ധൃതംഗപുളകിതന്‍

സ്ഥലം :  മരുതിക്കുന്ന്. അങ്ങിങ്ങായി വികസനം ചായം പൂശിയ, ആരാലുമറിയപ്പെടാത്ത, അതിനാഗ്രഹിക്കാത്ത ഒരു ഇടത്തരം ഗ്രാമം

സമയം : കൊറോണയാശാന്‍റെ മുന്‍പില്‍ ലോകശക്തികളാകെ മുട്ടുമടക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, സൂര്യഭഗവാന്‍ പരിപൂര്‍ണസുഷുപ്തിയിലാണ്ടിരിക്കുന്ന സമയം. സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രകാശമൊഴിച്ചാല്‍ ചുറ്റും നല്ല കൂരിരുട്ട്

അഞ്ചുപേരില്‍ ഒരുവന്‍ ‘ചെത്ത് ഷഫീക്കിന്‍റെ’ മഞ്ഞ ബാന്‍ഡുള്ള സ്റ്റൈലന്‍ റിസ്റ്റ് വാച്ചിലെ സമയം 6 മണിയെ സൂചിപ്പിച്ചു!! സമയത്തിന്‍റെ പേരില്‍ നിങ്ങള്‍ക്ക് ഇപ്പോഴുണ്ടായ ആശയക്കുഴപ്പത്തില്‍, ഈ പാവം എഴുത്തുകാരനായ എന്നെയോ, മഞ്ഞ ബാന്‍ഡുള്ള സ്റ്റൈലന്‍ റിസ്റ്റ് വാച്ചിനെയോ, ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങാന്‍ പോയ സാക്ഷാല്‍ സൂര്യഭഗവാനെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുറ്റക്കാരന്‍ ചെത്ത് ഷഫീക്കിന്‍റെ തന്തയാണ്‌. മകന്‍റെ സ്റ്റൈലിനോട് നീതി പുലര്‍ത്താന്‍ തക്കവണ്ണം സാമ്പത്തികസ്ഥിതി ആ കിളവനില്ല. കിളവന്‍റെ കയ്യില്‍ നിന്ന് അടിച്ചെടുക്കുന്ന ഡോളറുകളല്ലാതെ ഷഫീക്കിന്‍റെ കയ്യില്‍ വേറെ മൂലധനവുമില്ല. തത്കാരണം കൊണ്ട് തന്നെ പണ്ടെങ്ങോ തന്‍റെ അവസാനശ്വാസവും സെക്കന്‍ന്റ്‌ സൂചിക്ക് പകര്‍ന്നു നല്‍കി മൃതിയടഞ്ഞ ഒന്നരവാള്‍ട്ടിന്‍റെ ബട്ടണ്‍ ബാറ്ററി, ഇപ്പോഴും ശവസംസ്കാരത്തിന് പോലും അവസരം ലഭിക്കാതെ സ്റ്റൈലന്‍ വാച്ചിനുള്ളില്‍ പെട്ടിരിക്കുകയാണ്. മഞ്ഞ ബാന്‍ഡുകള്ള സ്റ്റൈലന്‍ വാച്ചിലെ സൂചി ഇനി അനങ്ങിത്തുടങ്ങണമെങ്കില്‍, ബാറ്ററി മാറ്റാന്‍ വേണ്ട പതിനഞ്ചു രൂപയെങ്കിലും മകന്‍ സ്വന്തമായുണ്ടാക്കണം എന്നാണു ഷഫീക്കിന്‍റെ കിളവന്‍ തന്തയുടെ മുടന്തന്‍ ന്യായം. കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലം കൊണ്ട് ഷഫീക്ക് ആകെ സമ്പാദിച്ചിട്ടുള്ളത് പേരിനു മുന്‍പുള്ള ‘ചെത്ത്’ എന്ന വിശേഷണമാണ് (കള്ളു ചെത്തല്ല! അതൊരു തൊഴിലല്ലേ, ഷഫീക്ക് തൊഴിലെടുക്കാറില്ല!). കിളവന്‍ വാപ്പ പറയുന്ന പോലെ ഇനിയൊന്നും സമ്പാദിക്കാന്‍ ഷഫീക്കിന് യാതൊരു ഉദ്ദേശവുമില്ലതാനും.

ചെത്ത് ഷഫീക്കിനെ കൂടാതെ കൂട്ടത്തിലുള്ളത് നാലുപേരാണ്. കൂട്ടത്തില്‍ തലമൂപ്പന്‍ രാജന്‍. മറ്റുള്ളവരെപ്പോലെയല്ല, രാജനു തൊഴിലുണ്ട്, ഒരു ഭാര്യയുണ്ട്. ഈ രണ്ടു കാര്യങ്ങളും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അരിക്കലം കാലിയാകുമ്പോള്‍ രാജന്‍റെ ഭാര്യ രാജനെ ചീത്ത പറയും, കണ്ണ് പൊട്ടുന്ന രീതിയില്‍ ചീത്ത പറയും. ദുഷ്ടത്തി, ഉച്ചയ്ക്ക് ഊണ് പോലും കൊടുക്കില്ല. അരിയില്ലെങ്കില്‍ ചോറ് വയ്ക്കാന്‍ പറ്റില്ല എന്നൊരു മുട്ടാപ്പോക്ക് ന്യായവും പറയും. അവസാനം ഗതികെട്ടു പണിയായുധങ്ങളുമായി രാജന്‍ ജോലിക്കിറങ്ങും. ഇതാണ് രാജന്‍റെ തൊഴിലും ഭാര്യയുമായുള്ള നേരത്തെ പറഞ്ഞ ആ അഭേദ്യമായ ബന്ധം.

മൂന്നാമന്‍ കൃഷ്ണന്‍കുട്ടി. മരുതിക്കുന്നിലെ ഏറ്റവും ബുദ്ധിമാന്മാരായ ആള്‍ക്കാരില്‍ മുന്‍പന്തിയിലുള്ളയാളാണ് കൃഷ്ണന്‍കുട്ടിയെന്നാണ് ചിലരുടെ അവകാശവാദം. ഈ ‘ചിലര്‍’ ആരാണ് എന്നതിന്‍റെ പേരിലുള്ള തര്‍ക്കം ഇന്നും ഇന്നാട്ടുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്നു.. എന്തായാലും കൃഷ്ണന്‍കുട്ടിയുടെ ബുദ്ധിയിന്മേല്‍ ബാക്കി നാലുപേര്‍ക്കും സംശയമില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്നാണല്ലോ. തന്‍റെ ബുദ്ധിശക്തിക്ക് തെളിവായി സദാസമയവും എന്തെങ്കിലും ഒരു പുസ്തകവും കൃഷ്ണന്‍കുട്ടി കയ്യില്‍ കരുതാറുണ്ട്. തന്മൂലം അദേഹത്തിന് വീണുകിട്ടിയ വിളിപ്പേരാണ് ‘കുട്ടി’. അങ്ങനെയല്ല തന്‍റെ ‘കൃഷ്ണന്‍കുട്ടി’ എന്ന നാമം ശോഷിച്ചു ‘കുട്ടി’ എന്നായതാണ് എന്നാണ് പുള്ളിക്കാരന്‍റെ പക്ഷം.

നാലാമത്തെയാള്‍ ചാക്കോ, പേരിനെപ്പോലെ തന്നെ ചാക്കോയുടെ ശരീരത്തിനും നീളം അല്‍പ്പം കുറവാണ്. തീറ്റയിലുള്ള മിടുക്ക് കാരണം വണ്ണം കുറച്ചു കൂടുതലുമാണ്. ഇങ്ങനെയുള്ള വിശേഷപ്പെട്ട ആകാരപ്രകൃതി കാരണം, കൂട്ടുകാര്‍ക്കിടയില്‍ ‘ഉണ്ട’ എന്നതാണ് ചാക്കോയുടെ നാമധേയം. എന്തിനും ഏതിനും ചാക്കോയ്ക്ക് സംശയമാണ്. അകത്തു ചെല്ലുന്ന ആഹാരത്തിന്‍റെ അളവുകാരണം, തലച്ചോറ് പിത്തം പിടിച്ചു ശോഷിച്ചു പോയതാണ് ഈ സംശയത്തിന് കാരണമെന്ന് മരുതിക്കുന്നുകാർക്കിടയിൽ ഒരു സംസാരമുണ്ട്.

ഇനി അവസാനത്തെയാള്‍, അദ്ദേഹമാണ് ഈ കഥയുടെ കേന്ദ്രകഥാപാത്രം, പുത്തന്‍പുരയ്ക്കല്‍ പങ്കജാക്ഷനും പനവേലിക്കല്‍ പാര്‍വ്വതിയമ്മയ്ക്കും വൈകി ലഭിച്ച ഒരേ ഒരു സന്തതി, ‘പി പി ഷിബു’. അഞ്ചുപേരില്‍ ഏറ്റവും പ്രായം കുറഞ്ഞവന്‍ ഷിബുവാണ്. ശരീരം കൊണ്ടും സ്വഭാവം കൊണ്ടും ദുര്‍ബ്ബലനാണ് കക്ഷി. എങ്ങനെ മറ്റു നാലുപേര്‍ക്കിടയില്‍ ഇവന്‍ എത്തിപ്പെട്ടു എന്നത് തന്നെ പലര്‍ക്കും അത്ഭുതമാണ്. അച്ഛന്റെയും അമ്മയുടെയും പൊന്നോമനപുത്രനയത് കൊണ്ട് തന്നെ, യാതൊരു ദുര്‍ഗ്ഗുണവും വന്നു ചേരാതെയാണ് പങ്കജാക്ഷനും പാര്‍വ്വതിയമ്മയും ഷിബുവിനെ വളര്‍ത്തിയെടുത്തത്. എന്നിട്ടും ഇന്ന്, നിലാവൊഴിഞ്ഞ നിശബ്ദമായ രാത്രിയില്‍, മദ്യകുപ്പിക്ക് ചുറ്റും വട്ടം കൂടിയിരിക്കുന്ന മറ്റു നാലുപേര്‍ക്കുമൊപ്പം, വൃത്തചാപം പൂര്‍ത്തിയാക്കി പി പി ഷിബുവും ആസനസ്ഥനാകപ്പെട്ടു.

ജീവിതത്തില്‍ ആദ്യമായാണ്‌ ഷിബു മദ്യം കഴിക്കുന്നത്. ആദ്യത്തെ പെഗ്ഗ് കുപ്പിയില്‍ നിന്ന് പകര്‍ന്നു കൊടുത്ത് ചാക്കോയും, അതെടുത്ത് കയ്യില്‍ വച്ചുകൊടുത്ത് കാരണവര്‍ രാജനും, ഒപ്പത്തിനൊപ്പം ചിയേര്‍സ് പറഞ്ഞു ഷഫീക്കും കൃഷ്ണന്‍കുട്ടിയും ആ മുഹൂര്‍ത്തം ധന്യമാക്കി. മറ്റു നാലുപേരും കപ്പ്‌ വായിലേക്ക് കമിഴ്ത്തി കൂട്ടിനു നാല് കപ്പലണ്ടിയും വാരിയെറിഞ്ഞപ്പോഴും, പി പി ഷിബു തന്‍റെ കയ്യിലെ പ്ലാസ്റ്റിക്ക് കപ്പിലെ വര്‍ണ്ണാഭമായ പാനീയത്തെ ഉറ്റുനോക്കിയിരുന്നു.

“എന്നാ നോക്കിക്കൊണ്ടിരിക്കുവാ, ഒറ്റ വലി, അത്രേയുള്ളൂ” ഷിബുവിന്‍റെ ഇരുപ്പു കണ്ടിട്ട് ചാക്കോ ഉപദേശിച്ചു.

ഉപദേശിച്ചത് ചാക്കോയാണ്, സ്വീകരിക്കണോ എന്നുള്ളത് രണ്ടു വട്ടം ചിന്തിക്കണം. ഒരുറപ്പിനു വേണ്ടി ഷിബു കാരണവരെ നോക്കി. ഇടത്തെ പുരികമുയര്‍ത്തി തല വലത്തേക്ക് ചരിച്ചു രാജന്‍ സമ്മതം നല്‍കി. രണ്ടാമതൊന്നു ആലോചിക്കാതെ അമ്മ കലക്കിത്തരുന്ന ബോണ്‍വീറ്റ കുടിക്കുന്ന ഒരു പരിജ്ഞാനം വച്ചു ഷിബു ഒരു പിടി പിടിച്ചു. തൊണ്ടയില്‍ തുടങ്ങി അന്നനാളം വഴി കുടലും പിന്നെ അതിനുതാഴേക്കും തീ പിടിപ്പിച്ചുകൊണ്ടു ഒരു മിന്നല്‍ കടന്നുപോയി. കണ്ണു തള്ളി, നട്ടെല്ല് നിവര്‍ത്തി വാ പൊളിച്ചു ഷിബുവിരുന്നു. അപ്പോള്‍ യഥാര്‍ത്ഥ സമയം ഷഫീക്കിന്‍റെ മഞ്ഞ ബാന്‍ഡുള്ള സ്റ്റൈലന്‍ വാച്ചില്‍ നിന്നും ആറു മണിക്കൂറകലെയായിരുന്നു, അര്‍ദ്ധരാത്രി, കൃത്യം പന്ത്രണ്ട് മണി.

“ഒരു മൂഡില്ല ഡൂഡ്” മദ്യം അകത്ത് ചെന്നപ്പോള്‍ ഷഫീക്കിന്‍റെ സങ്കടം പുറത്ത് ചാടി.

“എന്താടാ ചെത്തേ?” എന്ന് രാജന്‍

“കുപ്പി കിട്ടിയതറിഞ്ഞു ഞാന്‍ നല്ല ഹാപ്പി ആയിട്ട് വരുവാരുന്നു. അപ്പോഴാണ്‌ ആ ഓള്‍ഡ്‌ ഡൂഡ് വണ്ടി പിടിച്ചു നിര്‍ത്തി ഒരു ചോദ്യം”

“ആരാടാ?” കഥാപാത്രത്തെ വ്യക്തമാക്കാതെ കഥ കേള്‍ക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് താത്പര്യമില്ല

“ആ മണിയനാശാന്‍. വണ്ടിയില്‍ എയിറ്റി മെയിലില്‍ പോണ എന്നെ കൈകാണിച്ചു നിര്‍ത്തിയിട്ടു അങ്ങേരുടെ ചോദിക്കുവാ. ജോലി ഒന്നും ആയില്ലെന്ന്?”

“കിളവന്‍റെ സ്ഥിരം പരിപാടിയാ” ചാക്കോ പിന്താങ്ങി

“അല്ല കുട്ടി ബ്രോ, നിങ്ങള് പറ ഇന്നാട്ടിലെ ഏറ്റവും ഇന്റലിജന്‍ഡ് ആയ നിങ്ങള്‍ക്ക് പോലും ജോബില്ല. അപ്പൊ പിന്നെ നമ്മുടെയൊക്കെ അവസ്ഥ പറയണോ?”

നിഷ്കളങ്കമായിട്ടാണെങ്കിലും ചെത്ത് പറഞ്ഞതില്‍ തനിക്കിട്ടൊരു കൊട്ടില്ലേ എന്ന് കൃഷ്ണന്‍കുട്ടി ചിന്തിക്കാതിരുന്നില്ല. തൊട്ടു പുറകെ ചാക്കോയുടെ സംശയമെത്തി

“അല്ലടാ അതെങ്ങനെ ശരിയാകും, ഇപ്പറഞ്ഞത് വച്ചിട്ടാണെങ്കില്‍ നമ്മുടെ രായണ്ണന് ജോലിയുണ്ടല്ലോ. അപ്പൊ രായണ്ണനല്ലേ കുട്ടിയെക്കാളും ബുദ്ധിമാന്‍”

രാജന്‍ ഒന്ന് ഞെളിഞ്ഞു, കുട്ടിക്ക് അതത്ര പിടിച്ചില്ല. തന്‍റെ ബുദ്ധിയെ ചോദ്യം ചെയ്യുന്നത് കുട്ടിയെ സംബന്ധിച്ചിടത്തോളം മന്ത്രിവാഹനത്തിന്‍റെ ബുക്കും പേപ്പറും ചോദിക്കുന്നത് പോലെ നിഷിദ്ധമായ ഒരു കര്‍മ്മമായിരുന്നു.

“അങ്ങനെയൊന്നുമല്ല, ഈ ജോലി കിട്ടാനേ, വലിയ ബുദ്ധിയൊന്നും വേണ്ട. മാത്രവുമല്ല, ഈ ജോലി ചെയ്യുന്നവന്മാരൊക്കെ ഒരു കണക്കിന് ശുദ്ധമണ്ടന്മാരാ”

ഞെളിഞ്ഞു വന്ന രാജന്‍ അടി കിട്ടിയത് പോലെ അമര്‍ന്നിരുന്നു.

“നമ്മളെന്തിനാ മറ്റുള്ളവന്മാര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത്, അല്ല നിങ്ങള്‍ പറ എന്താണ് ഈ ജോലി ചെയ്യാനുള്ള കാരണം”

“ചോറുണ്ണാന്‍” ചാക്കോയ്ക്ക് രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല

“എന്നിട്ട് നമ്മള്‍ ചോറ് തിന്നുന്നില്ലേ? നിനക്ക് ജോലി ഇല്ലല്ലോ എന്നിട്ട് നീ മൂന്ന് നേരം വെട്ടി വിഴുങ്ങുന്നില്ലേ?”

‘ശരിയാണല്ലോ’ ഉണ്ടയും ചെത്തും പരസ്പരം നോക്കി

“അപ്പൊ ഈ ജോലി ചെയ്ത് ചോറുണ്ണുന്നവരാണോ, അതോ ജോലി ചെയ്യാതെ ചോറുണ്ണുന്നവനാണോ ബുദ്ധിമാന്‍”

പറഞ്ഞത് ശരിയാണെന്ന അര്‍ത്ഥത്തില്‍ ഉണ്ടയും ചെത്തും തലയാട്ടി.

“അങ്ങനെ പറയാന്‍ പറ്റില്ല, നിങ്ങക്ക് കുടുംബമില്ലല്ലോ, അപ്പൊ തന്തയുടെ ചിലവില്‍ കഴിയാം. ഒരു കുടുംബമായിക്കഴിഞ്ഞാല്‍ അതൊന്നും നടക്കില്ല” രാജന്‍ തിരിച്ചടിച്ചു

കണ്ണുകള്‍ വീണ്ടും കുട്ടിയുടെ മേല്‍ വീണു

“അതിനിപ്പോ നല്ല ജോലിയുള്ള ഒരു പെണ്ണിനെ കെട്ടിയാല്‍ പോരെ”

‘ഹമ്പട വീരാ’ എന്ന മട്ടില്‍ മൂക്കത്ത് വിരല്‍ വച്ച് ഉണ്ടയും ചെത്തും.

“ആ ഇപ്പൊ കിട്ടും, ഓടിചെല്ല്…”

രാജന്‍ ഒരു ഗ്ലാസ്സ് കൂടി വായിലേക്ക് കമിഴ്ത്തി പിന്നെ വിശദീകരിച്ചു.

“ഇപ്പൊ പെണ്ണുങ്ങള്‍ക്കേ, ജോലിയുള്ളവരെ മതി. അതും ഗവണ്മെന്റ് ജോലി. ചെല്ലപ്പന്‍ ചേട്ടന്‍റെ മോള്‍ സുഷമയെ അറിയാമോ?”

മറ്റു മൂന്ന് പേരും ഒന്നിച്ചു തലയാട്ടി

“പ്ലസ്‌ടൂ തോറ്റ്. ടൈപ്പിംഗ്‌ പഠിക്കാന്‍ പോകുവാരുന്നു. കമ്പ്യൂട്ടര്‍ സെന്ററിലെ കീബോര്‍ഡില്‍ ബട്ടന്‍റെ എണ്ണം കൂടുതലാണെന്ന് പറഞ്ഞു ഇപ്പൊ അതും മതിയാക്കി. ചെല്ലപ്പന്‍ ചേട്ടനിപ്പൊ മോള്‍ക്ക് കല്യാണമാലോചിക്കയാ. മൂപ്പര്‍ക്ക് ഒരൊറ്റ ഡിമാന്‍ഡെയുള്ളൂ. പയ്യന് ഗവണ്മെന്റ് ജോലി വേണം.”

“ഹൌ അണ്‍ഫെയര്‍ ഡൂഡ്. അപ്പൊ ഈ പെണ്‍പിള്ളേര്‍ക്ക് ജോബും ക്വാളിഫിക്കേഷനും ഒന്നും വേണ്ടേ?”

“എന്തിന്, പക്ഷേ കൈയ്യും കഴുത്തും നിറയെ സ്വര്‍ണം വേണം അത് നിര്‍ബന്ധം. ഒരു തട്ടില്‍ സ്ത്രീധനവും മറ്റെ തട്ടില്‍ ഗവണ്മെന്റ് ജോലിയും”

“ഈ സംഗതി ആകെ പൊല്ലാപ്പാന്നെ. അല്ലേലും എനിക്കീ കുടുംബമൊന്നും വേണ്ട” ഉണ്ട തന്‍റെ അഭിപ്രായം വെളിപ്പെടുത്തി

“വൈ ഡൂഡ്?”

“കുടുംബമൊക്കെ ഭയങ്കര ബുദ്ധിമുട്ടാന്നെ. പ്രത്യേകിച്ചും കുട്ടികള്. ഇപ്പൊതന്നെ പെങ്ങളും കൊച്ചും വീട്ടിലുണ്ട്. ചെക്കന്‍ വാ തൊറന്നാ പിന്നെ ചെവി കേള്‍ക്കണ്ട. എന്നാ കരച്ചിലാന്നെ”

“എടാ ഈ കരച്ചിലാണ് കുട്ടികളുടെ ആയുധം. സംസ്കൃതത്തില്‍ ഒരു ചൊല്ലുണ്ട് ‘ബാലാനാം രോദനം ബലം’ ”

കൃഷ്ണന്‍കുട്ടി തന്‍റെ അറിവ് വിളമ്പി.

“കുട്ടികളുടെ ഏറ്റവും വലിയ ആയുധം കരച്ചിലാണ്. കരഞ്ഞിട്ട് അവര്‍ക്ക് എന്തും നേടാം”

“ആ അതിപ്പോ പിള്ളേര്‍ക്ക് മാത്രമൊന്നുമല്ല ചില അല്‍പബുദ്ധികള്‍ക്കും ഈ ശീലമുണ്ട്. ഉള്ള മണ്ടത്തരം മൊത്തം കാണിച്ചു വച്ചിട്ട് ചുമ്മാ നാട്ടുകാരെ കാണിക്കാന്‍ അങ്ങ് കരഞ്ഞാല്‍ മതിയല്ലോ.” രാജന്‍ കൂട്ടിച്ചേര്‍ത്തു

ഇങ്ങനെ സംഭാഷണം പൊടിപൊടിക്കുന്നതിനിടെയാണ് അനക്കമില്ലാതിരിക്കുന്ന ഷിബുവിനെ രാജന്‍ ശ്രദ്ധിച്ചത്

“ഇവനെന്താടാ ഇങ്ങനെ അനങ്ങാതിരിക്കുന്നത്?”

“ശരിയാണല്ലോ, വെയ്ക് അപ്പ് ടൂഡ്.” ചെത്ത് ഷഫീക്ക് ഷിബുവിനെ കുലുക്കി വിളിച്ചു. ഞെട്ടിയുണര്‍ന്നു അന്തം വിട്ടു ഷിബു ചെത്തിനെ നോക്കി. പിന്നെ തല ചരിച്ചു രാജനെ നോക്കി, ഉണ്ടയെയും കുട്ടിയെയും നോക്കി.

“വാട്ട് ഹാപ്പന്‍ഡ്‌ ?”

“ന്താടാ പി പി?”

ചെത്തിന്‍റെ ഡയലോഗും തൊട്ടുപുറകെ ഉണ്ടയുടെ തര്‍ജ്ജമയും

നാലുപേരുടെയും ശ്രദ്ധ ഷിബുവിലേക്കായി, വിഷം തൊടാത്ത ഷിബുവിന്‍റെ ബുദ്ധിയില്‍ മദ്യം എന്തക്രമമാണ് കാണിച്ചതെന്നറിയാതെ കൂട്ടുകാര്‍ വേവലാതിപ്പെട്ടു.

“ടെന്‍ഷനടിപ്പിക്കാതെ എന്തെങ്കിലുമൊന്നു പറയെടാ” കുട്ടിക്ക് ആകെ പരിഭ്രമമായി

ലഹരി നുകര്‍ന്ന് ശുദ്ധി നഷ്ടപ്പെട്ട ഷിബുവിന്‍റെ നാക്കില്‍ നിന്ന്‍ ആദ്യ വാക്കുകള്‍ പുറത്തു വന്നു

“എനിക്ക് ഉമ്മ വയ്ക്കണം.”

മറ്റു നാലു പേരും ഒരു ഞെട്ടലോടെ പുറകോട്ടാഞ്ഞു

“എന്ത്?”

“എനിക്കിപ്പോ ഉമ്മ വയ്ക്കണം”

ആദ്യം പ്രതികരിച്ചത് ചാക്കോയാണ്.

അവന്‍ ഗ്ലാസ്സ് താഴെ വച്ചു, എഴുന്നേറ്റ് കൈലി മടക്കി കുത്തി, ചിറി തുടച്ചു. നാക്കു നീട്ടി മേല്‍ചുണ്ടും കീഴ്ചുണ്ടും നനച്ചു, പിന്നെ മുന്നോട്ടാഞ്ഞു

“ഞാനില്ലെടാ മുത്തേ”

“ച്ചീ മാറി നിക്കെടാ വൃത്തികെട്ടവനെ” രാജന്‍ ചാക്കോയെ പിടിച്ചു വലിച്ചു തത്സ്ഥാനത്ത് കൊണ്ടിരുത്തി.

“അവന്‍ വെള്ളമടിച്ചു എന്തേലും പറഞ്ഞെന്നു വച്ച്”

ഭാവഭേദമില്ലാതെ ഷിബു വീണ്ടും മൊഴിഞ്ഞു

“എനിക്ക് ഒരു പെണ്‍കുട്ടിയെ ഉമ്മ വയ്ക്കണം”

“ശ്ശെടാ ഇവന്‍ കൊള്ളാലോ. ഡ്രിംഗ്സ് ഉള്ളില്‍ ചെന്നപ്പോ ആഗ്രഹമൊക്കെ പുറത്തു വരുന്നത് കണ്ടാ” ഒരു കള്ളച്ചിരി പാസ്സാക്കി ചെത്ത് പറഞ്ഞു.

പൊടുന്നനെ ഷിബു ചാടിയെഴുന്നേറ്റു, പിന്നെ പുലമ്പിക്കൊണ്ട് വേഗത്തില്‍ മുന്നോട്ടേയ്ക്ക് നടക്കാന്‍ തുടങ്ങി

“എനിക്കിപ്പോ ഉമ്മ വയ്ക്കണം”

“ഡേയ് ചെറുക്കനെ പിടിച്ചു നിര്‍ത്തെടാ” അലറിക്കൊണ്ട് രാജനും കൂടെ ചാടിയെണീറ്റു

ഉണ്ടയും ചെത്തും ഇതുകേട്ട് മുന്നോട്ടേക്ക് പാഞ്ഞു. ഷിബുവിന്‍റെ രണ്ടു കയ്യിലും പിടുത്തമിട്ടു

രംഗം വീക്ഷിച്ചു നിശബ്ദനായിരുന്ന കുട്ടി എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ പ്രസ്താവനയിറക്കി.

“ഇത് മറ്റേതാ”

ഏതെന്നു മറ്റു മൂന്നു പേരും

“അവനു ധൃതംഗപുളകിതനാകണം”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s