ധൃതംഗപുളകിതന്‍



 

കുട്ടി ചെത്തിനെ നോക്കി, ചെത്ത് നോട്ടം രാജനിലേക്ക് പാസ് ചെയ്തു. തലകുലുക്കി രാജന്‍ അതങ്ങ് തിരിച്ചുകൊടുത്തു. കുട്ടിയുടെ വായില്‍ നിന്ന് കടിച്ചാല്‍ പൊട്ടാത്തത് പലതും വീണിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വാക്ക് ഇതാദ്യമാണ്.

ചോദ്യഭാവത്തില്‍ മൂന്നു ജോഡി കണ്ണുകള്‍ കുട്ടിക്ക് നേരെ വീണു

“ഈ ആഗ്രഹത്തിന്‍റെയും കൊതിയുടെയുമൊക്കെ ഒരു മൂര്‍ധന്യഭാവമാണ് ‘ധൃതംഗപുളകിതം’. ഇപ്പറഞ്ഞ കാര്യം നടക്കാതെ ഇനി അവനു വേറൊന്നും ചെയ്യാന്‍ പറ്റില്ല. കഴിക്കാനോ കിടക്കാനോ പറ്റില്ല, വായിക്കാനോ എഴുതാനോ പറ്റില്ല. ഇനി ഷിബു നോര്‍മലാകണമെങ്കില്‍ വിചാരിച്ച കാര്യം നടക്കണം, അവന്‍ ധൃതംഗപുളകിതനാകണം”

ചാക്കായോടെ ഉണ്ടക്കണ്ണുകള്‍ ഒന്നുകൂടി പുറത്തേക്ക് തള്ളി

“ഇതെന്തൊരു രോഗമാണ്. എന്നിട്ട് നമുക്കൊന്നും കള്ളു കുടിച്ചിട്ട് ഇത് വന്നില്ലല്ലോ”

“രോഗമല്ലെടാ ഇതൊരു തരം അവസ്ഥയാണ്. സംഭവം മാനസികമാ. കളങ്കം തൊടാതിരുന്ന മനസ്സല്ലേ അതാണ്‌ ഇങ്ങനെയൊക്കെ”

“എന്നിട്ട് കളങ്കം തൊടാത്ത മനസ്സില്‍ നിന്ന് പുറത്ത് വരുന്നത് അത്ര ഡീസന്റ് കാര്യങ്ങളൊന്നുമല്ലല്ലോ?”

“അവന്‍ അതിന് വേറൊന്നും പറഞ്ഞില്ലല്ലോ ഒരുമ്മ വയ്ക്കണം അത്രയല്ലേ ഉള്ളൂ” എന്ന് രാജന്‍

“അല്ല അതിനു നമ്മളിപ്പോ ഈ പാതിരാത്രിയില്‍ എന്ത് ചെയ്യാനാ. തിരിച്ചു വീട്ടില്‍ കൊണ്ട് ചെന്നാക്കിയാലോ?” ഉണ്ട ചോദ്യം ഉന്നയിച്ചു

സര്‍വ്വജ്ഞാനത്തിനും ആധാരമായ കുട്ടിയുടെ ബുദ്ധി ഇങ്ങനെ ഉപദേശിച്ചു

“അതൊന്നും ശരിയാകില്ല. വിചാരിച്ച കാര്യം നടക്കാന്‍ അവന്‍ എന്തൊക്കെ ചെയ്തുകൂട്ടുമെന്നു അറിയില്ല. എത്രയും പെട്ടെന്ന് അവന്‍റെ ആഗ്രഹമങ്ങു സാധിച്ചു കൊടുക്കുക ഇല്ലേല്‍ ആകെ പ്രശ്നമാകും”

അങ്ങനെ പി പി ഷിബുവിനെ ധൃതംഗപുളകിതനാക്കാന്‍ കൂട്ടുകാര്‍ നാലുപേരും കൂടിയിരുന്നു തല പുകച്ചാലോചിക്കാന്‍ തുടങ്ങി.

“ഒരു വഴിയുണ്ട്” രാജന്‍റെ തലയിലാണ് ആദ്യം ബള്‍ബ് മിന്നിയത്

“ശാന്തചേച്ചിയുടെ അടുത്ത് കൊണ്ടാക്കാം. പക്ഷെ കാശ് കൊടുക്കേണ്ടി വരും”

“അതിന് ഇവന് ഉമ്മ മാത്രം പോരെ?” ഉണ്ടയ്ക്ക് സംശയം

“ഉമ്മ മാത്രമായിട്ട് അവര് കൊടുക്കോ എന്നറിഞ്ഞൂടാ. എന്തായാലും കാശ് കൊടുക്കണം”

സംഭാഷണം കേട്ട് ധൃതംഗപുളകിതനാകാന്‍ വെയിറ്റ് ചെയ്തിരുന്ന ഷിബു വീണ്ടും മിണ്ടി

“പതിനെട്ടിനും ഇരുപത്തഞ്ചിനുമിടയ്ക്കേ പ്രായം പാടുള്ളൂ”

കേട്ടപാടെ ദേഷ്യത്തോടെ ഉണ്ട ചാടിയെനീട്ടു

“ഇത് പുളങ്കിതമൊന്നുമല്ല, ഇവന്‍റെ അസുഖം വേറെയാ”

കുട്ടി ബദ്ധപ്പെട്ട് ചാക്കോയെ പിടിച്ചിരുത്തി

“ശ്ശെടാ നീ ബഹളം വയ്ക്കല്ലേ. അവന്‍ പറയട്ടെ”

രാജന്‍ പതിയെ എഴുന്നേറ്റ് ഷിബുവിന് അടുത്തേക്ക് വന്നു. അവന്‍റെ തൊട്ടടുത്തിരുന്ന്, പതിയെ തോളില്‍ കൈ വച്ച് മന്ദിച്ച സ്വരത്തില്‍ ചോദിച്ചു

“മോന് ഇനി വേറെന്തെങ്കിലും ഡിമാന്‍ഡ് ഉണ്ടോ?”

“കന്യകയായിരിക്കണം” നിഷ്കളങ്കമായി ഷിബു ഉത്തരം നല്‍കി.

കൂട്ടുകാര്‍ നാലുപേരും ഷിബുവിനെ മാറ്റി നിര്‍ത്തി ധൃതംഗപുളകിതനാകാന്‍ വേണ്ട നിബന്ധനകള്‍ ക്രോഡീകരിച്ചു
പെണ്‍കുട്ടി
പതിനെട്ടിനും – ഇരുപത്തഞ്ചിനും ഇടയ്ക്ക് പ്രായം
കന്യക
ഷിബുവിനെ ഉപാധികളില്ലാതെ ഈ രാത്രി തന്നെ ഉമ്മ വയ്ക്കാന്‍ സന്നദ്ധയായിരിക്കണം


അവസാനത്തെ നിബന്ധനയൊഴിച്ചു ബാക്കി മൂന്നും തൃപ്തിപ്പെടുത്തുന്ന മരുതിക്കുന്നിലെ സകല പെണ്ണുങ്ങളുടെയും പേരുവിവരങ്ങള്‍ ചെത്ത് വിശദീകരിച്ചു. കുട്ടി എല്ലാം പുസ്തകത്തിന്‍റെ പുറകില്‍ കുറിച്ചെടുക്കുകയും ചെയ്തു.

അപ്പോഴാണ്‌ ചാക്കോയില്‍ അടുത്ത സംശയം ജനിച്ചത്

“രായണ്ണാ നിങ്ങടെ ഭാര്യ കന്യകയാണോ”

‘ഠപ്പേ’ എന്നൊരു ശബ്ദവും തൊട്ടുപുറകെ ചാക്കോയുടെ മോങ്ങലും കേട്ട് തിരിഞ്ഞു നോക്കിയ കുട്ടിയും ചെത്തും കണ്ടത് ഉണ്ടയുടെ വീതിയുള്ള കഴുത്തിനു അളവെടുക്കാന്‍ കഷ്ടപ്പെടുന്ന രാജനെയാണ്. ഒരുവിധം രണ്ടുപേരും ചേര്‍ന്നു രാജനെ സമാധാനപ്പെടുത്തി. ഒന്ന് മയപ്പെടുത്താന്‍ ബാക്കിയുണ്ടായിരുന്ന മദ്യവും കൊടുത്തു. രാജന്‍ ഒന്നയഞ്ഞു, വീണ്ടും നാല്‍വര്‍ സംഘം ചിന്തയിലേക്ക് കടന്നു.

അങ്ങനെ സുരയിലമര്‍ന്ന നാലു മസ്തിഷ്കങ്ങളുടെയും ദീര്‍ഘനേരത്തെ ശ്രമഫലമായി, തങ്ങളുടെ സുഹൃത്തിനെ ധൃതംഗപുളകിതനാക്കാനുള്ള ഉപായം അവര്‍ക്കിടയില്‍ രൂപീകരിക്കപ്പെട്ടു.

ചുംബിതയാകാന്‍ വേണ്ടി തിരഞ്ഞെടുക്കപ്പെട്ട കന്യകയുടെ നാമം സുമ. ദീര്‍ഘകാലമായി പ്രവാസജീവിതം നയിക്കുന്ന ശങ്കരന്‍റെ മകള്‍. മണിയനാശാന്‍റെ ചെറുമകള്‍! ഇരയായി നാല്‍വര്‍ സംഘം സുമയെ തിരഞ്ഞെടുത്തതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. മണിയനാശാനോടുള്ള വിരോധം തന്നെ ഒന്നാമത്തെ കാരണം. നാട്ടിലെ തൊഴിലില്ലാത്ത സകല ചെറുപ്പക്കാരെയും പ്രതിനിധീകരിച്ചു ‘ജോലിയൊന്നും ആയില്ലേടാ?’ എന്ന ചോദ്യത്തിന് പ്രതികാരം ചെയ്യാന്‍ ഇതിലും നല്ലൊരു അവസരമില്ല. മറ്റൊരു കാരണം സുമയുടെ വീടിന്‍റെ സ്ഥാനമാണ്, തൊട്ടടുത്തെങ്ങും വേറെ വീടുകളില്ല. വീട്ടില്‍ മണിയനാശാല്ലാതെ മറ്റു ആണുങ്ങളുമില്ല. അതുകൊണ്ടുതന്നെ എന്തെങ്കിലും കാരണവശാല്‍ പദ്ധതിയിലെന്തെങ്കിലും പിശക് പറ്റുകയാണെങ്കില്‍ ഓടി രക്ഷപ്പെടാന്‍ എളുപ്പമാണ്. പക്ഷേ, രസകരമായ കാര്യമെന്താണെന്നാല്‍ പദ്ധതി പൊളിഞ്ഞാല്‍ എന്ത് ചെയ്യണം എന്ന് നാല്‍വര്‍ സംഘം ഒരു തീരുമാനത്തിലെത്തിയപ്പോഴും, പദ്ധതിയെ പറ്റി യാതൊരു ആശയവും ആര്‍ക്കുമുണ്ടായിരുന്നില്ല എന്നതാണ്.

“പ്ലാനൊക്കെ നമുക്ക് അവിടെ ചെന്നു തീരുക്കാടാ” ഈ നേരം കൊണ്ട് രാജന്‍റെ തലച്ചോറ് കീഴടക്കിയ മദ്യലഹരി അവസാനത്തെ ‘തീരുമാനിക്കാടാ’ എന്നതിന്‍റെ ‘മാനി’ യും അദേഹത്തിന്‍റെ നാക്കില്‍ നിന്ന് കവര്‍ന്നെടുത്തു

കാരണവരെ വിശ്വസിച്ചു അഞ്ചുപേരും ആടിയാടി സുമയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. പ്രധാന റോഡില്‍ നിന്ന് മാറി കുന്നിന്‍റെ മറുവശത്ത് പാടത്തിനു അക്കരെയാണ് സുമയുടെ വീട്. ഫോണിലെ ഫ്ലാഷടിച്ചു വഴിതെളിച്ചുകൊണ്ടു ചെത്ത് ഷഫീക്ക് മുന്‍പേ നടന്നു, തൊട്ടു പുറകെ വരിവരിയായി ബാക്കി നാലും. അകത്തു കിടക്കുന്ന മദ്യത്തിന്‍റെ പ്രഭാവത്താലാകണം വര്‍ഷങ്ങളായി കണ്മുന്‍പിലുണ്ടായിരുന്നിട്ടും രാജനു ആ വഴിയും ചുറ്റുമുള്ള പാടവുമൊക്കെ ആ കൂറ്റാകൂറ്റിരുട്ടത്തും ഒരു പുതുമയായി തോന്നിയത്.

“ഇത് കൊള്ളാല്ലോടാ, നല്ല വസ്തുവാണല്ലോ?”

കേട്ടയുടനെ വാ മൂടാന്‍ ആംഗ്യം കാണിച്ചുകൊണ്ട് കുട്ടി പറഞ്ഞു

“അധികം ഉച്ചത്തില്‍ പറയല്ലേ, കടലിനു നടുക്കാണെങ്കിലും നല്ല സ്ഥലം കണ്ടാല്‍ വെറുതെ വിടാത്ത ടീമുകളാ ഇപ്പോ”

രാജനു പെട്ടെന്നൊരാഗ്രഹം. കാരണവരത് തന്‍റെ കൂട്ടത്തിനു മുന്‍പാകെ പങ്കുവച്ചു.

”ഡേയ്, എനിക്കൊന്നു തൂറണം“

കേട്ടയുടനെ ഉണ്ട ചിരി തുടങ്ങി “അതൊക്കെ പിന്നെയാകാം രായണ്ണാ. ആദ്യം ഇവനെയങ്ങ് പുളങ്കിതനാക്കട്ടെ”

“അതൊന്നും പറ്റില്ല, എനിക്കിപ്പോ തൂറണം. ഇത്രേം നല്ല സ്ഥലം കണ്ടിട്ട് തൂറാതെ പോകുന്നത് ശരിയല്ല. അല്ലേലും അവനു മാത്രം പുളങ്കിതനായാല്‍ മതിയാ? ഇതാണ് എന്‍റെ പുളങ്കിതം”

“നിങ്ങളെ പോലുള്ളവരാ ഈ നാട് നശിപ്പിക്കുന്നത്. ഒന്നും ബാക്കി വച്ചേക്കരുത് എല്ലാം തൂറി നശിപ്പിച്ചോണം. എന്തേലുമായിക്കോ” മറ്റു വഴികളില്ലാതെ തലയില്‍ കൈ വച്ച് കുട്ടി സമ്മതം കൊടുത്തു.

അങ്ങനെ തത്കാലം ഷിബുവിന്‍റെ ധൃതംഗപുളകിതയാത്രയ്ക്ക് ഒരു ഇടവേളയിട്ട് രാജനെ മലവിസര്‍ജ്ജനത്തിനു വിട്ടു എല്ലാവരും കാത്തിരിപ്പ് തുടങ്ങി.

കുത്തിയിരുന്നു കഷ്ടപ്പെട്ട് സ്വന്തം കുടലില്‍  ഞെക്കിപ്പിടിച്ച് രാജന്‍ പറമ്പ് മലിനമാക്കി. നിശബ്ദമായി സുഷുപ്തിയിലാണ്ട് കിടന്ന ഇരുട്ട് വിതറിയ ആ മനോഹര പ്രദേശത്ത് നിന്ന് സ്വന്തം വിസര്‍ജ്യത്തിന്‍റെ മണമടിച്ചപ്പോള്‍ രാജന്‍ സന്തുഷ്ടനായി. ഒരു മൂളിപ്പാട്ടും പാടി രാജന്‍ സംഗതി കഴിഞ്ഞെന്നു ബാക്കിയുള്ളവര്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കി.

യാത്ര വീണ്ടും തുടര്‍ന്നു. ഐവര്‍ സംഘം മണിയനാശാന്‍റെ വീട്ടില്‍ എത്തിച്ചേര്‍ന്നു.

വീട്ടിനു മുറ്റത്തെത്തിയപ്പോഴാണ് തങ്ങള്‍ക്ക് മുന്നില്‍ ഒരു പദ്ധതിയില്ല എന്ന കാര്യം സംഘം മനസ്സിലാക്കിയത്. മണിയനാശാന്‍റെ വീടിന്‍റെ വരാന്തയില്‍ കയറി വട്ടത്തിലിരുന്നു അവര്‍ തലപുകഞ്ഞു ഉമ്മ കിട്ടാനുള്ള ആലോചന തുടങ്ങി.

ഇതേ സമയം വീട്ടിനുള്ളില്‍, നേരം നന്നേയിരുട്ടിയ ആ അനവസരത്തില്‍ സുമയുടെ അരക്കെട്ടിനു താഴെ ശക്തമായ ഒരു മൂത്രശങ്ക രൂപപ്പെട്ടു. മറ്റുവഴികളില്ലാതെ കിടക്കാന്‍ നേരം കാലിയാക്കിയ കഞ്ഞിക്കലത്തിനെ പ്‌രാകിക്കൊണ്ട് വലംകണ്ണ് പകുതി തുറന്നു അവള്‍ എഴുന്നേറ്റു. അകത്തെ കക്കൂസില്‍ പോയി ശങ്ക തീര്‍ത്ത് തിരികെ കൂമ്പിയ കണ്ണുകളുമായി മുറിയിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് വീടിനു മുന്‍വശത്തെന്തൊ സംസാരം കേള്‍ക്കും പോലെ അവള്‍ക്ക് തോന്നിയത്. ഉറക്കം കീഴടക്കിയ ആ നാരീമസ്തിഷ്കത്തില്‍ അപ്പോള്‍ ബുദ്ധിക്ക് സ്ഥാനമില്ലായിരുന്നു. രാത്രിയിലാരെടാ കുശുകുശുക്കുന്നതെന്നറിയാന്‍ രണ്ടാമതൊന്നാലോചിക്കാതെ സുമ സാക്ഷ നീക്കി വാതില്‍ തുറന്നു നോക്കി. മുന്‍പിലതാ അഞ്ചേണ്ണം വട്ടത്തിലിരുന്നു സൊള പറയുന്നു. ഉറക്കം കൊതിച്ചു നിന്ന സുമയ്ക്കപ്പോള്‍ ജീവഭയം തോന്നിയില്ലെങ്കിലും, അവളുടെ തലയില്‍ അറുമാദിച്ചു കഴിഞ്ഞിരുന്ന മുട്ടന്‍ പേനുകള്‍ക്ക് അത് വേണ്ടുവോളമുണ്ടായിരുന്നു. സുമയെ ഉണര്‍ത്താനായി തലയിലിരുന്നു അവയങ്ങു കടി തുടങ്ങി. മണ്ടയില്‍ നാല് ചൊറി ചൊറിഞ്ഞപ്പോഴേക്കും സുമയുടെ ബുദ്ധി പതുക്കെ ഉണര്‍ന്നു.

ഇന്നേരം കതക് തുറന്നു പുറത്തിറങ്ങി തല ചൊറിഞ്ഞു തുറിച്ചു നോക്കി നില്‍ക്കുന്ന തങ്ങളുടെ ലക്ഷ്യത്തെ ഐവര്‍സംഘം അന്തം വിട്ടു നോക്കിനിന്നു. സുമയുടെ പകുതിയടഞ്ഞ കണ്ണുകള്‍ ഞെട്ടിതുറക്കുന്നത് അവര്‍ കണ്ടു. ചൊറി നിര്‍ത്തി കൈ രണ്ടും രണ്ടു വശത്തേക്ക് മലര്‍ത്തി പിടിച്ചു, അണ്ണാക്ക് തുറന്നു സുമ കാറി. കാറാന്‍ ശ്രമിച്ചു എന്ന് പറയുന്നതാകും ഉചിതം. ‘ബാലന്’ മുന്‍പുള്ള മലയാളസിനിമ പോലെ ആക്ഷന്‍ മാത്രം, ശബ്ദം ശൂന്യം! ബുദ്ധിയുണര്‍ന്നിട്ടും സുമയുടെ ഒച്ച ഇനിയും ഉണരാന്‍ കൂട്ടാക്കിയില്ല എന്നതാണ് വാസ്തവത്തില്‍ സംഭവിച്ചത്. ആദ്യം അപകടം മനസ്സിലാക്കിയത് കുട്ടിയാണ്. അവന്‍ ഓടി ചെന്നു സുമയുടെ വായ പൊത്തിപിടിച്ചു. ചെത്തും ഉണ്ടയും രാജനും പുറകെ വന്നു അവളുടെ രണ്ടു കയ്യിലും പിടുത്തമിട്ടു. ഷിബു ഭാവഭേദമൊന്നുമില്ലാതെ എല്ലാം നോക്കിയിരുന്നു.

“ഒച്ച വച്ച് ആളെ കൂട്ടരുത്. ഞങ്ങളൊരു സഹായം ചോദിച്ചു വന്നതാ” വളരെ മാന്യമായി കുട്ടി അവതരിപ്പിച്ചു തുടങ്ങി.

കുട്ടിയുടെ ശബ്ദം സുമ തിരിച്ചറിഞ്ഞു. അവള്‍ തല തിരിച്ചു അഞ്ചേണ്ണംത്തിനെയും നോക്കി. എല്ലാം നാട്ടുകാര്‍! ഇവന്മാര്‍ കൊള്ളാമല്ലോ, നാട്ടുകാര്‍ക്ക് മുന്‍പില്‍ പകല്‍മാന്യന്മാര്‍. രാത്രി മോഷണവും പീഡനവും

അധികം ഇന്ട്രോ സംഭവം വഷളാക്കുമെന്ന് ഭയന്നു ഉണ്ട കാര്യം പറഞ്ഞു

“ഞങ്ങടെ ഷിബൂനു പുളങ്കിതത്തിന്‍റെ അസുഖം വന്നു. നിന്‍റെ ഉമ്മ കിട്ടിയാലേ അസുഖം മാറൂ”

പേടിച്ചു വിറച്ചു നിന്ന സമയത്തും സുമ നെറ്റി ചുളിച്ചു. തന്‍റെ ഉമ്മ ഒരു ദിവ്യഔഷധമാണെന്ന് അറിഞ്ഞതില്‍ അവള്‍ ഉള്ളുകൊണ്ട് അഭിമാനിച്ചു. അവള്‍ ഷിബുവിനെ ഒന്ന് നോക്കി. കവലയില്‍ വച്ച് പലപ്പോഴും കണ്ടിട്ടുള്ളതാണ്. സുന്ദരന്‍, സുമുഖന്‍.

ഒരു കയ്യില്‍ പുസ്തകവും പിടിച്ചു മറുകൈ കൊണ്ട് തന്‍റെ വാ പൊത്തി പിടിച്ചിരിക്കുന്ന രൂപത്തിന് നേരെ സുമ കണ്ണ് കാണിച്ചു. കുട്ടി കയ്യയച്ചു.

ആവശ്യത്തിനു വരാത്ത കുയില്‍നാദം ഇപ്പൊ തിരികെ സുമയുടെ സ്വനപേടകത്തില്‍ എത്തിച്ചേര്‍ന്നതായി അറിയിച്ചു

“എത്ര ഉമ്മ വേണം?”

“ഒരെണ്ണം കൊടുത്താല്‍ മതി” എന്ന് രാജന്‍

“ഉമ്മ കൊടുത്താല്‍, ഉറങ്ങാന്‍ വിടോ”

“ആ വിടാം”

സുമ പതിയെ ഷിബുവിന് നേരെ നടന്നു, പെട്ടെന്ന് തിരിഞ്ഞിട്ടു നാലുപേരോടുമായി പറഞ്ഞു.

“നിങ്ങള്‍ നോക്കരുത്”

“ഇല്ല നോക്കില്ല” ശ്രുതിശുദ്ധമായി ഒരേ സ്വരത്തില്‍ നാലുപേരും മൊഴിഞ്ഞു

സുമ ഷിബുവിന് അടുത്തെത്തി മടിച്ചു നിന്നു. ഒരു രോഗം ഭേദമാക്കാനല്ലേ എന്നവള്‍ സ്വയം സമാധാനിപ്പിച്ചു.

സുമയുടെ കൈകള്‍ തന്‍റെ കവിളില്‍ സ്പര്‍ശിച്ചപ്പോഴാണ് വികാരവിഹീനമായ ലോകത്ത് നിന്ന് ഷിബു തിരിച്ചെത്തിയത്. അവളുടെ കൈകള്‍ കവിളില്‍ നിന്ന് പതിയെ കഴുത്തിനെ തലോടി പിന്നിലേക്ക് നീങ്ങി. അവന്‍ സുമയുടെ മുഖത്തിനു നേരെ മുന്നോട്ടാഞ്ഞു. പതിയെ തല ചെരിച്ചു അവര്‍ തങ്ങളിലേക്കമര്‍ന്നു. സുമയുടെ ചുണ്ടുകളെ അവന്‍ രുചിച്ചു. അവര്‍ കണ്ണുകളടച്ചു, ചുണ്ടുകള്‍ ചലിച്ചു. ഷിബുവിന്‍റെ പിന്‍കഴുത്തില്‍ തലമുടിനാരുകള്‍ക്കിടയിലൂടെ അവളുടെ കൈകള്‍ ചലിച്ചു. ശ്വാസഗതി കൂടുന്നത് ഷിബുവറിഞ്ഞു. തന്‍റെതല്ലാത്ത മറ്റൊരു ഹൃദയം തന്നിലേക്കമരുകയാണ്. ഷിബു പുളകിതനായി, ധൃതംഗപുളകിതന്‍!!

രാജനോ, ഷഫീക്കോ, ചാക്കോയോ, കൃഷ്ണന്‍കുട്ടിയോ, അവരാരും തന്നെ ഹരിശ്ചന്ദ്രമഹാരാജാവിനു ജനിച്ചവരല്ല. അതുകൊണ്ട് തന്നെ കൊടുത്ത വാക്ക് പാലിക്കേണ്ട യാതൊരു ബാധ്യതയുമില്ല. നാലും കണ്ണ് തുറിച്ചു, വാ തുറന്നു മുന്നിലെ ചുംബനരംഗം വീക്ഷിച്ചു നിന്നു. ഔഷധം കൊടുത്ത് തിരികെ വീട്ടിനകത്ത് കയറി സുമ വാതിലടച്ചു. ബാക്കി നാല് പേരും ഷിബുവിനെ നോക്കി തരിച്ചു നിന്നു.

***************

പിറ്റേദിവസം നേരം പുലര്‍ന്നു. പതിവിനു വിപരീതമായി നേരത്തെ തന്നെ അഞ്ചുപേരും കവലയില്‍ ഒത്തു ചേര്‍ന്നു. തലേരാത്രി നടന്നത് സ്വപ്നമല്ലെന്ന് വിശ്വസിക്കാന്‍ അവര്‍ ഓരോരുത്തരും കഥ വീണ്ടുമാവര്‍ത്തിച്ചു. സത്യം ഉറപ്പായപ്പോള്‍ അവര്‍ കാത്തിരുന്നു, മണിയനാശാനു വേണ്ടി!

പതിവ് ചായക്കായി കടയിലെത്തിയ മണിയനാശാന്‍ തന്നെ കണ്ട് വഴിമാറിപോകാതെ നില്‍ക്കുന്ന അഞ്ചു ചെറുപ്പക്കാരെയും കണ്ടു അത്ഭുതം പൂണ്ടു.

തോര്‍ത്ത് തോളില്‍ നിന്നെടുത്ത് അയാള്‍ ശക്തിയായി കുടഞ്ഞു, തിരികെ തോളിലേക്കിട്ടു. റോഡ്‌ മുറിച്ചുകടന്നു ചെറുപ്പക്കാര്‍ക്ക് നേരെ നടന്നു. അവരെ നോക്കി നന്നായി ഒന്ന് ചിരിച്ചു. അതിനു മറുപടിയായി അതിലും മനോഹരമായ അഞ്ചു ചിരികള്‍ തിരികെ കിട്ടി. മണിയനാശാന്‍റെ ചിരി വാടി. പക്ഷെ മനസ്സിലെ സംശയം അയാള്‍ മുഖത്ത് കാണിച്ചില്ല. പകരം കൈ പുറകില്‍ കെട്ടി തലയുയര്‍ത്തി ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു

“ജോലിയൊന്നും ആയില്ലേ?”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s