്രേഷ്ടാ പാതകമരുതേ,
അരുളുക നീയത് ശാന്തതയോടെ.
ധരതന്‍ ഹൃത്തില്‍ നൊമ്പരമേകാന്,
ചേരന് പ്രജയുടെ ചെയ്തികളെന്ത്.
ഭോജ്യം സുലഭം പാതാളത്തില്‍,
രാജ്യം മറന്നു മത്തില്‍ നീ ബലീ.
നിന്നുടെ പ്രജയുടെ ചെയ്തികളൊന്നും,
നീയറിയാത്തത് എന്തൊരു കഷ്ടം.
പീതഭീമന് യന്ത്രക്കൈയ്യന്‍,
ഭീതി വിതച്ചു മണ്ണിന് മാറില്‍.
കോരി കോരി പാതാളത്തിലെ,
മച്ചും കോരിയതറിഞ്ഞില്ലേ താന്‍?
പട്ടിണിയായൊരു കാട്ടിന് മകനെ,
കെട്ടിവരിഞ്ഞു, തല്ലിക്കൊന്നു.
ഹരിതമകന്നു സൗധമുയര്‍ന്നു,
ദുരിതമടുത്തു കേരളനാട്ടിന്.
വനങ്ങള്‍ മറഞ്ഞു, ജനങ്ങള്‍ നിറഞ്ഞു,
മനങ്ങളകന്നു വിനയുമടുത്തു.
കിതച്ചു, ക്ഷമിച്ചു ധരണീദേവി,
വിതച്ചത് കൊയ്യാന്‍ കാലവുമെത്തി.
വിധിയുടെ തുലനം എന്നവകാശം,
മൃതിയുടെ കൈകള്‍ ധര്‍മ്മം നല്‍കും.
നമ്മുടെ യാത്ര മുടക്കാന്‍ ബലിയേ,
നിന്നുടെ പക്കല്‍ ബലവും പോരാ.
ധര്‍മ്മം തടയാന്‍ ഞാനാളല്ല,
കര്‍മ്മം നല്‍കും ഫലമിത് നിശ്ചയം.
ഗതിയിത് പോയാലെനിക്കും മുന്നേ,
ഗതമായീടും പ്രളയം വീണ്ടും.
ഇരിക്കും കൊമ്പ് മുറിച്ചാല്‍ മര്‍ത്യാ,
വരിക്കും നീയാ ദാരുണയന്ത്യം.
നാണ്യത്തില്‍ സുഖം കാണുന്നവരേ,
നാണിക്കുന്നു നിന്നില്‍ രാജന്.
ഭൂതകാലം മാറ്റാന്‍ ഭഗവാന്,
ഭൂതനാഥന്‍ പോലുമശക്തന്.
വാരിയിലമരും സഹജനുനേരെ,
വിരിമാര് കാട്ടി ചെല്ലുക നിങ്ങള്‍.
നീട്ടുക നിന് ഭുജം, പട്ടിണി മാറ്റുക,
കാട്ടുക ദിഗ്വിന് മലയാളീബലം.
നേരിടു പ്രളയം കൂട്ടായീ നീ,
പോരിടു വിധിയുടെ അലകള്ക്കെതിരെ.
മുന്‍ചെയ്തികളെ മറക്കുകയരുത്,
മുന്നില്‍ നില്ക്കുക ധരണിക്കായി.
വൃക്ഷവും, പക്ഷിയും, ജീവന് സര്‍വ്വവും,
നിന്നുടെ സോദരര്‍, ഓര്‍ക്കുക നീയത്.
എനിക്കും മുന്നേ ഇനിയുമൊരുത്തന്‍,
ധാവതി ചെയ്യുക കാണുകയരുത്.
മാബലി നമ്മുടെ പ്രജകള്‍ നിങ്ങള്‍,
അബലരുമല്ല ചപലരുമല്ല.
മാതൃസദൃശം കാണുക ധരയെ,
മാതൃകയാകുക വിശ്വം മുഴുവന്‍.
ശ്വാസാന്ത്യം വരെ ശപഥം കാക്കുക,
വിശ്വാസം ഈ രാജന് നിങ്ങളെ.