5
ഒരിക്കലും പാദമൂന്നാന്‍ ആഗ്രഹിക്കാത്ത ഓര്‍മ്മയുടെ ആ പടവുകള്‍ക്കു മുന്നില്‍ ഞാന്‍ മടിച്ചു നിന്നു. ചാടാന്‍ ശ്രമിച്ചു, വഴി മാറി നടക്കാന്‍ ശ്രമിച്ചു, കഴിയുന്നില്ല. ഭൂതകാലമെന്ന പിശാച് പിടികൂടിയിരിക്കുന്നു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു, ഇനി മിഴികള്‍ തുറക്കുന്നത് ഒരു പുതുലോകത്തിലെക്കായിരിക്കണമേ എന്ന് മനമുരുകി പ്രാര്‍ഥിച്ചു. സാവധാനം കണ്ണ് തുറന്നു, ഈശ്വരന്‍ ചതിച്ചിരിക്കുന്നു. ഡോക്ടര്‍ വിനോദ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. ഒരു മാറ്റവുമില്ലാതെ, മനം മടുപ്പിക്കുന്ന ഗന്ധത്തോടെ ഡോക്ടറുടെ മുറിയും. ചുറ്റുമൊന്നു ഗഹനമായി നോക്കി, ഒരു മാറ്റവുമില്ല. കൃത്രിമത്വം ഛർദിക്കുന്ന അടുക്കും ചിട്ടയുമുള്ള മുറി. ഓരോ വസ്തുവിനും ആ മുറിയില്‍ അതിന്റേതായ സ്ഥാനം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. ദശാബ്ദം എത്ര കഴിഞ്ഞാലും അണുവിട മാറ്റമില്ലാതെ അതെന്നും അവിടെ തന്നെ തുടരും. ഒരു പക്ഷെ അവയോരോന്നും ആഗ്രഹിക്കുന്നുണ്ടാകും ഒരു മില്ലിമീറ്ററെങ്കിലും ഇടത്തോട്ടോ വലത്തോട്ടോ ഒന്ന് മാറിയിരുന്നെങ്കിലെന്ന്‍! മുറിയുടെ വലതുഭാഗത്തായി ചുവരില്‍ ആ മുറിയിലെ ഏറ്റവും മനോഹരമായ വസ്തു, ആ പെയിന്റിംഗ് നിലകൊണ്ടു. നട്ടുച്ച നേരത്ത് തിരക്കുള്ള ഒരു സിറ്റിയുടെ ചിത്രീകരണമാണ് പെയിന്റിംഗില്‍. തിരക്കേറിയ ജോലിക്കിടയില്‍ കിട്ടിയ ഉച്ച ഭക്ഷണത്തിന്‍റെ ഇടവേളയില്‍, ധൃതിപ്പെട്ടു ആഹാരത്തിനായി ഹോട്ടലിലേക്കും മറ്റും ചിതറി നീങ്ങുന്ന ജീവനക്കാര്‍. അവരോടൊപ്പം അവരെ പിന്തുടരുന്ന അവരുടെ നിഴലുകളും. ചിത്രത്തില്‍ ഒരു സ്ത്രീ മറ്റൊരു യുവാവിനോട് സംസാരിക്കുന്നുണ്ട്, അവരുടെ നിഴലുകളും പരസ്പരം സംസാരിക്കുന്നു. എന്തായിരിക്കും അവ സംസാരിക്കുന്നത്? തങ്ങളുടെ യജമാനന്‍മാരെ കുറ്റം പറയുകയായിരിക്കുമോ?
“വിഷ്ണു..” ഡോക്ടറുടെ ശബ്ദം. മനസ്സിന്‍റെ താത്പര്യം അവഗണിച്ചു എന്‍റെ ഉടല്‍ ഡോക്ടറിനു നേരെ തിരിഞ്ഞു. ഡോക്ടറുടെ അടുത്തു തന്നെ കസേരയില്‍ കലങ്ങിയ കണ്ണുകളുമായി ചേച്ചി!!
“വിഷ്ണു? വിഷ്ണു ശ്രദ്ധിക്കുന്നുണ്ടോ?”
ഇല്ല, ഞാന്‍ ശ്രദ്ധിച്ചില്ല എന്താണദ്ദേഹം പറഞ്ഞത്?
“വിഷ്ണു, യു നീഡ് ടു ഗോ ബാക്ക് ടു യുവര്‍ മെഡിക്കേഷന്‍സ്. ഭേദമായിത്തുടങ്ങിയ രോഗത്തെ എന്തിനാണ് വിഷ്ണു വീണ്ടും വിളിച്ചു വരുത്തുന്നത്?”
ഓര്‍മയിലെ ഭൂതങ്ങളോട് പൊരുതാന്‍ താത്പര്യമില്ലാത്തതിനാല്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.
“എനിക്ക് കുഴപ്പമൊന്നുമില്ല ഡോക്ടര്‍. അവന്‍….റാം എവിടെ?”
കുറച്ചുനേരത്തേക്ക് ഡോക്ടറിന്‍റെ കണ്ണുകള്‍ എന്‍റെ മുഖത്ത് തന്നെ തറച്ചു നിന്നു. എന്തോ അന്വേഷിക്കുകയാണ് അദ്ദേഹം.
“വിഷ്ണു സത്യത്തെ നിങ്ങള്‍ അഭിമുഖീകരിച്ചേ മതിയാകൂ. സ്കിസ്നോഫ്രീനിയ എന്ന മാനസികരോഗത്തിന് അടിമയാണ് നിങ്ങള്‍. മുന്നിലില്ലാത്ത ശബ്ദങ്ങളും രൂപങ്ങളും മസ്തിഷ്കം തന്നെ സൃഷ്ടിച്ചെടുക്കുന്ന അവസ്ഥ. അങ്ങനെ നിങ്ങളുടെ തലച്ചോറ് സൃഷ്ടിച്ചെടുത്ത ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ് റാം. ഹി ഡസിന്റ് റിയലി എക്സിസ്റ്റ്! ദയവായി മനസ്സിലാക്കൂ വിഷ്ണു. ഒരു കളിക്കൂട്ടുകാരനില്‍ തുടങ്ങി വര്‍ഷങ്ങളായി ഒരു നിഴല്‍ പോലെ റാം എന്ന സങ്കല്‍പസൃഷ്ടി നിങ്ങളുടെ കൂടെയുണ്ട്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന മരുന്നുകള്‍ക്ക് പോലും മാറ്റാന്‍ കഴിയാത്ത നിങ്ങളുടെ രോഗത്തിന് കുറച്ചൊരു ആശ്വാസമുണ്ടായത് ഗീത എന്ന പെണ്‍കുട്ടി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ്..പക്ഷെ..”
ഒരു നിമിഷം നിര്‍ത്തി ഒരു ദീര്‍ഘനിശ്വാസമെടുത്തു ഡോക്ടര്‍ തുടര്‍ന്നു
“ഗീതയുടെ മരണ ശേഷം നിങ്ങളിലെ രോഗം വീണ്ടും ശക്തിപ്രാപിക്കുകയാണ്…”
പെട്ടെന്ന് പെയിന്റിംഗിനു സമീപമായി ഒരു ആളനക്കം. അതെ..അതാ ആ പെയിന്റിംഗിലൂടെ വിരലുകള്‍ ഓടിച്ച്, അതിന്‍റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അവന്‍…റാം! പെട്ടെന്ന് അവന്‍ തിരിഞ്ഞ് എന്നെ നോക്കി, പുഞ്ചിരിച്ചു.
“വിഷ്ണൂ…വിഷ്ണു ശ്രദ്ധിക്കുന്നുണ്ടോ?”
ഡോക്ടറുടെ ശബ്ദം. ഞാന്‍ വീണ്ടും കണ്ണുകള്‍ ഇറുക്കിയടച്ചു. മുന്നില്‍ ഓര്‍മയുടെ പടവുകള്‍! ഗത്യന്തരമില്ലാതെ ഞാനാ പടവുകള്‍ കയറി. ഗീതയുടെ മുഖം, പുഞ്ചിരിക്കുന്ന ഗീതയുടെ മുഖം. പുഞ്ചിരിയിലും ആ കണ്ണില്‍ നിറയുന്ന വിഷാദം എനിക്ക് കാണാം. പുസ്തകങ്ങളിലും മോണിറ്ററിലും മാത്രമായി ഒതുങ്ങിയിരുന്ന എന്‍റെ കണ്ണുകളിലേക്ക് ജീവിതത്തിന്‍റെ വെളിച്ചം നിറച്ച പെണ്‍കുട്ടി. ചുറ്റുമുള്ളവര്‍ ഭ്രാന്തനെന്ന മുദ്ര പതിപ്പിച്ച് തന്നെ അകറ്റിയപ്പോഴും എന്നിലേക്ക് സ്വയം നടന്നടുത്തവള്‍. ഏകാന്തമായ ഇരുള്‍ നിറഞ്ഞ എന്‍റെ സായാഹ്നങ്ങളെ അസ്തമന സൂര്യന് മുന്നില്‍ ബലി കഴിച്ച്, തിരമാലകളുടെ അസൂയാവഹമായ ആക്രോശങ്ങളെ അവഗണിച്ച് എത്രയെത്ര നാളുകള്‍ അവളോടൊപ്പം കൈകോര്‍ത്ത് മണല്‍ത്തരികളെ ചവിട്ടിമെതിച്ച് ഞാന്‍ നടന്നിരിക്കുന്നു. എന്നോട് തോള്‍ ചേര്‍ന്നു, എന്നില്‍ തല ചായ്ച്ച് എന്‍റെ ഗീത! ഞാന്‍ സ്നേഹിച്ച എന്‍റെ നിഴലുകള്‍ പോലും, വെട്ടിത്തിളങ്ങിയ ആ പെണ്‍കൊടിയുടെ തേജസ്സില്‍ അലിഞ്ഞില്ലാതായി…പക്ഷെ ഇന്ന്…
ഞാന്‍ കണ്ണുകള്‍ തുറന്നു. എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് റാം അവിടെ, ആ പെയിന്റിംഗിന് സമീപം തന്നെയുണ്ട്. അവന്‍ എന്നെ നോക്കുന്നു, പിന്നെ തിരിഞ്ഞു ആ പെയിന്റിംഗിലേക്ക്, ആ നിഴലുകളിലേക്ക് നോക്കുന്നു. മുന്നില്‍ ഡോക്ടര്‍ ഇപ്പോഴും വാചാലനാണ്. അദ്ദേഹത്തിന്‍റെ വാക്കുകളൊക്കെയും എന്‍റെ കാതുകളെ അവഗണിച്ച് എനിക്ക് ചുറ്റുമായി ഒഴുകി നടന്നു. സഹതാപത്തോടെ ഞാന്‍ അദ്ദേഹത്തെ നോക്കി.
“ഡോക്ടര്‍”
നിശ്ചലനായി ഉദ്വേഗത്തോടെ അയാള്‍ എനിക്ക് വേണ്ടി കാതോര്‍ത്തു.
“ഡോക്ടര്‍, താങ്കള്‍ക്ക് എന്‍റെ രോഗം ഭേദമാക്കാന്‍ കഴിയില്ല. എന്‍റെ രോഗം ഭേദമാകാന്‍ ഈശ്വരന് പോലും താത്പര്യമില്ല. അല്ലെങ്കില്‍ അതിന് കഴിവുണ്ടായിരുന്ന ഒരേ ഒരാളെ, എന്‍റെ ഗീതയെ ഈശ്വരന്‍ തിരിച്ചു വിളിക്കില്ലായിരുന്നു. ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതിനു കാരണം തന്നെ എന്‍റെ രോഗമാണ് ഡോക്ടര്‍. എന്‍റെ മസ്തിഷ്കം മാത്രമാണ് എന്‍റെ കൂട്ടുകാരന്‍. ഡോക്ടറിന് അറിയാമോ, ഏകാന്തത ഇഷ്ടപ്പെടുന്നവരെ, അന്തര്‍മുഖരെ ഈ സമൂഹത്തിനു വെറുപ്പാണ്. അവര്‍ അവനെ അകറ്റും, ഒറ്റപ്പെടുത്തും. മറ്റു കുട്ടികള്‍ അവനെ കളിയാക്കും, അവനോടൊപ്പം കളിക്കാനും കൂട്ടുകൂടാനും മടിക്കും. അതായിരുന്നു ഡോക്ടര്‍ എന്‍റെ ബാല്യം. അച്ഛനമ്മമാരില്ലാതെ കൂട്ടുകാരില്ലാതെ ഒരു കുട്ടിക്ക് എങ്ങനെ കഴിയാനാകും? അങ്ങനെ എന്‍റെ മസ്തിഷ്കം എനിക്ക് വേണ്ടി ഒരു കൂട്ടുകാരനെ സൃഷ്ടിച്ചു. എന്‍റെ ചേച്ചിയെപോലെ എന്നെ സ്നേഹിക്കാന്‍ വേണ്ടി മാത്രമായി ഒരാള്‍!”
“വിഷ്ണു,..”
എന്തോ പറയാന്‍ മുതിര്‍ന്ന ഡോക്ടറെ ഞാന്‍ തടഞ്ഞു.
“എന്നെ ഞാനായിത്തന്നെ റാം സ്വീകരിച്ചു. വിചിത്രസ്വഭാവി ആയിരുന്നിട്ട് കൂടി ഞാന്‍ അവനെയും സ്വീകരിച്ചു. മറ്റുള്ളവര്‍ എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ അവന്‍ എന്നോടൊപ്പം നിന്നു. എന്നോട് സംസാരിച്ചു, എന്നോടൊപ്പം കളിച്ചു, ഭക്ഷണം കഴിച്ചു. അവനെ കണ്ടു പേടിച്ചരണ്ട മറ്റു കുട്ടികളുടെ മുഖം ഞാനോര്‍ക്കുന്നു. അവര്‍ എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചു, ടീച്ചര്‍മാര്‍ എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചു. ഭ്രാന്തന്‍ ജീവിക്കാന്‍ പാടില്ല, അവന്‍ അപകടകാരിയാണത്രേ! എന്നിട്ടും ഞാന്‍ ജീവിച്ചു എല്ലാവരെയും വെല്ലുവിളിച്ചുകൊണ്ടു ഞാന്‍ ജീവിച്ചു. എന്തിനെന്നറിയാതെ ജീവിതത്തോട് പൊരുതി. ആ യുദ്ധം അവസാനിച്ചത് ഞാനാ പെണ്‍കുട്ടിയെ ആദ്യമായി കണ്ടപ്പോഴാണ്. അവള്‍ക്കു മുന്നില്‍ ഞാനെന്‍റെ ആയുധങ്ങള്‍ അടിയറ വച്ചു. ഗീത, ദൈവത്തിന്‍റെ കണ്ണുകളായിരുന്നു ആ പെണ്‍കുട്ടിക്ക്. അവള്‍ ഭ്രാന്തനിലെ മനുഷ്യനെ കണ്ടു, സ്നേഹിച്ചു, പരിചരിച്ചു. എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ച സമൂഹം അവളുടെ പ്രവൃത്തി കണ്ട് നെറ്റി ചുളിച്ചു, അവര്‍ അത്ഭുതപ്പെട്ടു, അസൂയപ്പെട്ടു. ഒരു പക്ഷെ ദൈവം പോലും അസൂയപ്പെട്ടു കാണും. അതല്ലേ അദ്ദേഹം..”
കാഴ്ച മറച്ച് മുന്നില്‍ നിന്ന ജലകണികകളെ ഞാന്‍ തുടച്ചു നീക്കി.
”ഡോക്ടര്‍ ദയവായി എന്‍റെ മസ്തിഷ്കത്തെ വെറുതെ വിടൂ. എന്‍റെ ചേച്ചിയെ കൂടാതെ എന്നെ സ്നേഹിക്കുന്ന ഒരേ ഒരു വ്യക്തി റാം മാത്രമാണ്.”
പെട്ടെന്ന് എന്നെ തടസ്സപ്പെടുത്തിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു
“വിഷ്ണു..” വാക്കുകള്‍ക്ക് വേണ്ടി അദ്ദേഹം ബദ്ധപ്പെടുന്നത് പോലെ എനിക്ക് തോന്നി.
“യു ഡോണ്ട് ഹാവ് എ സിസ്റ്റര്‍….നിങ്ങള്‍ അനാഥനാണ്”
എന്തുകൊണ്ടോ ആ വാക്കുകള്‍ എന്നെ ഞെട്ടിച്ചില്ല, മസ്തിഷ്കം മരവിപ്പിക്കപ്പെട്ടതുപോലെ എനിക്ക് തോന്നി. ഞാന്‍ തിരിഞ്ഞ് ചേച്ചിയെ നോക്കി, അതാ അവരുടെ മുഖം, ആ കരയുന്ന മുഖം…..അത് വികൃതമാകുന്നു, അല്ല അത് രൂപം മാറുന്നു…റാമിലേക്ക്…വീണ്ടും തിരികെ ചേച്ചിയിലേക്ക്…
“ചേ….ചേച്ചി..” ഞാനുറക്കെ വിളിച്ചു, ശബ്ദം വിങ്ങുന്നു. ശ്വാസമെടുക്കാന്‍ കഴിയുന്നില്ല
“ഞാന്‍ പറയുന്നത് മനസ്സിലാക്കൂ വിഷ്ണു. നിങ്ങള്‍ അനാഥനാണ്…അല്ലെങ്കില്‍ പറയൂ എന്താണ് താങ്കളുടെ ചേച്ചിയുടെ പേര്?”
“മോ…മോഹിനി..” ബദ്ധപ്പെട്ടു വാക്കുകളെ ഞാന്‍ ഉന്തി പുറത്തേക്കിട്ടു
“ഹ ഹ. ‘മോഹിനി’, ‘റാം’ എല്ലാം വിഷ്ണുവിന്‍റെ അവതാരങ്ങള്‍ തന്നെ അല്ലെ??”
ശ്വാസമെടുക്കാന്‍ കഷ്ടപ്പെട്ടുകൊണ്ട് ഞാന്‍ ഡോക്ടറുടെ മുഖത്തേക് നോക്കി. എന്തോ തമാശ പറഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം. ചിരി, പരിഹാസച്ചുവയുള്ള ചിരി. റാമിന്‍റെ വാക്കുകള്‍ ഞാനോര്‍ത്തു. ഞാന്‍ വീണ്ടും ചേച്ചിയെ നോക്കി. അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു, സാവധാനം കസേരയില്‍ നിന്നെഴുന്നേറ്റ് പെയിന്റിംഗിനു നേരെ നടന്നു. പെയിന്റിംഗിന് മറുവശത്തായി ചേച്ചി നിന്നു. ഞാന്‍ സൂക്ഷിച്ചു നോക്കി റാമും, ചേച്ചിയും, അവരുടെ നടുക്ക് നിഴലുകളുടെ ആ പെയിന്റിംഗും.. ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി. ‘ഇനി നീ എന്തിനാണ് കാത്തിരിക്കുന്നത്?’ അവരുടെ മുഖഭാവം ഞാന്‍ വായിച്ചെടുത്തു.
ഞാന്‍ എഴുന്നേറ്റു. പെയിന്റിംഗിന് നേരെ നടന്നു. തലക്കുള്ളില്‍ എവിടെയോ ഒരു മുഴക്കം. ഞാന്‍ പതിയെ ആ ചിത്രത്തില്‍ തലോടി. തലക്കുള്ളിലെ മുഴക്കം ശക്തമാകുന്നു
“എന്താ വിഷ്ണു പെയിന്റിംഗ് ഇഷ്ടമായോ?”
“ഡോക്ടര്‍ നിങ്ങള്‍ എന്നെ ജീവിക്കാനനുവദിക്കില്ല. ഈ സമൂഹം എന്നെ ജീവിക്കാനനുവദിക്കില്ല. എന്നെ സ്നേഹിക്കുന്നവരെ എന്നില്‍ നിന്നകറ്റി, എന്‍റെ വേദന കണ്ടു ചിരിക്കാനാണ് നിങ്ങള്‍ക്ക് താത്പര്യം. ഭ്രാന്തനെ ഭ്രാന്തനായി തന്നെ കാണാനാണ് ഈ സമൂഹത്തിനു താത്പര്യം. എന്‍റെ ലോകത്ത് നിന്ന്‍ എന്‍റെ നിഴലുകളെ നിങ്ങള്‍ അകറ്റും..അതുകൊണ്ട് ഡോക്ടര്‍…..ഞാന്‍ പോകുകയാണ് അവരുടെ ലോകത്തേക്ക്, നിഴലുകളുടെ ലോകത്തേക്ക്, ഗീതയുടെ ലോകത്തേക്ക്..”
തലയിലെ മുഴക്കം ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു, സഹിക്കാനാകുന്നില്ല. മനോഹരമായ ആ പെയിന്റിംഗിലേക്ക് ഞാന്‍ എന്‍റെ തല പതിപ്പിച്ചു. ചുവന്ന ചായം അതിനെ ഒന്നുകൂടി മനോഹരമാക്കിയിരിക്കുന്നു. തലയില്‍ വീണ്ടും മുഴക്കം… വീണ്ടും ശക്തിയായി ഞാന്‍ തല ഭിത്തിയിലിടിച്ചു. പെയിന്റിംഗ് ഭിത്തിയില്‍ നിന്നിളകി താഴെക്ക് പതിച്ചു. ഡോക്ടറുടെ അലര്‍ച്ച ഞാന്‍ കേട്ടു. ആരൊക്കെയോ എന്നെ പിടിക്കുന്നു, വലിക്കുന്നു. ഇല്ല, എനിക്ക് പോകണം, അവര്‍ എന്നെ വിളിക്കുന്നു…ചേച്ചി, റാം, ഗീത. ചുറ്റുമുള്ളവരെ ഞാന്‍ വലിച്ചെറിഞ്ഞു. തലയില്‍ വീണ്ടും മുഴക്കം. ഞാന്‍ തല വീണ്ടും ഭിത്തിയിലിടിച്ചു, വീണ്ടും, വീണ്ടും..വീണ്ടും..ആ മുഴക്കം അവസാനിക്കുന്നത് വരെ. അതെ ജീവന്‍റെ ആ മുഴക്കം അവസാനിക്കുന്നത് വരെ..