അവസാനത്തെ ദിവസം 6

നരിയുടെ മടയില്‍

പഴയ ഒരു മുത്തശ്ശികഥയുണ്ട്. കാട്ടില്‍ മദിച്ചുനടന്നിരുന്ന ഒരു സിംഹത്തിന്‍റെ കഥ. കണ്ണില്‍ കണ്ട സകല ജീവികളെയും സിംഹം കൊന്നൊടുക്കി. ആഹാരത്തിനു വേണ്ടിയല്ലാതെ പോലും അവന്‍ കാട്ടിലെ ജന്തുക്കളെ ആക്രമിച്ചു. സിംഹത്തിനെ കൊണ്ട് കാട്ടുജീവികള്‍ പൊറുതിമുട്ടി. ബലവാനായ സിംഹത്തിനെതിരെ ഒന്ന് ശബ്ദമുയര്‍ത്താന്‍ പോലും അവര്‍ക്ക് ഭയമായിരുന്നു. അവസാനം മൃഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് ഒരു തീരുമാനമെടുത്തു. ദിവസവും തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ സ്വമേധയാ സിംഹത്തിന്‍റെ ആഹാരമാകാന്‍ അവന്‍റെ ഗുഹയിലേക്ക് പോകുക. അങ്ങനെയെങ്കില്‍ വേട്ടയ്ക്കായി സിംഹത്തിന് പുറത്തിറങ്ങേണ്ടതില്ല. ദേഹമനങ്ങാതെ സിംഹത്തിന് ആഹാരവും കിട്ടും, കാട്ടുജീവികള്‍ക്ക് സമാധാനവും ഉണ്ടാകും. പക്ഷെ സിംഹത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ഇരയുടെ മാനസികാവസ്ഥ ആരും ഓര്‍ത്തിരുന്നില്ല. ഒരു കാടിന്‍റെ നിലനില്പിന് മുന്നില്‍ ഇരയുടെ വികാരങ്ങള്‍ വിലയില്ലാത്തതായിരുന്നു. സ്വയം മരണത്തിലേക്ക് നടന്നടുക്കാന്‍ വിധിക്കപ്പെട്ട ആ ഇരയ്ക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. സ്വന്തം ജീവനു വേണ്ടി ഒന്ന് പൊരുതാന്‍ പോലുമുള്ള അധികാരം അവനില്ല. മരണം മുന്‍കൂട്ടി കണ്ടു അതിലേക്ക് നടന്നടുക്കേണ്ടി വരുന്ന വെറും ഒരു ഗതികെട്ട ജീവന്‍. ഇന്ന് ഞാനാണ് ആ ഗതികെട്ടവന്‍, പക്ഷെ ഞാന്‍ നടന്നടുക്കുന്നത് സിംഹത്തിന്‍റെ ഗുഹയിലേക്കല്ല, നരിയുടെ മടയിലേക്ക്!

   വൃദ്ധന്‍റെ വാക്കുകള്‍ ഞാനോര്‍ത്തു ‘നീ നിശ്ശബ്ദനായി മരിക്കാന്‍ ശ്രമിക്കുക’. സ്വന്തം ജീവന്‍ അകലുമ്പോള്‍ ഒന്ന് നിലവിളിക്കാന്‍ പോലുമുള്ള അധികാരം എനിക്ക് നിഷേധിച്ചിരിക്കുന്നു. മരണവേദന കാര്‍ന്നുതിന്നുമ്പോഴും, കണ്ണുകളില്‍ നിന്ന് പ്രകാശം പറിച്ചെടുക്കുമ്പോഴും, എന്നെന്നേക്കുമായി ബോധം മായുമ്പോഴും ഒന്ന് കൈകാലിട്ടടിക്കാന്‍, പ്രതിരോധിക്കാന്‍, ഒരു ജീവിയുടെ ഏറ്റവും മൗലികമായ അധികാരം അല്ലെങ്കില്‍, സ്വാഭാവികമായ ഒരു പ്രതികരണം, അത് പോലും വിധി എന്നില്‍ നിന്ന്‍ അടര്‍ത്തിമാറ്റിയിരിക്കുന്നു. തീരുമാനമെടുക്കാനായി അയാള്‍ എനിക്ക് അനുവദിച്ച പത്തുമിനിട്ടില്‍ എത്ര സമയം ഞാന്‍ അങ്ങനെ നിന്നു എന്നറിയില്ല. സമയത്തിന്‍റെ ബോധം എനിക്ക് നഷ്ടപ്പെട്ടിരുന്നു. നിമിഷങ്ങളും, മിനിട്ടുകളും മണിക്കൂറുകളുമെല്ലാം ഇപ്പോള്‍ എനിക്ക് ഒരുപോലെയാണ്. പക്ഷെ സമയത്തിന്‍റെ ഏകകങ്ങള്‍ അവിടെ അവസാനിക്കും. സമയത്തെ അളക്കാന്‍ മണിക്കൂറില്‍ കവിഞ്ഞൊരു അളവുകോല്‍ ഇപ്പോള്‍ എന്‍റെ ആയുസ്സിലില്ല. അതേ, ഇനി മണിക്കൂറുകള്‍ മാത്രമേ എന്‍റെ ജീവിതത്തില്‍ ശേഷിക്കുന്നുള്ളൂ..

  ആ ചുവന്ന ഗുളികകള്‍ ഞാന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റിലേക്കിട്ടു. പിന്നെ സാവധാനം ഓലമേഞ്ഞ ആ കുഞ്ഞു പുരയുടെ നേരെ നടന്നു, ഷാപ്പിലേക്ക്. ഒരു അര്‍ദ്ധവൃത്താകൃതിയില്‍ മൂന്ന് ബഞ്ചുകള്‍ അതിനോടൊപ്പം മൂന്ന് മേശകള്‍ ഇങ്ങനെയാണ് ഷാപ്പിനുള്ളിലെ ക്രമീകരണം. പുറത്തേക്കുള്ള വാതിലിനോട് ചേര്‍ന്നുള്ള ബെഞ്ചില്‍, വാതിലിനടുത്തായി തന്നെ അയാളിരിക്കുന്നുണ്ട്, ശങ്കരന്‍. ഞാന്‍ മുന്നോട്ടേക്ക് നടന്നു. പ്രതീക്ഷിച്ചത് പോലെ പല കണ്ണുകളും എന്നെ പിന്തുടര്‍ന്നു. ശങ്കരന് നേരെ എതിര്‍വശത്തായി ഷാപ്പിന്‍റെ ഉള്ളറ്റത്ത് ഉണ്ടായിരുന്ന ബഞ്ചിന്‍റെ ഒഴിഞ്ഞ മൂലയില്‍ ഞാനിരുന്നു. വൃദ്ധനെ കൂടാതെ നാല് പേര്‍ കൂടി ഉള്ളിലുണ്ട്. എല്ലാവരും നാട്ടുകാര്‍ തന്നെ.

ചോദ്യങ്ങള്‍ ഉയരാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല.

“ഗോപാലകൃഷ്ണന്‍റെ മകന്‍ കഴിക്കുമായിരുന്നോ?”

ഞാന്‍ ഉത്തരം കൊടുത്തില്ല, അതെന്‍റെ പക്കലില്ലായിരുന്നു. അത് കൈവശമുള്ള ആരോ മറ്റൊരു ഭാഗത്ത് നിന്ന്‍ സമാധാനം നല്‍കി.

“അതിപ്പോ ഈ അവസ്ഥയില്‍ ആരായാലും കുടിച്ചുപോകില്ലേ?”

സാന്ത്വനങ്ങളും ഉത്കണ്ഠകളും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു..

“മോശം സമയമാണെന്ന് കരുതിയാല്‍ മതി, എല്ലാം ശരിയാകും”

“മുത്തശ്ശിക്ക് ഇപ്പൊ എങ്ങനെയുണ്ട്?”

“കിടപ്പിലാണ് അല്ലെ?”

അവര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു, കൂടുതലും എന്‍റെ ചെവിക്കുള്ളിലേക്കെത്തിയില്ല. എന്‍റെ മനസ്സ് ആ വീട്ടിലായിരുന്നു, വലിയവീട്ടില്‍. ചിരിയും കളിയും നിറഞ്ഞുനിന്ന വീട് ഇപ്പോള്‍ ഓര്‍ത്തെടുക്കാനാകാത്ത ഒരു സ്വപ്നം പോലെ തോന്നുന്നു. അച്ഛന്‍റെ രാഷ്ട്രീയം പറച്ചിലും, അതിനെതിരെയുള്ള ചിറ്റപ്പന്‍റെ തറുതലകളും തൊട്ടുപിന്നാലെ മുത്തശ്ശിയുടെ ഇടപെടലും. അച്ഛനെയും ചിറ്റപ്പനെയും അനുനയിപ്പിച്ചുകഴിഞ്ഞാലും മുത്തശ്ശിയുടെ പ്രഭാഷണം നീളും. അത് പിന്നെ പോകുന്നത് മുത്തശ്ശിയുടെ കുട്ടിക്കാലത്തേക്കാണ്. വലിയവീട്ടിന്‍റെ പഴയ പ്രൗഢി തന്നെയാകും എപ്പോഴും വിഷയം..തന്‍റെ ജീവിതത്തിന്‍റെ വലിയൊരു പങ്കും ആ സ്ത്രീ പഴയകാലം അയവിറക്കാനാണ് ഉപയോഗിച്ചതെന്ന് തോന്നുന്നു. എല്ലാത്തിനും കേള്‍വിക്കാരിയായി ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി അമ്മ അടുക്കളയിലുണ്ടാകും. ഒരു നിശ്വാസം ഞാനറിയാതെ തന്നെ എന്നില്‍ ഉടലെടുത്തു. എത്ര പെട്ടെന്നാണ് എല്ലാം ഇല്ലാതായത്. എല്ലാത്തിനും കാരണം ഒരാള്‍, ആ ഒരാളാണ് ഇപ്പോള്‍ തനിക്ക് മുന്നിലിരിക്കുന്നത്. സ്വന്തം കുടുംബത്തിന്‍റെ ഘാതകനെ തൊട്ടുമുന്നില്‍ കിട്ടിയിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി നോക്കി നില്‍ക്കേണ്ട അവസ്ഥ! എന്തൊരു വിധിയാണ് എനിക്ക് വേണ്ടി തെച്ചിക്കാട്ടമ്മ കാത്തുവച്ചിരുന്നത്.

    ഓര്‍മ്മകളും അതിനോടൊപ്പം പല ചിന്തകളും പലഭാഗത്ത് നിന്നായി മനസ്സില്‍ വന്നു നിറഞ്ഞു. തലച്ചോറിനുള്ളിലേക്ക് നുഴഞ്ഞു കയറാന്‍ അവ തമ്മില്‍ മത്സരിച്ചു. ഞാന്‍ കൈ വിരലുകള്‍ കൊണ്ട് നെറ്റിയില്‍ അമര്‍ത്തിതടവി, വല്ലാത്ത തലവേദന. അതിനൊപ്പം ഇടനെഞ്ചിലെവിടെയോ വികാരങ്ങളുടെ ഒരു ഘോഷയാത്രയും. ഒരു ഭ്രാന്തനായി മാറുമെന്നു ഞാന്‍ ഭയന്നു. അയാള്‍ പറഞ്ഞത് പോലെ ഞാന്‍ അഭിനയിക്കുകയായിരുന്നില്ല. സര്‍വ്വവും നഷ്ടപ്പെട്ട് തൊട്ടു മുന്നില്‍ നില്‍ക്കുന്ന മരണത്തെ തുറിച്ചുനോക്കി നില്‍ക്കേണ്ടി വരുന്ന ഒരു യുവാവിന്‍റെ തളര്‍ന്ന മനസ്സ്, അഭിമാനത്തിന്‍റെ വശം തുലാസ്സില്‍ താഴ്ന്നുപോകാതിരിക്കാന്‍ മറുവശത്ത് സ്വന്തം ജീവന്‍ സമര്‍പ്പിക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്‍.. എല്ലാം വൃദ്ധന്‍റെ പദ്ധതിപ്രകാരം തന്നെ നടക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് മുന്നില്‍ അയാള്‍ എന്നെയൊരു വിഷാദരോഗിയാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.

കൈകളില്‍ തല താങ്ങിയിരുന്ന എനിക്ക് മുന്നില്‍ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. കൈലി മടക്കിക്കുത്തി, ഉള്ളിലിടുന്ന ബനിയന്‍ മാത്രമിട്ട്, തോളിലൊരു തോര്‍ത്തുമായി, ഭാര്‍ഗവേട്ടന്‍. ഭാര്‍ഗവേട്ടന്‍ ഷാപ്പിലെ തൊഴിലാളിയാണ്. എനിക്ക് ഓര്‍മ്മയുള്ള നാള്‍ മുതല്‍ അദേഹത്തിന് ഈ പണി തന്നെയാണ്. എന്നെ കണ്ടു കുറച്ചു സമയം അയാള്‍ തുറിച്ചു നോക്കി നിന്നു. ഒരു അവിശ്വസനീയതയും അതിനൊപ്പം ഒരു നീരസവും ആ മുഖത്ത് ഞാന്‍ കണ്ടു. ആ നോട്ടം എന്നെ വീണ്ടും ഓര്‍മകളിലേക്ക് തള്ളിയിട്ടു.

ഊണ് കഴിഞ്ഞു മുറ്റത്ത് ചാരുകസേരയും വലിച്ചിട്ടു അച്ഛനൊരു കിടപ്പുണ്ട്. കൂട്ടിനു മുറുക്കാന്‍ ചെല്ലവും ഉണ്ടാകും, ഒരു നേരം കഴിയുമ്പോള്‍ ഗേറ്റിനപ്പുറം ഒരു അതിഥി പ്രത്യക്ഷപ്പെടും. ഭാര്‍ഗവേട്ടന്‍. വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന പതിവാണത്. ഭാര്‍ഗവേട്ടന്‍ ഷാപ്പിലെ ജോലി കഴിഞ്ഞുള്ള വരവാണ്. പിന്നെ രണ്ടു പേരും കൂടി തെച്ചിക്കാട്ട്  ഗ്രാമത്തിനെ പറ്റി ഒരു ചര്‍ച്ചയാണ്. ഗ്രാമത്തിലെ അന്ന് നടന്ന സകലസംഭവങ്ങളും ഭാര്‍ഗവേട്ടന്‍ വിശദീകരിക്കും. ഷാപ്പില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ലല്ലോ. നാട്ടുകാരുടെ വിശേഷങ്ങളും, രാഷ്ട്രീയവും, കൃഷിയുടെ പുരോഗതിയും, കാലാവസ്ഥയും, തര്‍ക്കങ്ങളും പ്രശ്നങ്ങളും എല്ലാത്തിനെ പറ്റിയും ഭാര്‍ഗവേട്ടന് അറിവുണ്ടാകും. നാടിന്‍റെ അവസ്ഥയിലേക്കുള്ള അച്ഛന്‍റെ ഒരു കുറുക്കുവഴിയായിരുന്നു ഭാര്‍ഗവേട്ടന്‍. സംഭാഷണത്തില്‍ അധികം പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ശ്രോതാവായി ഞാനും എപ്പോഴും ഉണ്ടാകാറുണ്ട്.

“എന്താ കുഞ്ഞേ?”

ഭാര്‍ഗവേട്ടന്‍റെ ചോദ്യം എന്നെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തി. ആ ചോദ്യത്തിനും അതില്‍ നിറഞ്ഞിരുന്ന കരുതലിനും എനിക്ക് ഉത്തരമില്ലായിരുന്നു. ഉത്തരത്തിനായി ഭാര്‍ഗവേട്ടന്‍ കുറച്ചു നിമിഷങ്ങള്‍ കാത്തു. പിന്നെ വീണ്ടും ചോദിച്ചു

“കള്ളെട്ക്കട്ടെ?”

ഞാന്‍ മുഖമുയര്‍ത്തി നോക്കി. ഒന്നും പറയാനുള്ള ത്രാണി എനിക്കില്ലായിരുന്നു. അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. കണ്ണുനീര്‍ മറയ്ക്കാനായി ഞാന്‍ വീണ്ടും മുഖം കുനിച്ചു. പുറത്തേക്ക് വരാന്‍ വൈമുഖ്യം കാണിച്ചു വാക്കുകള്‍ തൊണ്ടയില്‍ തന്നെ മടിച്ചു നിന്നു. ഞാന്‍ ശങ്കരനെ ഒന്ന് നോക്കി,ക്രൗര്യം നിറഞ്ഞ ആ പുഞ്ചിരി അയാളില്‍ പൂര്‍വാധികം പ്രഭയോടെ ജ്വലിക്കുന്നു. ഞാന്‍ വെന്തുനീറുന്ന ഓരോ നിമിഷവും അയാള്‍ ആസ്വദിക്കുകയാണ്. മറ്റൊരുവനെ വേദനയുടെ ആഴങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തി അയാളനുഭവിക്കുന്ന ആനന്ദം, അതിന്‍റെ പേര് പ്രതികാരം എന്ന് തന്നെയാണോ? ഇന്ന് ഞാന്‍ മരിച്ചാല്‍ അതിനോടൊപ്പം അയാളും മരിക്കും എന്ന് ഉറപ്പു പറയുന്നു, പക്ഷെ അത് വിശ്വസിക്കാമോ? ഇനിയും അയാള്‍ എന്തെങ്കിലും ചെയ്തുകൂട്ടില്ലെന്നു ആര് കണ്ടു. ആലോചിച്ചിട്ട് ആകെ ഭ്രാന്ത് പിടിക്കുന്നു, വീണ്ടും കഠിനമായ തലവേദന. ഒരു പക്ഷെ മദ്യം തന്നെയായിരിക്കും ഈ അവസ്ഥയില്‍ എനിക്ക് പറ്റിയ മരുന്ന്. ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍, അങ്കലാപ്പുകള്‍ എല്ലാത്തിലുമുപരി മരണഭയം. എല്ലാംകൂടി എന്തൊക്കെയോ എന്‍റെ തലച്ചോറില്‍ നെയ്തുകൂട്ടി. തല പൊട്ടിപ്പിളരുന്നത് പോലെ, സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ഉത്തരങ്ങള്‍ക്ക് കാത്ത് നിന്ന് മടുത്ത് ഭാര്‍ഗവേട്ടന്‍ സാവധാനം പിൻവാങ്ങി.

    ഞാന്‍ വീണ്ടും വൃദ്ധനെ നോക്കി. അയാള്‍ കൈ കൊണ്ട് എഴുതുന്ന ആംഗ്യം കാണിച്ചു. അയാളുടെ പദ്ധതിയിലെ അടുത്ത പടി. ഞാന്‍ കയ്യിലുണ്ടായിരുന്ന മാസിക തുറന്നു.. കടലാസ്സ് പുറത്തെടുത്ത് മേശയ്ക്ക് മുകളില്‍ വച്ചു.. പേന വിരലുകള്‍ക്കിടയില്‍ പിടിച്ചു അനുസരണയുള്ള ഒരു അടിമയെപ്പോലെ ഞാനിരുന്നു. എത്ര നേരം ആ ഇരുപ്പ് തുടര്‍ന്നു എന്നറിഞ്ഞില്ല. പേന പിടിച്ച കൈ അനങ്ങിയില്ല, പേപ്പര്‍ ഇപ്പോഴും ശൂന്യം. ഒരു കുപ്പി കള്ളുമായി ഭാര്‍ഗവേട്ടനെത്തി. മറ്റൊന്നുമാലോചിച്ചില്ല ഞാന്‍ കുപ്പിയില്‍ നിന്ന് ഒരു കവിള്‍ അകത്താക്കി. നെറ്റിയില്‍ അങ്ങിങ്ങായി ചെറിയ വിയര്‍പ്പുകണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. വീണ്ടും ഒരു കവിള്‍ കൂടി കുടിച്ചു, വീണ്ടും, വീണ്ടും. രണ്ടാമത്തെ കുപ്പി ഭാര്‍ഗവേട്ടനോട് ചോദിച്ചു മേടിക്കാന്‍ നേരം ശബ്ദം പതറിയില്ല. ഞാന്‍ മറ്റാരോ ആയിക്കഴിഞ്ഞിരിക്കുന്നു. മദ്യത്തിന്‍റെ ലഹരി എന്നെ ബാധിച്ചോ എന്നെനിക്കറിയില്ല. പക്ഷെ ഇപ്പോള്‍ എഴുതാനുള്ള കാര്യങ്ങളെ പറ്റി ഞാന്‍ പൂര്‍ണബോധവാനായിരുന്നു. വരികള്‍ സ്വയമേ സൃഷ്ടിക്കപ്പെടുകയായിരുന്നു ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്. കടലാസ്സില്‍ മഷി പടരുമ്പോള്‍ എന്‍റെ മനസ്സില്‍ പടര്‍ന്ന് കയറിയത് മുഖങ്ങളായിരുന്നു, അച്ഛന്‍റെ മുഖം , ചിറ്റപ്പന്‍റെ മുഖം, അമ്മയുടെ, മുത്തശ്ശിയുടെ, വല്യച്ഛന്റെ, വല്യമ്മയുടെ, ജ്യോതിയുടെ, കൃഷ്ണയുടെ. പിന്നെ ഓര്‍മ്മയില്‍ അങ്ങിങ്ങായി പതിഞ്ഞ മറ്റു പല മുഖങ്ങള്‍ ചില സഹപാഠികള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍, ഭാര്ഗ്ഗവേട്ടന്‍ അങ്ങനെ അങ്ങനെ,.. പിന്നെ അയാളും….ശങ്കരനും. പേന ഒരിക്കല്‍ പോലും കടലാസ്സില്‍ നിന്ന് മാറ്റേണ്ടി വന്നില്ല. ഞാന്‍ എഴുതി, മരണത്തിന്‍റെ നിറം ചാലിച്ച ആ കുറിപ്പ്.

    ഭാര്‍ഗവേട്ടന്‍ പിന്നേയും കുപ്പികളുമായി എത്തി. ഭ്രാന്തമായ എന്‍റെ അവസ്ഥ ശങ്കരന്‍ എന്ന രാക്ഷസനേയും മത്തു പിടിപ്പിച്ചു എന്നു തോന്നുന്നു. അയാളും കുപ്പികള്‍ കാലിയാക്കിക്കൊണ്ടിരുന്നു. കടലാസ് മടക്കി അതിനു മുകളില്‍ പേന വച്ച്. ഞാന്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. പെയ്തൊഴിഞ്ഞ പേമാരിക്ക് ശേഷം എന്നത്പോലെ മനസ്സിപ്പോള്‍ നിശ്ചലം. ഞാന്‍ വൃദ്ധനെ നോക്കി. ക്രൂരമായ ചിരിയോടെ അയാള്‍ കുപ്പി വായിലേക്ക് കമിഴ്ത്തുന്നു. അയാളുടെ മുഖത്ത് നിര്‍വൃതിയാണ്. സകലതും പദ്ധതി പ്രകാരം നടക്കുന്നതിലുള്ള ആനന്ദം! നാളെയെ നേരില്‍ കാണുക എന്നുള്ളത് ഒരു കഴിവാണ്, അധികാരമാണ് അതിലുപരി ഒരു അഹങ്കാരമാണ്. ആ അഹങ്കാരമാണ് അയാളുടെ മുഖത്ത്.

    കാലിയായ കുപ്പി മേശമേല്‍ വച്ച് ഞാന്‍ പുറത്തേക്കിറങ്ങി. വാതിലിനു സമീപമാണ് വൃദ്ധന്‍ ഇരിക്കുന്നത്, നാലായി മടക്കിയ കടലാസ് ഞാന്‍ വൃദ്ധനു മുന്നില്‍ മേശയില്‍ വച്ചു. അതാണ്‌ അയാളുടെ പങ്ക്. പിന്‍ ചെയ്ത് സൂക്ഷിക്കാനുള്ള അയാളുടെ നേട്ടം.. ഞാന്‍ വച്ചപാടെ ഞൊടിയിടയില്‍ അയാളത് കൈക്കലാക്കി. തിരിഞ്ഞുനോക്കാതെ ഏകനായി ഞാന്‍ പുറത്തേക്കു നടന്നു.

“ഉത്സവത്തിന് മുടക്കമൊന്നും ഉണ്ടാകില്ല, അല്ലെ കുഞ്ഞേ?”

തൊട്ടു പുറകേ വന്ന ചോദ്യം ഞാന്‍ കേട്ടു, പക്ഷെ കേട്ടില്ലെന്നു നടിച്ചു. മുണ്ട് മടക്കിക്കുത്തി, വള്ളിചെരിപ്പ് ഒന്നു കൂടി മുറുക്കി തിരിഞ്ഞുനോക്കാതെ പ്രധാനപാതയിലേക്ക് കടന്നു. തെച്ചിക്കാട്ടമ്മയുടെ ഉത്സവത്തിനെ പറ്റിയാണ് ആ ചോദ്യം, നാട്ടുകാരിലാരോ ആണ്. അയാളുടെ ചോദ്യം ശരിയാണ്, കാരണം അമ്മയുടെ ഉത്സവം ഇതുവരെ മുടങ്ങിയിട്ടില്ല. അമ്പലം പണിത് നാളിതുവരെ എല്ലാ ധനുമാസത്തിലെയും വൈശാഖനാളില്‍ കൊടിയേറ്റം നടന്നിട്ടുണ്ട്. മുത്തശ്ശന്‍റെ മരണം കഴിഞ്ഞു ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഉത്സവം. അതും മുടങ്ങിയില്ല. കാരണം തെച്ചിക്കാട്ടമ്മയുടെ ഉത്സവം ഒരു ഗ്രാമത്തിന്‍റെ ആഘോഷമാണ്. അവിടെ വ്യക്തിപരമായ ദുഃഖങ്ങള്‍ക്ക് സ്ഥാനമില്ല. അടുത്തയാഴ്ചയാണ് ആ ദിവസം, ധനുമാസത്തിലെ വൈശാഖനാള്‍!

    നേരത്തെ പറഞ്ഞ കഥയുടെ ബാക്കി പറഞ്ഞില്ലല്ലോ. ക്രൂരനായ സിംഹത്തിന് ആഹാരമായി ദിവസവും ഓരോ ഇരയെ കൃത്യമായി മൃഗങ്ങള്‍ അയച്ചുകൊണ്ടിരുന്നു. അവയെല്ലാം സ്വന്തം വിധിയെ, മരണത്തെ വേദനയോടെ ഏറ്റുവാങ്ങി. അങ്ങനെ ഒരിക്കല്‍ മുയലിന്‍റെ അവസരമെത്തി. മുയലും മറ്റാരെയും പോലെ ഭയപ്പെട്ടു, സങ്കടപ്പെട്ടു, തനിക്കു വന്നുചേര്‍ന്ന വിധിയില്‍ അവനും നിരാശനായി. പക്ഷെ ഒരു കാര്യത്തില്‍ അവന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു, ഒരു അവസാന ശ്രമമില്ലാതെ തന്‍റെ ജീവനെ കൈവിടാന്‍ അവന്‍ ഒരുക്കമായിരുന്നില്ല. ബുദ്ധിമാനായ മുയല്‍ സിംഹത്തിനു മുന്നിലെത്തി, കാട്ടില്‍ മറ്റൊരു സിംഹമെത്തിയെന്നും അവനാണ് നിങ്ങളെക്കാള്‍ ശക്തനെന്നും മുയൽ അവകാശപ്പെട്ടു. തന്‍റെ അഭിമാനത്തിനും കരുത്തിനും നേരെ വന്ന ചോദ്യം അഹങ്കാരിയായ ആ സിംഹത്തെ രോഷാകുലനാക്കി. ആ അഹങ്കാരത്തില്‍ അവന്‍റെ ബുദ്ധി അകന്നു. മുയല്‍ ചൂണ്ടിക്കാട്ടിയ കിണറ്റിലെ സ്വന്തം പ്രതിബിംബത്തെ എതിരാളിയായി അവന്‍ കരുതി. മറ്റൊന്നുമാലോചിക്കാതെ അഹങ്കാരത്തോടെ, ആക്രോശത്തോടെ, രക്തദാഹത്തോടെ മണ്ടനായ ആ സിംഹം എടുത്തു ചാടി, മരണത്തിലേക്ക്!

    അടുത്ത ആഴ്ച ധനുമാസത്തിലെ വൈശാഖനാളില്‍ തെച്ചിക്കാട്ടമ്മയുടെ ഉത്സവത്തിന് കൊടിയേറും. വ്യക്തിദുഃഖങ്ങള്‍ മറന്നു വലിയവീട്ടുകാര്‍ ഉത്സവം നടത്തും, മുന്നില്‍ ഞാനുമുണ്ടാകും!

 

ബുദ്ധിര്‍യസ്യ ബലം തസ്യ

നിര്‍ബുദ്ധേസ്തു കുതോ ബലം

വനേ സിംഹോ മദോന്മത്ത:

ശശകേന നിപാതിത:

(തുടരും.)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s