അവസാനത്തെ ദിവസം 4

പ്രതികാരത്തിന്‍റെ കഥ

വൃദ്ധന്‍ കഥ പറഞ്ഞു തുടങ്ങി.

    “വലിയവീട്ടുകാര്‍, തെച്ചിക്കാട്ടമ്മ സ്വന്തം സേവകരായി തിരഞ്ഞെടുത്ത അനുഗൃഹീത പരമ്പര. എന്നും നാടിനു വേണ്ടി നിലനിന്നിരുന്ന കൃഷ്ണന്‍ നായരുടെ പിന്‍തലമുറ. തെച്ചിക്കാട് ഗ്രാമത്തിലെ ഏതെങ്കിലുമൊരു കുടുംബം ദേവിയുടെ ഈ അനുഗ്രഹം അര്‍ഹിച്ചിരുന്നുവെങ്കില്‍ അത് കൃഷ്ണന്‍നായരുടെ കുടുംബം തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് വെറുമൊരു സാധാരണ നായര്‍ കുടുംബത്തില്‍ നിന്ന് ഒറ്റ ദിനം കൊണ്ട് രാജകീയപദവിയിലേക്ക് വലിയവീട്ടുകാര്‍ ഉയര്‍ന്നിട്ടും നാട്ടില്‍ ഒരാളും നെറ്റി ചുളിക്കാതിരുന്നത്. എല്ലാവരുടെയും മനസ്സില്‍ വലിയവീട്ടുകാര്‍ അത് അര്‍ഹിച്ചിരുന്നു.

    തങ്ങള്‍ക്ക് ലഭിച്ച പദവിയും അതേ ആദരവോടെയും കര്‍ത്തവ്യബോധത്തോടെയും തന്നെ ആ കുടുംബം ഏറ്റെടുത്തു. നാടിന്‍റെ സമൃദ്ധിയാണ് തങ്ങളുടെ കര്‍മ്മം എന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. എന്നും സ്വന്തം വ്യക്തിതാത്പര്യങ്ങള്‍ക്ക് മുന്നേ അവര്‍ സ്വന്തം നാടിനെയും നാട്ടുകാരെയും കണ്ടു. രോഗികള്‍ക്ക് ചികിത്സയ്ക്കും, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും, തൊഴില്‍രഹിതര്‍ക്ക് ജോലിയ്ക്കും വലിയവീട്ടുകാര്‍ ഏര്‍പ്പാട് ചെയ്തു. സമയത്തിന്‍റെ ചിന്ത കൂടാതെ ആര്‍ക്കും ആ വീട്ടിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഒരാള്‍ പോലും ഗ്രാമത്തില്‍ വിശന്നിരിക്കരുതെന്നു അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഏത് പാതിരാവിലും വിശന്നെത്തുന്നവര്‍ക്ക് വലിയവീട്ടില്‍ ഭക്ഷണമുണ്ടാകും. അതുപോലെ പരാതി ബോധിപ്പിക്കേണ്ടവര്‍ക്ക് എപ്പോഴും വലിയവീട്ടുകാരുടെ കാതുകള്‍ ഒഴിവുണ്ടാകും. ഒരു പ്രശ്നവുമായി വീട്ടിലെക്കെത്തുന്നവരെ പരിഹാരം കാണാതെ അവര്‍ ഒരിക്കലും മടക്കിയയച്ചിരുന്നില്ല. ഗ്രാമത്തിന്‍റെ നന്മയ്ക്ക് വേണ്ടി തെച്ചിക്കാട്ടമ്മ സുഷ്ടിച്ചതാണ് വലിയവീട്ടുകാരെ എന്നുപോലും ശ്രുതിയുണ്ടായി. പക്ഷെ ഒരു കുടുംബത്തിലെ എല്ലാവരും എല്ലായ്പ്പോഴും ഒരുപോലെയായിരിക്കണമെന്നില്ലല്ലോ. ദേവന്മാര്‍ക്കിടയില്‍ പോലും ഒരു ശനി എപ്പോഴുമുണ്ടാകും. വലിയവീട്ടിലും ഒരു ശനി ജനിച്ചു, കൃഷ്ണന്‍ നായരുടെ ചെറുമകന്‍ രാമകൃഷ്ണന്‍.

    രക്തം കൊണ്ട് വലിയവീട്ടുകാരനാണെങ്കിലും സ്വഭാവം കൊണ്ട് രാമകൃഷ്ണന്‍ വിഭിന്നനായിരുന്നു. സുഖലോലുപനായി ധനികനായി കഴിയാനായിരുന്നു രാമകൃഷ്ണന് താത്പര്യം. തന്‍റെ അച്ഛനെയോ മുത്തശ്ശനെയോ പോലെ മറ്റുള്ളവര്‍ക്ക് വേണ്ടി സമയം കളയാന്‍ അവന്‍ താത്പര്യപ്പെട്ടില്ല. പാരമ്പര്യമായി കിട്ടിയ ആദരവും സ്വാതന്ത്ര്യവും അവന്‍ ആവോളം ആസ്വദിച്ചു. ജനക്ഷേമമോ, ഗ്രാമത്തിന്‍റെ ഉന്നമനമോ അവന്‍റെ മനസ്സിന്‍റെ കോണില്‍ പോലും ഉണ്ടായിരുന്നില്ല, പകരം അവന്‍റെ മനം മുഴുവന്‍ നാണയതുട്ടുകളായിരുന്നു. പണം കൊണ്ട് എന്തും വാങ്ങാം എന്ന ഉറച്ച വിശ്വാസം അയാള്‍ക്കുണ്ടായിരുന്നു. ആവോളമുണ്ടായിട്ടും സ്വന്തം താത്പര്യത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത വലിയവീട്ടിന്‍റെ സമ്പത്തിനെ അവന്‍ വെറുത്തു. വലിയവീട്ടിലെ അറയില്‍ നിന്നെടുക്കുന്ന ഓരോ നെന്മണിക്കും, ഓരോ തുട്ട് നാണയത്തിനും കണക്ക് വേണമായിരുന്നു. ഗ്രാമത്തിനെ ബോധിപ്പിക്കേണ്ട കണക്ക്. രാമകൃഷ്ണന് വേണ്ടത് അതായിരുന്നില്ല, തന്നിഷ്ടം പോലെ അനുഭവിക്കാന്‍ പാകത്തില്‍ പണം. മറ്റാരോടും കണക്ക് പറയേണ്ടാത്ത രീതിയില്‍, തനിക്ക് മാത്രമായി ഒരു നിധി. അവസാനം അയാള്‍ ആ നിധി കണ്ടെത്തി”

        വൃദ്ധന്‍ സുദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. എന്‍റെ കുടുംബത്തെ പറ്റി ഇത്രയും വിശദമായി ഇയാള്‍ക്ക് എങ്ങനെ പറയാന്‍ കഴിയുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. വൃദ്ധന്‍ വീണ്ടും പറഞ്ഞു തുടങ്ങി.

    “ക്ഷേത്രത്തിലെ തിളങ്ങുന്ന ദേവി വിഗ്രഹം കണ്ട നാള്‍ മുതല്‍ രാമകൃഷ്ണന് തീര്‍ച്ചയായിരുന്നു. അതൊരു സാധാരണ കല്ലല്ല എന്നത്. കടും നീലനിറത്തില്‍ വെട്ടിത്തിളങ്ങുന്ന ആ കല്ലില്‍ രാമകൃഷ്ണന്‍ കണ്ടത് ദേവിയെയല്ല പണത്തെയാണ്! തന്‍റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരം അവന്‍ ആ അമ്പലത്തിനുള്ളില്‍ പുഷ്പങ്ങളിലും ഭസ്മത്തിലും വിഭൂഷയായ ശിലയില്‍ കണ്ടു. പുറം നാട്ടിലെ കഴിവുറ്റ ഒരു രത്നവ്യാപാരിയുമായി അയാള്‍ ശിലയെപ്പറ്റി സംസാരിച്ചു. അതോടെ അയാള്‍ ഒന്ന് ഉറപ്പിച്ചു. അപൂര്‍വമായ, വിലമതിക്കാനാകാത്ത ഒരു ഭീമന്‍ രത്നകല്ലാണ് വിഗ്രഹം എന്ന പേരില്‍ വിഡ്ഢിയായ ഗ്രാമവാസികള്‍ പൂജിക്കുന്നത്. അത് വില്‍ക്കാനായാല്‍ തലമുറകള്‍ക്ക് കഴിയാനുള്ള പണം സമ്പാദിക്കാം. പക്ഷെ അമ്പലത്തില്‍ നിന്ന് വിഗ്രഹം മോഷ്ടിക്കാന്‍ തക്കവണ്ണം ധൈര്യം രാമകൃഷ്ണനില്ലായിരുന്നു. തന്‍റെ ഗ്രാമവാസികളുടെ ഈശ്വരവിശ്വാസത്തെപ്പറ്റി അയാള്‍ പൂര്‍ണബോധവാനായിരുന്നു. വിഗ്രഹം നഷ്ടമായാല്‍ നാട്ടുകാര്‍ സംഘം ചേരും, ഗ്രാമത്തിന്‍റെ ഓരോ മുക്കും മൂലയും അവര്‍ അരിച്ചുപെറുക്കും. രാപ്പകല്‍ വ്യത്യാസമില്ലാതെ ഉറക്കവും ഭക്ഷണവും കളഞ്ഞു അവര്‍ ദേവിയെ തിരയും. എന്നിട്ട് മോഷണം കണ്ടെത്തിയാല്‍? കണ്ടെത്തിയാല്‍ പിന്നെ മരണം, അത് നിശ്ചയമാണ്. അത്കൊണ്ട് തന്നെ കുറച്ചുകൂടി സുരക്ഷിതമായ മാര്‍ഗ്ഗം അയാള്‍ കണ്ടെത്തി. ഇതേ വിഗ്രഹത്തിന്‍റെ തന്നെ ഒരു ഭാഗമാണ് അമ്മക്കല്ല് എന്ന പേരില്‍ തന്‍റെ വീടിനുള്ളില്‍ കുഴിച്ചിട്ടിരിക്കുന്നത്. വലുപ്പത്തില്‍ ചെറുതാണെങ്കിലും അതും വിലമതിക്കാനാവാത്ത രത്നം തന്നെ. തനിക്ക് ജീവിതകാലം മുഴുവന്‍ സുഖമായി കഴിയാനുള്ളത് അത് വിറ്റാല്‍ ലഭിക്കും. വലിയവീട്ടുകാര്‍ക്കല്ലാതെ. പുറത്തൊരാള്‍ക്കും അമ്മക്കല്ല് പരിശോധിക്കാനോ കുഴിച്ചു നോക്കാനോ അധികാരമില്ല. വലിയവീട്ടില്‍ ആരും തന്നെ ഒരിക്കലും അത് കുഴിച്ചു നോക്കാനും പോകുന്നില്ല. ആ കല്ല്‌ അവിടെ നിന്ന് അപ്രത്യക്ഷമായാലും ഒരു കുഞ്ഞു പോലും അറിയുകയില്ല. അവരുടെ വിശ്വാസം എന്നും മണ്ണിനടിയില്‍ തന്നെ നിലകൊള്ളും. തലമുറകള്‍ കഴിയുമ്പോള്‍ വലിയവീട് സൂക്ഷിക്കുന്ന അമ്മക്കല്ല് എന്ന സത്യം, ഒരു അന്ധവിശ്വാസമായി മാറും. ഒരു പക്ഷെ വലിയവീട്ടുകാര്‍ പോലും അത് മറന്നേക്കും. അപ്പോള്‍ പിന്നെ അങ്ങനെ ഒരു കല്ലിന്‍റെ ആവശ്യമെന്ത്? കോടികള്‍ വിലമതിക്കുന്ന രത്നകല്ല് ഭൂമിക്കടിയില്‍ കുഴിച്ചിട്ടു തിരികൊളുത്തി പ്രാർത്ഥിച്ചിട്ട് ആര്‍ക്കെന്തു ഗുണം? ഗുണമുണ്ടാകണമെങ്കില്‍ അമ്മക്കല്ല് കുഴിച്ചെടുക്കണം, അത് വില്‍ക്കണം മറ്റാരുമറിയാതെ”

“എന്ത് കാര്യത്തിനും രാമകൃഷ്ണനോടൊപ്പം നില്‍ക്കാന്‍ ഗ്രാമത്തില്‍ ഒരാള്‍ ഉണ്ടായിരുന്നു. അച്ചുതന്‍, ഊണിലും ഉറക്കത്തിലും കൂടെ കൂട്ടിയ ഉറ്റസുഹൃത്ത്. തന്‍റെ പദ്ധതിയെക്കുറിച്ചും രാമകൃഷ്ണന്‍ അച്ചുതനോട് സംസാരിച്ചു. എന്തിനും ഏതിനും തന്നോടൊപ്പം നില്‍ക്കുന്ന അച്ചുതന്‍ അമ്മക്കല്ല് വില്‍ക്കാനും കൂടെയുണ്ടാകുമെന്ന് രാമകൃഷ്ണന്‍ കരുതി. പക്ഷെ അച്ചുതന്‍ എതിര്‍ത്തു. ഗ്രാമത്തിന്‍റെ സകല സമൃദ്ധിയും അമ്മക്കല്ലിലാണെന്നും അത് നഷ്ടമായാല്‍ ഗ്രാമം നശിക്കുമെന്നും അച്ചുതന്‍ ഭയന്നു. പക്ഷെ അച്ചുതന്‍റെ ഭയത്തിനും ഭക്തിക്കും രാമകൃഷ്ണന്‍റെ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. രത്നം വിറ്റ്‌ കിട്ടുന്ന പണത്തെ പറ്റി കേട്ടപ്പോള്‍ അച്ചുതന്‍റെ മനസ്സ് മാറി. ആ പണവുമായി കടല്‍ കടന്നു മറ്റേതെങ്കിലും നാട്ടില്‍ എത്തിപ്പെട്ടാല്‍ പിന്നെ താന്‍ സുരക്ഷിതനാണ്. തനിക്കും കുടുംബത്തിനും ജീവിതകാലം മുഴുവന്‍ സുഖിച്ചു കഴിയാനുള്ള തുകയാണ് രാമകൃഷ്ണന്‍ വാഗ്ദാനം ചെയ്യുന്നത്. അത് വിട്ടുകളയാന്‍ അച്ചുതന് മനസ്സ് വന്നില്ല.

   അവസാനം അമ്മക്കല്ല് കടത്താന്‍ തന്നെ ഇരുവരും തീരുമാനിച്ചു. അതിനായി ഇരുവരും ചേര്‍ന്നു ഒരു പദ്ധതി തയ്യാറാക്കി. അതിന്‍റെ ഭാഗമായി അമ്മക്കല്ല് കുഴിച്ചിട്ടതിന് മുകളിലായി ഒരു നട പണി കഴിപ്പിക്കാനും, പ്രാര്‍ത്ഥനാ ദീപം നടയ്ക്കുള്ളിലേക്ക് മാറ്റാനും രാമകൃഷ്ണന്‍ കുടുംബത്തില്‍ നിന്ന് അനുമതി വാങ്ങി. ആരും രാമകൃഷ്ണനെ സംശയിച്ചില്ല പകരം അമ്മക്കല്ലിനോടുള്ള അവന്‍റെ ഭക്തിയിലും പരിചരണത്തിലും അവര്‍ സന്തോഷിച്ചു. പൂജാദി കര്‍മ്മങ്ങള്‍ക്കു ശേഷം നടയുടെ പണി രാമകൃഷ്ണന്‍ സ്വയം ഏറ്റെടുത്തു.. അമ്മക്കല്ല് കുഴിച്ചിട്ടതിനു തൊട്ടുമുകളിലായി വെട്ടുകല്ലുകള്‍ കൊണ്ട് മനോഹരമായ ഒരു നട അവന്‍ പണി കഴിപ്പിച്ചു. നാലടിയോളം പൊക്കമുള്ള ആ നടയ്ക്കുള്ളില്‍ കാറ്റും മഴയുമേല്‍ക്കാതെ ദീപം വയ്ക്കാനായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. അമ്മക്കല്ലിനു തൊട്ടുമുകളിലായി പണിതിരുന്ന നട, കല്ലിനും ഒരു സുരക്ഷിതവലയമായിരുന്നു. ഇനി നട പൊളിക്കാതെ ആര്‍ക്കും ഒരിക്കലും കല്ല്‌ പുറത്തെടുക്കാന്‍ കഴിയുമായിരുന്നില്ല. ദേവിക്കു വേണ്ടി രാമകൃഷ്ണന്‍റെ വക സംരക്ഷണത്തിന്‍റെ മറ്റൊരു പാളി! രാമകൃഷ്ണന്‍റെ ബുദ്ധിയിലും, ജാഗരൂകതയിലും വലിയവീട്ടുകാര്‍ അഭിമാനിച്ചു. പക്ഷെ എല്ലാവരെയും വിഡ്ഢികളാക്കി കൊണ്ട് അവന്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു. വെട്ടുകല്ലുകള്‍ കൊണ്ടുള്ള ആ കവചത്തിനു താഴെ മണ്ണിനടിയില്‍, അവിടെ ഇപ്പോള്‍ തെച്ചിക്കാട്ടമ്മയുടെ പ്രതിരൂപമില്ല! നടയുടെ പണി തുടങ്ങുന്നതിനു മുന്‍പു തന്നെ സൂത്രത്തില്‍ അവന്‍ അമ്മക്കല്ല് പുറത്തെടുത്തിരുന്നു. ഇനി വരും നാളുകളില്‍ നടയ്ക്ക് തിരി കൊളുത്തി വലിയവീട്ടുകാര്‍ ഇല്ലാത്ത അമ്മക്കല്ലിനെ പ്രാര്‍ഥിച്ചു കൊള്ളും. പവിത്രമായ നട തകര്‍ക്കാന്‍ ആരും ധൈര്യപ്പെടുകയുമില്ല. അമ്മക്കല്ല് എന്ന വിശ്വാസം ഭൂമിയുടെ മടിത്തട്ടില്‍ ഭദ്രം! ആരും രാമകൃഷ്ണനെ സംശയിച്ചില്ല, അതിനുള്ള ആവശ്യമില്ലായിരുന്നു. അല്ലെങ്കിലും കാക്കേണ്ടവന്‍ തന്നെ കക്കുമെന്നു ആരറിഞ്ഞു!

അന്നേദിവസം അര്‍ദ്ധരാത്രി അച്ചുതനോടൊപ്പം രാമകൃഷ്ണന്‍ അമ്മക്കല്ല് വില്‍ക്കാന്‍ പുറപ്പെട്ടു.

 ‘പൊട്ടനെ പട്ടര്‍ ചതിച്ചാല്‍ പട്ടരെ ദൈവം ചതിക്കും’ എന്ന് കേട്ടിട്ടില്ലേ. രാമകൃഷ്ണനെ ചതിച്ചത് രത്നവ്യാപാരിയാണ്. ഒരു തുട്ടു കാശ് പോലും നല്‍കാതെ രാമകൃഷ്ണനെയും അച്ചുതനെയും അയാള്‍ ചതിച്ചു. ബലമായി അമ്മക്കല്ല് കൈക്കലാക്കി രണ്ടു പേരെയും തല്ലിച്ചതച്ചു അപമാനിതരാക്കി അയാള്‍ തിരിച്ചയച്ചു.

    ആകെ തകര്‍ന്നാണ് രാമകൃഷ്ണന്‍ തിരികെ നാട്ടിലെത്തിയത്, നാളുകള്‍ കൊണ്ട് താന്‍ മെനഞ്ഞ സ്വപ്നം ഇല്ലാതായിരിക്കുന്നു, അപമാനഭാരത്താലും ഭയത്താലും അവന് ഉറക്കം നഷ്ടപ്പെട്ടു. തന്‍റെ കുടുംബം സൂക്ഷിച്ച നിധി, ഈ ഗ്രാമത്തിന്‍റെ വിശ്വാസം അത് താന്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. തനിക്കു മുന്നില്‍ മറഞ്ഞിരിക്കുന്ന ഓരോ നാളെകളെയും രാമകൃഷ്ണന്‍ ഭയന്നു. താന്‍ ചെയ്ത പ്രവൃത്തി ലോകമറിഞ്ഞാല്‍? ആരും ഇതറിയില്ലെന്നു സ്വയം പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു അവന്‍ പരാജയപ്പെട്ടു. അച്ചുതനൊഴികെ ആര്‍ക്കും ഇപ്പോള്‍ ഈ രഹസ്യം അറിയുകയില്ല. അച്ചുതനെ രാമകൃഷ്ണന് വിശ്വാസമായിരുന്നു പക്ഷെ അവനു മരണത്തെ,  മാനക്കേടിനെ അതിലേറെ ഭയമായിരുന്നു. അച്ചുതന്‍ ഈ രഹസ്യം സ്വന്തം കുടുംബത്തോട് പറഞ്ഞു കാണുമോ? രത്നവ്യാപാരിയെ കാണാന്‍ പോകുന്നതിനു മുന്‍പ് വരാനിരിക്കുന്ന ഭാഗ്യത്തെ പറ്റി അവന്‍ സ്വന്തം ഭാര്യയെ അറിയിച്ചുകാണില്ലേ? തിരികെ എത്തുമ്പോള്‍ വിലപിടിച്ച പലതും നല്‍കാമെന്ന വാഗ്ദാനം ആ അച്ഛന്‍ തന്‍റെ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടാകില്ലേ? ഭാര്യയും ഒരു മകനും മകളും അടങ്ങുന്നതാണ് അച്ചുതന്‍റെ കുടുംബം. അച്ചുതന്‍ മറ്റെന്തിനെക്കാളും തന്‍റെ കുടുംബത്തെ സ്നേഹിച്ചിരുന്നു. ഭാര്യക്ക് മുന്നില്‍ തനിക്ക് കള്ളങ്ങളില്ല എന്ന് എത്ര തവണ അച്ചുതന്‍ പറഞ്ഞിരിക്കുന്നു. അങ്ങനെയെങ്കില്‍ അച്ചുതനെ കൂടാതെ അവര്‍ക്കും ഈ രഹസ്യം അറിവുണ്ടായിരിക്കണം. നാളെ ആ സ്ത്രീയില്‍ നിന്ന് അയല്‍ക്കാരിലേക്കോ, കുളിക്കടവിലെത്തുന്ന മറ്റു സ്ത്രീകളിലെക്കോ ഈ രഹസ്യം സഞ്ചരിക്കില്ല എന്നാരു കണ്ടു? അങ്ങനെ സംഭവിച്ചാല്‍…അങ്ങനെ സംഭവിച്ചാല്‍ തന്‍റെ ജീവിതം അവിടെ അവസാനിക്കും, തന്‍റെ മാത്രമല്ല ഒരു പക്ഷെ തന്‍റെ കുടുംബത്തിന്‍റെയും! പാടില്ല, അത് സംഭവിക്കാന്‍ പാടില്ല. അവസാനം സ്വന്തം നിലനില്‍പിനു വേണ്ടി രാമകൃഷ്ണന് അങ്ങനെയൊരു തീരുമാനം കൈക്കൊള്ളേണ്ടി വന്നു.”

    വൃദ്ധന്‍ പെട്ടെന്ന് ആല്‍ത്തറയില്‍ നിന്ന് താഴെയിറങ്ങി. അയാള്‍ കുറച്ചു മുന്നിലേക്ക് നടന്നു, എന്നെയും കടന്നു അയാള്‍ മുന്നിലേക്ക് പോയി. പിന്നെ കൈകള്‍ പിന്നില്‍ കെട്ടി ക്ഷേത്രത്തിനു വടക്കുഭാഗത്തുള്ള കുന്നിന്‍ചെരിവിലേക്ക് ദൃഷ്ടി പായിച്ചു. പച്ച പുതച്ച കുന്നിന്‍ചെരുവിനെയും, അതിനു മുകളിലൂടെ നിശബ്ദം നീങ്ങുന്ന വെൺമേഘക്കീറുകളെയും പിന്നിലാക്കി അയാളുടെ കണ്ണുകള്‍ സഞ്ചരിച്ചു. കുറച്ചു നേരത്തേക്ക് ആ നില്‍പ്പ് തുടര്‍ന്ന ശേഷം അയാള്‍ വീണ്ടും പറയാനാരംഭിച്ചു.

    “ദുരന്തവും വേദനയും ഒളിപ്പിച്ചുവച്ച ആ രാത്രി. പുഴയോരത്ത് നിലാവിന് കീഴില്‍ എന്നത്തെയും പോലെ അന്നും ആ സുഹൃത്തുക്കള്‍ ഒരുമിച്ചുകൂടി. ഭൂതത്തെയും ഭാവിയെയും പറ്റി അവര്‍ വര്‍ത്തമാനം പറഞ്ഞു. പതിവുപോലെ ഷാപ്പിലെത്തി മദ്യപിച്ചു. അച്ചുതന്‍ കുറച്ചധികം മദ്യപിച്ചു, രാമകൃഷ്ണന്‍ നിര്‍ബന്ധിച്ചു കുടിപ്പിച്ചു എന്നതാണ് ശരി. മത്തു പിടിച്ചു ശരീരത്തിന്‍റെ ബലം നഷ്ടപ്പെട്ട അച്ചുതനെ രാമകൃഷ്ണന്‍ തന്നെ വീട്ടിലെത്തിച്ചു. സുഹൃത്തിന്‍റെ പരോപകാരം! ഉപകാരം അവിടെ തീര്‍ന്നില്ല, അച്ചുതനെയും അയാളുടെ കുടുംബത്തെയും ഉള്ളിലാക്കിയ ശേഷം അവന്‍ വീട് പുറത്തു നിന്ന് താഴിട്ടു. പുറത്തേക്കുള്ള ഓരോ വഴിയും അടച്ചു. ആ കുഞ്ഞുവീടിനെ അയ്യാള്‍ മരണത്തിന്‍റെ മണമുള്ള മണ്ണെണ്ണയില്‍ കുതിര്‍ത്തു. പിന്നെ തന്‍റെ ഭയത്തിനും ആശങ്കയ്ക്കും അവന്‍  തിരികൊളുത്തി. ആ കൊച്ചുകുടുംബം അയാളുടെ ദുര്‍ബുദ്ധിയുടെ തീനാളങ്ങളില്‍ പെട്ടു നിലവിളിച്ചു. ചുറ്റും പടരുന്ന അഗ്നിയില്‍ നിസ്സഹായരായി വേദനകൊണ്ട് അവര്‍ പുളഞ്ഞു. അങ്ങനെ അവന്‍, രാമകൃഷ്ണന്‍, സ്വന്തം ഭാവിയെ സംരക്ഷിക്കാനായി സ്വന്തം അഭിമാനം സംരക്ഷിക്കാനായി, കൂടപ്പിറപ്പിനെ പോലെ തന്നെ സ്നേഹിച്ച സുഹൃത്തിനെയും അവന്‍റെ കുടുംബത്തെയും ചുട്ടുകൊന്നു”

    വൃദ്ധന്‍റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകള്‍ ചുവന്നു, ശരീരം ആകെ വിറകൊണ്ടു. ചുണ്ടില്‍ എരിഞ്ഞുകൊണ്ടിരുന്ന ബീഡി അയാള്‍ വലിച്ചെറിഞ്ഞു.

    “പക്ഷെ രാമകൃഷ്ണന്‍ ഒന്ന് മറന്നു. നരിയെയാണ് കൊല്ലുന്നതെങ്കില്‍ കൂട്ടത്തോടെ കൊല്ലണം ഒരെണ്ണത്തെ പോലും വെറുതെ വിടാതെ  കൂട്ടത്തോടെ കൊല്ലണം. ഇല്ലെങ്കില്‍ ചോര മണത്ത് അവന്‍ തിരിച്ചെത്തും. പ്രതികാരം പേറി കൊണ്ട് അവന്‍ നിന്നെ പിന്തുടരും. താന്‍ അനുഭവിച്ച വേദനയ്ക്ക് അവന്‍ എണ്ണിയെണ്ണി പകരം ചോദിക്കും.”

ഒരു നിമിഷം നിര്‍ത്തിയിട്ടു, വൃദ്ധന്‍ വീണ്ടും തുടര്‍ന്നു.

“അന്ന് ആ വീട്ടില്‍ രാമകൃഷ്ണന്‍ ചുട്ടു കൊന്നത് മൂന്നു ജീവനുകളെയായിരുന്നു. സമയം വൈകിയിട്ടും കാണാതിരുന്ന തന്‍റെ ഭര്‍ത്താവിനെ തിരക്കാന്‍ പത്ത് വയസ്സുള്ള മകനായ ശങ്കരനെ അച്ചുതന്‍റെ ഭാര്യ വലിയവീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. തിരികെ വന്ന ആ ബാലന്‍ കാണുന്നത് കത്തിയമരുന്ന സ്വന്തം വീടാണ്.  അതിനുള്ളില്‍ വെണ്ണീറായി മാറിയ സ്വന്തം അച്ഛന്‍, അമ്മ, സഹോദരി”

    വൃദ്ധന്‍ എനിക്ക് നേരെ തിരിഞ്ഞു. ആ ജ്വലിക്കുന്ന കണ്ണുകള്‍ ആ നിമിഷം തന്നെ എന്നെ ഇല്ലാതാക്കും എന്ന് തോന്നി. അയാളുടെ വിറയ്ക്കുന്ന മുഖം ഞാന്‍ കണ്ടു. ചുവന്നു ജ്വലിച്ചു നിന്ന അയാളുടെ കണ്ണിന്‍റെ കോണില്‍ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു, ഒളിച്ചുവെച്ച കണ്ണീരിന്‍റെ തിളക്കം. അതില്‍ വേദനയായിരുന്നു, സ്വന്തം കുടുംബത്തിന്‍റെ മരണം മുന്നില്‍ കാണേണ്ടി വന്ന ഒരു ബാലന്‍റെ വേദന. നിമിഷനേരം കൊണ്ട് അയാളുടെ കണ്ണിലെ തിളക്കം ഇല്ലാതായി, പകരം അവിടെ പക നിറഞ്ഞു, പ്രതികാരാഗ്നി കത്തിജ്വലിച്ചു. ആ നിമിഷം എനിക്ക് മുന്നില്‍ നിൽക്കുന്ന ചോര മണത്തെത്തിയ ആ നരിയെ ഞാന്‍ കണ്ടു. ശങ്കരന്‍ എന്ന നരിയെ!

(തുടരും.)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s