
ഇരുപത്തൊന്നാം നൂറ്റാണ്ടിലേയൊരു,
മുപ്പതുകാരന് ഷിബുവിന് ദിവസം.
വെയിലും വീശി അര്ക്കനുണര്ന്നു,
കൈലീം തപ്പി ഷിബുവുമുണര്ന്നു.
പകലും കാത്ത് കിടന്നവര്‍ മനുജര്‍,
അകലം കാട്ടാതൊപ്പമുണര്ന്നു.
വികസന ചക്രമുരുട്ടീടേണം,
പ്രഹസനമെങ്കിലും തടസ്സവുമരുത്.
ഡ്രൈവറ്, ഡോക്ടറ്, ഇലക്ട്രിക് വര്ക്കറ്,
വാച്ചറ്, ടീച്ചറ് കണ്ടക്ടര്‍മാര്‍.
ടെക്കികള്‍, മന്ത്രികള്‍, ചാനല്‍ ടീമുകള്‍,
വികസനവേഷമണിഞ്ഞു സര്‍വ്വരും.
ഹരിതം കണ്ടാല്‍ ത്വരിതം നീക്കണം,
റോഡ് കണ്ടാല്‍ കാറ് കേറ്റണം.
ഓസോണ്‍ തുളയത് വലുതാക്കേണം,
ആമസോണോ കത്തിപ്പടരണം.
കാടുകള്‍ തോടുകള്‍ ഇല്ലാതാകണം,
ഭൂമി കണ്ടാല്‍ ഫ്ലാറ്റ് പൊങ്ങണം.
രക്തബന്ധമായാല് പോലും,
രക്തം ചീന്താന്‍ മടിയത് വേണ്ടാ.
ഭൂമി ഭരിക്കും ഭൂപതി മനുജര്‍,
ഭൂഖണ്ഡങ്ങള്ക്കധിപര് ഞങ്ങള്‍.
ഉരുളും വികസന പാതയില്‍ നിന്നാ-
ലുരുട്ടിക്കൊല്ലും വികസനചക്രം.
പി പി ഷിബുവോ ബൈക്കില്‍ കേറി,
പീപ്പിയടിച്ചു വര്‍ക്കിനിറങ്ങി.
സൂര്യനുറങ്ങണ നേരം വരെയും,
സ്ക്രീനില്‍ നോക്കണം ബട്ടണ്‍ ഞെക്കണം.
ചൂടില്‍ ലോകം ചുട്ടെരിയുമ്പോള്‍,
ചൂളമടിച്ചു ACല്‍ ഷിബു.
കിളിയോ, കാറ്റോ, മരത്തിന് പച്ചയോ,
കാണാതവനുടെ കണ്ണ് തളര്‍ന്നു.
വീക്കെന്ഡെന്നൊരു ഓര്‍മ്മയുണര്‍ന്നു,
വീശാന്‍ ബോട്ടില്‍ തപ്പണം നാളെ.
കൂട്ടാര്ക്കൊപ്പം ആഘോഷിക്കണം,
കൂട്ടാന്‍ പോത്തും കോഴീം വേണം.
നാളെയെ നെയ്യാന്‍ വെമ്പല്‍ കൊണ്ടവര്‍,
പാടെ മറന്നു ആരാണധിപന്.
മനുജന് കളികള്‍ കണ്ടിട്ടവനുടെ,
അമ്മ ധരിത്രി പുഞ്ചിരി തൂകി.
രാത്രിയൊഴിഞ്ഞു സൂര്യനുണര്‍ന്നു,
വാര്‍ത്ത പരന്നു, ലോകം ഭയന്നു.
വിലസാനായി കൊറോണയെത്തി,
വികസനചക്രം ബ്രേക്ക്ഡൌണായി.
വികസനം മങ്ങി, മാസ്കുകള്‍ പൊങ്ങി,
പേടിച്ചരണ്ടവര്‍ വീട്ടിലിരിപ്പായ്.
താഴുകള്‍ വീണു, റോഡുകള്‍ ശൂന്യം,
താഴാത്തവരുടെ ലോകം നിലച്ചു.
ലാത്താന്‍ ഷിബുവോ നിരത്തിലിറങ്ങി,
ലാത്തീം കൊണ്ടിട്ടോടിയൊളിച്ചു.
ലോകം മൊത്തം ലോക്ഡൌണായി,
ലവനോ ഷിബുവോ ആപ്പിലുമായി.
പോത്തു കഴിക്കണ പ്ലാനോ പൊട്ടി,
പ്ലാവിലെ ചക്ക പ്ലേറ്റിലുമായി.
ആഘോഷിക്കാന്‍ കൂട്ടാരില്ല,
ആരോഗ്യത്തിനു വീട്ടാര്ക്കൊപ്പം.
ബൈക്കില്‍ ചുറ്റാന്‍ പറ്റാത്തോണ്ടാവന്,
പകരം വീട്ടിന് തൊടിയില്‍ ചുറ്റി.
സ്ക്രീനില്‍ കിട്ടാത്തനുഭൂതികളുടെ,
ക്രീഡാവനമായവനുടെ കണ്ണുകള്‍.
ഞൊടിയിട മാറിയൊരുലകം കണ്ട്,
ചൊടി കാണിച്ചവര്‍ ഞെട്ടിവിറച്ചു.
വികസനമെന്നൊരു പേരില്‍ സകലതും,
തകിടം മറിച്ചവര്‍ വിവരമറിഞ്ഞു.
നാല്‍ക്കാലികളെ കൂട്ടിലടച്ചവര്‍,
ഇരുകാലികളോ വീട്ടിലടഞ്ഞു.
ജീവന് സകലതും വരുതിയിലാക്കിയവര്‍,
ജീവനു വേണ്ടിയിട്ടോട്ടം തുടങ്ങി.
ലോക്ഡൌണ് പാഠം പഠിക്കൂ മനുജരേ,
…………………..ഇല്ലേല്………………………………….
ഷട്ട്ഡൌണാണ് താളിനപ്പുറം..