
വസന്ത കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു. അടുക്കള വാതില്‍ അടച്ചു കൊളുത്തിടുക എന്നുള്ളത് കുറച്ചു ശ്രമകരമായ കാര്യമാണ്. വാതിലിനു നേരെ മുകളില്‍ മച്ചില്‍ ചെറിയൊരു ചോര്‍ച്ച തല പൊക്കിയിട്ട് നാള് കുറച്ചായി. മനസ്സ് വിഷമിപ്പിക്കാന്‍ കുറച്ചധികം വലിയ പ്രശ്നങ്ങള്‍ ഉള്ളത് കാരണം ചോര്‍ച്ചയുടെ കാര്യം എല്ലാവരും സൗകര്യപൂര്‍വ്വം മറന്നു. മഴ തുടങ്ങുമ്പോഴേക്കും ഭിത്തിയില്‍ ചെറിയ ചാലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. രാത്രി വാതിലടയ്ക്കാന്‍ നേരമാണ് ശരിയായ കഷ്ടപ്പാട്. ഈര്‍പ്പം തട്ടി തടി വീര്‍ക്കുന്നത് കാരണം മഴക്കാലത്ത് വാതില്‍ വലിച്ചടയ്ക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. വസന്ത ഒന്ന് ബലം പ്രയോഗിച്ചു നോക്കി, രണ്ടാമതൊന്നു കൂടി മിനക്കെടാന്‍ നിന്നില്ല. എന്തിനാണ് കൊളുത്തിടുന്നത്? അങ്ങനെ എടുത്തുകൊണ്ടുപോകാന്‍ പാകത്തില്‍ അകത്ത് ഒന്നുമില്ലല്ലോ. അവര്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു, പിന്നെ കിടപ്പുമുറിക്ക് നേരെ നടന്നു. ദാരിദ്ര്യത്തോട് മല്ലിട്ടുകൊണ്ടുള്ള മറ്റൊരു ദിനം കൂടി അവസാനിച്ചിരിക്കുന്നു. ഓരോ ദിവസവും അവസാനിക്കുന്നത് നാളെ എന്നൊരു ചോദ്യചിഹ്നത്തിലാണ്. അടുക്കളയില്‍ നിന്ന് ഇറങ്ങുംമുന്‍പ് വീണ്ടും ഒന്നു കൂടി ആ പഴയ പിച്ചള ചരുവം പരിശോധിച്ചിരുന്നു. വീണ്ടും വീണ്ടും നോക്കുന്നത് കൊണ്ട് യാതൊരു മാറ്റവും വരില്ലെന്നറിയാം. എങ്കിലും എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന് മനസ്സ് പ്രതീക്ഷിക്കുന്നു. ഒന്നും സംഭവിച്ചില്ല. ഒരു മണി അരിയില്ലാതെ പാത്രം കാലിയായിരുന്നു. ഇനിയും അയല്‍ക്കാരോട് കടം ചോദിക്കുന്ന കാര്യമോര്‍ക്കുമ്പോള്‍ തൊലി ഉരിയുന്നതുപോലെ. പക്ഷേ മറ്റെന്ത് മാര്‍ഗ്ഗമാണ് മുന്നിലുള്ളത്? പിന്നാമ്പുറത്ത് നട്ടുവളര്‍ത്തിയ ചേനയും കപ്പക്കയും കൊണ്ട് കറി തരമാക്കാം. പക്ഷെ അരിക്ക് എവിടെ പോകും? നാണിയോ സുമതിയോ കനിഞ്ഞാല്‍ നാളെ അടുപ്പ് പുകയും.
വിശപ്പും ദാരിദ്ര്യവുമൊക്കെ സഹിച്ചിട്ടുള്ളത് തന്നെയാണ്, ഇനിയും സഹിക്കാം. പക്ഷെ വിവാഹപ്രായമെത്തിയ ഒരു പെണ്‍കുട്ടിയെയും ആരോഗ്യം നശിച്ച ഭര്‍ത്താവിനെയും പട്ടിണി കിടത്തുന്നതെങ്ങനെ? നാള്‍ക്കുനാള്‍ കടം കൂടിവരികയാണ്. ഭാമയെ ഒരാളോടൊപ്പം പറഞ്ഞയച്ചാല്‍ പകുതി സമാധാനമായി. പിന്നെന്തും സഹിക്കാം. കരയാം, പട്ടിണി കിടക്കാം, വേണമെങ്കില്‍ മരിക്കാം എല്ലാത്തിനും തയ്യാറാണ്. പക്ഷെ തന്‍റെ മകളെ ഇതില്‍ നിന്നും രക്ഷപ്പെടുത്തണം. അതിനു വിവാഹം എന്നതല്ലാതെ മറ്റൊരുപായം മനസ്സില്‍ തെളിയുന്നില്ല. ശേഖരേട്ടനോട് അത് പറഞ്ഞതുമാണ്. പക്ഷെ അച്ഛന്‍ എന്നും മകളോടൊപ്പമാണ്. അവള്‍ക്ക് ഉടനെ ഒരു ജോലി തരപ്പെടും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. എങ്ങനെയാണ് അദ്ദേഹത്തോട് മറുത്ത് സംസാരിക്കുക. ജീവിതത്തില്‍ ഒരിക്കലെങ്കിലും ജയിക്കാന്‍ ആ മനുഷ്യനും ആഗ്രഹം കാണില്ലേ!
കിടപ്പുമുറിയില്‍ ശേഖരന്‍ ഉണ്ടായിരുന്നില്ല. വസന്ത പൂമുഖത്തേക്ക് വന്നു. അവിടെ കസേരയില്‍ കണ്ണുകളടച്ചു അയാള്‍ കിടക്കുകയാണ്. വസന്ത കുറച്ചുനേരം തന്‍റെ ഭര്‍ത്താവിനെ ഉറ്റു നോക്കി നിന്നു. എന്നും കുടുംബം പുലര്‍ത്താനുള്ള ഓട്ടത്തിലായിരുന്നു. അവസാനം ആ ഓട്ടം അവസാനിച്ചത് പൂമുഖത്തെ ഈ കസേരയിലാണ്. ഇന്നേ ദിവസം ഇതില്‍ നിന്ന് എഴുന്നേറ്റുകൂടി കണ്ടിട്ടില്ല. ശരീരത്തിന് പുറകെ മനസ്സും തോല്‍വി സമ്മതിച്ചു തുടങ്ങിയിരിക്കുന്നു.
“കിടക്കുന്നില്ലേ?”
വസന്തയുടെ ചോദ്യം കേട്ട് ശേഖരന്‍ കണ്ണ് തുറന്നു. അയാള്‍ മുന്നിലേക്ക് അല്‍പം ആഞ്ഞു വീടിനുള്ളിലേക്ക് നോക്കി. മകളുടെ മുറിയില്‍ ഇപ്പോഴും പ്രകാശമുണ്ട്.
“അവള്‍ കിടന്നില്ലേ?”
“അവള്‍ കിടന്നോളും, പഠിക്കുകയാണ്. തണുപ്പടിച്ച് ഇനിയെന്തെങ്കിലും സൂക്കേട് വരുത്തി വയ്ക്കണ്ട. അകത്തേയ്ക്ക് വന്നേ”
ശേഖരന് ചിരിയാണ് വന്നത്. ഈ കഷ്ടപാടുകള്‍ക്കിടയിലും തമാശ പറയാന്‍ തന്‍റെ ഭാര്യക്ക് കഴിയുന്നുണ്ട്.
“ഇതിന്‍റെ മേലിനി എന്ത് രോഗം വരാനാടീ”
കസേരയില്‍ കൈകള്‍ താങ്ങി ശേഖരന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. നട്ടെല്ലിനു കീഴെയായി അതിഭയങ്കരമായ വേദന.
“ആഹ്” അയാള്‍ പല്ലുകടിച്ചു.
“ഒരാള്‍ സഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും പറ്റില്ലെന്നായി.”
വസന്തയുടെ കൈതാങ്ങി എഴുന്നേല്‍ക്കുന്നതിനിടയില്‍ വേദനയോടെ അയാള്‍ പറഞ്ഞു
“രാവിലെയുള്ള ഇരിപ്പല്ലേ. ഇങ്ങനെയിരുന്നാല്‍ ആരുടെയായാലും എല്ലുറച്ചുപോകും”
മുറിയിലേക്ക് കയറുന്നതിനു മുന്‍പ് ശേഖരന്‍ ഒരിക്കല്‍ കൂടി ഭാമയുടെ മുറിയിലേക്ക് നോക്കി. കുടുംബത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമായിരുന്നു ജീവിതം മുഴുവന്‍. ഇപ്പോള്‍ ആ പോരാട്ടം തന്‍റെ മകള്‍ ഏറ്റെടുത്തിരിക്കുന്നു. ദീര്‍ഘമായി അയാള്‍ നിശ്വസിച്ചു. എവിടെയാണ് പിഴച്ചത്? എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു കടംകഥയായിരുന്നു അത്. ഭാമ ജനിച്ചപ്പോള്‍ ‘മൂന്നാമതും പെണ്‍കുട്ടിയാണല്ലേ?’ എന്നൊരു ചോദ്യം പലരില്‍ നിന്നും ഉയര്‍ന്നിരുന്നു. തൊട്ടു പുറകെ അടുത്ത ചോദ്യവും വരും. ‘കുറച്ചു കഷ്ടപ്പെടുമല്ലോ?’. പുച്ഛമായിരുന്നു അവരോടെല്ലാം. എല്ലാവര്‍ക്കും തെറ്റി എന്ന് തെളിയിച്ചുകൊടുക്കാനാണ് ഇക്കാലമത്രെയും മനസ്സ് വെമ്പല്‍ കൊണ്ടത്. പക്ഷെ ഇന്ന് അവരുടെ മുഖത്തെ പരിഹാസം വിജയിച്ചിരിക്കുന്നു. അവര്‍ പറഞ്ഞതെല്ലാം ശരിയാണ്, ശേഖരന്‍ തോറ്റിരിക്കുന്നു.
കുടുംബം പുലര്‍ത്താനുള്ള പണം നാട്ടിലെ ജോലിയില്‍ നിന്ന് കിട്ടുകയില്ല എന്ന് ബോധ്യമായപ്പോഴാണ് ശേഖരന്‍ കപ്പല്‍ കയറിയത്. അതും സ്വന്തം ഭാര്യയെ കണ്ടു കൊതിതീരുന്നതിനു മുന്നേ. രാപ്പകലില്ലാതെ കഷ്ടപ്പെട്ടു. ആഹാരവും വിശ്രമവും മറന്നു കഠിനാധ്വാനം ചെയ്ത് കഴിയാവുന്നത്ര സമ്പാദിച്ചു. ആദ്യം പെങ്ങളെയും പിന്നെ രണ്ടു പെണ്മക്കളെയും കെട്ടിച്ചയച്ചു. ചോര നീരാക്കി ഉണ്ടാക്കിയതെല്ലാം ലീനയ്ക്കും ശോഭയ്ക്കുമായി വീതിച്ചുകൊടുത്തു. ഇനി അവശേഷിക്കുന്നത് കാലൂന്നി നില്‍ക്കുന്ന വീട് മാത്രമാണ്, പിന്നെ രോഗം കീഴടക്കിയ ശരീരവും. മൂന്ന് പെണ്മക്കളുടെ പിതാവായവന്‍ ഒരിക്കലും സ്വസ്ഥത അര്‍ഹിക്കുന്നില്ല എന്നതാണല്ലോ അലിഖിതനിയമം. മൂപ്പെത്തിയ ആണുങ്ങള്‍ക്ക് വിയര്‍പ്പൊഴുക്കാതെ കൈനീട്ടി വാങ്ങാനുള്ള തുക കണ്ടെത്തുക, അതാണ് പെണ്മക്കളുള്ള പിതാക്കന്മാരുടെ ജീവിതദൗത്യം. സ്വന്തം മകളെ ഒരു കൂരയ്ക്ക് കീഴില്‍ താമസിപ്പിക്കുന്നതിനുള്ള പ്രതിഫലം. പകരമായി ശേഖരന് കിട്ടിയത് കടബാധ്യതയാണ്. ദാരിദ്ര്യത്തിന്‍റെയും ആധികളുടെയും നടുക്ക് അയാളുടെ ആശ്വാസം ഭാമയായിരുന്നു. അവള്‍ക്ക് ഒരു ജോലി നേടി കൊടുക്കണമെന്നത് വാശിയായിരുന്നു. അതേ വാശി അയാളില്‍ നിന്ന് മകളിലേക്കും പകര്‍ന്നു കിട്ടിയിട്ടുണ്ട്.
മകളെ പറ്റി ആലോചിച്ചപ്പോള്‍ വീണ്ടും ആ കടംകഥ ശേഖരന്‍റെ മനസ്സിലേക്ക് തിരിച്ചെത്തി. നാട്ടിലേക്ക് വരരുതായിരുന്നു. ഒരു പക്ഷെ അതായിരിക്കും തനിക്ക് പറ്റിയ തെറ്റ്. വാര്‍ദ്ധക്യമെങ്കിലും സ്വന്തം കുടുംബത്തോടൊപ്പം കഴിയാം എന്ന് ആശിക്കരുതായിരുന്നു. നശിച്ച നാടാണിത്. എന്തോ വൈരാഗ്യമാണ് ഈ നാടിനു തന്നോട്. ആദ്യം പ്രളയമായി ഇപ്പോള്‍ അനാരോഗ്യമായി. എന്നെയും കുടുംബത്തെയും മുച്ചൂടും മുടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഈശ്വരന്‍ എന്ന് തോന്നിപ്പോകും.
തോല്‍ക്കരുത് എന്ന് ആരോ ഉള്ളിലിരുന്നു പറയുന്നതായി ശേഖരന് തോന്നി. ദരിദ്രനായ ശേഖരന്‍റെ മകള്‍ പഠിച്ചു ഒരു ഉന്നതജോലിയിലെത്തുന്നത് കണ്ടു നാട്ടുകാരെല്ലാം അസൂയപ്പെടണം. പക്ഷെ അതിനുവേണ്ടി ഇനിയെന്താണ് തനിക്ക് ചെയ്യാന്‍ കഴിയുക? ആരോഗ്യം നശിച്ചു. എപ്പോള്‍ വേണമെങ്കിലും കിടപ്പിലാകാം. ശരീരമില്ലാതെ ജീവന്‍ മാത്രമുണ്ടായിട്ട് എന്ത് ഫലം. അത് കുടുംബത്തിനു ഒരു ബാധ്യതയാകുകയേയുള്ളൂ.
രാവിലെ രാമന്‍ വന്നിരുന്നു, ഉച്ച വരെ വരാന്തയിലിരുന്നു പലതും സംസാരിച്ചു. ശേഖരന്‍റെ സുഹൃത്താണ് രാമന്‍. വെറുമൊരു സുഹൃത്തെന്നു പറഞ്ഞാല്‍ പോരാ. കുട്ടിക്കാലം മുതലേ കൂടെയുള്ള ദാരിദ്ര്യത്തിലും കൈവെടിയാത്ത ആത്മാര്‍ത്ഥസുഹൃത്ത്. ഭാമയെ വിവാഹം കഴിച്ചയക്കണം എന്നതാണ് രാമന്‍റെയും അഭിപ്രായം.
“ഇപ്പോഴത്തെ അവസ്ഥയില്‍ അതാണ് ശേഖരാ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. അമ്പലത്തിന്‍റെ വടക്കുവശത്ത് താമസിക്കുന്ന രാവുണ്ണിയെ നിനക്കറിയില്ലേ, നല്ലൊരു തരവനാ. ഞാന്‍ അവനെ വിളിച്ചു ഏര്‍പ്പാട് ചെയ്യാം. പറ്റിയ ചെക്കനെ അവന്‍ കൊണ്ടുവരും”
“കടത്തില്‍ മുങ്ങി നിക്കുന്ന ഈ കുടുംബത്തെ ആര് ഏറ്റെടുക്കാനാ രാമാ?”
“അതൊക്കെ വരും. നീ നോക്കിക്കോ”
“വേണ്ട രാമാ. ഈ സമയത്ത് എന്‍റെ മോളെ ഞാന്‍ മംഗലം ചെയ്തയച്ചാല്‍ നാളെ അവളുടെ അവസ്ഥയും ഇത് തന്നെയാകും. ഭാവിയിലെങ്കിലും അവള്‍ ദാരിദ്ര്യം അനുഭവിക്കാന്‍ ഇടവരരുത്. അതിന് നല്ലൊരു തൊഴിലാണ് വേണ്ടത്. ബാക്കിയൊക്കെ അത് കഴിഞ്ഞു മതി”
കുറച്ചുനേരത്തേക്ക് രാമന്‍ മിണ്ടിയില്ല. ഇറങ്ങാന്‍ നേരം അയാള്‍ ഒന്നുകൂടി ആവര്‍ത്തിച്ചു
“നീ നന്നായി ആലോചിച്ചു നോക്ക്. ഞാന്‍ അരുതാത്തത് പറയുകയല്ല, പക്ഷെ ഭാവിയെ കുറിച്ചു നമ്മള്‍ ചിന്തിക്കണമല്ലോ. നിന്‍റെ ആരോഗ്യത്തെ പറ്റി വ്യക്തമായി നിനക്കറിയാം. നാളെ വസന്തയും മോളും ഒറ്റയ്ക്കായാലുള്ള കാര്യം കൂടി നീ കണക്കിലെടുക്കണം. നന്നായിട്ട് ആലോചിക്ക്”
കിടക്കയിലേക്ക് തല ചായ്ക്കുമ്പോഴും ശേഖരന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. അയാള്‍ ചിന്തകളുടെ ആഴക്കയത്തിലായിരുന്നു. കണ്ണുകളിലേക്ക് ഉറക്കം കുടിയേറുമ്പോഴും അയാളുടെ മനസ്സിലെ ഇരുട്ട് അകന്നിരുന്നില്ല.
പുറത്തും അന്ധകാരം വ്യാപിക്കുകയായിരുന്നു. താരകങ്ങള്‍ ഒഴിഞ്ഞ ആകാശം. ഭൂമിയെന്നോ ഗഗനമെന്നോ ഭേദമില്ലാതെ എങ്ങും ഇരുട്ട് കനത്തു തടിച്ചു നിന്നു. ചീവീടുകള്‍ പോലും നിശബ്ദരായിരുന്നു. രാത്രി ആകെ വീര്‍പ്പുമുട്ടലിലാണെന്ന് തോന്നിച്ചു. നേര്‍ത്ത വെളിച്ചത്തിന്‍റെ പൊട്ടുമായി ഒരു ചെറു മിന്നാമിനുങ്ങ് ഇരുട്ടിലൂടെ ഒഴുകി നടന്നു. സ്വന്തം വെളിച്ചത്തിനു ഒരു കൂട്ട് തേടി അത് എത്തിപ്പെട്ടത് ശേഖരന്‍റെ വീട്ടിലാണ്. അന്ധകാരത്തില്‍ മുങ്ങിയ വീടുകളുടെ ഇടയില്‍ വെളിച്ചം പ്രതിഫലിക്കുന്ന ഒരേ ഒരു ജാലകം ആ വീട്ടിലേതായിരുന്നു. ജനലിന്‍റെ ചെറിയ വിടവിലൂടെ മിന്നാമിനുങ്ങ് ആ മുറിക്കുള്ളിലേക്ക് നുഴഞ്ഞു കയറി. ധവളപ്രകാശത്തില്‍ ചുട്ടുപഴുത്ത് നില്‍ക്കുന്ന ഫിലമെന്‍റ് ലാംബ്, അതായിരുന്നു മിന്നാമിനുങ്ങിനെ കാത്തിരുന്ന പങ്കാളി. അതിനു ചുവട്ടില്‍ തുറന്നുവച്ച പുസ്തകത്തില്‍ കണ്ണും നട്ട് ഒരു പെണ്‍കുട്ടി. ചുറ്റുമുള്ളതെല്ലാം ആ പെണ്‍കുട്ടിയുടെ കാഴ്ചയില്‍ അദൃശ്യമായിരുന്നു. മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടത്തേക്കാള്‍ പ്രഭയോടെ അവളുടെ ആ ചെറിയ കണ്ണുകള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു. ദൃഢനിശ്ചയത്തോടെ തന്‍റെ വിധിക്കെതിരെ പോരാടാനുറച്ച പവിഴം പോലെയുള്ള ചെറിയ കണ്ണുകള്‍.