
അയല്‍ക്കാര്‍.
വാടകക്കാരനെ ഒന്നു വിശദമായി പരിചയപ്പെട്ടുകളയാം എന്ന ഉദ്ദേശവുമായാണ് ലക്ഷ്മണന്‍ തങ്കച്ചനെ കാണാനെത്തിയത്. വീടിന്‍റെ വാതില്‍ തുറന്നിരുന്നു. കാര്‍ഡ്ബോര്‍ഡ് ബോക്സുകളില്‍ പലതും ഇപ്പോഴും തുറക്കാതെ ഹാളില്‍ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു. പൂര്‍ത്തിയാവാത്ത വീടുമാറ്റത്തിന്‍റെ തിരക്കിലാണ് തങ്കച്ചന്‍.
“ധൃതിയിലാണോ തങ്കച്ചാ?”
“ആ, ലക്ഷ്മണനോ. ലക്ഷ്മണന്‍ എത്തിയത് ഏതായാലും നന്നായി. ഞാന്‍ വിളിക്കാന്‍ ഒരുങ്ങുകയായിരുന്നു”
“എന്താ? എന്തുപറ്റി? വീടിനു എന്തെങ്കിലും പ്രശ്നം..”
“ഹേയ്, പ്രശ്നങ്ങളൊന്നുമില്ല. എല്ലാം സന്തുഷ്ടം”
കാര്‍ഡ്ബോര്‍ഡ് ബോക്സുകളില്‍ മുങ്ങിയപ്പോയ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്ത ഒരു സ്റ്റൂളില്‍ ലക്ഷ്മണന്‍ ഇരിപ്പുറപ്പിച്ചു.
“ഇന്നലെ നല്ലരീതിയില്‍ തങ്കച്ചനെ പരിചയപ്പെടാന്‍ പറ്റിയില്ല, അതാ ഞാന്‍..”
“ആഹ്, ആയിക്കോട്ടെ. സ്വന്തം വാടകക്കാരനെ നന്നായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെ, ലക്ഷ്മണന്‍ ചോദിച്ചോളൂ, എന്താ ലക്ഷ്മണന് അറിയേണ്ടത്?” തങ്കച്ചന്‍ കുറച്ചു ധൃതിയില്‍ തന്നെ ആണെന്ന് തോന്നി.
“തങ്കച്ചന്‍ സ്വന്തം നാടിനെ പറ്റിയൊന്നും പറഞ്ഞില്ലല്ലോ. എവിടെയാ നാട്? വീട്ടില്‍ ആരൊക്കെയുണ്ട്? ഭാര്യ എന്ത് ചെയുന്നു? എത്ര മക്കള്‍? എന്താ ജോലി?”
“ഓഹ്, ഇത്രയധികം ചോദ്യങ്ങളുണ്ടോ?. ആയിക്കോട്ടെ നമുക്ക് ഒന്നൊന്നായി പരിശോധിക്കാം. നാട് കുറച്ചു തെക്കോട്ടാ, നമ്മുടെ ജില്ല തന്നെ. സ്ഥലപ്പേരു പറഞ്ഞാല്‍ ലക്ഷ്മണന്‍ അറിയില്ല. ഒരു ഉള്‍ഗ്രാമമാണ്. തനിച്ചാണ് താമസം. ഇവിടെയും തനിച്ചു തന്നെ ആയിരിക്കും. പിന്നെ വിവാഹം കഴിച്ചിട്ടില്ല. മക്കള്‍, ഇതുവരെ ഒന്നും ആയിട്ടില്ല.”
“ആഹ്, അത് മനസിലായി. കല്യാണം കഴിക്കാതെ പിന്നെ എങ്ങനെയാ മക്കള്‍….”
“അതെന്താ ലക്ഷ്മണാ, തേയില കൃഷി ഉള്ളവര്‍ മാത്രം ചായ കുടിച്ചാല്‍ മതിയോ?”
“ങേ!!”. ലക്ഷ്മണന്‍ ഒന്നു ഞെട്ടി. തമാശ പറഞ്ഞതുതന്നെയല്ലേ, അതോ ഇനി…….
“ഇനിയെന്താ അറിയാന്‍ ബാക്കിയുള്ളത്?” നിര്‍വികാരനായി തങ്കച്ചന്‍ ചോദിച്ചു.
“ജോലി..ജോലിയെ പറ്റി പറഞ്ഞില്ലല്ലോ. സിബിഐ അല്ലെന്നു ഏതായാലും മനസിലായി” കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ മനസ്സില്‍ അയവിറക്കിക്കൊണ്ട് ലക്ഷ്മണന്‍ ചോദിച്ചു.
“ഓ, അത് ഇതുവരെ വിട്ടില്ലേ?, മറന്നുകള ലക്ഷ്മണാ.”
“ഓക്കേ, മറന്നിരിക്കുന്നു. തങ്കച്ചന്‍ ജോലിയെ പറ്റി പറ.”
“ജോലി…” തങ്കച്ചന്‍ ഒരു നിമിഷത്തേക്ക് നിശബ്ദനായി. ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു, എന്നിട്ട് അല്പം ഗാംഭീര്യത്തോടെ തുടര്‍ന്നു.
“ജോലി, ‘പ്രശ്നപരിഹാരം’ ”
“ങേ! പ്രശ്നപരിഹാരമോ? അപ്പൊ ജ്യോല്‍സ്യനാണോ?” ഒരിക്കലും പ്രതീക്ഷിക്കാത്ത ഉത്തരം കിട്ടിയ മട്ടില്‍ ലക്ഷ്മണന്‍ ചോദിച്ചു.
“ഹ ഹ ഹ, ജോല്‍സ്യനോ. അല്ലേയല്ല. ഇത് അങ്ങനെയുള്ള ‘പ്രശ്നപരിഹാരം’ അല്ല”
“പിന്നെ?” ലക്ഷ്മണന്‍റെ താത്പര്യം വര്‍ദ്ധിച്ചു.
“അതിനെക്കുറിച്ച് നമുക്ക് വിശദമായി പിന്നീടു സംസാരിക്കാം. ഇപ്പൊ ഏതായാലും ലക്ഷ്മണന്‍ എന്നോടൊപ്പം വരൂ”
ചോദ്യങ്ങളില്‍ നിന്നുള്ള തങ്കച്ചന്‍റെ ഈ ഒളിച്ചോട്ടം ലക്ഷ്മണന് ഒട്ടും സ്വീകാര്യമായി തോന്നിയില്ല.
“എങ്ങോട്ടാ?”
ലക്ഷ്മണന്‍റെ മുഖത്ത് പ്രകടമായിരുന്ന നീരസം തങ്കച്ചന്‍ കണ്ടില്ലെന്ന് നടിച്ചു.
“ലക്ഷ്മണന്‍ നമ്മുടെ അയല്‍ക്കാരെയൊക്കെ എനിക്കൊന്നു പരിചയപ്പെടുത്തി തരണം. സാമൂഹ്യബന്ധനങ്ങളാണല്ലോ നമ്മുടെയൊക്കെ നിലനില്‍പ്പിന്‍റെ ആധാരം”
തങ്കച്ചന്‍റെ ‘ബന്ധനം’ എന്ന പ്രയോഗം ലക്ഷ്മണന്‍ ശ്രദ്ധിക്കാതിരുന്നില്ല. അബദ്ധം പറ്റിയതാകാന്‍ വഴിയില്ല. ആദ്യ ദിവസം തന്നെ അങ്ങനെ അബദ്ധം പറ്റുന്ന ആളല്ല താനെന്നു തങ്കച്ചന്‍ വ്യക്തമാക്കിയതാണല്ലോ. എന്തായാലും തങ്കച്ചന്‍ ഇപ്പോള്‍ മുന്നോട്ടുവച്ച നിര്‍ദേശത്തെ അംഗീകരിക്കാതിരിക്കാന്‍ ലക്ഷ്മണനായില്ല. അയല്‍ക്കാരെ പരിചയപ്പെടേണ്ടത് അത്യാവശ്യം തന്നെ, പിന്നെ അവരുമായുള്ള സംഭാഷണത്തിനിടയില്‍ തങ്കച്ചനെ പറ്റി കൂടുതല്‍ അറിയുകയും ആവാമല്ലോ. ഇരുവരും വീട് പൂട്ടി പുറത്തിറങ്ങി. ഗേറ്റ് കടന്നു പുറത്തെത്തിയ ലക്ഷ്മണന്‍ ഒരു നിമിഷം ശങ്കിച്ച് നിന്നു.
“എങ്ങോട്ടാ തങ്കച്ചാ ആദ്യം പോകേണ്ടത്? ഇടത്തോട്ടോ വലത്തോട്ടോ? വലത്തോട്ടാണെങ്കില്‍ ശോശാമ്മ ചേട്ടത്തിയെ പരിചയപ്പെടാം. അവര്‍ ഒറ്റയ്ക്കാണ് താമസം. മക്കളൊക്കെ വിദേശത്താ, പിന്നെ ഇടത്തോട്ടാണെങ്കില്‍ ശുപ്പാണ്ടി ഫാമിലി!!!”
“ങേ, ശുപ്പാണ്ടി ഫാമിലിയോ?”
“ഹ ഹ ഹ അതെ. കേളുമേനോന്‍ എന്നാണു ഗൃഹനാഥന്‍റെ പേര്. ഭാര്യയും രണ്ടു ആണ്മക്കളുമുണ്ട്. കുടുംബാംഗങ്ങളുടെ ബുദ്ധിനിലവാരം കണ്ടു നാട്ടുകാരിട്ട പേരാണ് ശുപ്പാണ്ടി ഫാമിലി എന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം. ഇളയ പയ്യന്‍ എന്‍റെ ശിഷ്യനാണ്. ആറാം തരത്തില്‍ പഠിക്കുന്നു. കൂട്ടത്തില്‍ ഏറ്റവും ബുദ്ധിയുള്ളത് അവനാണ്.”
“ഹാ, രസകരമായിരിക്കുന്നല്ലോ. എന്നാല്‍ ആദ്യം ശുപ്പാണ്ടികുടുംബത്തെ തന്നെ പരിചയപ്പെട്ടുകളയാം.”
ശുപ്പാണ്ടികുടുംബത്തിന്‍റെ പടിവാതില്‍ക്കലെത്തിയ തങ്കച്ചനെയും ലക്ഷ്മണനെയും എതിരേറ്റത് ശോശാമ്മ ചേട്ടത്തി ആയിരുന്നു. അറുപത്തഞ്ചു വയസിനോടടുപ്പിച്ചു പ്രായം, വാര്‍ദ്ധക്യത്തിന് പിടികൊടുക്കാത്ത ചുറുചുറുക്കുള്ള ശരീരം. സദാ ജിജ്ഞാസ സ്ഫുരിക്കുന്ന കണ്ണുകള്‍.
“ശോശാമ്മ ചേടത്തിയോ? ചേട്ടത്തിയെ കണ്ടത് ഏതായാലും നന്നായി. ഞാന്‍ പുതിയ വാടകക്കാരനെ പരിചയപ്പെടുത്താന്‍ വന്നതാ. എല്ലാവരേയും ഒരുമിച്ചു കിട്ടിയല്ലോ അതേതായാലും നന്നായി.” ഇത്രയും പറഞ്ഞു ലക്ഷ്മണന്‍ തങ്കച്ചനു നേരെ തിരിഞ്ഞു. ”തങ്കച്ചാ, ഇതാണ് ഞാന്‍ പറഞ്ഞ ശോശാമ്മ ചേട്ടത്തി. ചേട്ടത്തി അപ്പുറത്താ താമസം. നമ്മുടെ വീടിന്‍റെ വലതുവശത്ത് ”
“ഓ, ഇതാണോ പുതിയ താമസക്കാരന്‍. ഭാര്യേം, കുട്ടികളെയുമൊക്കെ കൊണ്ടുവന്നിട്ടുണ്ടോ?”
“ഇല്ലാ, ബാച്ചിലര്‍ ആണ്”
“ഓഹോ, അതെന്തുപറ്റി? കണ്ടിട്ട് പ്രായം കുറച്ചായല്ലോ” ആദ്യമായി പരിചയപ്പെടുന്ന ഒരു അപരിചിതന്‍, എന്ന ഭാവമേതുമില്ലാതെയാണ് ശോശാമ്മ ചേട്ടത്തിയുടെ ചോദ്യം.
“അത് തങ്കച്ചനു തേയിലകൃഷി ഇഷ്ടമല്ല.” ചെറിയൊരു കുസൃതിച്ചിരിയോടെയാണ് ലക്ഷ്മണന്‍ അത് പറഞ്ഞത്.
പരസ്പരബന്ധമില്ലാതെ വന്ന ഉത്തരത്തില്‍ ശോശാമ്മചേട്ടത്തിയൊന്നു കുഴങ്ങി
ഇത്രയുമായപ്പോഴേക്കും കേളുമേനോന്‍ പുറത്തേക്കു വന്നു.
“ആഹ്, ആരൊക്കെയാ ഇത്. എന്താ എല്ലാവരും കൂടി ഒരുമിച്ച്? ഇതാരാ പുതിയ ആള്‍?”
“ഇതാണ് നിങ്ങളുടെ പുതിയ അയല്‍ക്കാരന്‍” ലക്ഷ്മണന്‍ തങ്കച്ചനെ പരിചയപ്പെടുത്തി. ശേഷം മേനോന്‍റെ ക്ഷണം സ്വീകരിച്ചു എല്ലാവരും സ്വീകരണമുറിയില്‍ ആസനസ്ഥരായി.
കേളുമേനോന്‍ തന്നെ സംഭാഷണത്തിന് തുടക്കം കുറിച്ചു “എന്തായാലും വീട് വാടകയ്ക്ക് കൊടുത്തത് നന്നായി. ഞങ്ങള്‍ക്കൊരു അയല്‍ക്കാരനെ കിട്ടിയല്ലോ. ഇത്രയും നാളും അത് ഭൈരവീനിലയം പോലെ അടച്ചിട്ടിരിക്കുകയല്ലാരുന്നോ”
“ഭൈരവീനിലയമല്ല ഭാര്‍ഗവീനിലയം”, ചുറ്റും കണ്ണോടിച്ചുകൊണ്ട് തങ്കച്ചന്‍ തെറ്റ് തിരുത്തി.
“ആയിക്കോട്ടെ, ആഹ് ഇതെന്‍റെ മൂത്തമകനാ, സുരേഷ്” മകനെ കേളുമേനോന്‍ പരിചയപ്പെടുത്തി. സുരേഷ് അച്ഛന്റെ തൊട്ടടുത്ത് തന്നെ സോഫയില്‍ ഇടംപിടിച്ചു, തങ്കച്ചന്‍ നല്‍കിയ ഹസ്തദാനം സ്വീകരിച്ചു.
“സുരേഷ്, എന്ത് ചെയ്യുന്നു.”
“ഇപ്പൊ ഒന്നും ചെയ്യുന്നില്ല”
“വിവാഹം കഴിഞ്ഞതാണോ?”
“എന്‍റെയോ?..എന്‍റെ വിവാഹം കഴിഞ്ഞിട്ടില്ല. അച്ഛന്റെത് കഴിഞ്ഞതാ.”
തങ്കച്ചന്‍ ഒന്ന് ഞെട്ടി. ലക്ഷ്മണനും, ശോശ്ശമ്മചേട്ടത്തിക്കും ഒരു കുലുക്കവുമില്ല.
“അതെ, എന്‍റെ കല്യാണം കഴിഞ്ഞതാ. ദാ ഇതാ ഭാര്യ, മാധവി” അടുക്കളയില്‍ നിന്ന് വന്ന മിസ്സിസിനെ കേളു പരിചയപ്പെടുത്തി. കേളു സൂചിപ്പിച്ചത് തന്നെ തന്നെയാണെന്ന് ഉറപ്പിക്കാനാനെന്നവണ്ണം, ഇംഗ്ലീഷ് സ്കൂളില്‍ അറ്റന്‍ഡന്‍സ് പറയുന്ന മാതിരി മാധവി കൈ ഉയര്‍ത്തികാണിച്ചു. ഫലിതത്തിന്‍റെ ലാഞ്ചന ലവലേശമില്ലാതെയാണ് കേളുവിന്‍റെയും കുടുംബത്തിന്‍റെയും സംസാരവും പെരുമാറ്റവും, അതില്‍ നിന്നും നാട്ടുകാര്‍ നല്‍കിയ ‘ശുപ്പാണ്ടി ഫാമിലി’ എന്ന വിശേഷണത്തിന്‍റെ പൊരുള്‍ പെട്ടെന്ന് തന്നെ തങ്കച്ചന്‍ ഊഹിച്ചെടുത്തു. തങ്കച്ചന്‍ ലക്ഷ്മണനെ ഏറുകണ്ണിട്ടു നോക്കി.
‘ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ’ ഇതായിരുന്നു ലക്ഷ്മണന്‍റെ മുഖത്ത് കളിയാടിയ ഭാവം. ‘ഇതൊക്കെ ഞാനെത്ര കണ്ടതാ’ എന്ന രീതിയില്‍ ശോശാമ്മ ചേട്ടത്തി നിര്‍വികാരയായി കാണപ്പെട്ടു.
ശോശാമ്മ: “പാചകത്തിലായിരുന്നോ മാധവി?”
“യെസ് ചേട്ടത്തി, കുറച്ചു ‘റൈസ് സൂപ്പ്’ പ്രിപ്പയര്‍ ചെയ്യുവാരുന്നു.”. മാധവിയുടെ ഉത്തരം ഉറപ്പിക്കാനെന്നവണ്ണം പശ്ചാത്തലത്തില്‍ കുക്കറിന്‍റെ ചൂളം വിളി മുഴങ്ങി. കഞ്ഞിവെള്ളത്തില്‍ വെന്തുരുകുന്ന ചോറിന്‍റെ മണം പിന്നാലെയെത്തി.
കേളുമേനോന്‍ ഭാര്യയെ തങ്കച്ചനു പരിചയപ്പെടുത്തി.
“ഞങ്ങള്‍ രണ്ടും പഴയ ഗവണ്മെന്റ് ഉദ്യോഗസ്ഥരാ, അതിരിക്കട്ടെ തങ്കച്ചന്‍ എന്ത് ചെയ്യുന്നു?”
കൂടുതല്‍ ഉത്സുകതയോടെ ലക്ഷ്മണന്‍ മുന്നിലേക്ക് ആഞ്ഞിരുന്നു.
രാവിലെ ലക്ഷ്മണന് നല്‍കിയ ഉത്തരം അതെ ഗാംഭീര്യത്തോടെ തങ്കച്ചന്‍ ആവര്‍ത്തിച്ചു.
“ജോലി, പ്രശ്നപരിഹാരം”
“ഹാ നന്നായി, ഞങ്ങള്‍ നോക്കി നടന്ന ആള്‍ തന്നെ”. അത്യധികം സന്തോഷത്തോടെ കേളു തുടര്‍ന്നു
“തങ്കച്ചന്‍ ഒരു സഹായം ചെയ്യണം. സുരേഷിന്‍റെ സമയം തങ്കച്ചന്‍ ഒന്ന് നോക്കി തരണം. കല്യാണപ്രായമായെ”. വിവര്‍ണമുഖവുമായി നാണത്തോടെ സുരേഷ് കാലിന്‍റെ പെരുവിരല്‍ കൊണ്ട് പെയിന്റിംഗ് തുടങ്ങി.
എന്നാല്‍ സുരേഷിന്‍റെ കലാസൃഷ്ടിയുടെ കഴുത്തറുത്തുകൊണ്ട് തങ്കച്ചന്‍റെ മറുപടി ഉടനടി എത്തി. “അയ്യോ, ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ജ്യോത്സ്യനല്ല”
കേട്ടപാടെ സ്വിച്ചിട്ടപോലെ സുരേഷ് പെയിന്റിംഗ് അവസാനിപ്പിച്ചു.
“ങേ, അല്ലെ. അത് വളരെ കഷ്ടമായിപ്പോയി. ഞാന്‍ ഒരു നല്ല ജ്യോത്സ്യനെ തപ്പി നടക്കുവാരുന്നു. കല്യാണക്കാര്യം കൂടാതെ പുതിയൊരു വണ്ടി എടുക്കുന്ന കാര്യം കൂടി നോക്കണമായിരുന്നു”
“അതിനു നിനക്ക് ഡ്രൈവിംഗ് അറിയാമോടാ?” ശോശാമ്മചേട്ടത്തിയുടെതാണ് ചോദ്യം.
“ഇല്ലാ, ഇവനറിയാം.” മകനെ സൂചിപ്പിച്ചുകൊണ്ടു കേളു പറഞ്ഞു.
“അല്ലേലും എന്‍റെ ജോലിയും ജീവിതവുമെല്ലാം ബസ്സില്‍ ആയിരുന്നല്ലോ, ആ തങ്കച്ചനോട് പറഞ്ഞില്ലല്ലോ. ഞാന്‍..”
“ബസ് കണ്ടക്ടര്‍ ആയിരുന്നു, കെഎസ്ആര്‍ടിസിയില്‍ അല്ലെ?”
“ആ അതെ, ലക്ഷ്മണന്‍ എല്ലാം വിശദമായി പറഞ്ഞു അല്ലെ”
“ഇല്ലാ ഞാന്‍ ഒന്നും പറഞ്ഞില്ല” ലക്ഷ്മണന്‍ അത്ഭുതത്തോടെ തങ്കച്ചനെ നോക്കി.
“പിന്നെ….എങ്ങനെ…”
“അതിരിക്കട്ടെ, എപ്പോഴാ ഭാഗ്യം കനിഞ്ഞത്?”
“ങേ”
കൂഊഊഊഊ….കേളുവിന്‍റെ ഞെട്ടലിനോപ്പം പിന്നണിയില്‍ കുക്കറിന്‍റെ അടുത്ത വിസില്‍ മുഴങ്ങി.
“ലോട്ടറി അടിച്ച ശേഷമാണല്ലോ ചേട്ടന്‍ ജോലിയില്‍ നിന്ന് പിരിഞ്ഞത്”
“ഇങ്ങേരു സിബിഐ വല്ലതുമാണോടേ?” മൂക്കത്ത് വിരല്‍ വച്ചുകൊണ്ട് ശോശാമ്മ ചേട്ടത്തി ലക്ഷ്മണനോട് ചോദിച്ചു.
“അല്ല, എന്തായാലും സിബിഐ അല്ല” ലക്ഷ്മണന്‍ ഉറപ്പിച്ചു പറഞ്ഞു.
പെട്ടെന്ന് ഷോക്കടിച്ചതു പോലെ കേളു സോഫയില്‍ നിന്ന് തറയിലേക്കു ചാടി. എന്നിട്ട് തങ്കച്ചനു മുന്നില്‍ മുട്ട് കുത്തി, കൈ കൂപ്പി സാഷ്ടാംഗം നമിച്ചു.
“ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സ്വാമി എന്നോട് ക്ഷമിക്കണം. എന്ത് പ്രായശ്ചിത്തമാ ചെയ്യേണ്ടതെന്നു മാത്രം പറഞ്ഞാല്‍ മതി.” കേളു കരച്ചില്‍ തുടങ്ങി. തങ്കച്ചനു എന്തോ മാന്ത്രികസിദ്ധിയുണ്ടെന്നു ഉറപ്പായ മട്ടിലാണ് കേളുവിന്‍റെ പെരുമാറ്റം. ഇത് കണ്ടുനിന്ന മാധവിയും സുരേഷും തങ്ങളുടെ ഗൃഹനാഥനെ അനുകരിച്ച് കേളുവിന്‍റെ ഇടം വലം കൈ കൂപ്പി, മുട്ട് കുത്തി ഇരിപ്പുറപ്പിച്ചു. മുന്നില്‍ നടക്കുന്ന കോപ്രായങ്ങളെല്ലാം കണ്ടു മിഴിച്ചിരിക്കയാണ് ലക്ഷ്മണനും ശോശാമ്മചേട്ടത്തിയും.
ചിരിയമര്‍ത്താന്‍ പാടുപെട്ടുകൊണ്ട് തങ്കച്ചന്‍ പറഞ്ഞു “ഹഹ, കേളുചേട്ടാ, ഞാനും നിങ്ങളെ പോലെ ഒരു സാധാരണ മനുഷ്യന്‍ തന്നെ. ഇതൊക്കെ നിങ്ങള്‍ എന്നോട് പറയാതെ പറഞ്ഞ കാര്യങ്ങള്‍ മാത്രം.”. കേളുവിന് എന്തോ അത് വിശ്വാസ്യമായി തോന്നിയില്ല. തുടര്‍ന്നുള്ള സംഭാഷണത്തില്‍ കേളുവിന്‍റെ ‘സ്വാമി’ എന്നുള്ള സംബോധന അവിരാമമായി തുടര്‍ന്നു. കുറച്ചു നേരത്തെ കുശലപ്രശ്നങ്ങള്‍ക്ക് ശേഷം ‘തങ്കച്ചന്‍ സ്വാമികള്‍’ കേളുവിനോട് യാത്ര പറഞ്ഞിറങ്ങി.
“ഹാ അപ്പൊ ഇടയ്ക്കൊക്കെ കാണാം, കേള്‍ക്കാം. ദാ ഈ വിസില്‍ പോലെ.” അത് പറഞ്ഞു തങ്കച്ചന്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തി, നിമിഷമാത്രയില്‍ അടുക്കളയില്‍ അടുത്ത വിസില്‍ മുഴങ്ങി.
“ഹോ, മഹാമാന്ത്രികന്‍ തന്നെ” കേളു കൈ കൂപ്പി തല വണങ്ങി യാത്ര പറഞ്ഞു. ഒരു കുസൃതിചിരിയോടെ തങ്കച്ചന്‍ ലക്ഷ്മണനൊപ്പം തിരിച്ചു നടന്നു.
ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങള്‍ ലക്ഷ്മണന്‍റെ മനസ്സില്‍ നുരഞ്ഞു പൊന്തി. എന്നാല്‍ ചോദ്യങ്ങള്‍ പുറത്തെത്തും മുന്‍പേ പുറകില്‍ നിന്ന് വിളി വന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ശോശാമ്മചേടത്തിയാണ്. ഒരു കാലന്‍ കുടയും കൈയില്‍ പിടിച്ചു ഓടികിതച്ചാണ് പുള്ളിക്കാരിയുടെ വരവ്
“അങ്ങനെ അങ്ങ് പോയാലോ. ഇതൊക്കെ എങ്ങനെയാ കണ്ടുപിടിച്ചതെന്ന് പറഞ്ഞിട്ട് തങ്കച്ചന്‍ പോയാല്‍ മതി. കൃത്യമായ കാര്യകാരണ സഹിതം കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കിലേ, എനിക്കൊരു ശ്വാസംമുട്ടാ..”
“അത് കേളുചെട്ടന്‍ പറഞ്ഞത് ചേടത്തി കേട്ടില്ലെ? എല്ലാം മന്ത്രവാദം.”
“ആ അടവൊക്കെ മണ്ടന്‍ ശുപ്പാണ്ടിമേനോന്‍റെ അടുത്ത് മതി. ഈ, മനുഷ്യര്‍ കാണിക്കുന്ന മന്ത്രവാദത്തിലൊന്നും എനിക്കൊരു വിശ്വാസവുമില്ല”
“കൊള്ളാം, ഭേഷ്..ചേടത്തിക്ക് ഏതായാലും നല്ല വിവരം ഉണ്ട്. ഞാന്‍ പറഞ്ഞില്ലേ ചേട്ടത്തി, ഇതൊക്കെ നിങ്ങള്‍ എന്നോട് പറയാതെ പറഞ്ഞ കാര്യങ്ങള്‍ മാത്രം. ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍, ഡ്രൈവിംഗ് അറിയില്ല, ജീവിതത്തില്‍ ഏറിയ പങ്കും ബസ്സില്‍ കഴിച്ചുകൂട്ടുക. ഇത്രയും പറഞ്ഞാല്‍ ഏതു കുട്ടിയും കടംകഥയുടെ ഉത്തരം പറയും”
“കണ്ടക്ടര്‍” യാന്തികമായി ലക്ഷ്മണന്‍റെ നാവു മന്ത്രിച്ചു.
“അതെ. പിന്നെ ‘പഴയ’ ഗവണ്മെന്റ് ഉധ്യോഗസ്ഥന്‍ എന്നാല്‍ ഇപ്പോള്‍ സര്‍വ്വീസില്‍ ഇല്ല എന്നര്‍ത്ഥം. പുള്ളിക്കാരനാണെങ്കില്‍ റിട്ടയര്‍ ചെയ്യാനുള്ള പ്രായവും ആയിട്ടില്ല..”
“അപ്പൊ ലോട്ടറിയുടെ കാര്യമോ? ” ലക്ഷ്മണന് സംശയം മാറിയില്ല “ലോട്ടറി അടിച്ചിട്ടാണ് ജോലിയില്‍ നിന്ന് പിരിഞ്ഞതെന്ന് എങ്ങനെ മനസിലായി? പിന്നെ ആ കുക്കറിന്‍റെ വിസില്‍?”
“ആ, അതെനിക്കറിയാം” അത്യുത്സാഹത്തോടെ ശോശാമ്മ ചേട്ടത്തി പറഞ്ഞു “ചുവര്‍ മുഴുവന്‍ സമ്മാനത്തുക കൈപ്പറ്റുന്ന ഫോട്ടോകളാണല്ലോ. ലോട്ടറിയുടെ കോപ്പി വരെ മണ്ടന്‍ മേനോന്‍ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്”
“അതെ, ചേട്ടത്തിക്ക് ബുദ്ധിയുണ്ട്. സ്കൂള്‍മാസ്റ്ററെ പോലെയല്ല.” ലക്ഷ്മണന്‍റെ നോട്ടം അവഗണിച്ച് തങ്കച്ചന്‍ തുടര്‍ന്നു
“പിന്നെ കുക്കറിന്‍റെ വിസില്‍. അവിവാഹിതനായി, ഒറ്റയ്ക്ക് കാലങ്ങളായി താമസിക്കുന്ന ഒരാള്‍ക്ക്, സ്വന്തമായി പാചകം ചെയ്യുന്ന ഒരാള്‍ക്ക്, രണ്ടു കുക്കര്‍ വിസില്‍ കേട്ടാല്‍ മൂന്നാത്തെതിനെ പ്രവചിക്കാന്‍ അധികം വിവരമൊന്നും വേണ്ട.”
“ഹൊ, എന്നാലും എന്‍റെ തങ്കച്ചാ സമ്മതിച്ചിരിക്കുന്നു”. ശോശാമ്മ ചേട്ടത്തിക്കു തങ്കച്ചനെ പറ്റി എന്തെന്നില്ലാത്ത മതിപ്പ് തോന്നി. “ഇതൊക്കെ കൃത്യമായി കണ്ടുപിടിച്ചു പറയേണ്ട സമയത്ത് പറയുന്നത് ഒരു അപാര കഴിവ് തന്നെ” ഒരു പതിനഞ്ചു മിനിട്ടോളം തങ്കച്ചന്‍റെ ബുദ്ധിയെ പ്രകീര്‍ത്തിച്ചശേഷം ശോശാമ്മ വിടവാങ്ങി.
തങ്കച്ചന്റെ ബുദ്ധിശക്തിയില്‍ ലക്ഷ്മണനും എന്തെന്നില്ലാത്ത ബഹുമാനം തോന്നി. എന്നിരുന്നാലും തത്കാലം അത് പുറത്തു പ്രകടിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു.
“എന്താ ലക്ഷ്മണാ, താങ്കളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായില്ലേ?”
“ഇല്ലല്ലോ. എന്‍റെ ഒരു ചോദ്യത്തിന് തങ്കച്ചന്‍ ഇനിയും ഉത്തരം തന്നില്ല.”
“ങേ.. ഏതു ചോദ്യത്തിന്?”
“എന്താണീ ‘പ്രശ്നപരിഹാരം’?’”
(തുടരും…)