അവസാനത്തെ ദിവസം 7

അവസാനത്തെ ദിവസം

മൂന്നാമത്തെ കുപ്പിയും ശങ്കരന്‍ കാലിയാക്കി. ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. പ്രായം കോറിയിട്ട തെളിഞ്ഞ ഞരമ്പിന്‍ വരകളുള്ള കൈകള്‍ അയാള്‍ സാവധാനം അതിനെക്കാളേറെ പ്രായമുള്ള ഷാപ്പിലെ മേശമേല്‍ വച്ചു. പിന്നെ വലംകയ്യിലുണ്ടായിരുന്ന നാലായി മടക്കിയ കടലാസ്സ് നിവര്‍ത്തി വായിക്കാനാരംഭിച്ചു.

“ശങ്കരാ,

  പ്രായത്തിനു മുതിര്‍ന്നവരെ ഒരിക്കലും പേര് വിളിക്കുന്നത് ശരിയല്ല എന്നറിയാം. പക്ഷെ നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ഇതിലും സഭ്യമായ ഒരു മാര്‍ഗ്ഗം ഇപ്പോള്‍ എന്‍റെ മുന്നിലില്ല. നീ ഇപ്പോള്‍ അത്ഭുതപ്പെടുന്നുണ്ടാകും, ചോദ്യങ്ങള്‍ പലതും നിന്‍റെ ആ ദുഷിച്ച തലച്ചോറിനുള്ളിലൂടെ മൂളിയിട്ട് പറക്കുന്നുണ്ടാകും. അതേ ശങ്കരാ, ഇതെന്‍റെ ആത്മഹത്യാ കുറിപ്പല്ല. എന്‍റെ പൂര്‍വികരുടെ കൈപ്പടയോടൊപ്പം ചേര്‍ത്ത് വയ്ക്കാന്‍ നീ കൊതിച്ച ആ കുറിപ്പ്, പരാജയം സമ്മതിച്ച വലിയവീട്ടിലെ അവസാനത്തെ ആണ്‍തരിയുടെ കുറിപ്പ്, അതെഴുതാന്‍ എനിക്ക് മനസ്സില്ല. നീ പകയാണ്, അടിമുടി കത്തിജ്വലിക്കുന്ന ഒരു തീനാളം. ഞാന്‍ സ്നേഹിച്ച, എന്‍റെ ഗ്രാമം സ്നേഹിച്ച മൂന്ന് ജീവനുകള്‍ ആ പകയിലൊടുങ്ങി. മതിയായി, നിന്‍റെ പ്രതികാരം നിര്‍ത്താന്‍ സമയമായി.

    നിന്‍റെ കുടുംബത്തിനു സംഭവിച്ച ദുരന്തത്തില്‍ ഞാന്‍ ഖേദിക്കുന്നു. എന്‍റെ മുത്തശ്ശന്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. പക്ഷെ അതിന്‍റെ പേരില്‍ ഒരു കുടുംബത്തെ മുഴുവന്‍ നീ ശിക്ഷിച്ചു. വലിയവീട്ടിന്‍റെ ഒരു തലമുറയെ തന്നെ നീ ഇല്ലാതാക്കി. മതി ശങ്കരാ നിര്‍ത്ത്, നിന്‍റെ പ്രതികാരദാഹം തീര്‍ക്കാന്‍ വേണ്ടതിലധികം ചോര നിനക്ക് കിട്ടിയിരിക്കുന്നു. ഇപ്പോള്‍ നീ കൊല്ലുന്നത് പ്രതികാരത്തിനല്ല, അത് നിനക്കൊരു ലഹരിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ‘പ്രതികാരം’ എന്നത് നീ കണ്ടുപിടിച്ച ഒരു മുടന്തന്‍ ന്യായം മാത്രം. നിസ്സഹായനായി മരണത്തിലേക്ക് നടന്നടുക്കേണ്ടി വരുന്നവന്‍റെ വേദന അത് കണ്ടാസ്വദിക്കാനാണ് നീ ഇപ്പോള്‍ ഇത് ചെയ്യുന്നത്. മറ്റുള്ളവന്‍റെ വേദന കണ്ടു ലഹരികൊള്ളുന്ന ഒരു മനോരോഗിയായി നീ ഇപ്പോള്‍ മാറിക്കഴിഞ്ഞു.

    ഇന്ന് ഞാന്‍ മരിച്ചാലും നീ ഈ കുരുതി അവസാനിപ്പിക്കും എന്ന് ഞാന്‍ കരുതുന്നില്ല. രണ്ടു ഗുളിക കാട്ടി ‘സ്വയം ജീവനൊടുക്കും എന്ന് നീ പറയുമ്പോള്‍, ഞാന്‍ നിന്‍റെ കണ്ണുകളില്‍ കണ്ടത് ആവര്‍ത്തനമാണ്, നുണയാണ്. ഇതേ നുണ നീ എന്‍റെ ചിറ്റപ്പനോടും അച്ഛനോടും ആവര്‍ത്തിച്ചിട്ടുണ്ടാകണം. സ്വന്തം മരണം കാണുമ്പോള്‍ നീ എന്ന നരിയും ഒടുങ്ങുമെന്ന പ്രത്യാശയായിരുന്നു ജീവനകലുന്ന നിമിഷത്തിലും അവര്‍ കണ്ടെത്തിയ ഏക സമാധാനം. പക്ഷെ നിന്‍റെ വാക്ക് നീ പാലിച്ചില്ല. എന്നിട്ട് ഇപ്പോള്‍ എന്‍റെ മുന്നിലും നീ അതേ നാടകം ആവര്‍ത്തിക്കുന്നു. നാളെ ഞാന്‍ മരിച്ചാല്‍, എന്‍റെ അമ്മയെയോ അല്ലെങ്കില്‍ മറ്റു ബന്ധുക്കളെയോ നീ വെറുതെ വിടും എന്ന് ഞാന്‍ കരുതുന്നില്ല. കാരണം നിന്‍റെ ലഹരി ഒരിക്കലും ഒടുങ്ങില്ല. ഇനിയും ഇനിയും രക്തത്തിനായി നീ കൊതിക്കും.

    നീ തന്ന രണ്ടു ഗുളികകളില്‍ വലിയവീട് എന്ന പരമ്പര അവസാനിക്കും എന്ന് നീ കരുതിയെങ്കില്‍ നിനക്ക് തെറ്റി. നീണ്ട യാത്രയ്ക് ശേഷം ആ ഗുളികകള്‍ അത് എത്തേണ്ട സ്ഥലത്ത് തന്നെ എത്തിയിരിക്കുന്നു. നിന്‍റെ വയറ്റിനുള്ളില്‍! എന്‍റെ വേദന മുന്നില്‍ കണ്ടാസ്വദിച്ചു നീ മോന്തിയില്ലേ ഒരു കുപ്പി കള്ളു. അതേ ശങ്കരാ, ആ പാനീയം ഇന്ന് നിന്നെ വിശുദ്ധനാക്കും. നീ ചെയ്ത സകല പാപങ്ങളില്‍ നിന്നും നിനക്കുള്ള മുക്തി, ആ പനങ്കള്ളില്‍ നിന്നും നിനക്ക് കിട്ടും…”

 ശങ്കരന്‍ ഞെട്ടി, അയാളുടെ കയ്യിലിരുന്ന കടലാസ്സ് വിറകൊണ്ടു. തലയുയര്‍ത്തി അയാള്‍ നോക്കി. തൊട്ടുമുന്നില്‍ ഒരു പുഞ്ചിരിയോടെ ഭാര്‍ഗവന്‍! ചതി പറ്റി എന്ന തിരിച്ചറിവ് അയ്യാളെ കിടിലം കൊള്ളിച്ചു. അയാളുടെ തല സാവധാനം വീണ്ടും കത്തിലേക്ക് താണു.

  “ശങ്കരാ, ഈ നാടിനെ ഞങ്ങള്‍ക്ക് നേരെ തിരിക്കും എന്നായിരുന്നു നിന്‍റെ ഭീഷണി. ശരിയാണ് സത്യം അവരറിഞ്ഞാല്‍ അത് സംഭവിച്ചേക്കും. പക്ഷെ, അത് വരേയ്ക്കും, ആ സത്യം അവരറിയുന്നതു വരെ, ഈ നാടും നാട്ടുകാരും എന്‍റെ കൂടെയാണ്. നാട്ടുകാരെന്നു പറഞ്ഞാല്‍ അതില്‍ നിന്‍റെ തൊട്ടുമുന്നില്‍ നില്‍ക്കുന്ന ഭാര്‍ഗവേട്ടനും പെടും. നീ ഒന്ന് മറന്നു ശങ്കരാ നീ യുദ്ധം ചെയ്തത് വെറുമൊരു കാലാള്‍ പടയോടല്ല ഒരു രാജാവിനോടാണ്. ഒരു നാട് ഭരിക്കുന്ന രാജാവിനോട്. വലിയവീട്ടുകാര്‍ക്ക് വേണ്ടി ഈ ഗ്രാമം എന്തും ചെയ്യും. കാരണം അവരുടെ ആശ്രയവും, വിശ്വാസവും എല്ലാം ഞങ്ങളിലാണ്. എന്‍റെ വേദന കണ്ടു രസിക്കാന്‍ നാളുകള്‍ കൊണ്ട് നീ മെനഞ്ഞെടുത്ത പദ്ധതി, അത് പ്രകാരം രണ്ടു കടലാസ്സ് എന്‍റെ കയ്യിലേല്‍പ്പിക്കുമ്പോള്‍, അതിലൊന്ന് നിന്‍റെ മരണത്തിനുള്ള നിര്‍ദ്ദേശങ്ങളോടെ ഭാര്‍ഗവേട്ടന്‍റെ കയ്യിലെത്തുമെന്ന് നീ ഓര്‍ത്തില്ല, അല്ലേ?

   ലക്ഷ്യം തെറ്റിയ ഒരു അസ്ത്രമാണ് നീ എന്ന നരിയെ അവശേഷിപ്പിച്ചത്. നീ പറഞ്ഞത് ശരിയാണ് ശങ്കരാ, കൊല്ലുന്നത് നരിയെയാണെങ്കില്‍ കൂട്ടത്തോടെ കൊല്ലണം. ഒരെണ്ണത്തിനെ പോലും അവശേഷിപ്പിക്കാതെ കൂട്ടത്തോടെ കൊല്ലണം. വലയില്‍ നിന്ന്‍ രക്ഷപ്പെട്ട നീ എന്ന നരിയെ ഇന്ന് ഞാന്‍ അവസാനിപ്പിക്കുന്നു. എല്ലാവര്‍ക്കുമായി. എന്‍റെ മുത്തശ്ശന്‍ ഒരു ചീത്ത മനുഷ്യനാണ്. സ്വന്തം അഭിമാനത്തിനും കുടുംബത്തിനും വേണ്ടി മറ്റൊരു കുടുംബത്തെ ചുട്ടുകൊന്ന ചീത്ത മനുഷ്യന്‍. പക്ഷെ ശങ്കരാ, എന്തൊക്കെ പറഞ്ഞാലും ഞാന്‍ അദ്ദേഹത്തിന്‍റെ ചെറുമകന്‍ തന്നെയല്ലേ. അതേ രക്തം തന്നെയല്ലേ എന്‍റെ സിരകളിലും. ഇന്ന് സ്വന്തം അഭിമാനത്തിനും, കുടുംബത്തിനും വേണ്ടി വലയില്‍ നിന്ന് രക്ഷപ്പെട്ട നീ എന്ന വേട്ടമൃഗത്തെ, രാമകൃഷ്ണന്‍ നായരുടെ ചെറുമകനായ ഞാന്‍ അനന്തകൃഷ്ണന്‍ നായര്‍ അവസാനിപ്പിക്കുന്നു.

    നിന്‍റെ രഹസ്യം നീ ആരുടെയൊക്കെ മുന്‍പില്‍ പങ്കുവെച്ചു എന്നെനിക്കറിയില്ല. ഏകനും ഭ്രാന്തനുമായ നിന്‍റെ വാക്കുകള്‍ക്ക് ആരും ചെവി കൊടുക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി ഒരു പക്ഷെ അങ്ങനെ ഉണ്ടായാല്‍, മറ്റൊരു നരിക്കൂട്ടം ചോര മണത്തെത്തിയാല്‍, വലിയവീട്ടുകാര്‍ ഈ ഗ്രാമത്തോടൊപ്പം അതിനെ വേട്ടയാടും. ചുറ്റു നിന്നും വളഞ്ഞു മരണമെന്ന കെണിയിലേക് അവയെ ഓടിക്കും. നിന്നെപ്പോലെ അവരും ഒടുങ്ങും.

   ആത്മഹത്യ ചെയ്യാന്‍ ഉപയോഗിക്കും എന്ന് നീ വാഗ്ദാനം ചെയ്ത ആ രണ്ടു ഗുളികകള്‍ ഇപ്പോഴും നിന്‍റെ മടിശ്ശീലയില്‍ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നാളെ പോലീസ് ശവം പരിശോധിക്കുമ്പോള്‍ ഒരു തെളിവ് വേണമല്ലോ. മനോരോഗിയായ വൃദ്ധന്‍ ആത്മഹത്യ ചെയ്യാനുപയോഗിച്ച മാര്‍ഗ്ഗത്തെ പറ്റി അവര്‍ക്ക് സംശയമുണ്ടാകരുത്. പിന്നെ എനിക്ക് നീ തന്ന രണ്ടു ഗുളികകള്‍, ഇപ്പോള്‍ അവ നിന്‍റെ രക്തത്തിലൂടെ മരണത്തെ തിരഞ്ഞു നടക്കുന്നുണ്ടാകും. നിനക്ക് മരണഭയം തോന്നുന്നുണ്ടോ? അതോ ദേഷ്യമാണോ?. നിന്‍റെ ദേഷ്യം കയ്യിലിരിക്കുന്ന ഈ പേപ്പര്‍ കഷണത്തോട് കാണിക്കരുത്. ഭാര്‍ഗ്ഗവേട്ടന്‍റെ അടുക്കളയിലെ ഉപ്പും മുളകും മസാലയും ചേര്‍ത്ത താറാവിറച്ചി നിറച്ച പാത്രത്തിന് താപം പകരനാനുള്ളതാണ് ഈ കടലാസ്. നമ്മുടെ കൂടിക്കാഴ്ചകളുടെ അവസാനത്തെ തെളിവ്. അല്ലെങ്കിലും നമ്മുടെ കൂടിക്കാഴ്ചകള്‍ക്ക് സാക്ഷികള്‍ ഉണ്ടായിരുന്നില്ലല്ലോ അല്ലെ? വിജനമായ ഇടങ്ങളില്‍ കൃത്യമായ സമയത്ത് സംഘടിപ്പിച്ച കൂടിക്കാഴ്ചകള്‍. നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ പദ്ധതികള്‍ ദീര്‍ഘവീക്ഷണമുള്ളവയായിരുന്നു

   ശങ്കരാ ഇന്ന് നിന്‍റെ അവസാനത്തെ ദിവസമാണ്. മരിക്കുമ്പോള്‍ നീ നിശബ്ദനായി മരിക്കാന്‍ ശ്രമിക്കണം. എന്‍റെ നാട്ടുകാരെ വിഷമിപ്പിക്കാതെ മരിക്കുക. നിനക്കായി ഈ തൈക്കാട്ട് ഗ്രാമത്തില്‍ ആറടി മണ്ണ് ഞാന്‍ നീക്കിവച്ചിട്ടുണ്ട്

എന്ന്

നിന്‍റെ സ്വന്തം

അനന്തകൃഷ്ണന്‍ നായര്‍”

ശങ്കരന്‍റെ ശരീരമാകെ വിറകൊള്ളാന്‍ തുടങ്ങി. എല്ലാവരോടും സത്യം വിളിച്ചു പറയാന്‍ അയാള്‍ ആഗ്രഹിച്ചു. അയാള്‍ ചുറ്റും നോക്കി ഭാര്‍ഗവനല്ലാതെ മറ്റാരും ഇപ്പോള്‍ ഷാപ്പിലില്ല. ആ വൃദ്ധന്‍ എന്തോ പറയാന്‍ ശ്രമിച്ചു, പക്ഷെ അയാളുടെ ശരീരം പരാജയപ്പെട്ടു തുടങ്ങിയിരുന്നു. പുറത്തുവരാനാഗ്രഹിച്ച വാക്കുകള്‍ക്ക് മേല്‍ മരണം പടര്‍ന്ന് കയറുന്നത് അയാളറിഞ്ഞു. പതിയെ അയാളുടെ സിരകളിലൂടെ ആ വിഷം വ്യാപിച്ചുകൊണ്ടിരുന്നു. ആ വൃദ്ധജീവന് മേല്‍ അത് ചങ്ങലതീര്‍ത്തു. അയാളുടെ ബോധത്തെ അത് ചുറ്റിവരിഞ്ഞു.

തനിക്കു മുന്നില്‍ പിടഞ്ഞുമരിക്കുന്ന ആ വൃദ്ധനെ നിസ്സംഗതയോടെ ഭാര്‍ഗവന്‍ നോക്കി നിന്നു. നാളുകളായി കത്തിജ്വലിച്ചു കൊണ്ടിരുന്ന ആ തീനാളം അയാളുടെ വൃദ്ധനയനങ്ങളില്‍ നിന്ന് സാവധാനം അകലുന്നത് ഭാര്‍ഗവന്‍ കണ്ടു.

(അവസാനിച്ചു)

2 thoughts on “അവസാനത്തെ ദിവസം 7

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s