
കോളേജില്‍ നിന്ന് അരകിലോമീറ്റര്‍ മാറി ഒരു മുരുകന്‍ ക്ഷേത്രമുണ്ട്. വളരെ പ്രസിദ്ധിയായാര്‍ജിച്ച ക്ഷേത്രമാണ്. തൈപ്പൂയനാളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന്‍റെ ഭാഗമായുള്ള കാവടിയാട്ടവും ശൂലംകുത്തും കാണുവാനായി ദൂരെ നിന്ന് പോലും ഭക്തന്മാര്‍ എത്താറുണ്ട്. കോളേജിലുള്ള വിദ്യാര്‍ഥികളില്‍ തന്നെയും നല്ലൊരു കൂട്ടം ഭക്തര്‍ കാവടിയെടുത്തും ശൂലംകുത്തിയും ഉത്സവത്തിന്‍റെ ഭാഗമായി മാറും. അതിനു വേണ്ടി ഉത്സവദിവസത്തിനു നാളുകള്‍ക്ക് മുന്നേ തന്നെ കാപ്പ്കെട്ടി വ്രതമെടുത്ത് തുടങ്ങണം. കോളേജിലെ ആണ്‍കുട്ടികളുടെ കയ്യില്‍ തിളങ്ങുന്ന വെള്ളിക്കാപ്പുകള്‍ കണ്ടു തുടങ്ങുമ്പോഴേ ഊഹിക്കാം ഉത്സവം അടുത്തെന്ന്. അങ്ങനെ ഒരു ഉത്സവകാലത്താണ് സംഭവം നടക്കുന്നത്. കോളേജില്‍ നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് കുറച്ചു നടക്കാനുണ്ട്. വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ചെറുസംഘങ്ങളായി തിരിഞ്ഞു തമാശകള്‍ പറഞ്ഞും രഹസ്യങ്ങള്‍ കൈമാറിയും ബസ്സ്റ്റോപ്പിലേക്ക് നീങ്ങും. സുമിത്രയും അവരോടൊപ്പമുണ്ടാകും. പക്ഷെ കോളേജ്ഗേറ്റ് കഴിഞ്ഞാല്‍ അവള്‍ പതിയെ കൂട്ടത്തില്‍ നിന്ന് പിന്തിരിയും. തല സാവധാനം കുലുക്കി അര്‍ത്ഥം വച്ചൊരു ചിരിയും പാസ്സാക്കി കൂട്ടര്‍ സുമിത്രയ്ക്ക് പിന്‍വാങ്ങാനുള്ള അനുമതി നല്‍കും. ഷഹബാസ് അവളെ കാത്ത് നില്‍ക്കുന്നുണ്ടാകും. സുമിത്രയുടെ പിന്നീടുള്ള യാത്ര അവനോടൊപ്പമാണ്. ബസ്സ്റ്റാന്റ് വരെ പലവിധ പ്രണയസല്ലാപങ്ങളില്‍ ഏര്‍പ്പെട്ട് അവര്‍ നടക്കും. അങ്ങനെയിരിക്കെയാണ് ഒരു ദിവസം സുമിത്ര ഷഹബാസിന്‍റെ കയ്യില്‍ കെട്ടിയിരിക്കുന്ന കാപ്പ് ശ്രദ്ധിച്ചത്. ഒരു നിമിഷം കൊണ്ട് ജീവന്‍ ചോര്‍ന്നു പോകുന്നത് പോലെ അവള്‍ക്ക് തോന്നി
“എന്താ ഇത്?”
“കാപ്പ്, നീയ്യ് കണ്ടിട്ടില്ലേ?”
“ഇതൊക്കെ ഞങ്ങടെ തരത്തിലുള്ളവര്‍ കെട്ടുന്നതല്ലേ”
“ഭക്തിക്ക് അങ്ങനെ മതമൊന്നുമില്ല ആര്‍ക്കും കെട്ടാം”
സുമിത്രയ്ക്ക് ദേഷ്യം വന്നു. എന്താണ് ഇവന്‍റെ ഉദ്ദേശം.
“അതൊന്നും പാടില്ല, അത് മാറ്റു. ദൈവകോപം വരുത്തി വയ്ക്കണ്ട”
“അത് ശരി, നിങ്ങടെ ദൈവത്തിനു ഞങ്ങടെ തരക്കാരെ അനുഗ്രഹിക്കാന്‍ പറ്റില്ല പക്ഷെ ഞങ്ങളോട് കോപിക്കാന്‍ പറ്റും അല്ലെ?”
സുമിത്ര പിന്നൊന്നും പറയാന്‍ നിന്നില്ല ബലമായി അവന്‍റെ കയ്യില്‍ നിന്ന് കാപ്പ് വലിച്ചൂരാന്‍ നോക്കി. കാപ്പ് കെട്ടിയ കയ്യുയര്‍ത്തി അത് അവളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഷഹബാസും ശ്രമിച്ചു. പിടിവലിയുടെ ഇടയില്‍ അരികുകൂര്‍ത്ത വെള്ളികാപ്പില്‍ രക്തം പടര്‍ന്നു. ഇടത്തെ കൈത്തണ്ട പൊത്തിപിടിച്ച് സുമിത്ര കരച്ചില്‍ തുടങ്ങി. പെട്ടെന്ന് ഷഹബാസ് വല്ലാതെയായി. അവന്‍ കാപ്പ് ഊരിയെറിഞ്ഞു. സുമിത്രയുടെ കയ്യില്‍ പിടിച്ചു. അവളുടെ മുറിവില്‍ നിന്ന് രക്തം തുടച്ചുകളഞ്ഞു, തൂവാലയെടുത്ത് കയ്യില്‍ മുറുക്കി കെട്ടി. കരയുന്ന തന്‍റെ കാമുകിയെ അവന്‍ പ്രണയപൂര്‍വ്വം മാറോടു ചേര്‍ത്ത് ആശ്വസിപ്പിച്ചു.
ഭൂതകാലത്തിന്‍റെ ഓര്‍മ്മകളെ ഉള്ളിലൊളിപ്പിച്ചു അര്‍ദ്ധചന്ദ്രാകൃതിയിലുള്ള മുറിപ്പാട് ഇപ്പോഴും ഇടത്തെ കൈത്തണ്ടയില്‍ മായാതെ കിടക്കുന്നു. സുമിത്ര ചൂണ്ടുവിരല്‍ കൊണ്ട് ആ മുറിവിനെ തലോടി. ഷഹബാസിനെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞെങ്കിലെന്ന് പലപ്പോഴും അവള്‍ ആശിച്ചിട്ടുണ്ട്. ഒരു മാപ്പുപറച്ചിലിനോ, പഴയ പ്രണയത്തിന്‍റെ ഓര്‍മ്മകള്‍ പുതുക്കാനോ ഒന്നുമായിരുന്നില്ല അത്. ഷഹബാസുമായി പിരിഞ്ഞ ദിവസം ഒരു ചിത്രം പോലെ ഇന്നും മനസ്സിലുണ്ട്. ഒരു വിങ്ങലായി ഇപ്പോഴും അത് മായാതെ കിടക്കുന്നു. താന്‍ മൂലം ഒരിക്കലും അവന്‍റെ ജീവിതം വേദനാപൂര്‍ണമാകരുതെന്നു സുമിത്രയ്ക്ക് നിര്‍ബന്ധമുണ്ട്. പക്ഷെ ഇന്ന് അവനെ കണ്ടുകഴിഞ്ഞപ്പോള്‍ ഒരിക്കലും ഈ ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നില്ലെങ്കിലെന്നു ചിന്തിച്ചുപോകുന്നു. ഷഹബാസ് സന്തോഷവാനാണ് സ്വന്തം ഭാര്യയോടും മകളോടുമൊപ്പം ആഹ്‌ളാദപൂര്‍വ്വം അവന്‍ ജീവിക്കുന്നു. പിന്നെന്താണ് ഈ വേദനയ്ക്ക് കാരണം. ഇങ്ങനെയൊരു കാഴ്ചയല്ലേ ഞാന്‍ പ്രതീക്ഷിച്ചത്? ജീവിതത്തില്‍ തോറ്റ് നില്‍ക്കുന്ന ഒരു ഷഹബാസിനെ കാണാനാണോ ഞാന്‍ ആഗ്രഹിച്ചത്? ഒരിക്കലുമല്ല, പക്ഷെ സ്വന്തം ജീവിതവും അവന്‍റെതുപോലെ സന്തോഷപൂര്‍ണമായിരുന്നെങ്കിലെന്നു ആഗ്രഹിച്ചുപോകുന്നു. അവന്‍ തന്നെക്കാള്‍ സന്തോഷിക്കുന്നതു കാണുമ്പോള്‍ ഉള്ളിലൊരു നൊമ്പരം. ഒരു പക്ഷെ അന്ന് അവനെ തള്ളിക്കളയാതിരുന്നെങ്കില്‍, ഐസ്ക്രീംഷോപ്പിലെ കണ്ണാടി ചില്ലിനുള്ളിലൂടെ ഇന്ന് കണ്ട ചിത്രത്തില്‍ ആ സ്ത്രീക്ക് പകരം ഞാനാകുമായിരുന്നു. ചിന്തകള്‍ കൂടുംതോറും തല കനത്തു വരുന്നു.
“സുമിത്രേ..”
വേണുവേട്ടന്‍ വിളിക്കുന്നുണ്ട്. അത്താഴത്തിനാകണം. അല്ലാതെ തന്നെ വിളിക്കേണ്ട ആവശ്യമെന്താണ്? സ്വന്തം ഭാര്യയോടു സംസാരിക്കാനോ അവളുടെ വിവരങ്ങള്‍ ചോദിച്ചറിയാനോ അയാള്‍ക്ക് താത്പര്യമില്ല
“സുമിത്രേ”
വേണു വീണ്ടും വിളിച്ചു. സുമിത്ര അനങ്ങിയില്ല, മിണ്ടിയില്ല. അവളുടെ മനസ്സില്‍ ആരോടൊക്കെയോ ഉള്ള ദേഷ്യമായിരുന്നു. വേണുവിന്‍റെ ശബ്ദം എരിതീയിലെ എണ്ണപോലെ അവളുടെ ദേഷ്യം കൂട്ടിക്കൊണ്ടിരുന്നു. വേണു വീണ്ടും വിളിച്ചു, അയാളുടെ ശബ്ദത്തില്‍ നിരാശയും ദേഷ്യവും കുടികയറുന്നത് സുമിത്ര തിരിച്ചറിഞ്ഞു.
ദേഷ്യപ്പെടട്ടെ എന്തെങ്കിലുമൊരു വികാരം അറിയട്ടെ. കഴിക്കണം, ഉറങ്ങണം ഈ ഒരു ചിന്ത മാത്രമേയുള്ളൂ. ഒരു മനുഷ്യസ്ത്രീയെന്ന പരിഗണ പോലും സ്വന്തം ഭാര്യയ്ക്ക് നല്‍കാത്ത തനി കാട്ടാളന്‍. അടിമപ്പണിയെടുത്ത് മടുത്തു. ദേഷ്യപ്പെടട്ടെ, തല്ലുന്നെങ്കില്‍ അതുമായിക്കൊള്ളട്ടെ. അങ്ങനെയെങ്കിലും സ്വമനസ്സാലെ എന്‍റെ ദേഹത്തൊന്ന് തൊടട്ടെ.
ഇരച്ചുകയറിയ ദേഷ്യത്തോടെ ചീറിപ്പാഞ്ഞുകൊണ്ടാണ് വേണു അടുക്കളയിലേക്ക് കയറി വന്നത്
“നിന്‍റെ രണ്ടു ചെവിയും കേള്‍ക്കാതായോടീ”
സുമിത്ര മിണ്ടിയില്ല. തലകുനിച്ചിരുന്നു. തന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഭര്‍ത്താവ് തലകുനിച്ചു നിശബ്ദനായിരിക്കുന്നത് പോലെ
“എടീ”
സുമിത്രയുടെ തൊട്ടു മുന്നില്‍ വന്നു നിന്ന് വേണു അലറി. അവള്‍ പതിയെ മുഖമുയര്‍ത്തി
“എന്താ?”
“ഞാന്‍ വിളിച്ചത് നീ കേട്ടില്ലേ?”
“എന്തിനാ വിളിച്ചു വരുത്തുന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ . ഇങ്ങോട്ട് വന്നു പറഞ്ഞുകൂടെ. ഞാനെന്താ അടിമയാണോ?”
വേണുവിനു കലി കയറി. ഇത്രയും നാള്‍ എതിര്‍ത്ത് ഒരക്ഷരം പറയാത്തവള്‍. എവിടുന്നാണ് അവള്‍ക്കിപ്പോള്‍ ഈ ധൈര്യം. അല്ലെങ്കില്‍ തന്നെ എതിര്‍ത്ത് പറയാന്‍ തക്കവണ്ണം ഇപ്പോള്‍ എന്തുണ്ടായി?
“കഴിക്കാറായില്ലേ?” ദേഷ്യം കടിച്ചമര്‍ത്തിക്കൊണ്ട് അയാള്‍ ചോദിച്ചു
“ഇല്ല”
ഒറ്റവാക്കില്‍ ഉത്തരം കഴിഞ്ഞു. എപ്പോള്‍ ആകുമെന്നോ എന്താണ് ആകാത്തതെന്നോ ഇല്ല.
“നിന്‍റെ വായിലെന്താ പിണ്ണാക്കാണോ”
“അത് തന്നെയാ എനിക്ക് നിങ്ങളോടും ചോദിക്കാനുള്ളത്. വയറ് വിശന്നാല്‍ മാത്രേ നിങ്ങള് വായ തുറക്കോള്ളോ?”
വേണുവിന്‍റെ മുഖം ചുമന്നു. ദേഹമാകെ തരിച്ചു കയറി. കൈ വീശി അവളുടെ ചെകിട്ടത്തടിക്കാനാണ് അയാള്‍ക്ക് തോന്നിയത്. പക്ഷേ എന്തുകൊണ്ടോ അതിനു കഴിഞ്ഞില്ല. അടുക്കളയില്‍ കഴുകി വച്ചിരിക്കുന്ന ചായഗ്ലാസ്സുകളിലേക്കാണ് വേണുവിന്‍റെ കണ്ണ് പോയത്. ആദ്യത്തെ ഗ്ലാസ്സ് സുമിത്രയുടെ തൊട്ടുമുന്നില്‍ വീണുടഞ്ഞു. ചില്ലുകഷണങ്ങള്‍ നാലുപാടും ചിതറി. അവള്‍ അനങ്ങിയില്ല, മിണ്ടിയില്ല. ദേഷ്യം കയറി വേണു വീണ്ടും ഗ്ലാസുകള്‍ എറിഞ്ഞുടച്ചു. മുന്നില്‍ കണ്ടതൊക്കെ എടുത്തെറിഞ്ഞു. ഭാര്യയില്‍ നിന്ന് പ്രതികരണം ഒന്നും ഉണ്ടാകുന്നില്ല എന്ന് കണ്ടു ദേഷ്യത്തോടെ അയാള്‍ പുറത്തേക്ക് കുതിച്ചു.
വീണ്ടുമെന്തോ വീണുടയുന്ന ശബ്ദം സുമിത്ര കേട്ടു. വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം പിന്നാലെയെത്തി. തകര്‍ന്നുടഞ്ഞ ജീവിതമാണ് തൊട്ടുമുന്നില്‍. നാലുപാടും ചില്ലുകഷങ്ങള്‍ ചിതറിക്കിടക്കുന്നു. സുമിത്ര പതിയെ എഴുന്നേറ്റു അവള്‍ മുന്നോട്ടേക്ക് നടന്നു. ചില്ലുകഷണങ്ങള്‍ കാല്‍പാദം കുത്തികീറുമ്പോഴും അത് അവളെ വേദനിപ്പിച്ചില്ല. പക്ഷെ ഒരു കഠാര കുത്തിയിറക്കിയതു പോലെ ഇടനെഞ്ചു അപ്പോഴും പിടയുന്നുണ്ടായിരുന്നു. ചോര കിനിയുന്ന പാദങ്ങളോടെ, ഭാവി എന്തെന്നറിയാതെ അവള്‍ മുന്നോട്ടേക്ക് നടന്നു.