പ്രണയവീഥിയിലെ യാത്രികര്‍ – 1

വേണു

    ആയിരം ദീപങ്ങള്‍ കൊളുത്തിവച്ച കല്‍മണ്ഡപം പോലെയായിരുന്നു അവളുടെ പുഞ്ചിരി. ആരെയും മയക്കുന്ന പവിഴങ്ങള്‍ പോലെയായിരുന്നു അവളുടെ തിളങ്ങുന്ന കണ്ണുകള്‍. അവളുടെ വലംകവിളില്‍ മിന്നിമറയുന്ന നുണക്കുഴി അഷ്ടമിരാവിലെ അര്‍ദ്ധചന്ദ്രനെപ്പോലെ അഴകാര്‍ന്നതായിരുന്നു. അവളുടെ പാറിപ്പറക്കുന്ന നീളന്‍ മുടിയിഴകളുടെ കുരുക്കില്‍, ഇതാ എന്‍റെ ഹൃദയം അകപ്പെട്ടിരിക്കുന്നു. അതേ ഞാന്‍ പ്രണയത്തിലാണ്!

വേരൂന്നിനില്‍ക്കുന്ന നഗരത്തിനേക്കാള്‍ പഴക്കമുണ്ട് ആ ആല്‍മരത്തിനു. ആ മഹാവൃക്ഷത്തിന്‌ എതിര്‍വശത്തായിട്ടാണ് ബസ്സ്റ്റോപ്പ്‌. പതിവുപോലെ ഇന്നും ആ ബസ്സ്റ്റോപ്പില്‍ ഞാന്‍ അവളെ കാത്തു നില്‍ക്കുകയാണ്, എന്‍റെ പ്രണയിനിയെ! അവള്‍ക്ക് എന്നെ അറിയില്ല, ഞാന്‍ അവളെ പ്രണയിക്കുന്നുണ്ടെന്നറിയില്ല. ഒരു പക്ഷെ ദിവസവും കാണുന്ന നൂറോളം മുഖങ്ങളില്‍ ഒന്ന്. കണ്ടിട്ടുണ്ടോ എന്നു കൂടിയറിയില്ല! പക്ഷെ എനിക്കവള്‍ പ്രണയിനിയാണ്. പ്രേമം തലച്ചോറില്‍ നെയ്തുകൂട്ടുന്ന ദിവാസ്വപ്നങ്ങളില്‍ എന്നോട് കൈകോര്‍ത്ത് എപ്പോഴും അവളുണ്ടാകും. ബീച്ചില്‍, പാര്‍ക്കില്‍, സിനിമാ തിയേറ്ററില്‍, കിടപ്പറയില്‍… പകല്‍ തുടങ്ങുന്നത് അവളെ കുറിച്ചുള്ള ചിന്തയിലാണ്, രാത്രി ഒടുങ്ങുന്നതും അവളുടെ ചിന്തയില്‍ തന്നെ. മനസ്സില്‍ ദുഃഖമുണ്ടാകുമ്പോള്‍ ഞാന്‍ ആദ്യമോര്‍ക്കുന്നത് അവളെപറ്റിയാണ്. ആ പെണ്‍കുട്ടിയെ പറ്റിയുള്ള ചിന്തകള്‍ തന്നെ എന്‍റെ ദുഃഖങ്ങളെ അലിയിച്ചില്ലാതാക്കുന്നു. ഇനി സന്തോഷമാണ് ഉണ്ടാകുന്നതെന്നിരിക്കട്ടെ അപ്പോഴും എന്‍റെ ചിന്താമണ്ഡലത്തില്‍ തെളിയുന്ന മുഖം എന്‍റെ പ്രിയ പ്രേയസിയുടെത് തന്നെ. എന്‍റെ ആഹ്ലാദത്തിന്‍റെ നിമിഷങ്ങള്‍ അവളോടൊപ്പം പങ്കിടാന്‍ കഴിഞ്ഞെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

    ഇന്നവള്‍ വൈകുന്നതെന്താണ്? പശ്ചിമം ചുവക്കാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ ഹൃദയവും കലങ്ങിത്തുടങ്ങി. സാധാരണ ഇങ്ങനെയുണ്ടാകാറില്ല, കൃത്യം അഞ്ചു മണിക്ക് ഓഫീസില്‍ നിന്നിറങ്ങി,  ബേക്കറിക്ക് പുറകുവശത്തുള്ള കുറുക്കുവഴിയിലൂടെ ഒന്ന് വേഗത്തില്‍ നടന്നാല്‍ ആല്‍മരത്തിനടുത്തായുള്ള തമിഴ് ദമ്പതികളുടെ ചായക്കടയിലെത്താം. അവിടെനിന്ന് കടുപ്പത്തില്‍ ഒരു ചായ മേടിച്ചു അരഗ്ലാസ്സ് കുടിച്ചുകഴിയുമ്പോഴേക്കും ഇടതുവശത്തുള്ള വളവില്‍ ആ പെണ്‍സംഘം പ്രത്യക്ഷപ്പെടും. എല്ലാ ദിവസവും മുറതെറ്റാതെ കൂട്ടത്തിന്‍റെ വലത്തേയറ്റത്ത് അവളുണ്ടാകും. റോഡ്‌ മുറിച്ചുകടന്നു അവര്‍ ബസ്സ്റ്റോപ്പില്‍ സ്ഥാനം പിടിക്കുമ്പോഴേക്കും അവളെ കാണാന്‍ പറ്റുന്ന നല്ലൊരു വീക്ഷണകോണില്‍ ഞാനും നില്‍പ്പുറപ്പിക്കും. ഇതാണ് പതിവ്. ആറാഴ്ചയായി മുടങ്ങാതെയുള്ള പതിവ്. ഇതിപ്പോ ചായ കുടിച്ചുകഴിഞ്ഞു. എന്നിട്ട് ഒരു കട്ടനും കുടിച്ചു. അതേ, രണ്ടാമത് കട്ടനാണ് പറഞ്ഞത് അധികം പാല് മോന്തി തലച്ചോറിനെ ആലസ്യത്തിലാക്കേണ്ട എന്നു കരുതി, പ്രണയിക്കാനുള്ളതല്ലേ! ബസ്സ്റ്റോപ്പില്‍ എത്തിയിട്ട് സമയമെത്രയായെന്നു അറിഞ്ഞുകൂടാ, ഇടയ്ക്കിടയ്ക്ക് വാച്ചില്‍ നോക്കുന്നുണ്ടെന്നത് ശരി തന്നെ പക്ഷെ അക്കങ്ങളുടെ വര്‍ത്തുള ചിത്രം സമയമായി തലച്ചോറില്‍ രൂപാന്തരപ്പെടുന്നതിനു മുന്‍പ് വാച്ചില്‍ നിന്ന് തല തിരിച്ചു തിരികെ വളവിലേക്ക് നോട്ടമെറിയും. എന്‍റെ പ്രണയിനിയുടെ ഒരു ചലനം പോലും നഷ്ടമാക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല.

ബസ്സ്റ്റോപ്പിലെ ആള്‍ക്കൂട്ടം ചെറുതായൊന്നു കുറഞ്ഞുതുടങ്ങിയപ്പോള്‍ വളവില്‍ അവള്‍ പ്രത്യക്ഷപ്പെട്ടു. പക്ഷെ ഒറ്റയ്ക്കാണ്, സമയം വൈകിയതിന്‍റെ അങ്കലാപ്പ് മുഖത്തുണ്ട്. അവള്‍ റോഡ്‌ മുറിച്ചുകടക്കാന്‍ തുടങ്ങിയപ്പോഴേക്കും ബസ് വന്നെത്തി. പെണ്ണിന്‍റെ അങ്കലാപ്പും കൂടി. കണ്ടക്ടറോട് സിംഗിളടിക്കാന്‍ ആജ്ഞാപിച്ചിട്ടു, ഓടിച്ചെന്നു അവളുടെ കൈ പിടിച്ചു റോഡ്‌ കടത്തി പ്രണയപൂര്‍വ്വം ബസ്സിലേക്ക് ആനയിക്കാനുള്ള ഒരു പദ്ധതി മനസ്സില്‍ രൂപം കൊണ്ടു. സാധാരണ ദിവാസ്വപ്നങ്ങളെപ്പോലെ ജനിച്ചിടത്തു തന്നെ ആ ചിന്തയും വീണുടഞ്ഞു. രണ്ടു മിനിറ്റ് വെയിറ്റ് ചെയ്യേണ്ടി വന്നാലും ഒരു ഫുള്‍ ടിക്കറ്റിന്‍റെ ചിലവ് കളയാന്‍ മനസ്സില്ലാത്ത ബസ് കണ്ടക്ടറുടെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ. അവള്‍ മറുവശത്തെത്തി, ബസ്സില്‍ കയറി, ഞാനും.

 കുറച്ചു മുന്നിലായുള്ള സീറ്റിലാണ് ഞാനിരുന്നത്. തൊട്ടുമുന്നിലെ ഒഴിഞ്ഞ സീറ്റ് സ്ത്രീകളുടെതാണ്. എന്‍റെ പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടു. അവള്‍, എന്‍റെ പ്രണയിനി  എനിക്കു തൊട്ടുമുന്നില്‍ ഇരിപ്പുറപ്പിച്ചു. ബസ്സ്‌ നീങ്ങിത്തുടങ്ങി. അവളുടെ മുടിയിഴകള്‍ ഇളംതെന്നലില്‍ ആടിക്കളിക്കുന്നുണ്ടായിരുന്നു. മുന്‍സീറ്റിന്‍റെ പിടിയില്‍ ഞാന്‍ കൈകള്‍ വച്ചു, ആ മുടിയിഴകള്‍ എന്‍റെ കൈത്തണ്ടയെ തലോടി. ചെറിയൊരു ചെമ്പന്‍ നിറമുണ്ട് അവളുടെ മുടിക്ക്, ഈര്‍പ്പമില്ലാത്ത മിനുസമായ നേര്‍ത്ത മുടി. പ്രകാശം പതിക്കുമ്പോള്‍ ആ നേര്‍ത്ത ചെമ്പന്‍ നിറമുള്ള മുടിയിഴകള്‍ തിളങ്ങുന്നു. ആദ്യമായിട്ടാണ് ഇത്രയും അടുത്ത് ഞാന്‍ അവളെ കാണുന്നത്.

കണ്ടക്ടറോട് ടിക്കറ്റ് എടുക്കാന്‍ നേരം അവള്‍ പറഞ്ഞ സ്ഥലം ഞാന്‍ വ്യക്തമായി കേട്ടു. പെട്ടെന്ന് തോന്നിയ ഒരാവേശത്തില്‍ ഞാനും അങ്ങോട്ടേക്ക് തന്നെ ടിക്കറ്റെടുത്തു. സ്ഥിരം കാണാറുള്ള കണ്ടക്ടറായതുകൊണ്ടാകണം അയാള്‍ ഒരു സംശയത്തോടെ എന്നെ നോക്കി. കൂടുതല്‍ ചോദ്യത്തിന് ഇടകൊടുക്കാതെ ഞാന്‍ മുഖം തിരിച്ചു കളഞ്ഞു. പതിവായിട്ടുള്ള സ്ഥലത്ത് തന്നെ എന്നും ഇറങ്ങണം എന്ന് എന്താണിത്ര നിര്‍ബന്ധം? മനുഷ്യനല്ലേ, സാഹചര്യങ്ങള്‍ മാറിമറിയില്ലേ? പതിവ് തെറ്റിക്കേണ്ട പല അത്യാവശ്യങ്ങളും വന്നു ചേരില്ലേ? ഉദാഹരണത്തിന് സ്വന്തം പ്രണയിനിയെ പിന്തുടരുക എന്ന അത്യാവശ്യം! ഇതിലൊക്കെ ഇത്ര സംശയിക്കാന്‍ എന്തിരിക്കുന്നു. പെട്ടെന്ന് മുന്നിലൊരു ഫോണ്‍ശബ്ദം കേട്ടു. ഹാന്‍ഡ്‌ ബാഗില്‍ നിന്ന് ഫോണെടുത്ത് അവള്‍ കാതോടു ചേര്‍ത്തു

 “ഹലോ…….ഹലോ…..അതേ…ഭാമയാണ്..”

ഞാന്‍ അജ്ഞാതനായ ആ ഫോണ്‍ സന്ദേശകനോട് മനസ്സില്‍ നന്ദി പറഞ്ഞു. ഇത്രനാളായിട്ടും അവളുടെ പേരറിയാത്തതില്‍ എനിക്ക് കുണ്ഠിതമുണ്ടായിരുന്നു. ഇന്ന് ഞാനത് മനസ്സിലാക്കിയിരിക്കുന്നു. എന്‍റെ പ്രണയിനിയ്ക്ക് ഒരു പേരുണ്ട് ‘ഭാമ’. വെറും രണ്ടക്ഷരങ്ങളില്‍ തീര്‍ത്ത ചെറിയ, മനോഹരമായ പേര്. പഴമക്കാര്‍ പറയുന്നത് ശരിയാണ് ‘ചെറുതാണ് മനോഹരം’. ‘സുമിത്ര’ എന്ന പേരിനെക്കാളും എത്രയോ മികച്ചതാണ് ‘ഭാമ’ എന്ന പേര്. വിളിക്കുന്നയാളിനും ഒരു കുളിര്‍മ നല്‍കുന്ന നാമം. പതിവായിയിറങ്ങിയിരുന്ന സ്റ്റോപ്പും കഴിഞ്ഞു ബസ് സഞ്ചരിച്ചു. ഞാന്‍ വൈകുന്നതില്‍ അവള്‍ പരിഭ്രമിക്കുന്നുണ്ടാകുമോ? അറിയില്ല. ഒരു കാര്യം തീര്‍ച്ചയാണ് രാത്രി വീട്ടിലെത്തുമ്പോള്‍ ഒരായിരം ചോദ്യങ്ങളുമായി അവള്‍ മുന്നിലുണ്ടാകും, സുമിത്ര, എന്‍റെ ഭാര്യ.

സുമിത്ര

  ‘സ്വര്‍ണനിറം’ എന്ന് പറയാന്‍ പറ്റില്ല തന്നെ. മറ്റെന്തു വിളിക്കും? ‘തിളങ്ങുന്ന മിനുസമായ മഞ്ഞനിറം’ എന്ന് പറഞ്ഞാലെന്താ? എന്തൊക്കെ പറഞ്ഞാലും അതിനെ സ്വര്‍ണനിറം എന്ന് വിളിക്കാന്‍ സുമിത്രയ്ക്ക് തീരെ താത്പര്യമില്ല. സ്വര്‍ണനിറം സ്വര്‍ണത്തിന്‍റെതാണ്, വിലപിടിച്ച വെട്ടിത്തിളങ്ങുന്ന, ആരെയും സുന്ദരിയാക്കുന്ന  സ്വര്‍ണത്തിന്‍റെത്. അല്ലാതെ പൊടിയും വലയും പിടിച്ച ഈ പഴഞ്ചന്‍ ക്ലോക്കിന്‍റെ മേലുള്ള ഇളകിത്തുടങ്ങിയ പെയിന്റിനെ സ്വര്‍ണനിറമെന്ന് വിളിക്കാമോ? വിളിച്ചുകൂടാ, അത്ര തന്നെ.

തിളങ്ങുന്ന മിനുസമായ മഞ്ഞനിറമുള്ള ക്ലോക്കിലെ തിളക്കമില്ലാത്ത മിനുസതയില്ലാത്ത മഞ്ഞനിറമുള്ള സൂചികള്‍ ‘എട്ടെ പത്ത്’ എന്ന സമയം കാണിച്ചു.

“ഇങ്ങേരിതെവിടെ പോയിക്കിടക്കയാ?, മണി എട്ടു കഴിഞ്ഞു. വീട്ടില്‍ ഭാര്യ തനിച്ചാണെന്ന ഒരു ചിന്തപോലുമില്ല” ആരോടെന്നില്ലാതെ സുമിത്ര പിറുപിറുത്തു. അഞ്ചു മണി വരെയേ ജോലിയുള്ളൂ. ഒരു മുക്കാല്‍ മണിക്കൂര്‍ ബസ് യാത്ര ഉണ്ടാകും. ഇനി ബസ് വൈകിയാലും പരമാവധി ഒരു മണിക്കൂര്‍. ആറു മണിക്ക് വീട്ടിലെത്തേണ്ട മനുഷ്യനാണ്! ഒരു ബൈക്ക് വാങ്ങാന്‍ പറഞ്ഞാല്‍ അതും കേള്‍ക്കില്ല. നാല്പ്പത്തഞ്ചു കഴിഞ്ഞ ശാന്തചേച്ചി വരെ ബൈക്കിനു പുറകില്‍ ഞെളിഞ്ഞിരുന്നാണ് യാത്ര. മുപ്പതിന്‍റെ പടിവാതില്‍ കടന്ന ഞാനൊരു യാത്ര പോകണമെങ്കില്‍ ജംഗ്ഷനിലെ വായിനോക്കികളുടെ നോട്ടവും സഹിച്ചു വെയിലും കൊണ്ടു ബസ്സ്റ്റോപ്പില്‍ നില്‍ക്കണം. അതെങ്ങനാ, എന്ത് പറഞ്ഞാലും ‘കാശില്ല’ എന്നൊരു പല്ലവി തന്നെ. പത്ത് വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. ഈ കിട്ടുന്ന കാശൊക്കെ എങ്ങോട്ടേക്കാണാവോ പോകുന്നത്? കിട്ടുന്ന ശമ്പളം ഇങ്ങോട്ടേക്ക് ഏല്‍പ്പിക്കാന്‍ പറഞ്ഞാല്‍ അതിനും വയ്യ. ചെറിയൊരു സ്വര്‍ണമാല മേടിക്കുന്ന കാര്യം പറഞ്ഞതിന് രണ്ടു ദിവസം മുന്‍പ് കാണിച്ച പുകില്! മാല പോട്ടെ നല്ലൊരു സാരി തന്നെ വാങ്ങിയിട്ട് നാളെത്രയായി? എന്നാല്‍ വേണ്ട, ഒന്നും വാങ്ങിത്തരണ്ട. ഒന്ന് പാര്‍ക്കിലെക്കോ ബീച്ചിലേക്കോ കൊണ്ട് പോയ്ക്കൂടെ, അതുമില്ല. കല്യാണം കഴിഞ്ഞ സമയത്ത് ആള്‍ ഇങ്ങനെയൊന്നുമായിരുന്നില്ല. ഇപ്പോള്‍ ആകെ മാറിപ്പോയി.

സുമിത്ര മുന്‍വാതില്‍ തുറന്നു പൂമുഖത്തേക്കിറങ്ങി. പ്രധാന കവലയില്‍ നിന്ന് ഒരു അരകിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് വേണുവിന്‍റെയും സുമിത്രയുടെയും വീട്. പൂമുഖത്ത് നിന്നാല്‍ ജംഗ്ഷന്‍ കാണാന്‍ യാതൊരു വഴിയുമില്ല, അയല്‍ക്കാരുടെ മതില്‍ കാരണം കവലയിലേക്കുള്ള വഴിയും കാണാന്‍ പറ്റില്ല. ചുരുക്കിപ്പറഞ്ഞാല്‍ വീടിനുള്ളിലിരുന്നാലും പുറത്ത് നിന്നാലും ഒരേ അവസ്ഥ തന്നെ. എന്നിരുന്നാലും വേണു വൈകുന്നു എന്നു കണ്ടാല്‍ സുമിത്രയ്ക്ക് ഇരിപ്പുറയ്ക്കില്ല. കവിവചനം പോലെ പൂമുഖവാതില്‍ക്കല്‍ നാഥനെയും കാത്ത് ഉത്തമയായ ഭാര്യയായി സുമിത്ര കാത്തുനില്‍ക്കും.

പുറത്ത് നല്ല നിലാവുണ്ട്. പൂര്‍ണതേജസ്സോടെ ചന്ദ്രന്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നു. വേണുവേട്ടനും പൂര്‍ണചന്ദ്രനെപ്പോലെയായാലെന്തെന്നു ഒരു നിമിഷത്തേക്ക് സുമിത്ര ചിന്തിച്ചു. ഇല്ല, വേണുവേട്ടന്‍ നേരെ വിപരീതമാണ്, അമാവാസി പോലെ. മേഘങ്ങള്‍ക്ക് പിന്നിലൊളിച്ചു, മുഖം തരാതെ, ഒന്നും സംസാരിക്കാതെ. ഓഫീസിലെ കാര്യങ്ങളോ കൂട്ടുകാരെ കുറിച്ചോ ഒന്നും വേണുവേട്ടന്‍ സംസാരിക്കില്ല. വന്നു കയറുമ്പോഴേ ക്ഷീണമാണ്. ഭക്ഷണം കഴിച്ചു കിടന്നു കഴിഞ്ഞാല്‍ അപ്പൊ തന്നെ ഉറക്കവുമായി. ഏട്ടന്‍റെ അമ്മ മരിച്ചതില്‍ പിന്നെ താനാകെ ഒറ്റപ്പെട്ടതുപോലെയാണ്. ഒന്നു സംസാരിക്കാന്‍ കൂടി ആരുമില്ല. അമ്മയുടെ മരണത്തോട് കൂടി വേണുവേട്ടനും ആകെ മാറിയിരിക്കുന്നു. പണത്തിനോടെന്നപോലെ തന്നെ വാക്കുകള്‍ക്കും ഇപ്പോള്‍ പിശുക്കാണ്. ഞാനെന്തെങ്കിലും ചോദിക്കുന്നത് പോലും ഇഷ്ടമല്ല. എനിക്ക് എപ്പോഴും സംശയങ്ങളും ചോദ്യങ്ങളുമാണണത്രേ? പിന്നെ ഞാന്‍ ആരോട് സംസാരിക്കാനാണ്, ഇങ്ങോട്ട് സംസാരിക്കാത്തയാളോട് അങ്ങോട്ട്‌ ചോദിക്കാതെ മറ്റെന്തു ചെയ്യാനാണ്?

വരുന്ന ഓണത്തിനു എന്തായാലും രണ്ടു ദിവസം വീട്ടില്‍ കൊണ്ട് വിടാം എന്ന് വേണുവേട്ടന്‍ സമ്മതിച്ചിട്ടുണ്ട്. അതാണ്‌ ഒരു സമാധാനം, സ്വന്തം വീട്ടില്‍ രണ്ടു നാള്‍ തങ്ങിയ കാലം മറന്നു. ചിന്തകളിലേക്ക് ആണ്ടുപോയി സുമിത്ര. കണ്ണുകള്‍ തുറന്നു പിടിച്ചു പുറത്തേക്ക് നോക്കി നില്‍ക്കുകയാണെങ്കിലും മുന്നില്‍ കാഴ്ചകളില്ല. കാഴ്ചകള്‍ തലയ്ക്കുള്ളിലാണ്, ഓര്‍മ്മയുടെ നൂലുകളാല്‍ തുന്നിച്ചേര്‍ത്ത മനോഹരമായ ചിത്രങ്ങള്‍ അവളുടെ ബോധമണ്ഡലത്തിലൂടെ ഒഴുകിനീങ്ങി. വേഗത്തില്‍ നീങ്ങുന്ന ഫിലിം റോളുകള്‍ തീര്‍ക്കുന്ന ചലച്ചിത്രം പോലെ അവളുടെ മനസ്സിലും ദൃശ്യങ്ങള്‍ രൂപം കൊള്ളുകയായിരുന്നു, ഭൂതകാലം! വിവാഹത്തിനു മുന്‍പുള്ള ജീവിതം, സ്വന്തം നാട്,  അച്ഛന്‍, അമ്മ, പിന്നെ കോളേജ്, പ്രണയം, ഷഹബാസ്…

പെട്ടെന്നൊരു കുളിര് വന്നു പുണര്‍ന്നത്‌ പോലെ. സ്വയം ആലിംഗനം ചെയ്യുന്നത് പോലെ സുമിത്ര പെട്ടെന്ന് കൈകള്‍ കെട്ടി. തണുത്ത കാറ്റ് വീശുന്നുണ്ട്, നൈറ്റിയുടെ അയഞ്ഞ കൈകള്‍ക്കിടയിലൂടെ സ്വന്തം മാംസപേശികളെ അവള്‍ അമര്‍ത്തിത്തിരുമ്മി.

അസൂയയായിരുന്നു സകലപെണ്‍കുട്ടികള്‍ക്കും. ആ അസൂയ ഞാന്‍ എന്തുമാത്രം ആസ്വദിച്ചിരുന്നു. ഒരിക്കലും അവരെ കുറ്റം പറയാനാകില്ല. കോളേജിലെ ഏറ്റവും സുമുഖനായ ആണ്‍കുട്ടി, കരുത്തന്‍, നല്ല സ്വഭാവം. അവനെ പ്രണയിക്കാന്‍ ആരാണ് കൊതിക്കാത്തത്‌. പക്ഷെ നറുക്ക് വീണത് സുമിത്രയ്ക്കാണ്! ഷഹബാസ് പ്രണയം തുറന്നു പറഞ്ഞ ദിവസം ഇപ്പോഴും നന്നായി ഓര്‍ക്കുന്നുണ്ട്. വിശ്വസിക്കാനായില്ല, ഒരഞ്ചു നിമിഷം വാ പൊളിച്ചു നില്‍ക്കുക തന്നെ ചെയ്തു. കൂടെയുണ്ടായിരുന്ന അശ്വതി കുലുക്കിവിളിച്ചപ്പോഴാണ് സ്വപ്നമല്ലെന്ന് തന്നെ മനസ്സിലായത്. പിന്നങ്ങോട്ട് പ്രണയമായിരുന്നു. മൂന്ന് വര്‍ഷം നീണ്ടു നിന്ന കടുത്ത പ്രണയം. ചുറ്റുമുള്ള പരിചിതമുഖങ്ങള്‍ തീര്‍ത്ത അകലം ഭയന്നു കണ്ണുകളിലൂടെ പ്രണയിച്ചിരുന്ന നാളുകള്‍. പിന്നെ പതിയെ ഭയത്തിനെ പ്രേമം കീഴടക്കിയപ്പോള്‍ കോളേജ് വരാന്തയിലൂടെ അവനോടൊപ്പം കൈകോര്‍ത്ത് നടന്ന ദിവസങ്ങള്‍. പകലിന്‍റെ ദൈര്‍ഘ്യം പോരാതായപ്പോള്‍ രാത്രികളില്‍ മൊബൈല്‍ ഫോണ്‍ ഏറ്റെടുത്ത പ്രണയസല്ലാപങ്ങള്‍. ഏവരെയും അതിശയിപ്പിച്ച ദിവ്യപ്രണയം! കോളേജ് പഠനം അവസാനിച്ചപ്പോള്‍ ദിവ്യപ്രണയവും അവസാനിച്ചു! അങ്ങനെയൊരു അവസാനം പ്രതീക്ഷിച്ചത് തന്നെയാണ്. ഷഹബാസ് അത് പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല. പക്ഷെ ഞാന്‍ തീര്‍ച്ചയായും പ്രതീക്ഷിച്ചിരുന്നു. അവനോടോപ്പമുള്ള ഓരോ നിമിഷവും എനിക്കുറപ്പായിരുന്നു ഈ ബന്ധം ഒരിക്കലും വിവാഹത്തില്‍ കലാശിക്കില്ലെന്നു. ഞങ്ങളുടെ മതം തന്നെ ഏറ്റവും പ്രധാന കാരണമായി പറയാം. പിന്നെന്തിനു പ്രണയിച്ചു എന്ന് ചോദിച്ചാല്‍. അറിയില്ല, കൃത്യമായി ഉത്തരം പറയാനറിയില്ല. വിവാഹത്തിനു വേണ്ടിയാണോ എല്ലാവരും പ്രണയിക്കുന്നത്. പ്രണയിക്കാന്‍ വേണ്ടി പ്രണയിച്ചുകൂടെ? ജീവിതത്തിലെ ഏറ്റവും മികച്ച മൂന്ന് വര്‍ഷമായിരുന്നു കോളേജ് സമ്മാനിച്ചത്. കോളേജിലെ ഏറ്റവും സുമുഖനായ ആണ്‍കുട്ടിയെ പ്രണയിക്കുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമാണോ. പെണ്‍പിള്ളേരൊക്കെ കൂട്ടം കൂടുമ്പോള്‍ എപ്പോഴും ഞാനായിരുന്നു കാഥിക. എല്ലാര്‍ക്കും എല്ലാം അറിയണം. അവര്‍ക്ക് കേള്‍ക്കേണ്ടതൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്തങ്ങു വെച്ച് കാച്ചും. ഓരോന്നിന്‍റെ കുശുമ്പ് പിടിച്ച നോട്ടമൊക്കെ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പ്രത്യേകിച്ചും ആമിനയുടേത്. ഷഹബാസിനെ കണ്ട ദിവസം തൊട്ട് പ്രേമരോഗം ഞരമ്പിനു പിടിച്ചു നടക്കുകയായിരുന്നു ആ പെണ്ണിന്.  പലപ്പോഴും അറിഞ്ഞുകൊണ്ടു തന്നെ അവളെ കുത്തിനോവിച്ചിട്ടുണ്ട്. അവള്‍ കേള്‍ക്കാനാഗ്രഹിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവരോടെന്ന വ്യാജേന ഉറക്കെ പറഞ്ഞിട്ടുണ്ട്, എന്നിട്ട് അവളുടെ മുഖത്തേക്ക് ഒളികണ്ണെറിയും. എന്തിനായിരുന്നു അതൊക്കെ? വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ചിന്തിക്കുമ്പോള്‍ പഴയ കോളേജ് ജീവിതം ഒരു സിനിമയാക്കുകയാണെങ്കില്‍ എങ്ങനെയൊക്കെ ചിന്തിച്ചാലും തനിക്കൊരു വില്ലത്തിയുടെ റോള്‍ തന്നെയായിരുന്നു.

ഷഹബാസിന്‍റെ കൂട്ടിനേക്കാള്‍ ഞാന്‍ ആസ്വദിച്ചത് ഇങ്ങനെയുള്ള ചില നിമിഷങ്ങളായിരുന്നു. സാധാരണ ഉണ്ടാകാറുള്ള പ്രണയങ്ങളെപ്പോലെ തന്നെ കാലാവധി പറഞ്ഞു വച്ച പ്രണയമായിരുന്നു ഞങ്ങളുടേതും, ഷഹബാസിനു അത് അറിയാമായിരുന്നില്ലേ? വേണുവേട്ടന്‍റെ ആലോചനയുടെ കാര്യം അവനോടു പറഞ്ഞപ്പോള്‍ ആ മുഖത്തുണ്ടായ ഭാവമാറ്റം. ഒരിക്കലും അത് മറക്കാന്‍ കഴിയില്ല. അവന്‍ മറുത്തൊന്നും പറഞ്ഞില്ല. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. പിന്നെ കണ്ടിട്ടില്ല, നാളിന്നുവരെ!

പുറത്തെ നാലടിയുയരമുള്ള ചെറിയ ഗേറ്റ് കരഞ്ഞു. സുമിത്രയുടെ കണ്ണുകള്‍ ഉണര്‍ന്നു. നിലാവെളിച്ചം തൂകിയ നടുമുറ്റത്തെ കാഴ്ചകള്‍ വീണ്ടും തെളിഞ്ഞു. വേണുവേട്ടനാണ് ഗേറ്റ് തുറന്നത്. മുഖത്ത് നല്ല പ്രകാശമുണ്ട്. എത്ര നാളായി വേണുവേട്ടനെ ഇങ്ങനെ സന്തോഷത്തില്‍ കണ്ടിട്ട്. സുമിത്രയുടെ മുഖത്തും അറിയാതെ ഒരു പുഞ്ചിരി തെളിഞ്ഞു. സുമിത്ര കയ്യിലെ ബാഗ്‌ മേടിക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ ഭാര്യക്ക് നേരെ തിരിഞ്ഞത്. സ്വപ്നലോകത്ത് നിന്ന് തിരിച്ചെത്തിയത് പോലെ അയാള്‍ സുമിത്രയുടെ മുഖത്തേക്ക് തുറിച്ചു നോക്കി നിന്നു

“എന്താ?”

ഭര്‍ത്താവിന്‍റെ പെട്ടെന്നുള്ള നോട്ടവും ഭാവമാറ്റവും കണ്ടപ്പോള്‍ സുമിത്ര പേടിച്ചു പോയി.

വേണു ഉത്തരം പറഞ്ഞില്ല. പതിയെ മുഖം കുനിച്ചുകളഞ്ഞു

“എന്താ ഇത്രേം താമസിച്ചത്?”

തുടങ്ങി, ചോദ്യശരങ്ങള്‍ തുടങ്ങി. വേണു ഒന്ന് നെടുവീര്‍പ്പെട്ടു. അത് നിരാശയായിരുന്നു. യാഥാര്‍ത്യത്തിന്‍റെ തിരിച്ചറിവ് നല്‍കുന്ന നിരാശ.

ഭാമ

  മുന്‍പില്‍ തുറന്നുവച്ചിരിക്കുന്ന തടിച്ച പുസ്തകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഭാമ ആവുന്നതും ശ്രമിച്ചു. നീളന്‍ വരികളില്‍ ചോദ്യങ്ങളും അതിനു തൊട്ടുതാഴെ ഒറ്റവാക്കില്‍ ഉത്തരങ്ങളും. തടിച്ച പുസ്തകം നിറയെ ഇതുതന്നെയാണ്. ഓരോ താളുകളിലും ചോദ്യോത്തരങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നു. ചരിത്രത്തില്‍ നിന്ന്, ഭൂമിശാസ്ത്രത്തില്‍ നിന്ന് ഗണിതത്തില്‍ നിന്ന്, അങ്ങനെ എല്ലാമുണ്ട്. ലോകത്തിന്‍റെ സകല ചോദ്യത്തിനുമുള്ള ഉത്തരം ഈ പുസ്തകത്തിലുണ്ടെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ എല്ലാവരും ഈ പുസ്തകത്തിന്‍റെ ഓരോ പ്രതിയെടുത്ത് വായിച്ചു പഠിച്ചാല്‍ പോരെ. തന്നെപ്പോലെ ജീവിതത്തിന്‍റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍പ്പെട്ടിങ്ങനെ കഷ്ടപ്പെടണോ? പ്രശ്നങ്ങള്‍ക്ക് പിന്നാലെ വീണ്ടും പ്രശ്നങ്ങള്‍. എന്തൊരു നശിച്ച ദിവസമായിരുന്നു ഇന്നത്തേത്. എന്നിട്ട് അവസാനം കൂനിന്മേല്‍ കുരുവെന്നപോലെ അയാള്‍! ആരാണയാള്‍? വീടിന്‍റെ ഗേറ്റ് വരെ അയാള്‍ എന്നെ പിന്തുടര്‍ന്നു. പല തവണ ബസ് സ്റ്റോപ്പില്‍ തുറിച്ചു നോക്കി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അന്നൊക്കെ അവഗണിച്ചു. അയാളുടെ പ്രായവും രൂപവുമൊന്നും എന്തുകൊണ്ടോ ഒരു പ്രശ്നക്കാരനായി അയാളെ തോന്നിച്ചില്ല. പക്ഷെ ഇന്നയാള്‍ തന്നെ പിന്തുടര്‍ന്നു വന്നിരിക്കുന്നു, വീട് വരെ. ഉമ്മറത്ത് കയറി തിരിഞ്ഞുനോക്കിയപ്പോഴാണ് ആളെ വ്യക്തമായി കണ്ടത്. ഗേറ്റിനു പുറത്ത് അനക്കമില്ലാതെ തുറിച്ചു നോക്കി നില്‍ക്കുന്നു. കണ്ടു എന്ന് മനസ്സിലായപ്പോള്‍ പതിയെ പിന്തിരിഞ്ഞു, വന്ന വഴിയെ തിരിച്ചു നടന്നു. ഭയമാണ് മനസ്സില്‍ തോന്നിയത്. എന്തായിരിക്കും അയാളുടെ ഉദ്ദേശം? ഇപ്പോള്‍ അയാള്‍ക്ക് എന്‍റെ വീടറിയാം. ഇനിയും തേടി വരില്ലെന്ന് ആര് കണ്ടു. അച്ഛനോടോ അമ്മയോടോ പറയുന്നതിനെ കുറിച്ചു ആലോചിച്ചതാണ്. പിന്നെ വേണ്ടെന്നു വച്ചു. ഇപ്പൊള്‍ തന്നെ സഹിക്കാവുന്നതിലേറെ സങ്കടങ്ങള്‍ അവരുടെ തലയിലുണ്ട്. പറയാഞ്ഞത് നന്നായി എന്നു തന്നെ ഇപ്പോള്‍ തോന്നുന്നു.

 കോച്ചിംഗ് ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയാല്‍ ആദ്യം കാണുന്നത് തലയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന അച്ഛനെയാണ്. ഇപ്പോള്‍ ഇതൊരു സ്ഥിരം കാഴ്ചയാണ്. താനൊരു നിത്യരോഗിയായി മാറിയിരിക്കുന്നു എന്ന സത്യം സ്വയം പറഞ്ഞുവിശ്വസിപ്പിക്കാന്‍ പാട്പെടുകയാണ് ആ മനുഷ്യന്‍. ആകെ വരുമാന മാര്‍ഗ്ഗമായിരുന്ന കവലയിലെ പീടിക കഴിഞ്ഞയാഴ്ചയോടു കൂടി ഒഴിഞ്ഞു കൊടുത്തു. അധികനേരം നില്‍ക്കാന്‍ പോലും ഇപ്പോള്‍ അച്ഛന് കഷ്ടപ്പാടാണ്. എപ്പോള്‍ വേണമെങ്കിലും കിടപ്പിലാകാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നല്ല നീളത്തില്‍ ഒരു രോഗത്തിന്‍റെ പേരും രണ്ടു പുറം നിറയെ മരുന്നിനുള്ള കുറിപ്പടിയും എഴുതി തന്നു. ഒരു ഓപ്പറേഷന്‍ ചെയ്‌താല്‍ ഭേദമായേക്കുമത്രേ, പക്ഷെ അതും ഉറപ്പില്ല. ഉറപ്പില്ലാത്തത് ഏതായാലും നന്നായി അല്ലെങ്കില്‍ അച്ഛന്‍റെ ആരോഗ്യം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത മകള്‍ എന്ന കളങ്കം എന്നും തന്‍റെ മനസ്സില്‍ നിലനിന്നേനെ. ഇനിയിപ്പോ കൂട്ടുപ്രതിയായി വൈദ്യശാസ്ത്രത്തെയും കൂട്ടാമല്ലോ. പണമില്ലാത്തത് കൊണ്ട് മാത്രമല്ല, ഡോക്ടര്‍മാര്‍ ഉറപ്പ് പറയാത്തതും കൊണ്ട് കൂടിയാണ് ഓപ്പറേഷന്‍ നടത്താഞ്ഞത്!

  എന്തൊരു ജീവിതമാണ് എന്‍റെ അച്ഛന്റെത്. ചില മനുഷ്യരെ ഈശ്വരന്‍ ശിക്ഷിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചത് പോലെ തോന്നും. വിവാഹം കഴിഞ്ഞു അടുത്തയാഴ്ച മണലാരണ്യങ്ങളുടെ നാട്ടിലേക്ക് യാത്ര തിരിച്ചതാണ്. പിന്നെ നീണ്ട പ്രവാസ ജീവിതം. രണ്ടു വര്‍ഷം കൂടുമ്പോള്‍ വീണുകിട്ടുന്ന തുച്ഛമായ രണ്ടാഴ്ചയും പെറുക്കിയെടുത്തുകൊണ്ട് കുടുംബത്തിനടുത്തെയ്ക്ക് ഓടിയെത്തും. ജീവിതം ഒന്ന് ആസ്വദിച്ചു തുടങ്ങുമ്പോഴേക്കും പെറുക്കിക്കൂട്ടിയ അവധിദിനങ്ങളൊക്കെ വാര്‍ന്നുപോയിട്ടുണ്ടാകും. കുടുംബത്തിനു വേണ്ടി കുടുംബത്തെ പിരിഞ്ഞുള്ള കഠിനാധ്വാനം. ആയുസ്സിന്‍റെ സിംഹഭാഗവും ജീവിച്ചത് അന്യരാജ്യത്താണ്. വാര്‍ദ്ധക്യമെങ്കിലും ഭാര്യയോടും ഇളയപുത്രിയോടും കൂടി ചിലവിടാം എന്ന ആഗ്രഹത്തോടെ  ദത്തുരാജ്യത്തിന്‌ യാത്ര പറഞ്ഞു തിരിച്ചെത്തി. സമ്പാദ്യമെല്ലാം ചേര്‍ത്ത് കൃഷി തുടങ്ങി, കവലയില്‍ ഒരു ചെറിയ പീടിക തുടങ്ങി. വിയര്‍പ്പ് കൊടുത്ത് മണ്ണില്‍ വിളയിച്ചതെല്ലാം പ്രളയത്തിലും പേമാരിയിലും ഒലിച്ചുപോയപ്പോഴും ആ വൃദ്ധഹൃദയം തളര്‍ന്നില്ല. പക്ഷെ ഹൃദയത്തിന്‍റെ ശക്തി ശരീരത്തിനില്ലായിരുന്നു. പീടികയില്‍ സാധനം എടുത്തു കൊടുത്തുകൊണ്ടിരിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. രാമേട്ടനാണ് വന്നു വിവരമറിയിച്ചത്. ഒരു നിമിഷത്തേക്ക് ബോധമില്ലാതെ അന്തിച്ചു നിന്നുപോയി. പിന്നെ ആശുപത്രി, ചികിത്സ, കടബാധ്യത സാധാരണ കേള്‍ക്കാറുള്ള ദരിദ്രരുടെ കഥ തന്നെ.

   ഭാവിയില്‍ തനിക്ക് കിട്ടിയേക്കാവുന്ന ഒരു സാങ്കല്‍പ്പിക ജോലിയിലാണ് ഇപ്പോള്‍ ഈ കുടുംബത്തിന്‍റെ സകല പ്രതീക്ഷയും. ചേച്ചിമാരുടെ കയ്യില്‍ നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കണ്ട. എപ്പോഴെങ്കിലും ഒരിക്കല്‍ ലീനേച്ചി വരും. ദാനം പോലെ രണ്ടു നോട്ട് അമ്മയുടെ കയ്യില്‍ കൊടുക്കും. കടമ കഴിഞ്ഞു! ഇനി അടുത്ത വിഷുത്തലേന്നോ ഓണത്തിനോ നോക്കിയാല്‍ മതി. ഈ മാസത്തോടെ കോച്ചിംഗ് സെന്ററിലെ പഠനവും അവസാനിക്കും. വിശപ്പിനെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍, വിദ്യാഭാസത്തിനെ തൃപ്തിപ്പെടുത്തണോ. അല്ലെങ്കിലും ആര്‍ക്കാണ് പഠിക്കാന്‍ കോച്ചിംഗ് സെന്ററിന്‍റെ ആവശ്യം? കാശുള്ളവന് അല്ലാതാര്‍ക്കാ? ആരുടേയും ദയയില്ലാതെ ജീവിക്കണം. പഠിക്കണം. മറ്റെല്ലാത്തിനെയും മറന്നു, ചുറ്റുമുള്ളതിനു നേരെയെല്ലാം കണ്ണടച്ചു പഠിക്കണം. എന്നിട്ട് ഒരു ജോലി നേടണം. നല്ലൊരു ജോലി. അച്ഛനും അമ്മയും അതില്‍ അഭിമാനം കൊള്ളണം, അവര്‍ തലയുയര്‍ത്തി നടക്കണം. അയല്‍ക്കാരും ബന്ധുക്കളും ആദരവോടെ അവരോടു സംസാരിക്കണം. അവര്‍ കണ്ണില്‍ നിന്ന് മായുമ്പോള്‍ മൂക്കില്‍ വിരല്‍ വച്ച് അസൂയപ്പെടണം. ഭാമ വീണ്ടും പുസ്തകത്തിലേക്ക് തല പൂഴ്ത്തി.

(തുടരും…)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s