
പുസ്തകത്തിനിടയില്‍ തിരുകിവച്ച ചെറുപ്പകാരുടെ ഫോട്ടോകള്‍ ഒന്നുകൂടി രാവുണ്ണിനായര്‍ പരിശോധിച്ചു. അയാള്‍ സംതൃപ്തനാണ്.
“എന്താ ശേഖരേട്ടാ കുട്ടി വൈകുന്നത്”
രാവുണ്ണിക്ക് എതിര്‍വശത്തായി പൂമുഖത്ത് ഈശ്വരന്‍ തനിക്കായി കല്‍പ്പിച്ചു നല്‍കിയ കസേരയില്‍ ശേഖരന്‍ ഇരിക്കുകയായിരുന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരിക്കല്‍ കൂടി താന്‍ പരാജയം രുചിക്കുകയാണ്. മകളുടെ സ്വപ്നത്തിനെ താന്‍ മറക്കുകയാണ്. രാത്രി മുഴുവന്‍ ചിന്തിച്ചു. രാമന്‍ പറഞ്ഞത് തന്നെയാണ് ശരി. എന്നു കിട്ടുമെന്ന് ഉറപ്പു പറയാന്‍ കഴിയാത്ത ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്നത് ബുദ്ധിശൂന്യതയാണ്. ഈശ്വരനെയോ ഭാഗ്യത്തെയോ വിശ്വസിക്കാന്‍ പാടില്ലെന്ന് സ്വന്തം ജീവിതം തന്നെ പഠിപ്പിച്ചതാണ്. തോല്‍ക്കാന്‍ വേണ്ടി ജനിച്ചവര്‍ ജയിക്കാന്‍ വേണ്ടി പൊരുതുന്നത് തന്നെ മണ്ടത്തരമാണ്. വിവാഹത്തിനെങ്കിലും തന്‍റെ മകളെ രക്ഷപ്പെടുത്താനാകും എന്നു പ്രതീക്ഷിക്കുകയല്ലാതെ ഇപ്പോള്‍ വേറെ മാര്‍ഗ്ഗമില്ല.
“സമയമെന്തായി വസന്തേ?”
“വരേണ്ട സമയം കഴിഞ്ഞു. വൈകുന്നതെന്താണാവോ”
മാനം കറുക്കുകയായിരുന്നു. ശേഖരന്‍റെ ചെറിയ വീടിനുമേല്‍ നിഴല്‍ വീഴ്ത്തിക്കൊണ്ട് കാര്‍മേഘങ്ങള്‍ ആകാശത്ത് തടിച്ചുകൂടി. ഭൂമിയിലെ കാഴ്ചകള്‍ കണ്ടു കണ്ണീര്‍ പൊഴിക്കാന്‍ തയ്യാറായി അവ തിങ്ങിഞെരുങ്ങി നിന്നു. മന്ദത ബാധിച്ചത് പോലെ ഭൂമി നിശ്ചലമായിരുന്നു. പകലിന്‍റെ വെളിച്ചത്തില്‍ പ്രഭ നഷ്ടപ്പെട്ട ഒരു മിന്നാമിനുങ്ങ് എവിടെനിന്നോ ആ വീടിന്‍റെ പൂമുഖത്തേക്ക് ഒഴുകിയിറങ്ങി.
ശേഖരന്‍റെ നെഞ്ചില്‍ ആധിയുടെ ഒരു തിരിനാളം രൂപപ്പെട്ടു. അയാളുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭീതി ഉടലെടുത്തു. സമയം കഴിയുന്തോറും നെഞ്ചിലെ ആ തിരിനാളം വളര്‍ന്നുകൊണ്ടിരുന്നു.
“വസന്തേ..”
ശേഖരന്‍റെ ശബ്ദം വിറകൊള്ളുന്നുണ്ടായിരുന്നു.
പുറത്ത് രാമന്‍ പ്രത്യക്ഷപ്പെട്ടു അയാള്‍ കിതയ്ക്കുന്നുണ്ടായിരുന്നു. ശബ്ദം നഷ്ടപ്പെട്ട് ചലിക്കാനുള്ള ശേഷിയില്ലാതെ അയാള്‍ പുറത്ത് തന്നെ നിന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു, ശരീരം വിറയ്ക്കുകയായിരുന്നു.
ആ തിരിനാളം വളര്‍ന്നുകഴിഞ്ഞിരുന്നു. ശേഖരന്‍റെ വൃദ്ധഹൃദയത്തെ ചുട്ടെരിച്ചുകൊണ്ട് ആ അഗ്നിജ്വാല അയാളിലേക്ക് പടര്‍ന്നുകയറി. ലോകം തനിക്ക് മുന്നില്‍ നിശ്ചലമാകുന്നത് അയാള്‍ തിരിച്ചറിഞ്ഞു.
പൂമുഖത്തെ ചാരുകസേരയുടെ കൈപ്പിടിയില്‍ പ്രകാശം നഷ്ടപ്പെട്ട ആ മിന്നാമിനുങ്ങ് പറന്നിറങ്ങി. അവസാനമായി ആ ചെറുപ്രാണി ഒന്നു കൂടി ജ്വലിച്ചു, പിന്നെ നിശ്ചലമായി.