Heavy Spoilers Ahead!!!! സിനിമ കണ്ടശേഷം മാത്രം തുടർന്നു വായിക്കുക
ബ്രില്ല്യൻസ് റിവ്യൂ കേട്ടുമടുത്തേൽ,
കുഞ്ചന്നുടെയൊരു സിംപിൾ റിവ്യൂ.
ബിൽഡപ്പില്ല ഡയലോഗില്ല,
കഥയുടെ ജനനമൊരാനവണ്ടിയിൽ.
ഭൂതവും ഭാവിയും കാക്കിയുമില്ലാ,
പോലീസ് രണ്ടിനെ സീറ്റിൽ കണ്ടോ.
നെയിമുപോലുമൊറിജിനലല്ല,
ഒരുവൻ പേര് ആന്റണിയത്രേ.
വെയിറ്റു കൂടിയ കള്ളപ്പേരുമായ്,
ഷാജീവൻ അവൻ അരികിലിരിപ്പൂ
ചുരുളിയെ തേടി ടീമുകൾ രണ്ടൂം,
കാടിനടുത്തായ് വണ്ടിയിറങ്ങി.
മുന്നോട്ടുള്ളൊരു യാത്രയ്ക്കായി,
ജീപ്പും തേടി ടീമു നടന്നു.
തേടിയ വള്ളി കാലിൽ ചുറ്റി,
ഊരാക്കുടുക്കായ് മുറുകി കെട്ടി.
ജീപ്പും കിട്ടി, കൂക്കി വിളിച്ച്,
സുശീലനായൊരു ഡ്രൈവറുമെത്തി.
ആറെട്ടെണ്ണം കൂടെക്കേറി,
അവരോടൊപ്പം ടീമും കൂടി.
എല്ലില്ലാത്തൊരു നാക്കു വളച്ചു,
ആന്റണി ചേട്ടൻ സൊറയൊ തുടങ്ങി.
ചൊല്ലിയതൊക്കെ തലയുമനക്കി,
മൂളികേട്ടു സഹയാത്രികരവർ.
അയ്യോ പാവം, ചുരുളി നിറച്ചും,
സൈലന്റായ സുശീലരാണോ.
എൻജോയ് ചെയ്തൊരു യാത്രയ്ക്കിടയിൽ,
ചുരുളിയിൽ നീളും പാലവുമെത്തി.
മുക്കിയും മൂളിയും കഷ്ടപ്പെട്ട്,
ലക്ഷ്മണരേഖ കടന്നു ഡ്രൈവർ.
പഴയതുപോലെ തോളിൽ കയ്യിടാനോ-
-ടിച്ചെന്നു ആന്റണിച്ചേട്ടൻ.
സുശീലനവരോ ഒന്നൊഴിയാതെ,
കണ്ണിൽ നോക്കി പൂരത്തെറിവിളി.
കണ്ണും തള്ളി നാക്കും നീട്ടി,
ടീമുകൾ രണ്ടും ഞെട്ടിയിരിപ്പൂ.
പാവം പിള്ളേർക്കറിയില്ലല്ലോ,
ഇപ്പോ കേട്ടത് ട്രയിലറുമാത്രം.
അച്ഛനേം അമ്മേം കുഞ്ഞമ്മേയും,
നിക്കറിനുള്ളിലെ കിട്ടുണ്ണ്യേയും.
പന്തീപക്ഷം കാണിക്കാതെ,
ചുരുളീവാസികൾ സംസ്കൃതം ചൊല്ലി.
എണ്ണീത്തേഞ്ഞു ദിനങ്ങൾ കഴിഞ്ഞു,
തൊഴിലാളികളായ് ഷാപ്പിൽ കൂടി.
വെയിറ്ററ്, ഹണ്ടറ്, ക്ലീനറ്, കുക്ക്,
ചെയ്യാപ്പണികൾ ചെയ്തു മടുത്തു.
മിണ്ടാപ്പാവം ഷാജീവന്നോ,
ആളെക്കൊല്ലും സൈക്കോയായി.
പ്ലാനിംഗ് വീരൻ ആന്റണിച്ചേട്ടൻ,
മുതുകുമുടക്കി കട്ടിലിലായി.
മന്ത്രവും, തന്ത്രവും താന്ത്രികവിദ്യയും,
കാട്ടിക്കൂട്ടാൻ വന്നൊരു പെങ്ങൾ.
തിളപ്പിലവനുടെ ഉളുപ്പ് മാറി,
ആന്റണിക്കുട്ടൻ ഉഷാറായി.
ചാടിത്തുള്ളീയെത്തിയ ടീമുകൾ,
തങ്കനെക്കണ്ടു തിങ്കിംഗ് തുടങ്ങി.
തൊഴിയും ഇടിയും ഷുവറായപ്പോൾ,
തോക്കുമെടുത്തു വെടിയുമുതിർത്തു.
കയ്യും കൂപ്പി തങ്കൻ വീണൂ,
വാണ്ടഡ് ജോയിയെ കാട്ടിത്തരാം.
വീട്ടിലെ കട്ടിലിലൊട്ടിക്കിടന്ന്,
മുട്ടൻ ജോയി കണ്ണുമലച്ചു.
മട്ടത് മാറി ചുരുളിക്കാരുടെ,
കൂട്ടായ് നിന്നവർ കണ്ണുമുരുട്ടി.
നെഞ്ചു പിടച്ചു, കാഞ്ചി വലിച്ചു,
ഉണ്ട ചലിച്ചു, ചോര പൊടിഞ്ഞു.
മേനോൻകുഞ്ഞിൻ ചെവിയുടെ പാതി,
ഗീർവാണം പോൽ ഇല്ലാണ്ടായി.
കട്ടിൽ ജോയിയെ പൊക്കിയെടുത്ത്,
കാട്ടിൽ കൂടി ടീമും സ്കൂട്ടായ്.
വഴിയറിയാതെ ടീമു വലഞ്ഞു,
വീരൻ കഥകൾ ജോയി മൊഴിഞ്ഞു.
ഗൂഗിൾ മാപ്പിന് കിട്ടാ വഴികൾ,
ചൂണ്ടിക്കാട്ടി നമ്മുടെ ജോയി.
കണ്ണു മലച്ചു ടീമുകൾ നോക്കി,
വണ്ടിയുയർന്നു ചന്ദ്രനിലേക്ക്.
വിഡ്ഡിപ്പെട്ടിയിൽ കണ്ണും നട്ട്,
കാണികൾ നിന്നു അന്തം വിട്ട്.
ഗിയർ മാറ്റി, ആക്സിൽ ചവിട്ടി,
വണ്ടിയകന്നു എൽജെപിയുടെ.
ന്യൂജൻ തുള്ളലിൻ മേമ്പൊടി ചാർത്തീട്ടിക്കഥ
ചൊല്ലിയ ഞാനും ബൈ ബൈ..