തങ്കച്ചന്‍ കഥകള്‍ 6

എങ്ങനെ കള്ളം പറ(യരുത്)യാം – 2

ലക്ഷ്മണന് ആകെ വെപ്രാളമായി

“എടോ, താന്‍ കാര്യമെന്താണെന്നു തെളിച്ചു പറ”

തങ്കച്ചന്‍ മുന്നോട്ടേയ്ക്കൊന്ന് ആഞ്ഞിരുന്നു, മുഖം ലക്ഷ്മണനോട് അടുപ്പിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു

“ലക്ഷ്മണനെ പുറത്തേക്ക് പറഞ്ഞു വിടാന്‍ ഭാര്യക്ക് തിടുക്കമുള്ളത് പോലെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?”

ലക്ഷ്മണന് തല കറങ്ങുന്നത് പോലെ തോന്നി. രാവിലെ ഇറങ്ങാന്‍ നേരം ‘എപ്പോ തിരിച്ചെത്തും’ എന്ന് മീന ചോദിച്ചത് ലക്ഷ്മണന്‍ ഓര്‍ത്തു. അതെ തന്‍റെ തിരിച്ചുവരവിനെ പറ്റി മാത്രം മീനക്ക് അറിഞ്ഞാല്‍ മതിയായിരുന്നു. എന്തുകൊണ്ടാണ് എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കാത്തത്? എന്തിനാണ് കൃത്യമായി തിരിച്ചു വരുന്ന സമയം ചോദിച്ചത്?

“ആ, ഞാനിപ്പോ വരാം ലക്ഷ്മണാ”

കാലിയായ പഴത്തൊലിയുമായി തങ്കച്ചന്‍ ഉള്ളിലേക്ക് പോയി.

ലക്ഷ്മണന്‍റെ മനസ്സില്‍ നിമിഷനേരം കൊണ്ട് പലവിധ ചിന്തകള്‍ തലങ്ങും വിലങ്ങും മെട്രോ റെയില്‍ തീര്‍ത്തു. മീന തന്നോട് ഈയിടെയായി കാട്ടുന്ന അകല്‍ച്ച. തങ്കച്ചന്‍ പറഞ്ഞ കാര്യങ്ങള്‍. സാബു എന്തായിരിക്കും പറഞ്ഞിട്ടുണ്ടാകുക? എന്താണ് മീന വീട്ടില്‍ തനിച്ചല്ലേ എന്ന് ചോദിക്കാന്‍ കാരണം? സംശയങ്ങള്‍ ബുള്ളറ്റ് ട്രെയിനിലേറി മെട്രോ വഴി ശരവേഗത്തില്‍ നാനാഭാഗത്തേക്കും പാഞ്ഞു. തല കത്തുന്നത് പോലെ. ഇരിപ്പുറക്കുന്നില്ല.

യാത്ര പറയാതെ ലക്ഷ്മണന്‍ ഇറങ്ങി, വീട്ടിലേക്ക് നടന്നു, അല്ല ഓടി!!

ടുക്കളപ്പണിയൊക്കെ ഒരു വിധം തീര്‍ത്ത്, കണ്ടു മതിവരാത്ത തലേന്നത്തെ സീരിയലിന്‍റെ എപ്പിസോഡ് രണ്ടാമതൊന്നു കൂടി കണ്ടാസ്വദിച്ചു കരയുകയായിരുന്നു മീന. അപ്പോഴാണ്‌ പുറത്തെ ഗേറ്റ് കരയുന്ന ശബ്ദം കേട്ടത്. മനസ്സില്ലാമനസ്സോടെ ടിവിയില്‍ നിന്നു കണ്ണുപറിച്ചു അതിഥിയെ വരവേല്‍ക്കാനായി എഴുന്നേല്‍ക്കുമ്പോഴേക്കും ലക്ഷ്മണന്‍ ഉള്ളിലെത്തി. കേറിയപാടെ ലക്ഷ്മണന്‍ വെപ്രാളത്തില്‍ മുറികളില്‍ ഓരോന്നായി ഓടിനടക്കാന്‍ തുടങ്ങി.

“എന്താ എന്ത് പറ്റി?” കാര്യമെന്തെന്ന് മനസ്സിലാകാതെ മീന ചോദിച്ചു

ലക്ഷ്മണന്‍ പെട്ടെന്ന് നിന്നു. ദേഷ്യത്തോടെ മീനയെ നോക്കി

“ഓ, ഞാന്‍ വന്നത് ഇഷ്ടപ്പെട്ടില്ലായിരിക്കും. എവിടെയാ അവന്‍ കേറി ഒളിച്ചത്?”

ബെഡ്റൂമില്‍ നിന്ന് ലക്ഷ്മണന്‍ നേരെ ബാത്ത്റൂമിലേക്ക് ഓടി അവിടെനിന്ന് ഗസ്റ്റ്റൂമിലേക്ക്. കട്ടിലിനടിയിലും, അലമാരയിലും, കതകിനു പിറകിലും നോക്കി, ആരുമില്ല. കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്ന വചനം മനസ്സില്‍ വച്ച് ഫ്രിഡ്ജിലും വാഷിംഗ് മെഷീനിലും ഷെല്‍ഫിലും നോക്കി, അവിടെയും ആളില്ല!! തന്‍റെ കെട്ടിയോന് എന്ത് പറ്റിയെന്നു മനസിലാകാതെ മീന അന്ധാളിച്ചു നിന്നു

“ആര്? ആരെയാ നിങ്ങള്‍ നോക്കുന്നേ?”

“ഞാന്‍ തന്നെ പറയണം അല്ലെ. ഒളിച്ചു കടത്തി കാണും. എങ്കിലും എന്തെങ്കിലും ഒരു തെളിവ് ദൈവം ബാക്കി വയ്ക്കും”

ലക്ഷ്മണന്‍ അടുക്കളയിലേക്ക് ഓടി. പിന്‍വാതില്‍ തുറന്ന് പുറത്തുകടന്ന്, വീടിനെ വലം വച്ച് ഓടി. പ്രദക്ഷിണം പൂര്‍ത്തിയാക്കി മുന്നിലെത്തിയപ്പോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത്

ഒരു ജോഡി ചെരുപ്പ്! താന്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ജോഡി ചെരുപ്പ്. അതും ആണുങ്ങളുടെത്

“ഇറങ്ങി വാടീ ഇവിടെ..” ലക്ഷ്മണന്‍ അലറി

കാര്യമെന്തന്നറിയാതെ മീന ഉമ്മറത്തേക്ക് വന്നു

“ആരുടേതാടീ ഈ ചെരുപ്പ്?”

“ഏത്? ഹായ്, കൊള്ളാലോ പുതിയ ചെരിപ്പ് വാങ്ങിയോ?”

“ഹൊ, എന്തൊരഭിനയം. ആരാടീ അവന്‍? ഞാന്‍ വരുന്ന കണ്ടപ്പോഴേക്കും ചെരുപ്പും കളഞ്ഞിട്ട് ഇറങ്ങി ഓടി അല്ലെ?”

“ആരുടെ കാര്യമാ മനുഷ്യാ നിങ്ങളീ പറയുന്നേ?”

“നിന്‍റെ മറ്റവന്‍റെ”

മീന പെട്ടെന്ന് നിശ്ചലയായി. ലക്ഷ്മണന്‍ അടക്കാനാവാത്ത ദേഷ്യത്തോടെ മീനയെ നോക്കി. തന്‍റെ പ്രിയതമയുടെ മുഖം കാര്‍മേഘം വന്നു മൂടുന്നത് ലക്ഷ്മണന്‍ കണ്ടു.

മീനയുടെ മുഖം കറുത്തു, പിന്നെ ചുകന്നു. കണ്ണുകള്‍ കൂര്‍ത്തു, പുരികം വളഞ്ഞു. ശ്വാസഗതി വേഗത്തിലായി. ലക്ഷ്മണന്‍റെ ദേഷ്യം പതിയെ ഭീതിക്ക് വഴിമാറി. ആയുധഭൂഷിതയായി കണ്ണ് ചുകന്നു നാക്ക് നീട്ടി നില്‍ക്കുന്ന സാക്ഷാല്‍ ഭദ്രകാളിയുടെ രൂപം ലക്ഷ്മണന്‍റെ മനസ്സില്‍ തെളിഞ്ഞു. തന്‍റെ ചിന്തയില്‍ ഉടലെടുത്ത സംശയങ്ങളെല്ലാം വെറും മിഥ്യാധാരണയായിരുന്നെന്ന് ആ നിമിഷം ലക്ഷ്മണന്‍ തിരിച്ചറിഞ്ഞു. തലയ്ക്കകത്തെ മെട്രോയും ബുള്ളറ്റ് ട്രയിനുമെല്ലാം തകര്‍ന്നടിഞ്ഞു. പകരം ഭീതിയുടെ കറുത്ത കോട്ടകള്‍ അവിടെ കെട്ടിപൊക്കപ്പെട്ടു. പക്ഷെ വൈകിപ്പോയി, ഇനി രക്ഷയില്ല.

നിന്ന നില്‍പില്‍ മീന ഒന്നു തിരിഞ്ഞു, സകലദേഷ്യവും സര്‍വ്വംസഹയായ പാവം ഭൂമി ദേവിയുടെ മാറില്‍ തീര്‍ത്ത്, ചവിട്ടിമെതിച്ചുകൊണ്ടു അകത്തേക്ക് പോയി. ഇനി എന്താണ് നടക്കാന്‍ പോകുന്നതെന്ന് ലക്ഷ്മണനറിയാം. കലവും ചട്ടിയും ഇപ്പൊ പാഞ്ഞു വരും. കഴിഞ്ഞയാഴ്ച വാങ്ങിയ പുത്തന്‍ കൊടുവാളിന്‍റെ കാര്യം ഒരു ഞെട്ടലോടെ ലക്ഷ്മണന്‍ ഓര്‍ത്തു. ഇനി ഇവിടെ നില്‍ക്കുന്നത് പന്തിയല്ല.

ലക്ഷ്മണന്‍ പതിയെ തിരിഞ്ഞു നടന്നു, ശബ്ദമുണ്ടാക്കാതെ സാവധാനം ഗേറ്റ് തുറന്നു പുറത്ത് കടന്നു. ഇടവഴിയിലേക്ക് കയറിയപ്പോഴേക്കും എതിരെ അതാ തങ്കച്ചന്‍ ഓടി വരുന്നു. ലക്ഷ്മണന് മുന്‍പിലെത്തി തങ്കച്ചന്‍ കിതച്ചു നിന്നു. ശ്വാസം എടുക്കാന്‍ കഷ്ടപ്പെട്ടുകൊണ്ട് തങ്കച്ചന്‍ പറഞ്ഞു.

“എന്തിനാ ലക്ഷ്മണാ എന്നെ ഇങ്ങനെ ഓടിക്കുന്നത്? ഞാന്‍…ഞാന്‍..”

കിതപ്പിനിടയില്‍ വാക്കുകള്‍ക്കായി തങ്കച്ചന്‍ കഷ്ടപ്പെട്ടു. ഈ സമയം കൊണ്ട് കഥ ഏകദേശം പൂര്‍ണമായും മനസ്സിലായ ലക്ഷ്മണന്‍ തങ്കച്ചന്‍റെ വചനങ്ങള്‍ പൂര്‍ത്തിയാക്കി.

“കള്ളം പറയാന്‍ പഠിപ്പിച്ചതാണ്, അല്ലെ?” 

“ആ…അതെ..ഹൊ മനസിലായല്ലോ..ഞാന്‍ കരുതി… വയ്യ ലക്ഷ്മണാ… ദാഹിക്കുന്നു. എന്തൊരു ഓട്ടമാടോ താന്‍ ഓടിയത്. ഓട്ടം കണ്ടപ്പോള്‍ ഞാന്‍ കരുതി വീട്ടിലാകെ പ്രശ്നമാക്കുമെന്ന്??….ഫോണ്‍ വിളിച്ചു എടുത്തില്ലാ..വയ്യ ലക്ഷ്മണാ ദാഹിക്കുന്നു. ഇതല്ലേ ലക്ഷ്മണന്‍റെ വീട്? വാ വീട്ടിലേക്ക് പോകാം മീനയേം പരിചയപ്പെടാം”

മുന്നോട്ടേക്ക് നീങ്ങിയ തങ്കച്ചനെ ലക്ഷ്മണന്‍ വലംകൈ നീട്ടി തടുത്തു.

“വേണ്ട, ഇപ്പൊ വേണ്ട. പിന്നീടാകാം”

“ആ പിന്നെ ലക്ഷ്മണാ, എന്‍റെ ചെരിപ്പിങ്ങ് താ. താന്‍ എന്‍റെ ചെരുപ്പും ഇട്ടോണ്ടാ ഇറങ്ങി ഓടിയത്. ദാണ്ടെ തന്റേത്”

തന്‍റെ കാലിലെ കിടന്ന ചെരിപ്പ് ലക്ഷ്മണന് മുന്നിലേക്കായി തങ്കച്ചന്‍ ഊരിയിട്ടു. ലക്ഷ്മണൻ ചെരിപ്പിലേക്ക് നോക്കി പിന്നെ ഒരു പ്രത്യേക ഭാവത്തോടെ തങ്കച്ചനെ നോക്കി.

സങ്കടം..സഹതാപം..ദേഷ്യം…സകലതും കൂടികലര്‍ന്ന ഒരു സങ്കരഭാവം!!

“ഞായറാഴ്ച ആയിട്ടും വീട്ടില്‍ ബഹളമൊന്നുമില്ലല്ലോ ലക്ഷ്മണാ. അപ്പൊ താങ്കള്‍ക്ക് കുട്ടികളില്ലായിരിക്കും അല്ലെ”

“അപ്പൊ സാബുവില്‍ നിന്ന് ഫുള്‍ ഫാമിലി ഡീറ്റയില്‍സ് അറിഞ്ഞു എന്ന് പറഞ്ഞത്? അതും കള്ളമായിരുന്നു അല്ലെ?”

തങ്കച്ചന്‍ തല കുലുക്കി.

പെട്ടെന്ന് വീട്ടിനുള്ളില്‍ അലൂമിനിയം പാത്രങ്ങള്‍ താഴെ വീഴുന്ന ശബ്ദം കേട്ടു. ലക്ഷ്മണന്‍ രണ്ടടി പിറകിലേക്ക് നീങ്ങി നിന്നു. സംശയത്തോടെ തന്‍റെ ഊഹത്തില്‍ പിഴവ് വന്നോ എന്ന ചിന്തയില്‍ തങ്കച്ചന്‍ തല ചൊറിഞ്ഞു

വായുവിലൂടെ ആദ്യം കഞ്ഞിക്കലം ഗേറ്റ് കടന്നു അവര്‍ക്കു മുന്നില്‍ ലാന്‍ഡ്‌ ചെയ്തു. പിറകെ വന്ന കറിച്ചട്ടി തറയില്‍ വീണ് ക്രാഷ് ആയി. അടുത്തതായി വന്നത് തങ്കച്ചന്‍റെ ചെരുപ്പുകളിലൊന്നാണ്‌. സന്തോഷത്തോടെ തങ്കച്ചന്‍ ഓടി പോയി താഴെവീണ ചെരുപ്പ് കൈക്കലാക്കി.

“ഒന്നും കൂടി ഉണ്ടല്ലോ അതിപ്പോ വരോ?”

ലക്ഷ്മണന്‍ മതിലിനു മുകളിലൂടെ ഒന്നെത്തി നോക്കി. ഉമ്മറത്തെ പടികളിറങ്ങുന്ന മീനയെ ഒരു നോക്ക് കണ്ടു, പിന്നെ നിന്നില്ല തിരിഞ്ഞോടി, പിറകെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് തങ്കച്ചനും ഓടി. അന്തം വിട്ട് രണ്ടുപേരും നേരെ ഓടി, മുന്നിലൊരു വളവ് കണ്ടപ്പോള്‍ വളഞ്ഞോടി, മഴപെയ്ത ചാല് കണ്ടപ്പോള്‍ ചാടിയോടി. ആക്രമണപരിധിയില്‍ നിന്ന് രക്ഷപ്പെട്ടു എന്നുറപ്പായപ്പോള്‍ ലക്ഷ്മണന്‍ നിന്നു. തൊട്ടു പിന്നിലായി കയ്യിലൊരു ചെരിപ്പും പിടിച്ചുകൊണ്ടു തങ്കച്ചനും ഫിനിഷ് ചെയ്തു.
തങ്കച്ചനോട് പറയാനായി മനസ്സില്‍ നല്ലൊരു മലയാളശ്ലോകം ഓര്‍ത്തെടുക്കുമ്പോഴേക്കുമാണ് ലക്ഷ്മണന്‍ അത് കണ്ടത്.
അവര്‍ക്ക് എതിരെ അതാ വേറൊരാള്‍ ഓടിവരുന്നു..ശോശാമ്മ ചേട്ടത്തി!!

സംശയത്തോടെ ലക്ഷ്മണന്‍ തങ്കച്ചനെ നോക്കി

“ഇനി ഇവരെന്തിനാ ഓടി വരുന്നത്. ഇവരോടും കള്ളം വല്ലതും പറഞ്ഞാരുന്നോ??”. ഇനിയും ഒരു പലായനത്തിനുള്ള ആരോഗ്യം തന്നിലില്ലെന്നു മനസിലാക്കി ലക്ഷ്മണന്‍ ചോദിച്ചു. മറുപടിയായി തങ്കച്ചന്‍ നിഷ്കളങ്കമായ മോന്തായത്തോടെ നിഷേധഭാവത്തില്‍ തലയാട്ടി.

ശോശാമ്മ ഓടി കിതച്ചു കാലന്‍ കുടയും തറയില്‍ കുത്തി നിന്നു.

“ത..തങ്കച്ചാ നാരായണന്‍ നമ്പൂതിരിയെ കാണാനില്ല?”

(തുടരും..)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s