തങ്കച്ചന്‍ കഥകള്‍ 10

   കെന്റ് എ നാഷ്ക് 

 കഴുത്ത് നീട്ടി, കണ്ണ് തുറിച്ചു തങ്കച്ചന്‍ സൂക്ഷിച്ചുനോക്കി, പിന്നെ തല ചൊറിഞ്ഞു. തൊട്ടുമുന്നില്‍ വഴികാട്ടിയായി ലക്ഷ്മണന്‍ നടക്കുകയാണ്. വെറും ‘വഴികാട്ടി’ എന്ന് പറഞ്ഞാല്‍ ശരിയല്ല. ലക്ഷ്മണന്‍റെ തലയ്ക്കുള്ളിലെ അപസര്‍പ്പകന്‍ ഇപ്പൊ കത്തിജ്വലിച്ചു നില്‍ക്കുകയാണ്. വഴിക്ക് സമാന്തരമായി ചരിഞ്ഞാണ് ലക്ഷ്മണന്‍ നില്‍ക്കുന്നത്. വലത് കയ്യുയര്‍ത്തി ട്രാഫിക് പോലീസിനെപ്പോലെ തങ്കച്ചനു നേരെ ഒരു ‘സ്റ്റോപ്പ്‌ സൈന്‍’ കാണിച്ചിട്ടുണ്ട്. തല എതിർവശത്തേക്ക് തിരിച്ചു വിജനമായ വഴിയിലേക്ക് നോക്കി ശത്രുപാളയത്തിലെത്തിയ ഒരു കമാന്‍ഡോയെപ്പോലെ നില്‍ക്കുകയാണ് ലക്ഷ്മണന്‍. ലക്ഷ്മണന്‍ പച്ചലൈറ്റ് കാട്ടുന്നതും പ്രതീക്ഷിച്ചാണ് തങ്കച്ചന്‍ തല ചൊറിഞ്ഞു നില്‍ക്കുന്നത്. ഒരു അഞ്ചു സെക്കന്ഡ് നില്‍പ്പ് തുടര്‍ന്ന ശേഷം ലക്ഷ്മണന്‍ അതെ അവസ്ഥയില്‍ ചരിഞ്ഞു നാലടി മുന്നോട്ട് വയ്ക്കും, വീണ്ടും തങ്കച്ചനു നേരെ കയ്യുയര്‍ത്തും, നില്‍ക്കും.

“ഇതാണോ ലക്ഷ്മണാ വീട്?” ശബ്ദം താഴ്ത്തി തങ്കച്ചന്‍ ചോദിച്ചു

“അല്ല, കുറച്ചപ്പുറത്താ, ഒരു അരകിലോമീറ്റര്‍ കൂടിയുണ്ട്”

ചെറിയൊരു ഞെട്ടലോടെ തങ്കച്ചന്‍ ചോദിച്ചു

“എന്നാ പിന്നെ അരകിലോമീറ്റര്‍ കഴിഞ്ഞിട്ട് ഈ കോപ്രായം കാണിച്ചു തുടങ്ങിയാല്‍ പോരെ?”

“ശ്ശേ. തങ്കച്ചനെന്താ പറയുന്നത്. ഇത് ഗുണ്ടാസങ്കേതമാണ്. നിരീക്ഷണത്തിനു എവിടെയൊക്കെയാ ആള്‍ക്കാരെ നിര്‍ത്തിയിരിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. വളരെ സൂക്ഷിച്ചു വേണം മുന്നോട്ട് പോകാന്‍. ബാ ബാ”

ലക്ഷ്മണന്‍റെ കൈ വീണ്ടും താണു. ഒരു നാലടി വീണ്ടും മുന്‍പോട്ട് നടന്നു. വീണ്ടും സ്റ്റോപ്പ്‌ സൈനിട്ടു നിന്നു

“പക്ഷെ ലക്ഷ്മണാ, ഈ പോക്ക് പോയാല്‍ രണ്ടു മണിക്കൂറല്ല രണ്ടു ദിവസമെടുക്കും നമ്മളങ്ങെത്താന്‍”

അപ്പറഞ്ഞതിലും കാര്യമുണ്ട്. കരുതല്‍ മാത്രമുണ്ടായിട്ട് എന്ത് ഫലം, കാര്യം നടക്കണ്ടേ. ചരിഞ്ഞുനടത്തം തത്കാലത്തേക്ക് അവസാനിപ്പിച്ചു ലക്ഷ്മണന്‍ മുന്നോട്ട് നീങ്ങി.

 ഗ്രാമത്തിലെ യുപി സ്കൂളിനു എതിര്‍വശത്തായി കുറച്ചു മുന്നോട്ടായിട്ടാണ് ഉസ്മാന്‍റെ വീട്. സ്കൂളിനു അടുത്തെത്തിയപ്പോള്‍ തന്നെ ലക്ഷ്മണന്‍റെ നെഞ്ചിടിച്ചു തുടങ്ങി. വിചാരിച്ചത്രയും എളുപ്പമല്ല ഈ ഡിറ്റക്ടീവ് പണിയെന്ന് ലക്ഷ്മണന് തത്ക്ഷണം മനസ്സിലായി. ഒരു ആവേശത്തിന് തങ്കച്ചന്‍റെ വാക്ക് കേള്‍ക്കാതെ ഇറങ്ങിപുറപ്പെട്ടതാണ്. പോലീസിനു വീടിനെ പറ്റിയുള്ള വിവരം നല്‍കുക തന്നെയായിരുന്നു ഭേദം. പക്ഷെ ഇനിയിപ്പോ പറഞ്ഞിട്ടു കാര്യമില്ല. വീടെത്തുന്നതിനു കുറച്ചു മുന്നായി ലക്ഷ്മണന്‍ നിന്നു.

“ദാ, അതാണ്‌ വീട്”

ലക്ഷ്മണന്‍ ചൂണ്ടിക്കാട്ടി.

“ഇനി തങ്കച്ചന്‍ പോയി പെണ്‍കുട്ടിയെ രക്ഷിച്ചുകൊണ്ട് വാ.”

“ങേ! അതുശരി എന്നേം പിടിച്ചു വലിച്ചു ഹീറോ ചമഞ്ഞു വന്നിട്ട്…ഇപ്പൊ എന്നോട് പോയി രക്ഷിക്കാനോ?”

“അതിപ്പോ ചുറ്റുപാടും നിരീക്ഷിക്കാന്‍ ആരെങ്കിലും വേണ്ടേ. ഞാനിവിടെ നില്‍ക്കാം”

തങ്കച്ചന്‍ ഉത്തരം പറഞ്ഞില്ല പകരം ലക്ഷ്മണന്‍റെ കൈയും പിടിച്ചു പതുങ്ങി മുന്നോട്ട് നടന്നു.

“അല്ല, ഇവിടെയാണ്‌ പെണ്‍കുട്ടിയെ സൂക്ഷിച്ചിരിക്കുന്നതെന്ന് നമുക്ക് ഉറപ്പിക്കണ്ടേ”

അതിന് ഉത്തരമെന്നവണ്ണം ഉസ്മാന്‍റെ എരുത്തിലില്‍ നിന്ന് ആട് നീട്ടിവിളിച്ചു

‘മേ..മേ’

“ആ ഇത് തന്നെ. ഇതേ വിളി തന്നെയാ ഞാന്‍ ഫോണിലൂടെ കേട്ടത്”

“ശ്ശെ ചുമ്മാതിരി ലക്ഷ്മണാ ആടുകളെല്ലാം ഒരു പോലെയല്ലേ വിളിക്കുന്നത്. ഒരു കാര്യം ചെയ്യ്‌ ലക്ഷ്മണന്‍റെ കയ്യില്‍ വിളിച്ച ഫോണ്‍ നമ്പറില്ലേ. അതില്‍ ഒന്ന് കൂടി വിളിക്ക്. ഫോണ്‍ റിംഗ് ചെയ്‌താല്‍ നമുക്ക് കേള്‍ക്കാമല്ലോ. വീട് ഇത് തന്നെയെന്നു ഉറപ്പിക്കുകയുമാകാം”

നേരത്തെ കണ്ടുപിടിച്ച ഉസ്മാന്‍റെ നമ്പറിലേക്ക് ലക്ഷ്മണന്‍ കാള്‍ ചെയ്തു. ഫോണിലെ റിങ്ങിനോടൊപ്പം തന്നെ ഉസ്മാന്‍റെ വീട്ടിനുള്ളില്‍ നിന്ന് ഫോണ്‍ ശബ്ദം മുഴങ്ങി.

“വീടിതു തന്നെ. കാള്‍ കട്ടു ചെയ്തോ”

കാള്‍ കട്ട് ചെയ്യാനായി മുതിര്‍ന്നപ്പോഴാണ്‌ ലക്ഷ്മണന്‍ അത് ശ്രദ്ധിച്ചത്. മൊബൈലിലെ ട്രൂകാളറില്‍ വിളിച്ച ആളുടെ പേര് തെളിഞ്ഞിരിക്കുന്നു. അത് കണ്ടു ലക്ഷ്മണന്‍ ഞെട്ടി

“തങ്കച്ചാ…ഇത് കണ്ടൊ?”

“എന്താ?”

“ഇത് നമ്മള്‍ വിചാരിച്ച പോലെ സാധാരണ ആളല്ല. ഈ പേര് കണ്ടോ ‘കെന്റ് എ നാഷ്ക്’ ”

“ങേ! ഉസ്മാന്‍റെ മകന്‍റെ പേര് കെന്റ് എ നാഷ്കോ? എന്തോ പന്തികേടുണ്ടല്ലോ”

“എനിക്ക് തോന്നുന്നത് ഇവനേതോ ആഗോള ഭീകരവാദിയാണെന്നാണ്”

ഇരുവരും ഒരു നിമിഷം പരസ്പരം നോക്കി നിന്നു

ലക്ഷ്മണന്‍ പറഞ്ഞു

“എനിക്കെന്തോ പേടിയാകുന്നു. ഇത് നമ്മുടെ കയ്യില്‍ നില്‍ക്കുമെന്ന് തോന്നുന്നില്ല”

“എന്തായാലും ഇവിടം വരെയെത്തി. പോലീസിന്‍റെ ഒരു സൂചനയുമില്ല. പറഞ്ഞ രണ്ടു മണിക്കൂര്‍ കഴിയാറുമായി. ഇനിയിപ്പോ എന്തായാലും നമുക്കൊരു കൈ നോക്കാം”

തങ്കച്ചന്‍ കുനിഞ്ഞു ശബ്ദമുണ്ടാക്കാതെ പതിയെ മുന്‍പോട്ട് നീങ്ങി. വേറെ മാര്‍ഗ്ഗങ്ങളില്ലാതെ ലക്ഷ്മണന്‍ പിന്തുടര്‍ന്നു. സാമാന്യം ചെറിയ ഒരു വീടാണ് ഉസ്മാന്‍റെത്. ഓടുമേഞ്ഞ വീടിനു മതില്‍കെട്ടോ ഗേറ്റോ ഇല്ല . മുന്‍പിലെ ഇടവഴിയില്‍ നിന്ന് വീടിനു അതിര്‍ത്തിയായി ചെറിയ ഉയരം കുറഞ്ഞ ഒരു മണ്‍ഭിത്തിയാനുള്ളത്. തങ്കച്ചന്‍ വീടിനു മുന്‍പിലേക്ക് പോകാതെ, ഒരു മൂലയിലൂടെ മൺഭിത്തിക്ക് കുറുകെ കടന്നു വീട്ടുവളപ്പിലേക്ക് പ്രവേശിച്ചു. വീടിനു മുന്‍ഭാഗത്തെ ജനല്‍ തുറന്നു കിടപ്പുണ്ട്. വാതിലും സാക്ഷയിട്ടിട്ടില്ലെന്നു തങ്കച്ചനു മനസ്സിലായി. ലക്ഷ്മണന് കൈ കൊണ്ട് ആംഗ്യം കൊടുത്തശേഷം, തങ്കച്ചന്‍ ശബ്ദമുണ്ടാക്കാതെ കുനിഞ്ഞു ജനലിനു തൊട്ടു താഴെ വീടിനോട് ചേര്‍ന്നു നിലകൊണ്ടു. ലക്ഷ്മണനും അത് അനുകരിച്ചു.

ശബ്ദം താഴ്ത്തി ലക്ഷ്മണന്‍ പറഞ്ഞു

“ടിവി ഓണ്‍ ചെയ്തിട്ടുണ്ട്.”

തങ്കച്ചന്‍ ചൂണ്ടുവിരല്‍ ചുണ്ടോട് ചേര്‍ത്തു. പിന്നെ കുറച്ചു നേരം ഉള്ളിലേക്ക് കാതോര്‍ത്തു

“കാര്‍ട്ടൂണ്‍ ചാനലോ മറ്റോ ആണല്ലോ?”

ഒരു നിമിഷം ചിന്തിച്ചിട്ട് തങ്കച്ചന്‍ തുടര്‍ന്നു

“നമ്മള്‍ വിചാരിച്ചത് പോലെയല്ല. ഇതേതോ ചെറിയ കുട്ടി ആണെന്ന് തോന്നുന്നു. അച്ഛനമ്മമാര്‍ കാണാതെ തട്ടിയെടുത്തതാകണം.”

തങ്കച്ചന്‍ കുറച്ചു നേരത്തേക്ക് നിശബ്ദനായി വീട്ടിനുള്ളിലേക്ക് കാതോര്‍ത്തു.

“ശബ്ദം കേട്ടിട്ട് ടിവി ഈ മുറിയില്‍ തന്നെയാണെന്ന് തോന്നുന്നു”

തങ്കച്ചന്‍ സാവധാനം ഉയര്‍ന്നു ജനലഴികള്‍ക്കിടയിലൂടെ ഉള്ളിലേക്ക് നോക്കി

ഒന്നോ രണ്ടോ വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി. ടിവിക്ക് അഭിമുഖമായി ഒരു കസേരയില്‍ ഇരിക്കുകയാണ്. ടിവിയില്‍ നടക്കുന്ന ഏതോ കാര്‍ട്ടൂണ്‍ പ്രോഗ്രാമിലാണ് കുട്ടിയുടെ ശ്രദ്ധ മുഴുവനും.

തങ്കച്ചന്‍ മുറിയാകെ ഒന്ന് കണ്ണോടിച്ചു. മറ്റാരെയും മുറിയില്‍ കാണാനില്ല. ഇത് തന്നെയാണ് അവസരം. തങ്കച്ചന്‍ വീണ്ടും തത്‌സ്ഥാനത്തേക്ക് താണു.

“ലക്ഷ്മണാ ഇപ്പൊ മുറിയില്‍ കുട്ടി മാത്രമേയുള്ളു, മറ്റാരെങ്കിലും വരുന്നതിനു മുന്‍പ് നമുക്ക് കുട്ടിയെ എടുത്തുകൊണ്ടു സ്ഥലം വിടണം”

“പക്ഷെ..”

സമയമായിരുന്നു പ്രധാനം ലക്ഷ്മണന് പറയാനുള്ളത് കേള്‍ക്കാതെ തങ്കച്ചന്‍ മുന്നിലേക്ക് നടന്നു. മുന്‍വാതില്‍ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ.

തങ്കച്ചന്‍ വളരെ ശ്രദ്ധിച്ചു ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു അകത്ത് കടന്നു. പിന്നാലെ ലക്ഷ്മണനും കടന്നു. മുറിയില്‍ ടിവിക്ക് മുന്നില്‍ കൌതുകത്തോടെയിരിക്കുന്ന കുട്ടി. പിന്നെ ഒരു വശത്തായി  ജനലിനോട്‌ ചേര്‍ന്നു ഭിത്തിയില്‍ ചാരി ഉസ്മാന്‍റെ മകന്‍ കെന്റ് എ നാഷ്ക്!

ലക്ഷ്മണന്‍ ഞെട്ടി, തങ്കച്ചനും ഞെട്ടി. പെട്ടെന്ന് എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തില്‍ ലക്ഷ്മണന്‍ കെന്റിനു നേരെ കുതിച്ചു ചാടി. പെട്ടെന്നുള്ള ആക്രമണത്തില്‍ അയാളൊന്നു ഞെട്ടി. അപരനെ തള്ളി ലക്ഷ്മണന്‍ താഴെയിട്ടു, അയാളുടെ തോളുകള്‍ നിലത്തേക്ക് ചേര്‍ത്തു പിടിച്ചു ലക്ഷ്മണന്‍ അലറി

“തങ്കച്ചാ, കുട്ടിയെ എടുത്തു കൊണ്ട് ഓടിക്കോ. എന്നെ നോക്കണ്ട”

തങ്കച്ചന്‍ ഒരു നിമിഷം പകച്ചു നിന്നു. പിന്നെ കരയുന്ന കുട്ടിയെ വാരിയെടുത്തു പുറത്തേക്ക് ഓടി.

മുറിയിലെ ബഹളം കേട്ട് ഉസ്മാനും ബീവിയും പിന്നെ മകളും ഓടികിതച്ചെത്തി

“ആരാബടെ…..ങേ..മാഷോ..”

ലക്ഷ്മണന്‍ പെട്ടെന്ന് നിശ്ചലനായി. കുടുംബത്തോടെ കിട്നാപ്പിംഗ് നടത്തുകയാണോ? ലക്ഷ്മണൻറെ അടിയില്‍ കിടന്നു ഉസ്മാന്‍റെ മകന്‍ നിലവിളിച്ചു

“ഇയ്യാക്ക് പിരാന്താണ് വാപ്പാ. ഇത്താത്താ, ദേണ്ടേ ഒരു കഷണ്ടി പൊരേന്ന് ഫാത്തിമകുട്ടിനേം എടുത്തോണ്ട് പൊറത്തേക്കോടി”

“ന്‍റെ റബ്ബേ..എന്‍റെ കുഞ്ഞു..”

ഉസ്മാന്‍റെ മകള്‍ നിലവിളി തുടങ്ങി.

സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കി ലക്ഷ്മണന്‍ സാവകാശം എഴുന്നേറ്റു. മടക്കിക്കുത്തിയ മുണ്ട് പതിയെ അഴിച്ചിട്ടു.

“അപ്പൊ ആ കുട്ടി”

“ന്‍റെ മോള്‍ടെ കുഞ്ഞാ. ഏത് ഹമുക്കാ ന്‍റെ കുട്ടിയെ കൊണ്ടുപോയത്?”

കാര്യം മനസ്സിലാകാതെ ലക്ഷ്മണന്‍ ശങ്കിച്ചു നിന്നു

“അത്…അത് ഒരബദ്ധം പറ്റിയതാ. കുട്ടിയെ ഇപ്പൊ കൊണ്ടുവരാം”

ലക്ഷമണന്‍ തങ്കച്ചന്‍ ഓടിയേ വഴിയെ തിരിച്ചു. തങ്കച്ചന്‍റെ ഓട്ടത്തിന്‍റെ വേഗത വച്ച് അധികദൂരം പോകേണ്ടി വരില്ലെന്ന് ലക്ഷ്മണന് ഉറപ്പായിരുന്നു. കുറച്ചു മുന്നോട്ട് പോയപ്പോള്‍ തന്നെ തൊട്ടുമുന്നില്‍ കുട്ടിയെ രണ്ടു കൈ കൊണ്ടും മുഖത്തിനു നേരെ ഉയര്‍ത്തിപിടിച്ചു ഓടുന്ന തങ്കച്ചനെ ലക്ഷ്മണന്‍ കണ്ടു.

തൊട്ടുപുറകെ ലക്ഷ്മണനും ഓട്ടം തുടങ്ങി

“തങ്കച്ചാ..നില്‍ക്ക് തങ്കച്ചാ”

വിളി കേട്ട് കിതച്ചു തങ്കച്ചന്‍ നിന്നു. ലക്ഷ്മണന്‍ തങ്കച്ചനു സമീപമെത്തി. കുട്ടിയെ ഇപ്പോഴും തങ്കച്ചന്‍ ഇരു കൈ കൊണ്ടും ഉയര്‍ത്തി പിടിച്ചിരിക്കുകയാണ്

“ഇങ്ങനെയാണോ തങ്കച്ചാ കുട്ടിയെ പിടിക്കുന്നത്?”

“അത് സാമൂഹ്യഅകലം നോക്കണ്ടേ.”

ഒരു നിമിഷം നിശബ്ദനായി നിന്നിട്ട് ലക്ഷ്മണന്‍ തുടര്‍ന്നു

“തങ്കച്ചന്‍ വന്നെ നമുക്ക് തിരിച്ചു പോകണം ഒരു ചെറിയ പ്രശ്നമുണ്ട്”

“എങ്ങോട്ട് തിരിച്ചു പോകാന്‍? എന്താ പ്രശ്നം”

“അത്, എനിക്കും കൃത്യമായിട്ട് പിടികിട്ടിയിട്ടില്ല. വാ നമുക്ക് നോക്കാം”

കുട്ടിയെ പിടിച്ചു വാങ്ങിച്ചു ഉസ്മാന്‍റെ മകള്‍ തങ്കച്ചനു നേരെ ശകാര വര്‍ഷം പൊരിഞ്ഞു. ഒന്നും മനസ്സിലാകാതെ തങ്കച്ചന്‍ വാ പൊളിച്ചു നിന്നു

“അല്ലാ, ഇവിടുന്ന് നിങ്ങളല്ലാതെ വേറെ ആരെങ്കിലും ഫോണ്‍ ചെയ്താരുന്നോ?” ലക്ഷ്മണന്‍ ചോദിച്ചു

“ഇല്ല” ഉസ്മാന്‍ പറഞ്ഞു

“ഇത് തന്നെയല്ലേ ഇവിടുത്തെ നമ്പര്‍” മൊബൈലിലെ നമ്പര്‍ കാട്ടി കൊണ്ട് ലക്ഷ്മണന്‍ ചോദിച്ചു

“അതന്നെ”

“പിന്നെങ്ങനെ…അതായത് ഇവിടുത്തെ ഫോണില്‍ നിന്ന് ആരോ ഒരു പെണ്‍കുട്ടിയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. അത് കേട്ടിട്ടാ ഞങ്ങള്‍…”

“ഇങ്ങള്‍ എന്തൊക്കെയാ  മാഷെ പൊലമ്പണത്. ഈടുന്നു ആരും അങ്ങനെന്നും വിളിച്ചിട്ടില്ല. ഇങ്ങക്ക് ആള് മാറിയതായിരിക്കും”

നെഞ്ചും തടവിക്കൊണ്ട് സംശയത്തോടെ നിന്ന കെന്റ് സംശയത്തോടെ ചോദിച്ചു.

“എന്താ ഫോണിലൂടെ ചോയ്‌ച്ചേ ?”

“കൃത്യസമയത്ത് പണവുമായി വന്നില്ലെങ്കില്‍ ഇവളെ ജീവനോടെ കാണില്ല എന്ന്”

ഉസ്മാന്‍റെ പ്രിയ പുത്രന്‍ തലയില്‍ കൈ വച്ചു

“ഇതും കേട്ടാണോ മാഷെ ഇങ്ങളിതൊക്കെ കാട്ടികൂട്ടിയത്. ഞങ്ങടെ ആടിനെ വാപ്പ വില്‍ക്കാന്‍ വച്ചിരിക്കുവാ. ഇയ്ക്കാണെങ്കി നാടന്‍ ആട്ടിറച്ചി തിന്നാന്‍ കൊതിയായിട്ടും വയ്യ. ഒരുത്തര്‍ രണ്ടീസമായി ആട്ടിനെ വാങ്ങാന്‍ വരാം എന്ന് പറയണണ്ട്, ന്നാ ആളിനെ ഒട്ടു കാണാനുമില്ല. ഓനെയാണ് ഞാന്‍ വിളിച്ചു പറഞ്ഞത് ഇന്ന് കാശുമായി ആടിനെ വാങ്ങാന്‍ വന്നില്ലെങ്കില്‍ ഞങ്ങള്‍ കൊന്നു കറി വച്ച് തിന്നുമെന്നു.”

സഹതാപത്തോടെ തങ്കച്ചന്‍ ലക്ഷ്മണനെ നോക്കി. പിന്നെ തളര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു

“അപ്പോഴേ പറഞ്ഞില്ലേ ലക്ഷ്മണാ ഫോണില്‍ കേട്ടത് പോലെ അതേ രീതിയില്‍ പറയാന്‍?”

“ശ്ശേ, ഞാന്‍ അങ്ങനെ തന്നെയാ പറഞ്ഞത്”

“പിന്നേ! നെഞ്ചും വിരിച്ച് ശ്വാസം പിടിച്ചു വെയിറ്റിട്ടല്ലെ ആടിനെ വില്‍ക്കാന്‍ വിളിക്കുന്നത്. ഓരോ മണ്ടന്‍ സിനിമയും കണ്ടു ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടിയിട്ട്”

ഇളിഭ്യനായി ലക്ഷ്മണന്‍ ഒന്ന് ചിരിച്ചു. സ്വയം എന്തൊക്കെയോ പുലമ്പിക്കൊണ്ട് തങ്കച്ചന്‍ പുറത്തേക്കിറങ്ങി

പെട്ടെന്ന് സംശയത്തോടെ ലക്ഷ്മണന്‍ ചോദിച്ചു

“നിനക്കാരാടാ കെന്റെന്നു പേരിട്ടത്”

“ങേ എന്‍റെ പേര് ആഷിക്കെന്നാ”

ലക്ഷ്മണന്‍ കുറച്ചു നേരം തുറിച്ചു നോക്കി നിന്നു. പിന്നെ ഫോണില്‍ ട്രൂ കാളര്‍ ഓണ്‍ ആക്കി ആഷിക്കിനെ കാട്ടി

“കണ്ടൊ ‘കെന്റ് എ നാഷ്ക്’ ഇതാണല്ലോ നിന്‍റെ ഫോണ്‍ ഐഡി”

സര്‍വ്വദന്തങ്ങളും പുറത്ത് കാട്ടി ആഷിക്ക് ഒരു ചിരി പാസാക്കി

“അതേതോ അക്ഷരമറിയാത്തവന്‍ എഴുതിയിട്ടതാ . പിന്നെ നമ്മളോട് ചോയിച്ചിട്ടല്ലലോ നമ്മക്ക് ഓരോരുത്തര് ഇരട്ടപേരിടണത്”

“ഇതാണോ നിന്റെ ഇരട്ടപേര്?”

“ആന്നേ കെന്റ് എ നാഷ്ക് എന്നല്ല കേട്ടോ ‘കുണ്ടന്‍ ആഷിക്ക്’ എന്നാ”

(തുടരുമായിരിക്കും…)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s