ശവഞ്ചേഴ്സ്

‘Avengers Endgame’ എന്ന സിനിമയെ അടിസ്ഥാനമാക്കി എഴുതിയ ഒരു ന്യുജെന്‍ തുള്ളല്‍ കവിത.

എങ്ങനെ ചൊല്ലും കഥയെന്നോര്‍ത്തു,

തുള്ളലത്രേ ന്യൂജെന്‍ ശൈലി.

എന്നാപ്പിന്നെ ആ വഴി നോക്കാം,

ന്യൂജെന്‍ തുള്ളലില്‍ ഇക്കഥ ചൊല്ലാം.

വാരം മൊത്തം വര്‍ക്ക് കഴിഞ്ഞ്,

വാരാന്ത്യത്തില്‍ കിട്ടിയൊരവധി.

ഫ്രീടൈം കളയാന്‍ വഴിയും നോക്കി,

കേറിച്ചെന്നു സിനിമാക്കൊട്ടേല്‍.

എന്താ ചേട്ടാ പുത്തന്‍ മൂവി?,

“അവഞ്ചേര്‍സ് എന്‍ഡ്ഗെയിം” വന്നൂ മറുപടി.

ആയിക്കോട്ടെ കേറിക്കളയാം,

മൂന്നു മണിക്കൂര്‍ പോയിക്കിട്ടും.

കണ്ണട വാങ്ങി, പോപ്പ്കോണ്‍ വാങ്ങി,

സ്പ്രൈറ്റും വാങ്ങി സീറ്റിലിരുന്നു.

ശോകം, മൂകം സിനിമാരംഭം,

ഹീറോസ് പാതീം പൊടിയായത്രേ!

താനോസെന്നൊരു തടിയനൊരുത്തന്‍,

വിരലു ഞൊടിച്ചതിന്‍ വിലയാണത്രേ.

പകുതി ശവഞ്ചേര്‍സ് ബാക്കിയവഞ്ചേര്‍സ്

താടീം താങ്ങി, ഒറ്റയിരുപ്പാ.

വീരന്‍, ശൂരന്‍ മിന്നല്‍ദൈവം,

‘തോറി’നവസ്ഥയോ അതിലും കഷ്ടം.

ബീയറടിച്ച് വയറും ചാടി,

ആശാനിപ്പോ അപ്പടി ശോകം.

പെട്ടെന്നൊരുവന്‍ ഉറുമ്പുമനുഷ്യന്‍,

ക്വാണ്ടം ലെവലില്‍ നിന്നവനെത്തി.

ഭൂതം പോകാം, ഭാവീം പോകാം,

മെഷീനെടുക്കെന്നപ്പടി ബഹളം.

അമേരിക്കന്‍ കപ്പിത്താനോ,

ഇവനെക്കൊണ്ടങ്ങ് പൊറുതീംമുട്ടി.

മെഷീനാക്കാന്‍ ആളേം നോക്കി,

കപ്പിത്താനോ തെരച്ചില്‍ തുടങ്ങി.

അവഞ്ചേര്‍സ് ഭീമന്‍ ഹള്‍ക്കാണെങ്കില്‍,

അവന്‍റെ സ്ഥിതിയോ പറയുക വേണ്ട.

പച്ചയടിച്ച് മന്തു പിടിച്ച്,

പുള്ളിക്കാരനും ശോകം തന്നെ.

ഇരുമ്പ് മനുഷ്യന്‍ ടോണീ സ്റ്റാര്‍ക്കിന്‍,

കാലു പിടിച്ചു, മെഷീന്‍ സെറ്റായ്.

കെട്ടും കെട്ടി ബാക്കിയവഞ്ചേര്‍സ്,

മെഷീന്‍ കേറി യാത്ര തുടങ്ങി.

ടൈമ്, സ്പെയ്സ്, പവറ്, മൈന്‍ഡ്,

കിട്ടിയതൊക്കെ പെറുക്കിയെടുത്തു.

അവസാനത്തൊരു സോള്‍സ്റ്റോണ്‍ പൊക്കാന്‍,

ചാകാനായി തമ്മില്‍ പോര്.

“പെണ്ണിനെ വിടല്ലേ”, “ചാടെടാ പന്നീ”,

എന്നീ കമന്റുകള്‍ സുലഭം പാറി.

എന്നിട്ടെന്‍റെ നെഞ്ചുതകര്‍ത്താ,

സ്ത്രീസാന്നിധ്യം ചാടിച്ചത്തു.

കറുത്ത വിധവയെ ചാടാന്‍ വിട്ടിട്ടവനോ,

ഹാക്കൈ മോങ്ങല്‍ തുടങ്ങി.

ഹാജറിലൊന്ന് കുറഞ്ഞതറിഞ്ഞ്,

ബാക്കിയവഞ്ചേര്‍സ് ‘സെന്റി’യിലായി.

മിന്നല്‍ കൊണ്ടു, തേങ്ങേം വീണു,

കടിക്കാന്‍ പാമ്പായ് താനോസെത്തി.

ആകെ ബഹളം, അടിപിടി പൂരം,

ഇടയിലെങ്ങോ ഹള്‍ക്ക് ഞൊടിച്ചു.

ഹയ്യട, ഹമ്പട ആരവമായി,

വിചിത്ര വൈദ്യനും ചിലന്തി മനുഷ്യനും.

ചത്തവരൊക്കെ ഓരോന്നായി,

എവിടുന്നൊക്കെയോ ഹാജര്‍ വിളിച്ചു.

കറുത്ത പുലിയും സൈന്യവുമെത്തി,

താനോസാകെ സീനിലുമായി.

അടിയും ഇടിയും വെടിയും മിന്നലും,

ഇരുമ്പു മനുഷ്യനും വിരലു ഞൊടിച്ചു.

കാനേഷുമാരി കാക്കാന്‍ വന്ന,

പാവം താനോസ് പൊടിയായ് പോയി.

വിരലുഞൊടിച്ചവന്‍ ഇരുമ്പുമനുഷ്യനോ,

അറ്റാക്കായി പെട്ടിയിലായി.

ആകെ മൊത്തം കളര്‍ഫുള്ളാക്കി

അപ്പടമങ്ങനെ ശീലയടഞ്ഞു.

ന്യൂജെന്‍ തുള്ളലിന്‍ മേമ്പൊടി

ചാര്‍ത്തീട്ടിക്കഥ ചൊല്ലിയ ഞാനും ബൈ ബൈ..

പദാവലി 

മിന്നല്‍ദൈവം – god of thunder

ഉറുമ്പു മനുഷ്യൻ – ant man 

അമേരിക്കൻ കപ്പിത്താൻ – captain america 

ഇരുമ്പു മനുഷ്യൻ – iron man 

കറുത്ത വിധവ – black widow 

ഹാക്കൈ – hawk eye 

വിചിത്ര വൈദ്യൻ – doctor strange 

ചിലന്തി മനുഷ്യൻ – spider man 

കറുത്ത പുലി – black panther 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s