
ചെവിവേദന വന്നാല്‍ സന്തോഷിക്കുന്ന മനുഷ്യരെ പറ്റി കേട്ടിട്ടുണ്ടോ, വഴിയില്ല. പക്ഷെ അങ്ങനെ ചിലരുണ്ട്. ചില സ്ത്രീകള്‍, ചില ഭാര്യമാര്‍. അതിലൊരാളാണ് സുമിത്രയും. രാപ്പകലില്ലാതെ അലട്ടുന്ന വേദനയെയോ അല്ലെങ്കില്‍ കര്‍ണപുടത്തില്‍ തുളച്ചുകയറുന്ന അസ്വസ്ഥമായ ഇരമ്പല്‍ നാദത്തിനെയോ സ്നേഹിക്കാന്‍ തക്കവണ്ണം തകര്‍ന്ന മനസ്സല്ല സുമിത്രയുടേത്. അവളുടെ സന്തോഷത്തിനു കാരണം വരാന്‍ പോകുന്ന ഒരു യാത്രയാണ്, അതിന് കാരണഹേതുവാകട്ടെ ഇപ്പറഞ്ഞ ചെവിവേദനയും. വേദന സഹിക്കാതെ പല രാത്രികളായി തുടര്‍ന്നുകൊണ്ടിരുന്ന മുക്കലും മൂളലും, പിന്നെ തലേരാത്രിയില്‍ നടന്ന വാക്ക് തര്‍ക്കവും കാരണം സഹികെട്ട് വേണു സുമിത്രയെ ആസ്പത്രിയില്‍ കൊണ്ടുപോകാം എന്ന് സമ്മതിച്ചിരിക്കയാണ്. ഡോക്ടറെ കാണാന്‍ വേണ്ടിയാണെങ്കില്‍ പോലും ഭര്‍ത്താവിനൊപ്പം ഒന്ന് പുറത്തേക്ക് പോകുക എന്നുള്ളത് സുമിത്രയ്ക്ക് എപ്പോഴും സന്തോഷമുള്ള കാര്യമാണ്.
വേദന വകവയ്ക്കാതെ അതിരാവിലെ തന്നെയെഴുന്നെറ്റ് അടുക്കളജോലിയില്‍ വ്യാപൃതയായി. പ്രാതലിനുള്ള ദോശയൊക്കെ ചുട്ടുവച്ചു. ഉച്ചത്തേയ്ക്കുള്ള ചോറും കറികളും ശരിയാക്കി. പുറത്ത് പോകുന്നുണ്ടെങ്കില്‍ കൂടിയും ഭക്ഷണം വാങ്ങിത്തരുന്ന കാര്യത്തെപ്പറ്റിയൊന്നും ചിന്തിക്കേണ്ടെന്നു സുമിത്രയ്ക്കറിയാം. ഇന്നലെ രാത്രി വേണുവേട്ടന്‍ വൈകി വന്ന ശേഷം ചെറുതല്ലാത്ത രീതിയില്‍ ഒരു കശപിശ ഉണ്ടായി. വൈകിയതിനു കാരണം ചോദിച്ചാല്‍ എങ്ങും തൊടാതെയാണ് മറുപടി. ജോലി അധികമുണ്ടായിരുന്നത്രേ. എന്ത് ജോലിയെന്ന് ചോദിച്ചപ്പോള്‍ ‘അത് നിനക്ക് മനസ്സിലാകില്ല’ എന്ന മറുപടിയാണ് കിട്ടിയത്. മനസ്സിലാകാതിരിക്കാന്‍ ഞാനെന്താ മന്ദബുദ്ധിയാണോ?
ദേഷ്യം വന്നു പിന്നെ എന്തൊക്കെയോ പറഞ്ഞു, കരഞ്ഞു. ഒന്നിനും മറുപടിയില്ല മുഖം കുനിച്ചങ്ങിരിക്കും. ആ മൌനം മുതലെടുത്ത് മനസ്സിലുള്ളതെല്ലാം അങ്ങ് വെട്ടിത്തുറന്നു പറഞ്ഞു. വീട്ടിലെ ഒറ്റപ്പെടലും, വേണുവേട്ടന്‍റെ നിശ്ശബ്ദതയും എല്ലാം പറഞ്ഞു. അതിനിടയിലാണ് ചെവിവേദനയും കയറി വന്നത്. ഏതെങ്കിലും ഒരു ചോദ്യത്തിനു മറുപടി പറയണ്ടേ എന്ന് കരുതിയിട്ടാകണം, നറുക്ക് വീണത് ചെവിവേദനയ്ക്കാണ്. അങ്ങനെയാണ് ആസ്പത്രിയില്‍ കൊണ്ടുപോകാമെന്ന് സമ്മതിച്ചത്. എത്ര നാളുകള്‍ക്ക് ശേഷമാണ് വേണുവേട്ടനൊപ്പം പുറത്ത് പോകുന്നത്? അറിയില്ല, കണക്കുകളൊക്കെ മറന്നു പോയിരിക്കുന്നു. മറവിക്ക് കുടിയിരിക്കാന്‍ പറ്റുന്ന രീതിയില്‍ കാലം കടന്നുപോയിരിക്കുന്നു എന്നര്‍ത്ഥം.
ചായകപ്പുമായി സുമിത്ര കിടപ്പുമുറിയിലേക്ക് ചെന്നു. കടുപ്പം കൂട്ടി പാല്‍ കുറച്ചുള്ള ചായ. വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളിലൊക്കെ സുമിത്ര രണ്ടു രീതിയില്‍ ചായയുണ്ടാക്കുമായിരുന്നു. അധികം കടുപ്പം സുമിത്രയ്ക്കിഷ്ടമല്ല, പഞ്ചസാരയും ലേശം കൂടുതല്‍ വേണം. പിന്നെ പിന്നെ അവളും അമ്മയെപ്പോലെ വേണുവിന്‍റെ രുചിയെ ഇഷ്ടപ്പെടാന്‍ പഠിച്ചു. ചെറിയ വിട്ടുവീഴ്ചകളൊക്കെ ദാമ്പത്യത്തില്‍ വേണ്ടേ! വേണു ഇനിയും എഴുന്നേറ്റിട്ടില്ല. ഒരു വശം തിരിഞ്ഞു കിടപ്പിലാണ്. ചായഗ്ലാസ് മേശപ്പുറത്തു വച്ച് എന്തോ പിറുപിറുത്തു കൊണ്ട് സുമിത്ര പിന്തിരിഞ്ഞു.
വേണു ഉറങ്ങുകയായിരുന്നില്ല. ചിന്തിക്കുകയായിരുന്നു. അയാളുടെ മനസ്സില്‍ ആ പെണ്‍കുട്ടിയുടെ മുഖമായിരുന്നു നേരിയ ചെമ്പന്‍ നിറം ഒളിപ്പിച്ചുവച്ച മിനുസമായ മുടികളുള്ള, പവിഴം പോലെ ആരെയും ആകര്‍ഷിക്കുന്ന ചെറിയ കണ്ണുകളുള്ള പെണ്‍കുട്ടിയുടെ മുഖം. ഭാമയുടെ മുഖം. അവള്‍ തന്നെ കണ്ടിരിക്കുന്നു, ശ്രദ്ധിച്ചിരിക്കുന്നു. അവളുടെ നോട്ടം ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല. എങ്ങനെയായിരിക്കും ആ പെണ്‍കുട്ടി എന്നെ കണ്ടിരിക്കുക? ഒരു പൂവാലനായിട്ടോ? അതോ തന്നെ പിന്തുടര്‍ന്നു വന്ന കാമം തലയ്ക്കുപിടിച്ച ഞരമ്പുരോഗിയായിട്ടോ? എന്നെയൊരു കാമുകനായി സങ്കല്‍പ്പിക്കാന്‍ അവള്‍ക്ക് കഴിയുമോ? എന്തുകൊണ്ട് കഴിയില്ല? പ്രായമാണോ പ്രശ്നം? പ്രായമായവര്‍ക്ക് പ്രണയിച്ചുകൂടെ? ഭാര്യയാണോ പ്രശ്നം? വിവാഹിതര്‍ക്ക് പ്രണയിച്ചുകൂടെ? ഒരു സ്ത്രീയെ മാത്രമേ പ്രണയിക്കാവൂ എന്ന് നിയമമുണ്ടോ? അല്ലെങ്കില്‍ തന്നെ ഞാന്‍ സുമിത്രയെ പ്രണയിക്കുന്നുണ്ടോ? ഒരിക്കല്‍ പ്രണയിച്ചിരുന്നു, അല്ലെങ്കില്‍ അതിന് ശ്രമിച്ചിരുന്നു, ആത്മാര്‍ഥമായി തന്നെ. പക്ഷെ സുമിത്രയ്ക്ക് പ്രണയിക്കാനറിയില്ല. ഇനി അറിയാമെങ്കില്‍ കൂടി അവള്‍ പ്രണയിക്കുന്നത് വസ്ത്രത്തെയും സ്വര്‍ണത്തെയും ഭക്ഷണത്തെയുമാണ്. പരാതിയും പരദൂഷണവും പറയാനെ അവള്‍ക്ക് നേരമുള്ളൂ. പിന്നെ ചോദ്യങ്ങള്‍, ഒരിക്കലും നിലയ്ക്കാത്ത ചോദ്യങ്ങള്‍. ജോലിയെപ്പറ്റി, നാടിനെപ്പറ്റി, ബന്ധുക്കളെ പറ്റി അയല്‍ക്കാരെ പറ്റി. സുമിത്ര ഒരിക്കലും എനിക്ക് ചേര്‍ന്ന പെണ്ണായിരുന്നില്ല എങ്ങനെ അവളെ വിവാഹം ചെയ്തു എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്. കവടികളെ യഥാസ്ഥാനത്ത് നിരത്തി വച്ച് ജോത്സ്യന്‍ പുഞ്ചിരി തൂകിയപ്പോള്‍ ആ ചിരി എന്‍റെ അമ്മയും ഏറ്റെടുത്തു. അമ്മയുടെ സന്തോഷത്തിനു എതിരായി എനിക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ സുമിത്ര എന്‍റെ ഭാര്യയായി.
കിടക്ക നല്‍കുന്ന അഭയം ശാശ്വതമല്ലെന്ന് മനസ്സിലാക്കി വേണു എഴുന്നേറ്റു. തന്‍റെ ഭാര്യയുടെ ചലനങ്ങളിലെ ഉത്സാഹം അയാള്‍ തിരിച്ചറിഞ്ഞു. എന്താണാവോ ഉദ്ദേശം? ഉത്സവദിവസം അച്ഛനമ്മമാരുടെ കൈ പിടിച്ച് അമ്പലത്തിലെത്തുന്ന കുട്ടികളുടെ അവസ്ഥയാണ് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ സുമിത്രയ്ക്ക്. എവിടെയും അവളുടെ കണ്ണ് കടന്നു ചെല്ലും. എന്തൊക്കെയാണ് ഈ വീട്ടില്‍ ഇല്ലാത്തതെന്ന് ആ നിമിഷം അവള്‍ കണ്ടുപിടിക്കും. ശരിക്കും കുട്ടികളെ പോലെ തന്നെ. കുട്ടികള്‍! ഒരു പക്ഷെ ഇടയില്‍ ഒരു കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ ബന്ധം കുറച്ചുകൂടി ദൃഡമാകുമായിരുന്നോ? അറിയില്ല. കിട്ടാത്ത കനിയുടെ രുചിയെ കുറിച്ചു സ്വപ്നം കണ്ടത് കൊണ്ട് എന്ത് ഫലം. മനസ്സ് നിറയെ ചോദ്യങ്ങളാണ്. ചില സമയത്ത് തോന്നും സുമിത്രയെയെക്കാള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് സ്വന്തം മനസ്സാണെന്ന്. പത്തു വര്‍ഷക്കാലത്തെ സഹവാസം കൊണ്ട് അവളില്‍ നിന്ന് തന്നെ പകര്‍ന്നു കിട്ടിയതായിരിക്കണം.
ചായ ഗ്ലാസും കയ്യില്‍ പിടിച്ചുകൊണ്ടു വേണു മുറ്റത്തേക്കിറങ്ങി. വളരെ ചെറിയ മുറ്റമായിട്ടുകൂടി അതിനു ഒരു വശത്ത് ചെറിയൊരു പൂന്തോട്ടത്തിനു സുമിത്ര ജന്മം കൊടുത്തിട്ടുണ്ട്. ഒരു അമ്മയാകാനുള്ള മനസ്സിന്‍റെ ആഗ്രഹം തന്നെയായിരിക്കണം ഈ ജനനത്തിനും പിന്നില്‍. സാധാരണ വേണു ആ ചെടികളെ ശ്രദ്ധിക്കാറില്ല. രാജമല്ലിയും ശംഖുപുഷ്പവും ജമന്തിയുമൊക്കെയായി ശോഭിച്ചു നില്‍ക്കുകയാണ് ആ ചെറിയ പുഷ്പവാടി. എപ്പോഴൊക്കെയോ അവള്‍ പലവിധ തൈച്ചെടികള്‍ വാങ്ങാനായി ആവശ്യമുന്നയിച്ചത് വേണു ഓര്‍ത്തു. വാങ്ങാന്‍ പറഞ്ഞ കാര്യം മാത്രമേ ഓര്‍മ്മയിലുള്ളൂ വാങ്ങിക്കൊടുത്ത കാര്യം ഓര്‍ക്കുന്നില്ല. പിന്നെങ്ങനെയാണ് ഇതൊക്കെ ഇവിടെ വന്നത്? പൂന്തോട്ടം കടന്നു വീടിനെ ചുറ്റി വേണു നടന്നു. ചാമ്പമരത്തിനു സമീപത്തായി മഴവെള്ളം കെട്ടികിടക്കുന്നു. പുരയിടത്തിലേക്ക് അതിനെ ചാല് വെട്ടി തെളിക്കേണ്ടിയിരിക്കുന്നു. നേരത്തെ ഒരിക്കല്‍ ചാമ്പയുടെ ചുവട്ടില്‍ നിന്ന് ചാല് വെട്ടിയതാണ്. എന്നായിരുന്നു അത്? കുറച്ചു നാളായി ഇതൊക്കെ ശ്രദ്ധിച്ചിട്ട്. വീട് ചുറ്റി അടുക്കള ഭാഗത്ത് എത്തിയപ്പോഴേക്കും. സുമിത്ര പിന്‍വാതിലിലൂടെ പുറത്ത് വന്നു
“ഇവിടെ നിക്കയാണോ? പല്ലും തേച്ചിട്ട് വേഗം വന്നെ. പത്തു മണിയുടെ ബസ്സ് കിട്ടിയില്ലെങ്കില്‍ പിന്നെയാകെ ബുദ്ധിമുട്ടാകും”
ബസ്സ് കിട്ടിയില്ലെങ്കിലെന്താ. ചിലപ്പോ യാത്ര നടക്കില്ല. എങ്കില്‍ അത്രയും നല്ലത്. വേണു മനസ്സിലോര്‍ത്തു.
ഭാമ ഇപ്പോള്‍ എന്ത് ചെയ്യുകയാകും? ഭക്ഷണം കഴിച്ചു കാണുമോ? ഞായറാഴ്ചയായത് കൊണ്ട് ക്ലാസ്സുണ്ടാകുകയില്ല. ഭാമയുടെ വീട്ടു മുറ്റത്തും ഒരു പൂന്തോട്ടമുണ്ട്. വിസ്തൃതിയില്‍ കുറച്ചു കൂടി വലുതാണെങ്കിലും അത്രയും ചെടികളൊന്നുമില്ല. ഒരു പക്ഷെ ആ പെണ്‍കുട്ടിയുടെ സൌന്ദര്യത്തില്‍ അസൂയ പൂണ്ടു പുഷ്പങ്ങള്‍ വിടരാന്‍ മടിക്കുന്നതാകും. ചിന്തകളില്‍ സ്വയം മറന്നു അയാള്‍ മുന്നോട്ട് നീങ്ങി.
***
തലകൊണ്ട് പെട്ടെന്നുള്ള ചലനങ്ങള്‍ കുറച്ചുനേരത്തേക്ക് ഒഴിവാക്കണം എന്നാണു ഡോക്ടര്‍ പറഞ്ഞത്. ചെവിപരിശോധന കഴിഞ്ഞാല്‍ ഡോക്ടര്‍മാര്‍ സാധാരണ പറയാറുള്ള വാചകം തന്നെ. പക്ഷെ സുമിത്രയുടെ തല വിശ്രമമില്ലാതെ നാല് ചുറ്റിനും പരതി നടന്നു. ഡോക്ടര്‍ക്ക് എന്ത് വേണമെങ്കിലും പറയാം. ഇനി ഇതുപോലെ ഒരു യാത്ര വേണമെങ്കില്‍ അടുത്ത ചെവിവേദന വരണം. എന്തൊരു തിരക്കാണ് നിരത്തില്‍. വീട്ടിലിരിക്കാന്‍ ആര്‍ക്കും താത്പര്യമില്ലെന്ന് തോന്നുന്നു. എന്നെപ്പോലെ ശപിക്കപ്പെട്ട ചില വീട്ടമ്മമാര്‍ മാത്രമേ ഒരു പക്ഷെ വീട്ടിലുണ്ടാകൂ. ആളുകള്‍ ജീവിക്കുന്നത് പുറത്താണ്. ഈ തിരക്കില്‍, വര്‍ണശബളമായ നിരത്തുകളില്‍, എയര്‍ കണ്ടീഷന്‍ ചെയ്ത റസ്റ്റാറന്‍റുകളില്‍, വസ്ത്രവില്പനശാലകളില്‍, ആഭരണശാലകളില്‍. വേണുവേട്ടന്‍ ഇതൊന്നും കാണുന്നില്ലേ? അഞ്ചടി മുന്നിലായി നടക്കുന്ന ഭര്‍ത്താവിനെ അവള്‍ നോക്കി. ഇല്ല, വേണുവേട്ടന്‍ ഒന്നും കാണുന്നില്ല. വീട്ടിലെത്തുക എന്നത് മാത്രമേ ആ തലയിലുള്ളൂ. ജോലി, വീട് ഈ രണ്ടു സ്ഥലങ്ങള്‍ മാത്രമേ വേണുവേട്ടന്‍റെ തലച്ചോറില്‍ തെളിയുകയുള്ളൂ. ബാക്കി എല്ലാത്തിനും നേരെ അയാള്‍ കണ്ണടയ്ക്കുകയാണ്. വിവാഹം കഴിഞ്ഞ സമയത്ത് അദ്ദേഹം ഒരിക്കലും ഇങ്ങനെയായിരുന്നില്ല. ആഴ്ചയിലൊരിക്കല്‍ പുറത്തു കൊണ്ടുപോകുമായിരുന്നു. സിനിമയ്ക്കും, പാര്‍ക്കിലുമൊക്കെ പോകുമായിരുന്നു. ഇപ്പോള്‍ ഏട്ടന്‍ വേറേതോ മനുഷ്യനായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ എന്നെ വെറുത്തതായിരിക്കുമോ. ഒരു കുഞ്ഞിനെ പോലും നല്‍കാന്‍ കഴിയാത്തവളെ വെറുത്താല്‍ അത്ഭുതപ്പെടാനുണ്ടോ?
റോഡ് മുറിച്ചു കടന്നു ബസ് സ്റ്റോപ്പിന്‍റെ ഓരം ചേര്‍ന്നു വേണു നിന്നു. അനുസരണയോടെ സുമിത്രയും ഒപ്പം നിന്നു. അവള്‍ ചുറ്റുമുള്ളവരെയെല്ലാം ശ്രദ്ധിക്കുകയായിരുന്നു. ചെറുപ്പക്കാര്‍, ദമ്പതികള്‍, കുട്ടികള്‍ എല്ലാവരും സന്തുഷ്ടരാണ്. എല്ലാവരും ജീവിതം ആഘോഷിക്കുകയാണ്. സുമിത്രയും എന്നും അത് മാത്രമേ കൊതിച്ചിട്ടുള്ളൂ ജീവിതം ആഘോഷിക്കാന്‍. അവളുടെ കണ്ണുകള്‍ ആര്‍ത്തിയോടെ നാലുപാടും കടന്നുചെന്നു. ചലിക്കുന്ന നഗരത്തിന്‍റെ നിറങ്ങളും വികാരങ്ങളും അത് ഒപ്പിയെടുത്തു. അസൂയയോടെ അവള്‍ എല്ലാം കണ്ടു നിന്നു. പെട്ടെന്ന് അവളുടെ കണ്ണുകള്‍ നിശ്ചലമായി. മുന്നിലെ കാഴ്ച കണ്ടു അവളൊന്നു പകച്ചു. പ്രധാന റോഡിനോടു ചേര്‍ന്നു തന്നെ ഒരു ഐസ്ക്രീം ഷോപ്പുണ്ട്. ഭംഗിയായി അലങ്കരിച്ച, ഓറഞ്ചുനിറത്തിലുള്ള ടേബിളുകളും ഇളംപച്ച നിറം പൂശിയ ഭിത്തികളുമുള്ള ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു ചെറിയ ഷോപ്പ്. അതിനുള്ളില്‍ പുഞ്ചിരിതൂകിയിരിക്കുന്ന സുമുഖനായ യുവാവിനെ ചില്ലുജാലകങ്ങള്‍ക്കിടയിലൂടെ സുമിത്ര തിരിച്ചറിഞ്ഞു. ‘ഷഹബാസ്! അവനോടൊപ്പം ഒരു സ്ത്രീയും കുട്ടിയുമുണ്ട്. ഭാര്യയും മകളുമാണെന്നത് വ്യക്തം. അവര്‍ സംസാരിക്കുന്നു ചിരിക്കുന്നു. സുമിത്ര പതിയെ ആള്‍ക്കൂട്ടത്തിനു പുറകിലേക്ക് മാറി. ഒരിക്കലും അവന്‍ തന്നെ കാണാന്‍ ഇടവരരുത്. തന്‍റെ അവസ്ഥ അറിയാന്‍ ഇടവരരുത്.