അടിയാളന്‍ പാവകള്‍ 1

തിഥി 2016 ഡിസംബര്‍ 26, താരമിത്രങ്ങള്‍ കൈയൊഴിഞ്ഞിട്ടും കുളിര്‍തെന്നലിനെ വേര്‍പിരിയാന്‍ മടിച്ചുനിന്ന ചന്ദ്രബിംബത്തിന്‍റെ പ്രഭ കെടുത്തികൊണ്ട് സൂര്യഭഗവാന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു, അങ്ങനെ ആ തിങ്കളാഴ്ച്ചയും പുലര്‍ന്നു. ഹരി കണ്ണുതിരുമ്മി, കട്ടിലില്‍  എഴുന്നേറ്റിരുന്നു. എന്തോ ഉറക്കം അത്ര ശരിയായില്ല. കിടക്ക വിട്ടെഴുന്നേല്‍ക്കാനെ തോന്നുന്നില്ല. ‘കുറച്ചുകൂടി കിടന്നാലെന്താ’ എന്നൊരു ചിന്ത തലച്ചോറില്‍ ഉദിച്ചുയര്‍ന്ന് കണ്ണുകളിലേക്കുള്ള യാത്രാമദ്ധ്യേ ഒരു കുക്കുടനാദത്താല്‍ ബ്ലോക്ക്‌ ചെയ്യപ്പെട്ടു, “നാശം പിടിക്കാന്‍,  ഈ കോഴിക്കെന്താണ് ഉറങ്ങുന്നവരോടു ഇത്രക്കും അസൂയ. ഭാവിയില്‍ ആരുടെയെങ്കിലും ചെറുകുടലില്‍ അലിഞ്ഞു തീരേണ്ട ജന്മമാണ്, എന്നാലും അഹങ്കാരത്തിന് ഒരു കുറവുമില്ല. ഇപ്പൊ ഇതിനെ കയ്യില്‍ കിട്ടിയാല്‍, നേരെ കഴുത്തിന് ഒരു പിടുത്തം, ഒരു ഞെരടല്‍. പിന്നെ ഉപ്പും മുളകും മസാലയും ചേര്‍ത്ത് സേവിച്ചാല്‍ മതി” ഹരി കോട്ടുവായിട്ടു, മൂരി നിവര്‍ത്തി, കൈ രണ്ടും ചേര്‍ത്തുപിടിച്ചു മടക്കി നാല് ഞെട്ട പൊട്ടിച്ചു. പതുക്കെ കട്ടിലില്‍ നിന്നെഴുന്നേറ്റു. കൃത്യ സമയം, അലാറത്തിനെക്കാളും കൃത്യനിഷ്ഠയോടെ അമ്മ ചായകപ്പുമായി അകത്തേക്ക് വരുന്നു.

    “ആ, എഴുന്നേറ്റോ. ഹാപ്പി ബര്‍ത്ത്ഡേ”. അമ്മയുടെ പുഞ്ചിരിച്ചുകൊണ്ടുള്ള ആശംസ കേട്ടപ്പോഴാണ് ഓര്‍മിച്ചത്‌, ഇന്ന് തന്‍റെ ജന്മദിനം ആണ്. നീട്ടിപിടിച്ച ചായകപ്പ് മേടിക്കും മുന്‍പേ ഹരിയുടെ കൈ കട്ടിലില്‍ തന്‍റെ അഞ്ചര ഇഞ്ചിന്‍റെ ഡിജിറ്റല്‍ ലോകത്തിനായി പരതി. മൊബൈല്‍ കൈയില്‍ എടുത്തുകഴിഞ്ഞപ്പോഴേക്കും തിരച്ചില്‍ വലതുകൈവിരല്‍ ഏറ്റെടുത്തു. ഇത്തവണ ലക്ഷ്യം  ‘ഫേസ്ബുക്ക്‌’ ഐക്കണാണ്. ബര്‍ത്ത്ഡേ വിഷസിന്റെയും മെസ്സേജുകളുടെയും ഒരു കണക്കെടുക്കണമല്ലോ. അതാണല്ലോ ആചാരം!

    “ഓ, രാവിലെ തുടങ്ങി, വയസ്സ് ഇരുപത്തഞ്ചാ ആയതു, പെണ്ണ് നോക്കേണ്ട സമയമായി.”

“അയ്യോ, അമ്മെ ഇന്ന് വയസ്സ് പറയല്ലേ..”. പിറന്നാള്‍ ദിനം വയസ്സ് പറയാന്‍ പാടില്ല, അത് ആയുസ്സിനു കേടാണത്രേ, അത് മറ്റൊരാചാരം. അമ്മയ്ക്ക് ഇതൊന്നും അറിയില്ലെന്നുണ്ടോ. പിന്നെ പെണ്ണ് നോക്കുന്ന കാര്യം, ഒരു കുസൃതിചിരിയോടെ ഹരി പറഞ്ഞു. “എനിക്ക് വേണ്ടി പെണ്ണ് നോക്കാന്‍ നിങ്ങള്‍ ആരും കഷ്ടപ്പെടേണ്ട”.

“അതെന്താടാ അങ്ങനെ?” കല്യാണിയമ്മയ്ക്ക് സംശയം മണത്തു.

“ആ, അതങ്ങനാ”

ഒരു വിശദീകരണം കല്യാണിയമ്മക്ക് ആവശ്യമായിരുന്നു, പക്ഷെ ഇപ്പൊ ഏതായാലും സമയമില്ല, അടുക്കളയില്‍ അപ്പടി പണിയുണ്ട്. അതുകൊണ്ട് തന്‍റെ ചോദ്യങ്ങള്‍ തല്‍ക്കാലം കല്യാണിയമ്മ ഒരു നോട്ടത്തിലൊതുക്കി, ശേഷം തന്‍റെ കര്‍മസ്ഥലത്തേക്ക് നീങ്ങി.

ചായകപ്പ് കൈയ്യിലെടുത്ത് ഹരി ജനലിനടുത്തേക്ക് നടന്നു. ജനല്‍പ്പടിയില്‍ ഒരു മൂലക്കായി തന്‍റെ കര്‍മ്മമെന്തന്നറിയാതെ, മനുഷ്യസ്പര്‍ശത്തിനായി കൊതിച്ചു ധൂമപടലങ്ങളില്‍ മുങ്ങി ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടു സ്ഥിതി ചെയ്തു. ഹരി ആ വസ്തുവിനെ നോക്കി പുഞ്ചിരിച്ചു, ഒരു പക്ഷെ ജീവിതത്തില്‍ ആദ്യമായിട്ടാവണം ഒരു പുസ്തകം നോക്കി താന്‍ സന്തോഷിക്കുന്നത്. തന്‍റെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ ആ നിഘണ്ടുവും ഒരു പക്ഷെ ഹരിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടാവും. ഹരി  ശ്രദ്ധയോടെ ഡിക്ഷണറിയുടെ പൊടി പിടിച്ച താളുകള്‍ മറിച്ചു, അതിനുള്ളില്‍ നിന്ന് തന്‍റെ പ്രണയലേഖനം പുറത്തെടുത്തു. സംഗതി കുറച്ചു പഴഞ്ചനാണ്, പ്രേമലേഖനമൊക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ ആയിട്ട് ദശാബ്ദം ഒന്ന് കഴിഞ്ഞു. എന്നാലും ഒരാഗ്രഹം, തന്‍റെ പ്രണയം അവളെ അറിയിക്കുന്നത് എഴുത്തിലൂടെയാകണം. ചുമ്മാ ഒരാഗ്രഹം. എന്താണ് ആ ആഗ്രഹത്തിന് കാരണം? നേരിട്ട് പറയാനുള്ള ധൈര്യക്കുറവാണോ? ആവോ, അറിയില്ല. ചിലപ്പോ ആയിരിക്കാം. ഹരി ജനല്‍പാളികള്‍ തുറന്നു, കര്‍ട്ടനുകള്‍ വകഞ്ഞു മാറ്റി. ഒരു ചെറിയ ഡിസംബര്‍ കുളിരിനൊപ്പം സൂര്യപ്രകാശം അകത്തേക്ക് അരിച്ചുകയറി.

                ചായക്കപ്പ് കാലിയായിട്ടും മറ്റെന്തോ പ്രതീക്ഷിച്ച് ഹരി ജനലിനരികില്‍ തന്നെ നിന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല, പ്രതീക്ഷിച്ചത് വന്നെത്തി.

    “അപ്പൂപ്പാ….കഥ പറ…”

    അയല്‍പക്കത്തെ കുട്ടിയാണ്. ഉറക്കമുണര്‍ന്നാല്‍ ഉടനെ കഥകേള്‍ക്കാനായി അപ്പൂപ്പനടുത്തെതും. അനുവാദം കൂടാതെയാണെങ്കിലും കുട്ടിക്കൊപ്പം ഹരിയും കുറച്ചു സമയം കഥ ശ്രദ്ധിക്കാറുണ്ട്. കുറച്ചു സമയമെന്ന് പറഞ്ഞാല്‍, മൊബൈലില്‍ നിന്ന് അടുത്തൊരു വിളംബരം കേള്‍ക്കുന്നത് വരെ മാത്രം. ഒട്ടും ചേര്‍ച്ചയില്ലാത്ത ഒരു ‘ഫോട്ടോഷോപ്പ് കട്ട് ആന്‍ഡ്‌ പേസ്റ്റ്’ പോലെയാണ് ഈ കാലഘട്ടത്തില്‍ ആ കുട്ടിയുടെയും അപ്പൂപ്പന്‍റെയും സ്ഥാനം എന്ന് ഹരിക്ക് തോന്നി.

    “പണ്ട് പണ്ട് നമ്മുടെ നാട് ഭരിച്ചിരുന്നൊരു ഭരണാധികാരിയുണ്ടായിരുന്നു. പ്രജകള്‍ക്കു പ്രിയപ്പെട്ടവന്‍. നാടൊട്ടുക്ക് സഞ്ചരിച്ചു രാജാവ് പ്രജകളുടെ ക്ഷേമം അന്വേഷിച്ചറിഞ്ഞു. അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. കള്ളവും ചതിയും നാട്ടില്‍ നിന്ന് തുടച്ചു നീക്കി. ആധിയും വ്യാധിയും പോലും നമ്മുടെ നാട്ടിലെത്താന്‍ മടിച്ചു നിന്നു. നമ്മുടെ നാടിന്‍റെ സമ്പല്‍സമൃദ്ധി കണ്ടു ദേവന്മാര്‍ പോലും അസൂയപൂണ്ടു…”

    മഹാബലിയുടെ കഥയാണ്‌, കൊള്ളാം. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു സുഖമുണ്ട് അപ്പൂപ്പന്‍റെ കഥ കേള്‍ക്കാന്‍. പെട്ടെന്ന് കയ്യിലിരുന്ന മൊബൈല്‍ ഒന്ന് വിറപൂണ്ടു. ഗോറില്ലാ സ്ക്രീനിനു കണ്ണുകള്‍ വിറ്റ്‌ ഹരി തിരിച്ചുനടന്നു.

                      *****

    പോസ്റ്റ്‌ഓഫീസിനു കുറച്ചു മുന്‍പിലായി ബൈക്ക് പാര്‍ക്ക്‌ ചെയ്തു. ബസ്‌  സ്റ്റാന്റിലേക്ക് ഇനി കഷ്ടിച്ചു ഒരു മുന്നൂറു മീറ്റര്‍ ഉണ്ടാകും. ഇനിയിപ്പോ കാല്‍നടയാണ് ഉത്തമം. പോക്കറ്റില്‍ നിന്ന് ചീര്‍പ്പെടുത്തു മുടിയിഴകളെ ഒന്നുകൂടി കോതിയൊതുക്കി. ബൈക്കിന്‍റെ റിയര്‍വ്യൂ മിററില്‍  നോക്കി, ഇല്ല, യാതൊരു വ്യത്യാസവുമില്ല, ആ വളിച്ച മോന്തായം തന്നെ. കുറച്ചു കൂടി പൗഡര്‍ പൂശാമായിരുന്നോ? പോക്കറ്റില്‍ പരതി, കത്ത് അവിടെത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്തി. കണ്ണടച്ചു ഒന്ന് കൂടി പ്രാര്‍ഥിച്ചു. “ഈശ്വരാ മിന്നിച്ചേക്കണേ.”. ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി ഹരി നടന്നു.    പത്തടി നടന്നപ്പോള്‍ രാഘവന്‍ മാസ്റ്റര്‍ എതിരെ വരുന്നത് കണ്ടു. അച്ഛന്‍റെ ഉത്തമസുഹൃത്താണ് മാസ്റ്റര്‍. ഭാഗ്യം, ഇത്തവണ ഏതായാലും ഉപദേശങ്ങളൊന്നും ഉണ്ടായില്ല. ഒരു ചിരി മാത്രം. സാധാരണ എപ്പോള്‍ കണ്ടാലും മാസ്റ്റര്‍ പിടിച്ചു നിര്‍ത്തി ഗീതോപദേശം നല്‍കാറുണ്ട്. തേരാപാരാ നടക്കുന്നതിന്‍റെ ദൂഷ്യവശങ്ങളെ പറ്റി, ജോലി കണ്ടുപിടിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി, തന്‍റെ പ്രായത്തില്‍ മാസ്റ്ററും അച്ഛനുമൊക്കെ ചെയ്തിരുന്ന കഠിനാധ്വാനത്തെ പറ്റി,… അങ്ങനെ പോകും. ഇത്തവണ ഏതായാലും ഒന്നും ഉണ്ടായില്ല. ഉപദേശം കൊണ്ട് കാര്യമില്ലെന്ന് മാസ്റ്ററിനു തോന്നിയിട്ടുണ്ടാകണം.

മാസ്റ്ററുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്തിന്‍റെ സന്തോഷം ആറിത്തണുത്തില്ല അതിനുമുന്‍പ്‌ അടുത്ത അശരീരി കേട്ടു.

“എങ്ങോട്ടാ?”

പലചരക്ക്കടയിലെ ചാക്കുകള്‍ക്കും, തൂങ്ങിയാടുന്ന സര്‍ഫ്എക്സല്‍ പാക്കുകള്‍ക്കും ഇടയില്‍ നിന്നാണ് ശബ്ദം. മമ്മദ്ക്കയാണ് ചോദ്യകര്‍ത്താവ്. ഇത് പക്ഷെ വളരെ നിരുപദ്രവകരമായ ചോദ്യമാണ്. താന്‍ എങ്ങോട്ട് പോകുന്നു എന്നറിയണമെന്നു മമ്മദ്ക്കക്ക് യാതൊരു നിര്‍ബന്ധവുമില്ല, പക്ഷെ ചോദിക്കണം, അത് നിര്‍ബന്ധമാണ്‌.

“വെറുതെ” കൈ കൊണ്ട് മുന്നിലേക്ക് ഒരാംഗ്യം കാണിച്ചുകൊണ്ട് ഹരി പറഞ്ഞു. മമ്മദ്ക്ക അത് കേട്ടോ എന്നറിയില്ല, എന്തായാലും തല കുലുക്കി അനുവാദം തന്നു. വഴിക്കുവച്ച് സുനിലിനെയും ഷിബുവിനെയും കണ്ടു. പതിവ് വായ്നോട്ടം തന്നെയാണ് പരിപാടി. തന്‍റെ കര്‍മ്മത്തെ പറ്റി അവരോടു പറഞ്ഞു ആശിര്‍വാദവും മേടിച്ചു പിരിഞ്ഞു. ബസ്‌സ്റ്റോപ്പ്‌ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ നെഞ്ചിനകത്തു നിന്ന് പെരുമ്പറക്കൊട്ട് കേട്ട് തുടങ്ങി. പോക്കറ്റില്‍ നിന്ന് കത്ത് പുറത്തെടുത്തു. ഉള്ളം കൈയൊക്കെ ആകെ വിയര്‍ക്കുന്നു. കത്ത് തിരികെ പോക്കറ്റില്‍ തന്നെ തിരുകി. ബസ്‌സ്റ്റോപ്പില്‍ നിറയെ ആളുകളാണ്. നാശം പിടിക്കാന്‍, ഇവനൊക്കെ കാശുമുടക്കി സ്വന്തമായി വണ്ടി മേടിച്ചുകൂടെ? ഹരി പതിയെ ഒളികണ്ണിട്ടു നോക്കി. അതെ അവള്‍ അവിടെ തന്നെയുണ്ട്‌. പതിയെ ബസ്‌സ്റ്റാന്‍ഡില്‍ കയറി അവള്‍ക്കു പുറകിലായി നിന്നു. പോക്കറ്റില്‍ നിന്ന് കത്ത് വീണ്ടും കയ്യിലെടുത്തു. അവള്‍ക്കടുത്തെക്ക് കുറച്ചുകൂടി നീങ്ങിനിന്നു. പെരുമ്പറ വീണ്ടും മുഴങ്ങാന്‍ തുടങ്ങി. ഹരി വീണ്ടും ഒളികണ്ണിട്ടു നോക്കി. പെട്ടെന്ന് പെണ്‍കുട്ടി ഒന്ന് തിരിഞ്ഞു. ഹരി തല വെട്ടിച്ചു മാറ്റി. “കണ്ടുവോ?” പെരുമ്പറകൊട്ട് മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു. നെറ്റിയില്‍ അവിടെവിടെയായി വിയര്‍പ്പുകണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ശരീരത്തിലാകമാനം ഒരു വിറയലും ബാധിച്ചു. പെട്ടെന്ന് ദൂരെ നിന്ന് ഹോണ്‍ ശബ്ദം കേട്ടു, ബസ്‌ വരുന്നുണ്ട്. അവള്‍ കുറച്ചു കൂടി മുന്നോട്ടു നീങ്ങി, ബസ്‌സ്റ്റാന്റിനു പുറത്തേക്കായി ഇറങ്ങിനിന്നു. ഹരിയും മുന്നോട്ടു നീങ്ങി. അവള്‍ക്കു തൊട്ടു പിന്നിലായി നിന്നു. കത്തു പിടിച്ച കൈ അവള്‍ക്കു നേരെ ഉയര്‍ത്തി. എന്തോ പറയാന്‍ ശ്രമിച്ചു. വീണ്ടും പെരുമ്പറകൊട്ട്, പാഞ്ഞടുക്കുന്ന ബസ്‌…..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s