നിറം മങ്ങി ഞെട്ടറ്റ് കരിയില വീണപ്പോൾ
ഇളം കാറ്റിൻ കുസൃതിയിൽ നിറഞ്ഞാടിയ
തളിരിലകളവരൊന്നിച്ചു ചൊല്ലി
ജീവിതം മുന്നോട്ട്, ഓർമ്മകൾ പിന്നോട്ട്.
തളിരില പാർക്കുന്ന മരമൊന്ന് വീണപ്പോൾ
കാട്ടിലെ കരുത്തരവർ, ധരണിയിൽ വേരൂന്നി
വൃക്ഷസമൂഹങ്ങളുമൊന്നിച്ചു ചൊല്ലി
ജീവിതം മുന്നോട്ട്, ഓർമ്മകൾ പിന്നോട്ട്
കാടുകൾ മറഞ്ഞു, കെട്ടിടമുയർന്നു
വെട്ടിത്തിളങ്ങുന്ന വാളിന്റെ വായ്ത്തല
തൊട്ടു തലോടി മനുജരും ചൊല്ലി
ജീവിതം മുന്നോട്ട്, ഓർമ്മകൾ പിന്നോട്ട്
മഴയുടെ കണികയ്ക്ക് പകരമന്നാകാശം
മൃത്യവിൻ തീജ്ജ്വാല വർഷിച്ചയാദിനം
എരിയുന്ന മനുജനെ ചിരിയോടെ നോക്കി ധരിത്രിയും ചൊല്ലി
ജീവിതം മുന്നോട്ട്, ഓർമ്മകൾ പിന്നോട്ട്.