അവസാനത്തെ ദിവസം 5

മൂന്നാമത്തെ കൂടിക്കാഴ്ച

ഇന്നാണ് ആ ദിവസം. വൃദ്ധനുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ച്ചയുടെ ദിനം. ഒറ്റയടിപ്പാതയുടെ അവസാനം എന്നെയും കാത്തു നില്‍ക്കുന്ന പ്രതികാരദാഹിയായ ആ മനുഷ്യനെ എനിക്ക് കാണാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വന്തം കണ്‍മുന്നില്‍ കത്തിയമര്‍ന്ന കുടുംബം, അവരെ വിഴുങ്ങിയ ജ്വാല. ആ ജ്വാലയാണ് ഇപ്പോള്‍ അയാളുടെ കണ്ണുകളില്‍, മുന്നിലുള്ള എന്തിനെയും നശിപ്പിക്കാന്‍ പോന്ന ശക്തി അതിനുണ്ട്. വലിയവീട്ടിലെ മൂന്ന് ജീവനുകള്‍ ഇതിനകം തന്നെ ആ ജ്വാലയില്‍ വെന്ത് വെണ്ണീറായിരിക്കുന്നു. ആദ്യം മുത്തശ്ശന്‍ പിന്നെ ചിറ്റപ്പന്‍ ഇപ്പോള്‍ അച്ഛന്‍. ഞാന്‍ ഓര്‍ത്തു, എല്ലാം വെറും കളവുകളായിരുന്നു ചിറ്റപ്പന്‍റെ പ്രണയവും, അച്ഛന്‍റെ കടബാധ്യതയും എല്ലാം. മുത്തശ്ശന്‍റെ മരണത്തില്‍ ഇത്രനാളും സത്യത്തില്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. ഹൃദയസ്തംഭനമായിരുന്നു അദ്ദേഹത്തിന്‍റെ മരണകാരണം. ഒരു കാര്യം എല്ലാവര്‍ക്കും നിശ്ചയമായിരുന്നു മരണത്തിനോടടുത്തുള്ള ദിവസങ്ങളില്‍ അദ്ദേഹം കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നു. പിന്നെ ഒന്ന് കൂടി അറിയാം, മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് അദേഹത്തിന് ഒരു എഴുത്ത് ലഭിച്ചിരുന്നു. വിലാസങ്ങളില്ലാത്ത ഒരു പോസ്റ്റ്‌ കവര്‍! ആ വൃദ്ധഹൃദയത്തിനു ശങ്കരന്‍റെ ഭീഷണി താങ്ങാവുന്നതിലധികമായിരുന്നു. അതുകൊണ്ട് തന്നെ ഒരു കുടുക്കിന്‍റെയോ വിഷകുപ്പിയുടെയോ ആവശ്യമില്ലാതെ തന്നെ ആ ജീവന്‍റെ മിടിപ്പ് സ്വയം നിലച്ചു.

 

    വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന്, ഇന്ന് എന്‍റെ ഊഴമാണ്. ഇലകളുടെ വര്‍ഷം ഇപ്പോള്‍ നിലച്ചിരിക്കുന്നു. കാറ്റ് പോലും നിശ്ചലമാണ്. പ്രകൃതി ആകാംക്ഷാഭരിതനായ ഒരു കാണിയെപ്പോലെ നിശബ്ദമായി ആ കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയാണെന്ന് തോന്നും. അവസാനത്തെ കൂടിക്കാഴ്ച! ഓരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും, വൃദ്ധനോട്‌ അടുക്കുംതോറും എന്‍റെ തലയ്ക്കുള്ളില്‍ ആ മുഴക്കം കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു. വലിയവീട്ടിലെ അവസാനത്തെ ആണ്‍തരിയും ഇന്ന് ഇല്ലാതാകും. ഒരു ഗ്രാമത്തിന്‍റെ മുഖമുദ്രയായി നിന്ന കുടുംബം ഇന്ന് വേരോടെ പിഴുതെറിയപ്പെടും. അതുകഴിഞ്ഞാല്‍…അത് കഴിഞ്ഞാല്‍ പിന്നെ എന്ത്? മനസ്സിനുള്ളില്‍ ഒരു തിരശ്ശീലയിലെന്നപോലെ രണ്ടു നാരീമുഖങ്ങള്‍ മിന്നി മറഞ്ഞു. അമ്മയും മുത്തശ്ശിയും. എന്‍റെ മരണവാര്‍ത്ത അറിഞ്ഞുകഴിഞ്ഞാല്‍ എങ്ങനെയാണ് അവര്‍ പ്രതികരിക്കുക്ക? ഇനി ഒരു ദുരന്തം കൂടി അവര്‍ക്ക് താങ്ങാനാകും എന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തമാണ്. ഒരു പക്ഷെ ആ ഒരു വാര്‍ത്ത അറിയുന്നതോടെ രണ്ടു സ്ത്രീജീവനുകളും ഇല്ലാതായേക്കും.

ഒരു ഒറ്റയടിപ്പാതയ്ക്ക് എത്ര നാള്‍ വിധിയെ അകറ്റിനിര്‍ത്താനാകും. ഞാന്‍ ശങ്കരന്‍ എന്ന ആ വൃദ്ധനു സമീപം എത്തിച്ചേര്‍ന്നിരിക്കുന്നു. കൈമടക്കില്‍ നിന്ന് മറ്റൊരു ബീഡിയെടുത്ത് അയാള്‍ ആ നരച്ച രോമങ്ങള്‍ക്ക് കീഴിലൊളിച്ച ചുണ്ടുകള്‍ക്കിടയിലേക്ക് കുത്തിത്തിരുകി. പിന്നെ യാതൊന്നും സംസാരിക്കാതെ നടക്കാനാരംഭിച്ചു. ‘എന്നെ പിന്തുടരുക’ അതാണ്‌ ആ മൌനത്തിന്‍റെ അര്‍ത്ഥം. വെറും രണ്ടു കൂടിക്കാഴ്ചകള്‍ കൊണ്ട് തന്നെ വൃദ്ധന്‍റെ രീതികള്‍ എന്‍റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. കൂനിക്കൂടി നടക്കുന്ന ആ രൂപത്തിന് തൊട്ടു പുറകിലായി ഞാനും കൂടി. പാതയുടെ അവസാനത്ത് നിന്നും അയാള്‍ വലത്തേക്കാണ് തിരിഞ്ഞത്. ക്ഷേത്രത്തിലേക്കോ തോട്ടുവരമ്പിലേക്കോ അല്ലെന്നര്‍ത്ഥം. ആദ്യത്തെ രണ്ടു കൂടിക്കാഴ്ചയും ഇപ്പറഞ്ഞ സ്ഥലങ്ങളിലായിരുന്നല്ലോ.

    ഒരല്‍പം മുന്നോട്ട് പോയ ശേഷം വൃദ്ധന്‍ പ്രധാനപാതയില്‍ നിന്ന് വീണ്ടും വലത്തേക്ക് തിരിഞ്ഞു. ഇത് ഒരു ചെറിയ ഊടുവഴിയാണ്, തെങ്ങിന്‍തോപ്പുകള്‍ക്കിടയിലൂടെയുള്ള ഒരു ചെറിയ ഊടുവഴി. വളഞ്ഞുപുളഞ്ഞാണെങ്കില്‍ കൂടി പ്രധാന പാതയ്ക്ക് സമാന്തരമായാണ്‌ ഈ വഴിയും. പറമ്പിനോട് ചേര്‍ന്നുള്ള പുറമ്പോക്കില്‍ താമസമാക്കിയ ചില വീട്ടുകാരും, പിന്നെ സ്കൂളിലേക്ക് യാത്രചെയ്യുന്ന കുട്ടികളും മാത്രമേ സാധാരണ ഈ വഴി ഉപയോഗിക്കാറുള്ളൂ. പ്രധാനപാതയിലേക്ക് തന്നെയാണ് വഴി ചെന്നെത്തുന്നത് എന്നത് തന്നെയാണ് കാരണം. ഒരു കുറുക്കുവഴിയായോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലക്ഷ്യത്തിലേക്കോ ആയി വഴി ഉപയോഗിക്കാന്‍ പറ്റില്ല. പിന്നെ ആകെക്കൂടി ഇത് ഉപകാരപ്പെടുന്നത് ജോസേട്ടന്‍റെ നേതൃത്വത്തിലുള്ള വെള്ളമടി സംഘത്തിനാണ്. എല്ലാവരില്‍ നിന്നുമൊഴിഞ്ഞു രഹസ്യമായി സംഘം ചേര്‍ന്നിരുന്നു വെള്ളമടിക്കാന്‍ ഇന്നാട്ടിലെ ചെറുപ്പക്കാര്‍ കണ്ടുപിടിച്ച സ്ഥലമാണ് ദിവാകരേട്ടന്‍റെ ഈ തെങ്ങിന്‍തോപ്പ്. എന്നാല്‍ ഈ സമയത്ത് ഇവിടം ശൂന്യമായിരിക്കും. ഒരു പക്ഷെ അത് തന്നെയായിരിക്കും വൃദ്ധന്‍ യാത്രയ്ക്ക് ഈ വഴി തിരഞ്ഞെടുക്കാനും കാരണം. വിജനമായ സ്ഥലങ്ങളിലാണ് വൃദ്ധനുമായുള്ള എല്ലാ സംഭാഷണങ്ങളും ഉടലെടുത്തത് എന്ന് ഞാനോര്‍ത്തു. ഗ്രാമത്തിന്‍റെ ഓരോ മുക്കും മൂലയും അയാള്‍ക്ക് സുപരിചിതമാണ്. ആല്‍ത്തറയിലും തോട്ടുവരമ്പിലും എപ്പോഴാണ് ആള്‍ കുറയുന്നതെന്നു കൃത്യമായി വൃദ്ധനറിയാം. കശുവണ്ടിഫാക്ടറിയിലേക്ക് ധൃതിപ്പെട്ടു കുതിക്കുന്ന വീട്ടമ്മമാര്‍ ഇപ്പോള്‍ പ്രധാനപാത ഉപയോഗിക്കുന്ന സമയമാണ്. അതുതന്നെയാകണം ഈ ‘വഴിത്തിരിവിനും’ കാരണം.

    നിശബ്ദനായി വൃദ്ധന്‍റെ കാലടികളെ പിന്തുടരുമ്പോള്‍ ഞാനോര്‍ത്തു. ഒരിക്കല്‍ അച്ഛനും ചിറ്റപ്പനും ഇതുപോലെ വൃദ്ധനെ അനുഗമിച്ചിട്ടുണ്ടാകണം. വലിയവീട്ടിന്‍റെ ഭാവിയെ പറ്റിയോര്‍ത്ത് അവരും തന്നെപ്പോലെ ആധികൊണ്ടിരിക്കണം. രഹസ്യം പുറത്തുപറയരുതെങ്കില്‍ ആത്മഹത്യ ചെയ്യണമെന്നു വൃദ്ധന്‍  ആവശ്യപ്പെട്ടിട്ടുണ്ടാകും. അവസാനം കുടുംബത്തിനു വേണ്ടി, അഭിമാനത്തിനു വേണ്ടി മറ്റു വഴികളില്ലാതെ നുണകള്‍ നിറച്ചുവെച്ച ഒരു കത്ത് മാത്രം ബാക്കി വെച്ച് അവര്‍ മരണത്തിനു കീഴടങ്ങി. അവരെ പറ്റി ഓര്‍ത്തപ്പോള്‍ മനസ്സില്‍ ദേഷ്യം തികട്ടിവന്നു. ഒരാള്‍ ചെയ്ത തെറ്റിന് ഒരു കുടുംബത്തെ മുഴുവന്‍ ഇങ്ങനെ ശിക്ഷിക്കുന്നത് ശരിയാണോ? അതും ശിക്ഷയില്‍ ഏറ്റവും വലുത്, വധശിക്ഷ തന്നെ. അച്ഛനും ചിറ്റപ്പനും ഈ മരണം അര്‍ഹിച്ചിരുന്നോ? ഇല്ല, എനിക്ക് മുന്നില്‍ സ്വയം വിധികര്‍ത്താവും ആരാച്ചാരുമായി അവരോധിച്ച് ശങ്കരന്‍ എന്ന ഈ പ്രതികാരദാഹി എന്‍റെ നേരെ നീട്ടുന്ന തൂക്ക് കയര്‍ ഞാന്‍ അര്‍ഹിക്കുന്നതാണോ? അല്ല, ഒരിക്കലുമല്ല. ഞങ്ങളാരും ഇത് അര്‍ഹിക്കുന്നില്ല. അതിനുള്ള തെറ്റ് ഞങ്ങള്‍ ചെയ്തിട്ടില്ല. വൃദ്ധനെ കൊന്നു കളഞ്ഞാലെന്തെന്ന ഒരു ചിന്ത മനസ്സില്‍ ഉടലെടുത്തു. അതോടുകൂടി സകലതും അവസാനിക്കുമെങ്കില്‍…മുന്നിലെ രൂപത്തെ അടിമുടി ഞാന്‍ ഒന്നുകൂടി നോക്കി. കാഴ്ചയില്‍ പ്രായത്തിന്‍റെ ക്ലേശങ്ങളൊന്നുമില്ലാത്ത ശരീരം. പക്ഷെ വാര്‍ധക്യം വാര്‍ധക്യം തന്നെയാണ്. നിഷ്പ്രയാസം എനിക്ക് ഈ വൃദ്ധനെ കീഴ്പ്പെടുത്താം, ആരുമറിയാതെ ഇവനെ വധിച്ചു പൊന്തക്കാട്ടിലെക്കോ പുഴയിലെക്കോ തള്ളാം. വലിയവീട്ടിന്‍റെ സമ്പത്തും പേരും ഉപയോഗിച്ച് ഒരു പക്ഷെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞേക്കും. പക്ഷെ ആ രഹസ്യത്തില്‍ നിന്ന് രക്ഷപ്പെടാനാകുമോ? വൃദ്ധന്‍ മറ്റാരോടും അമ്മക്കല്ലിന്‍റെ രഹസ്യം പറഞ്ഞിട്ടില്ല എന്ന് ഒരുറപ്പുമില്ല. ഇത്രയും വലിയ ഒരു രഹസ്യം കയ്യില്‍ സൂക്ഷിച്ചിട്ടു, ദുര്‍ബലനായ ഇയാള്‍ സ്വയം ഇങ്ങനെ വലിയവീട്ടുകാരുടെ മുന്നില്‍ അവതരിക്കുമോ? അത്രയ്ക്ക് വിഡ്ഢിയാണോ അയാള്‍. കാലുകളെക്കാലും വേഗത്തില്‍ ചിന്തകള്‍ സഞ്ചരിച്ചു.

    പ്രധാന പാതയിലേക്ക് കയറിയ ശേഷം വൃദ്ധന്‍ സഞ്ചരിച്ചത് ഷാപ്പിലേക്കാണ്, കള്ളുഷാപ്പിലേക്ക്. തെച്ചിക്കാട്ട് ഗ്രാമത്തിലെ പുരുഷപ്രജകളുടെ ഒരു പ്രധാന സംഗമ വേദിയാണ് ഈ കള്ളുഷാപ്പ്. മദ്യത്തിന്‍റെ രുചി അറിഞ്ഞിട്ടില്ലാത്തതിനാല്‍ മുന്നോട്ടേക്ക് പോകാന്‍ ഞാനൊന്ന് അറച്ചു. പെട്ടെന്നൊരു ദിവസം വലിയവീട്ടിലെ ആണ്‍തരിയെ ഷാപ്പില്‍ വച്ചു കണ്ടാല്‍ നാട്ടുകാര്‍ എന്താണ് കരുതുക? അച്ഛനും മുത്തശ്ശനുമൊക്കെ ഷാപ്പിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. എന്നിരുന്നാലും ഈ അവസ്ഥയില്‍ തന്നെ ഇവടെ കാണുന്നത് ശരിയല്ല. ഷാപ്പിലേക്ക് തിരിയുന്ന വഴിയില്‍ വൃദ്ധന്‍ ഒന്ന് നിന്നു, അയാള്‍ ബീഡി വലിച്ചെറിഞ്ഞു.

  “വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഷാപ്പിലാണ് എല്ലാം തുടങ്ങിയത്. നിന്‍റെ മുത്തശ്ശന്‍ എന്‍റെ അച്ഛനെ കള്ളും മാംസവും കൊടുത്ത് സത്കരിച്ചത് ഇവിടെ വച്ചാണ്. മനസ്സിലായില്ലേ, തീ കൊളുത്തും മുന്‍പുള്ള സത്കാരം”

അയാള്‍ ദേഷ്യത്തോടെ പല്ലിറുമ്മി പിന്നെ വീണ്ടും തുടര്‍ന്നു.

“എല്ലാം അവസാനിക്കുന്നതും ഇവിടെ വച്ച് തന്നെ ആയിക്കോട്ടെ. ഇത് നമ്മുടെ അവസാനത്തെ കൂടിക്കാഴ്ചയാണ്. ഈ ഷാപ്പില്‍ നിന്നിറങ്ങിയാല്‍ പിന്നെയൊരിക്കലും നമ്മള്‍ തമ്മില്‍ കാണില്ല. മദ്യപാനം നിന്‍റെ ശീലമാണോ എന്നെനിക്കറിയില്ല. പക്ഷെ ഒന്നെനിക്കറിയാം, ഇന്ന് നീ മദ്യപിക്കും. ജീവിതം മടുത്തവനെപ്പോലെ കള്ളുകുപ്പികള്‍ നീ കാലിയാക്കും. വിഷമവും നിരാശയും സഹിക്കാനാകാതെ ഷാപ്പിലിരുന്നു പൊട്ടിക്കരയും. നിന്‍റെ അവസ്ഥ കണ്ടു മറ്റുള്ളവര്‍ സഹതപിക്കണം. അരുതാത്തതെന്തെങ്കിലും നീ ചെയ്തു കളയുമോ എന്ന് അവര്‍ ഭയപ്പെടണം. നാളെ നിന്‍റെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ അവര്‍ ഇന്നത്തെ ദിവസം ഓര്‍ത്തെടുക്കണം. അച്ഛന്‍റെ മരണം താങ്ങാനാകാതെ, കുടുംബത്തിന്‍റെ ഭാരം ഏറ്റെടുക്കാനുള്ള ശേഷിയില്ലാതെ നീ ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാര്‍ തമ്മില്‍ പറയണം. വളരെ സ്വാഭാവികമായ ഒരു ആത്മഹത്യ! ഇതൊക്കെ നീ ചെയ്യും, അങ്ങനെയല്ലേ?”

വൃദ്ധന്‍ എന്നെ നോക്കി ക്രൂരമായി പുഞ്ചിരിച്ചു

“തീര്‍ച്ചയായും നീ ചെയ്യും. മറ്റെന്തു വഴിയാണ് നിനക്ക് മുന്നിലുള്ളത്” അയാള്‍ പൊട്ടിച്ചിരിച്ചു

“എല്ലാത്തിനും സാക്ഷിയായി ഷാപ്പിന്‍റെ ഒരു മൂലയില്‍ ഒരു അപരിചിതനായി ഞാനും ഉണ്ടാകും. അതേ ഇന്നാട്ടുകാര്‍ക്ക് മുന്നില്‍ നമ്മള്‍ അപരിചിതരാണ്. വര്‍ഷങ്ങള്‍ മുന്‍പ് നീതി കിട്ടാതെ നാട് വിട്ട എന്നെ എന്നേ ഈ നന്ദികെട്ടവര്‍ മറന്നിരിക്കുന്നു. അവര്‍ക്ക് മുന്നില്‍ ഞാന്‍ ഒരു വരത്തന്‍ കിളവനാണ്. കള്ളിന്‍റെ ലഹരി തേടി വന്ന ഏതോ ഒരു കിളവന്‍. നീയോ, ഇന്നാട്ടിന്‍റെ കിരീടമില്ലാത്ത രാജകുമാരന്‍. അപ്പൊ നമ്മള്‍ രണ്ടും ഒരു സാദൃശവുമില്ലാത്ത, യാതൊരു ബന്ധവുമില്ലാത്ത രണ്ടു പേര്‍. അത് അങ്ങനെ തന്നെ നില്‍ക്കട്ടെ. ഒരു സംശയത്തിന് ഇടവരുത്താതിരിക്കുന്നതാണ് നമുക്ക് രണ്ടു പേര്‍ക്കും നല്ലത്. ആ, പിന്നെയുള്ളത് ആത്മഹത്യാക്കുറിപ്പ്”

വൃദ്ധന്‍ പെട്ടെന്ന് ഷര്‍ട്ടുയര്‍ത്തി അരയില്‍ തിരുകിയിരുന്ന മാസിക പുറത്തെടുത്തു. അത് അയാള്‍ എനിക്ക് നേരെ നീട്ടി, കൂടെ ഒരു പേനയും.

“കുറിപ്പും ഇവിടെ ഷാപ്പില്‍ വച്ച് തന്നെ വേണം. ഇതിനുള്ളില്‍ രണ്ടു കടലാസ്സുകളുണ്ട്. അതില്‍ ഒന്നില്‍ നീ നിന്‍റെ ആത്മഹത്യാകുറിപ്പ് എഴുതി സൂക്ഷിക്കുക. എന്നിട്ട് മരിക്കാന്‍ നേരം…”

അയാള്‍ ഒന്ന് നിര്‍ത്തിയിട്ട് എനിക്ക് നേരെ നോക്കി, അയാളുടെ കണ്ണുകള്‍ തിളങ്ങി. ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ആ പുഞ്ചിരി വീണ്ടും അയാളുടെ ചുണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. മറ്റൊരുവന്‍റെ മരണവേദന ആസ്വദിക്കുന്ന ഒരു മനോരോഗിയെയാണ് ഞാന്‍ എനിക്ക് മുന്നില്‍ കണ്ടത്.

“മരിക്കാന്‍ നേരം അത് മുറിയില്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ വയ്ക്കുക. രണ്ടാമത്തെ കടലാസ്സില്‍ നീ ആദ്യമെഴുതിയ കുറിപ്പ് ആവര്‍ത്തിക്കണം. ആ കടലാസ് എനിക്കാണ്. അതാണ്‌ എന്‍റെ വിജയം, നിന്‍റെ പൂര്‍വ്വികരുടെ എഴുത്തിനോടൊപ്പം നിന്‍റെതും ഞാന്‍ പിന്‍ ചെയ്ത് സൂക്ഷിക്കും. എന്‍റെ അച്ഛന് വേണ്ടി”

പൂര്‍വികരുടെ എഴുത്ത്! അപ്പോള്‍ അച്ഛനെ കൊണ്ടും ചിറ്റപ്പനെ കൊണ്ടുമെല്ലാം അയാള്‍ രണ്ടു പ്രാവശ്യം എഴുത്ത് എഴുതിച്ചു എന്ന് സാരം. എന്നിട്ട് നാണയവും സ്റ്റാമ്പും ശേഖരിക്കുന്ന ലാഘവത്തോടെ അവ സൂക്ഷിച്ചുവയ്ക്കുന്നു, ആത്മഹത്യാക്കുറിപ്പുകള്‍, വലിയവീട്ടുകാരുടെ ആത്മഹത്യാകുറിപ്പുകള്‍. ഭ്രാന്തനാണിയ്യാള്‍, തനി ഭ്രാന്തന്‍.

“അനന്തു”

ആദ്യമായി അയാള്‍ എന്നെ പേര് വിളിച്ചു!

“ഇന്ന് നിന്‍റെ അവസാന ദിവസമാണ്. പക്ഷെ നീ ദുഖിക്കേണ്ടതില്ല. നീ മരിക്കുന്നത് നിന്‍റെ കുടുംബത്തിനു വേണ്ടിയാണ്. നിന്‍റെ മുത്തശ്ശന്‍ ചെയ്തു കൂട്ടിയതിന്‍റെ പ്രായശ്ചിത്തം. നിന്‍റെ മരണത്തോടെ എന്‍റെ പ്രതികാരം അവസാനിക്കുകയായി. നീ കുട്ടിയാണ് അത് എനിക്കറിയാം. നിന്‍റെ അച്ഛനും ചിറ്റപ്പനും നല്‍കിയത് പോലെ ജീവിക്കാന്‍ കുറച്ചു സമയം ഞാന്‍ നിനക്കും നല്‍കേണ്ടതായിരുന്നു. പക്ഷെ കഴിഞ്ഞില്ല”

അയാള്‍ ശക്തമായി ചുമച്ചു

“കണ്ടില്ലേ കാഴ്ചയിലെ ആരോഗ്യം ഉള്ളിലില്ല. മരണത്തിനു മുന്‍പ് എന്‍റെ പ്രതികാരം എനിക്ക് പൂര്‍ത്തിയാക്കണം. ഇന്നത്തോടെ അത് പൂര്‍ത്തിയാകും. പിന്നെ ഞാനും സന്തോഷത്തോടെ മരിക്കും”

“ഞാന്‍ ഈ പറഞ്ഞ പദ്ധതിയില്‍ നിന്ന് നീ അണുവിട മാറിയാല്‍ എന്താ സംഭവിക്കുക എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. എല്ലാവരും എല്ലാ സത്യവും അറിയും. നിന്നെയും നിന്‍റെ കുടുംബത്തെയും നാട്ടുകാര്‍ കല്ലെറിഞ്ഞു കൊല്ലും..പക്ഷെ ഇന്ന് നീ മരിച്ചാല്‍ ഈ രഹസ്യവും എന്നെന്നേക്കുമായി എന്നിലൂടെ ഇല്ലാതാകും. ഒരിക്കലും ആരും അമ്മക്കല്ല് പരിശോധിക്കില്ല. നിന്‍റെ മുത്തശ്ശന്‍ വിചാരിച്ചത് പോലെ അമ്മക്കല്ല് വെറുമൊരു മുത്തശ്ശികഥയായി, ഒരു അന്ധവിശ്വാസമായി വരും തലമുറ കരുതിക്കോളും. നിന്‍റെ കുടുംബത്തിന്‍റെ വിധി നിന്‍റെ കൈകളിലാണ് അനന്തു. അത് ഇന്ന് നീയെടുക്കുന്ന തീരുമാനമാണ്”

“ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം”

അയാള്‍ മടിശീലയില്‍ നിന്ന് ഒരു പൊതി പുറത്തെടുത്തു. അത് സാവധാനം തുറന്നു. അതിനുള്ളില്‍ ചുവന്ന നിറമുള്ള നാല് ഗുളികകള്‍! അയാള്‍ അതില്‍ നിന്ന് രണ്ടെണ്ണം പുറത്തെടുത്തു എനിക്ക് നേരെ നീട്ടി

“ഒരാളുടെ ജീവനെടുക്കാന്‍ രണ്ടെണ്ണം തന്നെ ധാരാളം. ഇന്ന് അര്‍ദ്ധരാത്രി എല്ലാവരും ഉറങ്ങിയ ശേഷം. ഇത് കഴിക്കുക. നിശബ്ദനായി മരിക്കാന്‍ ശ്രമിക്കുക. മരണവെപ്രാളത്തില്‍ നീ ഓര്‍ക്കേണ്ടത് നിന്‍റെ കുടുംബത്തെ പറ്റിയാണ്. നീ മരിക്കേണ്ടവനാണ്, നിന്‍റെ കുടുംബത്തിനു വേണ്ടി. പിന്നെ, ബാക്കി വന്ന ഈ രണ്ടു ഗുളികകള്‍ നീ കണ്ടില്ലേ. ഇത് എനിക്കുള്ളതാണ്, നിന്‍റെ മരണവാര്‍ത്ത അറിയുന്നതോടെ, നിന്‍റെ ശവം നേരിട്ട് കാണുന്ന നിമിഷം ഞാനും ഈ മരണത്തെ ഭക്ഷിക്കും. അതോടെ എന്‍റെ പ്രതികാരത്തിനൊപ്പം വലിയവീട്ടിന്‍റെ രഹസ്യവും മണ്ണടിയും”

അയാള്‍ ബലമായി എന്‍റെ കയ്യില്‍ പിടിച്ചു. പിന്നെ ആ രണ്ടു ഗുളികകള്‍ എന്‍റെ കൈക്കുള്ളിലേക്ക് വച്ചു തന്നു. എന്നിട്ട് ചേതനയറ്റവനെപ്പോലെ നിന്നിരുന്ന എന്നെ നോക്കി വീണ്ടും പറഞ്ഞു തുടങ്ങി.

“അപ്പൊ പദ്ധതിപ്രകാരം ഞാന്‍ ആദ്യം ഷാപ്പിനുള്ളിലേക്ക് കയറുകയാണ്. ഒരു പത്ത് മിനിറ്റ് സമയം നിനക്ക് മുന്നിലുണ്ട്. അത് നിനക്ക് തീരുമാനമെടുക്കാനുള്ളതാണ്. സ്വയം ജീവനൊടുക്കണമോ അതോ നാട്ടുകാരുടെ മുന്നില്‍ സ്വന്തം കുടുംബം അപമാനിതരാകുന്നത് കണ്ട് നീറിയൊടുങ്ങണമോ?”

വൃദ്ധന്‍ എന്‍റെ തോളില്‍ ഒന്ന് തട്ടി

“നിന്‍റെ തീരുമാനം എന്താകുമെന്നു എനിക്ക് നന്നായറിയാം. നിന്നെയും കാത്ത് ഞാന്‍ ഉള്ളിലുണ്ടാകും. മറക്കണ്ട അവര്‍ക്ക് മുന്നില്‍ നമ്മള്‍ തികച്ചും അപരിചിതരാണ്. ഞാന്‍ എങ്ങുനിന്നോ വന്ന ഒരു മറുനാട്ടുകാരനും. നീ ജീവിതം മടുത്ത ഇന്നാട്ടിന്‍റെ രാജകുമാരനും”

തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് ഒരു നോട്ടമെറിഞ്ഞിട്ടു വൃദ്ധന്‍ എന്നില്‍ നിന്നും നടന്നകന്നു. ഞാന്‍ എന്‍റെ കയ്യിലിരുന്ന ആ ഗുളികകളിലേക്ക് നോക്കി. അതിലൊന്ന് തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയില്‍ വച്ചു ഞാന്‍ ഉയര്‍ത്തി പിടിച്ചു. എന്‍റെ വിരലുകല്‍ക്കിടയിലുള്ള ഈ ചുവന്ന വര്‍ത്തുള വസ്തു, ഇതിനെ കീഴടക്കാനാണ് മനുഷ്യര്‍ പെടാപ്പാട് പെടുന്നത്. എത്ര പരിശ്രമിച്ചാലും തിരുത്തിയെഴുതാന്‍ കഴിയാത്ത ഒന്ന്, എത്ര മായ്ച്ചാലും മായാത്ത ഒന്ന്, ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത ഭാവിയുടെ പ്രഹേളിക, ഇതാണ് ‘വിധി’.

(തുടരും.)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s