തങ്കച്ചന്‍ കഥകള്‍ 3

പ്രശ്നപരിഹാരം.

“എന്താണീ പ്രശ്നപരിഹാരം?” ലക്ഷ്മണന്‍ ചോദ്യം ആവര്‍ത്തിച്ചു.

നിശബ്ദതയില്‍ കുതിര്‍ന്ന ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം തങ്കച്ചന്‍ സംസാരിച്ചു.

“ ലക്ഷ്മണന്‍ വരൂ, നമുക്ക് നടന്നുകൊണ്ട് സംസാരിക്കാം”, തങ്കച്ചന്‍ നീങ്ങിയത് വീട്ടിലേക്കല്ല മറിച്ചു കവലയിലേക്കാണ്. മൗനിയായി ലക്ഷ്മണന്‍ അനുഗമിച്ചു.

“അപ്പൊ പ്രശ്നപരിഹാരം. സംഗതി ലളിതം. വ്യക്തിപരമോ, കുടുംബപരമോ, സാമൂഹ്യപരമോ ആയ പ്രശ്നങ്ങളുമായി എന്നെ സമീപിക്കുനവര്‍ക്ക് എന്നാല്‍ കഴിയുംവിധം ഞാന്‍ പരിഹാരം നിര്‍ദേശിക്കുന്നു..”. തങ്കച്ചന്‍റെ ലളിതമായ ഉത്തരം ലക്ഷ്മണനില്‍ കൂടുതല്‍ ചോദ്യങ്ങളാണ് ഉയര്‍ത്തിയത്‌.

“എങ്ങനെയുള്ള പ്രശ്നം? എന്ത് പരിഹാരം? ജോത്സ്യന്‍ അല്ലെന്നു നിങ്ങള്‍ തന്നെ പറയുന്നു പിന്നെന്താണ് കോടതിയോ?”

“അതെ ഏതാണ്ടതുപോലെ..”

“കോടതിപോലെ?” ലക്ഷ്മണന്‍ ആശ്ചര്യത്തോടെ ചോദിച്ചു.

“അതെ. പക്ഷെ പരിഹാര നിര്‍ദേശങ്ങള്‍ മാത്രം. ശിക്ഷ വിധിക്കാനോ, വിധി നടപ്പിലാക്കാനോ ഉള്ള അധികാരം കോടതിയെപോലെ എനിക്കില്ലല്ലോ.”

“അതെ” ലക്ഷ്മണന്‍ ആദ്യമായി തങ്കച്ചന്‍റെ അഭിപ്രായത്തോട് പൂര്‍ണമായി യോജിച്ചു. “പിന്നെ നാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ എന്ത് അധികാരമാണ് താങ്കള്‍ക്കുള്ളത്? അങ്ങനെ നിര്‍ദേശിച്ചാല്‍ തന്നെ ആ പരിഹാരം കൃത്യമായിരിക്കും എന്ന് എന്താണ് ഉറപ്പ്? ഇങ്ങനെ പരിഹാരം കണ്ടുപിടിക്കാനുള്ള എന്ത് കഴിവാണ് തങ്കച്ചനുള്ളത്?”

“അതിനു തക്കതായ അനുഭവജ്ഞാനം എനിക്കുണ്ടെന്ന് കരുതിക്കോളൂ”. ഒന്ന് നിര്‍ത്തിയശേഷം തങ്കച്ചന്‍ ചോദിച്ചു “ലക്ഷ്മണന് മനസിലായില്ലെന്നു തോന്നുന്നു”

“ഇല്ല, എനിക്ക് മനസിലായില്ല.”

“ഓക്കേ, ഉദാഹരണത്തിന്…”

തങ്കച്ചന്‍ മുഴുമിച്ചില്ല. പെട്ടെന്ന് നിര്‍ത്തി. കവലയിലതാ ചെറിയൊരു ആള്‍ക്കൂട്ടം, വാക്കുതര്‍ക്കം, ആകെ ബഹളമയം. വേലപ്പന്‍ നായരുടെ വീടിനു മുന്നിലാണ് സംഭവം നടക്കുന്നത്. ലക്ഷ്മണന്‍ പെട്ടെന്ന് അങ്ങോട്ടേക്ക് നീങ്ങി. പെട്ടെന്നൊരാവേശത്തോടെ ലക്ഷ്മണനെ പിന്നിലാക്കി തങ്കച്ചനും സംഭവസ്ഥലത്തേക്ക് കുതിച്ചു.

കവലയിലെ തര്‍ക്കം ഏതാണ്ട് ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. വേലപ്പന്‍ നായരുടെ ഭാര്യ സുമതിയും, നാരായണന്‍ നമ്പൂതിരിയുടെ അന്തര്‍ജ്ജനം സാവിത്രിയുമാണ് പ്രധാന പാര്‍ട്ടിസിപ്പന്റ്സ്. ചെറിയ വാക്കുതര്‍ക്കത്തില്‍ തുടങ്ങി അസഭ്യവര്‍ഷത്തിലേക്ക് നീങ്ങിയിരിക്കയാണ് കാര്യങ്ങള്‍. സുമതിയുടെ നിഘണ്ടുവിലില്ലാത്ത മലയാളം വാക്കുകളും, അതിനൊപ്പം നില്‍ക്കുന്ന അന്തര്‍ജ്ജനത്തിന്റെ സംസ്കൃതത്തില്‍ പൊതിഞ്ഞ ശാപവര്‍ഷവും രംഗം കൊഴുപ്പിക്കയാണ്. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ പത്നിമാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യാതൊന്നും വിലപ്പോകുന്നില്ല.

സംഭവം കണ്ടുനിന്ന ചില കാണികളില്‍ നിന്നും തങ്കച്ചനും ലക്ഷ്മണനും വിശദമായിത്തന്നെ പ്രശ്നം മനസിലാക്കിയെടുത്തു. ‘കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം’ എന്നാണല്ലോ. ഇവിടെയും പ്രശ്നം ‘സ്ത്രീ’ തന്നെയാണ്. തര്‍ക്കത്തിന്‍റെ കാരണം നന്ദിനിയാണ്, നാരായണന്‍ നമ്പൂതിരിയുടെ സ്വന്തം നന്ദിനിപ്പശു. സാധാരണ ഉണ്ടാകാറുള്ള ‘പശു’ പ്രശ്നങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇവിടെ സംഗതി. നമ്മുടെ നന്ദിനിപശു ‘ടെലിപോര്‍ട്ടേഷന്‍’ ചെയ്യപ്പെട്ടിരിക്കുന്നു. അതെ, ഭൗതികശാസ്ത്രത്തിന്റെ ചങ്ങലക്കണ്ണികളെ പൊട്ടിച്ചെറിഞ്ഞുഞ്ഞുകൊണ്ട്, അന്തരാളത്തില്‍ പതിയിരിക്കുന്ന ചെറു തമോഗര്‍ത്തങ്ങളിലൂടെ കാലത്തെ പിന്നിലാക്കി നന്ദിനിപ്പശു സഞ്ചരിച്ചിരിക്കുന്നു! രാവിലെ ഉദ്യോഗത്തിനിറങ്ങിയ നാരായണന്‍ നമ്പൂതിരിയുടെയും, മാതൃഭവന സന്ദര്‍ശനത്തിനിറങ്ങിയ സാവിത്രിയുടെയും വീട്ടില്‍ നിന്ന് അപ്രത്യക്ഷമായ നന്ദിനി പിന്നെ പ്രത്യക്ഷപ്പെട്ടത് പിറ്റേന്ന് പുലര്‍ച്ചെ. അതും വേലപ്പന്‍ നായരുടെ വീട്ടില്‍! നന്ദിനിയുടെ ഈ തമോഗര്‍ത്തയാത്രയെ സാവിത്രി മോഷണം എന്നൊരു പേരിട്ടതോടെയാണ് ഈ അത്ഭുതപ്രതിഭാസം തര്‍ക്കത്തിലേക്കു വഴിമാറിയത്. സാവിത്രിയുടെ പേരിടല്‍ ചടങ്ങ് എന്തുകൊണ്ടോ സുമതിക്ക് അത്രയങ്ങ് ബോധിച്ചില്ല. അതാണ്‌ പിന്നെ തര്‍ക്കത്തിലേക്കും സംസ്കൃതപാരായണത്തിലേക്കും വഴിമാറിയത്.

സുമതി : “പട്ടിണി കിടന്നാലും അങ്ങേരു കക്കത്തില്ല. കുറച്ചു കള്ള് കുടിക്കും, ആ ഒരു കുറവേ എന്‍റെ ഭര്‍ത്താവിനുള്ളു. നിന്‍റെ പശു കയറും പൊട്ടിച്ചു ഇവിടെ വന്നു നിക്കുന്നത് നിന്‍റെ കൊഴപ്പം, അല്ലെങ്കില്‍ നിന്‍റെ കെട്ടിയോന്‍റെ കൊഴപ്പം.”

സാവിത്രി : “പിന്നേ, കയറു പൊട്ടിക്യല്യെ, ആരേലും ഒന്ന് നോക്യേ കയറിനു യാതൊരു പ്രശ്നോല്യ. നട്ടുച്ചയ്ക്ക് എന്‍റെ പശു കയറും അഴിച്ചെടുത്തു, പാടത്തോ പറമ്പിലോ പോവാതെ 3 കിലോമീറ്റര്‍ റോഡിലൂടെ നടന്നു, നിന്‍റെ കൂരയില്‍ വന്നു തന്നത്താന്‍ കുറ്റിയും അടിച്ചു കയറും കെട്ടി കിടപ്പായി, അല്ല്യെ ഇത് നല്ല കഥ. കള്ളനും, കള്ളന്‍റെ ഭാര്യ നൊണച്ചിയും. നിന്‍റെ ഭര്‍ത്താവ് തന്നാ കട്ടിരിക്കുന്നെ. ആ പശുവിന്‍റെ അടുത്തേക്ക് ആരെങ്കിലും ഒന്ന് ചെന്ന് നോക്യേ, ആകെ അശുദ്ധിയായിരിക്കണു. ആ മിണ്ടാപ്രാനിക്ക് അപ്പടി കള്ളിന്‍റെ നാറ്റം.”

ഇത് കേട്ടുനിന്ന കാണികളില്‍ ഒരാളായ ജോര്‍ജ്കുട്ടി തന്‍റെ ന്യായം നിരത്തി.

“അതെങ്ങനെ ശരിയാകും, ഇന്നലെ വൈകുന്നേരം വരെ വേലപ്പന്‍ ചേട്ടന്‍ എന്‍റെ ഷാപ്പിലുണ്ടാരുന്നല്ലോ. ഇതിനെടയ്ക്കു അയാളെങ്ങനാ കക്കാന്‍ പോകുന്നത്.”

സുമതി : ആ, കണ്ടാ..കണ്ടാ..

സാവിത്രി : അതിനു ശേഷാരിക്കും കട്ടത്, ഇനി ചിലപ്പൊ നിങ്ങളും കൂടി ചേര്‍ന്ന് കട്ടതായിരിക്കും, എന്നിട്ടിപ്പോ രക്ഷിക്കാന്‍ വേണ്ടി ഇല്ലാവചനം പറയുന്നതാരിക്കും. പഠിച്ച കള്ളന്മാര്‍ അങ്ങിന്യോക്കെ ചെയ്യും

“ഹൊ, ഞാനൊന്നും പറയുന്നില്ലേ” ജോര്‍ജ്കുട്ടി പതുക്കെ തലയൂരി.

അത്രയും നേരം നിശബ്ദനായി നിന്ന തങ്കച്ചന്‍ ഒട്ടൊരുന്മേഷത്തോടെ ലക്ഷ്മണനോട് പറഞ്ഞു. “ഇതൊരു പ്രശ്നമാണല്ലോ ലക്ഷ്മണാ. പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നം.”.

സൂചന മനസിലാക്കിയ ലക്ഷ്മണന്‍ തങ്കച്ചനു ഒരു അവസരം നല്‍കാന്‍ തന്നെ തീരുമാനിച്ചു, എന്നിട്ട് കൂടിനില്‍ക്കുന്നവരോടായി പറഞ്ഞു.

“എല്ലാവരും ഒന്ന് ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റിയ ഒരാള്‍ ഇപ്പോള്‍ നമ്മുടെ കൂടെയുണ്ട്.” തങ്കച്ചനെ പരിചയപ്പെടുത്തിക്കൊണ്ട് ലക്ഷ്മണന്‍ തുടര്‍ന്നു “ഇതാണ് തങ്കച്ചന്‍. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇദ്ദേഹം മിടുക്കനാണ്. ദയവായി ഇദേഹത്തിനു ഒരവസരം നല്‍കുക”

എന്നാല്‍ ലക്ഷ്മണന്‍റെ അഭിപ്രായത്തോട് അന്തര്‍ജ്ജനത്തിനു വിമുഖതയാണ് തോന്നിയത്. “എന്തിനാ ഇനി വേറൊരാളിന്‍റെ അഭിപ്രായം. എല്ലാം പകല്‍ പോലെ വ്യക്തമല്ലേ. വിളിക്ക്യെണ്ടത് പോലിസിനെയാ”.

നാരായണന്‍ നമ്പൂതിരി തന്‍റെ ഭാര്യയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു

“ഹേയ് പോലീസിനെ ഒന്നും വിളിക്യേണ്ട. ആദ്യം ഇദ്ദേഹത്തിനു എന്താ പറയാനുള്ളത് എന്ന് കേള്‍ക്കാം, എന്നിട്ടാകാം ബാക്കിയൊക്കെ”.

ഇത് കേട്ട സാവിത്രി കൂടുതല്‍ ദേഷ്യം കൊള്ളുകയാണ് ചെയ്തത്

“എന്താ ഈ പറയുന്ന്യേ. നിങ്ങള്‍ പൊന്നു പോലെ കൊണ്ട് നടക്കുന്ന നിങ്ങടെ നന്ദിനിനെയാ ഈ കശ്മലന്‍ കടത്തികൊണ്ടുപോകാന്‍ നോക്ക്യെ. എന്നിട്ടിപ്പോ…”

“നമ്പൂതിരി പറയുന്നതിലും കാര്യമുണ്ട് സാവിത്രി”. ആള്‍ക്കൂട്ടത്തില്‍ നിന്നും തന്‍റെ കാലന്‍ കുടയും പൊക്കിപിടിച്ച് ശോശാമ്മ ചേട്ടത്തി രംഗമധ്യത്തിലേക്ക് വന്നു.

“തങ്കച്ചന്‍റെ കഴിവ് ഞാനിപ്പോ ദാ കണ്ടറിഞ്ഞതേ ഉള്ളു. എന്തിനാ പോലീസിനെ ഒക്കെ വിളിച്ചു പ്രശ്നം വഷളാക്കുന്നത്. എല്ലാവരും ഈ നാട്ടുകാര്‍ തന്നെയല്ലേ. ഇത് നമുക്കിടയില്‍ വച്ച് തന്നെ പരിഹരിക്കാം. തങ്കച്ചന് ഒരു അവസരം കൊടുക്ക്‌”.

ശോശാമ്മചേടത്തിയോട് ഗ്രാമത്തിലുള്ളവര്‍ക്കുള്ള സ്നേഹവും ആദരവും അനിര്‍വ്വചനീയമാണ്. അതുകൊണ്ട് തന്നെ മറ്റെല്ലാവരെയും പോലെ സാവിത്രിക്കും ചേട്ടത്തിയുടെ അഭിപ്രായം അംഗീകരിക്കേണ്ടി വന്നു. ഒരിക്കല്‍ക്കൂടി എല്ലാവരുടെയും ശ്രദ്ധ തങ്കച്ചനിലേക്ക് മാറി. തങ്കച്ചന്‍ പതിയെ പശുവിനടുത്തേക്ക് നീങ്ങി. തങ്കച്ചന്‍ അടുത്തെത്തിയ പാടെ നന്ദിനി അലറിക്കരച്ചില്‍ തുടങ്ങി. തങ്കച്ചന്‍ നന്ദിനിയെ ഒന്ന് വലം വച്ചു, സൂക്ഷ്മമായി നിരീക്ഷിച്ചു, തലോടി. പിന്നീടു വാദി ഭാഗത്ത്‌ നിന്ന സാവിത്രിയോടായി ചോദിച്ചു. “ഇവിടെ നടന്ന പ്രശ്നം എന്താണെന്ന് നമുക്കെല്ലാവര്‍ക്കും ഏകദേശം മനസിലായി. എന്നാലും ഒരു വ്യക്തതക്കുവേണ്ടി അത് ഒന്ന് കൂടി വിവരിക്കാമോ, സംഭവം നടന്ന രീതിയില്‍ തന്നെ.”

കുറച്ചു അതൃപ്തിയോടെയാണെങ്കിലും സാവിത്രി സമ്മതം മൂളി.

“ഇന്നലെ രാവിലെ ഇദ്ദേഹം ഓഫീസില്‍ പോയ ശേഷം, നന്ദിനിക്ക് വെള്ളോം വയ്ക്കോലും കൊടുത്തിട്ട് ന്‍റെ വീട്ടില്യോട്ടോന്നു പോകാനിറങ്ങീതാ ഞാന്‍. പശുവിനെ നോക്കികൊള്ളണെന്ന് അയലത്തൊള്ളോരോട് പ്രത്യേകം പറഞ്ഞിട്ടാ പോയെ. കുറച്ചു നാളായി അമ്മ സുഖമില്ലാതെ കിടപ്പിലാണ്. വീട്ടില്‍ പശു ഉണ്ടെന്നും പറഞ്ഞു നിക്ക് എന്‍റെ വയ്യാത്ത അമ്മയെ കാണാതിരിക്കാന്‍ ഒക്കുവോ? അല്ലെങ്കില്‍ തന്നെ ഇങ്ങനെയൊക്കെ നടക്കുമെന്നു ആരറിഞ്ഞു. ഇക്കാലത്ത് ആരെയാ വിശ്വസിക്കാന്‍ പറ്റ്വാ”

സാവിത്രി സുമതിക്കും വേലപ്പനും നേരെ രൂക്ഷമായ ഒരു നോട്ടമെറിഞ്ഞു. എന്നിട്ട് തുടര്‍ന്നു.

“വൈകുന്നേരം തിരിച്ചെത്താന്‍ നേരം അയലത്തെ പെണ്ണാ എന്നോട് പറഞ്ഞെ പശുവിനെ കാണാനില്ലെന്ന്. ഈ നാടായ നാടൊക്കെ ഞാന്‍ അതിനേം നോക്കി നടന്നു, കണ്ടില്ല്യ. ഇദ്ദേഹം തിരിച്ചെത്തിയപ്പോ ഞാന്‍ വിവരം പറഞ്ഞു. ഇദ്ദേഹം അതുമിതൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിക്കാന്‍ നോക്കി, രാവിലെ അന്വേഷിക്കാം എന്ന് നിരീച്ചു. ജോലി കഴിഞ്ഞു തളര്‍ന്നു വന്നതല്ലേ. അതെയെന്നു ഞാനും പറഞ്ഞു. എന്നാലും എനിക്കറിയാം ഇദ്ദേഹത്തിന്റെ സങ്കടം. സ്വന്തം മോളെ പോലെ കൊണ്ട് നടക്കുന്ന പശുവാ. നിങ്ങള്‍ ആ മുഖത്തേക്കൊന്നു നോക്കിയേ. ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല അങ്ങേര്”

തങ്കച്ചന്‍ അനുസരണയുള്ള കുട്ടിയെ പോലെ നമ്പൂതിരിയുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് പ്രതിവചിച്ചു “ഹ്മ്മ്മ്മം…ശരിയാ,”. ലക്ഷ്മണനും അത് ശരിയാണെന്ന് തോന്നി. കണ്ണൊക്കെ ആകെ ചുവന്നു കലങ്ങിയിരിക്കുന്നു. നമ്പൂതിരിക്ക് തന്‍റെ പശുവിനോടുള്ള സ്നേഹം നാട്ടിലെല്ലാവര്‍ക്കും അറിയാവുന്നതാണ്. മക്കളില്ലാത്ത നമ്പൂതിരിക്ക് സ്വന്തം മോളെ പോലെയാണ് നന്ദിനി.

“എന്നിട്ട് രാവിലെ ഇങ്ങേരു അന്വേഷിച്ചു ഇറങ്ങാന്‍ നേരം ആ കസ്തൂരി പെണ്ണാ വന്നു പറഞ്ഞത്. നിങ്ങടെ പശു വേലപ്പന്‍ നായരുടെ വീട്ടിലുണ്ടെന്ന്. ഞങ്ങള്‍ ഓടി കിതച്ചെത്തുമ്പോ അലറി വിളിക്കുകയാ പാവം നന്ദിനി. ഈ കള്ളനും നൊണച്ചീ തൊട്ടടുത്ത്‌ തന്നെയുണ്ട്‌.”

ഇത് കേട്ട് നിന്ന സുമതിക്ക് അണപൊട്ടി “ആരാടീ നൊണച്ചി. നീയാ നൊണച്ചി. സാറേ ഞങ്ങള്‍ രാവിലെ ഈ ജന്തുവിന്‍റെ വിളി കേട്ടാ ഉണര്‍ന്നത്. ഇതിനെ വേറേതോ കള്ളന്മാര്‍ കട്ടുകൊണ്ട് വന്നു ഇവിടെ കെട്ടിയതാ..അല്ലാതെ ഞങ്ങള്‍…”

“ഉവ്വേ..നൊണച്ചി ..നൊണച്ചി”. അന്തര്‍ജ്ജനം വീണ്ടും സംസ്കൃതപാരായണത്തിലേക്ക് കടക്കും എന്ന് തോന്നി.

അതിനു അനുവദിക്കാതെ തങ്കച്ചന്‍ ഇടയ്ക്കു കയറി പറഞ്ഞു. “നില്‍ക്കു..എനിക്ക് ഇതൊന്നു ആലോചിക്കാന്‍ നിങ്ങള്‍ രണ്ടു നിമിഷം സമയം നല്‍കൂ”. പറഞ്ഞതിനേക്കാള്‍ രണ്ടു നിമിഷം കൂടുതല്‍ തങ്കച്ചന്‍ ആലോചിച്ചു, ശേഷം നാരായണന്‍ നമ്പൂതിരിയുടെ വീടിന്‍റെ സ്ഥാനവും ഗ്രാമത്തിന്‍റെ ഏകദേശം ഭൂമിശാസ്ത്രവും പലരോടായി ചോദിച്ചു മനസിലാക്കി. കൂടുതല്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയത് ശോശാമ്മ ചേട്ടത്തി തന്നെ ആയിരുന്നു. തങ്കച്ചന്‍റെ അന്വേഷണത്തില്‍ ഏറ്റവും ഉല്‍സുകയായത് ചേട്ടത്തി ആണെന്ന് തോന്നി. പിന്നീടു തങ്കച്ചന്‍ നീങ്ങിയത് വേലപ്പന്‍ നായരുടെ അടുത്തേക്കാണ്. തങ്കച്ചന്‍ അടുത്തെത്തിയപാടെ വേലപ്പന്‍ നായര്‍ കരച്ചില്‍ തുടങ്ങി “ഞാനൊന്നും കട്ടിട്ടില്ല സാറേ, എനിക്കൊന്നും അറിഞ്ഞുകൂടാ”. തങ്കച്ചന്‍ തല കുലുക്കി, മൂക്ക് പൊത്തി തിരിച്ചു നടന്നു. വേലപ്പന്‍നായരും ഷാപ്പുമായുള്ള ബന്ധം നാടൊട്ടുക്ക് അറിയാവുന്നതാണ്. തങ്കച്ചന്‍റെ മൂക്ക് പൊത്തലിന്‍റെ കാരണവും ആ ബന്ധം തന്നെ ആയിരുന്നു. തങ്കച്ചന്‍ ആള്‍ക്കുട്ടത്തിന്‍റെ നടുവിലായി നില്‍പ്പുറപ്പിച്ചു. എന്നിട്ട് സുമതിയോടായി ചോദിച്ചു. “ഇന്നലെ വേലപ്പന്‍ നായര്‍ എത്ര മണിക്കാണ് വീട്ടിലെത്തിയത്?

”സീതാ കല്യാണം’ തൊടങ്ങാന്‍ നേരം”. ലവലേശം സംശയമില്ലാതെ സുമതി കൃത്യമായി ഉത്തരം നല്‍കി. ഉത്തരം കേട്ട് ലക്ഷ്മണന്‍ ഒന്ന് ഞെട്ടി, തങ്കച്ചനു എന്തോ കുലുക്കമില്ല.

“ആട്ടെ എപ്പോഴാണ് വേലപ്പന്‍ നായര്‍ ഷാപ്പ് വിട്ടത്.”

“ഏതാണ്ട് ‘കറുത്തമുത്തു’ തീരാന്‍ നേരം..അല്ല.. അല്ല..അല്ല..’കസ്തൂരിമാന്‍’ തുടങ്ങി.”. ഉത്തരം വന്നത് ജോര്‍ജ്കുട്ടിയുടെ വായില്‍ നിന്നാണ്, ഇത്തവണ തങ്കച്ചന്‍ ഞെട്ടി.

“ആ മഹാപാപി ഷാപ്പിലും ടിവി വച്ച് സാറേ..” മഹാപാതകം പോലെ വേലപ്പന്‍ നായര്‍ ഉണര്‍ത്തിച്ചു. വേലപ്പന്‍ നായര്‍ ഷാപ്പ്‌ വിട്ടത് ‘കസ്തൂരിമാന്‍’ തുടങ്ങിയ നേരമാണെന്നു സഹകുടിയന്മാരും ഉണര്‍ത്തിച്ചു. സീരിയലിന്‍റെ ക്ലോക്കില്‍ നിന്ന് ചുമര്‍ഘടികാരത്തിലേക്ക് സമയം മാറ്റിയെടുക്കാന്‍ തങ്കച്ചനു മറ്റു ചിലരുടെ സഹായം തേടേണ്ടി വന്നു. “അപ്പൊ വേലപ്പന്‍ നായര്‍ വീട്ടിലെത്താന്‍ എടുത്തത്‌ ഏകദേശം 20 മിനിറ്റു. ഈ നേരം കൊണ്ട് ഷാപ്പില്‍ നിന്ന് നമ്പൂതിരിയുടെ വീട്ടിലെത്തി പശുവിനേം മോഷ്ടിച്ചു തിരിച്ചെത്തുക അസാധ്യം”

“എല്ലാരും നൊണ പറയുകാ. കള്ളകൂട്ടങ്ങള്‍ അല്ലേലും ഈ കള്ളുകുടിയന്മാര്‍ എന്ത് കള്ളത്തരോം പറയും”. തെളിവുകളൊന്നും തന്റടുത്ത്‌ ഏശില്ലെന്ന മട്ടിലാണ് സുമതി. കാര്യം സുമതിയെ പറഞ്ഞു മനസ്സിലാക്കാന്‍ തങ്കച്ചന്‍ കുറച്ചു പാടുപെട്ടു. വരുന്ന നേരം, തൊള്ള കീറി പാട്ട് പാടാറുള്ളത് എന്തായാലും വേലപ്പന്‍ നായര്‍ക്കു ഇപ്പോള്‍ തുണയായി. വേലപ്പന്‍ എത്തിയ നേരം അയല്‍ക്കാരും സ്ഥിരീകരിച്ചു.

“അപ്പൊ മോഷ്ടിച്ചത് വേലപ്പന്‍ നായരല്ല” തങ്കച്ചന്‍ തുടര്‍ന്നു.

“ഇതാകെ കുഴഞ്ഞ പ്രശ്നമാണല്ലോ……ഇലയും…മുള്ളും…”. തങ്കച്ചന്‍ വീണ്ടും പിറുപിറുത്തു

“ഇലയും മുള്ളും..”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s