അവസാനത്തെ ദിവസം 3

രണ്ടാം കൂടിക്കാഴ്ച

ജീവിതത്തില്‍ ആദ്യമായി കാണുന്ന ഒരു അപരിചിതന്‍. ഒരു ഊമക്കത്തിന്‍റെ പേരില്‍ ഉണ്ടായ കൂടിക്കാഴ്ച. ഞങ്ങളെ തമ്മില്‍ ബന്ധിക്കുന്ന സംഭവങ്ങളോ അല്ലെങ്കില്‍ പരിചയക്കാരോ ഒന്നും തന്നെയില്ല. അയാളുടെ ചരിത്രമോ, താമസസ്ഥലമോ എന്തിന് പേരോ പോലും എനിക്കറിയില്ല. ചുരുക്കത്തില്‍ അയാളെ വിശ്വാസ്യയോഗ്യനാക്കുന്ന യാതൊന്നും തന്നെയില്ലെന്ന് പറയാം. അപ്പോള്‍ പിന്നെ യാതൊരു അടിത്തറയുമില്ലാതെ അയാള്‍ നടത്തിയ പ്രസ്താവന ഞാന്‍ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? ഇല്ല, എന്നതാണ് യുക്തിപരമായി ചിന്തിച്ചാല്‍ ശരിയായ ഉത്തരം. വൃദ്ധന്‍ പറഞ്ഞതൊന്നും തന്നെ ഞാന്‍ വിശ്വസിക്കുന്നില്ല എന്നതാണ് സത്യവും. പക്ഷെ എന്നിട്ടും അതെന്നെ ഭയപ്പെടുത്തി. അയാളുടെ പ്രസ്താവന കേട്ടത് മുതല്‍ ഹൃദയം ശക്തിയായി മിടിക്കാനാരംഭിച്ചു, തലച്ചോറിലെവിടെയോ ഒരു കൊള്ളിയാന്‍ മിന്നി. അതിനു കാരണം അനന്തരഫലങ്ങളാണ്. ഒരു പക്ഷെ അയാള്‍ പറഞ്ഞത് സത്യമാകാന്‍ ലക്ഷത്തില്‍ ഒന്ന് മാത്രം സാധ്യതയെ ഉണ്ടാകൂ. പക്ഷെ ആ സാധ്യത മുന്നോട്ട് വയ്ക്കുന്ന അനന്തരഫലങ്ങള്‍, അതിനെക്കുറിച്ചുള്ള ചിന്ത, അത് ബാക്കി ലക്ഷം സാധ്യതകളേയും ശൂന്യമാക്കുന്നതായിരുന്നു.

    ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ ചരിത്രവും വിശ്വാസവും പേറുന്ന വസ്തുവാണ് അമ്മക്കല്ല്. വലിയവീട് എന്ന കുടുംബത്തിന്‍റെ അടിത്തറ. കുടുംബത്തിന്‍റെ ഭൂതവും ഭാവിയും കുടികൊള്ളുന്നത് അമ്മക്കല്ലില്ലാണ് എന്ന് നിസ്സംശയം പറയാം. ഒരു ഗ്രാമം ഞങ്ങള്‍ക്ക് നല്‍കിയ ചുമതലയാണ് അതിനെ സംരക്ഷിക്കുക എന്നത്. അതിന്‍റെ പ്രതിഫലമാണ് ഇന്ന് വലിയവീട്ടുകാര്‍ അനുഭവിക്കുന്ന സ്ഥാനവും, ബഹുമാനവും, ധനവും എന്തിന് ആ വീടുപോലും. ഗ്രാമത്തിലെ ഒരാള്‍ പോലും ഇന്നേവരെ മുഖം കറുത്ത് വലിയവീട്ടുകാരോട് സംസാരിച്ചിട്ടില്ല. ഞങ്ങളെ കാണുമ്പോള്‍ ഒരു പുഞ്ചിരി നല്‍കാന്‍ ആരും മറക്കാറുമില്ല. വൃദ്ധജനങ്ങളില്‍ ചിലര്‍ തല കുനിക്കുക പോലും ചെയ്യാറുണ്ട്. കിരീടവും ചെങ്കോലും ആവശ്യമില്ലാത്ത ഒരു രാജകുടുംബം, അതാണ്‌ തെച്ചിക്കാട്ടുകാര്‍ക്ക് വലിയവീട് എന്ന കുടുംബം. എല്ലാത്തിനും ആധാരം ഒരു വിശ്വാസമാണ്. ഗ്രാമത്തിന്‍റെ ജീവനായ അമ്മക്കല്ല് സ്വന്തം ജീവന്‍ നല്‍കിയും ഞങ്ങള്‍ സംരക്ഷിക്കും എന്ന വിശ്വാസം. അത് നഷ്ടപ്പെടുത്തുക എന്ന് പറഞ്ഞാല്‍ വഞ്ചനയ്ക്ക് തുല്യമാണ്, ഒരു ഗ്രാമത്തോടുള്ള വഞ്ചന. അങ്ങനെ സംഭവിച്ചാല്‍ പിന്നെ എന്തായിരിക്കും ഉണ്ടാകുക? ആ ചിന്തയായിരുന്നു അപ്പോള്‍ എന്‍റെ ബോധമണ്ഡലത്തെ കിടിലം കൊള്ളിച്ചത്.

    എനിക്ക് അയാളുടെ നേരെ പുച്ചിച്ചു ചിരിക്കണം എന്നുണ്ടായിരുന്നു. നീ പറഞ്ഞ കള്ളത്തരങ്ങള്‍ വിശ്വസിക്കാന്‍ തക്കവണ്ണം വിഡ്ഢികളല്ല വലിയവീട്ടുകാര്‍ എന്ന് പറയണമെന്നുണ്ടായിരുന്നു. ഒന്നും പുറത്തേക്ക് വന്നില്ല. കണ്ണിമ വെട്ടാതെ അയാളെ തുറിച്ചു നോക്കി ഞാന്‍ നിന്നു. നീട്ടി ഒരു പുക കൂടി എടുത്തിട്ട് അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി.

“ഞാന്‍ പറഞ്ഞത് നീ വിശ്വസിക്കണമെന്നില്ല. പക്ഷെ തോണ്ടി നോക്കാല്ലോ. പോയി തോണ്ടി നോക്കെടാ. എന്നിട്ട് നാളെ ഇതേ സമയം വീണ്ടും വാ”

സിമന്റ് തിണ്ണയില്‍ നിന്ന് അയാളെഴുന്നേറ്റു. അറപ്പോടെ, ദേഷ്യത്തോടെ എന്നെ നോക്കി. ജീവിതത്തില്‍ ഇന്നേവരെ ഇത്രയും നികൃഷ്ടമായ ഒരു നോട്ടം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അയാള്‍ ഒന്നുകൂടി ശക്തിയായ് കാര്‍ക്കിച്ചു, എനിക്കു തൊട്ടുമുന്നില്‍ ആ കഫക്കട്ട അയാള്‍ തുപ്പി. വീണ്ടുമൊരു നോട്ടമെറിഞ്ഞിട്ടു അയാള്‍ തിരിഞ്ഞു, പിന്നെ കൂനിക്കൂടി നടന്നകന്നു.

***

    അമ്മക്കല്ല് സംരക്ഷിക്കേണ്ട തെച്ചിക്കാട്ടമ്മയുടെ സേവകരാണ് വലിയവീട്ടുകാര്‍. ഒരു വസ്തുവിന്‍റെ സംരക്ഷണമെന്നാല്‍ അതിന്‍റെ പരിശോധനയും ഉള്‍പ്പെടുന്നതാണ്. വലിയവീട്ടുകാര്‍ക്ക് അതിനുള്ള അധികാരമുണ്ട്. ഇപ്പോള്‍ ആ അധികാരം കുടുംബത്തിലെ ഏക ആണ്‍തരിയായ എന്‍റെ കൈകളിലാണ്. പക്ഷെ വൃദ്ധന്‍ പറഞ്ഞ കാര്യം, ആ സംശയം ഒരിക്കലും ഞാനല്ലാതെ മറ്റൊരാളറിയാന്‍ പാടില്ല. അത്കൊണ്ട് അമ്മക്കല്ല് പരിശോധിക്കുന്നതും രഹസ്യമായി തന്നെ വേണം. അമ്മയോ മുത്തശ്ശിയോ പോലും സംഗതി അറിയാന്‍ പാടില്ല.

    അന്നേ ദിവസം അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ഞാന്‍ മുറിയില്‍ നിന്നിറങ്ങി. എല്ലാവരും ഒന്നുറങ്ങാന്‍ കാത്തുകിടക്കുകയായിരുന്നു അതുവരെ. അയാള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുകയാണ്. ഇന്ന് തന്നെ സംശയത്തിന് അറുതി വരുത്തണം. എന്നിട്ട് നാളെ അയാളോട് എല്ലാം ചോദിച്ചറിയണം. എന്തിനായിരുന്നു ഇങ്ങനെ ഒരു നാടകത്തിന്‍റെ ആവശ്യം? എന്തായിരുന്നു അയാളുടെ ഊമക്കത്തിന്‍റെ ഉദ്ദേശം? എല്ലാം, എല്ലാമറിയണം. ഒരു പക്ഷെ നാളെ അയാള്‍ വാക്ക് പാലിച്ചില്ലെങ്കിലോ? വെറുമൊരു കളി പറഞ്ഞു ഒരു ദിവസത്തെ എന്‍റെ ഉറക്കവും നഷ്ടപ്പെടുത്തി അയാള്‍ കടന്നു കളഞ്ഞാലോ? ഇല്ല, അയാള്‍ അങ്ങനെ ചെയ്യില്ല. വൃദ്ധന് കൃത്യമായ എന്തോ ഉദ്ദേശമുണ്ട്, അയാളുടെ  മുഖത്ത്, ആ തിളങ്ങുന്ന കണ്ണുകളില്‍ അത് വ്യക്തമായി കാണാം.

    വീടിന്‍റെ കിഴക്കേവശത്തുള്ള ഉയരം കുറഞ്ഞ ആ ചെറിയ മുറിക്കു മുന്നില്‍ ഞാന്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു. അമ്മനടയിലേക്കുള്ള ഏക പ്രവേശന മാര്‍ഗ്ഗമാണത്. സാവധാനം ശബ്ദമുണ്ടാക്കാതെ അത് തുറന്നു പുറത്തേക്കിറങ്ങി. ഒരാള്‍ക്ക് മാത്രം നടക്കാവുന്ന രീതിയില്‍ വീതികുറഞ്ഞ ചെറിയ വഴിയാണ് നടയിലേക്. ഇരുവശവും നാനാതരം മനോഹരമായ ചെടികള്‍ വളര്‍ത്തിയിരുന്നു. അതിനുമപ്പുറം മതില്‍ കെട്ടി അടച്ചിരിക്കുന്നു. മച്ചും അതിനോട് ചേര്‍ന്നുള്ള വശങ്ങളും ശക്തമായ കമ്പി വല കൊണ്ട് തീര്‍ത്തതാണ്. വീടിനുള്ളിലുള്ള മനോഹരമായ ഒരു പൂന്തോട്ടം! ആദ്യമായി ഇവിടേക്ക് പ്രവേശിക്കുന്നവര്‍ക്ക് അങ്ങനെയാകും തോന്നുക. പൂന്തോട്ടത്തിനു നടുവില്‍ അമ്മനട. വീടിനുള്ളില്‍ നിന്നല്ലാതെ ഒരിക്കലും ഇങ്ങോട്ടേയ്ക്ക് പ്രവേശിക്കാനാകില്ല. കതക് പൂട്ടി ഞാന്‍ നടയ്ക്ക് നേരെ നടന്നു. എന്‍റെ മുത്തശ്ശനാണ് അമ്മക്കല്ലിനു മുകളില്‍ ഇങ്ങനെയൊരു നട പണി കഴിപ്പിച്ചത്. ചുവപ്പു നിറത്തിലുള്ള വെട്ടുകല്ലുകള്‍ കൊണ്ട് നാലടിയോളം ഉയരത്തില്‍, ലംബമായി ദീര്‍ഘചതുരാകൃതിയില്‍ പണികഴിപ്പിച്ച മനോഹരമായ ഒരു ചെറിയ നട. നടയുടെ മുന്‍ഭാഗം ആഴത്തില്‍ കുഴിച്ചാല്‍ തിളങ്ങുന്ന അമ്മക്കല്ല് കാണാനാകും. പക്ഷെ പുറത്തെടുക്കണമെങ്കില്‍ നട നശിപ്പിക്കേണ്ടി വരും. അച്ഛനാണ് ഈ വിവരം പറഞ്ഞു തന്നത്. അമ്മക്കല്ലിന്‍റെ ചരിത്രവും അതിന്‍റെ സ്ഥാനവും പരിശോധിക്കേണ്ട വിധവുമെല്ലാം പാരമ്പര്യമായി കൈമാറി വരാറുള്ളതാണ്.

    നടയ്ക്ക് മുന്നില്‍ കുനിഞ്ഞിരുന്നപ്പോഴാണ് ഓര്‍മകളില്‍ നിന്ന് ആ കഷ്ണം എന്‍റെ തലയിലേക്ക് പതിച്ചത്. മരിക്കുന്നതിനു കുറച്ചു നാള്‍ മുന്‍പ് അച്ഛന്‍ അമ്മക്കല്ല് പരിശോധിച്ചിരുന്നു. നടയ്ക്ക് മുന്നിലെ ഇളകിയ മണ്ണ് കണ്ടിട്ട് അന്ന് മുത്തശ്ശി സംശയം പ്രകടിപ്പിച്ചിരുന്നു. അതിന് അച്ഛന്‍ പറഞ്ഞ ഉത്തരം പെട്ടെന്ന് ഓര്‍മ്മയിലെത്തി

“ഞാനാണ് അമ്മേ, വര്‍ഷങ്ങള്‍ കടന്നുപോകുകയല്ലേ ഇടയ്ക്കിടയ്ക്ക് ഒരു പരിശോധനയൊക്കെ വേണ്ടേ?”

എന്തായിരുന്നു പെട്ടെന്ന് അച്ഛന്‍ അത് പരിശോധിക്കാനുണ്ടായ കാരണം? ആരുമത് ചോദിച്ചില്ല? കാരണമാവശ്യമില്ലാത്ത വലിയവീട്ടുകാരുടെ ഒരു അവകാശമായിരുന്നു അത്. ഇനി ഒരു പക്ഷെ അച്ഛന്‍..?. ആത്മഹത്യാക്കുറിപ്പിലെ കടബാധ്യതയും, അമ്മക്കല്ലിന്‍റെ പരിശോധനയും ചേര്‍ത്തുവായിച്ചപ്പോള്‍ അനുവാദം ചോദിക്കാതെ പല ദുഷ്ചിന്തകളും മനസ്സില്‍ വന്നു നിറഞ്ഞു. ഇല്ല, അങ്ങനെയൊന്നുമാകില്ല. എത്രയും പെട്ടെന്ന് മണ്ണ് മാറ്റി, അമ്മക്കല്ല് കാണണം. അതോടെ വൃദ്ധന്‍ നല്‍കിയ ഈ ആധിയില്‍ നിന്ന് രക്ഷപ്പെടണം. കയ്യിലെ മൺകോരി കൊണ്ട് വേഗത്തില്‍ ഞാന്‍ നടയുടെ മുന്നിലെ മണ്ണ് നീക്കി. നേരത്തെ കുഴിച്ചതിന്‍റെ വ്യക്തമായ അടയാളം മണ്ണില്‍ കാണാമായിരുന്നു, ഇളകിക്കിടക്കുന്ന മണ്ണ്, കുഴിക്കാനും അധികം ബദ്ധപ്പെടേണ്ടി വന്നില്ല.

    മൺകോരി പലവട്ടം ഉയര്‍ന്നു താണു. ഓരോ തവണയും ഹൃദയമിടിപ്പിന്‍റെ വേഗത കൂടിവന്നു. കുഴിയുടെ ആഴം കൂടിയപ്പോള്‍ കൈകള്‍ വിറയ്ക്കാനാരംഭിച്ചു, നെറ്റിയില്‍ വിയര്‍പ്പു കണികകള്‍ പ്രത്യക്ഷപ്പെട്ടു. മൺകോരിയുടെ വേഗത പതിയെ കുറഞ്ഞുവന്നു. ഒരീണം പോലെ മണ്ണില്‍ പതിഞ്ഞുകൊണ്ടിരുന്ന ലോഹത്തിന്‍റെ ശബ്ദം രാത്രിയുടെ നിശ്ശബ്ദതയില്‍ സാവധാനം അലിഞ്ഞില്ലാതായി. പെട്ടെന്ന് എന്തുണ്ടായി എന്നറിയാനായി കമ്പിവലയ്ക്കുള്ളിലൂടെ പൂര്‍ണചന്ദ്രന്‍ ഒളിഞ്ഞുനോക്കി, നിലാവിനോട് കൈകോര്‍ത്ത് ഒരു കുളിര്‍കാറ്റ്‌ ഉള്ളിലേക്ക് കടന്നു വന്നു. അവിടെ നിലത്ത് വിയര്‍പ്പില്‍ കുളിച്ചു, കൈകളില്‍ തല താങ്ങി കുന്തിച്ചിരിക്കുന്ന ആ രൂപത്തെ കണ്ടു നിലാവും കാറ്റും പേടിച്ചിരിക്കണം. മന്ദമായി വീശിക്കൊണ്ടിരുന്ന കാറ്റ് നിലച്ചു, നിലാവ് കാര്‍മേഘത്തിന് പിന്നിലൊളിച്ചു. തളര്‍ന്ന കൈകളും, നിറഞ്ഞൊഴുകുന്ന കണ്ണുകളും, ഭാരിച്ച ഹൃദയവുമായി ചേതനയറ്റവനെപ്പോലെ ഞാനിരുന്നു. അമ്മക്കല്ല് അപ്രത്യക്ഷമായിരിക്കുന്നു!

***

    ആദ്യദിവസം വൃദ്ധനെ കാണാന്‍ പോകുമ്പോള്‍ ആകാംക്ഷയായിരുന്നു മനസ്സിലെങ്കില്‍ രണ്ടാം ദിവസം ഭയമായിരുന്നു.  ഹൃദയം കുത്തിത്തുറന്ന് പുറത്തുവരുമെന്ന് ഭീഷണിപ്പെടുത്തുന്ന ഭയം. ആരാണയാള്‍? ആദ്യ കൂടിക്കാഴ്ചയില്‍ അയാളുടെ പേര് പോലും ചോദിക്കാന്‍ താന്‍ മറന്നിരുന്നു. അന്ന് അയാളെക്കാളെറെ മൂല്യം അയാള്‍ പറയാന്‍ പോകുന്ന രഹസ്യത്തിനായിരുന്നു. അച്ഛന്‍റെയും ചിറ്റപ്പന്‍റെയും മരണരഹസ്യം. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. അയാള്‍ മൂല്യമുള്ളവനാണ്, ഈ ലോകത്തുള്ള മറ്റെന്തിനെക്കാളും മൂല്യമുള്ളവന്‍. അയാള്‍ ആരെന്നറിയണം, എവിടുന്നു വരുന്നു എന്നറിയണം, എന്താണ് ഉദ്ദേശം എന്നറിയണം. ഒരു പക്ഷെ അച്ഛന്‍ അമ്മക്കല്ല് വിറ്റത് ഇയാള്‍ക്കായിരിക്കാം അല്ലെങ്കില്‍ വില്‍ക്കാന്‍ സഹായിച്ചത് ഈ വൃദ്ധനാകാം. അമ്മക്കല്ല് വെറുമൊരു ശിലയല്ലെന്നു ചിറ്റപ്പന്‍ പറഞ്ഞിട്ടുണ്ട്, നീലനിറത്തില്‍ തിളങ്ങുന്ന ഒരു ഭീമന്‍ രത്നക്കല്ല്, പക്ഷെ അതറിയുന്നവര്‍ ചുരുക്കം. ഈ ഗ്രാമീണര്‍ക്ക് അത് രത്നമല്ല അതിനേക്കാള്‍ വിലയേറിയ ദൈവമാണ്. ഇപ്പോള്‍ എല്ലാ ബിന്ദുക്കളും യോജിപ്പിച്ച് വായിക്കാന്‍ കഴിയുന്നുണ്ട്. അച്ഛന്‍ ചെന്നുപെട്ട കടബാധ്യത, അമ്മക്കല്ലിന്‍റെ തിരോധാനം, അച്ഛന്‍റെ ആത്മഹത്യ. കല്ല് നഷ്ടപ്പെടുത്തിയതിന്‍റെ ദുഃഖത്തിലാകണം അദ്ദേഹം സ്വയം ജീവനൊടുക്കിയത്. പക്ഷെ ചിറ്റപ്പന്‍റെ മരണം? അതിനു കാരണം പ്രണയനൈരാശ്യം തന്നെയാണോ? നട തകര്‍ക്കാതെ അച്ഛന്‍ എങ്ങനെ കല്ല്‌ പുറത്തെടുത്തു? അതിലുപരി അമ്മക്കല്ല് വില്‍ക്കാന്‍ തക്കവണ്ണം കടബാധ്യത എവിടെ നിന്നുണ്ടായി? തലമുറകള്‍ക്ക് കഴിയാന്‍ തക്കവണ്ണം സമ്പാദ്യം ഇപ്പോള്‍ തന്നെ വലിയവീട്ടിലുണ്ട്‌. പറമ്പിലെ വിളകളും, നെല്‍പ്പാടവും, തെങ്ങിന്‍തോപ്പുമൊന്നും ഒരിക്കലും ഞങ്ങളെ ചതിച്ചിട്ടില്ല. വരവിനെക്കാളെറെ ചിലവ് കയറിയ ചരിത്രവുമില്ല. പിന്നെങ്ങനെ?

    ഓരോന്ന് ചിന്തിച്ചു ഞാന്‍ തോട്ടിന്‍കരയിലെത്തി, സിമന്‍റ് തിണ്ണയില്‍ അയാളില്ല, കൈതത്തോടിനു സമീപത്തെങ്ങും അയാളെ കാണാത്തതിനാല്‍ ഞാന്‍ അമ്പലത്തിലേക്ക് നടന്നു. ആല്‍മരച്ചുവട്ടില്‍ അയാളുണ്ടായിരുന്നു, മുഖത്ത് ആ ക്രൗര്യഭാവവും, പിന്നെ ചുണ്ടത്ത് എരിയുന്ന ബീഡിക്കുറ്റിയും!

“ആ, വലിയവീട്ടിലെ കാരണവര്‍ എത്തിയല്ലോ..വാ”

ബഹുമാനത്തോടയല്ലാതെ ഞങ്ങളുടെ കുടുംബത്തിലെ ഒരാളെയും തെച്ചിക്കാട്ട്കാര്‍ നോക്കിയിട്ടില്ല. പുച്ഛമോ വെറുപ്പോ ഉളവാക്കുന്ന യാതൊന്നും സംസാരിച്ചിട്ടില്ല. വലിയവീട്ടിലെ കുട്ടികളോട് പോലും മറ്റു കുട്ടികള്‍ രണ്ടാമതൊന്നു ആലോചിച്ചിട്ടേ സംസാരിക്കാറുള്ളൂ. എന്നെ കണ്ട നാള്‍ മുതല്‍ വൃദ്ധന്‍റെ മുഖത്ത് പുച്ഛമാണ്. തെച്ചിക്കാട്ടിലെ വേറൊരാളും ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒന്ന്, അതിനു അയാള്‍ക്ക് ബലം നല്‍കുന്നത് അയാളുടെ അറിവാണ്, അമ്മക്കല്ലിന്‍റെ രഹസ്യത്തെക്കുറിച്ചുള്ള അറിവ്.

“ആരാണ് നിങ്ങള്‍?”

എനിക്ക് ആദ്യമറിയേണ്ടിയിരുന്നത് ഞാന്‍ ചോദിച്ചു.

“ഞാന്‍ ആര് എന്നത് വഴിയെ പറയാം. ഇപ്പൊ എന്നെക്കാളും പ്രാധാന്യമുള്ളത് ഞാന്‍ പറയുന്നതിനാണ്. നീ ഇന്ന് ഇവിടെ എന്‍റെ മുന്നില്‍ ഇങ്ങനെ ദുര്‍ബലനായി, ഭീരുവായി നില്‍ക്കണമെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ പറഞ്ഞത് സത്യമാണ് എന്നാണ്, അല്ലെ?”

ഞാന്‍ ഉത്തരം പറഞ്ഞില്ല, പകരം എന്‍റെ രണ്ടാമത്തെ ചോദ്യമെറിഞ്ഞു

“നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?”

“ഈ ചോദ്യം ഒരുത്തരമായി ഞാനെടുക്കുന്നു. ‘അതെ’ എന്ന ഉത്തരം. അപ്പൊ വലിയവീട്ടുകാരുടെ ജീവന്‍, ഈ ഗ്രാമത്തിന്‍റെ ജീവന്‍ അത് നഷ്ടമായി എന്നര്‍ത്ഥം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നഷ്ടപ്പെടുത്തി എന്നര്‍ത്ഥം”

ഞാന്‍ നിശ്ശബ്ദനായി തല കുനിച്ചു.

“ഇതിന്‍റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് നിനക്ക് ചിന്തിക്കാമല്ലോ. ഈ ഗ്രാമത്തിന്‍റെ പൊതുസ്വത്ത് സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ് നിങ്ങള്‍. നൂറ്റാണ്ടുകളായി അതിനുള്ള കൂലി വാങ്ങുന്നവര്‍. നിങ്ങള്‍ അതില്‍ പരാജയപ്പെട്ടിരിക്കുന്നു. തെച്ചിക്കാട്ടമ്മയെ നിങ്ങള്‍ അവഹേളിച്ചിരിക്കുന്നു. നാടിൻറെ ഐശ്വര്യവും സമൃദ്ധിയും നഷ്ടപ്പെടുത്തിയ വലിയവീട്ടുകാരെ നാട്ടുകാര്‍ കല്ലെറിയും, കാര്‍ക്കിച്ചു തുപ്പും, ഈ നാട്ടില്‍ നിന്ന് തുരത്തും. നിന്‍റെ മുത്തശ്ശിയെയും, അമ്മയെയും, മറ്റു ബന്ധുക്കളെയും, ആരെയും അവര്‍ വെറുതെ വിടില്ല. ചിലപ്പോള്‍ ഇന്നാട്ടിലെ തെച്ചിക്കാട്ടമ്മയുടെ ഭക്തര്‍ നിങ്ങളെ കുടുംബത്തോടെ കത്തിച്ചെന്നുമിരിക്കും”

അയാളുടെ മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകി, കണ്ണുകള്‍ ചുവന്നു, ശബ്ദം വിറ കൊണ്ടു. ലോകത്തിന്‍റെ മുഴുവന്‍ രൌദ്രവും ആ നിമിഷം അയാളില്‍ ആവാഹിച്ചത് പോലെ തോന്നി

ഞാന്‍ കേണു, ജീവിതത്തില്‍ ആദ്യമായി!

“ദയവായി ഞാന്‍ പറയുന്നത് കേള്‍ക്കൂ. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്. അച്ഛന് ഒരു അബദ്ധം പറ്റി. എന്തിനാണ് അദ്ദേഹം ഇത് ചെയ്തത് എന്നെനിക്കറിയില്ല. നിങ്ങള്‍ക്ക് വേണ്ടത് പണമാണോ? എത്രയാണ് വേണ്ടത്? ഞങ്ങള്‍ അത് നല്‍കാം. തലമുറകള്‍ക്ക് കഴിയാനുള്ളത് നല്‍കാം. ദയവായി അമ്മക്കല്ല് തിരികെ നല്‍കൂ. നിങ്ങള്‍ പറഞ്ഞത് പോലെ അത് ഈ ഗ്രാമത്തിന്‍റെ ജീവനാണ്. ഈ ഗ്രാമത്തിനെ ഓര്‍ത്ത്, തെച്ചിക്കാട്ട് ഭഗവതിയെ ഓര്‍ത്ത് അത് തിരിച്ചുനല്‍കൂ. ഞങ്ങള്‍ക്ക് പറ്റിയ പിഴവിന് എന്ത് ശിക്ഷയും നിങ്ങള്‍ക്ക് വിധിക്കാം പക്ഷെ അമ്മക്കല്ല്, അത് തിരികെ നല്‍കൂ”

അയാള്‍ ചിരിച്ചു, അട്ടഹസിച്ചു, ആര്‍ത്തട്ടഹസിച്ചു. പിന്നെ ചുമച്ചു, ശക്തമായി വീണ്ടും വീണ്ടും ചുമച്ചു. കഷ്ടപ്പെട്ട് അയാള്‍ വാക്കുകള്‍ പുറത്തേക്ക് തുപ്പി.

“ഹ ഹ ഹ. ഇത്രേയുള്ളൂ. ഇത്രേയുള്ളൂ വലിയവീട്ടിലെ സന്തതിക്ക് തന്‍റെ അച്ഛനോടുള്ള വിശ്വാസം. നിന്‍റെ അച്ഛനാണ് അമ്മക്കല്ല് നഷ്ടപ്പെടുത്തിയതെന്നു നീ കരുതിയോ..ഹ ഹ ഹ. പാവം ഗോപാലകൃഷ്ണന്‍ നായര്‍”

ഞാനൊന്ന് ഞെട്ടി. അതിനൊപ്പം മനസ്സിന്‍റെ കോണില്‍ ഒരാശ്വാസവും.

“ഇല്ല, നിന്‍റെ അച്ഛനത് ചെയ്തില്ല. അതിനുള്ള അവസരം അദ്ദേഹത്തിന് കിട്ടിയില്ല..”

പെട്ടെന്നൊരു മിന്നല്‍പ്പിണര്‍ എന്‍റെ തലയിലൂടെ പാഞ്ഞു

“ചിറ്റ…ചിറ്റപ്പന്‍”

അയാള്‍ വീണ്ടും ചിരിച്ചു. ഒരു അട്ടഹാസത്തിനു കൂടി താങ്ങാനുള്ള ആരോഗ്യമില്ലാത്ത അയാളുടെ ശരീരം അതിനു വിസമ്മതിച്ചു. ഇടത്തെ കൈ കൊണ്ട് നെഞ്ചില്‍ അമര്‍ത്തി പിടിച്ചുകൊണ്ടു അയാള്‍ വലത്തെ കൈ എനിക്കു നേരെ നിഷേധാര്‍ത്ഥത്തില്‍ ഇരു വശത്തേക്കും വീശി

“പിന്നെ…”

“പിന്നെ ആര്, അല്ലെ? ആരാണ് സുരക്ഷിതമായ വലിയവീടിനുള്ളില്‍ നിന്ന് സകലരെയും വിഡ്ഢികളാക്കി ദേവിയുടെ അംശം കവര്‍ന്നത്? ആര്‍ക്കാണ് അതിനുള്ള ചങ്കൂറ്റം?”

ദീര്‍ഘമായി ഒന്ന് നിശ്വസിച്ചിട്ട് അയാള്‍ വീണ്ടും തുടര്‍ന്നു, “അതറിയണമെങ്കില്‍ കുറച്ചു ചരിത്രമറിയണം, ഒരു കഥയറിയണം. സൗഹൃദത്തിന്‍റെ കഥ, അത്യാഗ്രഹത്തിന്‍റെ കഥ, ചതിയുടെയും പകയുടെയും കഥ”

അയാളുടെ മുഖത്തെ പേശികള്‍ വീണ്ടും വലിഞ്ഞു മുറുകി. കണ്ണുകള്‍ വീണ്ടും ചുകന്നു. ചുളിവുകള്‍ വീണ അയാളുടെ മുഷ്ടികള്‍ മുറുകുന്നത് ഞാന്‍ കണ്ടു

“എല്ലാത്തിലും ഉപരി പ്രതികാരത്തിന്‍റെ കഥ.”
                                                            (തുടരും.)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s