
ശേഖരന്‍റെ ചെറിയ മുറ്റം നിറയാന്‍ അധികം ആളുകള്‍ വേണ്ടിയിരുന്നില്ല. മുറ്റത്ത് സ്ഥലം കിട്ടാത്തവര്‍ ഇടവഴിയില്‍ പല ഭാഗത്തായി കൂട്ടം കൂടി നിന്നു. അവരുടെ ചര്‍ച്ചാ വിഷയം ഭാമയായിരുന്നു, ശേഖരന്‍റെ മകള്‍ ഭാമ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ‘കൊല്ലപ്പെട്ട ശേഖരന്‍റെ മകള്‍ – ഭാമ’.
ശേഖരനെ പരിചയമില്ലാത്തവര്‍ ആള്‍ക്കൂട്ടത്തില്‍ കുറവായിരുന്നു. ഇന്നലെ വരെ അയാള്‍ അവര്‍ക്ക് ഹതഭാഗ്യനായ ഒരു പ്രവാസിയായിരുന്നു. ഇന്ന് അയാള്‍ ഹതഭാഗ്യനായ ഒരു അച്ഛനാണ്. അവര്‍ ആ അച്ഛനെ പറ്റി സംസാരിച്ചു, പരിശ്രമിയായ അയാളുടെ മകളെ പറ്റി സംസാരിച്ചു. അവളുടെ സ്വഭാവശുദ്ധിയെ വാനോളം പുകഴ്ത്തി. സ്ത്രീകള്‍ അവരുടെ ഓര്‍മയില്‍ നിന്ന് ഭാമയുടെ ഏടുകള്‍ ചികഞ്ഞെടുത്തു, പരസ്പരം പങ്കുവച്ചു. നന്മ നിറഞ്ഞ ആ പെണ്‍കുട്ടിയുടെ കഥകള്‍ കേട്ട് ചിലര്‍ മൂക്കത്ത് വിരല്‍ വച്ചു, മറ്റുചിലര്‍ കണ്ണുനീരൊഴുക്കി, ഇനിയും ചില ദീര്‍ഘവീക്ഷണമുള്ളവര്‍ ആ മാതാപിതാക്കളുടെ ഭാവിയില്‍ ഉത്കണ്ഠാകുലരായി. ആള്‍ക്കൂട്ടത്തിന്‍റെ അത്ഭുതവും, കണ്ണുനീരും, ഉത്കണ്ഠയുമെല്ലാം കാലാവധി പറഞ്ഞു വച്ചവയായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അവര്‍ ഭാമയെ മറക്കും. പക്ഷേ ജീവച്ഛവമായി പൂമുഖത്തെ കസേരയിലിരിക്കുന്ന ശേഖരന് അത് കഴിയില്ല. അകത്ത് കരഞ്ഞു കണ്ണീര്‍വറ്റി തളര്‍ന്നിരിക്കുന്ന വസന്തയ്ക്കും അതിന് കഴിയില്ല. അവരെ സംബന്ധിച്ച് ഭാമയുടെ മരണവാര്‍ത്ത അവരുടെ ജീവിതത്തിന്‍റെ പൂര്‍ണവിരാമമായിരുന്നു.
മുറ്റത്തെ തിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കഥയറിഞ്ഞെത്തിയവരും, ജനക്കൂട്ടം കണ്ടു ആകാംക്ഷയടക്കാനെത്തിയവരും അതിലുണ്ടായിരുന്നു, പിന്നെ വേണുവും! അയാളുടെ മുഖത്ത് ഭീതിയായിരുന്നു. താന്‍ ഭയക്കുന്നത് സംഭവിക്കരുതേ എന്നയാള്‍ പ്രാര്‍ഥിച്ചു. കൂട്ടത്തില്‍ ജിജ്ഞാസ ശമിപ്പിക്കാനെത്തിയ ഒരാളുടെ സംഭാഷണത്തിനു വേണു കാതോര്‍ത്തു.
“എന്ത് പറ്റിയതാ?”
“കൊന്നതാ, ബലാല്‍സംഗം ചെയ്തു കൊന്നു”
“ഹൊ, കഷ്ടം. ആരാ ഈ ദ്രോഹം ചെയ്തത്?”
“ആ അതല്ലേ കേള്‍ക്കേണ്ടത്. വേറാരുമല്ല, അവളെ പഠിപ്പിക്കുന്ന സ്വന്തം സാറ്. അക്ഷരം പറഞ്ഞു കൊടുക്കേണ്ടവന്‍, ആ പാവം കൊച്ചിനെ ബലാല്‍സംഗം ചെയ്തു കൊന്നു. ഗതികിട്ടാത്ത കുറെ കാമരോഗികള്‍, ഇവനെയൊക്കെ കല്ലെറിഞ്ഞു കൊല്ലണം”
കുറച്ചു നേരത്തേക്ക് ചലനമില്ലാതെ വേണു തരിച്ചു നിന്നു. കേട്ടത് സത്യമാകരുതേ എന്നയാള്‍ പ്രാര്‍ത്ഥിച്ചു. പലരോടും കാര്യം തിരക്കി. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ കഥ തന്നെ. അവര്‍ പറഞ്ഞത് അയാള്‍ സ്വന്തം മനസ്സില്‍ ആവര്‍ത്തിച്ചു, ‘ഭാമ കൊല്ലപ്പെട്ടിരിക്കുന്നു’. യാഥാര്‍ത്യത്തോട് ഇഴ ചേരാന്‍ മടിച്ച് ആ ആശയം അയാളുടെ ബുദ്ധിയില്‍ വേറിട്ട് നിന്നു.
തടിച്ച അക്ഷരത്തില്‍ തുറന്നുകാട്ടാന്‍ പറ്റിയ കഥയുണ്ടെന്നറിഞ്ഞ്, മാധ്യമപ്രവര്‍ത്തകര്‍ കണ്ണീരൊപ്പിയെടുക്കാന്‍ ക്യാമറയുമായി പറന്നെത്തി. കാമറയ്ക്ക് നേരെ മുഖം തിരിഞ്ഞു അവര്‍ ലോകത്തിനു കഥ ചൊല്ലിക്കൊടുത്തു. രവി എന്ന പകല്‍മാന്യനായ അദ്ധ്യാപകന്‍ ഭാമ എന്ന സ്വന്തം വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു കൊന്നു. പോലീസ് രവിയെ അറസ്റ്റ് ചെയ്തു. അക്ഷരം ചൊല്ലിക്കൊടുക്കേണ്ട അദ്ധ്യാപകന്‍ അടങ്ങാത്ത കാമദാഹവുമായി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നത്രേ. മുന്‍പൊരിക്കല്‍ ലൈബ്രറിയില്‍ പൂട്ടിയിട്ട് അയാള്‍ അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. തക്കസമയത്ത് അവിടെയെത്തിയ മറ്റൊരു വിദ്യാര്‍ഥിയാണ് ഭാമയെ രക്ഷപ്പെടുത്തിയത്. കോച്ചിംഗ് സെന്ററിലെ പഠനം ഭാമ മതിയാക്കാനിരിക്കുകയായിരുന്നു. ഇതറിഞ്ഞ രവി ഇനി മറ്റൊരു അവസരം തനിക്ക് കിട്ടില്ലെന്ന് തിരിച്ചറിഞ്ഞാണ് കൃത്യത്തിനു മുതിര്‍ന്നത്.
കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ ഓരോന്നായി വേണു ഓര്‍ത്തെടുത്തു. അന്ന് ബസ്സ്റ്റാന്‍ഡില്‍ ഭാമയ്ക്ക് വേണ്ടി കാത്തിരുന്നപ്പോള്‍ എന്തൊക്കെ ചിന്തകളാണ് മനസ്സിലൂടെ കടന്നുപോയത്. ആ നിമിഷം താനും ഒരു മൃഗമായി മാറുകയായിരുന്നില്ലേ? എത്ര നേരം കാത്തിരുന്നു, നേരം ഇരുട്ടിയിട്ടാണ് തിരിച്ചുപോയത്. ഒരു പക്ഷെ ആ സമയത്താകണം ആ അദ്ധ്യാപകന്‍ അവളെ… ഒരു പക്ഷെ അയാള്‍ അവളെ ഉപദ്രവിക്കാതിരുന്നെങ്കിലോ? പതിവുപോലെ അവള്‍ വൈകുന്നേരം ബസ്സ്സ്റ്റാന്റിലേക്ക് എത്തിയിരുന്നെങ്കില്‍? ചിലപ്പോള്‍ ആ അധ്യാപകനു പകരം താന്‍ അവളെ..! വേണുവിന്‍റെ ശരീരമാകെ വിറച്ചു.
***
ബസ്സിറങ്ങി തിരികെ വീട്ടിലേക്ക് നടക്കുമ്പോഴും വേണു ചിന്തിക്കുകയായിരുന്നു. സ്വന്തം ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നതായി ഞാന്‍ സംശയിക്കുന്നു. അപ്പോള്‍ ഞാനോ? ഭാര്യയെ മറന്നു ഒരു ഇളംപെണ്‍കുട്ടിയുടെ പുറകെ പോകുന്ന ഞാന്‍ എന്താണ് ചെയ്യുന്നത്? ഇന്ന് ആ പെണ്‍കുട്ടി ചേതനയറ്റ ഒരു ജഡമാണ്. ഏതോ ഒരു രവിയുടെ കൈകളാല്‍. ഒന്നു ചിന്തിച്ചാല്‍ ആ രവിയും മറ്റൊരു വേണു തന്നെയല്ലേ. ഇന്നും ഭാമയെ കാത്തുനിന്നു. കാണാത്തതിനാലാണ് അവളുടെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. പക്ഷേ ഇങ്ങനെയൊരു വാര്‍ത്തയായിരിക്കും തന്നെ കാത്തിരിക്കുകയെന്നു സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല.
വേണു സ്വയം തിരിച്ചറിയുകയായിരുന്നു. അയാളുടെ തിരിച്ചറിവിനെ വേഗത്തിലാക്കിക്കൊണ്ട് തൈച്ചെടികള്‍ നിറച്ച ഉന്തുവണ്ടിയുമായി ഒരു വൃദ്ധന്‍ അയാളെ കടന്നുപോയി. ഒരിളം കാറ്റ് മന്ദമായി വീശുന്നുണ്ടായിരുന്നു. ഗേറ്റ് തുറന്നു ഉള്ളിലേക്ക് കയറിയ അയാള്‍ ആദ്യം കണ്ടത് പൂമുഖത്ത് തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യയെയാണ്. താന്‍ ഭര്‍ത്താവിനെ കാത്തിരിക്കുകയായിരുന്നു എന്നറിയിക്കാന്‍ സുമിത്ര ഒട്ടും താത്പര്യപ്പെട്ടില്ല. അവള്‍ മുഖം വീര്‍പ്പിച്ചു തിരിഞ്ഞു വീട്ടിനുള്ളിലേക്ക് നടന്നു. വേണു അത് പ്രതീക്ഷിച്ചിരുന്നു, പക്ഷെ അധികനാള്‍ സുമിത്രയ്ക്ക് പിണങ്ങിയിരിക്കാന്‍ കഴിയില്ലെന്ന് വേണുവിനറിയാം. അവളുടെ മനസ്സ് മാറും, മാറ്റത്തിനു വിസമ്മതിച്ചിരുന്നത് താനാണ്. സാഹചര്യങ്ങളെയും, പോരായ്മകളെയും സ്വീകരിക്കാന്‍ മടിച്ചു, കുടുംബത്തിനു നേരെ മുഖം തിരിച്ചുപിടിച്ചുകൊണ്ടുള്ള ജീവിതം. അതേ താന്‍ മാറേണ്ടിയിരിക്കുന്നു.
ആകാശത്തില്‍ മേഘപടലങ്ങള്‍ ഒഴിയുകയായിരുന്നു, അര്‍ദ്ധചന്ദ്രന്‍ പതിയെ പുറത്തേക്കു വന്നു. അരികു നഷ്ടപ്പെട്ടതെങ്കിലും അവന്‍ തിളക്കമുള്ളതായിരുന്നു. പൂര്‍ണനായുള്ള ഒരു ദിവസത്തിനു വേണ്ടിയുള്ള പ്രതീക്ഷയാണ് ആ തിളക്കം. അമാവാസിയും അര്‍ദ്ധചന്ദ്രനും കടന്നുപോകും പൗർണമി വീണ്ടും ജനിക്കും, അതിനായി കാത്തിരിക്കാം.
(അവസാനിച്ചു)