തങ്കച്ചന്‍ കഥകള്‍ 8

കിഡ്നാപ്പിംഗ് – 2

റ്റിപ്പള്ളി ഗ്രാമത്തിന്‍റെ ഒത്തനടുക്കാണ് ഗ്രാമത്തിന്‍റെ ഐശ്വര്യമായ വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിസ്തൃതിയില്‍ ചെറുതെങ്കിലും ശക്തിയേറിയ പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ എന്നാണു വിശ്വാസം. ദൂരദേശങ്ങളില്‍ നിന്ന് പോലും പലരും ഭഗവാന്‍റെ അനുഗ്രഹത്തിന് വേണ്ടി മാത്രമായി ആറ്റിപ്പള്ളിയില്‍ എത്താറുണ്ട്. ആറ്റിപ്പള്ളി എന്ന കുഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരു കണികയും ഈ ക്ഷേത്രം തന്നെ.

രാവിലെയുള്ള പൂജാദി കര്‍മങ്ങള്‍ കഴിഞ്ഞു ഒന്നു വിശ്രമിക്കുകയായിരുന്നു തിരുമേനി. അപ്പോഴാണ് നേരം തെറ്റി രണ്ടു ഭക്തന്മാര്‍! ഈ നട്ടുച്ച നേരത്തും ദൈവചിന്തയുള്ള ആ നല്ലമനുഷ്യരെ ഒരു നോക്കു കാണാനായി തിരുമേനി എഴുന്നേറ്റു, വലതുകൈ കണ്ണിനു തൊട്ടു മുകളിലായി നെറ്റിയില്‍ ചേര്‍ത്ത് വച്ച് ഗഹനമായി ഒന്ന് നോക്കി. ഇരുവരില്‍ ഒരുവനെ തിരുമേനി തിരിച്ചറിഞ്ഞു. ലക്ഷ്മണന്‍ മാഷ്‌! അധികം ക്ഷേത്രദര്‍ശനം നടത്താത്ത ആളാണ്‌, കൂടെ വേറൊരു അപരിചിതനും. കഷണ്ടിത്തലയും, നല്ല ഐശ്വര്യമുള്ള മീശയും ആ കുടവയറും കണ്ടപ്പോഴേ തിരുമേനിക്ക് ആളെ ബോധിച്ചു. കോവിലിലേക്ക് പോകാതെ രണ്ടു പേരും നേരെ തന്‍റെ നേര്‍ക്ക് വരുന്നത് കണ്ടു തിരുമേനി ഒന്ന് ശങ്കിച്ചു, വിശേഷാല്‍ പൂജയ്ക്കോ മറ്റോ വേണ്ടിയാകണം

ലക്ഷ്മണനാണ് സംസാരിച്ചു തുടങ്ങിയത്

“തിരുമേനി. നമ്മുടെ നാരായണന്‍ നമ്പൂതിരി ക്ഷേത്രത്തിലേക്ക് വന്നിരുന്നോ?”

തിരുമേനി മറുപടി പറഞ്ഞില്ല, പകരം തങ്കച്ചന്‍റെ മുഖത്തേക്ക് തന്നെ നോക്കി നില്‍പ്പാണ്

മുഷിയേണ്ട എന്ന് കരുതി തങ്കച്ചന്‍ നന്നായി ഒന്നു ചിരിച്ചു. പുതിയ ആളെ പരിചയപ്പെടുത്താതെ തിരുമേനിയില്‍ നിന്ന് ഒരക്ഷരം പ്രതീക്ഷിക്കേണ്ട എന്ന് ലക്ഷ്മണന് മനസ്സിലായി.

“പുതിയ വാടകക്കാരനാ തിരുമേനി, തങ്കച്ചന്‍”

പേര് കേട്ട് തിരുമേനി ഒന്ന് ഞെട്ടി ലക്ഷ്മണനെ നോക്കി. തിരുമേനിയുടെ ഞെട്ടല്‍ കണ്ടപ്പോഴേ ലക്ഷ്മണന് സംഗതി മനസിലായി

“പേടിക്കേണ്ട നമ്മുടെ ആളാ..”

“ആ…”

ക്ഷേത്രത്തിന്‍റെ ശുദ്ധിയില്‍ കളങ്കം വന്നിട്ടില്ല എന്ന് മനസ്സിലായതില്‍ തിരുമേനി ആശ്വസിച്ചു. പിന്നെ വീണ്ടും തങ്കച്ചന്‍റെ മുഖത്തേക്ക് നോട്ടമിട്ടു. തങ്കച്ചന്‍ കുറച്ചുകൂടി വൃത്തിയായി ചിരിച്ചു.

ലക്ഷ്മണന്‍ ചോദ്യം ആവര്‍ത്തിച്ചു

“തിരുമേനി നാരായണന്‍ നമ്പൂതിരീടെ കാര്യം?”

“ആ, നാരായണന്‍. അയാള് ഇവിടെ വന്നിട്ടുണ്ടാര്‍ന്നല്ലോ, ഇന്നലെ. എന്ത് പറ്റി”

ലക്ഷ്മണന്‍ തങ്കച്ചനെ നോക്കി. തങ്കച്ചന്‍ ഒന്ന് കണ്ണിറുക്കി. പിന്നെ ചോദ്യത്തിന്‍റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു.

“അദേഹത്തിന് എന്തെങ്കിലും മനോവിഷമമുള്ളത് പോലെ തോന്നിയോ? തിരുമേനിയോട് എന്തെങ്കിലും പറഞ്ഞാരുന്നോ”

“ഉവ്വ്, ആള്‍ ആകെ വിഷമത്തിലാര്‍ന്നു. നല്ല വണ്ണം പ്രാർത്ഥിച്ചു, ഒരുപാട് കരഞ്ഞു. എന്നിട്ടെന്താ.. സര്‍വശക്തനായ ദേവനല്ലേ, എപ്പോഴത്തെയും പോലെ ഭഗവാന്‍ കനിഞ്ഞു”

കാര്യം മനസ്സിലാകാതെ തങ്കച്ചനും ലക്ഷ്മണനും പരസ്പരം നോക്കി.

“മനസ്സിലായില്ല”

“ഹേയ്, നാരായണന്‍റെ ദുഃഖത്തിനു ഭഗവാന്‍ പരിഹാരം കാട്ടി കൊടുത്തെന്ന്. ഉഗ്രശക്തിയല്ലേ, മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉണ്ടാകും”

“എന്തായിരുന്നു നാരായണന്‍റെ ദുഃഖം? എന്ത് പരിഹാരമാ ഈശ്വരന്‍ കാട്ടികൊടുത്തത്?” ലക്ഷ്മണന് ആകാംക്ഷ അടക്കാന്‍ ആയില്ല

“അതിപ്പോ ഞാനെങ്ങിന്യാ അറിയ്വാ?” തിരുമേനി കൈ മലര്‍ത്തി.

“അപ്പൊ പിന്നെ തിരുമേനിക്കെങ്ങനെ മനസ്സിലായി ഭഗവാന്‍ പരിഹാരം കാട്ടികൊടുത്തെന്നു?”

“ഹേയ്, അയാള് പറഞ്ഞൂന്നേ. ഞാന്‍ നോക്കുമ്പോ അയാള് തൊഴല്‍ ഒക്കെ കഴിഞ്ഞ് ആളൊഴിഞ്ഞ കമ്മിറ്റി ആഫീസിന്‍റെ മുന്‍പില്‍ നിന്ന് കരയുകാ. അത് കണ്ടപ്പോ ഞാന്‍ അടുത്തു ചെന്ന് പറഞ്ഞു ‘എന്ത് വിഷമമാണെലും നന്നായി പ്രാര്‍ത്ഥിച്ചുകൊള്‍ക, സ്വന്തം മകനെ പോലെ കണ്ടു ഭഗവാന്‍ എല്ലാ പ്രശ്നവും പരിഹരിച്ചു തരുംന്ന്’. ഇത് കേട്ടതും പെട്ടെന്ന് അയാള്‍ക്കെന്തോ ദൈവവിളി ഉണ്ടായി. എന്നെ കൈ കൂപ്പി തൊഴുതു, ’ഒരുപാട് നന്ദി തിരുമേനി, ഭഗവാന്‍ നിക്ക് വഴി കാട്ടി തന്നിരിക്കണു’ എന്ന് പറഞ്ഞു സന്തോഷത്തോടെ അപ്പൊ തന്നെ സ്ഥലം വിട്ടു. എല്ലാം ഈശ്വരന്‍റെ കടാക്ഷം, …ഭഗവാനേ….” തിരുമേനി അനന്തവിഹായസ്സിലിരിക്കുന്ന ഭഗവാനെ കൈ കൂപ്പി നന്ദി അറിയിച്ചു.

കാര്യമെന്തെന്ന് മനസ്സിലാകാതെ ലക്ഷ്മണന്‍ തങ്കച്ചനു നേരെ കണ്ണെറിഞ്ഞു. തങ്കച്ചന്‍ അങ്ങനെ നിശ്ചലനായി നില്‍ക്കുകയാണ്. തങ്കച്ചന്‍റെ തുറന്നു പിടിച്ച വായ്ക്ക് ചുറ്റും തുരങ്കത്തിന്‍റെ വീതി അളന്നു ഒരു ഈച്ച അങ്ങനെ വട്ടം കറങ്ങുന്നു. പ്രദക്ഷിണം രണ്ട് പൂര്‍ത്തിയാക്കി, ‘മൂന്നാം വട്ടം’ എന്ന ദിവ്യമായ അക്കത്തിലേക്ക് കടക്കാനൊരുങ്ങിയ പാവം മക്ഷികത്തെ ഊതിപറപ്പിച്ചുകൊണ്ട്‌ തങ്കച്ചന്‍ ധ്യാനത്തില്‍ നിന്നുണര്‍ന്നു എന്നിട്ട് തിരുമേനിയോടായി ചോദിച്ചു.

“എവിടെയാ കമ്മിറ്റി ഓഫീസ്?”

തിരുമേനി പ്രവേശനകവാടത്തിന് ഇടതു ഭാഗത്തേക്ക് കൈ ചൂണ്ടി. മൂവരും അങ്ങോട്ടേക്ക് നീങ്ങി. ഒരു കുഞ്ഞു ഓലപ്പുരയാണ് കമ്മിറ്റി ഓഫീസായി രൂപാന്തരപെട്ടിരിക്കുന്നത്. തിരിച്ചറിയാന്‍ വേണ്ടിയാകണം ഒരു പേപ്പറില്‍ ‘കമ്മിറ്റി ഓഫീസ്’ എന്നെഴുതി ഓലപ്പുരയില്‍ നല്ല വൃത്തികേടായി പതിപ്പിച്ചു വച്ചിട്ടുണ്ട്. പുരക്കുള്ളില്‍ ഒരു മേശയും ഒരു കസേരയും. മേശയ്ക്ക് മുകളില്‍ നാനാവിധ നോട്ടീസുകളും ചില ആത്മീയപുസ്തകങ്ങളും ചിതറിക്കിടന്നിരുന്നു. തങ്കച്ചന്‍ ആ നോട്ടീസുകള്‍ക്കിടയില്‍ എന്തിനോ വേണ്ടി പരതി.

തങ്കച്ചനില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങളൊന്നും ഉണ്ടാകാത്തത് ലക്ഷ്മണനെ അലോസരപ്പെടുത്തി. നമ്പൂതിരിയുടെ യാത്രയെ പറ്റി എന്തെങ്കിലും അറിയാന്‍ സാധ്യതയുള്ളത് പൂജാരിക്കാണ്, ആ സ്ഥിതിക്ക് ഈ മൗനം അന്വേഷണത്തിനു ഒട്ടും നല്ലതല്ല. ചോദ്യം ചെയ്യല്‍ സ്വയം ഏറ്റെടുക്കാന്‍ തന്നെ ലക്ഷ്മണന്‍ തീരുമാനിച്ചു. ദീര്‍ഘനിശ്വാസമെടുത്ത് താടിയൊന്ന്‍ തടവി ഗൗരവഭാവം മുഖത്ത് വരുത്തി ലക്ഷ്മണന്‍ തയ്യാറെടുത്തു. പിന്നെ കൈ പിന്നില്‍ കെട്ടി, തലയുയര്‍ത്തി, ശബ്ദമൊന്നു കനപ്പിച്ചു തിരുമേനിയോടായി ചോദിച്ചു

“നാരായണൻ നമ്പൂതിരി എന്തെങ്കിലും യാത്ര പോകു…..”

ചോദ്യം പൂര്‍ത്തിയാക്കും മുന്‍പേ തങ്കച്ചന്‍ ലക്ഷ്മണനെയും പിടിച്ചു വലിച്ചു പുറത്തേക്കിറങ്ങി.

“വാ ലക്ഷ്മണാ പെട്ടെന്നാകട്ടെ. വൈകരുത്. നമുക്ക് ഒരു സ്ഥലം വരെ പോകണം. പെട്ടെന്ന് വേണം”

***

ജംഗ്ഷനില്‍ നിന്ന് ഓട്ടോയില്‍ കയറുമ്പോഴും എങ്ങോട്ടാണ് തങ്കച്ചന്‍ പായുന്നതെന്ന് ലക്ഷ്മണന് മനസ്സിലായില്ല. സിറ്റിയോട് അടുത്തുള്ള ഒരു സ്ഥലമാണ് ഓട്ടോ ഡ്രൈവറോട് ലക്ഷ്യസ്ഥാനമായി തങ്കച്ചന്‍ പറഞ്ഞത്. ഈശ്വരന്‍ നമ്പൂതിരിക്ക് മാത്രമായി പറഞ്ഞുകൊടുത്ത വഴി എങ്ങനെ തങ്കച്ചനു മനസ്സിലായി? താന്‍ കേട്ട കഥ തന്നെയല്ലേ തങ്കച്ചനും കേട്ടത്? ലക്ഷ്മണന്‍ ഒന്നിരുത്തി ചിന്തിച്ചു. ഇല്ല, ഒരു വഴിയും കാണുന്നില്ല, തങ്കച്ചനോട് ചോദിക്കാതെ വേറെ നിവര്‍ത്തിയില്ല.

“നമ്മളെങ്ങോട്ടാ തങ്കച്ചാ?”

“നമ്പൂതിരിയുടെ അടുത്തേക്ക്” തികച്ചും സ്വാഭാവികമെന്നത് പോലെ തങ്കച്ചന്‍ മറുപടി പറഞ്ഞു.

“അതെവിടെയാ?”

“ഹൊ, ലക്ഷ്മണന് ഇനിയും മനസ്സിലായില്ലേ? ലക്ഷ്മണാ ജീവിതത്തില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും, ഈശ്വരന്‍ കാട്ടിത്തന്നതെന്ന് പറഞ്ഞു നമ്മള്‍ കൈക്കൊള്ളുന്ന ഓരോ തീരുമാനവും നമ്മുടെ ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ആഗ്രഹങ്ങള്‍ തന്നെയാകും”

“മനസ്സിലായില്ല”

“ശങ്കരന്‍ പറഞ്ഞത് ഓര്‍മയില്ലേ. നമ്പൂതിരി ഒരു കുഴിമടിയനാണെന്ന്. ഭാര്യയുടെ നിര്‍ബന്ധം ഒന്ന്കൊണ്ട് മാത്രമാണ് ജോലിക്ക് പോകുന്നതെന്ന്”

“അതെ”

“ഞാന്‍ മനസ്സിലാക്കിയിടത്തോളം, ആവര്‍ത്തനവിരസമായ തന്‍റെ ജീവിതത്തില്‍ നമ്പൂതിരി ആകെ അസ്വസ്ഥനായിരുന്നു. ഈ അസ്വസ്ഥതയും പെട്ടെന്നുണ്ടായ സങ്കടവുമൊക്കെകൂടിയാണ് ഈശ്വരന്‍ കാട്ടിത്തന്ന വഴിയായി നമ്പൂതിരി തിരഞ്ഞെടുത്തത്”

ലക്ഷ്മണന്‍ ആകെ ആശയകുഴപ്പത്തിലായി. തങ്കച്ചന്‍ പറയുന്നത് തങ്കച്ചനല്ലാതെ വേറെ ആര്‍ക്കും മനസ്സിലാകില്ലെന്ന് ലക്ഷ്മണന് തോന്നി

“എനിക്കിപ്പോഴും ഒന്നും മനസ്സിലായില്ല തങ്കച്ചാ”

“ഈശ്വരന്‍റെ ദൂതനായി വന്നു തിരുമേനി കാട്ടികൊടുത്ത വഴി ലക്ഷ്മണന് പിടികിട്ടിയില്ലേ?”

തങ്കച്ചന്‍ കുമ്പ കുലുക്കി ചിരിച്ചു. ഓട്ടോയുടെ നിയന്ത്രണം കയ്യില്‍ നിന്ന് പോകുമോ എന്ന് ഭയന്നാകണം ഡ്രൈവര്‍ തങ്കച്ചനെ ഒന്ന് പാളി നോക്കി.

“പൂജാരി നാരായണന്‍ നമ്പൂതിരിയോട് പറഞ്ഞത് ഒന്ന് ഓര്‍ത്തു നോക്കിക്കേ. ‘ഭഗവാന്‍ സ്വന്തം മകനെപോലെ നോക്കികൊള്ളുമെന്നു’. ഈ വാചകമാണ് ഈശ്വരവചനമായി നമ്പൂതിരി സ്വീകരിച്ചത്. ഇവിടെയാണ്‌ നമുക്കുള്ള ക്ലൂ”

ലക്ഷ്മണന്‍ തല ചൊറിഞ്ഞു. രണ്ടാമതൊന്നു കൂടി ഇരുത്തി ചിന്തിച്ചു. ഇല്ലാ ഒന്നും കിട്ടുന്നില്ല

“ആരാ ലക്ഷ്മണാ അമ്പലത്തിലെ പ്രതിഷ്ഠ?”

“വിഷ്ണു ഭഗവാന്‍”

“അപ്പൊ ആരാ ഭഗവാന്‍റെ പുത്രന്‍?”

ലക്ഷ്മണന്‍ വീണ്ടും തല ചൊറിഞ്ഞു

“അയ്യപ്പന്‍!!…..അപ്പൊ…” ലക്ഷ്മണന്‍റെ തലയ്ക്കുള്ളിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞു

“അപ്പൊ..നമ്പൂതിരി ശബരിമലയ്ക്ക് പോയോ?”

ഇത്തവണ തല ചൊറിഞ്ഞത് തങ്കച്ചനാണ്

“ഇല്ല. മടിയന്‍ നമ്പൂതിരി മല കയറാന്‍ പോകുമെന്ന് ലക്ഷ്മണന് തോന്നുന്നുണ്ടോ? ‘പുത്രനെപ്പോലെ’ എന്നാണു ദൈവവഴിയില്‍ പറയുന്നത്. അതായത് അയ്യപ്പനെപോലെ…ചുരുക്കി പറഞ്ഞാല്‍ നമ്പൂതിരി…..”

“സന്യസിക്കാന്‍ പോയി” ലക്ഷ്മണന്‍ പൂര്‍ത്തിയാക്കി

“അതെ. ഭാര്യയോടുള്ള പശ്ചാത്താപ വിവശതയും. ദിനംപ്രതിയുള്ള വിരസതയും, ജോലി ഭാരവും എല്ലാം കൂടിയായപ്പോള്‍. തിരുമേനിയുടെ വാക്കുകള്‍ നമ്പൂതിരി ഇങ്ങനെ ഗ്രഹിച്ചെടുത്തു എന്നുവേണം പറയാന്‍. തിരുമേനി പറയുന്നതിന് മുന്നേ തന്നെ നമ്പൂതിരി ഇതിനെപറ്റി ആലോചിച്ചിരുന്നിരിക്കണം. പക്ഷെ സ്വയം തീരുമാനമെടുക്കാന്‍ ഒരു ഭയം, അപ്പോഴാണ്‌ അതാ തിരുമേനിയിലൂടെ ഈശ്വരവചനം!! പിന്നെ പറയണോ?”

“അതെങ്ങനാ നമ്പൂതിരിക്ക് നേരത്തെ അങ്ങനെ ഒരു ആലോചനയുണ്ടായിരുന്നെന്ന് തങ്കച്ചനു മനസ്സിലായത്?”

“തിരുമേനി പറഞ്ഞത് ലക്ഷ്മണന്‍ കേട്ടില്ലേ, നാരായണന്‍ നമ്പൂതിരി കമ്മിറ്റി ഓഫീസിനു മുന്നില്‍ നിന്ന് കരയുകയായിരുന്നെന്നു? തീരുമാനമെടുക്കാനുള്ള വിഷമമായിരുന്നു ആ കരച്ചിലിന് കാരണം. കൃത്യമായി പറഞ്ഞാല്‍ ദാ ഇതാണ് നമ്പൂതിരിയുടെ കരച്ചിലിന് കാരണം, കമ്മിറ്റി ആഫീസില്‍ നിന്ന് കിട്ടിയതാ. നമ്മുടെ യാത്രയും ഇങ്ങോട്ടേക്ക് തന്നെ”

ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്ന് ഒരു നോട്ടീസ് പുറത്തെടുത്തുകൊണ്ട് തങ്കച്ചന്‍ പറഞ്ഞു. തങ്കച്ചന്റെ കയ്യിലുള്ള നോട്ടീസിലെ കട്ടിയുള്ള തലവാചകത്തിലൂടെ ലക്ഷ്മണന്‍റെ കണ്ണുകള്‍ സഞ്ചരിച്ചു

‘ആത്മീയതയിലേക്ക് ഒരു വഴി, ശ്രീകൃഷ്ണപരിപാലനസമാജം’

“ദൂരേക്കെങ്ങും നമ്പൂതിരി പോയിക്കാണാന്‍ ഇടയില്ല. കാലേ കൂട്ടിയുള്ള യാത്ര അല്ലല്ലോ. ദൂരയാത്രക്കുള്ള സാധനസാമഗ്രികള്‍ എടുക്കാന്‍ വീട്ടിലേക്കും പോയിട്ടില്ല. ആള്‍ അവിടെ തന്നെ ഉണ്ടാകും”

***

സിറ്റിയിലെ തിരക്കുകളിൽ നിന്നു മാറി ശാന്തസുന്ദരമായ വൃക്ഷലതാദികളാല്‍ വലയം ചെയ്യപ്പെട്ട്, കാഴ്ചയില്‍ തന്നെ ഒരാശ്രമത്തിന്‍റെ കുളിര്‍മയേകി, ആ കെട്ടിടം സ്ഥിതിചെയ്തു. ശ്രീകൃഷ്ണപരിപാലനസമാജം എന്നെഴുതിയ വളഞ്ഞ ബോര്‍ഡിനു താഴെയുള്ള ഇരുമ്പു ഗേറ്റിനു മുന്‍പില്‍ ഓട്ടോ വന്നു നിന്നു.

തങ്കച്ചന്‍ ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങി ഡ്രൈവറിനു മുന്നിലേക്ക് ചെന്നു

“എത്രയായി?”

“അറുപത് രൂപ”

“ന്യായമായ കൂലിയാ” കൈ പിന്നില്‍ കെട്ടി ലക്ഷ്മണനെ നോക്കി തങ്കച്ചന്‍ അഭിപ്രായം അറിയിച്ചു.

അറിയാതെ പോലും കൈ പോക്കറ്റിലേക്ക് പോകാതിരിക്കാനാവണം കൈ കൂട്ടികെട്ടിയത്, ഈര്‍ഷ്യയോടെ ലക്ഷ്മണന്‍ ചിന്തിച്ചു. ഡ്രൈവറെ പറഞ്ഞയച്ചു ഇരുവരും ആശ്രമത്തിനുള്ളിലേക്ക് കടന്നു. പ്രധാന കെട്ടിടത്തിനു സമീപത്തായി കൂര പോലെ കെട്ടിപൊക്കിയ ചെറിയ ചില ഭവനങ്ങളും കാണാം.

തങ്കച്ചന്‍ ഓടി നടന്നു തിരച്ചില്‍ ആരംഭിച്ചു, ലക്ഷ്മണനും പിറകെ കൂടി.

ആദ്യത്തെ കൂരയില്‍ കയറി തിരഞ്ഞു രണ്ടാമത്തെതിലേക്ക് പോകാന്‍ ഭാവിക്കുമ്പോഴാണ് തൊട്ടടുത്ത ആലിന്‍ ചുവട്ടില്‍ ഇരിക്കുന്ന പരിചിത രൂപത്തെ ലക്ഷ്മണന്‍ ശ്രദ്ധിച്ചത് ‘നാരായണന്‍ നമ്പൂതിരി’!!. കാഷായ വേഷമൊക്കെയണിഞ്ഞു ഇരുകൈകൊണ്ടും താടിയും താങ്ങി ദുഃഖപരവശനായി ഇരിക്കുകയാണ് കക്ഷി.

ലക്ഷ്മണനെ കണ്ടതും നമ്പൂതിരി ചാടിയെഴുന്നേറ്റു സന്തോഷത്തോടെ ഓടി അടുത്തെത്തി.

ജീവിതത്തില്‍ ആരെങ്കിലും എപ്പോഴെങ്കിലും തന്നെ കണ്ടിട്ട് ഇത്രയും സന്തോഷിച്ചിട്ടുണ്ടാകുമോയെന്ന് ലക്ഷ്മണന്‍ അത്ഭുതപ്പെട്ടു. ലക്ഷ്മണന്‍റെ കരം ഗ്രഹിച്ചിട്ടു ആനന്ദാശ്രുക്കളോടെ നമ്പൂതിരി വാചാലനായി

“ലക്ഷ്മണാ, സാവിത്രിക്ക് എങ്ങനെയുണ്ട്? ഇപ്പോഴും സങ്കടത്തിലാണോ? ആരോഗ്യമൊക്കെ മോശമായി കാണും ല്ലേ? എന്‍റെ നന്ദിനിപ്പശു വല്ലതും കഴിക്കുന്നുണ്ടോ? ഇപ്പോഴും കരച്ചിലാണോ? ഈശ്വരാ പാവം എല്ലും തോലുമായി കാണും”

ലക്ഷ്മണന്‍ ഒരു വിധം കരയുന്ന നമ്പൂതിരിയെ പറഞ്ഞു സമാധാനിപ്പിച്ചു. ഒരു ദിവസത്തെ കരച്ചില്‍ കൊണ്ട് സഹധര്‍മ്മിണിയുടെയോ പശുവിന്‍റെയോ ആരോഗ്യത്തില്‍ കാര്യമായ മാറ്റം വരില്ലായെന്നു പറഞ്ഞു മനസ്സിലാക്കി. അന്ന്തന്നെ നമ്പൂതിരി തിരിച്ചുവരുന്നതിനെ കുറിച്ചു ആലോചിക്കുകയായിരുന്നത്രേ! മടിപിടിച്ചിരിക്കാന്‍ ഒരു സുഖമൊക്കെയുണ്ടെങ്കിലും ഭാര്യയെ കാണാതിരിക്കാന്‍ നാരായണന് വയ്യ. അങ്ങനെ കാര്യങ്ങളൊക്കെ പറഞ്ഞു തീര്‍പ്പാക്കി പോകാന്‍ ഒരുങ്ങുമ്പോഴേക്കും, ആശ്രമം മുഴുവന്‍ ഓടിനടന്നു അരിച്ചുപെറുക്കി അന്വേഷിച്ചിട്ട് തങ്കച്ചനും തിരിച്ചെത്തി. അന്വേഷണത്തില്‍ ക്ഷീണിതനായെത്തിയ തങ്കച്ചന്‍ ലക്ഷ്മണനോടൊപ്പം നമ്പൂതിരിയെ കണ്ടു ഇളിഭ്യനായി. തങ്കച്ചന്‍റെ കുണ്ഠിതപ്പെട്ട മുഖം കണ്ടു ലക്ഷ്മണന്‍ മനസ്സില്‍ ഒന്ന് ചിരിച്ചു. പിന്നെ കാഷായ വസ്ത്രം മാറ്റി, പുതുതായെടുത്ത അഡ്മിഷനും ക്യാന്‍സല്‍ ചെയ്ത് നമ്പൂതിരിയെയും കൊണ്ട്, കരഞ്ഞു തളര്‍ന്ന് അയാളെ കാത്തിരിക്കുന്ന പത്നിക്കും പശുവിനും അടുത്തേക്ക് യാത്ര തിരിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s