അവസാനത്തെ ദിവസം 1

വഴിയരികിലെ വൃദ്ധന്‍

        ഇരുവശവും റബ്ബര്‍കാടുകളാണ്, അതിനു നടുവിലൂടെ നേര്‍രേഖയില്‍ നീണ്ടു കിടക്കുന്ന പാത. നേര്‍രേഖയെന്നു പറഞ്ഞാല്‍, ഒരു ചെറിയ വളവോ തിരിവോ പോലുമില്ലാത്ത ഒരു നെടുനീളന്‍ സ്കെയില്‍ കൊണ്ട് അളന്നു വരച്ചത് പോലെയുള്ള നേര്‍രേഖ. രണ്ടു വശങ്ങളിലും ഏകദേശം മൂന്നടിയോളം ഉയരത്തില്‍ വഴിക്ക് അതിര് കെട്ടിയിട്ടുണ്ട്. അതിരിനോട് ചേര്‍ന്നുള്ള റബ്ബര്‍ മരങ്ങള്‍ യാത്രക്കാരെ ഒളിഞ്ഞുനോക്കാനെന്ന വണ്ണം  വഴിയിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്നു. ഇടുങ്ങിയ വഴിയായത് കൊണ്ട് തന്നെ രണ്ടു ഭാഗത്ത്‌ നിന്നും ചാഞ്ഞു കിടക്കുന്ന മരങ്ങള്‍ തമ്മില്‍ മുട്ടി ഒരു മേല്‍ക്കൂര വഴിക്ക് മുകളില്‍ തീര്‍ത്തിരിക്കുന്നു. അതിനിടയിലൂടെ ആ പാതയിലേക്കൊന്നെത്തിപ്പെടാന്‍ സൂര്യപ്രകാശം പോലും നന്നേ കഷ്ടപ്പെടുന്നുണ്ട്. ആകെക്കൂടി ഏത് ചിത്രകാരനും കാന്‍വാസില്‍ പകര്‍ത്താന്‍ കൊതിക്കുന്ന ഒരു മനോഹര ചിത്രം. കലാകാരന്‍റെ ബ്രഷുകള്‍ക്ക് അന്യമായി നിന്ന പ്രഭാതത്തിന്‍റെ കുളിര്‍മ്മയും നിശബ്ദതയും ആ ചിത്രത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിച്ചെങ്കിലേയുള്ളു.  വഴി മുഴുവന്‍ പൊഴിഞ്ഞുവീണ ഇലകളാണ്. ഇല പൊഴിയുന്ന സമയമാണെന്ന് തോന്നുന്നു. ആയുസ്സെത്തി ജീവന്‍ കൈവിടാന്‍ ഭാഗ്യം ലഭിച്ച ആ ഇലകളെ, അസൂയനിറഞ്ഞ വള്ളിചെരിപ്പാല്‍ ചവിട്ടിഞ്ഞെരിച്ചു ഞാന്‍ മുന്നോട്ട് നീങ്ങി.

        ഒരു ഇരുന്നൂറു മീറ്ററോളം ഉണ്ടാകും ഈ വഴിയുടെ നീളം. വഴി അവസാനിക്കുന്നിടത്ത് ഒരു ചെറിയ ഇറക്കമാണ്, ഇറക്കമിറങ്ങി ചെന്നാല്‍ വികസനത്തെ അതിജീവിച്ച പാടശേഖരം കാണാം. പിന്നെയുള്ള യാത്ര വയല്‍വരമ്പിലൂടെയാണ്. അന്നേരം വരെ ഒപ്പത്തിനൊപ്പം സഹോദരങ്ങളെപ്പോലെ നടന്നിരുന്ന വള്ളിചെരിപ്പണിഞ്ഞ പാദങ്ങള്‍ വീതികുറഞ്ഞ വരമ്പിലേക്കിറങ്ങിയാല്‍ പിന്നെയൊരു മത്സരമാണ്. ആരാദ്യം എന്ന രീതിയില്‍ ഒന്നിന് മീതെ ചാടി മറ്റവന്‍. വരമ്പിനിരുവശത്തു നിന്നും പോക്രോം വിളികളുമായി മത്സരത്തിനു ആവേശം പകര്‍ന്നു മാക്രിവീരന്മാര്‍. വെള്ളമൊഴുകാന്‍ വേണ്ടി വരമ്പിന് കുറുകെ തീര്‍ത്ത കുഞ്ഞുകനാലുകള്‍ ചാടികടന്ന്  അതിര് വിട്ടു കുറുകെ ചാടുന്ന ചീവീടുകളെയും പുല്‍ച്ചാടികളെയും മറികടന്ന് പാടത്തിനിപ്പുറം എത്തിയാല്‍ പിന്നെ വഴി രണ്ടായി പിരിയുകയായി. ഇടത്തോട്ട് തിരിഞ്ഞു തോട്ടുവരമ്പിലൂടെ കൈതച്ചെടികളോട് പരിചയം പുതുക്കി നേരെ ഒരു കിലോമീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം. തെച്ചികാട്ടമ്മയുടെ ക്ഷേത്രം. കൃഷ്ണവിലാസം വലിയവീട്ടുകാരുടെ, അതായത് ഞങ്ങളുടെ കുടുംബക്ഷേത്രമാണ് തെച്ചിക്കാട് ക്ഷേത്രം. തെച്ചിക്കാട് എന്നത് ഈ ഗ്രാമത്തിന്‍റെ പേരാണ്. നാടിന്‍റെ പേരില്‍ അറിയപ്പെടുന്ന ക്ഷേത്രം ഞങ്ങളുടെ കുടുംബക്ഷേത്രമാണ് എന്ന് പറയുമ്പോള്‍ ഈ നാട്ടില്‍ ഞങ്ങളുടെ അഥവാ വലിയവീട്ടുകാരുടെ സ്ഥാനം നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. തെച്ചിക്കാട്ടമ്മയുടെ സേവകരായാണ് വലിയവീട്ടുകാര്‍ അറിയപ്പെടുന്നത്. ആ ബഹുമാനവും സ്നേഹവും ഇന്നാട്ടുകാര്‍ വലിയവീട്ടുകാര്‍ക്ക് നല്‍കുന്നുമുണ്ട്.

        ക്ഷേത്രത്തെപറ്റി പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് ഉത്സവമാണ്. ധനുമാസത്തിലെ വൈശാഖനാളിലാണ് തെച്ചിക്കാട്ടമ്മയുടെ ഉത്സവം. അമ്മ നാടിനെയും നാട്ടാരെയും കാണാനിറങ്ങുന്ന ദിവസം എന്നതാണ് ഐതിഹ്യം. വലിപ്പചെറുപ്പമില്ലാതെ, വര്‍ഗ്ഗവ്യത്യാസങ്ങളില്ലാതെ നാടൊട്ടുക്ക് ആഘോഷിക്കുന്ന ഒരു ദിവസമാണ് അന്ന്. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം മധ്യാഹ്നത്തോടെ അമ്മയുടെ തിടമ്പേറ്റിയ ഗജവീരന്‍ യാത്ര തുടങ്ങും. വലിയവീട്ടിലെ സകല പുരുഷന്മാരും, ക്ഷേത്രകമ്മിറ്റി അംഗങ്ങളും ഗ്രാമവാസികളുമെല്ലാം അമ്മയെ അനുഗമിക്കും. ‘പറ’യും പിന്നെ ഗജവീരന് ഭക്ഷണവും നല്‍കി നാട്ടുകാര്‍ അമ്മയെ പ്രീതിപ്പെടുത്തും. ക്ഷേത്രത്തിലേക്കുള്ള ഗജവീരന്‍റെ തിരിച്ചുവരവിനെ ഒന്നുവിടാതെ ഗ്രാമവാസികളെല്ലാം പുറത്തിറങ്ങി ദര്‍ശിക്കും.  

അന്നേ ദിവസം വീട്ടിലും ആഘോഷം തന്നെയാണ്. ചിറ്റപ്പനും വല്യച്ചനും വല്യമ്മയും അവരുടെ മക്കള്‍ ജ്യോതിയും കൃഷ്ണയുമെല്ലാം തലേദിവസം തന്നെ വീട്ടിലെത്തും. അതിരാവിലെ തന്നെ അടുക്കളയില്‍ സദ്യക്കുള്ള വട്ടങ്ങള്‍ തുടങ്ങും. അച്ഛനും വല്യച്ചനും രാവിലെ തന്നെ ക്ഷേത്രത്തിലേക്ക് തിരിക്കും. പുറംപണികളുടെയെല്ലാം ചുമതല എനിക്കും ചിറ്റപ്പനുമാണ്. ക്ഷേത്രത്തിലേക്ക് പോകാന്‍ താത്പര്യമില്ലാത്തത് കൊണ്ട് ചിറ്റപ്പന്‍ എന്നോട് കൂടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ചിറ്റപ്പന്‍ ഒരു യുക്തിവാദിയാണ്. ഈശ്വരനിലും പ്രാര്‍ത്ഥനയിലുമൊന്നും അദേഹത്തിന് വിശ്വാസമില്ല. വിധിയെന്നും തലയിലെഴുത്തെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ചിറ്റപ്പന് കലിയിളകും. പക്ഷെ മറ്റ് യുക്തിവാദികളെപ്പോലെ വിശ്വാസികളുടെ മണ്ടത്തരങ്ങളെ പറ്റി ഘോരഘോരം പ്രസംഗിക്കാനോ മറ്റുള്ളവരെ ഉപദേശിച്ച് യുക്തിവാദികളാക്കാനോ അദ്ദേഹം ശ്രമിക്കാറില്ല. അത് മാത്രമല്ല ഉത്സവദിവസം ഘോഷയാത്രയെ അനുഗമിക്കാനും വീടിലെ മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം അദ്ദേഹം കൂടെയുണ്ടാകും. തന്‍റെ വിശ്വാസമില്ലായ്മ മറ്റുള്ളവരുടെ സന്തോഷത്തിനു ഒരു തടസ്സമാകരുത് എന്നത് അദേഹത്തിന് നിര്‍ബന്ധമാണ്‌.

        പതിവിലും നേരത്തെയാണ് ഉത്സവദിവസം ഉച്ചയൂണ്. കുളിച്ചു വൃത്തിയായി ഞങ്ങള്‍ നാല് പുരുഷപ്രജകള്‍ നിലത്ത് നിരന്നിരുന്നാണ് ഭക്ഷണം കഴിക്കുക. കുടുംബാംഗങ്ങളെക്കൂടാതെ അന്ന് അതിഥിയായെത്തുന്ന ഏതൊരാള്‍ക്കും സദ്യ നല്‍കും. വാഴയിലയില്‍ നാലുകൂട്ടം പായസത്തിന്‍റെ അകമ്പടിയോടെ ഗംഭീര സദ്യ. പണ്ടൊക്കെ  ഊട്ടുപുരയുടെ ഒരറ്റത്ത് തുടങ്ങി മറ്റെ അറ്റം വരെ നീളുന്ന നിര ഇരുവശത്തും ഉണ്ടാകാറുണ്ട് എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. ഉത്സവദിവസം കൃഷ്ണവിലാസത്തില്‍ നിന്ന് ഊന്നു കഴിക്കുക എന്നുള്ളത് ഒരു ഭാഗ്യമായാണ് നാട്ടുകാര്‍ കണ്ടിരുന്നത്. ഭക്ഷണശേഷം ഘോഷയാത്ര എത്തുന്നത് വരെയുള്ള സമയം സകലരും വീട്ടുമുറ്റത്ത് തന്നെ ഉണ്ടാകും. പണ്ടൊക്കെ മുറ്റത്ത് ഒരു കല്യാണത്തിനുള്ള ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ടത്രേ. വിശ്രമിക്കുന്നവര്‍ക്ക് മുറുക്കാനായി വലിയൊരു തളികയില്‍ വെറ്റിലയും ചുണ്ണാമ്പും പുകയിലയും പാക്കുമെല്ലാം കരുതിയിട്ടുണ്ടാകും. ആള്‍ക്കൂട്ടമില്ലെങ്കില്ലും ഇപ്പോഴും ഉത്സവദിവസം ഊണ് കഴിഞ്ഞു അതേ തളികയില്‍ മുറുക്കാനുള്ള സാധനങ്ങള്‍ മുറ്റത്തേക്ക് എത്താറുണ്ട്. പക്ഷെ മുറുക്കാന്‍കൂട്ടം എത്തിപ്പെടുന്നത് അമ്മയുടെയും മുത്തശ്ശിയുടെയുമൊക്കെ വായിലാണെന്ന് മാത്രം. ആണ്‍പെണ്‍ ഭേദമന്യേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും മുറുക്കുന്ന ശീലമുള്ളവരാണ്. എന്തിനു പറയുന്നു ആറാം ക്ലാസില്‍ പഠിക്കുന്ന കൃഷ്ണ പോലും ഉത്സവദിവസം മുറുക്കാറുണ്ട്. പക്ഷെ അവള്‍ക്കു കൊടുക്കുന്ന മുറുക്കാനില്‍ അമ്മ തന്ത്രപൂര്‍വ്വം പുകയില ഒഴിവാക്കും. എത്ര മുറുക്കിത്തുപ്പിയിട്ടും ചെമ്പരത്തിയുടെ നിറം വരാത്തത്തില്‍ അവള്‍ എപ്പോഴും സങ്കടം പറയാറുണ്ട്‌. മുതിര്‍ന്നവര്‍ മുറുക്കിയാല്‍ മാത്രമേ ചെമ്പരത്തിയുടെ നിറം കിട്ടൂ എന്നൊരു സമാധാനം വല്യമ്മ അവള്‍ക്ക് കൊടുക്കുകയും ചെയ്യും.

        മുറപ്രകാരം അടുത്ത ആഴ്ചയാണ് തെച്ചിക്കാട്ടമ്മയുദെ ഉത്സവം! ഓര്‍മ്മകള്‍ അധികമാകുന്നു. ഈ ഒറ്റയടിപാതയ്ക്ക് ഇന്നെന്തോ നീളം കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. ഒരിക്കലും അവസാനിക്കാത്തത് പോലെ. പാടവും, തോടും ക്ഷേത്രവുമെല്ലാം വളരെ അകലെയായത് പോലെ. ശിശിരം ഏതാണ്ട് നഗ്നാവസ്ഥയില്‍ എത്തിച്ച ആ മരങ്ങളിലേക്ക് പെട്ടെന്ന്‍ ശക്തമായ ഒരു കാറ്റ് വന്നു പതിച്ചു. കൂടുതല്‍ ഇലകള്‍ താഴേക്ക് പതിച്ചു. കൂടുതല്‍ ഇലകളെന്നാല്‍ കൂടുതല്‍ വയോധികര്‍, കൂടുതല്‍ ഭാഗ്യവാന്മാര്‍! മഴ പോലെ എനിക്കുമേലെ പെയ്തുവീണ ഇലകളിലൊന്നു കയ്യില്‍ കെട്ടിയിരുന്ന വാച്ചിന്‍റെ ചെയിനില്‍ കുടുങ്ങിനിന്നു. നേര്‍ത്ത പച്ച നിറമുള്ള  ഒരു തളിരില! അച്ഛന്‍ സമ്മാനിച്ചതാണ് ആ വാച്ച്. ആ ഒരു അധികാരം വച്ചിട്ടാകണം സ്വര്‍ണനിറമുള്ള വാച്ച് എന്‍റെ സമ്മതമില്ലാതെ വീണ്ടും ഓര്‍മ്മകളെ പിന്നിലേക്ക് വലിച്ചു. അച്ഛന്‍റെ ഓര്‍മ്മകള്‍! കണ്ണിന്‍റെ കോണില്‍ പ്രത്യക്ഷപ്പെട്ട നീര്‍ത്തുള്ളിയെ ഞാന്‍ മുണ്ടിന്‍റെ തുമ്പ് കൊണ്ട് തുടച്ചു മാറ്റി.

        വിജനമായ ആ പാതയുടെ അങ്ങേ അറ്റത്ത് ഒരു രൂപം പ്രത്യക്ഷപ്പെട്ടു. വയോധികനെങ്കിലും ആരോഗ്യമുള്ള രൂപം. കുനിഞ്ഞുകൂടിയുള്ള അയാളുടെ നില്‍പ് മാത്രമാണ് ആ ആരോഗ്യത്തിനു ഒരു പേരുദോഷം. അയാള്‍ കാത്ത് നില്‍ക്കുന്നത് എനിക്കു വേണ്ടിയാണ്. പ്രതീക്ഷിച്ചതെങ്കിലും പെട്ടെന്ന് ദൃഷ്ടിയിലേക്ക് കയറിവന്ന ആ രൂപം എന്‍റെ മനസ്സില്‍ പലവിധ ചിന്തകള്‍ തുറന്നുവിട്ടു. ചുണ്ടിലെരിഞ്ഞുകൊണ്ടിരുന്ന ബീഡികുറ്റി അയാള്‍ താഴെയിട്ടു എന്നിട്ട് എന്‍റെ നേരെ നോക്കി. ആ നോട്ടം എന്‍റെ വേഗത കുറച്ചു എന്ന് വേണം പറയാന്‍. യാതൊരു ധൃതിയുമില്ലാതെ എന്നെ കാത്തു നില്‍ക്കുന്ന ആ വൃദ്ധനു നേരെ സാവധാനം, വളരെ സാവധാനം ഞാന്‍ നടന്നു. ഇത് അയാളുമായുള്ള എന്‍റെ മൂന്നാമത്തെ കൂടിക്കാഴ്ചയാണ്, അവസാനത്തേതും.

        വായനക്കാരെ ക്ഷമിക്കുക! ഞാന്‍ സ്വയം പരിചയപ്പെടുത്താന്‍ മറന്നു. എന്‍റെ പേര് അനന്തു. അനന്തകൃഷ്ണന്‍ നായര്‍ എന്നാണു മുഴുവന്‍ പേര്. അച്ഛന്‍റെ പേര് ഗോപാലകൃഷ്ണന്‍ നായര്‍. അദ്ദേഹം മരിച്ചു, രണ്ടാഴ്ചക്കു മുന്നായി. ഗോപീകൃഷ്ണന്‍ നായര്‍ എന്നാണു എന്‍റെ ചിറ്റപ്പന്‍റെ പേര്. അദ്ദേഹവും മരിച്ചു, ആറു മാസം മുന്‍പ്. എന്‍റെ മുത്തശ്ശന്‍ രാമകൃഷ്ണന്‍ നായര്‍, അദ്ദേഹവും മരണപ്പെട്ടിട്ടുണ്ടാകുമെന്നു നിങ്ങള്‍ ഇതിനകം തന്നെ ഊഹിച്ചു കാണും. കൃഷ്ണ വിലാസം വലിയവീട്  എന്ന എന്‍റെ കുടുംബത്തിലെ അവസാന ആണ്‍തരിയാണ് ഞാന്‍. വിധിയുടെ തീരുമാനങ്ങളെ തടുക്കാന്‍ നമുക്ക് കഴിയില്ലല്ലോ? അങ്ങനെയല്ലേ? സന്തോഷം ആറാടിയിരുന്ന കൃഷ്ണവിലാസം വലിയവീട്ടില്‍ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് ശ്മശാന മൂകതയാണ്. ഭര്‍ത്താവിന്‍റെയും മക്കളുടെയും മരണം അഭിമുഖീകരിക്കേണ്ടി വന്ന ആ വൃദ്ധയായ സ്ത്രീ ഇപ്പോള്‍ കിടപ്പിലാണ്. അച്ഛന്‍റെ മരണവാര്‍ത്ത അറിഞ്ഞതോടെ തളര്‍ന്ന് വീണതാണ് മുത്തശ്ശി. ഇപ്പോഴും അതെ കിടപ്പ് തന്നെ. ഓര്‍മ്മകളുടെ പേമാരിയില്‍ പെട്ടു നിറഞ്ഞുകവിയുന്ന കണ്ണുകളുമായി അമ്മ. അമ്മയുടെ ചിരിച്ച മുഖം മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ പലതവണ ഞാന്‍ ശ്രമിച്ചു നോക്കി കഴിയുന്നില്ല. ഇനി ഒരിക്കലെങ്കിലും അമ്മയെ ചിരിച്ചു കാണാം എന്ന പ്രതീക്ഷ എനിക്കില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ‘ഇനി ഒരിക്കല്‍ കൂടി അമ്മയെ കാണാന്‍ കഴിയും എന്ന പ്രതീക്ഷ’ എനിക്കില്ല. കാരണം ഇന്ന് ഞാന്‍ മരണപ്പെടും!

        ഈ വഴിയുടെ അവസാനം എന്നെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന വൃദ്ധന്‍ ആരാണെന്ന് നിങ്ങള്‍ സംശയിച്ചേക്കാം. ശങ്കരന്‍ എന്നാണ് അയാളുടെ പേര്, പക്ഷെ വലിയവീട്ടുകാരെ സംബന്ധിച്ച് അയാള്‍ക്ക് ചേരുന്നത് മറ്റൊരു പേരാണ്, യമന്‍! എന്‍റെ മുത്തശ്ശന്‍റെ കൊലപാതകിയാണ്  ആ മനുഷ്യന്‍, എന്‍റെ ചിറ്റപ്പന്‍ മരിച്ചത് അയാളുടെ കൈകള്‍ കൊണ്ടാണ്, എന്‍റെ അച്ഛനെ കൊന്നതും അയാള്‍ തന്നെ. ഇന്ന് അയാള്‍ കാത്തിരിക്കുന്നതും മറ്റൊരു മരണത്തിനു വേണ്ടിയാണ്. അതെ ഇന്ന് അയാള്‍ എന്നെ വധിക്കും. വാച്ചില്‍ കുടുങ്ങിയ ആ തളിരിലയെ ഞാന്‍ താഴെയ്ക്കെറിഞ്ഞു. ദയയില്ലാതെ അതിനെ ചവിട്ടിമെതിച്ച് ഞാന്‍ മുന്നോട്ട് നീങ്ങി. എന്‍റെ പേര് അനന്തു, ഇന്ന് എന്‍റെ അവസാനത്തെ ദിവസമാണ്
                                                                     (തുടരും.)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s