
തടിച്ചൊരു ഫയലുമായി ഓഫീസ് ശിപായിയെത്തി. മേശമേല്‍ നേരത്തെയുണ്ടായിരുന്ന കൂനയുടെ മേല്‍ സാമാന്യം ശബ്ദത്തോടെ അയാള്‍ അതും വച്ചു. പിന്നെ എന്തോ പ്രതീക്ഷിച്ചു അയാള്‍ വേണുവിനെ തുറിച്ചു നോക്കി നിന്നു.
ചിന്തകളുടെ ആഴക്കയത്തിലായിരുന്നു വേണു. മുന്നില്‍ ശിപായിയെത്തിയതും മേശയിലെ ഫയല്‍ക്കൂന ഉയരുന്നതുമൊന്നും അയാളറിഞ്ഞില്ല. അയാളുടെ മനസ്സില്‍ സംശയങ്ങളുടെ കരിങ്കോട്ടകള്‍ രൂപപ്പെടുകയായിരുന്നു. അനുനിമിഷം അത് വലുതായിക്കൊണ്ടിരുന്നു, ബുദ്ധിയെ മറച്ചുകൊണ്ട് തലച്ചോറില്‍ നിഴലുകള്‍ വീഴ്ത്തി ആ കോട്ടകള്‍ മാനം മുട്ടെ വളര്‍ന്നു. ആ കരിങ്കോട്ടകളുടെ അടിത്തറ ഒരു പേരായിരുന്നു, നാലക്ഷരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഒരു പേര്, ‘ഷഹബാസ്’!.
വേണുവില്‍ നിന്ന് പ്രതികരണമൊന്നുമില്ലെന്നു കണ്ടു ശിപായി ഒന്ന് മുരടനക്കി. അത് ഫലിച്ചു, ചിന്തകളില്‍ പൂണ്ടിരുന്ന തല അയാള്‍ പതിയെ ഉയര്‍ത്തി.
“ഉം?” വേണു കടുപ്പത്തില്‍ മൂളി
“സര്‍, ക്ലിയര്‍ ചെയ്തത് തരാന്‍ പറഞ്ഞു”
“ഒന്നും ചെയ്തിട്ടില്ല” കടുപ്പം വിടാതെ തന്നെ വേണു പറഞ്ഞു.
“സര്‍ അത്..”
വേണു തല വെട്ടിച്ചു ശിപായിക്ക് നേരെ നോക്കി. ദേഷ്യം കൊണ്ട് അയാള്‍ ചുവന്നു തുടുത്തിരുന്നു
“എന്താടോ പറഞ്ഞത് കേട്ടില്ലേ?” ഉച്ചത്തിലുള്ള ശബ്ദം കേട്ട് ചുറ്റുമുള്ള ക്യാബിനുകളില്‍ നിന്ന് പലരും തിരിഞ്ഞു നോക്കി. പെട്ടെന്നുള്ള പ്രതികരണത്തില്‍ ശിപായി ഞെട്ടിപ്പോയി. അയാള്‍ നിശബ്ദനായി പതിയെ പിന്‍വലിഞ്ഞു. വേണു കണ്ണുകളടച്ചു, വീണ്ടും കരിങ്കോട്ടകള്‍!
ആരാണ് ഷഹബാസ്? അവന്‍റെ ധൈര്യത്തിലാണോ ഇന്നലെ അവള്‍ അങ്ങനെയൊക്കെ കാട്ടികൂട്ടിയത്. ആരാണവന്‍? ഉറക്കത്തില്‍ പുലമ്പുന്ന സ്വഭാവം സുമിത്രയ്ക്ക് പണ്ടേയുള്ളതാണ്. അവളുടെ മറ്റൊരു ദുശ്ശീലം. പക്ഷെ തനിക്കറിയാത്ത ഒരു അന്യപുരുഷന്‍റെ പേര് കേള്‍ക്കുന്നത് ഇത് ആദ്യമായാണ്. ഷഹബാസ് അവളുടെ കാമുകനായിരിക്കുമോ? തന്നെ വഞ്ചിച്ചു മറ്റൊരു പുരുഷനെ പ്രണയിക്കാന്‍ തക്കവണ്ണം ധൈര്യം അവള്‍ക്കുണ്ടോ?
സംശയത്തിന്‍റെ കരിങ്കോട്ടകള്‍ക്ക് പിന്നില്‍ അയാളുടെ ബുദ്ധി പൂര്‍ണമായും മറഞ്ഞു കഴിഞ്ഞിരുന്നു.
പൂന്തോട്ടത്തിലെ ചെടികള്‍? ജമന്തിയും റോസയും വാടാര്‍മല്ലിയുമൊക്കെ എങ്ങനെയാണ് അവള്‍ക്ക് കിട്ടിയത്? അവളുടെ ജാരന്‍ സമ്മാനമായി കൊടുത്തതാണോ? അതായിരിക്കുമോ അവയെ പറ്റി അവള്‍ തന്നോടൊന്നും പറയാത്തത്. ലോകത്തുള്ള സകലതിനെ കുറിച്ചും വാ കീറി കുരയ്ക്കുന്നതാണ്. എന്നിട്ട് ഇതിനെ പറ്റി മാത്രം എന്തുകൊണ്ട് പറഞ്ഞില്ല. ഷഹബാസ് എന്നൊരു വ്യക്തിയെ പറ്റിയും ഇതുവരെ സൂചിപ്പിച്ചിട്ടില്ല. എന്തുകൊണ്ട്? കാരണം അവനെ പറ്റി ഞാന്‍ അറിയരുതെന്ന് അവള്‍ ആഗ്രഹിക്കുന്നു. പൂക്കള്‍ മാത്രമായിരിക്കുമോ അവന്‍ അവള്‍ക്ക് കൊടുത്തിട്ടുണ്ടാവുക? വേണുവിന്‍റെ കണ്ണില്‍ ഇരുട്ടുകയറി. അയാളുടെ നാഡികള്‍ വലിഞ്ഞുമുറുകി. ചുറ്റുമുള്ളതെല്ലാം തച്ചുടയ്ക്കാന്‍ അയാളുടെ മനസ്സ് വെമ്പല്‍ കൊണ്ടു. ഫയല്‍കൂമ്പാരങ്ങളുടെ മുന്നില്‍ നിന്ന് അയാള്‍ ചാടിയെഴുന്നേറ്റു പിന്നെ പുറത്തേക്ക് കുതിച്ചു.
***
ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചുള്ള ലക്ചര്‍ മുന്നില്‍ തകര്‍ക്കുകയാണ്. ഭാമ ചുറ്റും വീക്ഷിച്ചു അജിത്ത് ക്ലാസിലില്ലെന്നു അവള്‍ ഒന്നുകൂടി ഉറപ്പു വരുത്തി. രവിസാറിനോട് രാവിലെ തന്നെ പോയി വിവരം പറഞ്ഞത് നന്നായി. അദ്ദേഹം വേണ്ട നടപടി സ്വീകരിക്കും എന്ന് ഉറപ്പായിരുന്നു. സെന്ററില്‍ നിന്ന് അവനെ പുറത്താക്കിയിട്ടുണ്ടാകണം. നല്ലത് തന്നെ.
എങ്ങനെയാണ് ചില മനുഷ്യരുടെ മനസ്സ് പ്രവര്‍ത്തിക്കുന്നതെന്ന് ഭാമ അത്ഭുതപ്പെട്ടു. പെണ്ണിനെ ലൈംഗികതൃഷ്ണ അടക്കാനുള്ള ഒരു ഉപകരണമായി മാത്രം കാണുന്ന ചില മനുഷ്യര്‍. അജിത്തിന്‍റെ ഒളികണ്ണേറു കുറച്ചു നാളായി ഭാമ ശ്രദ്ധിക്കുന്നുണ്ട്. ചപലമായ പ്രണയാഭ്യര്‍ത്ഥനയുടെ ആദ്യപടിയായി മാത്രമേ ഭാമ അതിനെ കണ്ടിരുന്നുള്ളൂ. പ്രണയത്തെപറ്റി ചിന്തിക്കാനുള്ള ഒരു ജീവിതാവസ്ഥയിലായിരുന്നില്ല ആ പെണ്‍കുട്ടി. അത്കൊണ്ട് തന്നെ സൗകര്യപൂര്‍വ്വം എല്ലാം കണ്ടില്ലെന്നു നടിച്ചു.
ശനിയാഴ്ചയാണ് നടുക്കുന്ന ആ സംഭവമുണ്ടായത്. അതിനെ പറ്റി ആലോചിക്കാന്‍ തന്നെ ഭാമയ്ക്ക് പേടിയാണ്. കുറച്ചുകൂടി താമസിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ ആ വാതില്‍ തനിക്ക് തുറക്കാന്‍ കഴിയാതിരുന്നെങ്കില്‍? ഓര്‍ക്കുമ്പോള്‍ തന്നെ തലകറങ്ങുന്നു.
ശനിയാഴ്ചത്തെ അവസാന സെഷന്‍ ക്ലാസ് ക്യാന്‍സല്‍ ചെയ്ത വിവരം വൈകിയാണ് ഭാമ അറിഞ്ഞത്. പക്ഷെ അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. അന്നേദിവസം ഉച്ച ഭക്ഷണം കഴിക്കാന്‍ സാധിച്ചിരുന്നില്ല. ലഞ്ചുബ്രേക്കിന് ചില സംശയങ്ങള്‍ തീര്‍ക്കാന്‍ രവി സാറിനടുത്തെക്ക് പോയിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച അധ്യാപകനാണ് രവിസാര്‍. എത്ര പ്രയാസമുള്ള ഭാഗങ്ങളും വളരെ ലളിതമായി അദ്ദേഹം പറഞ്ഞു തരും. അദേഹത്തിന്‍റെ ക്ലാസ്സില്‍ സമയം പോകുന്നത് അറിയുകയേയില്ല. അന്നും അത് തന്നെയാണ് സംഭവിച്ചത്. സ്റ്റാഫ്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ലഞ്ചുബ്രേക്ക് കഴിഞ്ഞിരുന്നു.
ക്ലാസ്സ് കാന്‍സലായ കാര്യം അറിഞ്ഞപ്പോള്‍ ഭക്ഷണത്തെകുറിച്ചാണ് ആദ്യം ചിന്തിച്ചത്. അല്ലെങ്കിലും ഇപ്പോള്‍ ഭക്ഷണത്തിന്‍റെ വില മറ്റാരേക്കാളും നന്നായി താന്‍ അറിയുന്നുണ്ടല്ലോ. ഭക്ഷണം കഴിച്ചശേഷം തിരിച്ചുപോകാന്‍ തുടങ്ങുമ്പോഴാണ് പുതിയ പുസ്തകങ്ങളുടെ സ്റ്റോക്കുമായി രവി സാര്‍ ലൈബ്രറിയിലെക്ക് പോകുന്നത് കണ്ടത്.
“ഭാമ ഇതുവരെ പോയില്ലേ?”
“ഇല്ല സര്‍ ഇറങ്ങുകയായിരുന്നു. പുതിയ പുസ്തകങ്ങളാണോ?”
“അതേ, പുതിയ കുറേ റഫറന്‍സ് പുസ്തകങ്ങള്‍ കിട്ടിയിട്ടുണ്ട്. നമുക്ക് വളരെ ഉപയോഗപ്പെടുന്നതാണ്. വേറാരെങ്കിലും കൈക്കലാക്കും മുന്‍പ് ഇഷ്ടമുള്ളതൊക്കെ എടുത്തുകൊള്ളൂ”
പിന്നെ അധികം ചിന്തിക്കാന്‍ നിന്നില്ല. പുസ്തകങ്ങള്‍ വാങ്ങുന്ന പതിവില്ല. ലൈബ്രറിയിലെ റഫറന്‍സ് പുസ്തകങ്ങള്‍ വഴി തന്നെയാണ് പഠനം നീങ്ങുന്നത്. ക്ലാസ് കഴിഞ്ഞ സമയമായതിനാല്‍ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. പുസ്തകങ്ങളുടെ ലോകത്ത് അവള്‍ മാത്രം തനിച്ചു. രവിസാറിനാണ് ലൈബ്രറിയുടെ ചുമതല. ഭാമ വൈകും എന്നറിയാമായിരുന്നതിനാല്‍ കയറുമ്പോള്‍ തന്നെ ലൈബ്രറിറൂമിന്‍റെ താക്കോല്‍കൂട്ടം അയാള്‍ ഭാമയ്ക്ക് കൈമാറിയിരുന്നു. അവിചാരിതമായി കിട്ടിയ സ്വാതന്ത്ര്യം നല്ല രീതിയില്‍ തന്നെ അവള്‍ ഉപയോഗിച്ചു. കുറച്ചധിക സമയം പുസ്തകങ്ങളോടൊപ്പം ചിലവിട്ടു. രണ്ടു റഫറന്‍സ് പുസ്തകങ്ങള്‍ വീട്ടിലെക്കായി എടുക്കുകയും ചെയ്തു. ആളൊഴിഞ്ഞ കസേരയ്ക്ക് മുന്നിലെ രജിസ്റ്ററില്‍ പുസ്തകങ്ങളുടെ പേരെഴുതി ഒപ്പിട്ട് പുറത്തിറങ്ങാന്‍ നേരമാണ് അപകടം മനസ്സിലായത്. റൂമിന്‍റെ വാതില്‍ ആരോ പുറത്തു നിന്ന് സാക്ഷയിട്ടിരിക്കുന്നു. ഞൊടിയിടകൊണ്ട് ഭയം അവളെ വിഴുങ്ങി. ദേഹമാകെ വിയര്‍ക്കാന്‍ തുടങ്ങി. വാതിലില്‍ തട്ടി പലവട്ടം വിളിച്ചു. ആളനക്കമില്ല. പ്രധാന കെട്ടിടത്തില്‍ നിന്നും കുറച്ചുമാറി ഒറ്റപ്പെട്ട രീതിയിലാണ് ലൈബ്രറിയുടെ കെട്ടിടം. അലറിവിളിച്ചാല്‍ പോലും ക്ലാസ്റൂമിലോ സ്റ്റാഫ് റൂമിലോ ഉള്ള ആരും തന്നെ കേള്‍ക്കുകയില്ല. എന്നിട്ടും കതകില്‍ ആഞ്ഞു തട്ടി കരഞ്ഞു വിളിച്ചു. ആരാണ് ഈ പണി ചെയ്തത്? എന്തിനു വേണ്ടിയാണ്? ഓര്‍ക്കുംതോറും അവള്‍ക്ക് ഭയം കൂടിവന്നു. സുഹൃത്തുക്കളായി കൂടെയുണ്ടായിരുന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ ഷെല്‍ഫിലിരുന്നു ഭൂതങ്ങളെപോലെ തുറിച്ചു നോക്കുന്നു. ഭാമ മനസ്സില്‍ അച്ഛനെയോര്‍ത്തു, അമ്മയെയോര്‍ത്തു. സകല ഈശ്വരന്മാരെയും മനസ്സില്‍ വിചാരിച്ചുകൊണ്ട് അവള്‍ വീണ്ടും കതകില്‍ ആഞ്ഞടിച്ചു. ഭാഗ്യം കനിഞ്ഞിരിക്കുന്നു, വാതില്‍ മലര്‍ക്കെ തുറന്നു. അപ്പോള്‍ തൊട്ടുമുന്നില്‍ കണ്ട കാഴ്ച! അവന്‍ അജിത്ത്! പദ്ധതി പാളിയെന്നു മനസ്സിലായപ്പോള്‍ അവന്‍ വിളറിയ ഒരു ചിരി ചിരിച്ചു എന്നിട്ട് മുന്നോട്ട് നീങ്ങി. അവനെ തള്ളിയിട്ടു ഒരോട്ടമായിരുന്നു. എന്തായിരുന്നു അവന്‍റെ ഉദ്ദേശം? അധ്യാപകരെല്ലാം പോകുന്നത് വരെ തന്നെ പുറത്തുപോകാനനുവദിക്കാതെ പൂട്ടിയിടുക. എല്ലാവരും പോയിക്കഴിയുമ്പോള്‍…ഓര്‍ക്കുമ്പോള്‍ തന്നെ തല പെരുക്കുന്നു. ജംഗ്ഷനില്‍ എത്തിയപ്പോള്‍ ബസ് പോകാന്‍ തയ്യാറായി നില്‍ക്കുന്നു. ഓടി ഉള്ളില്‍ കയറിയപ്പോഴാണ് ശ്വാസം നേരെ വീണത്. ഒരുത്തന്‍റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതി വീട്ടിലെത്തി തിരിഞ്ഞു നോക്കിയപ്പോഴാണ് തന്നെ പിന്തുടര്‍ന്നു വന്ന ആ മനുഷ്യനെ കണ്ടത്. എന്താണ് ഇവര്‍ എങ്ങനെ. സ്ത്രീയായി ജനിച്ചവരിലെല്ലാം കാമം കാണുന്ന നികൃഷ്ട ജന്തുക്കള്‍.
ക്ലാസ് കഴിഞ്ഞു പുസ്തകങ്ങള്‍ തിരികെ ബാഗിനുള്ളിലെക്ക് വയ്ക്കുമ്പോള്‍ ഭാമ ഓര്‍ത്തു. ഒരിക്കല്‍ കൂടി രവി സാറിനെ കാണണം എല്ലാവരെയും കാണണം. ഈ വാരം കൂടിയേ സെന്ററിലെ തന്‍റെ പഠനം ഉണ്ടാകൂ എന്നറിയിക്കണം.
***
വേണു അടുത്ത സിഗററ്റ് കുറ്റിയും വലിച്ചെറിഞ്ഞു. നിര്‍ത്തിയ ശീലമാണ്. പക്ഷെ സാഹചര്യങ്ങള്‍ തന്നെ കൊണ്ട് അരുതാത്തത് പലതും ചെയ്യിക്കുകയാണ്. സ്വന്തം ഭാര്യ തന്നെ ചതിക്കുന്നു. നല്ലവളായി ഒന്നുമറിയാത്തവളായി പുറമേ അഭിനയം. എന്നാല്‍ ഉള്ളിലോ ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനോടൊപ്പം സമയം ചിലവിടുന്ന പിശാച്.
അയാള്‍ നില്‍ക്കുന്നത് ബസ്സ്റ്റോപ്പിന് എതിര്‍വശമുള്ള ആല്‍മരത്തിനു ചുവട്ടിലാണ്. നഗരത്തിനെക്കാളും പഴക്കമുള്ള ആല്‍മരം. വേണുവിനെപ്പോലെ എത്രയോ മനുഷ്യരുടെ നീറിപ്പുകയുന്ന മനസ്സും കൈവിട്ട ചെയ്തികളും വര്‍ഷങ്ങളായി ആ വയസ്സന്‍ ആല്‍മരം കണ്ടുകൊണ്ടിരിക്കുന്നു.
ഓഫീസില്‍ നിന്നിറങ്ങി നേരെ ഇങ്ങോട്ടേക്കാണ് പോന്നത്. ചുണ്ടിലെ സിഗരറ്റ് കൊള്ളി പോലെ അയാളുടെ മനസ്സും പുകയുകയാണ്. ആ തീ അണയ്ക്കാന്‍ ഒരാള്‍ക്കേ കഴിയുകയുള്ളൂ. വേണു കാത്തു നില്‍ക്കുന്നതും അവള്‍ക്ക് വേണ്ടിയാണ്. മണിക്കൂറുകളായി ബസ് സ്റ്റോപ്പില്‍ നില്‍പ്പ് തുടങ്ങിയിട്ട്. ഭാമ ഇറങ്ങുന്ന സമയമായിട്ടില്ല. ഹാഫ്ഡേയ് പോലും ഓഫീസില്‍ തികച്ചിരുന്നിരുന്നില്ല. അതിന് ആ ശിപായി സമ്മതിച്ചില്ലല്ലോ.
വേണു കണ്ണുകളടച്ചു. മനസ്സിലെ പുകയുന്ന സുമിത്രയുടെ രൂപത്തിന് പകരം മെലിഞ്ഞ സുന്ദരിയായ ആ പെണ്‍കുട്ടിയെ അയാള്‍ സ്ഥാപിച്ചു. അവളുടെ മിനുസമായ നേര്‍ത്ത മുടിയിഴകള്‍. പവിഴം പോലെയുള്ള ചെറിയ കണ്ണുകള്‍, കവിളിലെ നുണക്കുഴി. ചെമ്പരത്തിപ്പൂ പോലെ ചുകന്ന ചുണ്ടുകള്‍. അയാൾ മറ്റൊരു ലോകത്തിലേക്ക് നീങ്ങുകയായിരുന്നു. മനസ്സിലെ ഭാമയുടെ രൂപത്തോടൊപ്പം അയാള്‍ സ്വന്തം രൂപവും പ്രതിഷ്ഠിച്ചു. അവളുടെ മുടിയിഴകളെ അയാള്‍ തലോടി. കവിളില്‍ തെളിഞ്ഞ നുണക്കുഴിയില്‍ ചുംബിച്ചു. അവളുടെ മെലിഞ്ഞ ശരീരത്തിലേക്ക് മനസ്സുകൊണ്ട് അയാള്‍ പടര്‍ന്നുകയറി. വേണുവിന്‍റെ ശ്വാസഗതി വേഗത്തിലായി. കണ്ണുകള്‍ തുറിച്ചു. അയാള്‍ മനസ്സില്‍ ചില തീരുമാനങ്ങള്‍ എടുക്കുകയായിരുന്നു. മറ്റൊരു സിഗററ്റ് ചുണ്ടുകൾക്കിടയിലേക്ക് അയാൾ കുത്തിതിരുകി, പിന്നെ മുന്നോട്ട് നീങ്ങി.
ശക്തമായ കാറ്റില്‍ ആ വയസ്സന്‍ ആല്‍മരം ഉലയുന്നുണ്ടായിരുന്നു. അത് ഭയക്കുകയായിരുന്നുവോ? വര്‍ഷങ്ങളായി തനിക്കു മുന്നില്‍ പലവിധ വേഷങ്ങളില്‍ ആടിത്തിമര്‍ക്കുന്ന മനുഷ്യനെന്ന വിചിത്രജീവിയുടെ മനോഗതി ആ വൃക്ഷത്തിന് വ്യക്തമായിരുന്നു. അവന്‍റെ മോഹങ്ങളും കുടിലതകളും ചോരയിലും കണ്ണീരിലും അവസാനിക്കുന്നത് അത് പലവട്ടം കണ്ടതാണ്. പ്രവചനാതീതമായതൊന്നും ആ മഹാവൃക്ഷത്തിനു മുന്നിലില്ലായിരുന്നു. വിധിയുടെ വഴി നീങ്ങുന്നത് എങ്ങോട്ടേക്കാണെന്നു ഒരു ദര്‍പ്പണത്തിലെന്നപോലെ വ്യക്തമായി അത് കണ്ടു, അത് വിറകൊണ്ടു. അതേ, ആ വൃക്ഷം ഭയക്കുകയായിരുന്നു