
പുതിയ വാടകക്കാരന്
പാശ്ചാത്യസംസ്കാരത്തിന്റെയും സാങ്കേതികപുരോഗതിയുടെയും ചിറകിലേറി മാറ്റത്തിന്റെ പടവുകള്‍ കയറുന്ന കേരളീയ ഗ്രാമങ്ങള്‍ക്ക് ഒരു അപമാനമാണ് ആറ്റിപ്പള്ളി എന്ന കുഞ്ഞുഗ്രാമം. അങ്ങിങ്ങായി വികസനത്തിന്റെ ചില പൊട്ടലും ചീറ്റലും ഉണ്ടെന്നതൊഴിച്ചാല്‍, ഇപ്പോഴും പഴമയെ കാത്തുസൂക്ഷിക്കുന്ന ഒരു കുഗ്രാമം, അതാണ് ആറ്റിപ്പള്ളി. ആ ആറ്റിപ്പള്ളിയിലെ മഴയില്‍ കുതിര്‍ന്ന ഒരു പ്രഭാതം.
ചാറ്റല്‍ മഴയുടെ വേഗത കൂടിയപ്പോള്‍ ലക്ഷ്മണന് തന്റെ കാലുകള്‍ക്കും അതിനൊത്ത് വേഗത കൂട്ടി. കവലയില്‍ നിന്ന് നേരെ കടത്തിണ്ണയിലേക്ക്. ടെയ്ലർ കുഞ്ഞിരാമന് രാവിലെ തന്നെ കട തുറന്നിരിക്കുന്നു. പണിയൊന്നുമില്ലെങ്കിലും, ഉള്ള പണി സമയത്ത് തീര്‍ത്തില്ലെങ്കിലും കട സമയത്ത് തുറക്കണം, അത് കുഞ്ഞിരാമന് നിര്‍ബന്ധമാണ്. ഗ്രാമത്തിന്റെ ഒരു തുടിപ്പ് പോലും നഷ്ടമാവുന്നത് കുഞ്ഞിരാമന് സഹിക്കാനാവില്ല.
“എന്താ ലക്ഷ്മണാ ഇന്ന് സ്കൂളില്‍ പോയില്ലേ?”
തന്റെ കടയുടെ പത്തടി ചുറ്റളവില്‍ എത്തിപെടുന്നവരുടെയെല്ലാം സുഖവിവരം അറിയുക എന്നുള്ളത് കുഞ്ഞിരാമന്റെ അവകാശമാണ്. ഇപ്പോള്‍ ആ അവകാശപരിധിയില്‍ ലക്ഷ്മണനും പെടും.
“ഇല്ല, ഉച്ചവരെ ലീവ് എടുത്തു” ലീവിന്റെ കാരണം പറഞ്ഞില്ല. അതുകൊണ്ട് തന്നെ ഉടനടി അടുത്ത ചോദ്യവും ലക്ഷ്മണന് പ്രതീക്ഷിച്ചു. കരയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥയാണ് ഇപ്പൊ കുഞ്ഞിരാമന്റെ മനസ്സിനു, കഥ മുഴുവന്‍ അറിഞ്ഞില്ലെങ്കില്‍ ശ്വാസം മുട്ടി മരിക്കുന്ന ഒരവസ്ഥ. പ്രതീക്ഷിച്ച പോലെ ചോദ്യം വന്നെത്തി.
“എന്ത് പറ്റി വാദ്യാര് പണിയൊക്കെ മടുത്തോ?”
കളിയാക്കിയതാണെങ്കിലും കുഞ്ഞിരാമന് പറഞ്ഞതിലും ചെറിയ കാര്യമുണ്ടെന്നു ലക്ഷ്മണന് തോന്നി. വാദ്യാര് പണി ലക്ഷ്മണന് മടുത്തിരിക്കുന്നു. ഒരു യുപി സ്കൂള്‍ അധ്യാപകനാണ് ലക്ഷ്മണന്. അഭിരുചി കൊണ്ടും പ്രായം കൊണ്ടും തനിക്കൊട്ടും ചേരാത്തതാണ് ആ പണി എന്നാണു ലക്ഷ്മണന്റെ അഭിപ്രായം. എന്നിട്ടും എങ്ങനെയൊക്കെയോ ഇവിടെ എത്തിപ്പെട്ടു. മീനയുടെ വീട്ടുകാരെ ബോധിപ്പിക്കാന്‍ പറ്റിയൊരു യോഗ്യത, അന്ന് ജോലിയെപ്പറ്റി അത്രയേ ആലോചിച്ചുള്ളൂ.
“നമ്മുടെ പുതിയ വാടകക്കാരന് ഇന്നെത്തും. പുള്ളിക്കാരനെ പരിചയപെട്ടു താക്കോല്‍ ഏല്‍പ്പിക്കണം. അതുകൊണ്ടാ ലീവ് എടുത്തത്”
“എന്ത് പറ്റി ആ വീട് പെട്ടെന്ന് വാടകയ്ക്ക് കൊടുക്കാന്‍. ലക്ഷ്മണന്റെ രണ്ടാം ഭവനം ആയിരുന്നല്ലോ”
കുഞ്ഞിരാമന് പറഞ്ഞത് ശരിയാണ്. തനിക്കു വളരെ പ്രിയപ്പെട്ടതാണ് ആ വീട്. അതുകൊണ്ടാണ് മീന എത്ര നിര്‍ബന്ധിച്ചിട്ടും ഇത്രനാളും അത് വാടകയ്ക്ക് കൊടുക്കാന്‍ വിമുഖത കാട്ടിയത്. ചില ദിവസങ്ങളില്‍ സ്കൂള്‍ കഴിഞ്ഞുള്ള ദീര്‍ഘമായ ഏകാന്തസായാഹ്നങ്ങള് താന്‍ അവിടെയാണ് ചിലവഴിക്കാറ്. വീട് വാടകയ്ക്ക് കൊടുക്കാന്‍ മീന നിര്‍ബന്ധിച്ചതിനു പിന്നിലൊരു കാരണവും ഇതുതന്നെ. സാമ്പത്തികമായി ചെറിയൊരു മുട്ട് വന്നത് തീരുമാനം ശ്രീമതിക്കനുകൂലമാക്കി. എന്തായാലും അധികവിസ്താരത്തിന് പോകാതെ വളരെ ചുരുക്കി ലക്ഷ്മണന് കുഞ്ഞിരാമന്റെ ദാഹമടക്കി.
“പെട്ടെന്നൊരു സാമ്പത്തികപ്രതിസന്ധി, ഇതൊരു സഹായമാവുമല്ലോ എന്ന് കരുതി”
“ഏതായാലും നന്നായി. എവിടുന്നാ പുതിയ താമസക്കാരന്? എന്താ പേര്?”
“പേര് തങ്കച്ചന്…….”. ലക്ഷ്മണന് ഒന്ന് കൂടി ചിന്തിച്ചു, അതെ അത്രയേ തനിക്കറിയൂ. തന്റെ വാടകക്കാരനെ പറ്റി അധികമൊന്നും അറിയാത്തത് ലക്ഷ്മണനെ കുണ്ഠിതപ്പെടുത്തി.
“എവിടെയാ ഊര്?” കുഞ്ഞിരാമന് വിടുന്ന മട്ടില്ല.
“അക്കാര്യങ്ങളൊന്നും അറിയില്ല കുഞ്ഞിരാമാ. എല്ലാം സാബുവിന്റെ ഏര്‍പ്പാടാ. അവന്റെ പരിചയത്തിലാരോ ആണ്. സാബു ആയതുകൊണ്ട് അധികമൊന്നും അന്വേഷിച്ചില്ല”
“ആഹ്, സാബുവാണെങ്കില് പിന്നെ പേടിക്കാനില്ല. സാബു കൊണ്ടുവരുന്നയാൾ കൃത്യമായിരിക്കും.”
കുഞ്ഞിരാമന്റെ വാക്ക് കേട്ടപ്പോള്‍ ലക്ഷ്മണന്റെ കുണ്ഠിതത്തിനു ചെറിയൊരു അയവ് വന്നു. എന്നാല്‍ അത് അധികനേരം നീണ്ടില്ല.
“……പക്ഷെ.” കുഞ്ഞിരാമന് തുടര്‍ന്നു. “ലക്ഷ്മണന് എന്തായാലും ഒന്ന് അന്വേഷിക്കുന്നത് നന്നായിരുന്നു. പെറ്റമ്മ തന്നെ മകനെ കൊന്നു കുഴിച്ചുമൂടുന്ന കാലമല്ലേ. അങ്ങനെ കണ്ണടച്ച് ആരെയും വിശ്വസിക്കാനും പറ്റില്ല.”
ലക്ഷ്മണന് കുഞ്ഞിരാമനെ ഒന്ന് നോക്കി. സംസാരത്തിനിടയിലും കത്രിക കൊണ്ട് ആരാന്റെ തുണിയില്‍ എന്തൊക്കെയോ അലങ്കാരപ്പണികള്‍ തീര്‍ക്കുകയാണ് കക്ഷി. തന്റെ നെഞ്ചില്‍ തീകോരിയിട്ടിട്ടു ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടാണ് കുഞ്ഞിരാമന്. അല്ലെങ്കിലും കുഞ്ഞിരാമന്റെ രണ്ടു കാലുകളും എപ്പോഴും രണ്ടു വള്ളത്തിലാണ് എന്നാണു പൊതുവേയുള്ള സംസാരം. ആരോടും പക്ഷപാതം കാട്ടാതെ ഇരുപക്ഷത്തും നിന്ന് തര്‍ക്കത്തെ ചൂടുപിടിപ്പിക്കുന്ന ഒരു ചേരിചേരാപ്രസ്ഥാനമാണ് കുഞ്ഞിരാമന്. നാട്ടില്‍ നടക്കുന്ന മിക്കവാറും അടിപിടികളുടെയെല്ലാം ഉത്ഭവസ്ഥാനം ഈ ടൈലര്‍ഷോപ്പ് തന്നെയായിരിക്കും.
റോഡിന്റെ അങ്ങേതലയ്ക്കല്‍ ഒരു വെളുത്ത അംബാസഡര്‍ ദൃശ്യമായി. ‘ആള് ഇതുതന്നെ’ ലക്ഷ്മണന് ഉറപ്പിച്ചു. ലക്ഷ്മണന്റെ സംശയം സത്യമാക്കികൊണ്ട് കാര്‍ കവലയില്‍ വന്നു നിന്നു. ഡ്രൈവര്‍സീറ്റില്‍ നിന്ന് പുറത്തേക്കുവന്ന തല കുഞ്ഞിരാമനോട് ചോദ്യം ഉന്നയിച്ചു.
“ചേട്ടാ ഒരു ലക്ഷ്മണനെ അറിയുമോ? സ്കൂള്‍ വാദ്യാരാ.”
ഡ്രൈവറുടെ ചോദ്യത്തില്‍ ഒരു പരിഹാസമില്ലേ? ലക്ഷ്മണന് തോന്നി. എന്തായാലും ഡ്രൈവറിനെക്കാള് മെച്ചം തന്നെ സ്കൂള്‍ മാഷ്.
“ആ വാടകക്കാര്‍ എത്തിയല്ലോ. ദാ ഇതാണ് നിങ്ങള്‍ ചോദിച്ച ആള്” കുഞ്ഞിരാമന് ലക്ഷ്മണനെ ചൂണ്ടിക്കാട്ടി.
“ആഹ്, നിങ്ങളാണോ? നിങ്ങളെ കണ്ടിട്ട് ഒരു മാഷിന്റെ ലുക്കൊന്നും ഇല്ലല്ലോ”
അതെ ഇത് പരിഹാസം തന്നെ, ലക്ഷ്മണന് ഉറപ്പിച്ചു. ആരെടാ ഇവന്? കണ്ടാലേ ഒരു കള്ള ലക്ഷണം. ഡ്രൈവര്‍ ഇങ്ങനെ, ഇനിയിപ്പോ വാടകക്കാരന് എങ്ങനെയാണാവോ. പുറത്തെ സംഭാഷണം കേട്ട്, കാറിന്റെ പിന്‍സീറ്റില്‍ നിന്ന് വെട്ടിത്തിളങ്ങുന്ന ഒരു ശിരസുകൂടി പുറത്തുവന്നു. മുക്കാല്‍ ഭാഗവും കഷണ്ടി കയറിയ തല, ഭംഗിയായി വെട്ടിയൊതുക്കിയ മീശ, ചുണ്ടിലൊരു പുഞ്ചിരി.
“ഹായ് ഐ ആം തങ്കച്ചന്. ഞാനാ പുതിയ താമസക്കാരന്”. കാറില്‍ നിന്നൂ തങ്കച്ചന് നീട്ടിയ ഹസ്തദാനം സ്വീകരിച്ചുകൊണ്ട് ലക്ഷ്മണന് പ്രതിവചിച്ചു.
“ഞാന്‍ ലക്ഷ്മണന്, നിങ്ങളെ കാത്തിരിക്കുകയായിരുന്നു. വീട് ഞാന്‍ കാണിച്ചുതരാം” ലക്ഷ്മണന് ഡ്രൈവറിനോട് തോന്നിയ ദേഷ്യമൊക്കെ വാടകക്കാരനെ കണ്ടപ്പോള്‍ അലിഞ്ഞില്ലാതായി. കണ്ടാലറിയാം മാന്യനാണെന്ന്, നല്ല ജെന്റില്മാന് ലുക്ക്.
“എന്നാല്‍ കേറിയാട്ടെ ചേട്ടാ അല്ല മാഷെ. ഹി..ഹി” ഡ്രൈവര്‍ ലക്ഷ്മണന് മുന്‍സീറ്റ് തുറന്നുകൊടുത്തു. ഡ്രൈവറിന്റെ വിളി കേട്ട് നേരത്തെ അലിഞ്ഞ ദേഷ്യമൊക്കെ ലക്ഷ്മണന് വീണ്ടും നുരഞ്ഞുപൊന്തി.
കവലയില്‍ നിന്ന് അധിക ദൂരമില്ല വീട്ടിലേക്കു. പത്തു മിനിറ്റ് കൊണ്ട് വീട്ടിലെത്തി. പത്തു മിനിട്ടത്തെ സംഭാഷണം കൊണ്ട് ലക്ഷ്മണന് തങ്കച്ചനെ നന്നേ പിടിച്ചു. അതുപോലെ ഡ്രൈവറിനെ നന്നേ വെറുത്തു. സംഭാഷണം കൂടുതലും ലക്ഷ്മണനെയും ആറ്റിപ്പള്ളിയെയും ചുറ്റിപറ്റിയായിരുന്നു. തന്റെ വാടകക്കാരന് സ്വയം പരിചയപ്പെടുത്താന്‍ നന്നേ മടി കാണിക്കുന്നത് ലക്ഷ്മണന് ശ്രദ്ധിച്ചു. ആള് ഒരു അന്തര്മുഖനാണെന്ന് സാബു നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാലും യാത്രയില്‍ ഒരിക്കല്‍ പോലും തന്റെ ജോലിയെപ്പറ്റിയോ നാട്ടിനെപറ്റിയോ തങ്കച്ചന് സംസാരിച്ചില്ല എന്ന് മാത്രമല്ല, സംഭാഷണം ആ ഭാഗത്തെക്കൊന്നു തിരിയാന്‍ പോലും ഇടനല്‍കിയില്ല. നേരെ മറിച്ചു ചോദ്യങ്ങളൊന്നും ചോദിക്കാതെ തന്നെ ഡ്രൈവര്‍ തന്റെ കുഞ്ഞമ്മയെ പറ്റിയും, കുഞ്ഞമ്മയുടെ പൂച്ച സൂസിയെപ്പറ്റിയും വാ തോരാതെ സംസാരിച്ചത് ലക്ഷ്മണനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. വീട്ടിലെത്തിയ ശേഷം തങ്കച്ചന്റെ സാധാരണയിലധികമുള്ള ലഗ്ഗേജുകള്‍ ഇറക്കിവയ്ക്കുവാന്‍ ഡ്രൈവറും ലക്ഷ്മണനും സഹായിച്ചു. ശേഷം കൂലി കൊടുത്ത് ഡ്രൈവറിനെ പറഞ്ഞയക്കുവാന്‍ തങ്കച്ചന് ഒരുങ്ങവെയാണ് ലക്ഷ്മണന് അക്കാര്യം ശ്രദ്ധിച്ചത്. തന്റെ വാച്ച് കാണാനില്ല!! തന്റെ വിലപിടിച്ച വാച്ച്, ഏറെ മോഹിച്ചു വാങ്ങിയ ആ വാച്ച്!! അത് കാണാനില്ല!! ലക്ഷ്മണന് പോക്കറ്റില്‍ തപ്പി, ചുറ്റും പരതി, ഇല്ല എങ്ങുമില്ല.
“എന്നാ ശരി മാഷെ ഞാനിറങ്ങട്ടെ. പിന്നൊരിക്കല്‍ കാണാം” ഡ്രൈവര്‍ യാത്ര തിരിക്കുകയാണ്.
“നില്‍ക്കെടാ അവിടെ, അങ്ങനെ അങ്ങ് പോകാന്‍ വരട്ടെ”. ലക്ഷ്മണന് ഡ്രൈവറിനടുത്തേക്ക് കുതിച്ചു, അവന്റെ കോളറില്‍ പിടുത്തമിട്ടു. കാര്യം മനസ്സിലാവാതെ തങ്കച്ചനും ഡ്രൈവറും അന്തം വിട്ടു നില്‍പ്പാണ്.
“എന്താ മാഷെ, എന്തായിത്?”
“നിര്‍ത്തെടാ നിന്റെ മാഷ് വിളി. കുട്ടികള്‍ അല്ലാതെ വേറെ ആരും എന്നെ മാഷെ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല”
“ഓ, ഇത്രയേയുള്ളൂ. ഇത് നേരത്തെ പറയണ്ടേ. ഇനി വിളിക്കില്ല. എന്നാ ഞാന്‍ പോട്ടെ, വിട് മാഷെ…….അല്ല ചേട്ടാ”
“പ്ഭാ, എന്റെ വാച്ച് തരാതെ നീ എങ്ങും പോകുന്നില്ല.”
“ങേ, ഏതു വാച്ച്?”
തങ്കച്ചന് ഡ്രൈവര്‍ പറഞ്ഞത് അക്ഷരംപ്രതി ആവര്‍ത്തിച്ചു.
“ങേ, ഏതു വാച്ച്”
“എന്റെ കയ്യില്‍ കെട്ടിയിരുന്ന, നീ അടിച്ചുമാറ്റിയ വാച്ച്.
സാഹചര്യം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്നത് കണ്ടു തങ്കച്ചന് മയപ്പെടുത്താന്‍ ഒരു ശ്രമം നടത്തി നോക്കി
“അത്, മിസ്റ്റര്‍ ലക്ഷ്മണന്…..”
“തങ്കച്ചന് ഇതില്‍ ഇടപെടേണ്ട”
“ഞാന്‍ ഒന്നും എടുത്തില്ല. എനിക്കെന്തിനാ മാഷിന്റെ വാച്ച്. സമയം നോക്കാനാണെങ്കില്‍ കാറില്‍ നല്ല പാട്ട് പാടുന്ന സ്റ്റൈലന്‍ ക്ലോക്ക് ഇരിപ്പോണ്ട്..”
വീണ്ടുമൊരു ‘മാഷ്’ വിളി താങ്ങാനുള്ള അവസ്ഥയിലായിരുന്നില്ല ലക്ഷ്മണന്
“ആരാടാ നിന്റെ മാഷ്. ഞാന്‍ ആണോ നിന്നെ അക്ഷരം പഠിപ്പിച്ചത്”
“അല്ല്..അല്ലാ…മൂ….മൂത്തച്ചന്..”
“എന്ത് മൂത്തച്ചന്”
“മൂത്തച്ചനാ അക്ഷരം പഠിപ്പിച്ചത്”
“നിന്റെ ഒരു മൂത്തച്ചന്. എടുക്കെടാ എന്റെ ‘ടൈറ്റാന്‍ എട്ജു സെറാമിക്’ ”
“ങേ, ഇതെന്താണീ പുതിയ കുന്ത്രാണ്ടം.”
“വാച്ചിന്റെ പേരാണെന്ന് തോന്നുന്നു” തങ്കച്ചന് അഭിപ്രായം രേഖപ്പെടുത്തി.
”ചേട്ടാ ഞാന്‍ ചേട്ടന്റെ ആ പറഞ്ഞ വാച്ച് എടുത്തില്ല. പട്ടിണി കിടന്നാലും ഞാന്‍ ഒന്നും കക്കില്ല”
“ലക്ഷ്മണാ.. അവന് പറയുന്നതിലും കാര്യമുണ്ട്”
“എന്ത് കാര്യം.?” തങ്കച്ചന് ഡ്രൈവറുടെ പക്ഷം പിടിച്ചത് ലക്ഷ്മണനെ കൂടുതല്‍ ക്ഷുഭിതനാക്കുകയാണ് ചെയ്തത്.
“ഞാന്‍ കണ്ടപ്പോള്‍ താങ്കള്‍ വാച്ച് ധരിച്ചിട്ടിലാരുന്നു”
“അതെന്താ തങ്കച്ചന് ഇത്ര ഉറപ്പ്?”
“ഞാന്‍ കണ്ടതാണ്.”
“ഇല്ല തങ്കച്ചാ. ഞാന്‍ ആ വാച്ച് ധരിക്കാതെ പുറത്തേക്കെങ്ങും പോകാറില്ല. നിങ്ങള്‍ നിങ്ങളുടെ ഡ്രൈവറെ രക്ഷിക്കാന്‍ ഓരോന്ന് പറയണ്ട.”
“അതിന്, എനിക്കിയ്യാളെ മുന്‍പരിചയമൊന്നുമില്ല”
“ഇവനെ കണ്ടപ്പഴേ എനിക്ക് തോന്നിയതാ. എന്തോ ഒരു കള്ളലക്ഷണം. ഇവന് തന്നെയാ വാച്ച് എടുത്തത്”
“അല്ല ലക്ഷ്മണാ. താങ്കള്‍ മുന്‍വിധി പ്രകാരമാണ് സംസാരിക്കുന്നത്. അവന് അത് എടുത്തിട്ടില്ല.”
“ഇത്രയ്ക്കു ഉറപ്പു പറയാന്‍ പിന്നെ നിങ്ങളാണോ എടുത്തത്”
ലക്ഷ്മണന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തില്‍ തങ്കച്ചന് ഒന്ന് പതറി. പിന്നെ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. എന്നിട്ട് എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടെന്നപോലെ ലക്ഷ്മണനടുത്തെക്ക് നീങ്ങി.
“താങ്കളുടെ വാച്ചിന്റെ ബ്രാന്‍ഡ് ഏതാണെന്നാണ് പറഞ്ഞത്?”
ലക്ഷ്മണന് ബ്രാന്‍ഡിന്റെ പേര് വീണ്ടും കൃത്യമായി ആവര്‍ത്തിച്ചു. തങ്കച്ചന് തന്റെ ഫോണില്‍ കുറച്ചു നേരം വ്യാപൃതനായി. ശേഷം ലക്ഷ്മണന്റെ ഇടംകൈയ്യില്‍ പിടുത്തമിട്ടു. തങ്കച്ചന്റെ പെട്ടെന്നുള്ള ഈ പ്രവര്‍ത്തി ലക്ഷ്മണനെ ഒന്ന് ഞെട്ടിച്ചു.
“ലക്ഷ്മണന് ഇടത്തെ കയ്യില്‍ തന്നെയല്ലേ വാച്ച് കെട്ടുന്നത്.”
“അതെ”
“350 ഗ്രാം, അതാണ് താങ്കളുടെ വാച്ചിന്റെ ഭാരം.”
“അതിനു”
“നിങ്ങള്‍ എപ്പോഴാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്?”
“പത്തു മണിയോട് അടുപ്പിച്ചു”
“ഇപ്പൊ സമയം പതിനൊന്നര. അതായത് ഏകദേശം ഒന്നര മണിക്കൂറോളം താങ്കളുടെ കയ്യില്‍ ആ വാച്ച് ഉണ്ടായിരുന്നു എന്നാണു താങ്കള്‍ അവകാശപ്പെടുന്നത്. അല്ലെ?”
“അതെ”
“അങ്ങനെ കുറച്ചു ഭാരമുള്ള വാച്ച് പെട്ടെന്ന് നിങ്ങളുടെ കയ്യില്‍ നിന്ന് പോയാല്‍. തീര്‍ച്ചയായും ചെറിയൊരു ഭാരവ്യത്യാസം നിങ്ങള്‍ക്ക് തോന്നേണ്ടതാണ്”
“പക്ഷെ..”
“ഇനിയിപ്പോ ലഗ്ഗേജ് എടുക്കുന്നതിനിടയ്ക്കോ മറ്റോ താങ്കള്‍ അത് അറിഞ്ഞില്ല എന്ന് തന്നെയിരിക്കട്ടെ. ഒന്നര മണിക്കൂര്‍ നേരം കൊണ്ട്, 350 ഗ്രാം ഭാരമുള്ള ഒരു ചെയിന്‍ വാച്ച് ചെറിയൊരു പാടെങ്കിലും താങ്കളുടെ കയ്യില്‍ അവശേഷിപ്പിക്കേണ്ടതല്ലേ?”
തങ്കച്ചന് ലക്ഷ്മണന്റെ കൈത്തണ്ട ഉയര്‍ത്തി കാണിച്ചു. ലക്ഷ്മണന് ശ്രദ്ധിച്ചു ശരിയാണ് സാധാരണ വാച്ച് അഴിക്കുമ്പോള്‍ ചെറിയൊരു പാട് തന്റെ കയ്യില്‍ ഉണ്ടാകുന്നതാണ്.
“പക്ഷെ നിങ്ങള്‍ പറയുന്നത്..”
“വിശ്വസിക്കാം. ഐ ആം എ സീനിയര്‍ സൂപ്രണ്ട് ഇന്‍ സിബിഐ”
ലക്ഷ്മണനും ഡ്രൈവറും ഒരുപോലെ ഞെട്ടി. ഡ്രൈവറുടെ മേലുള്ള ലക്ഷ്മണന്റെ സംശയമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി.
“സോറി സാര്‍ ഞാന്‍..”
“താങ്കള്‍ ഞാന്‍ പറഞ്ഞത് കൊണ്ട് മാത്രം വിശ്വസിക്കേണ്ട. വീട്ടിലേക്കു വിളിക്കൂ. താങ്കളുടെ വാച്ച് അവിടെ ഉണ്ടാകും.”
തങ്കച്ചന് ലക്ഷ്മണനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വീട്ടിലേക്ക് വിളിപ്പിച്ചു. ലക്ഷ്മണന്റെ ഭാര്യ വാച്ച് വീട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചു. തനിക്കു പറ്റിയ അബദ്ധത്തില്‍ ലക്ഷ്മണന് നന്നേ ഖേദിച്ചു. കുഞ്ഞിരാമനെ കണികണ്ടതാണ് ഒക്കതിനും കാരണം എന്ന് സ്വയം വിശ്വസിപ്പിച്ചു, ഡ്രൈവറോട് മാപ്പ് പറഞ്ഞു. പ്രായശ്ചിത്തമായി കൂലിക്കു പുറമേ ലക്ഷ്മണന്റെ വക കുറച്ചു പോക്കറ്റ് മണി കൂടി കൊടുത്തപ്പോള്‍ ഡ്രൈവര്‍ ഹാപ്പി ആയി. ഡ്രൈവറിനെ യാത്രയാക്കിയ ശേഷം ലക്ഷ്മണന് തങ്കച്ചനൊപ്പം വീട്ടിലേക്ക് പ്രവേശിച്ചു. തനിക്കു പറ്റിയ അമളിയിലുള്ള പശ്ചാത്താപം ലക്ഷ്മണനെ അപ്പോഴും അലട്ടികൊണ്ടിരുന്നു. തങ്കച്ചനോട് താന്‍ മോശമായി പെരുമാറിയതില്‍ മാപ്പ് ചോദിക്കണമെന്ന് ലക്ഷ്മണന് തോന്നി.
“സാര്‍ എന്നോട് ക്ഷമിക്കണം”
“ലക്ഷ്മണന് എന്നെ തങ്കച്ചന് എന്ന് തന്നെ വിളിക്കാം. എന്തിനാ ഞാന്‍ ക്ഷമിക്കേണ്ടത്?”
“നേരത്തെ താങ്കളോട് കയര്‍ത്തു സംസാരിച്ചതിന്”
“ഓ, അത് സാരമില്ല ക്ഷമിച്ചിരിക്കുന്നു. ആ പിന്നെ ലക്ഷ്മണന് എന്നോടും ഒന്ന് ക്ഷമിക്കണം”
“ഞാന്‍ എന്തിനാ തങ്കച്ചനോട് ക്ഷമിക്കേണ്ടത്??”
“നേരത്തെ കള്ളം പറഞ്ഞതിന്.”
“എന്ത് കള്ളം?”
“ഞാന്‍ സിബിഐ ഓഫീസര്‍ ആണെന്ന് കള്ളം പറഞ്ഞില്ലേ, അതിനു”
ലക്ഷ്മണന് സ്തബ്ദനായി “എന്ത്…കള്ളം പറഞ്ഞെന്നോ. അപ്പൊ നിങ്ങള്‍…”
“സിബിഐ ഓഫീസര്‍ അല്ല” തങ്കച്ചന് പൂര്‍ത്തിയാക്കി.
“അപ്പൊ അവിടെ പറഞ്ഞത്. വാച്ചിന്റെ ഭാരത്തിനെ പറ്റിയും കയ്യിലെ പാടിനെ പറ്റിയുമൊക്കെ പറഞ്ഞത്”
“ശുദ്ധമണ്ടത്തരം, ഒരു സിബിഐ ഓഫീസര്‍ പറഞ്ഞാല്‍ എന്ത് മണ്ടത്തരവും വളരെ വലിയ കാര്യമായി തോന്നും. അങ്ങനയല്ലേ ലക്ഷ്മണന്”
ലക്ഷ്മണന് പാദം മുതല്‍ അരിശം ഇരച്ചുകയറി. “പിന്നെ എന്ത് ഉറപ്പിലാണ് നിങ്ങള്‍ അവന് വാച്ച് എടുത്തില്ല എന്ന് പറഞ്ഞത്. എന്ത് ധൈര്യത്തിലാണ് എന്നോട് നിങ്ങള്‍ കള്ളം പറഞ്ഞത്.”
“കാരണം നിങ്ങളെ ഞാന്‍ കണ്ടപ്പോള്‍ നിങ്ങളുടെ കയ്യില്‍ വാച്ച് ഇല്ലായിരുന്നു. അത് നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ചെറിയൊരു കള്ളം പറയേണ്ടി വന്നു. എന്റെ ഈ കണ്ണ് ഉള്ളത് മാത്രമേ കാണൂ ലക്ഷ്മണന്, അത് നിങ്ങള്‍ക്ക് വഴിയെ മനസിലാകും. എന്തായാലും വാച്ച് വീട്ടില്‍ ഉണ്ടെന്നു ഭാര്യ ഉറപ്പുപറഞ്ഞല്ലോ. ലക്ഷ്മണനും അമളി മനസിലായി. അപ്പൊ എല്ലാം ശുഭം”
കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലായി ലക്ഷ്മണന്. തങ്കച്ചനെ നല്ല രീതിയില്‍ ചീത്ത പറയണം എന്നുണ്ട്. എന്നാല്‍ തനിക്ക് അമളി പറ്റിയതാണെന്ന് തെളിഞ്ഞ അവസ്ഥയില്‍ അതിനും വയ്യ.
“വരൂ ലക്ഷ്മണന് എനിക്ക് ഈ വീടും ചുറ്റുപാടുമൊക്കെ ഒന്ന് പരിചയപ്പെടുത്തിതരൂ”
ലക്ഷ്മണന് മിണ്ടിയില്ല. നിശബ്ദനായി തങ്കച്ചനുപിറകെ വീട്ടിനുള്ളിലേക്ക്..