അടിയാളന്‍ പാവകള്‍ 2

പെട്ടെന്ന് ദൂരെ നിന്ന് ഹോണ്‍ ശബ്ദം കേട്ടു, ബസ്‌ വരുന്നുണ്ട്. അവള്‍ കുറച്ചു കൂടി മുന്നോട്ടു നീങ്ങി, ബസ്‌സ്റ്റാന്റിനു പുറത്തേക്കായി ഇറങ്ങിനിന്നു. ഹരിയും മുന്നോട്ടു നീങ്ങി. അവള്‍ക്കു തൊട്ടു പിന്നിലായി നിന്നു. കത്തു പിടിച്ച കൈ അവള്‍ക്കു നേരെ ഉയര്‍ത്തി. എന്തോ പറയാന്‍ ശ്രമിച്ചു. വീണ്ടും പെരുമ്പറകൊട്ട്, പാഞ്ഞടുക്കുന്ന ബസ്‌….. “അല്ലെങ്കില്‍ ഇന്ന് വേണ്ട” കത്ത് തിരികെ പോക്കറ്റിലിട്ട് ഹരി തിരിച്ചു നടന്നു. പത്തു വാര നടന്നിട്ട് തിരിഞ്ഞു നോക്കി. ബസ്‌ മറഞ്ഞിരിക്കുന്നു. കൊട്ടും മേളവും എല്ലാം അവസാനിച്ചു. തോല്‍വിയുടെ മറ്റൊരു ദിനം.

  നിരാശയ്ക്ക് ഇനി ഒരു നെല്ലിപലകയുണ്ടെങ്കില്‍ അവിടെയാണ് ഇപ്പോള്‍ തന്‍റെ സ്ഥാനമെന്ന് ഹരിക്ക് തോന്നി. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ഒരാഴ്ചത്തെ പരിശ്രമത്തിന്‍റെ ഫലമായുണ്ടായ സാഹിത്യ സൃഷ്ടിയാണ് പോക്കറ്റില്‍ പാഴ്വസ്തുവായി കിടക്കുന്നത്. നാളുകള്‍ നീണ്ടു നിന്ന പ്ലാനിംഗ്, റിഹേഴ്സല്‍, എല്ലാം കൊട്ടിലും മേളത്തിലും അവസാനിച്ചു. അല്ലെങ്കിലും മനസ്സറിഞ്ഞു അദ്ധ്വാനിക്കുന്നവനോട്‌ എന്നാണ് ഈ ലോകം കനിഞ്ഞിട്ടുള്ളത്.

ഹരിയുടെ പ്രണയനൈരാശ്യത്തെ പറ്റി യാതൊരു ബോധവുമില്ലാതെ, ഏതാനും ചരല്‍കല്ലുകള്‍ റോഡില്‍ അങ്ങിങ്ങായി ചിതറികിടന്നിരുന്നു. നുരഞ്ഞു പൊന്തുന്ന ദേഷ്യവും നിരാശയുമെല്ലാം ഹരി തന്‍റെ ക്യാന്‍വാസ് ഷൂവില്‍ പൊതിഞ്ഞ വലത് പാദത്തിലെക്ക് ആവാഹിച്ചു. ചരലുകള്‍ തലങ്ങും വിലങ്ങും പാറി നടന്നു.

    ബൈക്കിനടുത്തെത്തി കീ കയ്യിലെടുത്തപ്പോഴാണ് ഹരി ശ്രദ്ധിച്ചത്, എന്തോ പ്രകൃതിക്ക് പെട്ടെന്ന് ഒരു മാറ്റം. എവിടെനിന്നോ നേരം തെറ്റിയതുപോലെ ഒരു കാറ്റ് വീശിയടിച്ചു. ആകാശവും ഇരുണ്ടു തുടങ്ങി. സ്വിച്ചിട്ടതുപോലെ നിമിഷനേരം കൊണ്ട് കാലാവസ്ഥ ആകെ മാറി മറിഞ്ഞു. ഹരി ഒന്ന് പേടിച്ചു, ഇനി കൊടുംകാറ്റോ സുനാമിയോ വല്ലതും ആണോ? ശരീരത്തിനും ആകെ ഒരു തളര്‍ച്ച പോലെ. കാഴ്ച മങ്ങുന്നുണ്ടോ? ഈശ്വരാ എന്താണ് തനിക്കു സംഭവിക്കുന്നത്‌. എത്രയും പെട്ടെന്ന് വീട്ടിലെത്തണം, ബൈക്കിന്‍റെ കീഹോളിലേക്ക്‌ തോക്കോല്‍ തിരുകാന്‍ ശ്രമിച്ചു, കഴിയുന്നില്ല. തല ചുറ്റുന്നു. പെട്ടെന്ന് അതാ!! എവിടെ നിന്നോ ഒരശരീരീ, പെണ്‍ശബ്ദം……..അല്ല യാന്ത്രിക ശബ്ദം!!

    “PORTING HUMAN FROM THE PAST”

                 **********************

    തിഥി 2298 ഡിസംബര്‍ 26, ദിനം തിങ്കളാഴ്ച്ച, സമയം പ്രഭാതം ഏഴു മണി കഴിഞ്ഞു മുപ്പതു മിനിറ്റ്. ഹരി കണ്ണ് തിരുമ്മി. പാല്‍ പോലെ വെളുത്ത സീലിങ്ങിലേക്ക് തുറിച്ചു നോക്കി. എവിടെയാണ് താന്‍? വീണ്ടും കണ്ണ്തിരുമ്മി, കട്ടിലില്‍ ചാടിയെഴുന്നേറ്റിരുന്നു. ചുറ്റും നോക്കി, ശൂന്യം!. വെള്ളപൂശിയ മുറി, അതിന്‍റെ ഒത്ത നടുക്കാണ് താനിരിക്കുന്ന കട്ടില്‍, അത്രമാത്രം! ബാക്കി മുറി മുഴുവന്‍ ശൂന്യം. കട്ടിലും, കട്ടിലിന്‍റെ വിരിപ്പും തലയണയും മെത്തയും സഹിതം വെളുപ്പ്, പാല്‍ പോലത്തെ വെളുപ്പ്.

    “Good Morning”

    ഹരി ഞെട്ടിത്തിരിഞ്ഞു നോക്കി. ഒരാള്‍!! ആരോ ഒരാള്‍. അമാവാസിയിലെ ഒറ്റയാള്‍ നക്ഷത്രത്തെപോലെ, ഈ വെളുത്ത ലോകത്തില്‍ കറുത്ത കോട്ടണിഞ്ഞ ഒരു മനുഷ്യന്‍. കണ്ടിട്ട് ഒരു മുപ്പത്തഞ്ചിനോട് അടുപ്പിച്ച പ്രായം, ക്ലീന്‍ ഷേവ് ചെയ്ത മുഖം, വെട്ടിയൊതുക്കിയ മുടി. ആകെ ഒരു ജെന്റീല്‍മാന്‍ ലുക്ക്. ആരാണിയാള്‍? ഹരി വീണ്ടും സൂക്ഷിച്ചുനോക്കി, അയാളുടെ കണ്ണുകള്‍!!…വികാരരഹിതമായ നിശ്ചലമായ കണ്ണുകള്‍. ഇമവെട്ടാതെയുള്ള നോട്ടം. എന്തോ ഒരു പ്രത്യേകതയുണ്ട് അയാളുടെ കണ്ണുകള്‍ക്ക്‌. ഒരു പാവയുടെതുപോലെ നിര്‍ജീവമായ കണ്ണുകള്‍. ഹരി നോക്കി നില്‍ക്കെ പൊട്ടുപോലെ, ദീപ്തമായ ഒരു നീല ഗോളം അയാളുടെ കണ്ണുകളില്‍ പ്രത്യക്ഷപ്പെട്ടു, ക്ഷണനേരം കൊണ്ട് ആ ചെറു ഗോളം വികസിച്ച് കറുത്തിരുണ്ട കൃഷ്ണമണികളെ വിഴുങ്ങി. നിമിഷനേരത്തെക്ക് ശക്തമായ നീല പ്രഭയില്‍ അയാളുടെ കണ്ണുകള്‍ തിളങ്ങി പിന്നെ സാവധാനം അതിന്‍റെ പഴയ അവസ്ഥയിലേക്ക് മടങ്ങി. ഹരി ഒന്ന് നടുങ്ങി. ഈശ്വരാ എന്താണ് സംഭവിക്കുന്നത്? എത്രയും പെട്ടെന്ന് ഈ ദുസ്വപ്നത്തില്‍ നിന്ന് ഒന്ന് ഉണര്‍ന്നിരുന്നെങ്കില്‍.

    “ആ..ആരാ?” ഹരിയില്‍ നിന്ന് യാന്ത്രികമായി ആ ചോദ്യം പുറത്തുവന്നു.

    “I am your virtual assistant”

“എന്താ..?”

“I am an AI body, an intelligent robot.

Oh. My analysis says you are not comfortable with the current language configuration. Should I switch to Malayalam?”

“ആ….മലയാളം…മലയാളം.” മരുഭൂമിയിലെ മരുപ്പച്ചപോലെ തോന്നി ഹരിക്ക് ‘മലയാളം’ എന്ന വാക്ക് കേട്ടപ്പോള്‍.

“നമസ്കാരം സര്‍, ഞാനാണ് താങ്കളുടെ ‘അടിയാളന്‍ പാവ’”

“അടിയാളന്‍ പാവയോ?”

“അതെ, കൃത്രിമ ബുദ്ധിയുള്ള യന്ത്രമനുഷ്യന്‍. നിങ്ങള്‍ മലയാളികള്‍ ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരാണ് ‘അടിയാളന്‍ പാവകള്‍’ ”

“എനിക്കൊന്നും മനസിലാകുന്നില്ല. ഇത്രയും വിചിത്രമായ ഒരു സ്വപ്നം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല”

“ഇല്ല സര്‍, താങ്കള്‍ സ്വപ്നം കാണുകയല്ല. താങ്കള്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം യാഥാര്‍ത്ഥ്യം തന്നെ.”

അത് ശ്രദ്ധിക്കാത്തത് പോലെ ഹരി തുടര്‍ന്നു.

“ഇത് ഏതാ സ്ഥലം? ഞാന്‍ എങ്ങനെ ഇവിടെ എത്തിപ്പെട്ടു?”

“സര്‍ നിങ്ങള്‍ ഭൂതകാലത്തില്‍ നിന്നും പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ ഇപ്പോള്‍ രണ്ടായിരത്തിഇരുന്നൂറ്റിതൊണ്ണൂറ്റെട്ടാം ആണ്ടിലാണ്.”

കുറച്ചു നിമിഷത്തേക്ക് ആ പാല്‍ക്കടലില്‍ നിശബ്ദത നീന്തിത്തുടിച്ചു നടന്നു.

എന്തൊക്കെയാണ് ഇയാള്‍ പറയുന്നത്? എന്താണ് വിശ്വസിക്കേണ്ടത് എന്നറിയാതെ ഹരി കുറച്ചു നേരം ആ ഇരിപ്പ് തുടര്‍ന്നു, എന്നിട്ട് പെട്ടെന്ന് കട്ടിലില്‍ നിന്നെഴുന്നേറ്റു, എവിടെയാണ് ഈ മുറിയുടെ വാതില്‍? ഹരി വാതില്നു വേണ്ടി പരതി, ഇല്ല വാതിലില്ല!! അടിയാളന്‍ കൌതുകത്തോടെ ഹരിയുടെ പ്രവര്‍ത്തികളെ വീക്ഷിച്ചു നിന്നു.

    “എവിടെ? എവിടെയാണ് ഇതിന്‍റെ വാതില്‍? എങ്ങനെയാണ് ഇവിടെ നിന്ന് പുറത്തുകടക്കുക.”

    “സര്‍, ഇവിടെ നിന്ന് പുറത്തു കടക്കാന്‍ സാധ്യമല്ല.”

“എന്ത്, ഇതെന്താണ് ജയിലോ? നീ എന്‍റെ അടിയാളനാണ് എന്നല്ലേ പറഞ്ഞത്. എന്നെ ഇവിടെ നിന്ന് പുറത്തു കടത്ത്. ഇത് രണ്ടായിരത്തി ഇരുനൂറാം ആണ്ടാണോ എന്ന് ഞാനൊന്ന് നോക്കട്ടെ. ഹമ്പട, എന്നെ പറ്റിക്കാം എന്നാ വിചാരം. കോമാളി വേഷവും കെട്ടി വെള്ള പൂശിയ മുറിയില്‍ പൂട്ടിയിട്ടിട്ട് രണ്ടായിരത്തി ഇരുനൂറാം ആണ്ടാണത്രേ..”

“സര്‍, താങ്കള്‍ക്കു പുറത്തു പോകാന്‍ കഴിയില്ല. താങ്കള്‍ക്കു മാത്രമല്ല, ജീവനുള്ള ഒന്നിനും സൂര്യപ്രകാശവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരാന്‍ കഴിയില്ല. ഈ നൂറ്റാണ്ടിലെ അള്‍ട്രാസോണിക് രശ്മികളുടെ തീവ്രത താങ്ങുവാന്‍ മനുഷ്യനോ മറ്റു ജീവികള്‍ക്കോ സാധ്യമല്ല.”

“അപ്പൊ ഇവിടെ ആരും പുറത്തിറങ്ങാറില്ലേ?”

“ഇല്ല”

“ആരും തമ്മില്‍ സംസാരിക്കാറില്ലേ? നിങ്ങള്‍ അല്ലാതെ വേറൊരു മനുഷ്യശബ്ദം കേള്‍ക്കാന്‍ അപ്പോള്‍ ഒരു മാര്‍ഗവും ഇല്ലേ?”

“ഞാന്‍ മനുഷ്യനല്ല സര്‍, പിന്നെ വേറെ മനുഷ്യശബ്ദം കേള്‍ക്കാന്‍ വഴിയുണ്ടാക്കാം.” ഇത്രയും പറഞ്ഞു അടിയാളന്‍ തന്‍റെ കൈത്തണ്ടയില്‍ കെട്ടിയിരുന്ന വാച്ച് പോലുള്ള ബാന്‍ഡില്‍ ഒന്നമര്‍ത്തി. പെട്ടെന്ന് അയാളുടെ മുന്‍പില്‍ സുതാര്യമായ ഒരു സ്ക്രീന്‍ ദൃശ്യമായി. അടിയാളന്‍റെ കൈ വിരലുകള്‍ അതിലെ ഏതാനും ബട്ടണുകളിലൂടെ ചലിച്ചു. ഇതെല്ലാം കണ്ടു ഹരി ആശ്ചര്യപ്പെട്ടു നിന്നു. ഏതൊക്കെയോ ഇംഗ്ലീഷ് സിനിമകളില്‍ ഈ ഐറ്റം കണ്ടിട്ടുണ്ട്. എന്നാലും ഇതൊക്കെ..? അപ്പോള്‍ ഇയാള്‍ പറയുന്നെതെല്ലാം യാഥാര്‍ത്ഥ്യമാണോ? താന്‍ ശരിക്കും ഭാവിയില്‍ എത്തിപ്പെട്ടോ?

“ഇതാ സര്‍, ഇത് താങ്കളുടെ ഇപ്പോഴത്തെ അയല്‍ക്കാരുടെ തല്‍സമയ സംഭാഷണം ആണ്.”

പെട്ടെന്ന് അശരീരി പോലെ റൂമില്‍ എവിടെ നിന്നോ ഒരു ശബ്ദം കേട്ട് തുടങ്ങി.

    “പണ്ട് പണ്ട് നമ്മുടെ നാട് ഭരിച്ചിരുന്നൊരു ഭരണാധികാരിയുണ്ടായിരുന്നു. നാടൊട്ടുക്ക് സഞ്ചരിച്ചു അദ്ദേഹം തന്‍റെ അയല്‍രാജ്യക്കാരുടെ ക്ഷേമം അന്വേഷിച്ചറിഞ്ഞു…..”

ഹരി ഒന്ന് പകച്ചു. ഇത്..ഇത് തന്നെയല്ലേ താന്‍ ഇന്ന് ഉറക്കമുണര്‍ന്നപ്പോള്‍ കേട്ട കഥ, മഹാബലിയുടെ കഥ. പക്ഷെ ആ മുത്തശ്ശനല്ല ഇതേതോ ചെറുപ്പക്കാരന്‍, കഥ മൂളികേള്‍ക്കുന്ന ഏതോ ഒരു കുട്ടിയുമുണ്ട് കൂടെ. കഥ തുടര്‍ന്നു..

“നാട്ടിലെ കള്ളവും ചതിയും ഇല്ലാതാക്കാന്‍ ഭരണാധികാരി ശ്രമിച്ചു. നാട്ടിലെ കൂടിവരുന്ന കള്ളനോട്ടുകളെ തടയിടാന്‍ ഒരിക്കല്‍ അദ്ദേഹം നോട്ടു തന്നെ വേണ്ടെന്നു വച്ചു….”

ഹരിക്ക് കാര്യം പിടികിട്ടി. ഇത് മഹാബലിയല്ല, ഇത് ആള് വേറെ, അപ്പോള്‍ ഞാന്‍ ശരിക്കും ഇരുപത്തി രണ്ടാം നൂറ്റാണ്ടിലാണോ? എന്ത് ചെയ്യണമെന്നറിയാതെ ഹരി നിന്നു, പുറത്തു കടക്കാന്‍ കഴിയില്ല. ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ല. ഇനി എന്താ ചെയ്യുക, അടിയാളനോട് തന്നെ ചോദിച്ചു കളയാം.

“അടിയാളാ, എനിക്ക് എന്തായാലും പുറത്തു പോകാന്‍ സാധിക്കില്ല. പിന്നെ ഈ മുറിയില്‍ ഒറ്റക്കിരുന്നു എന്ത് ചെയ്യാനാണ്?”

“എന്താ ചെയ്യേണ്ടതെന്ന് താങ്കള്‍ തന്നെ പറഞ്ഞാല്‍ മതി. പാട്ട് കേള്‍ക്കണോ, സിനിമ കാണണോ, പറഞ്ഞോളൂ”

“അതിനിപ്പോ ഇവിടെ നിന്ന് എങ്ങനെ സിനിമ കാണാനാണ്?, ഇവിടെ ടിവി ഒന്നും ഇല്ലല്ലോ?”

അടിയാളന്‍ വീണ്ടും കൈത്തണ്ടയില്‍ അമര്‍ത്തി, പെട്ടെന്ന് ഹരിക്ക് അഭിമുഖമായി ഭിത്തിയില്‍ ഒരു സ്ക്രീന്‍ പ്രത്യക്ഷപ്പെട്ടു. സ്ക്രീന്‍ എന്ന് പറഞ്ഞാല്‍ ഒരു തീയറ്ററിന് അത്രയും വലിപ്പമുള്ള സ്ക്രീന്‍.

“സംഗതി കൊള്ളാമല്ലോ. തീയറ്ററില്‍ പോകാതെ വീട്ടിലിരുന്നു അതിനെക്കാളും ഗംഭീരമായി പടം കാണാം.”

“സര്‍ ക്ഷമിക്കണം ഞാന്‍ മറന്നു പോയി, ഇതാ..”

ഹരി  അടിയാളന്‍റെ നീട്ടിപിടിച്ച കയ്യിലേക്ക് നോക്കി, മരുന്ന്കുപ്പിയുടെ മുകളില്‍ വയ്ക്കാറുള്ളത് പോലെ ചെറിയൊരു പ്ലാസ്റ്റിക്‌ അടപ്പ്. അതില്‍ എന്തോ ഒരു ദ്രാവകവുമുണ്ട്. എന്താണാവോ ഇവന്‍റെ ഉദ്ദേശം?

“എന്താ ഇത്?”

“ചായ..”

ഹരി അത് വാങ്ങി. തുറിച്ചു നോക്കി, ഇയാള്‍ തന്നെ കളിയാക്കുകയാണോ?

“ഇതാണോ ചായ, ഇത് ഒന്ന് തൊണ്ട നനയ്ക്കാന്‍ പോലും ഇല്ലല്ലോ.”

“ഇവിടെ ഇങ്ങനെയേ കിട്ടു സര്‍, ജലക്ഷാമമാണ്”

ഇത്രക്കും ക്ഷാമമോ? കുളിമുറിയിലെ തുറന്നിട്ടിരിക്കുന്ന ടാപ്പിനെ പറ്റിയും, കവിഞ്ഞൊഴുകുന്ന ബക്കറ്റിനെ പറ്റിയും ഹരി ഓര്‍ത്തു.  ഒരു പക്ഷെ ഭാവി ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍… എന്തായാലും ഈ ഭാവിയിലെ ചായ ഒന്ന് ട്രൈ ചെയ്തു കളയാം. ടപ്പി വായിലേക്ക് കമിഴ്ത്തി. എന്റമ്മേ, എന്തൊരു കയ്പ്പ്. പഞ്ചസാരക്കും ക്ഷാമം ആണെന്ന് തോന്നുന്നു.

“സര്‍ ബ്രേക്ക്‌ഫാസ്റ്റ്”

“ഓ, വേണ്ട. തൃപ്തിയായി. ”

ഹരി കുറച്ചു സമയം സിനിമ കണ്ടു, പാട്ട് കേട്ടു, ഏതൊക്കെയോ ഗെയിം കളിച്ചു. ചോദിക്കുന്നതിനെല്ലാം അടിയാളന് ഉത്തരമുണ്ട്. ഉത്തരം മാത്രം, അല്ലാതെ മനുഷ്യരെ പോലെ സംസാരിക്കാനറിയില്ല. തമ്മില്‍ കാണാതെ ഈ കാലഘട്ടത്തില്‍ മനുഷ്യര്‍ എങ്ങനെ കഴിച്ചുകൂട്ടുന്നു എന്നോര്‍ത്തു ഹരി അത്ഭുതപ്പെട്ടു.

“അതെ അടിയാളാ”

“സര്‍”

“ഈ പാട്ടും സിനിമയുമൊക്കെ മാത്രെമെയുള്ളോ”

“എന്താണ് സര്‍ വേണ്ടത്?”

“വികാരം..വേറൊരു മനുഷ്യജീവിയുമായി സമ്പര്‍ക്കത്തിന് യാതൊരു മാര്‍ഗവുമില്ലേ?”

“വഴിയുണ്ടാക്കാം.”

അടിയാളന്‍റെ കൈ കോട്ടിനുള്ളിലേക്ക് കടന്നു. എന്തോ ഒരു ഉപകരണവുമായി അത് തിരിച്ചുവന്നു. കണ്ടിട്ട ഒരു ഹെല്‍മെറ്റ്‌ പോലെയുണ്ട്. പക്ഷെ അധികം വലിപ്പമില്ല. അടിയാളന്‍ അത് ഹരിയുടെ തലയില്‍ ഘടിപ്പിച്ചു. മൂക്കിനു തൊട്ടു മുകളില്‍ വരെ പൂര്‍ണമായും ആ ഉപകരണം പൊതിഞ്ഞു. ആകെ അന്ധകാരം, ഹരി ഒന്ന് പേടിച്ചു. അടിയാളന്‍ ഹെല്‍മെറ്റില്‍ എവിടെയോ ഒന്നമര്‍ത്തി. പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദം, കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം.

ഹരി അമ്പരന്നു. താനതാ റോഡില്‍ നില്‍ക്കുന്നു. തന്‍റെ സ്വന്തം ഗ്രാമത്തില്‍. തൊട്ടടുത്ത് പോസ്റ്റ് ഓഫീസ്. അതിനു സമീപം പാര്‍ക്ക്‌ ചെയ്തിരിക്കുന്ന തന്‍റെ ബൈക്ക്. ഈശ്വരാ, ഇതിലേതാണ് സത്യം, ഏതാണ് സ്വപ്നം. ബൈക്ക് എടുത്തു വീട്ടിലേക്കു തിരിച്ചാലെന്താ? അതാ രാഘവന്‍ മാസ്റ്റര്‍ എതിരെ വരുന്നു. തന്നെ കണ്ടു അദ്ദേഹം പുഞ്ചിരിച്ചു, രാവിലത്തെ അതെ ചിരി. പക്ഷെ അദേഹത്തിന്‍റെ കണ്ണുകള്‍!!! പാവയുടെത് പോലുള്ള, നിര്‍ജ്ജീവമായ കണ്ണുകള്‍. അവിടെ അതാ ആ നീലവെളിച്ചം മിന്നിമറഞ്ഞു!!. അതെ, താനിപ്പോഴും അടിയാളന്‍റെ പിടിയിലാണ്. അവന്‍ തന്നെ എങ്ങനെയോ ഈ മാന്ത്രിക ലോകത്ത് എത്തിച്ചിരിക്കുന്നു. ഹരി യാന്ത്രികമായി മുന്നോട്ടു നീങ്ങി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s