
ഒന്നാമത്തെ കൂടിക്കാഴ്ച
കുറഞ്ഞത് ഒരു എഴുപതു വയസ്സെങ്കിലും അയാള്‍ക്ക് പ്രായമുണ്ടാകും. പ്രായത്തെ അതിജീവിച്ച ആരോഗ്യം. എരിയുന്ന ഒരു ബീഡികുറ്റിയും അതോടൊപ്പം തന്നെ ക്രൗര്യം നിറഞ്ഞ ഒരു പുഞ്ചിരിയും സദാ അയാളുടെ ചുണ്ടില്‍ വിരാജിച്ചിരുന്നു. ആദ്യമായി അയാളെ കാണുമ്പോഴും അതുണ്ടായിരുന്നു, മരണത്തെപോലും നിയന്ത്രിക്കുന്ന അഹങ്കാരിയായ ഒരു ആരാച്ചാരുടെ മുഖത്ത് ഉണ്ടാകുന്നത്പോലെ ഒരു ചിരി. തനിക്കു മുന്നില്‍ പിടഞ്ഞു മരിക്കാന്‍ വന്നെത്തുന്ന, നാളെകളില്ലാത്ത ജീവനുകളോടുള്ള പുച്ഛം ആ ചിരിയില്‍ വ്യക്തമായി കാണാം.
ക്ഷേത്രമുറ്റത്താണ് ഞാന്‍ അയാളെ ആദ്യമായി കണ്ടത് എന്നത് വിധിയുടെ മറ്റൊരു വൈരുദ്ധ്യം. അച്ഛന്‍റെ മരണത്തില്‍ ഞങ്ങള്‍ നീറിപ്പുകയുന്ന കാലം. ക്ഷണക്കത്ത് ആവശ്യമില്ലാത്ത ഒരു അതിഥിയെപ്പോലെയാണ് മരണം. സമയവും സന്ദര്‍ഭവും നോക്കാതെ ഏത് വാതിലിലും മുട്ടാന്‍ അധികാരമുള്ള അതിഥി. അതില്‍ ഈശ്വരനെ പഴിച്ചിട്ടോ കണ്ണുനീരൊഴുക്കിയിട്ടോ കാര്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. അച്ഛന്‍റെ മരണത്തെക്കാളേറെ അദ്ദേഹം മരണപ്പെട്ട രീതിയായിരുന്നു എന്നെ ഞെട്ടിച്ചത്. അതൊരു ആത്മഹത്യയായിരുന്നു! സകുടുംബം സന്തോഷപൂര്‍വ്വം ജീവിച്ചിരുന്ന ഒരു മധ്യവയസ്കന്‍ പൊടുന്നനെ ആത്മഹത്യ ചെയ്യുക. വിചിത്രം! ആറുമാസത്തിനിടയില്‍ വലിയവീട്ടിലെ രണ്ടു സഹോദരങ്ങള്‍ ആത്മഹത്യ ചെയ്യുക! അതിലേറെ വിചിത്രം! അതേ, ചിറ്റപ്പനും സ്വയം ജീവനൊടുക്കുകയാണുണ്ടായത്. അച്ഛന്‍റെ മരണത്തിനു ഏകദേശം ആറുമാസം മുന്‍പായിരുന്നു സംഭവം. പ്രണയനൈരാശ്യമായിരുന്നത്രേ കാരണം. ചിറ്റപ്പന്‍റെ മനസ്സ് ഒരു തുറന്ന പുസ്തകം പോലെയായിരുന്നു. ആര്‍ക്കും വായിച്ചെടുക്കാവുന്ന ഒരു തുറന്ന പുസ്തകം. ഒരു നിമിഷം പോലും അദ്ദേഹം വെറുതെയിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നാട്ടിലെത്തിയാല്‍ പിന്നെ അച്ഛനോടൊപ്പം പാടത്തോ അല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം കവലയിലോ, അതല്ല ഇനി വീട്ടിലാണെങ്കില്‍ അടുക്കളയില്‍ അമ്മയോടും മുത്തശ്ശിയോടും വിശേഷം പങ്കുവച്ചോ അല്ലെങ്കില്‍ എന്നോടോപ്പോമോ ഒക്കെ ആയിരിക്കും അദ്ദേഹം. എപ്പോഴും ആരോടെങ്കിലും എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് ചിറ്റപ്പന്‍റെ പ്രകൃതം. മനസ്സില്‍ എന്തുണ്ടെങ്കിലും വെട്ടിത്തുറന്നു പറയും. സ്വന്തം കുടുംബത്തില്‍ നിന്നും തന്‍റെ പ്രണയം ഒളിച്ചു വയ്ക്കാന്‍ തക്കവണ്ണം സങ്കീര്‍ണമായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു പ്രണയം ആ മനസ്സിലുണ്ടായിരുന്നെങ്കില്‍, അത് തീര്‍ച്ചയായും അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഈ ഞാനോ അറിയേണ്ടതാണ്. പക്ഷെ ആരും ഒന്നുമറിഞ്ഞില്ല! ഹൃദയം തകര്‍ക്കുന്ന വിഷമത്തിനിടയിലും അത് ഞങ്ങള്‍ക്ക് ഒരു അത്ഭുതമായിരുന്നു, എന്നിട്ടും ഞങ്ങള്‍ അത് വിശ്വസിച്ചു. മുത്തശ്ശി പറയുംപോലെ ‘ഏത് പുരുഷനും എല്ലാവരില്‍ നിന്നും മറച്ചു പിടിയ്ക്കാന്‍ ഒരു രഹസ്യമുണ്ടാകും’. ചിറ്റപ്പന്‍റെ സ്വന്തം കൈപ്പടയിലെഴുതിയ ഒരു ആത്മഹത്യക്കുറിപ്പ് കൂടിയായപ്പോള്‍ പോലീസും അധികം അന്വേഷണം വേണ്ടെന്നു വച്ചു. അദ്ദേഹത്തിന്‍റെ പ്രണയത്തിനെ കുറിച്ച് പുറംലോകമറിഞ്ഞതും ആ കുറിപ്പിലൂടെയായിരുന്നു. താന്‍ ഒരു പെണ്‍കുട്ടിയുമായി ഗാഢമായ പ്രണയത്തിലായിരുന്നെന്നും, ആ പെണ്‍കുട്ടി ഇപ്പോള്‍ മറ്റൊരാളെ വിവാഹം കഴിച്ചെന്നും, അതില്‍ മനംനൊന്താണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നുമായിരുന്നു കുറിപ്പിന്‍റെ സാരം. പ്രണയിനി എന്നതിനപ്പുറം പെണ്‍കുട്ടിയെ കുറിച്ചു യാതൊരു സൂചനയും കത്തിലില്ലായിരുന്നു. ചിറ്റപ്പന്‍റെ ജോലിസ്ഥലത്തും, സുഹൃത്തുക്കള്‍ക്കിടയിലും, പഠിച്ച കോളേജിലുമൊക്കെയായി നാളുകള്‍ അച്ഛന്‍ അങ്ങനെയൊരു പെണ്‍കുട്ടിയെ അന്വേഷിച്ചു നടന്നു. പക്ഷെ അങ്ങനെ ഒരു പ്രണയത്തെപറ്റി ആര്‍ക്കും തന്നെ അറിവുണ്ടായിരുന്നില്ല. ഒരു നിഗൂഢതയായി ജനിച്ച പ്രണയം അങ്ങനെ തന്നെ അവസാനിക്കുകയും ചെയ്തു, തുടങ്ങിയതും ഒടുങ്ങിയതും ആ കുറിപ്പില്‍ തന്നെ. ആറുമാസത്തിനു ശേഷമാണ് അടുത്ത ആത്മഹത്യാകുറിപ്പ് പ്രത്യക്ഷപ്പെട്ടത്, അച്ഛന്‍റെത്!
അന്നൊരു ചൊവ്വാഴ്ചയായിരുന്നു. ആഴ്ചയിലെ ഏറ്റവും മോശം ദിവസമാണ് ചൊവ്വ എന്ന് മുത്തശ്ശി ഇടയ്ക്കിടെ പറയാറുണ്ട്. ആധിയും വ്യാധിയുമൊക്കെ പിടിപ്പെടാന്‍ ഏറ്റവും സാധ്യത ചൊവ്വാഴ്ചയാണത്രേ. ചൊവ്വാഴ്ച ദിവസം ആരെയും യാത്ര ചെയ്യാനും മുത്തശ്ശി അനുവദിക്കാറില്ല. പക്ഷെ അന്ന് ആ ദുരന്തത്തിനു വലിയവീട്ടിലെത്താന്‍ യാത്രയുടെ ആവശ്യമില്ലായിരുന്നു. ആ ദുഷ്ടദിവസത്തില്‍, പ്രഭാതത്തില്‍, മരണം വീണ്ടും വലിയവീട്ടിന്‍റെ വാതിലില്‍ മുട്ടി. സ്വന്തം പഠനമുറിയില്‍, കസേരയില്‍, വായില്‍ നിന്ന് നുരയും പതയും പുറത്തുചാടി മരണത്തിനു വാതില്‍ തുറന്നു കൊടുത്ത് അച്ഛന്‍! മേശപ്പുറത്ത് അച്ഛന്‍റെ സ്വന്തം കൈപ്പടയിലെഴുതിയ ആത്മഹത്യാക്കുറിപ്പും!
താന്‍ വരുത്തിവച്ച കടബാധ്യതയായിരുന്നു അച്ഛന്‍റെ മരണകാരണം. ചിറ്റപ്പന്‍റെ പ്രണയം പോലെ ഈ കടബാധ്യതയും മറ്റാര്‍ക്കും അറിവില്ലാത്തത് തന്നെ. അച്ഛന്‍റെ മരണശേഷവും ഒരാള്‍ പോലും ഇങ്ങനെ ഒരു കടത്തിന്‍റെ പേരില്‍ ഞങ്ങളെ സമീപിക്കാത്തത് മറ്റൊരു വൈചിത്ര്യം.
ഇങ്ങനെ വൈചിത്ര്യങ്ങളുടെ മധ്യേ കള്ളമേത് സത്യമേത് എന്ന് തിരിച്ചറിയാനാകാതെ ഉഴറുന്ന മനസ്സുമായി നടക്കുമ്പോഴാണ് ഒരു ഊമക്കത്ത് പ്രത്യക്ഷപ്പെടുന്നത്. വിലാസങ്ങളില്ലാതെ വരാന്തയില്‍ പ്രത്യക്ഷപ്പെട്ട, വൃത്തിയായി ഒട്ടിച്ച ഒരു പോസ്റ്റ് കവര്‍. രണ്ടേ രണ്ടു വരികളെ ആ കത്തില്‍ ഉണ്ടായിരുന്നുള്ളൂ. “വായിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കത്ത് നശിപ്പിക്കുക. നിന്‍റെ അച്ഛന്‍റെയും ചിറ്റപ്പന്‍റെയും മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം അറിയണമെന്നുണ്ടെങ്കില്‍ മറ്റാരുമറിയാതെ ഇന്ന് വൈകുന്നേരം ക്ഷേത്രത്തിനു സമീപമുള്ള ആല്‍മരച്ചുവട്ടില്‍ എത്തുക”. വിറയ്ക്കുന്ന കൈകളാല്‍ വടിവോ നിരയോ ഇല്ലാത്ത മോശപ്പെട്ട അക്ഷരങ്ങളില്‍ എഴുതപ്പെട്ട രണ്ടു വരികള്‍, എന്‍റെ ജീവിതം മാറ്റിമറിച്ച രണ്ടു വരികള്‍!
സന്ധ്യാസമയം, അര്‍ക്കന്‍റെ രക്തം പുരണ്ട ആകാശത്തിനു കീഴില്‍, ദീപാരാധന കഴിഞ്ഞു നടയടച്ചു തെച്ചിക്കാട്ടമ്മ വിശ്രമിക്കുന്ന സമയം, ആലിലകള്‍ക്കിടയിലൂടെ കടന്നുവന്ന ആ ചെറുകാറ്റാല്‍, കാലത്തിന്‍റെ താളുകള്‍ മറിയപ്പെടാന്‍ ധൃതികൂട്ടിയ തദവസരത്തില്‍, അയാളെ ഞാന്‍ ആദ്യമായി കണ്ടു. ആളൊഴിഞ്ഞ ആല്‍ത്തറയില്‍, ചുണ്ടില്‍ എരിയുന്ന ബീഡികുറ്റിയുമായി, തല കുനിച്ചു ആ വൃദ്ധന്‍!
ഈ വൃദ്ധനായിരിക്കും കത്തില്‍ പറയുന്നയാള്‍ എന്ന ശങ്ക ഒരിക്കല്‍ പോലും എന്‍റെ ബോധമണ്ഡലത്തില്‍ പ്രവേശിച്ചിരുന്നില്ല. ക്ഷേത്രത്തിനു സമീപം പുകവലിക്കുന്ന ഒരാളെ മറ്റേത് അവസ്ഥയിലും ഞാന്‍ എതിര്‍ക്കുമായിരുന്നു. പക്ഷെ അന്ന് എനിക്കതിനു കഴിഞ്ഞില്ല. എന്‍റെ ശ്രദ്ധ എന്നെ കാത്തിരിക്കുന്ന ആ രഹസ്യത്തിലും അത് കൈവശം വച്ചിരിക്കുന്ന ആ അജ്ഞാതനിലും മാത്രമായിരുന്നു. ആല്‍ത്തറയില്‍ ആ വൃദ്ധനു എതിര്‍വശത്തായി ഞാന്‍ ഇരുന്നു. ഏകദേശം പത്ത് മിനിട്ടോളം ഞാന്‍ ആ ഇരുപ്പ് തുടര്‍ന്നു, ഈ നേരമത്രെയും അയാള്‍ യാതൊന്നും സംസാരിച്ചില്ല. കുറച്ചുകഴിഞ്ഞു അയാള്‍ സാവധാനം ആല്‍ത്തറയില്‍ നിന്ന് താഴെയിറങ്ങി, ചുണ്ടിനോടടുത്ത് കത്തിതീര്‍ന്ന ആ ബീഡികുറ്റി താഴേക്കെറിഞ്ഞു, വലതു കാല്‍ കൊണ്ടത് ചവിട്ടിയരച്ചു. പിന്നെ ചുറ്റുപാടും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു. പെട്ടെന്ന് തോന്നിയ ഒരു കൗതുകത്താല്‍, ഞാന്‍ നടന്നകലുന്ന ആ രൂപത്തെ നോക്കിനിന്നു. പെട്ടെന്ന് അയാളില്‍ നിന്നും ഒരു ശബ്ദം പുറത്തു വന്നു.
“വരൂ”
ഒരു നിമിഷം ഞാന്‍ ശങ്കിച്ചു നിന്നു. ഒന്ന് തിരിഞ്ഞുപോലും നോക്കാതെ, തന്‍റെ ചലനത്തില്‍ യാതൊരു വ്യത്യാസവും വരുത്താതെയാണ് അയാളത് പറഞ്ഞത്. ആ ശബ്ദം പുറപ്പെട്ടത് അയാളില്‍ നിന്ന് തന്നെയാണെന്ന് ഉറപ്പിക്കുക പോലും ശ്രമകരമായിരുന്നു. എന്നിട്ടും ആരോ പിടിച്ചു വലിച്ചതുപോലെ ഞാന്‍ എഴുന്നേറ്റു, അയാള്‍ക്ക് പിന്നാലെ നടന്നു. ഇടവഴിയില്‍ നിന്ന് റോഡിലേക്ക് കയറാതെ വലത്തേക്ക് തിരിഞ്ഞു കൈതത്തോട് ലക്ഷ്യം വച്ചാണ് അയാള്‍ നടന്നത്. മൗനത്തോടെ ഞാന്‍ പിന്തുടര്‍ന്നു. എനിക്ക് മുന്നില്‍ നടക്കുന്ന ആ വൃദ്ധരൂപത്തെ ഞാന്‍ ഒന്ന് അവലോകനം ചെയ്യാന്‍ ശ്രമിച്ചു. ഒരു മുഴുക്കൈ ഷര്‍ട്ടും കൈലിയുമാണ് വേഷം. ഷര്‍ട്ടിന്‍റെ കൈ തെറുത്തു മുകളിലേക്ക് കയറ്റിയിരിക്കുന്നു. തലയുടെ മുന്‍ഭാഗത്ത് നിന്ന് തുടങ്ങി മുകളിലേക്ക് കയറി മുക്കാല്‍ ഭാഗവും കീഴടക്കിയിരിക്കുന്ന കഷണ്ടി. തലയുടെ പിന്‍ഭാഗത്ത് കഷണ്ടിയെ അതിജീവിച്ച മുടിനാരുകളെല്ലാം പൂര്‍ണമായും നരച്ചിരിക്കുന്നു. മീശയും പിന്നെ താടിയില്‍ അങ്ങിങ്ങായി കാണപ്പെട്ട കുറ്റിരോമങ്ങളുമെല്ലാം പൂര്‍ണമായും വെള്ളക്കുപ്പായമണിഞ്ഞവര്‍ തന്നെ. കഴുത്തല്പം കൂനി, കുറച്ചു വേഗതയിലാണ് ആളുടെ നടപ്പ്, ചുറ്റുമുള്ള ഒന്നിനെപറ്റിയും അയാള്‍ ബോധവാനല്ലെന്നു തോന്നി. ഇതിനകം തന്നെ ചുണ്ടില്‍ മറ്റൊരു ബീഡിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. തോട്ടിന്‍കരയിലെത്തിയപ്പോള്‍ അയാള്‍ നിന്നു, തോട്ടിന്‍വക്കിലുള്ള സിമന്റ് തിണ്ണയില്‍ സ്വയം പ്രതിഷ്‌ഠിച്ചു. പിന്നെ മുഖമുയര്‍ത്തി എന്നെ നോക്കി. പ്രായത്തിനു കെടുത്താനാകാത്ത ഒരു തിളക്കം അയാളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു. വല്ലാത്തൊരു തീക്ഷ്ണതയുണ്ട് അയാളുടെ നോട്ടത്തിന്. എന്നെ അടിമുടി അയാളൊന്നു നോക്കി, പിന്നെ സംസാരിച്ചു തുടങ്ങി.
“കൃഷ്ണവിലാസം വലിയവീട്ടിലെ അവശേഷിക്കുന്ന ഏക ആണ്‍തരി അല്ലെ?” അയാളുടെ ചുണ്ടില്‍ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു
ഒരു മറുപടിക്ക് കാത്ത് നില്‍ക്കാതെ അയാള്‍ തുടര്‍ന്നു
“ഒരു വലിയ ചുമതലയുണ്ട് ഇപ്പൊ നിന്‍റെ മേല്‍. പരമ്പര നിലനിര്‍ത്തുക എന്ന ചുമതല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വലിയവീട്ടിന്‍റെ പാരമ്പര്യം, അതിന്‍റെ തുടര്‍ച്ച, അത് നിന്‍റെ രക്തത്തിലാണ്. പരമ്പര മുന്നോട്ട് നീങ്ങേണ്ടത് നിന്‍റെ കുടുംബത്തിന്‍റെ ആവശ്യമാണ് അങ്ങനെയല്ലേ?”
ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ ഒരു വശത്തേക്ക് കാര്‍ക്കിച്ചു തുപ്പി
“പക്ഷെ അതത്ര ബുദ്ധിമുട്ടുള്ള പണി അല്ല, അല്ലേ? നല്ല ചേലൊത്ത ഒരു നായര് പെണ്ണിനെയൊക്കെ കെട്ടി, രണ്ടു കുട്ടികളെയൊക്കെ ജനിപ്പിച്ചു, എണ്ണിയാലൊടുങ്ങാത്ത വലിയവീട്ടിന്‍റെ സമ്പത്തിനു അധിപനായി. അങ്ങ് സുഖിച്ചു കഴിയുക. ആഹ, ഓര്‍ക്കുമ്പോള്‍ തന്നെ എന്താ രസം. ഇങ്ങനെയൊക്കെ ഒരു ചുമതല കിട്ടാന്‍ പുണ്യം ചെയ്യണം” അയാള്‍ പൊട്ടിച്ചിരിച്ചു, ആ ചിരി ചെന്നവസാനിച്ചത് ഒരു ചുമയിലാണ്. ശക്തമായ ചുമ.
“എന്‍റെ അച്ഛന്‍ എന്തിനാ ആത്മഹത്യ ചെയ്തത്?”
മറ്റൊന്നിനെപ്പറ്റിയും എനിക്ക് അറിയേണ്ടായിരുന്നു. ഒരു കുശലാന്വേഷണത്തിനോ പരിചയപ്പെടുത്തലിനോ ഞാന്‍ താത്പര്യപ്പെട്ടില്ല. എന്‍റെ ചോദ്യം കേട്ട് ചുമയ്ക്കിടയിലും അയാള്‍ വീണ്ടും ചിരിച്ചു.
“പറയാം, ധൃതിപ്പെടാതെ. നിന്‍റെ അച്ഛനെ പറ്റി പറയുന്നതിന് മുന്‍പ് മറ്റു ചില കാര്യങ്ങളെ പറ്റി നമുക്ക് സംസാരിക്കേണ്ടതുണ്ട്”
അയാള്‍ നീട്ടിയൊരു പുകയെടുത്തു. പിന്നെ സാവധാനം മന്ദമായി വീശിക്കൊണ്ടിരുന്ന കിഴക്കന്‍ കാറ്റിലേക്ക് അതിനെ ഊതിക്കയറ്റി
“അമ്മക്കല്ല് എന്ന് കേട്ടിട്ടുണ്ടോ?”
നിശ്ശബ്ദനായി നിന്ന എന്നില്‍ നിന്ന് ഒരു പ്രതികരണം അയാള്‍ക്ക് ആവശ്യമില്ലായിരുന്നു.
“കേള്‍ക്കാതിരിക്കാന്‍ വഴിയില്ലല്ലോ. വലിയവീട്ടുകാരുടെ സമൃദ്ധിയും, ഐശ്വര്യവും എന്തിന് നിലനില്‍പ്പും ആവാഹിച്ചിരിക്കുന്ന അമ്മക്കല്ല്. ഈ തെച്ചിക്കാട് ഗ്രാമത്തിന്‍റെ ജീവന്‍ വഹിക്കുന്ന ശില. കൃഷ്ണവിലാസത്തിനെ കൃഷ്ണവിലാസം വലിയവീടാക്കിയ അമ്മക്കല്ല്”
എന്തിനാണ് അയാള്‍ അമ്മക്കല്ലിനെ പറ്റി പറയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ അയാള്‍ പറയുന്നതൊക്കെയും സത്യമാണ്. അമ്മക്കല്ലിന്‍റെ ചരിത്രമെന്നാല്‍ വലിയവീടിന്‍റെ ചരിത്രമാണ്, ഈ ഗ്രാമത്തിന്‍റെ ചരിത്രമാണ്.
അമ്മക്കല്ലിന്‍റെ കഥ തുടങ്ങുന്നത് ഏകദേശം 200 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരെ പരാജയപ്പെടുത്തിയതോട് കൂടി ക്ഷയിച്ചുതുടങ്ങിയ തെക്കന്‍ കേരളത്തിലെ നായര്‍ മേല്‍ക്കോയ്മ, ബ്രിട്ടീഷുകാരുടെ കടന്നുവരവോടു കൂടി ഏകദേശം പൂര്‍ണമായും ഇല്ലാതായി എന്ന് തന്നെ പറയാം. എങ്കിലും ചുരുക്കം ചില ഗ്രാമങ്ങളില്‍ അപ്പോഴും ഭരണം നായര്‍ പ്രാതിനിധ്യം കൂടുതലുള്ള നാട്ടുകൂട്ടങ്ങളുടെ കയ്യില്‍ തന്നെയായിരുന്നു. അങ്ങനെയൊരു ഗ്രാമമായിരുന്നു തെച്ചിക്കാട് ഗ്രാമവും. ജാതിവ്യവസ്ഥയും വര്‍ണവെറിയും കൊടികുത്തി വാണിരുന്ന സമയമായിരുന്നിട്ടു കൂടി തെച്ചിക്കാട് ഗ്രാമവാസികള്‍ പരസ്പര വിദ്വേഷമന്യേ സന്തുഷ്ടിയോടെ കഴിഞ്ഞിരുന്ന കാലം. ഗ്രാമത്തിലെ ധനികരും, വിദ്യാസമ്പന്നരും ഉള്‍പ്പെടുന്ന ഒരു ചെറിയ നാട്ടുകൂട്ടമായിരുന്നു ഗ്രാമത്തിന്‍റെ പൊതുവായ തീരുമാനങ്ങള്‍ എടുത്തിരുന്നത്. നാട്ടുകൂട്ടത്തിന്‍റെ തീരുമാനങ്ങളെ ഗ്രാമം ബഹുമാനത്തോടെ കാണുകയും അതിനെ അനുസരിക്കുകയും ചെയ്തു പോന്നു.
ആയിടയ്ക്കാണ് നാട്ടില്‍ വസൂരി പടര്‍ന്നുപിടിക്കുന്നത്. നാനാദിക്കിലായി ദിവസേന വസൂരിമരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. നാട്ടുകാര്‍ ഭയന്നു. കര്‍ഷകരും, കച്ചവടക്കാരും, നമ്പൂതിരിയും, നായരും ഒരുപോലെ ഭയന്നു, ലിംഗഭേദമന്യേ ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ചു. കൃഷി നിലച്ചു, കലവറള്‍ ക്ഷയിച്ചു, പീടികകള്‍ കാലിയായി. അധികം വൈകാതെ പട്ടിണിയും നാടിനെ പിടികൂടി. നാട്ടുകൂട്ടം കൂടി. അടിയന്തരമായി ഒരു പരിഹാരം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായിരുന്നു. അല്ലെങ്കില്‍ കൊച്ചിയിലും ചേര്‍ത്തലയിലും സംഭവിച്ചത് പോലെ നൂറുകണക്കിന് പേര്‍ വസൂരി മരണത്തിനു കീഴടങ്ങും. പെട്ടെന്നൊരു പോംവഴിക്കായി അവര്‍ തല പുകഞ്ഞാലോചിച്ചു. ഈശ്വരകോപമാണ് പകര്‍ച്ചാവ്യാധിക്ക് കാരണം എന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. വടക്കുനിന്നു ദിവ്യനായ സന്യാസിയെ വരുത്തി പ്രശ്നം വയ്പ്പിക്കാന്‍ നാട്ടുകൂട്ടം തീരുമാനിച്ചു.
ആല്‍മരത്തിനു കീഴില്‍ വട്ടത്തിലുള്ള പനയോലത്തടുക്കില്‍ കാവിവസ്ത്രം ധരിച്ചു ധ്യാനനിമഗ്നനായി കണ്ണുകളടച്ചു സന്യാസി ഇരുന്നു. തന്‍റെ ദിവ്യദൃഷ്ടിയിലൂടെ മഹാമാരിക്ക് പിന്നിലുള്ള കാരണം അദ്ദേഹം കണ്ടുപിടിച്ചു. ദേവികോപമാണ് കാരണം, കുടിയിരിക്കാന്‍ ഒരു സ്ഥലം ലഭിക്കാതെ ദേവി അലയുകയാണ്. ഗ്രാമത്തില്‍ ഒരു അമ്പലം പണിതു, അലയുന്ന ദേവിയെ കുടിയിരുത്തണം. ഭസ്മം കൊണ്ട് കളം വരച്ചു അതിലേക്ക് രണ്ടായി പിളര്‍ന്ന ആലില ചുഴറ്റിയെറിഞ്ഞു ദേവിയെ കുടിയിരുത്തേണ്ട സ്ഥാനവും ദിവ്യന്‍ തന്നെ കല്‍പ്പിച്ചു. ദിവ്യന്‍ നിര്‍ദേശിച്ച സ്ഥാനം കുഴിച്ച നാട്ടുകാര്‍ കണ്ടെത്തിയത്, നീല നിറത്തില്‍ തിളങ്ങുന്ന മൂന്നായി പിളര്‍ന്ന ഒരു ശിലയാണ്. അതില്‍ വലിപ്പമേറിയ ശിലയില്‍ ദേവിയെ ആവാഹിച്ചു, കുഴിയെടുത്ത ഭാഗത്ത് തന്നെ അമ്പലം പണിതു കുടിയിരുത്തണമെന്നു സന്യാസി നിര്‍ദേശിച്ചു. ബാക്കിയുള്ള രണ്ടു ശിലകളില്‍ ഒന്ന് തെക്കുകിഴക്കേ ഭാഗത്ത് സൂര്യപ്രകാശമെത്താത്ത നാഗങ്ങളുടെ ആവാസകേന്ദ്രത്തില്‍ കുഴിച്ചിടണം, അതിനെ നാഗങ്ങള്‍ കാക്കും. പ്രതിഫലമായി ദിവസേന നാഗങ്ങള്‍ക്ക് നുറും പാലും നിവേദിക്കണം. രണ്ടാമത്തെ ഭാഗം ക്ഷേത്രത്തില്‍ നിന്ന് തെക്ക്പടിഞ്ഞാറ് ഭാഗത്ത് എണ്ണൂറു വാര മാറിയും നാഗങ്ങളില്‍ നിന്ന് അഞ്ഞൂറ് വാര മാറിയുമുള്ള ഭവനത്തിനു സമീപം കുഴിച്ചിടണം. ആ ശിലയെ ഭവനത്തിലുള്ളവരും അവരുടെ വരും തലമുറയും സംരക്ഷിക്കണം. ഇന്ന് മുതല്‍ ദേവിയുടെ സേവകരായി ആ കുടുംബം അറിയപ്പെടും. ദേവിയുടെ അംശം കുടികൊള്ളുന്ന ആ കല്ല്, അമ്മക്കല്ല് എന്നും അറിയപ്പെടും. തെച്ചിക്കാട് വാസികളെല്ലാം ദേവിയോടുള്ള അതേ ബഹുമാനത്തോടെയും സ്വന്തം കുടുംബത്തോടുള്ള അതേ സ്നേഹത്തോടെയും ദേവിയുടെ സേവകരെ കാണണം. ഗ്രാമത്തിന്‍റെ ഐശ്വര്യം നിലനില്‍ക്കുന്ന ആ കല്ല് സംരക്ഷിക്കേണ്ട ചുമതല ഈ കുടുംബത്തിനായിരിക്കും.
ദിവ്യന്‍ പറഞ്ഞ ഭവനം നാട്ടുകൂട്ടത്തിലെ കൃഷ്ണന്‍ നായരുടേതായിരുന്നു. എല്ലാവര്‍ക്കും പ്രിയങ്കരനായ, നാടിന്‍റെ നന്മ മാത്രം ആഗ്രഹിക്കുന്ന കൃഷ്ണന്‍ നായരുടെ ഭവനം. ചുറ്റും കൈകൂപ്പി പ്രാര്‍ഥിച്ചു നില്‍ക്കുന്ന തെച്ചിക്കാട് വാസികളെ സാക്ഷി നിര്‍ത്തി, പൂജാദികര്‍മ്മങ്ങളുടെ അകമ്പടിയോടെ അമ്മക്കല്ല് കൃഷ്ണന്‍ നായരുടെ വീടിനു സമീപം കുഴിച്ചിട്ടു. സന്യാസി പറഞ്ഞത് പോലെ, ദേവിയുടെ സേവകരായി തിരഞ്ഞെടുത്തതാണ് കൃഷ്ണന്‍ നായരുടെ കുടുംബത്തെ. ആ സ്ഥാനവും ബഹുമാനവും തീര്‍ച്ചയായും കൃഷ്ണന്‍ നായരുടെ കുടുംബത്തിനും, വരുംതലമുറയ്ക്കും നല്‍കണമെന്ന് നാട്ടുകാര്‍ തീരുമാനിച്ചു. കൃഷ്ണന്‍ നായരുടെ ചെറിയ കൂര പുതുക്കി പണിയാനും അവര്‍ തീരുമാനമെടുത്തു. മറുനാട്ടില്‍ നിന്ന് ഏറ്റവും മികച്ച ആശാരിമാരെയും പണിക്കാരെയും വരുത്തിച്ചു വീടുപണിയുടെ ചുമതലയേല്‍പ്പിച്ചു. വീടിനു ചുറ്റും പലരുടേതായി നിലനിന്നിരുന്ന പറമ്പും പുരയിടമെല്ലാം നാട്ടുകാര്‍ കൃഷ്ണന്‍ നായര്‍ക്ക് എഴുതിക്കൊടുത്തു. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് കൃഷ്ണന്‍നായര്‍ ധനികനായി. നാളുകൾക്കുള്ളിൽ അയാളുടെ ചെറിയ കൂര നിലനിന്നിരുന്ന സ്ഥാനത്ത് മനോഹരമായ ഒരു കെട്ടിടം പിറവി കൊണ്ടു. ആ നാട്ടിലെ തന്നെ ഏറ്റവും വലിയ വീടായി അത് മാറി. അങ്ങനെ കൃഷ്ണവിലാസം, കൃഷ്ണവിലാസം വലിയവീടായി.
വൃദ്ധന്‍ വീണ്ടും ചുമച്ചു. ശക്തമായി, തുടര്‍ച്ചയായി ചുമച്ചു. കയ്യിലിരിക്കുന്ന രണ്ടിഞ്ചു വിഷക്കുറ്റി നല്‍കിയ സമ്മാനമാകണം ഈ ചുമ. തിണ്ണയില്‍ നിന്ന് അയാളെഴുന്നേറ്റ് തോട്ടിന്‍കരയിലെ കൈതക്കാടിനു സമീപം ചെന്നുനിന്നു കുനിഞ്ഞു ശക്തമായി വീണ്ടും ചുമച്ചു, പിന്നെ നല്ല ശബ്ദത്തില്‍ കൈതയ്ക്ക് നേരെ കാര്‍ക്കിച്ചു തുപ്പി. തിരികെ വന്നു വീണ്ടും സിമെൻറ് തിണ്ണയിലേക്ക് ചാടിക്കയറിയിരുന്നു.
“അമ്മക്കല്ലിനെ പറ്റി നിങ്ങള്‍ക്ക് എന്താ അറിയേണ്ടത്”
“അറിയാനല്ല, അറിയിക്കാനാണ് ഞാന്‍ വന്നത്. നിനക്കറിയാത്ത രഹസ്യങ്ങള്‍ നിന്നെ അറിയിക്കാന്‍ പിന്നെ…..”
അയാള്‍ എന്നെ നോക്കി, വീണ്ടും ക്രൂരമായ ചിരി.
“പിന്നെ പ്രതിഫലം മേടിക്കാന്‍. ഈ രഹസ്യങ്ങളുടെ പ്രതിഫലം”
എന്തോ പറയാന്‍ തുനിഞ്ഞ എന്നെ തടഞ്ഞുകൊണ്ട് അയാള്‍ തുടര്‍ന്നു
“സമയമായില്ല, നിനക്ക് സംസാരിക്കാന്‍ സമയമായില്ല. നാടിന്‍റെ സകല ഐശ്വര്യവും കാത്തു സൂക്ഷിക്കുന്ന അമ്മക്കല്ല്. അതിനെ കാത്തു സൂക്ഷിക്കുന്ന വലിയവീട്ടുകാര്‍. കുഴിച്ചിട്ട അമ്മക്കല്ലിനു മുകളില്‍ നട കെട്ടി നടയ്ക്ക് മതില്‍ പണിതു, വീടിനുള്ളില്‍ നിന്ന് മാത്രം നടയിലേക്ക് എത്തുവാന്‍ പാകത്തില്‍ ചുറ്റും മതില് കെട്ടി വഴിയടച്ചു, ദിവസവും നടയില്‍ തിരി കൊളുത്തി, തെച്ചിക്കാട്ടമ്മയുടെ പ്രതിരൂപത്തെ പ്രാര്‍ഥിക്കുന്ന വിഡ്ഢിയായ സേവകാ, നിനക്കറിയാത്ത ഒരു സത്യമുണ്ട്. നീ തിരി കൊളുത്തുന്നതും പ്രാര്‍ഥിക്കുന്നതും വെറും മണ്ണിനോടാ! അമ്മക്കല്ല് ഇപ്പൊ വലിയവീട്ടിലില്ല!”
(തുടരും.)