
710-ആം നമ്പര്‍ ഫ്ലാറ്റിലെ വിശാലമായ ലിവിംഗ് റൂം. ഡിജിറ്റല്‍ യുഗത്തിന്‍റെ സ്വന്തമല്ലെന്നു പറയാന്‍ ആ മുറിയില്‍ ആകെയുണ്ടായിരുന്നത് മനുഷ്യ നിശ്വാസം മാത്രം. നാന്‍സി അലക്സിനോട് കുറച്ചു കൂടി ചേര്‍ന്നിരുന്നു. സിനിമയുടെ അടുത്ത ഭാഗം കുറച്ചു ഭയപ്പെടുത്തുന്നതാണ്, അലക്സിന്‍റെ പിഞ്ചുമനസ്സിനെ അത് പേടിപ്പെടുത്തുമോ എന്ന് നാന്‍സി ശങ്കിച്ചു. ഇല്ല, അവനൊരു കുലുക്കവുമില്ല, ആ ഭാഗവും കടന്നുപോയി. സാധാരണ ഒരു അഞ്ചു വയസ്സുകാരനെക്കാള്‍ ധീരനാണ് തന്‍റെ മകന്‍ എന്നതില്‍ നാന്‍സി അഭിമാനിച്ചു. ഭിത്തിയോട് ഉള്‍ചേര്‍ന്നിരിക്കുന്ന അറുപതു ഇഞ്ച് സ്ക്രീനിലാണ് ആ അമ്മയുടെയും മകന്‍റെയും കണ്ണുകള്‍. ആ മോഡേണ്‍ ടിവി ഭിത്തിയുടെ ഒരു ഭാഗമാണെന്നു തന്നെ തോന്നിപ്പോകും. പറയത്തക്കതായി മറ്റു അലങ്കാരവസ്തുക്കളോ ചിത്രങ്ങളോ ഒന്നും തന്നെ ആ മുറിയില്‍ ഉണ്ടായിരുന്നില്ല. ടിവിയെപ്പോലെ തന്നെ ഭിത്തിയോട് ഉള്‍ചേര്‍ന്നിരിക്കുന്ന ഭീമാകാരമായ ഒരു അക്വേറിയം മുറിയുടെ വലതുഭാഗം ഏകദേശം മുഴുവനായി തന്നെ കയ്യേറിയിരിക്കുന്നു. പലവര്‍ണ്ണത്തിലുള്ള ചെറു മത്സ്യങ്ങള്‍ അതില്‍ നീന്തിത്തുടിച്ചു നടന്നു. മുറിയുടെ കോണുകളില്‍ നിന്ന് പുറപ്പെട്ടുവന്ന വിവിധ വര്‍ണങ്ങളിലുള്ള പ്രകാശം മുറിക്കാകെ ഒരു മഴവില്ലഴക് നല്‍കി. ടിവിയുടെ കുറച്ചു മുകളിലായി മനോഹരമായ ഒരു ഇലക്ട്രോണിക് ഘടികാരം. കലണ്ടറിന്‍റെയും ക്ലോക്കിന്‍റെയും ജോലി ആ മനോഹരമായ ഡിജിറ്റല്‍ ഉപകരണം ഏറ്റെടുത്തിരിക്കുന്നു. ഘടികാരത്തില്‍ സമയം
2046 ജൂലൈ 27 ; 8:45 pm
അലക്സ് കുറച്ചുകൂടി മുന്നിലേക്ക് നീങ്ങിയിരുന്നു, ആകെ സംഭ്രമജനകമായ നിമിഷമാണ് ഇപ്പോള്‍ സിനിമയില്‍. കൃത്യമായ കഥയൊന്നും അവനു മനസിലാകുന്നില്ല. എങ്കിലും നല്ല രസമുണ്ട് കാണാന്‍. ഏതോ ഒരു രാക്ഷസ്സജീവിയില്‍ നിന്നും ഓടി രക്ഷപ്പെടുകയാണ് ആ സഹോദരങ്ങള്‍. അവര്‍ ആ ബട്ടണ്‍ അമര്‍ത്തുന്നതോടു കൂടി അതാ ആ ജീവി തകര്‍ന്നടിഞ്ഞിരിക്കുന്നു. അലക്സ് കൈകൊട്ടിചിരിച്ചു. രാക്ഷസ്സനെ കൊന്ന സന്തോഷത്തില്‍ സിനിമയിലെ ആ സഹോദരങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു. അലക്സിന്‍റെ പിഞ്ചുകൈ തന്‍റെ വിരലുകളില്‍ മുറുകുന്നത് നാന്‍സി തിരിച്ചറിഞ്ഞു. ടിവിയിൽ നിന്ന് കണ്ണെടുക്കാതെ അവന്‍ പറഞ്ഞു
“മമ്മി..”
അവന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് നാന്‍സിക്കറിയാം അവള്‍ വെറുതെ മൂളുക മാത്രം ചെയ്തു.
“ഹ്മം”
“എനിക്കും അനിയനെ വേണം”
“ഹ്മം..”
ആ മൂളലില്‍ അവന്‍ സംതൃപ്തനായില്ല. നാന്‍സിക്ക് നേരെ തിരിഞ്ഞുകൊണ്ട് അവന്‍ ചിണുങ്ങി “മമ്മി…ഐ വാണ്ട് എ ബ്രദര്‍ ടൂ.”
മൌനമാണ് ഉത്തമമെന്നു നാന്‍സിക്ക് തോന്നി. അവന്‍ ഓരോ തവണ ഈ ആവശ്യം ഉന്നയിക്കുമ്പോഴും അടിവയറ്റില്‍ എവിടെയോ ഒരു വേദന പൊട്ടിമുളക്കുന്നതായാണ് നാന്‍സിക്ക് തോന്നുന്നത്. അവനു അത് എന്തെങ്കിലും അറിയണോ? ഏതായാലും നാന്‍സിയുടെ അടവ് ഫലിച്ചെന്നു തോന്നുന്നു, അലക്സിനു മിണ്ടാട്ടമില്ല. എന്നാല്‍ ആ നിശബ്ദത അധിക നേരം നീണ്ടില്ല.
“മമ്മി കള്ളിയാ..”
“ഹ..ഹ. ആണോടാ കുട്ടാ, മമ്മി എന്ത് കള്ളമാ കുട്ടനോട് പറഞ്ഞത്?”
അക്വേറിയത്തിലേക്ക് വിരല്‍ ചൂണ്ടി, ദേഷ്യം ഭാവിച്ചുകൊണ്ടു അലക്സ് പറഞ്ഞു.
“മമ്മി അല്ലേ പറഞ്ഞത് ആ മീനുകള്‍ റിയല്‍ ആണെന്ന്?”
നാന്‍സി പെട്ടെന്ന് വല്ലാതായി. ഇവന്‍ ഇതെങ്ങനെ അറിഞ്ഞു.
“അ…അതെ..അതിന്..”
“അല്ല നുണയാ. പപ്പാ ടോള്‍ഡ് മി.. ദേയ് ആര്‍ നോട്ട് റിയല്‍. അതല്ലേ നമ്മള്‍ അതിനു കഴിക്കാന്‍ ഒന്നും കൊടുക്കാത്തത്”
നാന്‍സിക്ക് ജോണിനോട് വല്ലാത്ത ദേഷ്യം തോന്നി. അലക്സിനു ആ മത്സ്യങ്ങളെ വളരെ ഇഷ്ട്ടമാണ്. അവയ്ക്ക് പേര് നല്‍കി അവയോടു സംസാരിക്കാറു പോലുമുണ്ട്. ജോണ്‍ തന്നെയാണ് പറഞ്ഞത് അവ ഫെയ്ക്ക് ആണെന്ന് പറഞ്ഞു അവനെ വിഷമിപ്പിക്കേണ്ടെന്നു. എന്നിട്ടിപ്പോ മോനോട് സത്യം പറഞ്ഞു തന്നെ കള്ളിയാക്കി.
“സോറി ടാ കുട്ടാ, മോന്‍ അമ്മയോട് ക്ഷമിക്കു. ഇനി അമ്മ നുണ പറയില്ല”
“പ്രോമിസ്” കൈ നീട്ടി അലക്സ് കെഞ്ചി. അവന്‍റെ കുഞ്ഞു കയ്യില്‍ കൈ ചേര്‍ത്തു നാന്‍സി പറഞ്ഞു “പ്രോമിസ്”
“എന്നാല്‍ ഞാന്‍ വേറൊരു കാര്യം പറയട്ടെ മമ്മി”
“എന്താടാ കുട്ടാ”
അലക്സ് പതിയെ മുഖം നാന്‍സിയുടെ ചെവിയോടു അടുപ്പിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു “ഐ കാന്‍ സ്റ്റില്‍ സ്മെല്‍ ഇറ്റ്”
“കമോണ്‍ അലക്സ്..”
അലക്സിനു ദേഷ്യം വന്നു. എന്താണ് ആരും തന്നെ വിശ്വസിക്കാത്തത്. താന്‍ സത്യമാണ് പറയുന്നത്. ശരിക്കും അറിയാന്‍ പറ്റുന്നുണ്ട് ആ കരിഞ്ഞ ഗന്ധം, ഇലക്ട്രിക്ക് വയർ കരിയുമ്പോഴുള്ള അതേ മണം. പപ്പ പോലും താന്‍ പറയുന്നത് വിശ്വസിക്കുന്നില്ല. അവര്‍ക്കാര്‍ക്കും ഗന്ധം കിട്ടുന്നില്ല എന്നാണു പറയുന്നത്. എന്താണ് തനിക്കു മാത്രം ഇത് അനുഭവപ്പെടുന്നത്. അലക്സിന്‍റെ സ്വന്തം മുറിയില്‍ നിന്ന് തന്നെയാണ് ഗന്ധം എന്ന് തീര്‍ച്ചയാണ്. പക്ഷെ എത്ര നോക്കിയിട്ടും എന്താണെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. കട്ടിലിനടിയിലും ടേബിളിലും ടോയ്സിനു ഇടയിലും എല്ലാം നോക്കി, ഒരു രക്ഷയുമില്ല. അന്ന് പപ്പയുടെ കമ്പ്യൂട്ടര്‍ കേടായപ്പോഴും ഇതേ ഗന്ധമാണ് വന്നത്. അന്നും താന്‍ തന്നെയാണ് കണ്ടുപിടിച്ചത്. അപ്പോഴും ആരും ആദ്യം വിശ്വസിച്ചില്ല. പക്ഷെ ഇതിപ്പോള്‍ എത്ര നാളായി താനിത് അനുഭവിക്കുന്നു. എത്ര നോക്കിയിട്ടും എന്താണ് സംഭവം എന്ന് കണ്ടെത്താനാവുന്നില്ല. സാരമില്ല എന്നെങ്കിലും താന്‍ തന്നെ ഇത് കണ്ടുപിടിക്കും അപ്പോള്‍ എല്ലാരും വിശ്വസിക്കും.
***
അലക്സ് കണ്ണ് തിരുമ്മി എഴുന്നേറ്റു. എപ്പോഴാണ് താന്‍ ഉറങ്ങിയത്? നേരം അധികം വൈകിയിട്ടില്ലെന്ന് തോന്നുന്നു. പപ്പയും മമ്മിയും കിടന്നിട്ടില്ല. അലക്സ് ഉറങ്ങുന്നത് അവരോടൊപ്പമാണ്. വലിയ കുട്ടിയായി എന്നത് ശരിയാണ്, പക്ഷെ സ്വന്തം മുറിയില്‍ ഒറ്റക്ക് കിടക്കാന്‍ ഒരു പേടി. എല്ലാം ആ ഗന്ധം കണ്ടുപിടിച്ചതിനു ശേഷമാണ്. രാത്രി ഒറ്റയ്ക്ക് കിടക്കുമ്പോള്‍ തീ പിടിക്കുകയോ മറ്റോ ചെയ്താലോ? പപ്പയും മമ്മിയും എന്താ കിടക്കാത്തതു? എവിടെ പോയി രണ്ടു പേരും? അലക്സ് പതിയെ ഹാളിലേക്ക് നീങ്ങി. പെട്ടെന്ന് പപ്പയുടേയും മമ്മിയുടെയും അടക്കിപിടിച്ച സംസാരം കേട്ടു. അലക്സിന്റെ മുറിയില്‍ നിന്നാണ്. ഇവര്‍ തന്‍റെ മുറിയില്‍ എന്താണ് ചെയ്യുന്നത്? തന്നെ ഉറക്കി കിടത്തിയിട്ട് എന്തോ രഹസ്യമായി ചര്‍ച്ച ചെയ്യുകയാണ്. അലക്സ് പതിയെ വാതില്‍ക്കല്‍ ഒരറ്റത്തായി നിന്ന് മുറിയിലേക്ക് കാതോര്‍ത്തു
“…അത് ജോണിന് എങ്ങനെയറിയാം. പെണ്ണുങ്ങള്‍ക്കല്ലേ അറിയൂ. ജീവന്‍ പോകുന്ന വേദനയാ. പോരാത്തതിന് ബോഡിയും ആകെ നാശമാകും. ഇതേ ഉള്ളൂ ആകെ വഴി”
“പക്ഷെ നാന്‍സി. നിനക്ക് അറിയാവുന്നതല്ലേ. ആകെ ചിലവു പിടിച്ച സാധനമാ. പിന്നെ മെയിന്‍ന്റനന്‍സ്”
“അതൊന്നും സാരമില്ല ജോണ്‍. എനിക്ക് ഇനി ഇത് കേള്‍ക്കാന്‍ വയ്യ. ഇന്ന് കൂടി അവന്‍ പറഞ്ഞിട്ടേ ഉള്ളൂ. എവിടെയെങ്കിലും രണ്ടു കുട്ടികളെ ഒരുമിച്ചു കണ്ടാല്‍ അപ്പോള്‍ തുടങ്ങും”
അലക്സ് ഒളികണ്ണിട്ടു മുറിയിലേക്ക് നോക്കി. അവര്‍ പിന്നെയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അലക്സിനു ഒന്നും മനസിലായില്ല. നല്ല ഉറക്കവും വരുന്നുണ്ട്. പപ്പയുടെ കയ്യില്‍ പച്ച നിറത്തിലുള്ള ഒരു കടലാസ് ഇരിക്കുന്നത് അലക്സ് ശ്രദ്ധിച്ചു. രണ്ടുപേരും വഴക്ക് കൂടുകയാണോ?
“പപ്പാ”
പെട്ടെന്ന് അലക്സ് മുറിയിലേക്ക് വരുന്നത് കണ്ടു ഇരുവരും സംസാരം അവസാനിപ്പിച്ചു. ജോണ്‍ വാത്സല്യത്തോടെ അലക്സിനെ കോരിയെടുത്ത് ചുമലിലേക്ക് ചായ്ച്ചു.
“കുട്ടന്‍ ഉറങ്ങിയില്ലേ. കം, ലെട്സ് സ്ലീപ്”
***
അലക്സ് ബെട്രൂമില്‍ നോക്കി, കിച്ചണിലും, ബാത്രൂമിലും നോക്കി. ഇല്ല മമ്മിയെ കാണുന്നില്ല. എവിടെ പോയതാണെന്ന് അറിയില്ല. ഏതായാലും നന്നായി. മമ്മി ഉണ്ടെങ്കില്‍ എന്തായാലും സമ്മതിക്കില്ല. ഇപ്പോള്‍ ആരുമില്ല, താനാണ് ഗൃഹനാഥന്‍ ആരെയും വീട്ടില്‍ കയറ്റാം ആരോടോപ്പവും കളിക്കാം. അലക്സ് സന്തോഷത്തോടെ മുന്‍ഭാഗത്തെ ഡോര്‍ വീണ്ടും തുറന്നു. അവന്‍ അവിടെ തന്നെയില്ലേ?
അതെ, അതാ നില്‍ക്കുന്നു. ആരാണെന്ന് അലക്സിനറിയില്ല. മുന്‍പ് കണ്ടു പരിചയമില്ല. പരിചയപ്പെടാന്‍ തന്നെ അധികം പുറത്തേക്ക് വിടാറില്ലല്ലോ. തന്നെക്കാളും കുറച്ചു കൂടി പ്രായം കാണും. മുന്‍വശത്തെ സംസാരം കേട്ട് കതകു തുറന്നപ്പോള്‍ കണ്ടതാണ്. എന്തായാലും ഒരു കൂട്ടുകാരനെ കിട്ടിയല്ലോ. മമ്മി ഉണ്ടെങ്കില്‍ ആരെയും അകത്തു കയറ്റില്ല, ആരോടോപ്പവും കളിക്കാനും വിടില്ല. മമ്മിക്ക് എല്ലാരെയും പേടിയാണ്. തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന തന്‍റെ പുതിയ കൂട്ടുകാരനോടായി അലക്സ് പറഞ്ഞു
“വാ, കം ഇന്‍. ഇവിടെ വേറാരും ഇല്ല”
യാതൊരു സംശയവും കൂടാതെ സന്തോഷത്തോടെ അവന്‍ അകത്തേക്ക് വന്നു.
“എന്താ പേര്?”
“ജയ്സണ്‍”
“ഐ അം അലക്സ്. നമുക്ക് കൂട്ടുകാരാകാം”
സന്തോഷത്തോടെ തലയാട്ടികൊണ്ട് ജയ്സണ്‍ പറഞ്ഞു
”ആ”
അലക്സിനു എന്തെന്നില്ലാത്ത സന്തോഷം തോന്നി. അങ്ങനെ തനിക്കു രണ്ടു കൂട്ടുകാര്‍ ആയിരിക്കുന്നു. അലക്സിന്‍റെ കസിന്‍ ബ്രദര്‍ ആണ് ആദ്യത്തെത്. പക്ഷെ അവനെ വല്ലപ്പോഴുമേ കാണാന്‍ പറ്റൂ. ഇടയ്ക്ക് എപ്പോഴെങ്കിലും ആന്റിയോടൊപ്പം വരും
“നമുക്ക് കളിക്കാം.” അലക്സ് നേരെ കാര്യത്തിലേക്ക് കടന്നു.
“ആ”
“എന്ത് കളിക്കും, വീഡിയോ ഗെയിം ഉണ്ട്, ഗെയിം പാഡ് ഉണ്ട്. വീര്‍ട്വല്‍ പ്ലേ ഉണ്ട്. ഒരു കാര്യം ചെയ്യാം ആദ്യം ഞാന്‍ എന്‍റെ റൂം കാണിച്ചു തരാം”
അലക്സ് സന്തോഷത്തോടെ ജയ്സനോപ്പം തുള്ളിച്ചാടി മുറിയിലേക്ക് നടന്നു.
“അലക്സ് ഇന്‍ഡോര്‍ പാര്‍ക്കിലോട്ടൊന്നും വരാറില്ലേ?”
“ഇല്ല അതെന്താ”
“എല്ലാരും സണ്‍ഡേ അവിടെ വരുമല്ലോ, കളിക്കാന്‍”
അത് അലക്സിനു ഒരു പുതിയ അറിവായിരുന്നു. എല്ലാ കുട്ടികളും ഒരു സ്ഥലത്ത് വരിക! ഒരുമിച്ചു കളിക്കുക. ഹൊ എന്ത് രസമായിരിക്കും. പപ്പ എന്താ തന്നെ അങ്ങോട്ടൊന്നും കൊണ്ടുപോകാത്തത്. ചിലപ്പോ പപ്പക്ക് അറിയില്ലായിരിക്കും. പപ്പ വരുമ്പോ പറഞ്ഞു കൊടുക്കണം.
അലക്സ് തന്‍റെ മുറിയിലെ ഓരോ വസ്തുവും ഓരോ കളിപ്പാട്ടവും ജയ്സണ് പരിചയപ്പെടുത്തി കൊടുത്തു. അവന്‍ ഇത്രയും ടോയ്സൊന്നും കണ്ടിട്ടില്ലെന്ന് തോന്നുന്നു. ജയ്സണ് എല്ലാം അത്ഭുതമാണ്.
പെട്ടെന്ന് ജയ്സണ്‍ പറഞ്ഞു “എന്തോ കരിഞ്ഞ പോലെ മണം വരുന്നു”
അലക്സ് ഒന്ന് ഞെട്ടി. പിന്നെ സന്തോഷിച്ചു, അവസാനം വേറൊരാള്‍ക്കും ആ ഗന്ധം കിട്ടിയിരിക്കുന്നു. താന്‍ പറഞ്ഞത് സത്യമാണെന്ന് മനസിലാക്കിയിരിക്കുന്നു.
“ആ, ജയ്സണും തോന്നുന്നുണ്ടല്ലേ. ഞാന്‍ എന്നും പപ്പയോടും മമ്മിയോടും പറയും. പക്ഷെ ആരും എന്നെ വിശ്വസിക്കില്ല. അവര്‍ക്കൊന്നും മണം കിട്ടുന്നില്ല എന്ന് പറയും”
“എനിക്ക് കിട്ടുന്നുണ്ട്. ചിലപ്പോ കുട്ടികള്‍ക്ക് മാത്രമേ കിട്ടുമായിരിക്കൂ. അല്ലെങ്കിലും മണം പിടിക്കാന്‍ ഞാന്‍ മിടുക്കനാ. അമ്മ ഒളിപ്പിച്ചു വച്ചിരിക്കുന്ന കുക്കിയൊക്കെ ഞാന്‍ മണത്ത് കണ്ടുപിടിക്കും.” തെല്ലൊരഭിമാനത്തോടെ ജയ്സണ്‍ പറഞ്ഞു.
“എന്നാല്‍ ഇന്ന് നമുക്ക് ഇത് കണ്ടുപിടിക്കണം.”
“ഞാന്‍ റെഡി. അലക്സ് ആ ഭാഗത്ത് നോക്ക്. ഞാന്‍ അങ്ങേ അറ്റത്ത് നിന്ന് നോക്കാം”
ഇരുവരും കൂട്ടായി ഗന്ധത്തിന്‍റെ കാരണം അന്വേഷിച്ചു തുടങ്ങി. അലക്സ് ടേബിളിന്‍റെ ഒരു ഭാഗത്ത് നിന്ന് തുടങ്ങി. ഒരായിരം വട്ടം താന്‍ നോക്കിയിട്ടുള്ളതാണ്. സാരമില്ല ഇപ്പോ ജയ്സനും കൂട്ടുണ്ടല്ലോ, ഇത്തവണ എന്തായാലും കണ്ടുപിടിക്കണം. അലക്സ് ഓരോ ഡ്രായറും തുറന്നു പരിശോധിച്ചു. ടേബിളിനു മുകളില്‍ മൊത്തം പരതി. പെട്ടെന്നാണ് അവന്‍ അത് കണ്ടത്. പച്ച കടലാസ്, പപ്പയുടെ കയ്യില്‍ ഇന്നലെ രാത്രി കണ്ട പച്ച കടലാസ്. അവന്‍ അത് കയ്യില്‍ എടുത്ത് നോക്കി. രണ്ടു ദമ്പതികളുടെ പടം, അവരുടെ കൈ പിടിച്ചു ഒരു കുഞ്ഞു യന്ത്ര റോബോട്ടും. പിന്നെ എന്തൊക്കെയോ എഴുത്തും ഉണ്ട്. അലക്സ് അക്ഷരങ്ങള്‍ വായിക്കാന്‍ ശ്രമിച്ചു.
“R….E..A..D..Y..M..A..I..D K..I..D..S”
ഇല്ല കൂട്ടിവായിക്കാന്‍ തന്നെ കൊണ്ട് പറ്റുന്നില്ല. ആ കുഞ്ഞുറോബോട്ടിനെ കൌതുകത്തോടെ അലക്സ് നോക്കി.
“അലക്സ്”
ജയ്സണ്‍ വിളിക്കുന്നുണ്ട്. പക്ഷെ കടലാസില്‍ നിന്ന് കണ്ണെടുക്കാന്‍ അലക്സിനു തോന്നിയില്ല. എന്തോ വല്ലാത്തൊരു ആകര്‍ഷണം തോന്നുന്നു.
അവന്‍ തലേരാത്രിയിലെ തന്‍റെ മാതാപിതാക്കളുടെ ചര്‍ച്ചയെ പറ്റി ഓര്‍ത്തു. ഇതിനെ പറ്റിയായിരിക്കുമോ അവര്‍ ഇന്നലെ സംസാരിച്ചത്. അലക്സിന്‍റെ സൂക്ഷ്മബുദ്ധി അതിവേഗം പ്രവര്‍ത്തിച്ചു. കഴിഞ്ഞ ദിനങ്ങളിലെ സംഭവങ്ങള്‍ ഓരോന്നായി അവന്‍ ഓര്‍ത്തെടുത്തു.
…അവന്‍ മമ്മിയോടു അനിയന് വേണ്ടി ആവശ്യപ്പെട്ടത്…..മമ്മിയും പപ്പയും തമ്മിലുള്ള സംസാരം…ചിത്രത്തിലെ റോബോട്ട് കുട്ടി….അപ്പോള്‍……
“അലക്സ്” വിറയ്ക്കുന്ന ശബ്ദത്തോടെ ജയ്സണ്‍ വിളിച്ചു.
അലക്സ് തലയുയര്‍ത്തി ജയ്സനെ നോക്കി.
“എന്താ ജയ്സണ്‍? എന്തുപറ്റി? കണ്ടുപിടിച്ചോ?”
“ഹ്മം…അലക്സ്….അത്..നിന്‍റെ ……നിന്‍റെ ഉള്ളില്‍ നിന്നാ ഗന്ധം വരുന്നത്…..”
ഇലക്ട്രോണിക് ചിപ്പുകളാല്‍ നിര്‍മിതമായ അലക്സിന്‍റെ കുഞ്ഞു മസ്തിഷ്കത്തിന് കാര്യം മനസിലാക്കാന്‍ അധിക നേരം വേണ്ടി വന്നില്ല.
“അപ്പൊള്‍ ഞാനും……………”
😇😇
LikeLiked by 1 person
✌✌
LikeLike
പുതിയ ആശയം, എഴുത്തു രീതി. ഷെർലർക് ഹോംസ് കഥ വായിച്ച ഫീൽ 🙂😊
LikeLiked by 1 person
വായനയ്ക്ക് നന്ദി സുഹൃത്തേ ☺
LikeLike