
ചുരണ്ടി നോക്കി, അമര്‍ത്തി തിരുമ്മിനോക്കി, ആരും കാണാതെ ഉമിനീര്‍ തട്ടിച്ച് ഒരു പ്രയോഗം നടത്തി നോക്കി. ഒരു രക്ഷയുമില്ല! ഈ കറ പോകുന്നില്ല. ആളുകള്‍ എന്തുവിചാരിക്കും, പൊതുസ്ഥലത്ത് കറപിടിച്ച ഷര്‍ട്ടുമായി. ഇവള്‍ക്കെങ്കിലും ഇതൊന്നു ശ്രദ്ധിക്കാമായിരുന്നു. ഞാന്‍ തൊട്ടടുത്തുനില്‍ക്കുന്ന എന്‍റെ പ്രിയതമയെ നോക്കി. ഡോക്ടറുടെ വിളിയും കാത്തു അവള്‍ അക്ഷമയോടെ നില്‍ക്കുകയാണ്. മനോരോഗത്തിന്‍റെ ലേബലായ നീല യൂണിഫോമില്‍ പോലും അവള്‍ അതിസുന്ദരിയായി കാണപ്പെട്ടു, കൂടെയുള്ള നര്‍സ് ഹാഫ് ഡോറിനു മുകളിലൂടെ ഡോക്ടറുടെ ക്യാബിനിലേക്ക് ഒന്നെത്തിനോക്കി. സിഗ്നല്‍ കിട്ടിയെട്ടന്നവട്ടം ക്യാബിനുള്ളില്‍ നിന്ന് മണി ശബ്ദിച്ചു. അവളാണ് ആദ്യം അകത്തുകയറിയത്. തൊട്ടുപിറകെ ഞാനും കയറി. നര്‍സ് പുറത്തുനിന്നതേയുള്ളൂ. കൂടെ ഒരു നേഴ്സ് ഉണ്ടാകേണ്ട ആവശ്യമെന്തെന്നു ഞാന്‍ അതിശയിച്ചു. ഞാന്‍ ഉണ്ടല്ലോ അവളുടെ കൂടെ. എപ്പോള്‍ വേണമെങ്കിലും ചാടിവീഴാവുന്ന ഒരു വന്യമൃഗത്തിനോട് എന്നപോലെയാണ് നര്‍സിന് അവളോടുള്ള പെരുമാറ്റം. നര്‍സിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലെന്നു തോന്നി. മനോരോഗാശുപത്രിയിലുള്ളവരെല്ലാം.അവര്‍ക്കു മനോരോഗികളാണ്. പക്ഷെ എന്‍റെ പ്രിയതമ ഒരിക്കലും ഒരു മനോരോഗിയല്ല. അല്ലെങ്കില്‍ത്തന്നെ ഒരു രോഗമുണ്ടാകാന്‍ തക്കവണ്ണം സങ്കീര്‍ണ്ണമല്ല ആ പാവം പെണ്ണിന്‍റെ മനസ്സ്. ഞാനും കുട്ടികളുമല്ലാതെ മറ്റൊന്നും അവളുടെ മനസ്സിലില്ല. ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന ഒരു ചെറിയ തലവേദന, അതിലായിരുന്നു തുടക്കം. “എനിക്ക് ഒന്നൂല്യെട്ടാ, ഒരു കുഞ്ഞു വണ്ടിരുന്നു മൂളുന്നപോലെ, അത്രേയുള്ളൂ”. അവള്‍ പറയുന്നതു കേട്ടപ്പോള്‍ ഞാനും അതത്ര ഗൌനിച്ചില്ല. പക്ഷെ…..
ഡോക്ടര്‍ പതിവുപുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു. “ഇരിക്കൂ”. അവള്‍ ഡോക്ടറിനു അഭിമുഖമായി ഇരുന്നു. ഞാന്‍ അവള്‍ക്കു തൊട്ടുപിറകിലായി നിന്നതേയുള്ളൂ. ഷര്‍ട്ടിലെ കറ എന്നെ ഇപ്പോഴും അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഡോക്ടര്‍ കണ്ടുകാണുമോ? ഞാന്‍ വളരെ സ്വാഭാവികമായി തോന്നും വിധം കൈകള്‍ കൂട്ടികെട്ടി കറ മറച്ചു നിന്നു. ഇപ്പോള്‍ എന്നെ കണ്ടാല്‍ ചൂരല്‍വടിയേന്തിയ മാഷിനു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന കുട്ടിയെപോലെ തോന്നും. “സുഖമാണോ സീതയ്ക്ക്?” ചതുരകണ്ണട നേരെയാക്കിക്കൊണ്ട് ഡോക്ടര്‍ ചോദിച്ചു. മറുപടി ഉണ്ടായില്ല, അവള്‍ തലകുനിച്ചിരുന്നതെയുള്ളൂ. മര്യാദകേടായി ഡോക്ടറിനു തോന്നേണ്ടെന്നു കരുതി ഞാന്‍ മറുപടി നല്‍കി, “ദൈവം സഹായിച്ചു ഇപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ല ഡോക്ടര്‍”. ഡോക്ടര്‍ അതു കേട്ട മട്ടില്ല, അദ്ദേഹം തുടര്‍ന്നു “ഈസ് സംതിംഗ് റോങ്ങ് സീത? സീതയ്ക്ക് രാത്രി ഉറക്കമൊന്നുമില്ലെന്നാണല്ലോ നേഴ്സ് പറഞ്ഞത്”.
”ഉറക്കം വരാറില്ല” മുടിയിഴകള്‍ ചെവിക്കു പിന്നിലേക്ക് ഒതുക്കിക്കൊണ്ട് അവള്‍ പറഞ്ഞു.
”വൈ? നല്ല ഉറക്കം ആരോഗ്യത്തിനു ഏറ്റവും അത്യാവശ്യമാണ്”
“വെറുതെ ഓരോന്നു ആലോചിച്ചിരിക്കും”
“എന്താണ്, എന്തിനെ പറ്റിയാണ് സീത ആലോചിക്കുന്നതു?”
അവള്‍ ഉത്തരം പറഞ്ഞില്ല. പകരം മുഖമുയര്‍ത്തി ഡോക്ടറിനെ ഒന്ന് നോക്കി. കണ്ണുകള്‍ കലങ്ങിയിരിക്കുന്നു. ഇവള്‍ ഇങ്ങനെയാണ്, ഒരു കാര്യവും വേണ്ട സങ്കടപ്പെടാന്‍. ഞാന്‍ ഓഫീസില്‍ നിന്ന് വരാന്‍ ഒരു അഞ്ചു മിനിറ്റ് വൈകിയാല്‍ പോലും അപ്പോ കരഞ്ഞുതുടങ്ങും, പാവം പെണ്ണ്. പെട്ടെന്ന് വിഷയം മാറ്റാനെന്നപോലെ ഡോക്ടര്‍ ചോദിച്ചു “സീതയ്ക്കു ഏറ്റവും ഇഷ്ടം ആരോടാണ്?”.
“ഏട്ടനോട്” ചോദ്യം മുഴുമിക്കാന്‍ കൂടി അവള്‍ സമ്മതിച്ചില്ല. ഞാന്‍ ഒന്നു ഞെളിഞ്ഞു, ചെറുതായൊന്നു മുരടനക്കി. എന്നാല്‍ ഡോക്ടര്‍ അതൊന്നും ശ്രദ്ധിച്ചില്ല. ഞാന്‍ ഈ മുറിയിലേ ഇല്ല എന്ന ഭാവമാണ് അയാള്‍ക്ക്. ഇനി ഷര്‍ട്ടിലെ കറയെപ്പറ്റി അധികം ശങ്ക വേണ്ടെന്നു എനിക്ക് തോന്നി. എന്നെ പോലും കക്ഷി മൈന്‍ഡ് ചെയ്യുന്നില്ല, പിന്നല്ലേ കറ.
കുറച്ചുനേരത്തേക്ക് മുറിയില്‍ നിശബ്ദത തളം കെട്ടി നിന്നു. ഒന്നു കാതോര്‍ത്താല്‍ അവളുടെ ഹൃദയം വിങ്ങുന്നത് എനിക്കു കേള്‍ക്കാം. ഞാന്‍ എന്‍റെ കൈത്തലം അവളുടെ തലയില്‍ വച്ചു. പതിയെ അവളുടെ മുടിയിഴകളെ തലോടി. “സീതാ..” നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഡോക്ടര്‍ തുടര്‍ന്നു.
“സീത ഈ ഹോസ്പിറ്റലില്‍ വന്നിട്ടു എത്ര നാളായി എന്നറിയാമോ?”
തന്‍റെ മുടിയിഴകളില്‍ കുസൃതികാട്ടുന്ന മന്ദമാരുതനോട് പരിഭവിച്ചിട്ടെന്നവട്ടം സീത തലയൊന്നു വെട്ടിച്ചു. മുടിയിഴകള്‍ വീണ്ടും പഴയസ്ഥാനത്തേക്ക് ഒതുക്കിവച്ചു. അവളില്‍ നിന്ന് ഒരുത്തരം പ്രതീക്ഷിക്കണ്ട എന്ന് ഡോക്ടറിനു തോന്നിയെന്നു തോന്നുന്നു. അദ്ദേഹം തുടര്‍ന്നു. “..ഏഴു വര്‍ഷം, സീതയുടെ അസുഖം പൂര്‍ണമായി ഭേദമായി എന്നു രണ്ടു കൊല്ലം മുന്‍പേ ഞാന്‍ സീതയോടു പറഞ്ഞതാണു. എന്നിട്ടും എന്തിനാണ് സീത ഈ സ്വയം ശിക്ഷ “
സീതയുടെ കണ്ണുകളില്‍ നിന്ന് ചുടുകണ്ണീര്‍ ധാരധാരയായി ഉതിര്‍ന്നുവീണു. ഇരുകൈകളും കൊണ്ടു മുഖമമര്‍ത്തി അവള്‍ പൊട്ടിക്കരഞ്ഞു.
“..ഞാന്‍ ചെയ്തിട്ടില്ല ഡോക്ടര്‍….ഞാന്‍ അങ്ങനെ ചെയ്യ്വോ….എനിക്കു അതിനു പറ്റ്വോ…എന്‍റെ ഏട്ടനെ ഞാന്‍….
“റിലാക്സ് സീത…റിലാക്സ്.. സീതയ്ക്കു അതിനു കഴിയില്ലെന്നു എനിക്കറിയാം. സീതയെ അറിയുന്ന എല്ലാവര്‍ക്കുമറിയാം. സീതയുടെ രോഗമാണ് സീതയെ ഒരു കൊലപാതകിയാക്കിയത്. ബട്ട് യു ഹാവ് റ്റു ഫോര്‍ഗിവ് യുവര്‍സെല്‍ഫ്. സീതയുടെ ഏട്ടനും ഒരു പക്ഷെ അതായിരിക്കും ആഗ്രഹിക്കുന്നതു.”
അതെ അദ്ദേഹം പറഞ്ഞതു ശരിയാണു. കൂട്ടികെട്ടിയിരുന്ന കൈകളെ ഞാന്‍ പതിയെ സ്വതന്ത്രമാക്കി. ഇടനെഞ്ചില്‍ നിന്ന് ആ രക്തക്കറ ഷര്‍ട്ടിലാകെ വ്യാപിച്ചിരിക്കുന്നു. ചുരണ്ടിനോക്കി, അമര്‍ത്തിതിരുമ്മിനോക്കി..”ഇല്ല, ഈ കറ പോകുന്നില്ല..