
ട്രിണീം ട്രിണീം
ലക്ഷ്മണന് പുതിയൊരു ഹരം തുടങ്ങിയിരിക്കയാണ്, ഡിറ്റക്ടീവ് സിനിമകളോടുള്ള ഹരം. എവിടുന്നാണ് പെട്ടെന്ന് ഇങ്ങനെയൊരു ഇഷ്ടം പൊട്ടിമുളച്ചതെന്നു മീന അത്ഭുതപ്പെട്ടു. ആറുമണി നേരത്തെ വാര്‍ത്തയ്ക്കല്ലാതെ ടിവിയെ മൈന്‍ഡ് ചെയ്യാതിരുന്ന മനുഷ്യനായിരുന്നു. അത് മീനയ്ക്ക് ഒരനുഗ്രഹവുമായിരുന്നു. ഏഴു തൊട്ടു പത്തര വരെയുള്ള എല്ലാ സീരിയലും മുടങ്ങാതെ കാണാന്‍ പറ്റും. ടിവിയ്ക്ക് മേലുള്ള സ്വാതന്ത്ര്യം കുടുംബജീവിതത്തെ കൂട്ടിച്ചേര്‍ക്കുന്ന ഒരു പ്രധാന ഘടകമാണല്ലോ! പക്ഷെ ഇപ്പൊ സംഗതി ആകെ മാറി. ദിവസവും പത്രമെത്തിയാല്‍ അങ്ങേരു ആദ്യം തിരയുന്നത് അന്നേ ദിവസത്തെ സിനിമകളും സമയക്രമവുമാണ്. ഇനി അഥവാ ഒന്നുമില്ലെങ്കില്‍ എവിടുന്നെങ്കിലും ഒരു സിനിമാ സിഡി ഒപ്പിച്ചുകൊണ്ടുവരും. പക്ഷെ അതെല്ലാം മീന സഹിക്കും. രാത്രി സീരിയലിന്‍റെ ഇടവേളയില്‍ അമലപോള്‍ ചന്ദ്രിക റെക്കമന്‍ഡ് ചെയ്യാന്‍ വരുമ്പോള്‍ ലക്ഷ്മണന്‍ റിമോട്ട് കൈക്കലാക്കുന്നതാണ് സഹിക്കാന്‍ പറ്റാത്തത്. ഇടയ്ക്ക് ഒരു പരസ്യമെത്തിയാല്‍ അപ്പൊ ചാനല്‍ മാറ്റിക്കോളും. പിന്നെ ഒരു ചങ്കിടിപ്പാണ്. പരസ്യത്തിനിടയ്ക്ക് സിനിമയുടെ ഒരു ചെറിയ ഭാഗം കണ്ടത് കൊണ്ട് എന്ത് മനസ്സിലാകാനാണ്? മീനയ്ക്ക് ഒരു പിടിയുമില്ല.
മീനയ്ക്ക് പിടികിട്ടാത്ത ഈ സിനിമാപ്രേമത്തിനു കാരണം അടുത്തിടെയുണ്ടായ സംഭവവികാസങ്ങളാണ്. കൃത്യമായി പറഞ്ഞാല്‍ തങ്കച്ചന്‍ എത്തിയതിനു ശേഷമുള്ള സംഭവങ്ങള്‍. പശുവിന്‍റെ മോഷണവും നമ്പൂതിരിയുടെ മിസ്സിങ്ങുമെല്ലാം തങ്കച്ചന്‍ പരിഹരിച്ചത് ലക്ഷ്മണനെ സാക്ഷിനിര്‍ത്തിയായിരുന്നല്ലോ. ഹരം കയറി ലക്ഷ്മണനും ഇപ്പോള്‍ അപസര്‍പ്പകത്തിലെക്ക് കടന്നിരിക്കയാണ്. സ്ഥിരമായി അപസര്‍പ്പക സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും കടന്നുപോയത്തില്‍ നിന്ന് ഒരു കാര്യം ലക്ഷ്മണന്‍ മനസ്സിലാക്കി. എല്ലാ ഡിറ്റക്ടീവുകളുടെയും കൂടെ എപ്പോഴും സന്തതസഹചാരിയായി ഒരാളുണ്ടാകും. ഹോംസിനു വാട്സനാണെങ്കില്‍ പൊയ്റോട്ടിനു ഹേസ്റ്റിങ്ങ്സ്. ഡിറ്റക്ടീവിനെ പോലെ പ്രധാനപ്പെട്ടതാണ് ഈ കഥാപാത്രവും, ലക്ഷ്മണന്‍റെ കണ്ണില്‍ ഡിറ്റക്ടീവിനെക്കാള്‍ പ്രധാനപ്പെട്ടതും. ഒന്നാഞ്ഞു ശ്രമിച്ചാല്‍ വാട്സണില്‍ നിന്ന് ഹോംസിലെക്കുള്ള പ്രമോഷനും അകലെയല്ല എന്നു ലക്ഷ്മണന്‍ വിശ്വസിച്ചു. അങ്ങനെ തനിക്കുള്ളിലെ അപസര്‍പ്പകനെ വളര്‍ത്തുന്നതിലേക്കുള്ള ആദ്യ പടിയായിട്ടാണ് ഡിറ്റക്ടീവ് സിനിമകള്‍ കാണാന്‍ തുടങ്ങിയത്. തന്‍റെ കഴിവുകള്‍ പുറത്തെടുക്കാന്‍ ഒരവസരം കിട്ടുന്നില്ലല്ലോ എന്നൊരു സങ്കടം മാത്രമേ ലക്ഷ്മണനുള്ളൂ. അങ്ങനെയിരിക്കെ ഒരു നാള്‍ ലക്ഷ്മണനു വേണ്ടി ആ അവസരം വന്നെത്തി.
കോവിഡ് ലോക്ഡൌണ്‍ മൂലം അവധിദിനമായി മാറിയ ഒരു പ്രവൃത്തിദിവസം, പതിവുപോലെ ടിവിക്കു മുന്നില്‍ കപ്പലണ്ടിയും കൊറിച്ചു ത്രില്ലര്‍ സിനിമയില്‍ കണ്ണും നട്ടിരിക്കുകയാണ് ലക്ഷ്മണന്‍. ഓഫ് ബട്ടണ്‍ ഇല്ലാത്ത റേഡിയോ പോലെ തൊട്ടപ്പുറത്ത് നിന്ന് മീന അന്നേ ദിവസത്തെ പരദൂഷണവാര്‍ത്തകള്‍ മൊഴിയുന്നുണ്ട്. റേഡിയോ ഓഫാക്കാന്‍ പറ്റിയില്ലെങ്കിലും സ്വന്തം ഭാര്യയുടെ ശബ്ദം മാത്രം അരിച്ചുമാറ്റാന്‍ കഴിയുന്ന ഭര്‍ത്താക്കന്മാരുടെ ചെവിയിലെ ആ അരിപ്പയുണ്ടല്ലോ, അത് ലക്ഷ്മണനിലുമുണ്ട്. അത്കൊണ്ട് തന്നെ ലക്ഷ്മണന്‍റെ കണ്ണും ചെവിയും എല്ലാം മേശമേലുള്ള ടിവിയില്‍ തന്നെയാണ്. പുറത്തെ ഗേറ്റ് തുറന്നതും വരാന്തയില്‍ അതിഥിയെത്തിയതുമൊന്നും ലക്ഷ്മണനറിഞ്ഞില്ല. തുറന്നു കിടക്കുന്ന വാതിലും, അകത്തു ലക്ഷ്മണനെയും കണ്ടപ്പോല്‍ പിന്നെ ഔപചാരിതകകള്‍ ഓര്‍ക്കാതെ അതിഥി അകത്തു കടന്നു. സിനിമയില്‍ ലയിച്ചിരിക്കുന്ന ലക്ഷ്മണനെ പെട്ടെന്ന് തന്‍റെ ഘനഗംഭീരമായ ശബ്ദം കൊണ്ട് ഞെട്ടിപ്പിക്കാന്‍ തങ്കച്ചന് തോന്നിയില്ല. പതുക്കെ കസേരയ്ക്ക് പുറകിലെത്തി കുനിഞ്ഞു ശബ്ദം താഴ്ത്തി പരമരഹസ്യം പോലെ തങ്കച്ചന്‍ മന്ത്രിച്ചു
“ലക്ഷ്മണാ”
“എന്റമ്മോ..”
കയ്യിലിരുന്ന ടപ്പയും, ടപ്പയിലെ കപ്പലണ്ടിയുമെല്ലാം ചിതറി വീണു. ഞെട്ടിപ്പിടഞ്ഞു ലക്ഷ്മണന്‍ ചാടിയെണീറ്റു.
പുഞ്ചിരിച്ചുകൊണ്ട് തങ്കച്ചന്‍ പറഞ്ഞു
“ഞാന്‍ വന്നു”
പെട്ടെന്നുള്ള ഞെട്ടലില്‍ നിന്ന് പുറത്തെത്താന്‍ ലക്ഷ്മണന്‍ കുറച്ചു സമയമെടുത്തു. ഇന്നലെ വൈകുന്നേരം തങ്കച്ചനെ കണ്ടപ്പോള്‍. സമയമുള്ളപ്പോള്‍ വീട്ടിലേക്ക് പോരണമെന്നും ഊണ് കഴിച്ചു മടങ്ങാമെന്നും പറഞ്ഞത് ലക്ഷ്മണന്‍ ഓര്‍ത്തു. ഒരു ഔപചാരികതയ്ക്ക് പറഞ്ഞതാണ്, പുള്ളി സീരിയസ് ആയി എടുക്കുമെന്ന് പ്രതീക്ഷിച്ചില്ല.
“ലക്ഷ്മണന്‍ സിനിമയില്‍ മുഴുകിയിരിക്കയാണല്ലേ.”
“ആ, വെറുതെ ചാനല്‍ മാറ്റിയപ്പോള്‍ കണ്ടതാ” മുഖം കൊടുക്കാതെ ലക്ഷ്മണന്‍ പറഞ്ഞു. ഇനി മുഖലക്ഷണം നോക്കി കള്ളം കുത്തി പുറത്തിടണ്ട.
“പിന്നെ, എന്തുണ്ട് തങ്കച്ചാ വിശേഷം. പുതിയ കേസ് എന്തെങ്കിലും?”
“ങേ! എന്ത് കേസ്?”
“അല്ല, ഞാനുദ്ദേശിച്ചത് ‘പ്രശ്നപരിഹാര’ത്തിന് വേണ്ടി ആരെങ്കിലും…”
“ഹേയ് ആരുമില്ല. ആര്‍ക്കും ഒരു പ്രശ്നവുമില്ല. ഇന്നാട്ടില്‍ എല്ലാരും വളരെ സന്തോഷത്തോടെ കഴിയുകയാണെന്ന് തോന്നുന്നു.”
നിരാശയോടെ തങ്കച്ചന്‍ പറഞ്ഞു.
“പിന്നെ..തങ്കച്ചാ നമ്മുടെ പരിപാടിക്ക് ഈ പ്രശ്നപരിഹാരം എന്ന പേര് ചേരുന്നില്ല.”
“നമ്മുടെ പരിപാടിയോ?”
“ഹി..ഹി” ലക്ഷ്മണന്‍ ഒന്നിളിച്ചു. പിന്നെ മീനയെ നീട്ടിവിളിച്ചു
“മീനേ..തങ്കച്ചനു ഒരു ചായയെടുക്ക്”
ലക്ഷ്മണന്‍ ടിവി ഓഫ് ചെയ്തു, പിനെ തങ്കച്ചനെ പിടിച്ചു തൊട്ടടുത്ത് ഒരു കസേരയില്‍ ഇരുത്തി
“അപ്പൊ ഞാന്‍ പറഞ്ഞു വന്നത്. ഈ ‘പ്രശ്നപരിഹാരം’ എന്ന പേര് നമുക്കങ്ങു മാറ്റണം”
കണ്ണു കൂര്‍പ്പിച്ചു പുരികം വളച്ച് ചെറിയൊരു സംശയത്തോടെ തങ്കച്ചന്‍ ചോദിച്ചു.
“പിന്നെന്ത് പേരാ ലക്ഷ്മണന്‍ ഉദ്ദേശിക്കുന്നത്?”
“ആ, എന്‍റെ മനസ്സിലൊരു പേരുണ്ട്” അന്തരീക്ഷത്തില്‍ കൈ കൊണ്ട് ബാനര്‍ വലിച്ചുകെട്ടി ലക്ഷ്മണന്‍ പറഞ്ഞു
“എല്‍ ആന്‍ഡ് ടി അസ്സോസിയേറ്റ്സ്” ബാനര്‍ കെട്ടിയ കൈ താഴ്ത്തി തങ്കച്ചനോട് ചോദിച്ചു
“എങ്ങനെയുണ്ട്?”
‘എല്‍’ എവിടുന്നു വന്നെന്നോ ‘ടി’യ്ക്ക് മുന്നേ എങ്ങനെ കയറിപറ്റിയെന്നോ തങ്കച്ചന്‍ ചോദിച്ചില്ല. പകരം ഇത്രമാത്രം ചോദിച്ചു.
“അതേതോ ഐടി കമ്പനീടെ പേരല്ലേ ലക്ഷ്മണാ”
ഓ, അതാണ് മുന്‍പെവിടെയോ കേട്ടിട്ടുള്ളത് പോലെ ഒരു ചിന്ത വരാന്‍ കാരണം. ലക്ഷ്മണന്‍ ഓര്‍ത്തു. സാരമില്ല, ഇനിയും എത്രയോ പേര് തന്‍റെ കയ്യിലുണ്ട്. ‘ലക്ഷച്ചനും’, ‘ലക്കു ആന്‍ഡ് തങ്കു’വുമൊക്കെ വെയിറ്റിംഗ് ലിസ്റ്റിലുണ്ടല്ലോ.
ലിസ്റ്റില്‍ നിന്ന് പുതിയൊരു പേര് ആലോചിച്ചെടുക്കുന്നതിനിടയിലാണ് ലാന്‍ഡ്‌ഫോണ്‍ ശബ്ദിച്ചത്
‘ട്ര്ണീം ട്ര്ണീം’
‘ശ്ശെടാ ഇതിനെക്കൊണ്ട് വലിയ ശല്യമായല്ലോ?’
“എന്ത് പറ്റി ലക്ഷ്മണാ?”
“ആ ഫോണ്‍ കേടായിരിക്കുവാന്നെ. ഒരാഴ്ചയായി പരാതിപ്പെട്ടിട്ടു. ഒരുത്തനും ഒരു ഉത്തരവാദിത്തവുമില്ല. ഇന്നാട്ടിലെ ആര് എങ്ങോട്ട് ഫോണ്‍ ചെയ്താലും കാള്‍ വന്നുകേറുന്നത് എന്‍റെ വീട്ടിലോട്ടാ. സമാധാനം പറഞ്ഞു ഞാന്‍ മടുത്തു”
ഫോണെടുക്കാതെ അതിനെ തന്നെ തുറിച്ചു നോക്കി ലക്ഷ്മണന്‍ നിന്നു. കരഞ്ഞു മടുത്ത് ഫോണും നിന്നു. ലക്ഷ്മണന്‍ അടുത്ത ബാനര്‍ കെട്ടാനായി കൈ പൊക്കി
‘ട്ര്ണീം ട്ര്ണീം’
വീണ്ടും ഫോണ്‍ മുഴങ്ങി. ലക്ഷ്മണന്‍ തലയില്‍ കൈ വച്ചു.
“ചിലപ്പോ ഇങ്ങോട്ട് തന്നെയായിരിക്കും. വല്ല അത്യാവശ്യക്കാരുമാണെങ്കിലോ?”
തങ്കച്ചന്‍ പറഞ്ഞത് ശരിയാകാനും സാധ്യതയുണ്ട്. ലക്ഷ്മണന്‍ അലറി
“മീനേ..”
“എനിക്കൊന്നും വയ്യ, തന്നെ അങ്ങോട്ട് എടുത്താല്‍ മതി”
ഭാര്യയും കൈ വിട്ടു. ഗതിയില്ലാതെ ലക്ഷ്മണന്‍ റിസീവര്‍ കയ്യിലെടുത്തു.
“ഹലോ”
ഫോണും പിടിച്ചു നിന്ന ലക്ഷ്മണന്‍റെ മുഖഭാവം പൊടുന്നനെ മാറുന്നത് തങ്കച്ചന്‍ ശ്രദ്ധിച്ചു. കണ്ണ് പുറത്തേക്ക് തള്ളി ഒരക്ഷരം ഉരിയാടാതെ ചലനമറ്റ് വായും പൊളിച്ചു ലക്ഷ്മണന്‍ നിന്നു.
“ലക്ഷ്മണാ”
സംശയത്തോടെ തങ്കച്ചന്‍ വിളിച്ചു. മറുപടിയില്ല. നിന്ന നില്പില്‍ ഹാര്‍ട്ട് അറ്റാക്ക് വരുന്ന കാലമാണ്. തള്ളിത്തറയിലിട്ടിട്ടു ഒരു CPR കൊടുത്താലെന്തെന്നു തങ്കച്ചന്‍ ചിന്തിച്ചു. അതിനുവേണ്ടി ഇരുന്നിടത്ത് നിന്ന് എഴുനേല്‍ക്കുകയും ചെയ്തു. വരാനിരിക്കുന്ന സ്വന്തം തലമുറയുടെ ഭാഗ്യം കൊണ്ടാകണം ലക്ഷ്മണന് പെട്ടെന്ന് റിസീവര്‍ താഴെ വയ്ക്കാന്‍ തോന്നിയത്. ഇല്ലെങ്കില്‍ തള്ളിയിട്ടു തങ്കച്ചന്‍ നെഞ്ചില്‍ കേറിയിരുന്നു ഇടി തുടങ്ങുമെന്ന കാര്യം ഉറപ്പായിരുന്നു.
“എന്തു പറ്റി ലക്ഷ്മണാ?”
“തങ്ക…ച്ചാ… കൊല്ലുമെന്ന് പറഞ്ഞു”
“ങേ, ആരാ ലക്ഷ്മണനെ കൊല്ലുമെന്ന് പറഞ്ഞത്? ആരാ വിളിച്ചത്”
“രണ്ടു മണിക്കൂറിനുള്ളില്‍ പണവുമായി എത്തിയില്ലെങ്കില്‍ അവളെ കൊന്നുകളയും എന്ന് പറഞ്ഞു”
ലക്ഷ്മണന്‍ നിന്ന നില്‍പില്‍ വിയര്‍ക്കാന്‍ തുടങ്ങി
“ആരെ കൊല്ലുമെന്ന്? ഒന്ന് തെളിച്ചു പറ ലക്ഷ്മണാ”
“എനിക്കറിയില്ല. ആരാ വിളിച്ചതെന്ന് എനിക്കറിയില്ല. ഫോണെടുത്തുടന്‍ മറുവശത്തുള്ളയാള്‍ പറഞ്ഞത് ‘രണ്ടു മണിക്കൂറിനുള്ളില്‍ പണവുമായെത്തിയില്ലെങ്കില്‍ പിന്നെ ഇവളെ ജീവനോടെ കാണില്ല’ എന്നാണു. അപ്പൊ തന്നെ കാള്‍ കട്ട് ചെയ്യുകയും ചെയ്തു.”
നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് ലക്ഷ്മണന്‍ ചോദിച്ചു.
“എന്താ ചെയ്യേണ്ടത് തങ്കച്ചാ. ഇതേതോ ഗുണ്ടാസംഘമാണെന്നത് തീര്‍ച്ചയാണ്. കാള്‍ തെറ്റി ഇങ്ങോട്ടേക്ക് വന്നതാണ്. ഏതോ പെണ്‍കുട്ടിയെ കിഡ്നാപ് ചെയ്തിട്ട് പണം ആവശ്യപ്പെടുകയാണ്. പോലീസിനെ വിളിച്ചറിയിക്കാം അല്ലെ”
തങ്കച്ചന്‍ ഒന്നും ഉരിയിടാതെ അസ്തപ്രന്ജനായി നില്‍ക്കുകയാണ്.
ലക്ഷ്മണന്‍ വീണ്ടും റിസീവറിനടുത്തെക്ക് നടന്നു. പോലീസിനെ വിളിക്കുക തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. റിസീവറില്‍ കൈ വച്ചെങ്കിലും ലക്ഷ്മണന്‍ അത് എടുത്തില്ല. എന്തോ പ്രതീക്ഷിച്ചെന്ന പോലെ ഒരു നിമിഷം ശങ്കിച്ചു നിന്നു.
പെട്ടെന്ന് പുറകില്‍ നിന്ന് തങ്കച്ചന്‍റെ ശബ്ദം
“ലക്ഷ്മണാ, എനിക്കൊരു അവസരം തരൂ”
ലക്ഷ്മണന്‍ ദീര്‍ഘമായി നിശ്വസിച്ചു പിന്നെ തിരിഞ്ഞു. അയാള്‍ പ്രതീക്ഷിച്ചിരുന്നതും അത് തന്നെയാണെന്ന് തോന്നുന്നു.
സമ്മതം നല്‍കിക്കൊണ്ട് ലക്ഷ്മണന്‍ സാവധാനം തലയാട്ടി. തങ്കച്ചന്‍ മുന്നോട്ട് വന്നു, റിസീവര്‍ കയ്യിലെടുത്തു.
“ലോക്കല്‍ പോലീസ് സ്റ്റേഷനിലെ നമ്പര്‍ ഉണ്ടോ? അതോ നൂറ് ആണോ?”
ലക്ഷ്മണന്‍ ഞെട്ടി
“ങേ! അപ്പൊ തങ്കച്ചനു അവസരം തരാന്‍ പറഞ്ഞിട്ട്?”
“അതെ, ഫോണ്‍ വിളിക്കാനുള്ള അവസരം”
“എനിക്കെന്താ ഫോണ്‍ വിളിക്കാന്‍ അറിയില്ലേ? ഞാന്‍ കരുതി നിങ്ങള് കേസ് തെളിയിക്കാന്‍ പോകുകയാണെന്നു”
ശുണ്ഠി പിടിച്ചു ലക്ഷ്മണന്‍ മുന്നോട്ട് വന്നു. തങ്കച്ചന്‍റെ കയ്യില്‍ നിന്ന് ഫോൺപിടിച്ചുവാങ്ങി സ്റ്റേഷനിലെ നമ്പര്‍ ഡയല്‍ ചെയ്തു.
നടന്ന സംഭവം ലക്ഷ്മണന്‍ പോലീസിനോട് പറഞ്ഞു. വീട്ടിലെ ഫോണ്‍ നമ്പറും കൊടുത്തു. ഫോണ്‍ തിരികെ വച്ച് ഇരിക്കപ്പൊറുതിയില്ലാതെ ലക്ഷ്മണന്‍ ഇടം വലം നടക്കാന്‍ തുടങ്ങി.
“എനിക്കൊരു സമാധാനവുമില്ല തങ്കച്ചാ. പോലീസിനു ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് എത്താന്‍ പറ്റിയില്ലെങ്കിലോ? ഒരു പെണ്‍കുട്ടിയുടെ ജീവന്‍….”
എന്ത് പറയണമെന്നറിയാതെ തങ്കച്ചന്‍ കഷണ്ടിത്തല ചൊറിഞ്ഞു
“തങ്കച്ചാ, നിങ്ങടെ ബുദ്ധി വച്ചിട്ട് ഈ ഫോണ്‍ എവിടുന്നു വന്നെന്നു കണ്ടുപിടിക്കാന്‍ പറ്റില്ലേ. അറിയാതെയാണെങ്കിലും ഇപ്പൊ ആ പെണ്‍കുട്ടിയുടെ ജീവനു നമ്മളും ഉത്തരവാദിയല്ലേ”
തങ്കച്ചന്‍ കുറച്ചു നേരം ആലോചിച്ചു നിന്നു, പിന്നെ പറഞ്ഞു തുടങ്ങി.
“ലക്ഷ്മണന്‍ നേരത്തെ പറഞ്ഞത് ശരിയാണെങ്കില്‍ ഇന്നാട്ടിലെ ഫോണ്‍ കോളുകളാണല്ലോ ഇങ്ങനെ വഴി തെറ്റി ഇങ്ങോട്ടേക്ക് വരുന്നത്. അല്ലെ?”
“അതെ”
“അപ്പൊ ഇതും ഈ ഗ്രാമത്തില്‍ നിന്ന്‍ തന്നെയുള്ള ഒരു കാള്‍ ആകാനാണ് കൂടുതല്‍ സാധ്യത”
“അതേ, ആയിരിക്കണം. പക്ഷെ നമ്മുടെ ഗ്രാമത്തിലാരാ ഇങ്ങനെയൊക്കെ ചെയ്യാന്‍..” ലക്ഷ്മണന്‍ സംശയിച്ചു
“ഫോണിനു കാളര്‍ ഐഡി ഇല്ലാത്തത് വലിയ കഷ്ടമായിപ്പോയി. പക്ഷെ വേറൊരു വഴിയുണ്ട്. അതിനു മുന്‍പ് ലക്ഷ്മണന്‍റെ ഒരു സഹായം വേണം”
എന്തിനും സന്നദ്ധനായി ലക്ഷ്മണന്‍ നിന്നു.
“എന്താ വേണ്ടതെന്നു പറഞ്ഞാ മതി തങ്കച്ചാ”
“അയാള്‍, അതായത് മറുവശത്തുണ്ടായിരുന്നയാള്‍ പറഞ്ഞത് അതേ ശൈലിയില്‍ പറ്റുമെങ്കില്‍ അതെ ശബ്ദത്തില്‍ ഒന്നനുകരിച്ചു പറയാമോ?”
“ഇത്രേയുള്ളൂ പിന്നെന്താ.”
ലക്ഷ്മണന്‍ നീട്ടി ഒന്ന് ശ്വാസമെടുത്തു. പിന്നെ നെഞ്ചു വിരിച്ച് തോള്‍ രണ്ടും പുറകോട്ടു വളച്ചു നിന്നു. വളരെ നാടകീയമായി ഘനമേറിയ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി
“രണ്ടു മണിക്കൂര്‍..അതിനുള്ളില്‍ പണവുമായെത്തിയില്ലെങ്കില്‍…പിന്നെ നീ ഇവളെ ജീവനോടെ കാണില്ല”
തങ്കച്ചന്‍ സംശയത്തോടെ കുറച്ചു നേരം ലക്ഷ്മണനെ നോക്കി നിന്നു.
“ഇങ്ങനെ തന്നെയാണോ പറഞ്ഞത്?”
“അതെ തങ്കച്ചാ”
“ഇതേ ശബ്ദത്തില്‍…ഇത്രേം ഗാംഭീര്യത്തില്‍”
“അതേ”
“സിനിമയിലൊക്കെ കാണുന്ന പോലെ”
“അതേ”
“ലക്ഷ്മണന്‍ ഒന്ന് കൂടി ഒന്ന് ആലോചിച്ചു നോക്കിക്കേ. മറ്റെന്തെങ്കിലും കൂടി പറഞ്ഞാരുന്നോ, അല്ലെങ്കില്‍ ശബ്ദത്തിലോ ശൈലിയിലോ എന്തെങ്കിലും വ്യത്യാസം”
“ഇല്ലെന്നെ”
“ഉറപ്പാണോ”
“ഹല്ല പിന്നെ, ഇങ്ങനെ ഒരു കാര്യത്തില്‍ ആരെങ്കിലും തെറ്റ് വരുത്തോ?”
“എന്നാല്‍ ശരി. ഈ സംസാരിച്ച ആളുടെ ശബ്ദമല്ലാതെ മറ്റെന്തെങ്കിലും ശബ്ദം ലക്ഷ്മണന്‍ കേട്ടായിരുന്നോ? വിളിച്ചയാളുടെ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ പറ്റുന്ന രീതിയിലുള്ള എന്തെങ്കിലുമൊന്നു?”
ലക്ഷ്മണന്‍ കുറച്ചു നേരം ചിന്തിച്ചു
”ഇല്ലാ”
“ഒന്ന് കൂടി ആലോചിച്ചു നോക്ക്. കണ്ണടച്ച്, നേരത്തെ നടന്ന സംഭാഷണം അത് പോലെ ഓര്‍ത്തെടുത്ത്”
തങ്കച്ചന്‍ പറഞ്ഞത് പോലെ ലക്ഷ്മണന്‍ കണ്ണുകളടച്ചു.
“ഇനി ഓര്‍ത്ത് നോക്ക്, പശ്ചാത്തലത്തില്‍ നിന്നോ പരിസരത്ത് നിന്നോ എന്തെങ്കിലും ഒരു ശബ്ദം…അയാളുടെ ശബ്ദത്തിനൊപ്പം”
“അത്….ഉണ്ട്….ഉണ്ട്”
“എന്താ? എന്താ കേട്ടത്”
“ഒരു ആട് കരയുന്നത് കേട്ടായിരുന്നു”
“അതിപ്പോ ആട് ഉള്ള ഒരുപാട് വീട് കാണില്ലേ, വേറെന്തെകിലും?”
വീണ്ടും ചിന്തിച്ചു ലക്ഷ്മണന്‍ പരാജയം സമ്മതിച്ചു
“ഇല്ല തങ്കച്ചാ വേറൊന്നും ഓര്‍മ വരുന്നില്ല”
“ശരി ഇനി ഒരു കാര്യം ചെയ്യണം. ഇത് ബിസ്എന്‍എല്‍ കണക്ഷനല്ലെ. അവരുടെ വെബ്സൈറ്റില്‍ നമ്മുടെ അക്കൌണ്ട് വഴി ഇന്നേ ദിവസത്തെ കാള്‍ ലിസ്റ്റ് എടുക്കാന്‍ സാധിക്കും. ഇവിടെ കംപ്യുട്ടര്‍ ഉണ്ടോ?”
മീനയെ പറഞ്ഞുവിട്ട് അയലത്തെ എഞ്ചിനീയറിങ്ങിനു പഠിക്കുന്ന മെഴ്സിക്ക് അപ്പന്‍ ഓണ്‍ലൈന്‍ ക്ലാസ്സ് അറ്റന്‍ഡ് മേടിച്ചുകൊടുത്ത ലാപ്ടോപ്പ് ലക്ഷ്മണന്‍ കൈക്കലാക്കി. പഴയ ഫോണ്‍ബില്ലിലെ വിവരം നോക്കി, തങ്കച്ചന്‍ ലക്ഷ്മണന്‍റെ അക്കൗണ്ടില്‍ നിന്ന് കാള്‍ ഡീറ്റയില്‍സ് എടുത്തു
“പ്രതീക്ഷിച്ചത് പോലെ തന്നെ ഈ നാട്ടിലെ ഏതോ ലാന്‍ഡ് ഫോണ്‍ നമ്പര്‍ ആണല്ലോ”
ലക്ഷ്മണനും മീനയും മാറി മാറി നോക്കി. പരിചയമുള്ള നമ്പറല്ല. പെട്ടെന്നാണ് ടെലഫോണിനു കീഴിലിരിക്കുന്ന പൊടിപിടിച്ച ഡയറക്ടറിയുടെ കാര്യം ലക്ഷ്മണന്‍ ഓര്‍ത്തത്. കാലങ്ങളായി മനുഷ്യസ്പര്‍ശമേല്‍ക്കാതെ നിലനിന്നിരുന്ന ഡയറക്ടറിയുടെ മുകളില്‍ ഒരു എക്സ്ട്രാ പേജിന്‍റെ കനത്തില്‍ പൊടി കട്ടി പിടിച്ചിരിക്കുന്നു. അതൊക്കെ തൂത്ത്കളഞ്ഞു, വലയും അതിനുള്ളിലിരുന്നു സമാധിയായ ചിലന്തിയപ്പൂപ്പനെയുമൊക്കെ തട്ടികളഞ്ഞു ലക്ഷ്മണന്‍ ഡയറക്ടറി തുറന്നു. അതിന്‍റെ പേജുകളിലൂടെ വിരലോടിച്ചു.
“കിട്ടി തങ്കച്ചാ, കിട്ടി”
തങ്കച്ചനും ധൃതിപ്പെട്ട് ഡയറക്ടറിയിലേക്ക് എത്തി നോക്കി
“ദാ , ആളിവിടെയുണ്ട് ‘ഉസ്മാന്‍ മുഹമ്മദ്’”
“ആരാ അത് ലക്ഷ്മണനു പരിചയമുണ്ടോ?”
“അതിപ്പോ ഇവിടെ രണ്ടു മൂന്ന് ഉസ്മാന്മാരുണ്ട്.”
“വീട്ടില്‍ ആട് വളര്‍ത്തലുള്ള അല്ലെങ്കില്‍ അയലത്ത് എവിടെയെങ്കിലും ആട്..”
“ആ ഉണ്ട് ഉണ്ട്” തങ്കച്ചനെ പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ ലക്ഷ്മണന്‍ ചാടിയെണീറ്റു
“നമ്മുടെ സ്കൂളിനു അടുത്തായി തന്നെയുള്ള വീടാണ്. അയാള്‍ക്ക് ആട് വളര്‍ത്തലൊക്കെയുണ്ട്. പക്ഷെ അയാളൊരു പാവത്താനാണല്ലോ”
ഒരു നിമിഷം ലക്ഷ്മണന്‍ ചിന്തിച്ചു നിന്നു, പിന്നെ തുടര്‍ന്നു
“സാധ്യതയുണ്ട് തങ്കച്ചാ, അയാളല്ല അയാളുടെ മകനെ പറ്റി പലരും പല അഭിപ്രായവും പറഞ്ഞു കേട്ടിട്ടുണ്ട്. തൊഴിലില്ലാതെ നില്‍ക്കുന്ന പയ്യനാ. രാവിലെ ബൈക്കും എടുത്തുകൊണ്ടു പോയാല്‍ പിന്നെ രാത്രിയാണ് തിരിച്ചു വരുന്നത്. എവിടെക്കാ പോകുന്നതെന്ന് അവന്‍റെ ബാപ്പയ്ക്ക് പോലും പിടിയില്ല. ഇത് അവന്‍റെ പണി തന്നെയായിരിക്കും. ഇന്നാട്ടില്‍ ഇങ്ങനെ ചെയ്യാനും ഇവനെ പോലുള്ളവര്‍ക്കേ പറ്റൂ. കഴിഞ്ഞയാഴ്ച നമ്മുടെ ടൈലര്‍ കുഞ്ഞിരാമന്‍ പറഞ്ഞതേയുള്ളൂ ‘ആ ചെക്കന്‍റെ മുഖത്താകെ ‘നിഗൂഢതയാണെന്നു’ ”
ലക്ഷ്മണന്‍റെ മുഖത്ത് ആവേശം ഇരച്ചു കയറി
“എഴുന്നേല്‍ക്ക് തങ്കച്ചാ. പോലീസിനു മുന്‍പ് നമ്മുക്ക് അവിടെയെത്തണം. ആ പെണ്‍കുട്ടിയെ രക്ഷിക്കണം”
“ങേ..അത് വേണോ നമുക്ക് പോലീസിനെ വിളിച്ചു ഈ വിവരം കൊടുത്താല്‍ പോരെ”
“ശ്ശെ, കമോണ്‍ തങ്കച്ചാ. ഒരാളുടെ ജീവന്‍റെ ഉത്തരവാദിത്തമാണ് നമ്മുടെ കയ്യില്‍. ഈ സമയത്ത് ഇങ്ങനെ പേടിച്ചിരിക്കല്ലേ”
ഇതേ സമയം അടുക്കളയില്‍ നിന്ന്‍ അരമണിക്കൂര്‍ മുന്‍പ് പറഞ്ഞ ചായയുമായി മീനയെത്തി
“ലക്ഷ്മണാ എന്നാ ചായ കുടിച്ചിട്ട് പോകാം”
“ചായയൊക്കെ അവിടെ വച്ചിട്ട് തങ്കച്ചന്‍ വന്നേ”
തങ്കച്ചനെയും പിടിച്ചു വലിച്ചുകൊണ്ട് ലക്ഷ്മണന്‍ പുറത്തിറങ്ങി.
“മാസ്ക് വയ്ക്കാന്‍ മറക്കല്ലേ” അകത്ത് നിന്ന് മീന വിളിച്ചു പറഞ്ഞു
സഹധര്‍മ്മിണിയുടെ ബുദ്ധിയില്‍ ലക്ഷ്മണന് വലിയ മതിപ്പ് തോന്നി.
“അത് ശരിയാ. ഗുണ്ടകള്‍ നമ്മുടെ ഐഡന്റിറ്റി മനസ്സിലാക്കാന്‍ പാടില്ല”
തങ്കച്ചന്‍ പിന്നേം തല ചൊറിഞ്ഞു
“ഭാര്യ കൊറോണ മാസ്കാ ഉദേശിച്ചതെന്ന് തോന്നുന്നു”
അമളി മനസ്സിലാക്കാന്‍ ഇട കൊടുക്കാതെ ലക്ഷ്മണന്‍ ഞൊടിയിടയില്‍ അകത്ത് കടന്ന് മാസ്കുമായി തിരിച്ചെത്തി. ഈ സമയം കൊണ്ട് ചായക്കപ്പ് വീണ്ടും കൈക്കലാക്കിയ തങ്കച്ചനെ ചായ കുടിക്കാന്‍ ഒരവസരം കൊടുക്കാതെ പിടിച്ചു വലിച്ചു കൊണ്ട് ലക്ഷ്മണന്‍ ഗുണ്ടാ താവളത്തിലേക്ക് തിരിച്ചു.
(തുടരും…)