
“ദാണ്ടെ! ഇവനാ എടുത്തത് , ഞാന്‍ കണ്ടതാ..” ഒരലര്‍ച്ച കേട്ടാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. കണ്ണുതുറന്നു ആദ്യം കണ്ടത് ഒരു മുഷ്‌ടിയാണ്,കറുത്തിരുണ്ട ബലിഷ്ഠമായ ഒരു മുഷ്ടി. കാര്യകാരണങ്ങള്‍ മനസിലാകും മുന്‍പേ പൊന്നീച്ചകളെ കണ്ടു തുടങ്ങി. ചെകിട്ടിലും മുതുകിലുമെല്ലാം സാമാന്യം നല്ല ശബ്ദത്തോടുകൂടി തന്നെ ഇടി വീഴാന്‍ തുടങ്ങി. ഇടിയോടിടി!! ഒരു വിധം ചുറ്റുമുള്ള ജനക്കൂട്ടത്തെ തള്ളിമാറ്റി സീറ്റില്‍ നിന്നെഴുന്നേറ്റു. പിടലിക്ക് ഏതോ ഒരു ബലിഷ്ഠകായന്‍റെ പിടിയുണ്ടായിരുന്നത് കൊണ്ട് അധികം ആയാസം കൂടാതെ സീറ്റില്‍ നിന്നുയര്‍ന്നു. പക്ഷെ കാലുകള്‍ ഇപ്പോഴും വായുവിലാണ്. കുറച്ചുനേരത്തേക്ക് സാക്ഷാല്‍ ന്യൂട്ടനു വെല്ലുവിളി ഉയര്‍ത്തിയ ശേഷം ഞാന്‍ കെഎസ്ആര്‍ടിസിയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഫ്ലോറിലേക്ക് എറിയപ്പെട്ടു. ചാടിപ്പിടഞ്ഞെണീറ്റ് ഡോര്‍ ലക്ഷ്യമാക്കി ഓടി. സ്ത്രീജനങ്ങളിലാരൊക്കെയോ വാനിറ്റി ബാഗ് വീശിയടിക്കുന്നുണ്ട്. ഡോറിനു മുന്നില്‍ പകച്ചു നിന്നു, ഓടുന്ന ശകടത്തില്‍ നിന്ന് ചാടാനൊരു മടി. അതു മനസിലാക്കിയിട്ടെന്നവണ്ണം ഡ്രൈവര്‍ വണ്ടി ചവിട്ടി. എന്നാലും വണ്ടി പൂര്‍ണമായി നിശ്ചലമാകേണ്ടി വന്നില്ല, “ഇറങ്ങെടാ വെളിയില്‍” ഘനഗംഭീരമായ ശബ്ദത്തിന്‍റെ അകമ്പടിയോടെ ഒരു കാല്‍ മുതുകില്‍ പതിച്ചു. ഭൂമിയിലെത്തിയപാടെ തിരിഞ്ഞുനോക്കാതെ ചാടിയെണീറ്റ് ഓടി.
ഒന്നും മനസിലാവുന്നില്ല, സ്വപ്നം കാണുകയാണോ?ഒന്നു നുള്ളിനോക്കി ഉറപ്പു വരുത്തണമെന്ന് തോന്നി,പിന്നെയാണ് അതൊരു ശുദ്ധമണ്ടത്തരമാണെന്ന് മനസിലായത്. കിട്ടിയ അടിയൊക്കെ നല്ലപോലെ വേദനിച്ചിട്ടുണ്ട്. ഇനി നുള്ളിനോവിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ഈ മര്‍ദ്ദനത്തിന്‍റെ കാരണം ചോദിച്ചു മനസിലാക്കണമെന്നുണ്ടായിരുന്നു, എന്നാലും ജീവന്‍ രക്ഷിച്ചിട്ടാവാം കാരണം മനസ്സിലാക്കല്‍.
ഓടിത്തളര്‍ന്നു കിതച്ചു നിന്നു. ശരീരമാകെ വേദനിക്കുന്നുണ്ട്. നടു നിവര്‍ത്താന്‍ വയ്യ. ഒന്നരമണിക്കൂറുള്ള ബസ് യാത്രയാണ്, അതുകൊണ്ടാണ് ടിക്കറ്റ് എടുത്തശേഷം ഒന്നുറങ്ങാമെന്നു കരുതിയത്. അത്രയേ ഓര്‍മയുള്ളൂ, എപ്പോഴോ ഉണര്‍ന്നു, തല്ലു മേടിച്ചു, ഓടി. ഇത്രയും വസ്തുതകളാണ് തനിക്കറിയാവുന്നത്. ഇതില്‍ നിന്ന് ഒരു കഥ മെനഞ്ഞെടുക്കാന്‍ പാടുപെടുമ്പോഴാണ് പിന്നില്‍ നിന്ന്‍ വിളി കേട്ടത്
”ചേട്ടോയ്”
ഞാന്‍ തിരിഞ്ഞുനോക്കി. മുഷിഞ്ഞ ഷര്‍ട്ടും ധരിച്ചു, അതിലും മുഷിഞ്ഞ കൈലിയും മടക്കിക്കുത്തി ഒരു യുവാവ്, ഓടിക്കിതച്ചാണ് വരവ്. സര്‍വ്വദന്തങ്ങളും പുറത്തുകാട്ടിയുള്ള ഒരു ‘ഇളി’ അവന്‍റെ മുഖത്ത് കളിയാടുന്നുണ്ട്. കാര്‍മേഘരാവിലെ മിന്നല്‍പിണര്‍പോലെ തോന്നും ആ ‘ഇളി’ കണ്ടാല്‍. എന്തായാലും ചിരി കണ്ടിട്ട് ഇടിക്കാനാണെന്നു തോന്നുന്നില്ല. എത്തിയപാടെ കിതപ്പോടെ അവന്‍ ചോദിച്ചു.
“ശരിക്കും ഇടി കിട്ടി അല്ലെ?”
യാന്ത്രികമായി വേദനകലര്‍ന്ന ഒരു മൂളല്‍ എന്നില്‍ നിന്നും പുറത്തുവന്നു.
“സാരമില്ല ചേട്ടാ, വാ നമുക്കൊരു ചായ കുടിക്കാം”. എനിക്കൊന്നും മനസ്സിലായില്ല, എന്നിരുന്നാലും എന്തുകൊണ്ടോ അപരിചിതനെ അനുഗമിച്ചു.
യുവാവ് ചിരപരിചിതനെപ്പോലെ എന്നെയും കൂട്ടി തൊട്ടടുത്ത് കണ്ടൊരു ഹോട്ടലില്‍ കയറി.
“രണ്ടു ചായ”
എനിക്കെന്തെങ്കിലും ചോദിക്കാനാവും മുന്‍പേ അവന്‍ എന്നോട് ചോദിച്ചു
“കഴിക്കാനെന്താ ചേട്ടാ വേണ്ടത്?”
എന്നില്‍ നിന്നൊരു മറുപടിക്കൊന്നും അവന്‍ കാത്തുനിന്നില്ല.
“പൊറോട്ടയും ബീഫ് റോസ്റ്റും ഓരോ പ്ലേറ്റ് പോരട്ടെ.”.
അവന്‍ വെയ്റ്റര്‍ക്ക് ഓര്‍ഡര്‍ കൊടുത്തു, എന്നിട്ട് എന്നോടായി പറഞ്ഞു
“ഒന്നും കാര്യമാക്കേണ്ട ചേട്ടാ, ഒരു മനസാക്ഷിയുമില്ലാത്ത ആളുകളാ ഇന്നത്തേത്. നല്ല കുഴമ്പും തിരുമ്മി ചൂടുവെള്ളത്തിലൊന്ന് കുളിച്ചാല്‍ ഈ വേദനയൊക്കെ പമ്പ കടക്കും”.
ഇത്രയും നന്മയുള്ള ഒരു മനുഷ്യനോടു ‘ആരാ?’ എന്നു ചോദിക്കുന്നത് മഹാപാപമായിരിക്കും. അതുകൊണ്ട് മനസ്സില്‍ തികട്ടിവന്ന സ്വാഭാവികമായ ആ സംശയത്തെ ഞാന്‍ മറ്റൊരു തരത്തില്‍ അവതരിപ്പിച്ചു.
“ബസ്സില്‍.. ഉണ്ടായിരുന്നു അല്ലെ?”
“അതെ”
“എല്ലാം കണ്ടു അല്ലെ”
“അതെ”
“സത്യമായിട്ടും ഞാനൊന്നും …..”
“ആ ഫുഡ് എത്തിയല്ലോ”
എന്‍റെ നിരപരാധിത്വം പറഞ്ഞറിയിക്കാനുള്ള ചാന്‍സ് നഷ്ടപ്പെടുത്തിക്കൊണ്ട് ആവി പറക്കുന്ന പൊറോട്ടയും ബീഫുമായി വെയിറ്റര്‍ പയ്യന്‍ എത്തി. അവനതു മേശമേല്‍ നിരത്തി.
“കഴിച്ചോ, നല്ല കിടിലം ബീഫാ”.
മസാലയും കുരുമുളകുമൊക്കെയിട്ടു വരട്ടിയെടുത്ത ബീഫ് കണ്ടപ്പോള്‍ മറിച്ചാലോചിക്കാന്‍ തോന്നിയില്ല. ഒരു കഷണം ബീഫ് പൊറോട്ടയില്‍ പൊതിഞ്ഞു വായിലേക്കിട്ടു. ആഹ, നല്ല എരിവ്, നല്ല പാകം. അങ്ങനെ ആസ്വദിച്ചു കഴിക്കുന്നതിനിടയില്‍ ചായയെത്തി. അപരിചിതന്‍ വെയിറ്ററുടെ കയ്യില്‍ നിന്ന് ചായ വാങ്ങി എനിക്ക് നേരെ നീട്ടി. പെട്ടെന്ന് ഞാനൊന്ന് ഞെട്ടി. കറുത്തിരുണ്ട് ബലിഷ്ടമായ മുഷ്ടി, പൊന്നീച്ച പറത്തിയ അതേ മുഷ്ടി. എന്‍റെ ഞെട്ടല്‍ കണ്ടിട്ടാവണം അവനു സംഗതി മനസിലായെന്നു തോന്നുന്നു.
“സോറി ചേട്ടാ, വേറെ വഴിയില്ലാതായിപ്പോയി.”
ഇപ്പോഴും കാര്യങ്ങള്‍ക്കു ഒരു വ്യക്തത വരാത്തതുകൊണ്ട് ചെറിയൊരു ഭയത്തോടെ ഞാനവനെ അന്തംവിട്ട് തുറിച്ചുനോക്കിയിരുന്നു. അവന്‍ തുടര്‍ന്നു
“നല്ല ഹെവി പേഴ്സ് ആയിരുന്നു, പോക്കറ്റില്‍ നിന്ന് വലിച്ചെടുക്കും മുന്‍പേ ആ ദ്രോഹിയുടെ കൈ പോക്കറ്റിലെത്തി.എന്‍റെ ഇത്രയും കാലത്തെ പ്രൊഫെഷണല്‍ ജീവിതത്തിനിടയില്‍ ആദ്യമായിട്ടാ ചേട്ടാ ഒരു പോക്കറ്റടി പാളുന്നത്”
ഒരു വെള്ളിടിപോലെ ആ സത്യം ഞാന്‍ മനസിലാക്കി. എന്‍റെ മുന്‍പിലിരിക്കുന്ന നല്ലവനായ മനുഷ്യന്‍ ഒരുഗ്രന്‍ തസ്കരനാണ്. ഇവന് കിട്ടേണ്ട ഇടിയാണ് കുറച്ചുമുന്‍പ് ഞാന്‍ കയ്യോടെ വാങ്ങിയത്.
“എടാ മഹാപാപി അപ്പോ നീയാണല്ലെ..”
ഞാന്‍ അലറി, നേരത്തെ കിട്ടിയ ഇടിയുടെ വെയിറ്റ് കൊണ്ടാവണം അലര്‍ച്ച ഒരു രോദനമായിട്ടാണ് പുറത്തു വന്നത്.
“ഞാന്‍ പറഞ്ഞില്ലേ ചേട്ടാ, അയാം റിയലി സോറി. രക്ഷപ്പെടാന്‍ വേറെ വഴിയില്ലാതായിപ്പോയി. അതാ പേഴ്സ് വലിച്ചെടുത് ചേട്ടന്‍റെ മടിയിലേക്കെറിഞ്ഞത്.”
“എന്നിട്ട്..”
കഥയുടെ ബാക്കി എനിക്ക് വ്യക്തമായിരുന്നു.
“ ഞാനാ എടുത്തതെന്ന് വിളിച്ചുകൂവി അല്ലെ??..അതും പോരാഞ്ഞിട്ട് ആദ്യത്തെ ഇടിയും നീ തന്നെ ഇടിച്ചു അല്ലെ?”
“അതുപിന്നെ…. ഇല്ലെങ്കില്‍ ആളുകള്‍ സംശയിക്കും ചേട്ടാ” അവന്‍ ഒന്നിളിച്ചു, പിന്നെ തുടര്‍ന്നു
“കള്ളനാണെന്ന് നാട്ടുകാരറിഞ്ഞാല്‍ മോശമല്ലേ?”
ഇതും കൂടി കേട്ടപ്പോള്‍ എന്‍റെ കണ്ട്രോള്‍ പോയി. അബദ്ധം മനസിലായ അവന്‍ കൂട്ടിച്ചേര്‍ത്തു “….ചേട്ടനെ കണ്ടിട്ട് ഈ നാട്ടുകാരനാണെന്ന് തോന്നിയില്ല. അതാ”
അവന്‍ വീണ്ടുമിളിച്ചു. ഇത്രയുമായിട്ടും എന്തുകൊണ്ടാണ് ഞാന്‍ ഇവന്‍റെ മുഖമടച്ചു അടിക്കാത്തതെന്നു എനിക്ക് തന്നെ മനസിലായില്ല.അവന്‍റെ ആരോഗ്യം കണ്ടു പേടിച്ചിട്ടാണോ, അതോ വായില്‍ക്കിടക്കുന്ന സ്വാദുള്ള ബീഫിന്‍റെ ഇഫക്ടോ
ഞാന്‍ പ്രതികരിക്കുന്നില്ല എന്നു കണ്ട് അവന്‍ തുടര്‍ന്നു
“ഞാനൊരു മനസാക്ഷിയില്ലാത്തവനായിരുന്നെങ്കില്‍ ചേട്ടനോട് ഇങ്ങനെ കുറ്റം ഏറ്റുപറയുമോ?, ചേട്ടനെ ഇടികൊള്ളിക്കണം എന്നു വിചാരിച്ചിട്ടല്ല, പിന്നെ വേറെ വഴിയില്ലാതായിപ്പോയി”
നുരഞ്ഞുപൊങ്ങുന്ന ദേഷ്യത്തിനിടയിലും അവനിപ്പോള്‍ പറഞ്ഞതില്‍ ചെറിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. ചെയ്തതില്‍ ശരിക്കും പശ്ചാത്താപം തോന്നിയിട്ടായിരിക്കണമല്ലോ ഇവന്‍ തിരിച്ചുവന്നു കുറ്റമേറ്റുപറഞ്ഞതും, ഭക്ഷണം വാങ്ങിത്തന്നതും. ഞാന്‍ പ്ലേറ്റില്‍ നിന്ന് സാമാന്യം വലിയൊരു ബീഫ് കഷണം വായിലാക്കി. ദേഷ്യമെല്ലാം അതില്‍ കടിച്ചമര്‍ത്തി.
“തനിക്കൊരു തൊഴില്‍ ചെയ്തു ജീവിച്ചുകൂടെ”
“ചേട്ടന്‍ അങ്ങനെ പറയരുത്. ഇതാണ് പരമ്പരാഗതമായി ഞങ്ങളുടെ തൊഴില്‍. എന്‍റെ അച്ഛനും അപ്പൂപ്പനുമെല്ലാം നല്ല ഒന്നാന്തരം കള്ളന്മാരായിരുന്നു. പിന്നെ, ചേട്ടാ മാന്യമായ വേറെന്തെങ്കിലും തൊഴില്‍ ചെയ്യണമെന്നൊക്കെ എനിക്ക് ശരിക്കും ആഗ്രഹമുണ്ട്. പലതും ശ്രമിച്ചിട്ടുമുണ്ട്, പക്ഷെ കള്ളന്‍റെ വാസന അങ്ങ് വിട്ടുമാറുന്നില്ല. പോക്കെറ്റില്‍ ഒരു പേഴ്സ് കണ്ടാല്‍ അറിയാതെ ഞാനതങ്ങു എടുത്തുപോകും. പിന്നെ പശ്ചാത്തപിക്കുകയും ചെയ്യും.”
എനിക്ക് അവനോടു ചെറിയൊരു സഹതാപം തോന്നി.
“എന്നാലും നീ എന്നോട് ചെയ്തത് കുറച്ചു ക്രൂരമായിപ്പോയി.”
“അത് പിന്നെ ചേട്ടാ, കള്ളനാണെന്ന് സംശയം തോന്നിയാല്‍ പിന്നെ നാട് വിടുകയല്ലാതെ വേറെ മാര്‍ഗമില്ല. ഈ നാട്ടില്‍ ഇപ്പോള്‍ മൂന്ന് കൊല്ലമായി. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ആര്‍ക്കുമറിയില്ല ഞാന്‍ പോക്കറ്റടിക്കാരനാണെന്ന്. എന്നിട്ടും ഞാന്‍ ചേട്ടനോടെല്ലാം തുറന്നുപറഞ്ഞത്, അറിയാതെയാണെങ്കിലും ഒരു വലിയ അപകടത്തില്‍ നിന്ന് ചേട്ടനെന്നെ രക്ഷിച്ചതുകൊണ്ടാ. വേറെ ആരായിരുന്നെങ്കിലും ഇപ്പൊ എന്നെ തല്ലി തവിടുപൊടിയാക്കിയേനെ. പക്ഷെ ചേട്ടന്‍റെ ആ വലിയ മനസ്സ്..എങ്ങനെയാ ചേട്ടനോട് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല….”
എനിക്ക് ചെറിയൊരഭിമാനം തോന്നി. അവനെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചു, നന്നായി ഉപദേശിച്ചു. ഇങ്ങനെ പലതും സംസാരിച്ചിരുന്നു ഭക്ഷണം ഞാന്‍ കാലിയാക്കി. ശേഷം കാശ് കൊടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി. ബില്ലെല്ലാം അവന്‍ തന്നെ ഒടുക്കി. വീണ്ടുമൊരു നന്ദി പറച്ചിലിനും ആശ്ലേഷനത്തിനും ശേഷം അവന്‍ യാത്ര പറഞ്ഞു മടങ്ങി.
ഭക്ഷണശേഷം ഒന്ന് പുകയ്ക്കുന്ന ശീലമുള്ളതുകൊണ്ട് ഞാന്‍ അടുത്ത പെട്ടിക്കടയിലേക്ക് നീങ്ങി. കുറച്ചു ഇടി കിട്ടി എന്നാലും ഇന്നത്തെ ഭക്ഷണം ലാഭിച്ചു,പാവം ഒരു നല്ല കള്ളന്‍. സിഗരറ്റിന് കാശുകൊടുക്കാനായി കീശ തപ്പിയ ഞാനൊന്ന് ഞെട്ടി. കീശ കാലി! നടുക്കം വിട്ടുമാറാതെ കുറച്ചുനേരം അസ്തപ്രജ്ഞനായി ഞാന്‍ നിന്നു, ശേഷം സിഗരറ്റ് മടക്കിനല്‍കി തിരിച്ചുനടന്നു
“കള്ളന്‍ എന്നും കള്ളന്‍ തന്നെ”….