
പ്രിയപ്പെട്ട രേവതി,
ഇതൊരു പ്രണയലേഖനമാണ്. ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരാള്‍ സ്വന്തം കാമുകിക്ക് നല്‍കുന്ന എഴുത്തിന്‍റെ ആദ്യവരിയില്‍ തന്നെ ഇതൊരു പ്രണയലേഖനമാണ് എന്ന് പറഞ്ഞു വയ്ക്കുന്നത്. അതിനു കാരണമുണ്ട്, ഇതൊരു സാധാരണ പ്രണയലേഖനമല്ല. ഈ കത്ത് എഴുതുന്ന എനിക്കും, വായിക്കുന്ന നിനക്കും ഒരു പക്ഷെ ഇതില്‍ അസാധാരണമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല, പക്ഷെ മൂന്നാമതൊരാളുടെ അഭിപ്രായം അങ്ങനെയായിരിക്കില്ല എന്നെനിക്കുറപ്പുണ്ട്. കമിതാക്കളുടെ പ്രണയലേഖനം കയ്യില്‍ കിട്ടിയാല്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുന്ന മാന്യസമൂഹമാണല്ലോ നമ്മുടേത്. പക്ഷെ ഈ കത്ത് നമുക്ക് രണ്ടുപേര്‍ക്കുമല്ലാതെ മറ്റൊരാള്‍ക്ക് നെറ്റി ചുളിയാതെ വായിച്ചു തീര്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ഇതൊരു അസാധാരണ പ്രണയലേഖനമാണ്.
രേവതി, ഞാന്‍ നിന്നെ പ്രണയിക്കുന്നു. അതേ, ഞാന്‍ നിന്നെ പ്രണയിക്കുന്നു. നിന്നോട് ഞാന്‍ പറഞ്ഞതൊക്കെയും കളവുകളാണ്. ഒരിക്കലും നിന്‍റെ സുഹൃത്തായിരിക്കുവാന്‍ എനിക്ക് കഴിയില്ല. എനിക്ക് നീ പ്രണയിനിയാണ്, മറ്റെന്തിനെക്കാളും ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ആഗ്രഹിക്കുന്നു. ‘സൗഹൃദം’ എന്നൊരു കളവ് എന്തിനു നിന്‍റെ മുഖത്തേക്കെറിഞ്ഞു എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. ഒരു പക്ഷെ പേടികൊണ്ടായിരിക്കാം. അതേ രേവു, ഞാന്‍ ഭയക്കുന്നു. ഈ സമൂഹത്തിനെ, എന്‍റെ അച്ഛനമ്മമാരെ, ബന്ധുക്കളെ,.. എല്ലാവരെയും എനിക്ക് ഭയമാണ്. പക്ഷെ ഇപ്പോള്‍ നീ എന്നില്‍ നിന്നകന്നപ്പോള്‍ ഞാനാ സത്യം തിരിച്ചറിയുന്നു, നിന്നെ കൂടാതെ എനിക്ക് ജീവിച്ചിരിക്കാന്‍ സാധ്യമല്ല. ഒരു തീഗോളം പോലെ ആ സത്യം എന്‍റെ ഹൃദയത്തെ ചുട്ടെരിക്കുകയാണ്, നിന്‍റെ പുഞ്ചിരിക്ക് വേണ്ടി എന്‍റെ കണ്ണുകള്‍ ദാഹിക്കുന്നു, നിന്‍റെ ചിലമ്പുന്ന ശബ്ദം കേള്‍ക്കാന്‍ ഞാന്‍ കൊതിക്കുന്നു.
എവിടെയാണ് രേവൂ ആ അതിര്‍ത്തി? സൗഹൃദത്തിനെയും പ്രണയത്തിനെയും വേര്‍തിരിക്കുന്ന വേലിക്കെട്ട് എവിടെയാണ്? എവിടെയായാലും നമ്മള്‍ അത് തകര്‍ത്തിരിക്കുന്നു. സൗഹൃദത്തിന്‍റെ മനം കുളിര്‍പ്പിക്കുന്ന ഹരിതഭൂവില്‍ നിന്ന്, പ്രണയത്തിന്‍റെ സ്വര്‍ണശലഭങ്ങള്‍ നിറഞ്ഞ, താരകങ്ങളും ഭൂമിയും പരസ്പരം സ്പര്‍ശിക്കുന്ന, പ്രേമത്തിന്‍റെ നീലനിറം പൂശിയ ഇളംകാറ്റ് വീശുന്ന ആ മാന്ത്രികലോകത്തിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു. ഇനി മനം മയക്കുന്ന ഈ ലോകത്ത് നിന്ന് ഒരു തിരിച്ചുപോക്ക് സാധ്യമല്ല. നിന്നോട് എല്ലാം തുറന്നുപറയാന്‍ ഞാന്‍ എന്തുമാത്രം ആഗ്രഹിച്ചിരുന്നു എന്നറിയാമോ? ഇനിയും അത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ ഹൃദയം തകര്‍ന്നു മരിച്ചുപോകും. ഈ കത്തെഴുതുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സമാധാനം, അത് എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയുകയില്ല.
ആദ്യമായാണ് രേവു ഞാനൊരു പ്രണയലേഖനം എഴുതുന്നത്. അതുകൊണ്ട് തന്നെ എന്തെഴുതണം എന്നെനിക്കറിയില്ല. ഒന്ന് മാത്രം എനിക്കറിയാം, നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ കൂടെയില്ലാതെ എനിക്ക് ജീവിക്കാന്‍ സാധ്യമല്ല. നീ ആ രാത്രി ഓര്‍ക്കുന്നുണ്ടോ? നിന്നെ ഞാന്‍ ചുംബിച്ച രാത്രി. എന്തു വിഡ്ഢികളാണ് നമ്മള്‍. ഒരു ചുംബനത്തിനു ശേഷം പോലും തമ്മില്‍ പ്രണയിക്കുകയാണെന്നു തിരിച്ചറിയാനാകാത്ത പമ്പരവിഡ്ഢികള്‍. നമ്മള്‍ തിരിച്ചറിയാത്തതാണോ രേവു? അതോ ആ തിരിച്ചറിവിനെ അവഗണിച്ചതോ? സത്യത്തിനെ സൗകര്യപൂര്‍വ്വം മറന്നാല്‍ സമാധാനം ലഭിക്കുമെന്ന് ആരാണ് പറഞ്ഞത്? ആ രാത്രി നിന്‍റെ ഹൃദയമിടിപ്പ് ഞാന്‍ കേട്ടറിഞ്ഞതാണ്. നിന്‍റെ നിശ്വാസം, നിന്‍റെ ജീവവായു ഞാന്‍ രുചിച്ചതാണ്. ഞാന്‍ ആത്മാര്‍ഥമായി പറയട്ടെ, മറ്റൊന്നും കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, മറ്റൊരു സ്വാദും എനിക്ക് വേണ്ട. ഞാന്‍ ഇന്നും ജീവിക്കുന്നത് ആ രാത്രിയുടെ ഓര്‍മകളിലാണ്.
നിനക്കറിയാമോ ഞാനിപ്പോള്‍ ചങ്ങലകളിലാണ്. ഒരു സ്വര്‍ണമോതിരത്താല്‍ അവരെന്നെ ബന്ധനസ്ഥയാക്കിയിരിക്കയാണ്. അയാള്‍ നല്ലൊരു പ്രതിശ്രുതവരനാണ്, നല്ലൊരു കാമുകനാണ്. ദിവസവും വിളിക്കാറുണ്ട്, ഒഴിവുദിവസങ്ങളില്‍ എന്നെ പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ട്. അയാളെക്കൊണ്ടാകുന്ന തരത്തിലൊക്കെ എന്നെ സന്തോഷിപ്പിക്കാന്‍ ആ പാവം മനുഷ്യന്‍ ശ്രമിക്കാറുണ്ട്. പക്ഷെ ഞാന്‍ പ്രണയബദ്ധയാണ് എന്ന സത്യം അയാളറിയുന്നില്ല. ഞാന്‍ അശക്തയാണ് രേവു. ഒരു ഭര്‍ത്താവിനെയല്ല, ഭാര്യയെയാണ് എനിക്ക് വേണ്ടത് എന്ന് തുറന്നുപറയാന്‍ ഞാന്‍ അശക്തയാണ്.
അയാള്‍ എന്നോട് അടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം എനിക്ക് നഷ്ടബോധമാണ് തോന്നുന്നത്. നീയെന്ന നഷ്ടബോധം. അയാളോടൊപ്പം ഞാനൊരു കുടുംബജീവിതത്തിനു തയ്യാറായാല്‍ ഒരു പക്ഷെ എന്നില്‍ നിന്ന് നീ എന്നെന്നേക്കുമായി പറിച്ചുമാറ്റപ്പെടും എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഭാര്യയുടെ ചുമതലകള്‍ക്കിടയില്‍ നിന്ന് വീണുകിട്ടുന്ന ചുരുക്കം ചില ഇടവേളകളില്‍, സൗഹൃദം പുതുക്കാനായി ഒത്തുചേരുന്ന വെറും രണ്ടു കൂട്ടുകാരികള്‍ മാത്രമായിരിക്കാന്‍ നിനക്ക് കഴിയുമോ രേവു? എനിക്ക് അത് സാധ്യമല്ല. മറ്റേതു ജീവിയേയും പോലെ ഞാന്‍ സന്തോഷം ആഗ്രഹിക്കുന്നു. ഒരു സ്ത്രീക്ക് അത് നിഷിദ്ധമാണ് എന്നുണ്ടോ? നിന്‍റെ സാന്നിധ്യത്തില്‍ ഞാന്‍ സന്തോഷവതിയാണ്. നീ ഒപ്പമുള്ളപ്പോള്‍ എന്‍റെ മനസ്സില്‍ മറ്റു ചിന്തകളില്ല, നീ കൂടെയുള്ള നിമിഷങ്ങളില്‍ ഞാന്‍ ഒന്നിനെയും ഭയക്കുന്നില്ല, അല്ലെങ്കില്‍ ഭയത്തെപ്പോലും ഞാന്‍ മറക്കുന്നു. രേവതി, നിന്‍റെ ഗന്ധം ഞാന്‍ ഇഷ്ടപ്പെടുന്നു, നിന്‍റെ ശബ്ദത്തില്‍ ഞാന്‍ ചുറ്റുമുള്ളതെല്ലാം മറക്കുന്നു. എന്‍റെ ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും നീ കൂടെ വേണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
രേവൂ, ഞാന്‍ ഈ സമൂഹത്തെ ഭയക്കുന്നു. എനിക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരെയും സ്ത്രീപുരുഷഭേദമില്ലാതെ ഞാന്‍ ഭയക്കുന്നു. പക്ഷെ ഞാന്‍ പറഞ്ഞല്ലോ, നിന്‍റെ സാന്നിധ്യത്തില്‍ ഞാന്‍ ആ ഭയത്തെ മറക്കുന്നു. നിന്നോട് ചേര്‍ന്നു നിന്നാല്‍ ഏത് പ്രതിസന്ധിയെയും നേരിടാനാകും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നിന്‍റെ മനസ്സ് എനിക്ക് വായിക്കാന്‍ കഴിയും രേവതി. നീയും ഭയക്കുന്നുണ്ട്, എനിക്കറിയാം. ഒരബദ്ധമായി, തമാശയായി ആ രാത്രിയെ നാം പറഞ്ഞു മറന്നപ്പോഴും, അല്ലെങ്കില്‍ അതിന് ശ്രമിച്ചപ്പോഴും, ഫണം വിടര്‍ത്തി മൂര്‍ഖനെപ്പോലെ ആ നിമിഷം നിന്‍റെ മനസ്സില്‍ എഴുന്നുനില്‍ക്കുന്നുണ്ട്. ആ രാത്രിക്ക് ശേഷമുള്ള ഓരോ മാത്രയിലും നിന്‍റെ കണ്ണുകളില്‍ ഞാനാ സര്‍പ്പത്തിനെ കണ്ടതാണ്. നിനക്കറിയാമോ, ഇപ്പോഴും ഞാനാ നാഗത്തിനെ കാണുന്നു, എന്‍റെ പ്രതിബിംബത്തില്‍! ആശയറ്റ, ആശങ്ക നിറഞ്ഞ എന്‍റെ സ്വന്തം കണ്ണുകളില്‍.
ഞാന്‍ പറഞ്ഞില്ലേ രേവതി, ഇതൊരു അസാധാരണ പ്രണയലേഖനമാണ്. ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെഴുതുന്ന, നമ്മുടെ സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചേക്കാവുന്ന ഒരസാധാരണ പ്രണയലേഖനം. അതുകൊണ്ടുതന്നെ കോളേജ് കാമുകന്മാര്‍ സാഹിത്യം തേച്ചുപിടിപ്പിച്ചു, ഉപമകളും അലങ്കാരങ്ങളും വാരിപ്പൂശി, പലവട്ടം തിരുത്തിയെഴുതി, റോസാപ്പൂവിനെ കൂട്ടുചേര്‍ത്ത് തന്നിരുന്ന, നമ്മള്‍ പരസ്പരം പങ്കുവയ്ച്ചു വായിച്ചു ചിരിച്ച ആ പഴയ പ്രേമലേഖനങ്ങളെ പകര്‍ത്തി വയ്ക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. എന്‍റെ ഉപമയും, അലങ്കാരവും, കവിതയും, റോസാപ്പൂവുമെല്ലാം ഈ ഒരൊറ്റ വരിയിലാണ്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് പറയാന്‍ മടിക്കുന്ന ഈ ഒരൊറ്റ വരിയില്‍,
ഞാന്‍ നിന്നെ പ്രണയിക്കുന്നു,
നിന്നില്‍ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു, ഒപ്പം നിന്നെയും
നിന്‍റെ സ്വന്തം,
ലേഖ