തങ്കച്ചന്‍ കഥകള്‍ 4

ഇലയും മുള്ളും.

തങ്കച്ചന്‍ വേറെ ഏതോ ലോകത്തിലാണെന്ന് തോന്നി. കൈവിരലുകള്‍ കൂട്ടിപിണച്ചു മുഖത്തോട് ചേര്‍ത്തു, കണ്ണുകളടച്ചു കല്ലുപോലെ നിശ്ചലനായി തങ്കച്ചന്‍ നിലകൊണ്ടു. ചുറ്റും പിറുപിറുക്കലുകള്‍ ഉയര്‍ന്നു. തങ്കച്ചന്‍ ചൂണ്ടുവിരല്‍ ചുണ്ടോടു ചേര്‍ത്തു. ജനം വീണ്ടും നിശബ്ദരായി.

“ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന പ്രകാരം ആയിരിക്കണം ഈ സംഭവം നടക്കാന്‍ തൊണ്ണൂറു ശതമാനവും സാധ്യത. അത് കൃത്യമായി തോന്നിയാല്‍ മാത്രം നിങ്ങള്‍ സ്വീകരിച്ചാല്‍ മതി. എന്തായാലും വേലപ്പന്‍ നായരുടെ മടക്കയാത്രയുടെ സമയം വച്ച് അദ്ദേഹം അല്ല മോഷ്ടാവ് എന്ന് ഉറപ്പിക്കാം.” പശ്ചാത്തലത്തില്‍ നായര്‍ ദമ്പതികളുടെ ദീര്‍ഘനിശ്വാസം വ്യക്തമായി.

“എന്നാല്‍ പശു കയര്‍ അഴിച്ചെടുത്തു ഇത്രയും ദൂരം, നട്ടുച്ച നേരം റോഡിലൂടെ നടന്നു വരാനും സാധ്യത കുറവ്. പ്രത്യേകിച്ചും സാവിത്രിയമ്മ പറഞ്ഞ പോലെ തൊട്ടടുത്ത്‌ തന്നെ പാടവും പറമ്പും ഉള്ളപ്പോള്‍. പശു സ്വയം വേലപ്പന്‍ നായരുടെ വീട്ടില്‍ കുറ്റിയടിച്ച് കയര്‍ കെട്ടി കിടക്കാനും സാധ്യത കുറവ് തന്നെ.” ചിരിച്ചുകൊണ്ട് തങ്കച്ചന്‍ പറഞ്ഞു.

“അപ്പോള്‍ സംഭവം നടന്നത് ഇങ്ങനെ. ഏതോ മോഷ്ടാക്കള്‍ നമ്പൂതിരി ദമ്പതികള്‍ വീട്ടിലില്ലെന്നു മനസിലാക്കി. പശുവിനെ മോഷ്ടിക്കുന്നു. എന്നാല്‍ മോഷണമുതല്‍ കടത്തുന്നതിനിടയില്‍ എപ്പോഴോ പശു മോഷ്ടാക്കളുടെ കയ്യില്‍ നിന്ന് ചാടി പോകുന്നു. രക്ഷപെട്ട പശു എത്തിപെട്ടത് നായര്‍ ദമ്പതികളുടെ വീട്ടില്‍. ഈ സമയമായിരിക്കണം വേലപ്പന്‍ നായര്‍ ഷാപ്പില്‍ നിന്ന് തിരിച്ചു വീട്ടില്‍ എത്തിയത്. മദ്യലഹരിയില്‍ വേലപ്പന്‍നായര്‍ തന്നെ പശുവിനെ കുറ്റിയടിച്ച് കെട്ടിയതാകണം..”

പെട്ടെന്ന് തങ്കച്ചനെ തടസ്സപ്പെടുത്തികൊണ്ട് എന്തോ കണ്ടുപിടിച്ച പോലെ വേലപ്പന്‍ നായര്‍ പറഞ്ഞു “എന്‍റെ സാറേ, ഞാന്‍ സത്യം പറയാം ഇന്നലെ രാത്രിയിലെപ്പോഴോ ഈ പശുവിന്‍റെ മോന്ത കണ്ടതായി എനിക്ക് നല്ല ഓര്‍മ്മ ഉണ്ട്. പക്ഷെ അത് പറഞ്ഞാല്‍ എന്നെ കള്ളനാക്കിയാലോ എന്ന് പേടിച്ചാ ഞാന്‍ ഒന്നും പറയാഞ്ഞത്. പക്ഷെ കുറ്റിയടിച്ചതും, കെട്ടിയതും ഒന്നും ഞാന്‍ ഓര്‍ക്കുന്നില്ല….ആ…ചിലപ്പോ…ആയിരിക്കും”

ചിരിച്ചുകൊണ്ട് തങ്കച്ചന്‍ തുടര്‍ന്നു “മദ്യം മനുഷ്യനെ ഏതൊക്കെ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു…അങ്ങനെയല്ലേ..നമ്പൂതിരി”. കഥയില്‍ മുഴുകിയിരുന്ന നമ്പൂതിരി പെട്ടെന്ന് ഞെട്ടി തരിച്ചു തങ്കച്ചനെ നോക്കി “ആ….അത്…അതെ..”.

“ഞാന്‍ പറഞ്ഞതൊക്കെ നമ്പൂതിരിക്ക് വിശ്വാസമായോ?”

“ആയി…നൂറു ശതമാനം. ഇങ്ങനെ തന്ന്യാ നടന്നിരിക്കണേ..ഇനീപ്പോ പോലീസിനേം മറ്റും വിളിക്കാന്‍ നിക്യണ്ട. ഇങ്ങനെ തന്ന്യാ സംഭാവിച്ചിരിക്യണെ”. നമ്പൂതിരിയും കേളുവിനെപോലെ ‘തങ്കച്ചന്‍ ഫാന്‍’ ആയെന്നു തോന്നുന്നു ലക്ഷ്മണന്‍ ചിന്തിച്ചു.

നമ്പൂതിരിയുടെ വാക്കോടു കൂടി പ്രശ്നം പരിഹരിക്കപെട്ടതായി അംഗീകരിച്ചു. കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും അന്തര്‍ജനവും കഥ അംഗീകരിച്ചു. നാട്ടുകാര്‍ ഓരോരുത്തരായി തങ്കച്ചനു അടുത്തെത്തി അഭിനന്ദനം അറിയിച്ചു. ഒരൊറ്റ ദിവസം കൊണ്ട് നാട്ടുകാരുടെ കണ്ണിലുണ്ണിയായി തങ്കച്ചന്‍ മാറിയിരിക്കുന്നു. ലക്ഷ്മണന് അതില്‍ ചെറിയ അസൂയ തോന്നാതിരുന്നില്ല. പ്രശംസിക്കാന്‍ എത്തുന്നവരോടൊക്കെ ഇത് തന്‍റെ വാടകക്കാരനാണെന്നു അറിയിക്കാന്‍ ലക്ഷ്മണന്‍ മറന്നില്ല. നാട്ടുകാര്‍ ഓരോരുത്തരായി സാവധാനം പിരിഞ്ഞുപോയി. വേലപ്പന്‍നായരും സുമതിയും തങ്കച്ചനടുത്തെത്തി പ്രത്യേകം നന്ദി അറിയിച്ചു.

നാരായണന്‍ നമ്പൂതിരി പശുവിനെ അഴിച്ചു കയര്‍ ഭാര്യയെ ഏല്‍പ്പിച്ചു. സാവിത്രി മടങ്ങി എന്ന് ഉറപ്പുവരുത്തിയ ശേഷം നമ്പൂതിരി തങ്കച്ചനെ സമീപിച്ചു.

“ദാ, തങ്കച്ചന്‍റെ പുതിയ ഒരു ഫാന്‍ വരുന്നുണ്ട്”.

ചെറിയൊരു പരിഹാസച്ചുവയോടെയാണ് ലക്ഷ്മണന്‍ അത് പറഞ്ഞത്. തങ്കച്ചനു തൊട്ടടുത്ത്‌ തന്നെ ലക്ഷ്മണന്‍ നില്‍ക്കുന്നത് കണ്ടു നമ്പൂതിരി ഒന്ന് പരുങ്ങി. തങ്കച്ചന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു “നമ്പൂതിരി പേടിക്കേണ്ട. ലക്ഷ്മണനെ വിശ്വസിക്കാം”

നമ്പൂതിരി: “വളരെ നന്ദിയുണ്ട്. നിങ്ങള്‍ എന്‍റെ മാനം രക്ഷിച്ചു”

തങ്കച്ചന്‍ : “ഹേയ് സാരമില്ല. എന്നാലും ഈ മദ്യത്തോടുള്ള ആസക്തി ഒരു നമ്പൂതിരിക്ക് ചേര്‍ന്നതാണോ.”

എന്താണ് നടക്കുന്നെതെന്നു മനസിലാകാതെ ചകിതനായി നില്‍ക്കുകയാണ് ലക്ഷ്മണന്‍.

നമ്പൂതിരി: “ഹേയ് ആസക്തി ഒന്നുമില്യ. കഴിക്കാതിരുന്നു കിട്ടിയപ്പോള്‍ തോന്നിയ ചെറിയ ഒരാര്‍ത്തി. അത് ഇങ്ങനെ ആകും എന്ന് ഒട്ടും നിരീച്ചില്ല.”

തങ്കച്ചന്‍ : “എന്നാലും അന്തര്‍ജനത്തോട്‌ കാര്യം പറയാമായിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാമായിരുന്നു. ഇത്ര പേടിയാണോ നമ്പൂതിരിക്ക് സ്വന്തം ഭാര്യയെ”

നമ്പൂതിരി : “അത്..പിന്നെ…നിങ്ങള്‍ എങ്ങനെ ഇതൊക്കെ..?”

യാതൊന്നും മനസിലാകാതെ ലക്ഷ്മണന്‍ ചോദിച്ചു “എനിക്കൊന്നും മനസിലായില്ല. എന്താണ് ഇപ്പോള്‍ സംഭവിച്ചത്?”

തങ്കച്ചന്‍ : “ഹാ. യഥാര്‍ത്ഥ കഥ ഇനി നമ്പൂതിരി പറയും. തുടങ്ങിക്കോളൂ നമ്പൂതിരി”

നമ്പൂതിരി ആദ്യം ഒന്ന് സംഭ്രമിച്ചു പിന്നെ ഒന്ന് നെടുവീര്‍പ്പെട്ടു, അതുകഴിഞ്ഞ് സാവധാനം കഥയിലേക്ക്‌ കടന്നു

“രാവിലെ തന്നെ ജോലിക്ക് ഇറങ്ങിയതാ ഞാന്‍. ബസ്സില്‍ കയറിയപ്പോഴേക്കും നല്ല തലവേദന. ഒന്ന് കിടന്നെ മതിയാവുള്ളൂ എന്ന് തോന്നി. തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി തിരിച്ചു വീട്ടിലേക്കു നടന്നു. വീട്ടിലെത്തിയപ്പോ സാവിത്രി അവിടെയില്ല. പിന്നെയാണ് അവള്‍ വീട്ടില്‍ പോകും എന്ന് പറഞ്ഞ കാര്യം ഓര്‍ത്തത്‌. കുറച്ചു നേരം കിടന്നു. തലവേദന ഒന്ന് കുറഞ്ഞപ്പോള്‍ നന്ദിനിയെ ഒന്ന് മേയ്ച്ചു കളയാം എന്ന് വച്ചു. ഞാന്‍ ചിലനേരത്തൊക്കെ നന്ദിനിയെയും കൊണ്ട് ഇങ്ങനെ നടക്കാറുണ്ടേ. അവള്‍ക്കും അതിഷ്ടാ. ഉച്ചനേരം ആയതുകൊണ്ട് ഗ്രാമമാകെ മൂകമായിരുന്നു. അതിനിടക്കാണ് ആ ശങ്കരനെ കണ്ടത്. അവനാണ് എല്ലാ കുഴപ്പത്തിനും കാരണം. അവന്‍റെ മകന്‍ മിലിട്ടറിയില്‍ നിന്ന് ലീവിന് വന്നിട്ടുണ്ടത്രേ. കൂടെ കുപ്പിയും ഉണ്ടെന്നു കേട്ടപ്പോ ഞാന്‍ വീണുപോയി. സാവിത്രിക്കു അറിയില്യ ഞാന്‍ കഴിക്കണ കാര്യം, അതുകൊണ്ട് അവള്‍ ഉള്ളപ്പോള്‍ കഴിച്ചിട്ട് ചെല്ലാനും പറ്റില്യ. നന്ദിനിയെയും കൂട്ടി നേരെ ശങ്കരന്‍റെ വീട്ടിലേക്കു പോയി. ശങ്കരന്‍റെ ഭാര്യയും മകനും എന്തോ ബന്ധുവീട്ടിലായിരുന്നു. ചുരുക്കിപറഞ്ഞാല്‍ ഞങ്ങള്‍ രണ്ടും മാത്രം, പിന്നെ നന്ദിനിയും. നന്നായി കുടിച്ചു. നല്ല സൊയമ്പന്‍ സാധനം. എത്ര നാളാ സാവിത്രിയെ പേടിച്ചു കുടിക്കാണ്ടിരിക്കണേ. കുടിച്ചു മത്തു പിടിച്ചു കിടന്നുറങ്ങി. ഉണര്‍ന്നപ്പോ രാത്രിയായി. അപ്പോഴാണ്‌ സാവിത്രിയെ പറ്റി ഓര്‍ത്തത്. ഞാന്‍ ആകെ സംഭ്രമിച്ചു. പെട്ടെന്ന് തന്നെ നന്ദിനിയെയും അഴിച്ചു വീട്ടിലേക്കു തിരിച്ചു. വീട്ടിലേക്കു പോകും വഴിയാണ് ഞാന്‍ ഓഫീസില്‍ നിന്ന് വന്ന കാര്യം സാവിത്രിക്കറിയില്ലെന്നു ഞാന്‍ ഓര്‍ത്തത്. പക്ഷെ പശുവിനേം കൊണ്ട് ചെന്നാല്‍ ആകെ പുകിലാകും. അങ്ങനെ പശുവിനെ തൊട്ടടുത്ത്‌ നായരുടെ വീട്ടിനടുത്ത് കുറ്റിയടിച്ച് കെട്ടിയിട്ടു. സീരിയലില്‍ ലയിച്ചിരുന്ന സുമതി ഒന്നുമറിഞ്ഞില്ല. വീട്ടിലെത്തിയപ്പോ സാവിത്രി ഇല്ല. അവള്‍ പശുവിനെ അന്വേഷിച്ചു ഇറങ്ങിയതായിരിക്കണമെന്നു ഞാന്‍ അനുമാനിച്ചു. അപ്പോഴേ പോയി കുളിച്ചു ഒന്ന് മുറുക്കി. തിരികെ വന്ന അവളെ ഒരു വിധം പശുവിനെ രാവിലെ അന്വേഷിക്കാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അതിരാവിലെ എഴുന്നേറ്റു പശുവിനെ കൊണ്ടുവരാന്‍ ആയിരുന്നു പ്ലാന്‍. പക്ഷെ ക്ഷീണം കാരണം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോ പശുവിനെ കണ്ട കാര്യം ആരോ വന്നു അവളോട്‌ പറഞ്ഞിട്ടുണ്ട്. ആകെ പുകിലായി. പിന്നെ നടന്നതൊക്കെ നിങ്ങള്‍ക്കറിയാമല്ലോ”

ആകെ കിളി പോയ അവസ്ഥയില്‍ നില്‍ക്കുകയാണ് ലക്ഷ്മണന്‍.

“തങ്കച്ചന്‍ ആ മദ്യത്തിന്‍റെ കാര്യം എന്നോട് ചോദിച്ചപ്പോഴേ എനിക്ക് മനസിലായി നിങ്ങള്‍ക്ക് എല്ലാം പിടികിട്ടിയെന്ന്. പക്ഷെ നിങ്ങള്‍ എങ്ങനെ….”

“അതോ..ഒന്നാമത് നമ്പൂരിച്ചന്‍റെ പശുവിനു നല്ല വിസ്കിയുടെ മണമായിരുന്നു. നായര്‍ക്കോ നാടന്‍ കള്ളിന്‍റെയും. അപ്പോഴേ എനിക്ക് മനസിലായി നായര്‍ പ്രതി അല്ലെന്നു. പാവം സവിത്രിയമ്മക്ക് എല്ലാം കള്ള് തന്നെ. ഗന്ധ വ്യത്യാസം അവര്‍ക്ക് മനസിലാകില്ലല്ലോ. തന്‍റെ പ്രിയപ്പെട്ട പശു മോഷ്ടിക്കപ്പെട്ടിട്ടും ഒരു കൂസലുമില്ലാതെ നമ്പൂതിരി നില്‍ക്കുന്ന കണ്ടപ്പോഴേ എനിക്ക് സംശയം തോന്നി. പിന്നെ ഞാന്‍ അടുത്തെത്തിയപാടെ നന്ദിനി വിളി തുടങ്ങിയത് ശ്രദ്ധിച്ചോ?. അപ്പൊ അപരിചിതരോട് ഇണങ്ങുന്ന പശു ആകാന്‍ സാധ്യത ഇല്ലെന്നു എനിക്ക് തോന്നി. എന്നാല്‍ മോഷണ നേരം പശുവിന്‍റെ കരച്ചില്‍ ആരും കേട്ടിട്ടുമില്ല, അപ്പോള്‍ പരിചിതര്‍ ആരോ ആണ് പശുവിനെ കൊണ്ട് കെട്ടിയത്. പിന്നെ കാര്യം ഉറപ്പിച്ചത് നമ്പൂതിരിയുടെ മുഖം കണ്ടിട്ടാണ്. ഉറക്കമില്ലായ്മ എന്ന് അന്തര്‍ജ്ജനം തെറ്റിദ്ധരിച്ച നമ്പൂതിരിയുടെ മുഖം, അത് കണ്ടപ്പോഴേ എനിക്ക് മനസിലായി. ഇന്നലത്തെ ഹാങ്ങ്ഓവറിന്റെ ബാക്കിപത്രമാണ് മുഖത്ത് കണ്ടതെന്നു. അല്ലേലും ആ വ്യത്യാസം നമുക്കറിയുന്ന പോലെ സ്ത്രീകള്‍ക്ക് അറിയില്ലല്ലോ . പിന്നെ ഇലക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്നം പരിഹരിക്കാൻ ചെറിയൊരു നുണക്കഥ മെനെയേണ്ടി വന്നു. എന്തായാലും സംഗതി ശുഭം.”

വായും പൊളിച്ചു ലക്ഷ്മണന്‍ എല്ലാം കേട്ടുനിന്നു. നമ്പൂതിരി വീണ്ടും തങ്കച്ചനോട് നന്ദി പറഞ്ഞു എന്നിട്ട് യാത്രയായി. തങ്കച്ചനോപ്പം ലക്ഷ്മണനും തിരികെ വീട്ടിലേക്കു നടന്നു.

തങ്കച്ചന്‍റെ സാന്നിധ്യത്തോട്‌ കൂടി ആറ്റിപ്പള്ളി ഗ്രാമത്തിന്‍റെ നാളെകള്‍ തികച്ചും വ്യത്യസതമായി മാറുമെന്നു ലക്ഷ്മണനു തോന്നി.. തങ്കച്ചന്‍റെ തന്നെ സ്വരം ലക്ഷ്മണനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി.

“അപ്പൊ ലക്ഷ്മണാ..”

“എന്തോ”

“സംശയങ്ങളെല്ലാം തീര്‍ന്നില്ലേ”

“തീര്‍ന്നു”

“അപ്പൊ എങ്ങനാ, ആര്‍ യു എ തങ്കച്ചന്‍ ഫാന്‍ നൌ?”

(തുടരും.. )

2 thoughts on “തങ്കച്ചന്‍ കഥകള്‍ 4

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s