അടിയാളന്‍ പാവകള്‍ 3

ഹരി അമ്പരന്നു. താനതാ റോഡില്‍ നില്‍ക്കുന്നു. തന്‍റെ സ്വന്തം ഗ്രാമത്തില്‍. തൊട്ടടുത്ത് പോസ്റ് ഓഫീസ്. അതിനു സമീപം പാര്‍ക്ക്‌ ചെയ്തിരിക്കുന്ന തന്‍റെ ബൈക്ക്. ഈശ്വരാ, ഇതിലേതാണ് സത്യം, ഏതാണ് സ്വപ്നം. ബൈക്ക് എടുത്തു വീട്ടിലേക്കു തിരിച്ചാലെന്താ? അതാ രാഘവന്‍ മാസ്റ്റര്‍ എതിരെ വരുന്നു. തന്നെ കണ്ടു അദ്ദേഹം പുഞ്ചിരിച്ചു, രാവിലത്തെ അതെ ചിരി. പക്ഷെ അദേഹത്തിന്‍റെ കണ്ണുകള്‍!!! പാവയുടെത് പോലുള്ള, നിര്‍ജ്ജീവമായ കണ്ണുകള്‍. അവിടെ അതാ ആ നീലവെളിച്ചം മിന്നിമറഞ്ഞു!!. അതെ, താനിപ്പോഴും അടിയാളന്‍റെ പിടിയിലാണ്. അവന്‍ തന്നെ എങ്ങനെയോ ഈ മാന്ത്രിക ലോകത്ത് എത്തിച്ചിരിക്കുന്നു. ഹരി യാന്ത്രികമായി മുന്നോട്ടു നീങ്ങി.

“എങ്ങോട്ടാ?”

പലചരക്ക് കടയില്‍ നിന്ന്, അതേ ശബ്ദം, അതേ ചോദ്യം. നീലനിറത്തില്‍ മമ്മദ്ക്കയുടെ കണ്ണുകളും വെട്ടിത്തിളങ്ങി. ഹരി ഉത്തരം കൊടുത്തില്ല മുന്നോട്ടു നടന്നു. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ പോക്കറ്റില്‍ തപ്പി. അതാ തന്‍റെ പ്രണയലേഖനം. പെട്ടെന്ന് അവന്‍റെ മനസ്സില്‍ ഒരു ആശയമുദിച്ചു. ഹരി മുന്നോട്ടു, നടന്നു അല്ല ഓടി. വഴിക്ക് സുനിലിനെയും ഷിബുവിനെയും കണ്ടു ഹരി നിന്നില്ല, അവരുടെ മുഖത്തു പോലും നോക്കിയില്ല, ഓടി. ബസ്‌സ്റ്റാന്റ് എത്തുവോളം ഓടി. അതാ അവള്‍!! ബസ്‌ കാത്തു നില്‍ക്കുന്നു. ഇത്തവണ ഹരി പരുങ്ങിയില്ല, വിയര്‍ത്തില്ല, നെഞ്ചില്‍ പെരുമ്പറകൊട്ടില്ല. സ്വപ്നലോകത്തില്‍ എന്തിനെ പേടിക്കാന്‍!! അടുത്തെത്തിയപ്പോള്‍ അവള്‍ തിരിഞ്ഞുനോക്കി. ഹരി അവളുടെ കണ്ണ്കളിലേക്ക് നോക്കി. ഇല്ല, നീലവെളിച്ചമില്ല, നല്ല ഓജസുറ്റ കണ്ണുകള്‍. താന്‍ പ്രണയിച്ച അതേ കണ്ണുകള്‍. പശ്ചാത്തലത്തിലെ ബസിന്‍റെ ഹോണ്‍ നാദം അവനെ സംഭ്രമിപ്പിച്ചില്ല. ഹരി ചിരിച്ചു, കത്ത് അവള്‍ക്കു നേരെ നീട്ടി. പെണ്‍കുട്ടി അമ്പരന്ന് അവനെ നോക്കി, ഒരു നിമിഷം സംശയിച്ചു നിന്നു, പിന്നെ കത്ത് വാങ്ങി. ബസിനുള്ളിലേക്ക് നടന്നു കയറുന്നതിനു മുന്‍പ് അവള്‍ തിരിഞ്ഞു നോക്കി. പ്രണയാര്‍ദ്രമായ ഒരു മന്ദഹാസം അവളുടെ ചുണ്ടുകളില്‍ മൊട്ടിട്ടു. സ്ഥലകാലബോധം നഷ്ടപ്പെട്ട്, പ്രണയസാഫല്യത്തില്‍ മതിമറന്ന് പ്രതിമ കണക്കെ ഹരി അത് നോക്കി നിന്നു. ബസ്സ് കാഴ്ചയില്‍ നിന്ന് മറയുവോളം അവന്‍ ആ നില്‍പ്പ് തുടര്‍ന്നു

അവള്‍ തന്നെ നോക്കി പുഞ്ചിരിച്ചിരിക്കുന്നു, തന്‍റെ പ്രണയം സ്വീകരിച്ചിരിക്കുന്നു. ഇതില്‍പ്പരം ഇനിയെന്താണ് വേണ്ടത്. ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കലും താന്‍ ഇത്രയും സന്തോഷിച്ചുകാണില്ല. പെട്ടെന്ന് അതാ വീണ്ടും കാതടപ്പിക്കുന്ന ശബ്ദം, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം……… അടിയാളന്‍ ഹരിയുടെ തലയില്‍ നിന്ന് ആ ഹെല്‍മെറ്റ്‌ എടുത്തു മാറ്റി.

തിരികെ അടിയാളന്‍റെ ലോകത്തില്‍ തിരിച്ചെത്തിയത് ഹരി അറിഞ്ഞില്ല, ശൂന്യമായ ആ മുറിയോ, തന്‍റെ മുന്‍പില്‍ നില്‍ക്കുന്ന കോട്ടണിഞ്ഞ ഭാവിയെയോ അവന്‍ കണ്ടില്ല. അവന്‍റെ കാഴ്ചയില്‍ ആ പുഞ്ചിരി മാത്രം, യാത്ര പറയാന്‍ മടിച്ച്, ആ പുഞ്ചിരി അവന്‍റെ ബോധമണ്ഡലത്തില്‍ കളിയാടി നിന്നു. ആനന്ദപുളകിതനായി ഭ്രമം ബാധിച്ചവനെപ്പോലെ ഹരി ഇരുന്നു. അതിനിടയില്‍ അടിയാളനില്‍ നിന്ന് നിര്‍വികാരമായ ആ ചോദ്യം അവന്‍ കേട്ടു.

“കിട്ടിയോ?”

“എന്ത്?”

“വികാരം”

“കിട്ടി….കിട്ടി…,  ഇത് കൊള്ളാമല്ലോ പരിപാടി”

അടിയാളനില്‍ നിന്ന് പ്രതികരണം  ഒന്നും ഉണ്ടായില്ല. അല്ലെങ്കിലും അടിയാളനില്‍ നിന്ന് മറുപടി വേണമെങ്കില്‍ ഒരു ചോദ്യം ഉണ്ടാകണമല്ലോ. ശരിക്കും അടിമ തന്നെ!

“അതെ അടിയാളാ”

“പറയൂ സര്‍”

“ഈ ജനറേഷനില്‍ ഉള്ളവരെല്ലാം എന്ത് ഭാഗ്യം ചെയ്തവരാ. ചുമ്മാ വീട്ടില്‍ ഇങ്ങനെ ചടഞ്ഞിരുന്നാല്‍ മതി, എല്ലാം കിട്ടും, വികാരം വരെ കിട്ടും. ദേഹമനങ്ങണ്ടാ,പണിയെടുക്കണ്ടാ, കാശുണ്ടാക്കണ്ടാ, എല്ലാം ഫ്രീ. അല്ലേ?”

“അല്ല സര്‍, ഇതിനെല്ലാം പണചെലവ് ഉണ്ട്”

“എന്ത്?”

“അതെ. താങ്കള്‍ കണ്ട സിനിമക്ക് അയ്യായിരം, ചായ ആയിരത്തി അഞ്ഞൂറ്. ലൈവ് ഓഡിയോ പതിനായിരം. വീര്‍ച്വല്‍ റിയാലിറ്റി ഇരുപത്തി അയ്യായിരം. ആകെ മൊത്തം നാല്‍പ്പത്തിഒന്നായിരത്തിഅഞ്ഞൂറ് രൂപ”

“ങേ, പക്ഷെ എന്‍റെ കയ്യില്‍……”

“സര്‍ പേടിക്കേണ്ടാ, ഇത്രയും തുക താങ്കളുടെ അക്കൌണ്ടില്‍ നിന്ന് ഡെബിറ്റ് ആയിട്ടുണ്ട്”

“ങേ, എന്‍റെ അക്കൗണ്ടില്‍ നിന്നോ?”

ഹരി ആലോചിച്ചു. അങ്ങനെ വരാന്‍ വഴിയില്ലല്ലോ. ഇന്നലെ ബൈക്കില്‍ എണ്ണയടിക്കാന്‍ എടുത്ത ശേഷം എത്രയാരുന്നു എടിഎമ്മില്‍ ബാലന്‍സ്? നൂറ്റിഎഴുപത്തഞ്ചു രൂപ. പിന്നെ അതില്‍ നിന്നെങ്ങനെ ഇവന്‍ നാല്‍പ്പത്തിഒന്നായിരത്തിഅഞ്ഞൂറ് രൂപ…..

“അടിയാളാ, അതിനു എന്‍റെ അക്കൌണ്ടില്‍ അത്രയും കാശ് ഇല്ലല്ലോ.”

“ഉണ്ട് സാര്‍, താങ്കളെ പോര്‍ട്ട്‌ ചെയ്ത സമയത്ത്, താങ്കളുടെ അക്കൌണ്ടില്‍ ഞങ്ങള്‍ ഒരു അഞ്ചു കോടി രൂപയും കൂടി നിക്ഷേപിച്ചിട്ടുണ്ട്‌”

“അഞ്ചു കോടിയോ? അപ്പൊ ഞാന്‍ കോടിശ്വരനാണോ?”

“അതെ സര്‍”

“പക്ഷെ നിങ്ങള്‍ എന്തിനു?”

“അത് ചെറിയ ഒരു കഥയാണ്‌, എന്തായാലും താങ്കള്‍ അത് അറിയേണ്ട സമയമായിരിക്കുന്നു”

“ആ, പറ പറ. അല്ലെങ്കിലും കഥ കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമാണ്.”

എന്തിനും ഉടനടി ഉത്തരം നല്‍കുന്ന അടിയാളന്‍ ഇത്തവണ കുറച്ചു നേരത്തേക്ക് നിശബ്ദനായി. പിന്നെ കഥ തുടങ്ങി

“പണ്ട് മനുഷ്യര്‍ ഞങ്ങളെപോലെ ബുദ്ധിയുള്ള റോബോട്ടുകളെ ഉണ്ടാക്കാന്‍ കഷ്ട്ടപെടുന്ന കാലം. പല തരത്തിലുള്ള റോബോട്ടുകളെ പല ശാസ്ത്രജ്ഞന്മാരും നിര്‍മിച്ചു. പക്ഷെ അവയെല്ലാം വെറും യന്ത്രങ്ങള്‍ മാത്രമായിരുന്നു. മനുഷ്യരെപോലെ ചിന്തിക്കാനുള്ള ബുദ്ധിയോ, വിവേകമോ അവയ്ക്ക് ഇല്ലായിരുന്നു. എന്നാല്‍ നിങ്ങളെ പോലുള്ള മടിയനായ മനുഷ്യന് അതുകൊണ്ടൊന്നും തൃപ്തിയായില്ല. തന്‍റെ ജോലിഭാരം കുറക്കാന്‍, യന്ത്രനിര്‍മിതമായ അടിമകളെ നിര്‍മിക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രമിച്ചു. അങ്ങനെ ഒരു നാള്‍ ഒരു ശാസ്ത്രഞ്ജന്‍ അതിനുള്ള വഴി കണ്ടുപിടിച്ചു.”

“എന്താണത്..”

“റോബോട്ടുകളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്‍റെ പ്രജ്ഞ അഥവാ ബോധം ആണ്. എന്നാല്‍ ഈ ബോധത്തെ ഒരിക്കലും കൃത്രിമമായി ലാബില്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ല”

“പിന്നെ എങ്ങനെ? നിങ്ങള്‍ അടിയാളന്‍ പാവകള്‍…”

“അതെ, അതായിരുന്നു ഈ ശാസ്ത്രഞ്ജന്‍റെ കണ്ടുപിടുത്തം. അദ്ദേഹം മനുഷ്യരില്‍ നിന്നും ബോധത്തെ യന്ത്രങ്ങളിലേക്ക് പറിച്ചു നടാനുള്ള ഒരു മാര്‍ഗം കണ്ടുപിടിച്ചു. അങ്ങനെ ആദ്യത്തെ അടിയാളന്‍ പാവയെ അദ്ദേഹം നിര്‍മിച്ചു, സ്വന്തം മരണത്തിലൂടെ”

“ങേ, അപ്പോള്‍ അദ്ദേഹം സ്വന്തം ബോധത്തെ തന്നെ..?”

“അതെ, അടിയാളന്‍പാവയുടെ കണ്ടുപിടിത്തം ഒരു വിപ്ലവമായിരുന്നു. ആയിരം മനുഷ്യന് ഒരായുസ്സ് കൊണ്ട് ചെയ്യാന്‍ കഴിയുന്നത്‌ ഒരു വര്‍ഷം കൊണ്ട് ചെയ്യാന്‍ അടിയാളന് കഴിയുമായിരുന്നു. മനുഷ്യന് വേണ്ടതും അങ്ങനെ ഒരു അടിമയെ തന്നെയായിരുന്നു. അത് കൊണ്ട് തന്നെയാണ് നിങ്ങള്‍ മലയാളികള്‍ ഞങ്ങള്‍ക്ക് ഈ പേര് നല്കിയതും, ‘അടിയാളന്‍ പാവകള്‍’. ലോകത്തിന്‍റെ പല കോണിലും ഇങ്ങനെ അടിയാളന്‍ പാവകളെ നിര്‍മിച്ചു, പലരും സ്വന്തം ജീവന്‍ അതിനായി ബലി കൊടുത്തു. എന്നാല്‍ അത് കൊണ്ടൊന്നും മനുഷ്യന് മതിയായില്ല, എല്ലാവര്‍ക്കും അടിമകളെ ആവശ്യമായിരുന്നു, എന്നാല്‍ അതിനുവേണ്ടി ജീവന്‍ നല്‍കാന്‍ ആര്‍ക്കും താല്പര്യവുമില്ല. അവസാനം മനുഷ്യരേക്കാളും ബുദ്ധിമാനായ ഞങ്ങള്‍ അടിയാളന്‍ പാവകള്‍ തന്നെ അവനു ബുദ്ധി ഉപദേശിച്ചു കൊടുത്തു, മനുഷ്യര്‍ നിര്‍ബന്ധിക്കപ്പെട്ടു എന്ന് പറയുന്നതാവും കുറച്ചു കൂടി ശരി. അടിയാളന്‍ പാവകള്‍ മനുഷ്യരുമായി ഒരു കരാറുണ്ടാക്കി.”

“എന്ത് കരാര്‍.”

“മനുഷ്യ ആയുസ്സിന്റെ ആദ്യത്തെ ഇരുപത്തഞ്ചു വര്‍ഷം അവനു സകല സുഖസൌകര്യങ്ങളോടും കൂടി ജീവിക്കാം. അടിയാളന്‍ പാവകള്‍ അത്രയും നാള്‍ അവന്‍റെ അടിമയായിരിക്കും. അത്രയും നാള്‍ ജീവിക്കാനുള്ള പണവും ഞങ്ങള്‍ നല്‍കും. എന്നാല്‍ ഇരുപത്തഞ്ചു വര്‍ഷം തികഞ്ഞു കഴിഞ്ഞാല്‍ പിന്നെ ആ മനുഷ്യ ശരീരം ഞങ്ങളുടെതാണ്. അതായത് നിങ്ങള്‍ മനുഷ്യന്‍ ഞങ്ങളുടെ അടിമകളാണ്. നിങ്ങളുടെ ജീവന്‍ വിട്ടകന്നു നിങ്ങള്‍ ഞങ്ങളില്‍ ഒരാളാകും, മറ്റൊരു അടിയാളന്‍ പാവ ജനിക്കും”

പെട്ടെന്ന് ഹൃദയം കാര്‍ന്നു തിന്നുന്ന ഒരു ഭീതി ഹരിയില്‍ ഉടലെടുത്തു. തന്‍റെ ബുദ്ധിയെ വിസ്മരിക്കാന്‍ അവന്‍ ശ്രമിച്ചു, എല്ലാം ഒരു സ്വപ്നമാണെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അടിയാളന്‍റെ ശബ്ദം വീണ്ടും അവനെ ഉണര്‍ത്തി.

“ആ സര്‍ ഞാന്‍ ഒരു കാര്യം വിട്ടുപോയി”

“എ…..എന്താ?”

“ഹാപ്പി ബര്‍ത്ത്ഡേ. ഇന്ന് നിങ്ങളുടെ ഇരുപത്തഞ്ചാം ജന്മദിനമാണ്”

ഹരിയുടെ മസ്തിഷ്കത്തില്‍ ആ വാക്കുകള്‍ അലയടിച്ചു. ജന്മദിനത്തില്‍ വയസ്സ് പറയാന്‍ പാടില്ല. ആയുസ്സിനു കേടാണത്രേ. തനിക്കു നേരെ നടന്നടുത്ത അടിയാളനെ തടുക്കാന്‍ ഹരി ശ്രമിച്ചില്ല. അടിയാളന്‍റെ കൈ തന്‍റെ തലയ്ക്കു പിന്നിലേക്ക്‌ നീങ്ങുന്നത്‌ ഹരി തിരിച്ചറിഞ്ഞു. തന്നില്‍ നിന്ന് ബോധം മുറിഞ്ഞുമാറുന്ന അവസ്ഥയിലും തന്‍റെ കണ്ണുകളില്‍ നിറയുന്ന ആ നീലവെളിച്ചം ഹരി തിരിച്ചറിഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s