തങ്കച്ചന്‍ കഥകള്‍ 5

എങ്ങനെ കള്ളം പറ(യരുത്)യാം – 1

ലത്തോട്ടു തിരിഞ്ഞു, കണ്ണുകള്‍ ഇറുക്കിയടച്ചു, രക്ഷയില്ല. ഇടത്തോട്ടു തിരിഞ്ഞു, അതേ ഗതി തന്നെ. കമിഴ്ന്നു കിടന്നു, അതും രക്ഷയില്ല. യാതൊന്നും വിലപ്പോകുന്നില്ല. കണ്ണുകളടച്ചാല്‍ മുന്നില്‍ ആ കഷണ്ടിയുടെ മുഖം മാത്രം, തങ്കച്ചന്‍റെ! അയാള്‍ പറഞ്ഞതൊക്കെ ശരിയാണ്, തനിക്കെന്താ അങ്ങനെ തോന്നാഞ്ഞത്? നമ്പൂതിരി വെള്ളമടിച്ചു പശുവിനെ നായരുടെ വീട്ടില്‍ കൊണ്ട് കെട്ടി. സംഗതി സിമ്പിള്‍! എന്നിട്ടും തനിക്കെന്താ അത് തോന്നാഞ്ഞത്? ലക്ഷ്മണന്‍ വീണ്ടും വലത്തേക്ക് ചരിഞ്ഞു. തൊട്ടടുത്ത് കിടന്ന പ്രിയതമ സഹികെട്ടു “നിങ്ങള്‍ക്കെന്താ മനുഷ്യാ കൃമികടിയാണോ? ബാക്കിയുള്ളവരെ ഉറങ്ങാനും സമ്മതിക്കില്ലേ?”

“എന്‍റെ പൊന്നു മീനേ, ഞാനെന്തു ചെയ്യാനാ? എനിക്കുറക്കം വരുന്നില്ല”

“ആണോ? എന്നാല്‍ ഒരു കാര്യം ചെയ്യാം,..”

സഹധര്‍മ്മിണിയുടെ വാക്കുകള്‍ ലക്ഷ്മണന്‍റെ കാതില്‍ അലയടിച്ചു, കഷണ്ടിയുടെ മുഖം മാഞ്ഞു, പകരം പരീക്ഷണാടിസ്ഥാനത്തിലുള്ള പല മുറകളും മനസ്സില്‍ ദൃശ്യമായി. നവോന്മേഷതോടെ ലക്ഷ്മണന്‍ കണ്ണ് തുറന്നു. ഹൊ, ഉറക്കം പോയത് കൊണ്ട് അങ്ങനെ ഒരു ഗുണമുണ്ടായല്ലോ. ആശയുടെ പുതുനാമ്പുകളുമായി ലക്ഷ്മണന്‍ ഭാര്യക്ക് നേരെ തിരിഞ്ഞു. മേശവലിപ്പില്‍ നിന്ന് ‘സെടെരോം’ ടാബ്ലറ്റുമായി മീനയും തിരിഞ്ഞു.

“ദാ ഇത് കഴിച്ചിട്ട് കിടന്നോ. എപ്പോ ഉറങ്ങീന്നു ചോദിച്ചാ മതി”

“എന്താ ഇത്?”

“ഉറക്ക ഗുളിക”

ഗുളിക മുഖത്തിനു നേരെ ഉയര്‍ത്തി പിടിച്ചു ലക്ഷ്മണന്‍ സൂക്ഷിച്ചു നോക്കി. തന്‍റെ ദാമ്പത്യത്തിന്‍റെ കൗമാരകാലം കഴിഞ്ഞു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് കയ്യിലുള്ള സെടരോം ടാബ്ലെട്ടുകള്‍ എന്ന് ലക്ഷ്മണന് തോന്നി. മീനക്ക് ഇപ്പൊ പഴയ സ്നേഹമൊന്നുമില്ല, എന്തോ ഒരു അകല്‍ച്ച പോലെ. ലക്ഷ്മണന്‍ കണ്ണുകളടച്ചു, വീണ്ടും കഷണ്ടിത്തല. കണ്ണുതുറന്നു, ടാബ്ലെട്ടുകളിലൊന്നു പുറത്തെടുത്ത് രണ്ടാമതൊന്നു ആലോചിക്കാതെ വിഴുങ്ങി, ശേഷം മീനയുടെ കൂര്‍ക്കം വലിക്ക് തന്റേതായ ഒരു കോറസ് നല്‍കിക്കൊണ്ട് നിദ്രയുടെ സംഗീതം പൂര്‍ണമാക്കി.

***

ലേന്നത്തെ ഗുളികയുടെ പ്രഭാവത്തിലാകണം, ലക്ഷ്മണന്‍ കുറച്ചധികം ഉറങ്ങി. ഉണര്‍ന്നപാടെ ആദ്യം തീരുമാനിച്ചത് തങ്കച്ചനെ കാണണമെന്നാണ്. അവധി ദിവസമാണ്, അതുകൊണ്ടു തന്നെ ജോലിത്തിരക്കുകളൊന്നും തന്നെയില്ല. പല്ലുതേക്കലും കാപ്പികുടിയും തപസ്സിരിക്കലുമെല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു. ഇതിലൊന്നും ശ്രദ്ധിക്കാതെ മീന അടുക്കളരാജ്യത്തിന്‍റെ ഭരണത്തില്‍ വ്യാപൃതയാണ്. ഷര്‍ട്ടും പാന്റ്സും വലിച്ചുകേറ്റി പുറത്തിറങ്ങാന്‍ നേരം അടുക്കളയില്‍ നിന്ന് ചോദ്യം വന്നു

“എപ്പോഴാ വരിക?”

എങ്ങോട്ടാണെന്ന് ചോദിച്ചില്ല, എപ്പോ വരുമെന്ന് മാത്രം അറിഞ്ഞാല്‍ മതി. സംശയിക്കേണ്ട പ്രിയതമയ്ക്ക് സ്നേഹം കുറയുന്നുണ്ട്. എന്തായാലും ഇപ്പോ ഒരു കുടുംബകലഹത്തിനു സമയമില്ല, ഉച്ചയ്ക്കെത്തും എന്നൊരു സമാധാനം പറഞ്ഞിട്ട് ലക്ഷ്മണന്‍ യാത്ര തിരിച്ചു.

***

മ്മറത്ത് ഒരു ദിവാന്‍കോട്ടും വലിച്ചിട്ട് അതില്‍ ചാരി കിടപ്പാണ് തങ്കച്ചന്‍. കേറിച്ചെന്നപാടെ ഔപചാരികതകള്‍ ഒന്നുമില്ലാതെ ഉറ്റ സുഹൃത്തുക്കളെ പോലെ ഇരുവരും സംഭാഷണത്തിലേക്ക് കടന്നു.

“ആകെ ബോറടിച്ച് ഇരിക്കുകയായിരുന്നു. ഇനിയിപ്പോ കൂട്ടായല്ലോ”

പെട്ടെന്ന് ആതിഥ്യമര്യാദ ഓര്‍മ്മ വന്നതുപോലെ തങ്കച്ചന്‍ പറഞ്ഞു.

“ലക്ഷ്മണന്‍ ഇരിക്ക് ഞാനിപ്പോ വരാം”

“അയ്യോ, ചായയൊന്നും എടുക്കേണ്ട”

അത് കേള്‍ക്കാത്ത ഭാവത്തില്‍ തങ്കച്ചന്‍ അകത്തേക്ക് പോയി. പെട്ടെന്ന് തന്നെ തിരിച്ചും വന്നു. പക്ഷെ കയ്യില്‍ ചായയില്ല, പകരം നല്ല വലുപ്പത്തില്‍ മൂപ്പെത്തിയ രണ്ട് ഏത്തപ്പഴം.

പഴങ്ങളിലൊന്നു തങ്കച്ചന്‍ ലക്ഷ്മണന് നേരെ നീട്ടി.

“ദാ”

“ഇതെന്താദ് പഴമോ”

“അതെ ഏത്തപ്പഴം, റിച്ച് ഇന്‍ പൊട്ടാസ്യം ആന്‍ഡ്‌ ഫൈബര്‍. ഇതാണ് തങ്കച്ചന്‍റെ ആതിഥ്യമര്യാദ”

ലക്ഷ്മണന്‍ തങ്കച്ചന്‍റെ മുഖത്തേക്ക് നോക്കി പിന്നെ കയ്യിലിരുന്ന പഴത്തിലേക്കും

“സംശയിക്കേണ്ട ലക്ഷ്മണാ, നാടനാ. നാട്ടില്‍ നിന്നും കൊണ്ട് വന്നതാ”

പഴത്തിലും അതിനോടൊപ്പം തങ്കച്ചന്‍റെ വായില്‍ നിന്ന് കിട്ടിയ ആ പിടിവള്ളിയിലും ലക്ഷ്മണന്‍ ഒരേ സമയം പിടി മുറുക്കി.

“ആ നാടിനെ പറ്റി പറഞ്ഞപ്പോഴാ. തങ്കച്ചന് നാട്ടില്‍ ആരൊക്കെയുണ്ട്?”

വളരെ ശ്രദ്ധിച്ച് തന്‍റെ കയ്യിലുള്ള ഏത്തപഴത്തിന്‍റെ തൊലികള്‍ ഉരിയുന്നതിനിടയില്‍ തങ്കച്ചന്‍ പറഞ്ഞു

“ഞാന്‍ പറഞ്ഞില്ലേ ലക്ഷ്മണാ, ഒറ്റയാനാ. എടുത്തുപറയാന്‍ തക്കവണ്ണം ബന്ധുക്കളും ഒന്നുമില്ല, പിന്നെ ചുരുക്കം ചില സുഹൃത്തുക്കളുണ്ട്”

പഴമൊന്നു കടിച്ച് കണ്ണുകളടച്ച് തങ്കച്ചന്‍ ആസ്വദിച്ച് രുചിച്ചു. കണ്ണു തുറന്നപ്പോള്‍ കണ്ടത് തന്നെയും തുറിച്ചു നോക്കിയിരിക്കുന്ന ലക്ഷ്മണനെയാണ്.

“എ..എന്താ ലക്ഷ്മണാ ഇങ്ങനെ നോക്കുന്നത്?”

“താങ്കള്‍ പറയുന്നതില്‍ ഏതാണ് സത്യം, ഏതാണ് കള്ളം എന്നറിയാന്‍ പറ്റില്ലല്ലോ, അതുകൊണ്ട് ഞാന്‍ നിരീക്ഷിക്കുകയായിരുന്നു”

തങ്കച്ചന്‍ പൊട്ടിച്ചിരിച്ചു, കുമ്പ കുലുക്കി ചിരിച്ചു. ഇരുന്ന ദിവാന്‍കോട്ടിന്നും ചെറിയൊരു ഇളക്കം ഉണ്ടായെന്നു ലക്ഷ്മണന് തോന്നി.

ചിരി നിര്‍ത്താന്‍ പാട് പെടുന്നതിനിടയില്‍ തങ്കച്ചന്‍ ചോദിച്ചു

“എന്നിട്ട് എന്തെങ്കിലും കണ്ടുപിടിച്ചോ…ഹ ഹ ഹ..” 

ലക്ഷ്മണന്‍ മറുപടിയൊന്നും പറഞ്ഞില്ല. കളിയാക്കികൊണ്ടാണെങ്കിലും കുമ്പ കുലുക്കിയുള്ള ആ ചിരി കാണാന്‍ ഒരു രസമുണ്ട്. ചിരിയൊന്നണഞ്ഞപ്പോള്‍ തങ്കച്ചന്‍ പഴത്തെ രണ്ടാമതൊന്നു കൂടി ആക്രമിച്ചു,

“ലക്ഷ്മണാ കള്ളം പറയുക എന്നത് ഒരു കലയാണ്‌. പ്രത്യേകിച്ചും അത് നല്ലതിന് വേണ്ടിയാകുമ്പോള്‍. താങ്കളെപ്പോലെ ശുദ്ധഹൃദയമുള്ളവര്‍ക്ക് ഈ കല വഴങ്ങില്ല. അതിനങ്ങനെ വിഷമി…”

പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പേ ലക്ഷ്മണന്‍ ചാടി വീണു

“ആര് പറഞ്ഞു വഴങ്ങില്ലാന്ന്? ഒരു കള്ളം പറയാനുള്ള കഴിവൊക്കെ എനിക്കുണ്ട്”

“ആണോ. എന്നാല്‍ ഞാന്‍ ഒന്ന് ചോദിക്കട്ടെ. താങ്കള്‍ എപ്പോഴെങ്കിലും താങ്കളുടെ ഭാര്യയെ ഒരു കള്ളം പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ടോ?”

ലക്ഷ്മണന്‍റെ മനസ്സില്‍ പലവിധ രംഗങ്ങള്‍ മിന്നിമാഞ്ഞു. കഴിഞ്ഞ മാസം സിനിമക്ക് പോയിട്ട് കള്ളം പറഞ്ഞതിന് മീന ഒരു ആഴ്ചയാണ് വിലക്ക് പ്രഖ്യാപിച്ചത്. സ്കൂളില്‍ പണിയുണ്ടെന്ന്‍ പറഞ്ഞു ഒരു ടൂര്‍ പരിപാടി മാറ്റിവച്ചതിന് ചപ്പാത്തികുറ്റി മുതുകില്‍ വീണത് ലക്ഷ്മണന്‍ ഓര്‍ത്തു. അറിയാതെ കൈ മുതുകിലെക്ക് നീണ്ടു. അതെ ഇപ്പോഴും തത്സ്ഥാനത്ത് ചെറിയ തിണര്‍പ്പ് ഉണ്ട്. യാതൊരു കാരണവശാലും ഇതൊന്നും തങ്കച്ചനു മനസ്സിലാവരുത്, കള്ളം പറഞ്ഞു തന്നെ തന്‍റെ കഴിവ് തെളിയിച്ചേക്കാം

“പിന്നേ, എത്രതവണ. ഇപ്പൊ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നെന്നു പറഞ്ഞാ വീട്ടില്‍ നിന്നിറങ്ങിയത്, ഹ ഹ ”

“ങേ, അതെന്തിന്?”

“അത്…” ലക്ഷ്മണന് ഉത്തരം മുട്ടി. ആവേശം കുറച്ച് കൂടിപ്പോയോ?

തങ്കച്ചന്‍ വീണ്ടും കുമ്പ കുലുക്കി ചിരി തുടങ്ങി. ഇത്തവണ ലക്ഷ്മണന് അരിശം വന്നു

“അങ്ങനെ കളിയാക്കുകയൊന്നും വേണ്ട, നിങ്ങള്‍ അത്ര വിദ്വാന്‍ ആണെങ്കില്‍ ഒരു കാര്യം ചെയ്യാം. ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം അത് സത്യമാണോ കള്ളമാണോ എന്ന് കണ്ടുപിടിക്കൂ”

“ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ ലക്ഷ്മണാ”

“എന്ത് ആലോചിക്കാന്‍? തോല്‍ക്കുമെന്ന് പേടിച്ചിട്ടാണോ?”

“എന്നാല്‍ ശരി, ആ വെല്ലുവിളി ഞാന്‍ സ്വീകരിച്ചിരിക്കുന്നു”

“ശരി എന്നാല്‍ പറയൂ, എനിക്ക് രണ്ടു കുട്ടികളുണ്ട് ശരിയോ തെറ്റോ?”

“അയ്യേ എന്താ ലക്ഷ്മണാ ഇത്? ഇതൊക്കെയാണോ ചോദിക്കുന്നത്. ചോദ്യത്തിന് ഒരു നിലവാരം വേണ്ടേ. ലക്ഷ്മണന്‍റെ ഫുള്‍ ഫാമിലി ഡീറ്റയില്‍സ് ഞാന്‍ സാബുവില്‍ നിന്ന് മനസിലാക്കിയിട്ടുണ്ട്. അതൊന്നും അറിയാതെയാണോ ഒരു വീട്ടില്‍ വാടകക്ക് വരുന്നത്”

“എന്നാല്‍ ശരി, വേറൊന്ന് ചോദിക്കാം”

ഒരു നിമിഷത്തെ വിചിന്തനത്തിനു ശേഷം ലക്ഷ്മണന്‍ പറഞ്ഞു

“ഞാനൊരു യുപി സ്കൂള്‍ അധ്യാപകനാണെന്ന് തങ്കച്ചനു അറിയാമല്ലോ”

“അറിയാം”

“എന്നാല്‍ പറ എന്ത് വിഷയമാണ് ഞാന്‍ പഠിപ്പിക്കുന്നത്”

“ഹെ, അതൊരു ചോദ്യമല്ലേ. കള്ളമല്ലല്ലോ”

പെട്ടെന്ന് എന്തോ പറയാന്‍ തുനിഞ്ഞ ലക്ഷ്മണനെ തടസ്സപ്പെടുത്തികൊണ്ട് തങ്കച്ചന്‍ തുടര്‍ന്നു.

“…പിന്നെ ലക്ഷ്മണന്‍ ചോദിച്ച സ്ഥിതിക്ക് നമുക്ക് നോക്കാം. ആട്ടെ ഏതൊക്കെ വിഷയങ്ങളാണ് സ്കൂളില്‍ പഠിപ്പിക്കുന്നത്”

“ഹെ..അയ്യേ അതറിയില്ലേ. എന്നാല്‍ ഞാന്‍ പറയാം ഗണിതം, ശാസ്ത്രം, മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം”

“രാഷ്ട്രഭാഷ പറഞ്ഞില്ല. അപ്പോള്‍ അതിന്‍റെ ആളല്ല എന്ന് മനസ്സിലായി”

തങ്കച്ചന്‍ പെട്ടെന്ന് മുന്നോട്ടാഞ്ഞു. ലക്ഷ്മണന്‍റെ കണ്ണുകളിലേക്ക് തുറിച്ചുനോക്കി.

“വിഷയങ്ങള്‍ ഒന്ന് കൂടി ആവര്‍ത്തിക്കാമോ, സാവധാനം”

സ്കൂള്‍ കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കുന്ന ഹെഡ്മാസ്റ്ററിന്‍റെ മുഖമാണ് തങ്കച്ചന്‍റെ നോട്ടം കണ്ടപ്പോള്‍ ലക്ഷ്മണന് ഓര്‍മ്മ വന്നത്. ലക്ഷ്മണന്‍ സാവധാനം പറഞ്ഞു തുടങ്ങി

“ഗണിതം……..മലയാളം………ഇംഗ്ലീഷ്……”

താന്‍ ഓരോ വിഷയവും പറയുന്നതനുസരിച്ച് തങ്കച്ചന്‍റെ കണ്ണുകള്‍ ചെറുതായി വരുന്നത് പോലെ ലക്ഷ്മണന് തോന്നി. പറഞ്ഞു കഴിഞ്ഞപ്പോള്‍ വീണ്ടും ഒന്ന് കൂടി ആവര്‍ത്തിക്കാനുള്ള തങ്കച്ചന്‍റെ ആവശ്യം ലക്ഷ്മണന്‍ അനുസരിച്ചു.

എല്ലാം കഴിഞ്ഞു തങ്കച്ചന്‍ ദിവാന്‍ കോട്ടിലെക്ക് ഒന്ന് ചാരി. ഇപ്പോഴും നോട്ടം ലക്ഷ്മണന്‍റെ മുഖത്ത് തന്നെ.

“സത്യം പറയാമല്ലോ ലക്ഷ്മണാ, ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. താങ്കള്‍ ഒരു കണക്കു മാഷോ മലയാളം മാഷോ ആയിരിക്കും എന്നാണു ഞാന്‍ കരുതിയത്..” ഒന്ന് നിര്‍ത്തിയിട്ട് ഭാവഭേദങ്ങള്‍ക്ക് വേണ്ടി തങ്കച്ചന്‍ അപരന്‍റെ മുഖം ഒന്നുഴിഞ്ഞു നോക്കി. പിന്നെ തുടര്‍ന്നു

“പക്ഷെ ശാസ്ത്രം…”

ലക്ഷ്മണന്‍ ഞെട്ടി, ശരിക്കും ഞെട്ടി. ഇനിയിപ്പോ കേളു നായര് പറഞ്ഞ പോലെ മന്ത്രവിദ്യ വല്ലതുമാണോ?

“അപ്പൊള്‍ ശാസ്ത്രാധ്യാപകനാണ് താങ്കള്‍”

ലക്ഷ്മണന്‍ മൌനിയായി. ഇപ്പോഴും തങ്കച്ചനെ അംഗീകരിക്കാന്‍ ആകുന്നില്ല. ഒരു പക്ഷെ വീട്ടുടമയെ പരിചയപ്പെടുത്തിയപ്പോള്‍ സാബു പറഞ്ഞുകൊടുത്തതാകാം. പക്ഷെ, തന്‍റെ അധ്യാപന വിഷയം സാബുവിന് അറിയാമോ? സംശയമാണ്. യുപി സ്കൂളിലെ അധ്യാപകനാണെന്ന് മാത്രമേ അറിയാന്‍ തരമുള്ളൂ. അതില്‍ കൂടുതല്‍ അറിയേണ്ട ആവശ്യം അയാള്‍ക്കില്ല.

ലക്ഷ്മണന്‍റെ മനസ്സ് വായിച്ചിട്ടെന്നപോലെ തങ്കച്ചന്‍ പറഞ്ഞു

“എന്തൊരു അവിശ്വാസിയാണ് ലക്ഷ്മണാ താങ്കള്‍. ഒരു ശാസ്ത്രാധ്യാപകന്‍ ഒരിക്കലും, ശാസ്ത്രാധിഷ്ടിതമായ ഒരു രീതിയെ ഇങ്ങനെ തള്ളിപ്പറയാന്‍ പാടില്ല”

“ശാസ്ത്രാധിഷ്ടിതമായ രീതിയോ? അതെങ്ങനെ? വെറും ഊഹാപോഹങ്ങള്‍ എങ്ങനെ ശാസ്ത്രാധിഷ്ടിതമായ രീതിയാകും?”

“ലക്ഷ്മണന്‍ പോളിഗ്രാഫ് എന്നൊരു ടെസ്റ്റിനെ പറ്റി കേട്ടിട്ടില്ലേ. ഒരാള്‍ കള്ളം പറയുകയാണോ അല്ലയോ എന്ന് കണ്ടെത്താനുള്ള ടെസ്റ്റ്‌. കള്ളം പറയുമ്പോള്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ റെക്കോര്‍ഡ്‌ ചെയ്താണ് പോളിഗ്രാഫ് ടെസ്റ്റ് കള്ളം തെളിയിക്കുന്നത്. ഉദാഹരണത്തിന് രക്തസമ്മര്‍ദത്തിലുള്ള വ്യത്യാസം, ശ്വാസോച്ഛാസത്തിലെ വ്യതിയാനങ്ങള്‍ എന്നിങ്ങനെ. ”

ഒന്ന് നിര്‍ത്തി ഒരു കഷ്ണം പഴം കൂടി അകത്താക്കികൊണ്ട് തങ്കച്ചന്‍ തുടര്‍ന്നു.

“മുഖം മനസ്സിന്‍റെ കണ്ണാടി എന്ന് പറയാറില്ലേ. അത് വെറുമൊരു പഴമൊഴി മാത്രമല്ല, ശാസ്ത്രത്തിന്‍റെ പിന്‍ബലമുണ്ടതിന്. നമ്മുക്കിഷ്ടപെട്ടതോ മനസ്സില്‍ വിചാരിക്കുന്നതോ ആയ കാര്യം പ്രത്യക്ഷത്തില്‍ വരുമ്പോള്‍ നമ്മുടെ മുഖത്തെ മാംസപേശികള്‍ അയയും, കണ്ണിന്‍റെ ഐറിസ് വികസിക്കും. ഒരു പഠിച്ച കള്ളനു പോലും ഇതൊക്കെ നിയന്ത്രണവിധേയമാക്കുക ശ്രമകരമാണ്. അപ്പൊ പിന്നെ ലക്ഷ്മണനെ പോലുള്ള ഒരു ശുദ്ധഹൃദയന്‍റെ കാര്യം പറയണോ? അതാണ്‌ ലക്ഷ്മണനോട്‌ ഞാന്‍ വിഷയങ്ങള്‍ ഓരോന്നും പറയാന്‍ ആവശ്യപ്പെട്ടത്. സ്വന്തം വിഷയം പറഞ്ഞപ്പോള്‍ ലക്ഷ്മണന്‍റെ മുഖത്തുണ്ടായ വ്യതിയാനങ്ങള്‍ ഞാന്‍ മനസ്സിലാക്കി. പിന്നെ ഒന്ന് ഉറപ്പു വരുത്താനായി ഞാനും ചില വിഷയങ്ങളുടെ പേര് ആവര്‍ത്തിച്ചു. അവസാനം സംശയമുള്ള വിഷയവും പറഞ്ഞു. ലക്ഷ്മണന്‍റെ മുഖത്ത് അപ്പോഴുണ്ടായ ആ ഞെട്ടലില്‍ നിന്ന് കാര്യങ്ങളൊക്കെ തന്നെ വെളിവാകുകയും ചെയ്തു”

ലക്ഷ്മണന്‍ എല്ലാം കേട്ടിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ തങ്കച്ചന്‍ എന്ത് പറഞ്ഞാലും വിശ്വസിക്കില്ല എന്നൊരു തീരുമാനം ലക്ഷ്മണന്‍ എടുത്തിരുന്നു. അതുകൊണ്ടുതന്നെ തങ്കച്ചന്‍റെ കഴിവ് ഒന്നുകൂടി പരിശോധിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.

“എന്നാല്‍ ഒരു കാര്യം ചെയ്യാം ഒരിക്കല്‍ കൂടി നോക്കാം. ഇത്തവണ എന്‍റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ. തങ്കച്ചന്‍ പറ എന്‍റെ ക്ലാസ്സില്‍ എത്ര കുട്ടികളുണ്ട്. കുറച്ച് വിഷമമാണ്, അതുകൊണ്ട് ഒരു ചെറിയ ക്ലൂ തരാം 30നും 40നും ഇടയിലാണ്”

“ഓഹ്, ലക്ഷ്മണന്‍ ഇത് കുറച്ചധികം എളുപ്പമാക്കി കളഞ്ഞല്ലോ. ഓക്കേ, എന്തായാലും നോക്കാം എന്‍റെ കണ്ണില്‍ തന്നെ സൂക്ഷിച്ചു നോക്കിക്കോ”

ലക്ഷ്മണന്‍ കുഴിക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ആ കണ്ണുകളിലേക്ക് നോക്കി. തങ്കച്ചന്‍ എണ്ണാന്‍ ആരംഭിച്ചു “30……”

തന്‍റെ നെഞ്ചില്‍ ചെറിയൊരു പെരുമ്പറ കൊട്ട് ഉടലെടുക്കുന്നത് പോലെ ലക്ഷ്മണനു തോന്നി. 34 അതാണ് തന്‍റെ നമ്പര്‍, ഒരു കാരണവശാലും തങ്കച്ചനു മനസിലാകരുത്.

“…..31…..”

പെരുമ്പറക്ക് വേഗം കൂടി. ഇല്ലാ സാരമില്ല മുഖത്തില്‍ വ്യത്യാസം വരാതിരുന്നാല്‍ മതി. തങ്കച്ചന്‍റെ കണ്ണുകള്‍ വീണ്ടും ചെറുതാകുന്നു. ലക്ഷ്മണന്‍ ദീര്‍ഘമായി നിശ്വസിച്ചു

“……32……”

പെരുമ്പറ വീണ്ടും ഗിയര്‍ മാറ്റി. നെറ്റിയില്‍ വിയര്‍പ്പ് കണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ? ലക്ഷ്മണന്‍ പെട്ടെന്ന് കൈ കൊണ്ട് നെറ്റി തുടച്ചു. ഇമവെട്ടാതെ തങ്കച്ചന്‍റെ നോട്ടം. ഹൊ കാലമാടന്‍ ഒരു നിമിഷത്തേക്ക് കണ്ണടച്ചിരുന്നെങ്കില്‍ എന്ന് ലക്ഷ്മണന്‍ ആഗ്രഹിച്ചു.

“……33……..”

ഹൊ വയ്യ. നെഞ്ചിടിക്കുന്നത് ഇപ്പോള്‍ വളരെ വ്യക്തമായി കേള്‍ക്കാം. മുഖമാകെ വിയര്‍പ്പുകണങ്ങള്‍ കൊണ്ട് നിറഞ്ഞു. കല്യാണം കഴിക്കാന്‍ നേരം പോലും ഇങ്ങനെ പേടിച്ചിട്ടില്ല. കയ്യിലൊക്കെ ചെറിയ വിറയല്‍ ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. മുഖത്തെ മാംസപേശികളും ചെറുതായി പ്രകമ്പനം കൊണ്ട് തുടങ്ങി. അടുത്തത് 34, ഈശ്വരാ മനസ്സിലാകല്ലേ

“…..34…….”

പോയി എല്ലാം കയ്യിന്നു പോയി. കയ്യും കാലും വിറക്കുന്നു. കുളി കഴിഞ്ഞെത്തിയ പോലെ വിയര്‍ക്കുന്നു. തന്‍റെ അനുവാദമില്ലാതെ മുഖത്തെ മാംസപേശികള്‍ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നുണ്ട്

തങ്കച്ചന്‍ തന്‍റെ മുന്‍പില്‍ നടക്കുന്ന കഥകളി രംഗം അന്തം വിട്ടു നോക്കിനിന്നു. ഇങ്ങനെയും മനുഷ്യരുണ്ടോ? തങ്കച്ചന്‍ താടിക്ക് കൈ കൊടുത്തു

വിട്ടുകൊടുക്കാന്‍ ലക്ഷ്മണന്‍ തയ്യാറല്ലായിരുന്നു. വിറയാര്‍ന്ന ശബ്ദത്തോടെ അയാള്‍ ചോദിച്ചു “…എ….എന്താ…..എണ്ണ…എണ്ണാത്തെ? തോറ്റോ”

സഹതാപത്തോടെ തങ്കച്ചന്‍ ലക്ഷ്മണനെ നോക്കി

“ഞാന്‍ തന്നെ പറയണമല്ലേ, പറയാം 34 കുട്ടികള്‍…”

സഹതാപത്തോടെ തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു

“…ലക്ഷ്മണന്‍ ഇരിക്ക് ഞാന്‍ കുറച്ച് വെള്ളം എടുത്തുകൊണ്ട് വരാം”

“ആയിക്കോട്ടെ.” ലക്ഷ്മണന്‍ തളര്‍ന്ന് കസേരയിലേക്ക് ചാഞ്ഞു..


രു മൊന്ത വെള്ളവും ഒരു ടവ്വലുമായി തങ്കച്ചനെത്തി. ലക്ഷ്മണന്‍ വെള്ളം കുടിച്ചു, ടവ്വല്‍ മേടിച്ച് മുഖം തുടച്ചു. വീണ്ടും കസേരയിലേക്ക് ചാഞ്ഞു. അഞ്ചു മിനുറ്റത്തെ വിശ്രമത്തിന് ശേഷം തന്‍റെ ജാള്യത മറയ്ക്കാനെന്നവണ്ണം പറഞ്ഞു

“പെട്ടെന്ന് ഇങ്ങനെ ചോദിച്ചതു കൊണ്ട് പറ്റിയതാ. അല്ലെങ്കില്‍ ഞാന്‍ നന്നായി കള്ളം പറയുന്നതാ. പെട്ടെന്ന് ചോദിച്ചാല്‍ താങ്കള്‍ക്കും തെറ്റില്ലേ. അടി തെറ്റിയാല്‍ ആനയും വീഴും എന്നല്ലേ”

“ഹ..ഹാ. അതൊന്നും സാരമില്ല. എങ്ങനെ ഒരു നല്ല കള്ളം പറയണമെന്ന് ലക്ഷ്മണന് ഞാന്‍ പഠിപ്പിച്ചു തരാം, സമയമാവട്ടെ”

ഒരു നിമിഷത്തെ ചിന്തക്ക് ശേഷം തങ്കച്ചന്‍ കുശലസംഭാഷണങ്ങളിലെക്ക് കടന്നു.

“അവധി ദിവസമായിട്ട് ലക്ഷ്മണന് യാത്രയൊന്നും ഇല്ലേ?”

“എന്ത് യാത്ര?”

“അല്ല ഭാര്യയുമായിട്ട് എന്തെങ്കിലും ചുറ്റികറക്കം. സിനിമ, ബീച്ച് അങ്ങനെയെന്തെങ്കിലും”

ലക്ഷ്മണന്‍ തലേ രാത്രിയിലെയും രാവിലത്തെയും സംഭവങ്ങളെ പറ്റി ആലോചിച്ചു. ദീര്‍ഘമായി ഒന്നു നിശ്വസിച്ചു

“എന്ത് യാത്ര. മീനക്ക് ഇപ്പൊ യാത്രയുടെയൊന്നും ആവശ്യമില്ല”

“എന്തു പറ്റി. എന്തെങ്കിലും സൗന്ദര്യപിണക്കത്തിലാണോ”

ആ ചോദ്യം ലക്ഷ്മണനെന്തോ ദഹിച്ചില്ല. തികച്ചും വ്യക്തിപരമായ ചോദ്യം? വെറും രണ്ട് ദിവസത്തെ പരിചയം വച്ച് ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ പാടുണ്ടോ? സ്വന്തം കാര്യം വിട്ടുപറയാന്‍ മടി, എന്നാല്‍ മറ്റുള്ളവരുടെ കുടുംബകാര്യങ്ങള്‍ അറിയുകയും വേണം. അങ്ങനെ വിട്ടാല്‍ പറ്റില്ല, ചെറിയൊരു ഡോസ് കൊടുത്തേക്കാം

“അതേ പറ്റി പറഞ്ഞാല്‍ തങ്കച്ചനു മനസ്സിലാകില്ല. ഈ കള്ളം പറയുന്ന പോലെ എളുപ്പമുള്ള കാര്യമല്ല കുടുംബജീവിതം. ഹാ…”

ആ തരംതാഴ്ത്തല്‍ തങ്കച്ചനു നൊന്തു. ഒന്നാലോചിച്ചിട്ട് തങ്കച്ചന്‍ പറഞ്ഞു.

“സാബു ചെറുതായി സൂചിപിച്ചിരുന്നു”

“എന്ത്?”

“അല്ല നിങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്നത്തെപറ്റി”

“എ…എന്ത് പ്രശ്നം?”

“അത്…….ഇപ്പൊ ഭാര്യ ലക്ഷ്മണനെ അവഗണിക്കുന്നതായി ലക്ഷ്മണന് തോന്നാറില്ലേ”

“അതെ……..അത് സാബുവെങ്ങനെ…..അയാള്‍ എന്താ പറഞ്ഞത്”

“അത് ലക്ഷ്മണന് മനസിലായിക്കാണുമല്ലോ. ഇപ്പൊ ഭാര്യ വീട്ടില്‍ തനിച്ചല്ലേ?”

ലക്ഷ്മണന്‍ ഒന്ന് ഞെട്ടി

“അതെ….അതിന്..”

“സാധാരണ ലക്ഷ്മണന് ജോലിയുള്ള ദിവസങ്ങളിലും തനിച്ചു തന്നെ..അല്ലെ?”

ലക്ഷ്മണന് ആകെ വെപ്രാളമായി. 

“എടോ, താന്‍ കാര്യമെന്താണെന്നു തെളിച്ചു പറ”

……………………………………………………………………

(തുടരും )

2 thoughts on “തങ്കച്ചന്‍ കഥകള്‍ 5

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s