ഞാൻ ജഡമാണ്, അഭിസാരികയുടെ ജഡം. മരണത്തിനു ശേഷമെങ്കിലും ആ ഒരു വിശേഷണത്തിൽ നിന്ന് മോചനമുണ്ടാകുമെന്ന് കരുതിയ ഞാനെന്ത് വിഡ്ഢി! മോർച്ചറിയിൽ, അടിമുടി മറയ്ക്കുന്ന തൂവെള്ള തുണിയുടെ കീഴിൽ, തണുത്തുറഞ്ഞ സ്റ്റീൽ ബെഡ്ഡിൽ തീർച്ചയില്ലാത്ത ഒരു ശവദാഹം പ്രതീക്ഷിച്ചു കിടക്കുമ്പോഴും ചിന്തകൾ ഉടക്കി നിന്നത് ആ ഒരു വിശേഷണത്തിൽ തന്നെയാണ്. മരണം സ്ഥിരീകരിച്ചിട്ട് അധികമായിട്ടില്ല. ചത്ത ബുദ്ധിയുടെ കണക്കുകൂട്ടൽ പിഴച്ചിട്ടില്ലെങ്കിൽ, ഒരു രണ്ട് മണിക്കൂർ. ഞാൻ എങ്ങനെ മരണപ്പെട്ടു എന്ന ചോദ്യം എന്റെ ജീവിതം പോലെ തന്നെ അപ്രസക്തമാണ്. ജീവിച്ചിരിക്കുമ്പോൾ ഞാൻ അറിയപ്പെട്ടിരുന്നതും, ഇനി ഒരു പക്ഷേ മരണശേഷം ഒരു നിമിഷത്തേക്കെങ്കിലും ആരെങ്കിലും എന്നെ ഓർത്തെടുക്കുന്നുണ്ടെങ്കിൽ അതും എന്റെ തൊഴിലിന്റെ പേരിലായിരിക്കും. ഞാൻ ഒരു അഭിസാരികയാണ്. എന്തുകൊണ്ടോ സമൂഹം ആ വാക്കിനെ വളരെയധികം ഇഷ്ടപ്പെടുന്നു. ആ ഒരു പദം ഉച്ചരിക്കുന്നത് പോലും അവർക്കൊരു രസമാണ്. പൊതുജനം കഴുതകളെന്ന് വർഷങ്ങൾക്ക് മുൻപ് ബഷീർ പറഞ്ഞുവച്ചത് ഇന്നും എത്ര മാത്രം പ്രസക്ത്മാണ്! പൊതുജനം കഴുതകളാണ്, ചിന്തിക്കാനറിയാത്ത വെറും കഴുതകൾ. ഒരു പക്ഷേ ഈ ഭൂഗോളം ചലിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ ആ വചനങ്ങളും പ്രസക്തമായി ത്തന്നെ നിലനിന്നേക്കാം.
മികച്ച എഴുത്തുകാർ എന്നും അങ്ങനെയാണ് മറ്റാരും കാണാത്ത അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്ന സത്യത്തെ അവർ കണ്ടെത്തും. പിന്നെ നഗ്നയായി അവളെ അവർക്ക് മുന്നിൽ അനാവരണം ചെയ്യും. വായിക്കാൻ എനിക്ക് ഇഷ്ടമാണ്, കഴിയുന്നത്ര വായിക്കാറുണ്ട്. ചെറിയ രീതിയിൽ എഴുതാറുമുണ്ട്. പക്ഷേ എന്നിൽ നിന്ന് ജനിക്കുന്ന അക്ഷരങ്ങൾ എന്തു മാത്രം മികച്ചതാണെന്ന് എനിക്കറിയില്ല, ആരും അതെന്നോട് പറഞ്ഞിട്ടില്ല. എല്ലാവർക്കും താത്പര്യം എന്റെ മറ്റൊരു കഴിവിലായിരുന്നു.
മോർച്ചറിയുടെ കട്ടിപിടിച്ച തണൂപ്പിലും എനിക്കെന്തോ ഒരു സുഖം അനുഭവപ്പെട്ടു. എന്തിനാണ് മനുഷ്യർ മരണത്തെ ഭയക്കുന്നത്? മരണം എന്തു മാത്രം സുഖകരമാണ്. ഇപ്പോൾ എന്റെ തലച്ചോറിൽ മുഴങ്ങുന്ന ഈ സംഗീതം, അത് മറ്റാരോടും പങ്കുവയ്ക്കാൻ കഴിയുകയില്ല എന്ന സത്യം എന്നെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തുന്നത്. ആത്മഹത്യ ചെയ്യുന്നവർ ഒരിക്കലും ഭീരുക്കളല്ല, അവർ തീർച്ചയായും തികഞ്ഞ സംഗീതപ്രേമികളാണ്. ഇപ്പോൾ ഇങ്ങനെ ഈ തണുത്തുറഞ്ഞ മോർച്ചറിയിൽ ജഡമായി കിടക്കുമ്പോൾ, മരണത്തിന്റെ ഈ മനോഹര ഗീതം ആസ്വദിക്കുമ്പോൾ എന്നെ വിഷമിപ്പിക്കുന്ന ഒരേ ഒരു സംഗതി പശ്ചാത്തലത്തിൽ കേൾക്കുന്ന ആ മനുഷ്യശബ്ദങ്ങളാണ്. സംഗീതത്തിൽ അപശ്രുതിയായി രണ്ട് മോർച്ചറി ജീവനക്കാർ. മരണത്തിനു ശേഷവും ഇന്ദ്രിയജ്ഞാനം നിലനിൽക്കുമെന്ന് എന്തേ ആരും എന്നോട് പറഞ്ഞില്ല.
അതിലൊരുവന്റെ ശബ്ദം കനം കൂടിയതാണ്, ശബ്ദം എത്ര താഴ്ത്താൻ ശ്രമിച്ചിട്ടും അതിനെ മയപ്പെടുത്താൻ അയാൾക്ക് കഴിയുന്നില്ല. അവന്റെ ചുണ്ടിനു മുകളിൽ നല്ല കട്ടിയിൽ ഒരു മീശയും, തലയിൽ അങ്ങിങ്ങായി കൂട്ടം തെറ്റിയ അഞ്ചാറ് വെള്ളി രോമങ്ങളേയും ഞാൻ സങ്കൽപ്പിച്ചു. അപരന്റെ ശബ്ദം കിളിനാദം പോലെയാണ്, മുഖത്ത് രോമങ്ങളില്ലാത്ത മെലിഞ്ഞ ഒരു കുതുകിയായ ചെറുപ്പക്കാരൻ. അതാണ് എന്റെ തലച്ചോറിലെ മരിച്ച കോശങ്ങൾ അവനു നൽകുന്ന രൂപം.
“ഒള്ളതാണോ അണ്ണാ, ഇത് തന്നെയാണോ ആള്” എന്ന് മീശയില്ലാത്ത പയ്യൻ
“പിന്നല്ലാതെ, ഇക്കാര്യത്തിൽ എനിക്ക് ആള് മാറോ. അതും ഇവളെ! ഇതവള് തന്നെ, കുങ്കുമം. ഇന്നാട്ടിലെ എന്നല്ല ഈ ഇന്ത്യാ മഹാരാജ്യത്തെ തന്നെ എറ്റവും മികച്ച അഭിസാരിക”
കുങ്കുമം എന്നത് എന്റെ പേരല്ല, ഏതെങ്കിലും ഒരു ഇടപാടുകാരൻ എന്നെ അടയാളപ്പെടുത്താൻ ഉപയോഗിച്ചതാകണം. “നെറ്റിയിൽ വലിയ കുങ്കുമപ്പൊട്ട് ചാർത്തിയ ഒരുവളില്ലേ അവൾ”. വാക്യത്തിന്റെ നീളവും മനുഷ്യന്റെ തിരക്കും കൊണ്ടാകണം, പദങ്ങളുടെ എണ്ണം പതിയെ ശോഷിച്ചു. കുങ്കുമപ്പൊട്ട് എന്ന അടയാളം കുങ്കുമം എന്ന പേരായി മാറി. കപ്പടാ മീശക്കാരന്റെ അവസാനം പറഞ്ഞ വാക്കുകൾ എന്നെ വേദനിപ്പിച്ചില്ല. പകരം ആ കനം കൂടിയ വാക്കുകളിൽ ഞാൻ അഭിമാനിച്ചു. ‘ഇന്ത്യാ മഹാരാജ്യത്തിലെ തന്നെ എറ്റവും മികച്ച അഭിസാരിക’. അയാൾ അത് മനസ്സറിഞ്ഞു പറഞ്ഞതായിരിക്കണേ എന്നു ഞാൻ പ്രാർത്ഥിച്ചു. ഞാൻ എന്റെ തൊഴിലിനെ ഇഷ്ടപ്പെടുന്നു. ഒരു ഡോക്ടറും എഞ്ചിനീയറും എങ്ങനെയാണോ സ്വന്തം ജോലിയെ ഇഷ്ടപ്പെടുന്നത്, അതിനെ ബഹുമാനിക്കുന്നത് അതു പോലേ തന്നെ ഞാൻ അഭിസാരികാ വൃത്തിയേയും ഇഷ്ടപ്പെടുന്നു. ഡോക്ടറും എഞ്ചിനീയറും നൽകുന്നതിനേക്കാൾ സുഖവും സംതൃപ്തിയും ഞാൻ എന്നെ തേടിയെത്തുന്നവർക്ക് നൽകുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുക എന്നതിനേക്കാൽ മികച്ചൊരു കർമ്മമുണ്ടോ? ഉണ്ടെങ്കിൽ ആരെങ്കിലും ഈ ശവത്തിനു ഒന്നു പറഞ്ഞു തരിക. കാമത്തിന്റെ ഉച്ചസ്ഥായിയിൽ അവർ അനുഭവിക്കുന്ന ഉന്മാദം, അതാണ് ഞാൻ തേടുന്ന ലഹരി!എന്റെ ഇടപാടുകാരെപ്പോലെ തന്നെ എന്നെയും എറ്റവും അധികം സന്തോഷിപ്പിക്കുന്നത് ആ മുഹൂർത്തമാണ്. ഒരു പക്ഷേ അതുകൊണ്ടായിരിക്കും ഞാൻ ‘ഇന്ത്യാ മഹാരാജ്യത്തെ തന്നെ എറ്റവും മികച്ച അഭിസാരികയായത്’.
സ്വന്തം വിധിയെ പഴിച്ച്, ഗതികേട് എന്ന് മുദ്രകുത്തി ഈ തൊഴിൽ ചെയ്യുന്ന ഒരുപാട് സഹപ്രവർത്തകമാരെ ഞാൻ കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ തൊഴിലിൽ അവർക്ക് സുഖം കണ്ടെത്താൻ കഴിയാത്തതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്, പക്ഷേ അതിലും കൂടുതൽ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു ചോദ്യമാണ്. എന്തിനാണ് താത്പര്യമില്ലാത്ത ഈ ജോലിയിൽ അവർ തുടരുന്നത്? അതിനുള്ള ഉത്തരം എനിക്ക് തന്നത് കപ്പടാ മീശക്കാരനാണ്
“ചത്താലും അഭിസാരിക, അഭിസാരിക തന്നെ.”
മീശക്കാരൻ തുടർന്നു
“അവളുടെ ആ കിടപ്പൊന്ന് കാണേണ്ടത് തന്നെ. ചത്തതാണെന്ന് കണ്ടാ പറയില്ല”
“അണ്ണൻ മുഴുവൻ മാറ്റി നോക്കിയാ?”
അവന്റെ മുഖത്ത് ഒരു കള്ളച്ചിരി ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകണം
“പിന്നല്ലാതെ” ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം, തന്റെ കനത്ത ശബ്ദത്തെ കഴിയാവുന്നിടത്തോളം നേർപ്പിച്ച് മീശക്കാരൻ പറഞ്ഞു.
“നിനക്ക് കാണണോ”
സമൂഹം എന്തിനേയും കാണൂന്നത് തരം തിരിച്ചാണ്. നല്ലതും ചീത്തയും, ശരിയും തെറ്റും, മാന്യനും മര്യാദയില്ലാത്തവനും, ബഹുമാനിക്കേണ്ടവരും അപമാനിക്കേവരും. ആരാണ് ഈ വിഭാഗം തിരിച്ചതെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. നല്ലതെന്തെന്നും ചീത്തയെന്തെന്നും ആരാണ് മനസ്സിലാക്കിയത്? എങ്ങനെയാണ് അവർ അത് മനസ്സിലാക്കിയത്? എങ്ങനെയാണ് പുരോഹിതൻ ബഹുമാനിക്കപ്പെടേണ്ടവനും വേശ്യ അപമാനിക്കപ്പേടേണ്ടവളുമായത്? സൂര്യപ്രകാശത്തിൽ ചിരിക്കുന്നവനാണോ മാന്യൻ? മുഖം നോക്കി സത്യം പറയുന്നവനാണോ മര്യാദയില്ലാത്തവൻ?
എന്നെ മൂടിയിരിക്കുന്ന ആ വെള്ളമൂടി അവർ പറിച്ചെറിഞ്ഞപ്പോൾ ജീവിത്തിലാദ്യമായി..അല്ല ജീവിതത്തിലും മരണത്തിലും ആദ്യമായി സ്വന്തം നഗ്നതയിൽ, അഭിസാരികയായ എനിക്ക് ലജ്ജ അനുഭവപ്പെട്ടു
അവശ്യസാധനങ്ങൾക്കായി പട്ടണത്തിന്റെ തിരക്കുകളിലൂടെ അലയുമ്പോൾ എന്റെ ശരീരത്തിലൂടെ അനുവാദം ചോദിക്കാതെ കയറിയിറങ്ങുന്ന കഴുകൻ കണ്ണുകളും, വക്രിച്ച പുരികങ്ങളും കോണിച്ച ചുണ്ടുകളുമായി എന്നെ എതിരേൽക്കുന്ന മാന്യപൗരുഷന്മാരെയും. ഒളികണ്ണെറിയുകയും തമ്മിൽ കുശുകുശുക്കുകയും ചെയ്യുന്ന മഹതികളെയും എനിക്കോർമ്മ വന്നു. ആഗ്രഹമാണ് ആ പുരുഷന്മാരുടെ കണ്ണുകളിലെങ്കിൽ എന്താണ് അവർ ഒരിക്കൽ പോലും എന്നെ തേടി വരാത്തത്? വെറുപ്പാണ് ആ മഹതികളുടെ മുഖത്തെങ്കിൽ എന്താണ് അവർ എന്നെ അവഗണിക്കാത്തത്, പരിഹസിക്കുന്നതെന്തിനാണ്?
സമൂഹം ഒരു പുരുഷനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു, എങ്കിൽ ഒരു പക്ഷേ അവരെ സന്തോഷിപ്പിക്കാൻ എനിക്കായേനേ.
മരണത്തിനു ശേഷം മനുഷ്യസ്പർശമേൽക്കാൻ എത്ര ജഡങ്ങൾക്ക് ഭാഗ്യമുണ്ടായിക്കാണും എന്നെനിക്കറിയില്ല. പക്ഷേ എനിക്ക്, ഈ അഭിസാരികയുടെ ജഡത്തിന് ആ ഭാഗ്യമുണ്ടായി.
ശ്വാസം നിലച്ച ഹൃദയത്തിന് താഴെയായി ആ പരുക്കൻ കൈകൾ എന്റെ മാംസത്തെ കശക്കി.
“പേടിക്കാതെ വാടാ, ഒരു കുഴപ്പവുമില്ലെന്നേ”
“ശവമല്ലേ അണ്ണാ?”
“ജീവനുള്ളപ്പഴും ഇവളുമാരെയൊക്കെക്കൊണ്ട് ഈ ഒരു ഗുണമല്ലേ ഉള്ളൂ. ഇതാവുമ്പോ കൂലിയും കൊടുക്കണ്ട”
തണുത്ത മറ്റൊരു കരം എന്റെ വലത്തെ മുലയിലും പിടികൂടി. ജഡത്തിനേക്കാൾ തണൂപ്പുണ്ടായിരുന്നു ആ കൈകൾക്ക് എന്നെനിക്ക് തോന്നി.
വിടുതൽ ലഭിക്കാത്ത ചില തൊഴിലുകളെപ്പറ്റി കേട്ടിട്ടില്ലേ? മരണശേഷവും ഞാനിന്ന് തൊഴിലെടുക്കുകയാണ്. കൂലികൊടുക്കാതെ പണിയെടുപ്പിക്കാൻ വക്രിച്ച ചിരിയുമായി കാത്തിരുന്ന ആ കഴുകന്മാർ, വിടുതൽ തരാതെ, വിശ്രമിക്കാനനുവദിക്കാതെ ഇവർ എന്നെ ഇന്നും പണിയെടുപ്പിക്കുന്നു.